എന്റെ വായന: ആത്മാവിനു തീപിടിപ്പി ക്കുന്ന സിംഹാസനങ്ങൾ

അഗസ്റ്റിൻ കുട്ടനെല്ലൂർ

ജയമോഹന്റെ ‘നൂറു സിംഹാസനങ്ങളെ’ മുൻനിർ
ത്തിയുള്ള ഒരു സാമൂഹ്യാവലോകനം

”നായാടികൾ അലഞ്ഞുതിരിയുന്ന കുറവരാണ്. അവരെ കണ്ടാൽത്തന്നെ അയിത്തമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് പകൽവെട്ടത്തിൽ സഞ്ചരിക്കാനുള്ള അവകാശം ഇവർക്കില്ലായിരുന്നു. അവരെ നേർക്കുനേർ കണ്ടാൽ ഉടൻതന്നെ ഉയർന്ന ജാതിക്കാർ ഒച്ചയും ബഹളവും ഉണ്ടാക്കി ആളെക്കൂട്ടി ചുറ്റി
വളച്ച് കല്ലെടുത്തെറിഞ്ഞ് കൊല്ലും. അതുകൊണ്ട് ഇവർ പകൽ മുഴുവൻ കാടിന്റെയുള്ളിൽ ചെടികളുടെ ഇടയ്ക്ക് കുഴി തോണ്ടി അതിൽ കുഞ്ഞുകുട്ടികളോടെ പന്നികളെപ്പോലെ ഒളിച്ചിരിക്കുകയാണ് പതിവ്. രാത്രി പുറത്തേക്കിറങ്ങി ചെറുപ്രാണികളെയും പട്ടികളെയും നായാടിപ്പിടിക്കും.

ഏറെ ചർച്ച ചെയ്യപ്പെട്ട ജയമോഹന്റെ ‘നൂറു സിംഹാസനങ്ങൾ’ എന്ന ലഘുനോവലിലെ ഒരു ഭാഗമാണിത്. ഉന്നതനായ ഒരു സിവിൽ സർവീസ് ഓഫീസറായിരുന്നിട്ടുപോലും തന്നെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്ന സവർണാധിപത്യത്തിന്റെ അവഹേളനത്തോടും പുച്ഛത്തോടുമുള്ള അടക്കാനാവാത്ത അമർഷവും
അതേസമയം ഉള്ളിൽ തീപോലെ നീറുന്ന ആത്മനിന്ദയും കൂടിക്കലർന്ന വികാരതീവ്രമായ ജീവിതാനുഭവമുള്ളവനാണ് നോവലില ‘ധർമപാലൻ’.

നമുക്കിടയിൽ ഇന്നും ജാത്യാഭിമാനത്തിന്റെ അഹന്ത പേറുന്നവരുടെ മാനസികവും ശാരീരികവുമായ പീഡനത്തിനിരയാകുന്നവരുടെ കൂട്ടത്തിൽ ഇത്തരം ധർമപാലന്മാരെ കണ്ടുമുട്ടാം. സ്വതന്ത്ര ഭാരതത്തിന് ഏഴു പതിറ്റാണ്ടു തികഞ്ഞിട്ടും ഇന്ത്യയുടെ നാനാമേഖലകളിൽ ജാതീയതയും വംശീയതയും
കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്. മതവിരോധവും അസഹിഷ്ണുതയും നമ്മുടെ പ്രബുദ്ധതയ്ക്കുമേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടിരിക്കുന്നു. മതാധിപത്യം ജനാധിപത്യത്തിനു പകരമെന്ന് അഭിമാനിക്കുന്നവരുടെ നാടായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്.

