അക്ബര്‍ കക്കട്ടില്‍: സൗഹൃദത്തിന്റെ പൂമരം

ഇമ ബാബു

സൗഹൃദം എന്നും പൂത്ത മാമരമായിരുന്നു അക്ബര്‍ കക്കട്ടില്‍. നല്ലൊരു സുഹൃത്തായിരുന്നു എന്നും ആര്‍ക്കും അക്ബര്‍. സൗഹൃദമായിരുന്നു അദ്ദേഹത്തിന്റെ ബലഹീനത. അക്ബര്‍ തന്റെ രചനകളില്‍ തന്നോട് ചേര്‍ത്തുനിര്‍ത്തിയത് പ്രസാദാത്മകവും ലളിതവും സരസവുമായ ആഖ്യാനരീതികൊണ്ടാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ മലബാറിലെ സാധാരണക്കാരായിരുന്നു. അവരുടെ ദു:ഖകരമായ ജീവിതത്തെ പോലും അക്ബര്‍ സ്വത:സിദ്ധമായ നര്‍മം കൊണ്ട് തേജോമയമാക്കി. ഈ നര്‍മബോധം തന്നെയാണ് അദ്ദേഹത്തിന് കേരളത്തിലുടനീളം വ്യാപകമായ സുഹൃദ്ബന്ധങ്ങള്‍ നേടിക്കൊടുത്തത്. നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന മനുഷ്യരുടെ കഥകളാണ് അക്ബര്‍ പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ മലബാറിലെ സാധാരണക്കാരായിരുന്നു. അവരുടെ ദു:ഖകരമായ ജീവിതത്തെ പോലും അക്ബര്‍ സ്വത:സിദ്ധമായ നര്‍മം കൊണ്ട് തേജോമയമാക്കി.
‘അദ്ധ്യാപക കഥകള്‍’ എന്നൊരു പ്രസ്ഥാനത്തിനുതന്നെ മലയാളത്തില്‍ രൂപം നല്‍കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. ശമീല ഫഹ്മി, അദ്ധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011ലെ ആണ്‍കുട്ടി, ഇപ്പോള്‍ ഉണ്ടാകുന്നത്, പതിനൊന്ന് നോവലെറ്റുകള്‍, മൃത്യുയോഗം, സ്‌ത്രൈണം, വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്‌കൂള്‍ ഡയറി, സര്‍ഗസമീക്ഷ, വരൂ അടൂരിലേക്ക് പോകാം തുടങ്ങിയവയാണ് മുഖ്യകൃതികള്‍.ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തേ എഴുത്താരംഭിച്ച അക്ബര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് ശ്രദ്ധേയനായത്.
കോഴിക്കോട് ജില്ലയില്‍ നാദാപുരത്തിന് സമീപം കക്കട്ടില്‍ എന്ന പ്രദേശത്ത് പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി അക്ബര്‍ കക്കട്ടില്‍ ജനിച്ചു. കക്കട്ടില്‍ പാറയില്‍ എല്‍.പി. വട്ടോളി സംസ്‌കൃതം സെക്കന്ററി എന്നീ സ്‌കൂളുകളില്‍ പഠിച്ചു. പ്രീഡിഗ്രി ആദ്യവര്‍ഷത്തിന്റെ പകുതി ഫറൂഖ് കോളേജിലും തുടര്‍ന്ന് മടപ്പള്ളി ഗവ. കോളേജിലും. മടപ്പള്ളി ഗവ. കോളേജില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദമെടുത്തു. ബിരുദാനന്തര ബിരുദത്തിന് ആദ്യവര്‍ഷം തൃശ്ശൂര്‍ കേരളവര്‍മ കോളേജിലും രണ്ടാം വര്‍ഷം തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലും പഠിച്ചു. ബ്രണ്ണനില്‍ നിന്ന് മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. പിന്നീട് തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജില്‍ നിന്ന് വിദ്യാഭ്യാസത്തില്‍ ബിരുദം. മടപ്പള്ളി ഗവ. കോളേജിലും തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിലും കോളേജ് യൂണിയന്‍ ചെയര്‍മാനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. പഠനം കഴിഞ്ഞ് വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മലയാളം അദ്ധ്യാപകന്‍.
കാരൂര്‍ നീലകണ്ഠപ്പിള്ളയ്ക്കു ശേഷം അദ്ധ്യാപകസമൂഹത്തെക്കുറിച്ച് ഏറ്റവുമധികം എഴുതിയ കഥാകാരനാണ് അക്ബര്‍ കക്കട്ടില്‍. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒരുപോലെ വായിച്ചാസ്വദിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അദ്ധ്യാപക കഥകള്‍ ടി.വി. ചാനലുകളില്‍ പരമ്പരയായി വന്നപ്പോഴും നല്ല സ്വീകരണമാണു ലഭിച്ചത്.
അങ്കണം അവാര്‍ഡ്, എസ്.കെ. പൊറ്റക്കാട്ട് അവാര്‍ഡ്, സി.എച്ച്. മുഹമ്മദ്‌കോയ മെമ്മോറിയല്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ്, ഗ്രാമദീപം അവാര്‍ഡ്, ടി.വി. കൊച്ചുബാവ അവാര്‍ഡ്, വി. സാംബശിവന്‍ പുരസ്‌കാരം, ഗള്‍ഫ് മലയാളി ഡോട്ട് കോം അവാര്‍ഡ്, വൈസ്‌മെന്‍ ഇന്റര്‍നാഷനല്‍ എക്‌സലന്‍സ് അവാര്‍ഡ്, ദുബൈ പ്രവാസി ബുക് ട്രസ്റ്റ് അവാര്‍ഡ്, കേരള ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷെന്റ പ്രഥമ അക്കാദമിക് കൗണ്‍സില്‍ അവാര്‍ഡ് എന്നിവയാണ് മറ്റു പ്രധാന അംഗീകാരങ്ങള്‍. നാഷനല്‍ ബുക് ട്രസ്റ്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും മലയാളം ഉപദേശകസമിതികള്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ മാസികയായ അക്ഷരകൈരളി പത്രാധിപ സമിതി, കേന്ദ്രഗവണ്‍മെന്റിന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ (എന്‍.ഐ.ഒ.എസ്.) കരിക്കുലം കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഭരണസമിതി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷന്‍ ജൂറി, സംസ്ഥാന സിനിമാ ജൂറി, എഴുത്തച്ഛന്‍ പുരസ്‌കാരസമിതി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡൈ്വസറി ബോര്‍ഡ്, പ്രഥമ എജ്യൂക്കേഷന്‍ റിയാലിറ്റി ഷോയായ ഹരിതവിദ്യാലയത്തിന്റെ പെര്‍മനന്റ് ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശകസമിതി എന്നിവയില്‍ അംഗമായിരുന്നു. കേരള സാഹിത്യഅക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗം കണ്‍വീനര്‍, കോഴിക്കോട് മലയാളം പബ്ലിക്കേഷന്‍സ്, ഒലിവ് പബ്ലിക്കേഷന്‍സ് എന്നിവയുടെ ഓണററി എഡിറ്ററുമായിട്ടുണ്ട്.
കേരളത്തിലെയും പുറത്തെയും ഓരോരുത്തരോടും അക്ബര്‍ സുക്ഷിച്ച സൗഹൃദം, മുറിയാതെ നിന്ന ബന്ധങ്ങള്‍ എന്നിവ ഒരപൂര്‍വതതന്നെയാണ്.