എം.ജി.ആർ. അനുസ്മരണം ചൂടേറിയ സാഹിത്യ സംവാദമായി

യുക്തിവാദി എം.ജി. രാധാകൃഷ്ണൻറെ ചരമവാർഷികത്തോട് അനുബന്ധിച്ച് നടന്ന സാഹിത്യ സംവാദം വിരുദ്ധ വീക്ഷണങ്ങളുടെ ചൂടേറിയ സംഗമവേദിയായി. സാഹിത്യം ഒരു കളവ് ആണെന്നും കളവിൽ നിന്ന് സത്യത്തിലേക്ക് എത്തിച്ചേരുകയാണ് സാഹിത്യം ചെയ്യുന്നതെന്നും ഇപ്റ്റ പ്രസിഡൻറ് ജി. വിശ്വനാഥൻ.

സാഹിത്യം കളവല്ല, ആത്യന്തികമായി സത്യം തന്നെയെന്ന് സാഹിത്യവേദി മുൻ കൺവീനർ വിൽസൺ കുര്യാക്കോസ് വാദിച്ചു. എന്നാൽ എല്ലാ കളവും സാഹിത്യമല്ലെന്ന് എഴുത്തുകാരൻ സന്തോഷ് പല്ലശന സമർത്ഥിച്ചു.

ലോക കേരള സഭാംഗം മാത്യു തോമസ് മതങ്ങൾ രാഷ്ടീയ ശക്തി ഉപയോഗിക്കുന്നതിലെ വിപത്ത് ചൂണ്ടിക്കാട്ടി. പരിപാടിക്ക് വേണ്ടി മാനസി തയ്യാറാക്കിയ ലേഖനം സംവാദത്തിൻറെ വിഷയം അവതരിപ്പിച്ചു. മതം രാഷ്ട്രീയ കാരണങ്ങളാല്‍ സാഹിത്യത്തെ ആക്രമണത്തിന് ഉന്നം വയ്ക്കുമ്പോള്‍ നഷ്ടപ്പെടുന്നത് സിവില്‍ സമൂഹത്തിൻറെ ബൌദ്ധിക ഗുണമേന്മയാണെന്ന് മാനസി ചൂണ്ടിക്കാട്ടി.

ഡോംബിവ് ലിയിൽ നടന്ന പരിപാടിയിൽ നിഷാന്ത് രാധാകൃഷ്ണൻ പുതിയ തലമുറയെ യുക്തിവാദത്തിലേക്ക് ആകർഷിക്കാൻ നൂതന പരിപാടികൾ ആവിഷ്കരിക്കണമെന്ന് പറഞ്ഞു. എം.ജി. രാധാകൃഷ്ണൻറെ സഹധർമ്മിണിയും മകനും കുടുംബാംഗങ്ങളും പങ്കെടുത്തു.

യുക്തിവാദത്തിൻറെ പ്രസക്തി വർദ്ധിച്ചുവരുകയാണെന്ന് മോഡറേറ്റർ ടി. കെ. രാജേന്ദ്രൻ പറഞ്ഞു. മുംബൈ പ്രവാസി സമൂഹത്തിൽ യുക്തിവാദ പ്രസ്ഥാനത്തിന് അടിത്തറ പാകുന്നതിൽ പങ്ക് വഹിച്ച എം.ജി. രാധാകൃഷ്ണൻറെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ അദ്ദേഹത്തോടൊപ്പം വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നവർ ഓർമ്മ പങ്കു വച്ചു. കലാമണ്ഡലം ഗോപാലകൃഷ്ണൻറെ സന്ദേശം വായിച്ചു. ഷാജി കെ എഴുതിയ “എന്ന് നിൻറെ എം.ജി.ആർ.” എന്ന ലഘുലേഖയുടെ കരട് പതിപ്പ് വിതരണം ചെയ്തു.

നാടക പ്രവർത്തകൻ വിനയൻ, ബാല കുറുപ്പ്, ജി.എസ്. പിള്ള, പി. വിശ്വനാഥൻ, ബാബു പി.ഡി. എന്നിവർ സംസാരിച്ചു. യുക്തിവാദ പ്രചാരണ പരിപാടികളുടെ ഭാഗമായിട്ടാണ് സംവാദം സംഘടിപ്പിച്ചത്. വിവരങ്ങൾക്ക് 8451952413.