ആകാശവാണിയും ഞാനും

കെ.വി. ബേബി

ആരുംതന്നെ മുന്നോട്ടുവരാത്തതിനാൽ ഒട്ടുംതന്നെ ആഘോഷിക്കപ്പെടാതെ കടന്നുപോയ ഷഷ്ടിപൂർത്തിക്ക് ഉടമയായ ഞാൻ പിന്തിരിഞ്ഞുനോക്കുമ്പോൾ കുട്ടിക്കാലം മുതലേ എനിക്ക് കൂട്ടിനുണ്ട് ആകാശവാണി.

എനിക്ക് ഏറ്റവും പ്രിയം പാട്ടുകളോട്. ചലച്ചിത്രഗാനങ്ങൾ, നാടകഗാനങ്ങൾ, നാടൻപാട്ടുകൾ, ലളിതഗാനങ്ങൾ എന്നിങ്ങനെ എല്ലാമെല്ലാം േകട്ടാസ്വദിക്കും.
മുതിർന്നവർ ഹിന്ദിപ്പാട്ടുകൾ കേട്ടാസ്വദിക്കും. അമ്മയുടെ അമ്മാവൻ അവരോട് മതിമറന്ന് അവയ്‌ക്കൊപ്പം ചുവടുവച്ചാടിയിരുന്നത് മിഴിച്ചു കണ്ടു, കേട്ടു. വലുതായപ്പോഴാണറിഞ്ഞത്: കേട്ടത് വിവിധ് ഭാരതി, റേഡിയോ സിലോൺ സ്റ്റേഷനുകളുടെ ഹിന്ദി
ഗാനങ്ങളാണെന്നും അവയിൽ ഏറ്റവും പ്രിയങ്കരം പ്രശസ്ത അവതാരകൻ അമീൻ സയാനിയുടെ ബിനാകാ ഗീത്മാലയാണെന്നും മറ്റും.

വലുതായപ്പോൾ, മെല്ലെമെല്ലെ ശാസ്ര്തീയസംഗീതം ആകർഷിക്കാൻ തുടങ്ങി. ദേശീയ സംഗീത പരിപാടികൾ കേട്ടുകേട്ടാസ്വദിച്ച് ഒരു ശാസ്ര്തീയസംഗീതപ്രേമിയായി. ഭ്രാന്തനായില്ല.

അങ്ങനെയിരിക്കുമ്പോൾ കഥകളിപ്പദങ്ങൾ കേൾക്കാനിടയായി. അവയുടെ തനതു സംഗീതരീതിയും മേളവും ഇഷ്ടപ്പെട്ടു. നൂറ്റൊന്ന് ആട്ടക്കഥകൾ എന്ന ഗ്രന്ഥത്തിന്റെ സഹായത്തോടെ കഥകളിപ്പദങ്ങൾ കേൾക്കുന്നത് ശീലമായി. കഥകളികൾ കാണാനിടയായി. എന്നെ കഥകളിപ്രേമിയാക്കിയതും ആകാശവാണി. ആകാശവാണിതന്നെ എന്നെ ഒരു സംഗീതപ്രേമിയുമാക്കി. ഒരെഴുത്തുകാരനായിട്ടും, ഒരു ഗായകനല്ലാതിരുന്നിട്ടും, എനിക്ക് കൂടുതൽ ഇഷ്ടം സംഗീതത്തോട്.

”സംഗീതമപി സാഹിത്യം
സരസ്വത്യാ സ്തനദ്വയം
ഏകമാപാതമധുരം,
അന്യദാലോചാനമൃതം”.