എഴുത്തിനുള്ള അഭയകേന്ദ്രം ഭാവന മാത്രമാണെന്ന മൗഢ്യത്തിൽ നിന്നും രക്ഷ നേടാത്ത എഴുത്തുകാരുടെ കാലമാണിത്. എഴുത്തിലെ കേവലഭാവനയ്ക്ക് വായനക്കാരനെ അല്പനേരത്തേക്ക് വിഭ്രാന്തിയുടെയോ അത്ഭുതത്തിന്റെയോ ഉത്കണ്ഠയുടെയോ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ കഴിേഞ്ഞക്കുമെന്നത് തീർച്ച. എന്നാൽ വായനയ്ക്കുശേഷം പുസ്തകം അടച്ചുവച്ചാൽ തീരാവുന്നതേയുള്ളൂ അത്. പക്ഷെ എഴുത്തുകാരന്റെ മാത്രമല്ല, വായനക്കാരന്റെയും ആത്മകഥയോളം ഇഴയടുപ്പമുള്ള, ചുട്ടുപൊള്ളിക്കുന്ന യാഥാർത്ഥ്യങ്ങൾ, അതും കേട്ടുതഴമ്പിച്ചിട്ടില്ലാത്ത അനാർഭാടമായ ഒരു ഭാഷയിൽ അതീവ ഹൃദ്യമായി എഴുതുന്നത് നിശ്ചയമായും വായനക്കാരന്റെ ഏകാന്ത നിമിഷങ്ങളെ വേട്ടയാടുന്നു.

പലതിനെയും കുറിച്ചുള്ള കുറ്റകരമായ നമ്മുടെ മറവിയെ അതുതുറന്നുകാട്ടുന്നു. ചരിത്രത്തിന്റെ പിന്നാമ്പുറത്തുനിന്ന് ഒരു കല്ലെടുത്ത് ആരോ നമ്മെ എറിഞ്ഞതുപോലുള്ള ഒരനുഭവം. ആ ഏറു
കൊണ്ട നമ്മൾക്ക് പലതിനെയും കുറിച്ചുള്ള ഒരു വെളിപാടുണ്ടാകുന്നു. ഒരുത്തമസൃഷ്ടി എന്നു പറയുന്നത് ഒരേയിരിപ്പിൽ ഒരൊഴുക്കുപോലെ വായിച്ചു തീർക്കാൻ പറ്റിയ ഒന്നല്ല. വായനയുടെ ചില നിമിഷങ്ങളിൽ, ചില അധ്യായങ്ങളിൽ, ഇനിയൊരടി മുന്നോട്ടുവയ്ക്കാൻ കഴിയാത്തവിധം നമ്മെ നിശ്ചലമാക്കിക്കളയുന്ന
ചിലതുണ്ട് സാഹിത്യത്തിൽ. ലോകത്തെ പിടിച്ചുകുലുക്കിയ അത്തരം ചില കൃതികൾ വായനയ്ക്കു േശഷവും വിടാതെ നമ്മെ പിന്തുടരുന്നു. തീർച്ചയായും ജയമോഹന്റെ ‘നൂറു സിംഹാസന
ങ്ങൾ’ ചരിത്രത്തിന്റെ ചേരിയിൽ നിന്ന് നമുക്കുനേരെ എറിഞ്ഞ ഒരു കല്ലാണ്.

ബ്രാഹ്മണ്യത്തിന്റെ കയ്യൊപ്പു പതിഞ്ഞ ഹൈന്ദവ തീട്ടൂരങ്ങൾ ‘സിദ്ധാന്ത’മെന്നും ‘ശാസ്ത്ര’മെന്നും വിളിച്ച് ബഹുമാനിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യം, മനു പറയുന്നത് ശ്രദ്ധിച്ചാൽ മതി. ‘ചണ്ഡാലരുടെയും നായാടികളുടെയും ശ്വാപാകയുടെയും സ്ഥാനം ഗ്രാമത്തിനു വെളിയിലാണ്. മൃതശരീരങ്ങളിൽ കിടക്കുന്ന വസ്ര്തങ്ങളായിരിക്കണം അവർ ധരിക്കേണ്ടത്. ഉടഞ്ഞ പാത്രങ്ങളിൽ നിന്നായിരിക്കണം അവർ ഭക്ഷണം കഴിക്കേണ്ടത്. അവരെപ്പോഴും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് അലഞ്ഞുതിരിഞ്ഞു നടക്കണം. സനാതന ധർമമാചരിക്കുന്ന മനുഷ്യർ അവരുമായി സംസർഗം പാടില്ല”. ഇങ്ങിനെ പോകുന്നു ആ
ശാസനങ്ങൾ.

