ആൾമരീചിക

മാലിനി

എന്റെ പ്രിയപ്പെട്ടവനെക്കുറിച്ച് നിങ്ങളെന്നോടു ചോദിക്കുക!
അവൻ ഇനിയും പിറക്കാത്തൊരു സുന്ദരകാവ്യമെന്നു ഞാൻ പറയും!

അവനിലേയ്ക്കുള്ള വഴിയേതെന്ന് ചോദിക്കുക!
കുറുനിരത്തുമ്പുകളുടെ
പരിലാളനത്താൽ, അവന്റെ തിരുനെറ്റിയിലുറങ്ങുന്ന തൂമഞ്ഞുശലഭമാണവനിലേയ്ക്കുള്ള വഴി!

നിനക്കവനെ അറിയുമോയെന്നെന്നോട് ചോദിക്കുക!
അവനെമാത്രം കണ്ടിരിക്കുന്നതാണെന്റെ
നിദ്രകളത്രയും!

നീയവനെ കേട്ടിട്ടുണ്ടോയെന്നു ചോദിക്കുക!
അവനേറ്റം പ്രിയമുള്ള ഗാനമാണെനിക്കവന്റെ സ്വരം!

അവനെ കാട്ടിത്തരുമോയെന്നെന്നോടു ചോദിക്കുക!
ഇതാ ഇവിടെ !
അല്ല, അവിടെ!

അല്ലല്ല! നോക്കൂ എന്നിലാകെ വേരുപടർത്തിയൊരു നക്ഷത്രമരം!
എവിടെ?എന്നു നിങ്ങളന്തിച്ചു നിൽക്കവേ,
ക്ഷീരപഥത്തിലെ ശലഭച്ചിറകിന്റെ പതിഞ്ഞൊരു വെളിച്ചക്കതിരു കണ്ടു ഞാൻ പറയും
അവനൊരു ‘ആൾമരീചിക’

അപ്പോൾ പ്രണയത്തിന്റെ അതീവ വിവശമായ
വിശുദ്ധലാവണ്യമായ് കൂമ്പിയടഞ്ഞൊരു ചെന്താമരയാകുന്നു ഞാൻ.