സംഗീതവും സാഹിത്യവും സരസ്വതിയുടെ രണ്ടു മുലകൾ. സംഗീതം ആപാതമധുരം, സാഹിത്യം ആലോചനാമൃതം. ആലോചനയ്ക്ക് അമൃതായ സാഹിത്യത്തേക്കാൾ എനിക്കിഷ്ടം കാതിൽ പതിക്കുമ്പോൾതന്നെ മധുരമായി അനുഭവപ്പെടുന്ന സംഗീതമാണ്. സംഗീതം ഭാഷയ്ക്ക് അതീതം. സംഗീതം ഒരു സാർ വലൗകിക ഭാഷ. സാക്ഷാൽ സരസ്വതീദേവിതന്നെ പ്രത്യക്ഷപ്പെട്ട് സംഗീതവും സാഹിത്യവും വച്ചുനീട്ടി അവയിൽ ഒന്നുമാത്രമെടുക്കാം എന്നു അരുളിച്ചെയ്താൽ ഞാൻ എടുക്കുന്നത് സംഗീതമായിരിക്കും.
വർഷങ്ങൾക്കു മുമ്പ്, 1973-ൽ, ആശാൻ ജന്മശതാബ്ദിയോടനുബന്ധിച്ച് ആകാശവാണിയുടെ എല്ലാ നിലയങ്ങളും ഒരേസമയം പ്രക്ഷേപണം ചെയ്ത, സാംബശിവന്റെ ‘കുമാരനാശാൻ’ കഥാപ്രസംഗം കേൾക്കാനിടയായി. പിന്നീട് സാംബശിവന്റെ കഥാപ്രസംഗങ്ങൾ ഒരു ഹരമായി. കഥാപ്രസംഗകലയിൽ സംഗീതവും സാഹിത്യവും മേളിച്ചു ലയിക്കുന്നതു കേട്ട് കോരിത്തരിച്ചു. ശബ്ദത്തിന്റെ മാധുര്യം, കഥ പറയുന്നതിലെ ചാരുത, പാട്ടുപാടുന്നതി
ലെ ഈണം, ഇവയൊക്കെ സാംബശിവനെ കഥാപ്രസംഗകലയുടെ രാജകുമാരനാക്കി; രാജശില്പിയാക്കി.

ഇങ്ങനെയിങ്ങനെ ആകാശവാണി പരിപാടികൾ കേട്ടാസ്വദിച്ചപ്പോൾ, ഏതെങ്കിലും ഒരുകാലത്ത് എന്റെ സ്വരം ഇതിലൂടെ വരും എന്ന് കിനാവുപോലും കണ്ടിട്ടില്ല. കാരണം, ഞാൻ ഗായകനല്ല, നടനല്ല, നിരൂപകനല്ല, പ്രഭാഷകനല്ല, കഥാപ്രസംഗകനല്ല, എന്തിനധികം, ഞാൻ ഒന്നുമല്ലൊന്നുമല്ലൊന്നുമല്ല.

നിങ്ങൾ സഹൃദയർക്ക് കവി ആർ. രാമചന്ദ്രന്റെ ‘ഒന്നുമില്ല’ എന്ന കവിതയുടെ ‘ഒന്നുമില്ലൊന്നുമില്ലൊന്നുമില്ലാ’ എന്ന പല്ലവി ഓർമ വന്നേക്കാം. ആർ. രാമചന്ദ്രന്റെ വീട് സന്ദർശിച്ചപ്പോൾ, ചുറ്റുവട്ടം ഒന്നു കണ്ണോടിച്ചു. ”ഒന്നുമില്ലൊന്നുമില്ലൊന്നുമില്ലാ”
എന്നു പരാതി പറഞ്ഞിട്ട് ”ഇതാ ഇവിടെ പലതുമുണ്ടല്ലോ” എന്ന് കുറിക്കു കൊള്ളുന്ന വെടി പൊട്ടിച്ച് എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച അയ്യപ്പപ്പണിക്കരുടെ സ്വത:സിദ്ധമായ നർമബോധത്തെയും കുസൃതിമനസ്സിനെയും ഓർക്കാം.

കവിയാകുമെന്നും കിനാവു കണ്ടിട്ടില്ല. ഞാൻ ഞാനറിയാതെ ഏതോ എന്തോ എങ്ങനെയോ കവിയായി. കവിത ആനുകാലികങ്ങളിൽ വന്ന കാലം തൊട്ടേ ആകാശവാണിയുടെ ‘യുവവാണി’യിലും പിന്നെ ‘സാഹിത്യലോക’ത്തിലും സ്വന്തം കവിത അവതരിപ്പിച്ചുവന്നു. അതിന്റെ കൊടുമുടിയായിരുന്നു ആകാശവാണിയുടെ റിപ്പബ്ലിക് ദിന ദേശീയ സർവഭാഷാ കവിസമ്മേളനത്തിൽ മലയാളത്തെ പ്രതിനിധീകരിക്കാൻ കിട്ടിയ സുവർണാവസരം. 1996-ൽ അത് നടന്നത് ദില്ലിയിൽ വച്ച്. അങ്ങനെ ആദ്യമായി ദില്ലിയും ആഗ്രയും കണ്ടു.