‘നൂറു സിംഹാസനങ്ങളി’ലെ പ്രധാന കഥാപാത്രമായ ധർമപാലൻ മനുവിന്റെ ശാസനങ്ങളിൽപ്പെട്ട വർഗത്തിലുള്ളവനാണ്. നായാടിവർഗത്തിൽപ്പെട്ട അയാൾക്ക് ചിത്തഭ്രമേത്താളമെത്തിയ, പ്രാകൃത രൂപിയായ ഒരമ്മ മാത്രമേയുള്ളൂ. അവന്റെ ബാല്യത്തിൽ അമ്മ അവനെയും കൂട്ടി തെരുവിൽ അലഞ്ഞുനടക്കും. അവന്റെ ദേഹം മുഴുവൻ ചൊറിയും ചിരങ്ങും കൊണ്ട് നിറഞ്ഞിരുന്നു.
കൈവിരലുകളും കണ്ണിമകളും കൂട്ടിപ്പിടിച്ചാൽ തുറക്കാൻ പറ്റാത്തവിധം ഒട്ടിപ്പോകുമായിരുന്നു. വിശപ്പുകൊണ്ടലഞ്ഞ അവർ തെരുവിലെ എച്ചിൽകൂനകളിൽ നിന്ന് കണ്ണിൽപ്പെടുന്നതെന്തും
എടുത്ത് തിന്നാമോ എന്നു നോക്കും. അന്നൊക്കെ തിരുവനന്തപുരം നഗരത്തിൽ എല്ലാ തെരുവുകൾക്കു പിന്നിലും, കക്കൂസിലെ മലം ചുമന്നുകൊണ്ടുപോയിരുന്ന തോട്ടികൾ സഞ്ചരിച്ചിരുന്ന ഇടുങ്ങിയ വഴികളുണ്ടായിരുന്നു. ഏതെങ്കിലും ഒരഴുക്കുചാലിൽ നിന്നു തുടങ്ങുന്ന ആ പാതയിലൂടെ നഗരം മുഴുവൻ ധർമപാലനെയും കൊണ്ട് അമ്മ നടക്കും. പലപ്പോഴും മലം കിടന്ന കക്കൂസിനടുത്താകും ചവറുകൂന. ചിലപ്പോൾ രണ്ടും ഒന്നുതന്നെയായിരിക്കും. അത്തരം ചവറുകൂനകളിൽ നിന്നാണ് അവർക്ക് വിശപ്പടക്കാനുള്ളത് കിട്ടിയിരുന്നത്. ശരാശരി മനുഷ്യന് സങ്കല്പിക്കാൻ പോലും കഴിയാത്ത അത്രയും അറപ്പും വെറുപ്പും ഉളവാകുന്ന, ജീവിതത്തിന്റെ തീവ്രാനുഭവങ്ങളുടെ തീച്ചൂളയിലൂടെയായി
രുന്നു ആ അമ്മയുടെയും മകന്റെയും യാത്ര. അനുഭവ ദാരിദ്ര്യവും പൊള്ളയുമായ ജീവിതത്തിൽ വേണ്ടതിലധികം അഭിരമിക്കുകയും ജീവിതത്തിന്റെ ആഭിജാത സൗഭാഗ്യങ്ങൾ കൈവിടുമ്പോ
ൾ ആത്മഹത്യയല്ലാതെ മറ്റു പോംവഴിയില്ലെന്നു കരുതുന്ന പരിഷ്‌കൃത മനുഷ്യർ ഇവർക്കു മുന്നിൽ എത്ര നിസ്സാരരാണ്!

