ആരോ ചീന്തിയെറിഞ്ഞ ഏടുകൾ

ഷിറാസ് അലി

ആകാശമുകിലുകൾ
ആരോ ചീന്തിയെറിഞ്ഞ
കടലാസുകഷ്ണങ്ങൾ
അല്ല, ഒന്നും പൂർത്തിയാക്കാതെ
ഏതോ കവി ഹതാശം
പിച്ചിച്ചീന്തിയ കവിതകൾ

ഒരു നരച്ച മേഘത്തുണ്ടിൽ
ഇങ്ങനെ വായിച്ചു:

വീടിടിഞ്ഞു വീണിതാ നെഞ്ചിൽ

മറ്റൊന്നിലോ
അവൾ പോയിക്കഴിഞ്ഞു,
ഇനിയീവേദിയിൽ
ആരുമില്ല

മെല്ലെ ഒഴുകിനീങ്ങുന്നതാ
ചെമ്മാനമതിൽ
തല്ലിക്കൊല്ലപ്പെട്ടവന്റെ
കല്ലിച്ച രക്തം.

ഒരു നീലക്കാറതിൽ
ബിംബിച്ചു
കറുത്ത കിടാങ്ങളുടെ
ഓട്ടക്കണ്ണുകൾ.

ആറ്റുവഞ്ചിപോലെ
കാറ്റിലുലഞ്ഞൊരു
കുഞ്ഞുഫ്രോക്കിന്റെ
നിലവിളി.

വെളുത്തുപോയ
ക്യുമുലസ് മാലയിൽ
വൃദ്ധദമ്പതിയുടെ
ഏകാന്തത

അവിടവിടെ
ചിതറിക്കിടക്കുന്നതാം
ശരണദേവനു ചാർത്തിയ
പൂമാലയുടെ
വാടിയ മുത്തുകൾ…

ഒടുവിൽ ഇരുളിൻ കരിമ്പടം
ചൂടി
എന്റെയോ നിന്റെയോ
അനിവാര്യ ദുർമരണം.