പിന്നീട് ‘കാവ്യാഞ്ജലി’യിൽ കവിത അവതരിപ്പിച്ചു. കാലത്ത് അഞ്ചു മിനിറ്റു മാത്രം നീണ്ടുനിൽക്കുന്ന ‘കാവ്യാഞ്ജലി’യിൽ കാര്യത്തെ അതിജീവിച്ച ക്ലാസിക് കവിതകൾ മാത്രം ഉൾപ്പെടുത്തുന്നു. മരിച്ചുപോയ കവികളുടെ മാത്രം കവിതകൾ. കവിക
ൾ മരിച്ചിട്ടും മരിക്കാത്ത കവിതകൾ! ഏകദേശം ഇരുപത്തഞ്ചുകൊല്ലം മുമ്പാണ് ആദ്യത്തെ ‘കാവ്യാഞ്ജലി’ റെക്കോഡിങ്.

പ്രോഗ്രാം എക്‌സിക്യൂട്ടീവ് ആർ. വിമലസേനൻ നായരാണ് റെക്കോഡ് ചെയ്തത്. ജി. വിവർത്തനം ചെയ്ത ടാഗോർ കവിതാസമാഹാരം, ‘നൂറ്റൊന്നു കിരണങ്ങളി’ൽ നിന്നുള്ള കവിതകൾ. ഏഴു കാവ്യഖണ്ഡങ്ങൾ.

റെക്കോഡിംഗിനു മുമ്പ് സാറ് എന്നോട് – ”പശ്ചാത്തലത്തിൽ ഓൺ ചെയ്ത ശ്രുതിപ്പെട്ടി വയ്ക്കണോ?”

”വേണ്ട വേണ്ട. ഞാൻ ഒരു ഗായകനല്ല. എനിക്ക് ശ്രുതിയെന്താണെന്നുപോലും അറിയില്ല”.

റെക്കോഡിംഗ് ഒറ്റ ടേക്കിൽ ഓക്കെ.

സാറ്: ”ശ്രുതി എന്താണെന്നറിയില്ല എന്നു പറഞ്ഞെങ്കിലും ശ്രുതി തെറ്റുന്നില്ലല്ലോ”.

”സാറേ, ശ്രുതി തെറ്റാത്തത് അത് എന്താണെന്നെനിക്കറിയാത്തതുകൊണ്ടാണ്”.

അദ്ദേഹം ചിരിച്ചു. ഞാനും ചിരിച്ചു. ഞങ്ങളിരുവരും പൊട്ടിപ്പൊട്ടിച്ചിരിച്ചു. കൂട്ടുചിരി.

ഇതുവരെ ഏകദേശം നൂറിൽപരം ‘കാവ്യാഞ്ജലി’ക്കവിതകൾ അവതരിപ്പിച്ചു. അങ്ങനെയിരിക്കെ, അഞ്ചു കൊല്ലം മുമ്പ് ആകാശവാണി

എന്നോട്: ”സുഭാഷിതം അവതരിപ്പിച്ചുകൂടേ?”

”വേണ്ട, വേണ്ട. ഒട്ടുമിക്ക സുഭാഷിതങ്ങളും ഉപദേശങ്ങളാണ്. ഉപദേശം കൊടുക്കുന്നതും എടുക്കുന്നതും എനിക്കിഷ്ടമല്ല.

പിന്നെ, ഞാൻ ഒരു പണ്ഡിതനല്ല, വെറുമൊരു സഹൃദയൻ മാത്രം”.

”ശരി, മാഷിന് പതിവുരീതി വിട്ട് സുഭാഷിതത്തിന് ഒരു പുതിയ മുഖം കൊടുത്തുകൂടേ? ഉപദേശമല്ലാതെ നിരീക്ഷണം പറ്റുമോ?”

”തീർച്ചയായും”.