ഒരിക്കൽ അമ്മയ്‌ക്കൊപ്പമുള്ള അത്തരമൊരു യാത്രയ്ക്കിടയിലാണ് ധർമപാലൻ, കരമനയാറിന്റെ തീരത്തുണ്ടായിരുന്ന പ്രജാനന്ദസ്വാമിയുടെ ആശ്രമത്തിൽ എത്തിപ്പെടുന്നത്. പ്രജാനന്ദസ്വാമി
ശ്രീനാരായണഗുരുവിെന്റ ശിഷ്യനായിരുന്ന ഏണസ്റ്റ് ക്ലേർക്കിന്റെ ശിഷ്യനാണ്. അനാഥരായ തെരുവുകുട്ടികൾക്കുള്ള ഒരഭയകേന്ദ്രം കൂടിയായിരുന്നു ഈ ആശ്രമം. കുട്ടികളെ കുളിപ്പിച്ചു വൃത്തിയാ
ക്കി വസ്ത്രവും ഭക്ഷണവും അഭയവും അവിടെ നൽകിയിരുന്നു. ജീവിതത്തിലാദ്യമായി ധർമപാലൻ വിശപ്പു മാറ്റി ഭക്ഷണം കഴിക്കുന്നത് ആ ആശ്രമത്തിൽ വച്ചാണ്. ്രപജാനന്ദസ്വാമിയുടെ കീഴിൽ നിന്നാണ് അവൻ പഠിച്ചത്, ജീവിതത്തിൽ അവിചാരിതമായി സംഭവിച്ച ഒന്ന് അവനെ ആകെ മാറ്റിത്തീർത്തു. ഭക്ഷണത്തോടുള്ള ആർത്തി മാറി. അതു പിന്നെ വായനയോടും പുസ്തകങ്ങളോടുമായ് മാറി. ഏതാനും വർഷങ്ങൾ കൊണ്ട് അവൻ ആകെ മാറിപ്പോയി. ചുരുണ്ട മുടിയും പരന്ന മൂക്കുമുള്ള ബലിഷ്ഠനായ,
പൊക്കം കുറഞ്ഞ ഒരു ചെറുപ്പക്കാരനായി അവൻ മാറി. ബിരുദത്തിനു ശേഷം പ്രജാനന്ദസ്വാമിയുടെ നിർദേശപ്രകാരം അവൻ സിവിൽ സർവീസ് എഴുതി. ചരിത്രത്തിൽ അപൂർവമായി അസ്പൃശ്യവർഗങ്ങൾക്കിടയിൽ നിന്നും ചിലർ ഉന്നതമായ സ്ഥാനങ്ങളിൽ എത്തിച്ചേരുന്ന ഒരപൂർവ സന്ദർഭം! പക്ഷെ അവിടെ ധർമപാലനെ കാത്തിരുന്നത് ശുഭാനുഭവങ്ങളായിരുന്നില്ല.

