ആപേക്ഷികം

ബിന്ദു കൃഷ്ണൻ

പറയേണ്ടതായ
പ്രധാനപ്പെട്ട കാര്യങ്ങളൊന്നും
നിന്നോടു ഞാൻ പറയുന്നില്ലെന്ന്‌നിനക്കു
പരാതി.

പറയേണ്ടതില്ലാത്ത
അപ്രധാനമായ പലതും
ചിലപ്പോൾ പറയരുതാത്തതും
പറയുന്നുണ്ടെന്നും.

വഴിയിൽ മണ്ണു പുതഞ്ഞു കിടന്ന
ഭംഗിയുള്ള ഒരാലില
ഇരുപതു വർഷങ്ങളായി
എന്റെ ഡയറിത്താളിലുണ്ട്.

പ്രിയ തോഴൻ വാങ്ങിത്തന്ന
ചോക്കളേറ്റിന്റെ പൊതി
വർഷങ്ങളായി എന്റെ പേഴ്‌സിലുണ്ട്.

ഒരു സ്വർണമോതിരവും
രണ്ടു വിലയേറിയ വാച്ചുകളും
എവിടെയോ വച്ച്ഞാൻ
മറന്നു പോയിട്ടുണ്ട്.

സ്വന്തമായുള്ള ഒരേയൊരു ഫ്‌ളാറ്റിന്റെ
ആധാരം തെരഞ്ഞ്ഞാൻ
ആഴ്ചകൾ കളഞ്ഞിട്ടുണ്ട്.

പ്രാധാന്യം എന്ന വാക്ക്എത്ര
ആപേക്ഷികമെന്ന്‌ഐൻസ്‌റ്റൈൻ
പറയാൻ മറന്നതാകാം.

നമുക്കിടയിൽ തെറ്റിക്കൊണ്ടേയിരിക്കുന്ന
വാക്കുകളുടെ എണ്ണമെടുക്കാൻ
മർഫി*ക്കു പോലും
കഴിയില്ലായിരിക്കാം.

*Murphy’s law: Anything that can go wrong will go wrong.