ഞാൻ ഒരാനുകാലികത്തിന് കൊടുക്കാൻ തയ്യാറാക്കി വച്ചിരുന്ന നിരീക്ഷണങ്ങൾ ഒരുപിടിയെടുത്തുകൊടുത്തു. ആകാശവാണി പ്രക്ഷേപണം ചെയ്തു. നല്ല പ്രതികരണം. വീണ്ടും വീണ്ടും സുഭാഷിതങ്ങൾ ചോദിച്ചു. പ്രക്ഷേപണം. പിന്നീട്, ആ നിരീക്ഷണങ്ങൾ മലയാളം വാരിക, ചന്ദ്രിക ആഴ്ചപ്പതിപ്പ് തുടങ്ങിയ ആനുകാലികങ്ങളിൽ വന്നു. നല്ല പ്രതികരണം.

ചുരുക്കിപ്പറഞ്ഞാൽ, എന്നെക്കൊണ്ട് കഴിയില്ല എന്നു ഞാൻ കരുതിയിരുന്ന പലപല മേഖലകളിലേക്കും എന്നെ അനുനയിപ്പനിച്ച് അവയിൽ പ്രവർത്തിക്കാനും പരിമിതമായെങ്കിലും വിജയിക്കാനും ഇടയാക്കിയത് ആകാശവാണി. ആകാശവാണിയെന്ന ആജീവനാന്ത സുഹൃത്തിനു നന്ദി.

വാൽക്കഷണം

കവിത അവതരിപ്പിക്കുമ്പോഴെല്ലാം മനസ്സിലേക്കോടിക്കയറിവരാറുണ്ട്: ചന്തിത്തിരി.
1980. ആകാശവാണിക്ക് ആദ്യമായി കവിത അയച്ചു. കവിത റെക്കോഡ് ചെയ്യാൻ വരൂ. ആകാശവാണിയുടെ ക്ഷണം. റെക്കോഡിംഗിന് വന്നത് കവിയും ഗാനരചയിതാവുമായ രമേശൻ നായർ. വരൂ, നമുക്ക് റെക്കോഡിംഗ് റൂമിലേക്ക് പോകാം. റെക്കോഡിംഗ് ബ്ലോക്കിന് രണ്ടു മുറികൾ. ഒരു മുറി കൺസോൾ എന്നറിയപ്പെടുന്ന റെക്കോഡിംഗ് യൂണിറ്റ്. മറ്റേത് മൈക്രോഫോൺ യൂണിറ്റ്. ഇവ തമ്മിൽ വേർതിരിക്കുന്ന ഒരു ചില്ലുപാളിച്ചുമര്. റെക്കോഡിംഗ് തുടങ്ങി. ‘കവിത വരുന്ന വഴി’യെന്ന കവിതയിലെ

‘മുറ്റവും വീടുമടിച്ചു തളി-
ച്ചന്തിത്തിരിയും കൊളുത്തിവച്ച്”

എന്ന ഈരടി ചൊല്ലിത്തീർന്നതും കൺസോളിൽ നിന്ന് ‘േസ്റ്റാപ്പ്’ ആംഗ്യം വന്നതും ഒരുമിച്ച്. അദ്ദേഹം ഓടിയടുത്തു വന്ന് എന്റെ കാതിൽ മന്ത്രിച്ചു:

”ചന്തിത്തിരി! അത്രയും സെക്‌സ് നമുക്കു വേണ്ട. ശ്രദ്ധിക്കുക. ആ ഈരടി ‘മുറ്റവും വീടുമടിച്ചു തളിച്ച് / അന്തിത്തിരിയും കൊളുത്തിവച്ച്’ എന്ന് തിരിച്ചുചൊല്ലൂ”.

അങ്ങനെ തിരുത്തി റെക്കോഡ് ചെയ്തു.

പിന്നീട് കൊല്ലം എത്ര കടന്നുപോയി. എത്രയെത്ര കവിയരങ്ങുകൾ! എത്രയെത്ര കാവ്യാവതരണങ്ങൾ! ഇപ്പോഴും കവിത അവതരിപ്പിക്കുമ്പോൾ, മനസ്സിലേക്കോടിക്കയറിവരാറുണ്ട്, ചന്തിത്തിരി.