കുലത്തിന്റെ ആഭിജാത പ്രൗഢിയും സവർണതയുടെ മേലങ്കിയും മൂലധനമാക്കിയവർ അധികാരത്തിന്റെ അഹന്ത കൊണ്ട് നമ്മുടെ ഭരണസിരാകേ്രന്ദങ്ങളെ എക്കാലത്തും നിയന്ത്രിച്ചുപോന്നിട്ടുണ്ട്. രാജ്യത്തിന്റെ ഉന്നതമായ എല്ലാ മേഖലകളിലും എന്നും ആധിപത്യം പുലർത്തുന്നത് ഇവരാണ്. ആ മേഖലകളിലേക്ക്,
‘ചരിത്രത്തിന്റെ ശനിദശയിൽ’ ഒരു കീഴ്ജാതിക്കാരൻ കടന്നുവരാനിടയായാൽ അയാളെ ശവംതീനികളെപ്പോലെ വളഞ്ഞിട്ട് ആക്രമിക്കുക പതിവാണ്. ജയമോഹന്റെ ‘നൂറു സിംഹാസനങ്ങ
ളി’ലെ ഐഎഎസ് ഓഫീസറായ ധർമപാലൻ ഇത:പര്യന്തം അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ കേവലമായ ഒരു ഭാവനയല്ലാതെ തീവ്രമായ യാഥാർത്ഥ്യമായി നമുക്കു ചുറ്റിലും നിലനിൽക്കുന്നു. ഐഎഎസ് ഇന്റർവ്യൂ സമയത്ത് ധർമപാലന് നേരിടേണ്ടിവന്ന ഒരു ചോദ്യം നമ്മുടെ എല്ലാ മുൻവിധികളെയും തകർത്തുകളയുന്നുണ്ട്. ”നിങ്ങൾ ഓഫീസറായി പണിയെടുക്കേണ്ട സ്ഥലത്ത്, നിങ്ങൾ വിധി പറയേണ്ട ഒരു കേസിൽ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ
എന്തു തീരുമാനമാണെടുക്കുക?” ഇതായിരുന്നു ആ ചോദ്യം.

നൂറ്റാണ്ടുകളായി നീതിയെക്കുറിച്ചും ധർമത്തെക്കുറിച്ചുമുള്ള ജഡിലമായ സാമ്പ്രദായിക ധാരണകളിൽ ഉറഞ്ഞുപോയ മനസ്സിന്റെ ഉടമകളായ നമ്മളിൽ ഉടനെ വരുന്ന ഉത്തരം നീതിയുടെ പക്ഷത്തുനിൽക്കും എന്നായിരിക്കും. പക്ഷെ ധർമപാലൻ പറയുന്നത് നീതിയെക്കുറിച്ചുള്ള പുതിയ പാഠമാണ്. ”ന്യായം എന്നുവച്ചാൽ എന്താണ്? ന്യായം എന്നു പറഞ്ഞാൽ അതിൽ കാതലായ ഒരു ധർമം ഉണ്ടായിരിക്കണം. ധർമങ്ങളിൽ ഏറ്റവും വലുത് സമത്വംതന്നെ. അതാണ് ഏറ്റവും വിശുദ്ധമായിട്ടുള്ളത്. ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശങ്ങളിൽ നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണംതന്നെ നായാടി അനീതിക്കിരയായി മാറിക്കഴിഞ്ഞു. അവൻ എന്തു
ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്… െകാലപാതകംതന്നെയായാലും ഒരു നായാടിതന്നെയാണ് നിരപരാധി. അവനോടുതന്നെയാണ് അനീതി കാട്ടിയിട്ടുള്ളത്”. ധർമപാലന്റെ ഈ പ്രസ്താവന നീതിയെക്കുറിച്ചുള്ള നമ്മുടെ മുൻധാരണകൾക്കു മേലുള്ള കനത്ത പ്രഹരമല്ലാതെ മറ്റെന്താണ്?

വർത്തമാനകാല ചരിത്ര വസ്തുതകളുടെ പുനർചിന്തനത്തിലേക്കാണ് ആ മറുപടി ലക്ഷ്യമിടുന്നത്.
ഈ നോവൽ വായനയുടെ ഒരു ഘട്ടത്തിൽ നമ്മൾ അറിയാതെത്തന്നെ അംബേദ്കറിൽ എത്തിച്ചേരുന്നുണ്ട്. ജീവിതത്തിന്റെ തിക്താനുഭവങ്ങളോടും ജാതീയ മേൽക്കോയ്മയോടും പൊരുതി, എത്തിെപ്പടാവുന്നതിൽ വച്ച് ഏറ്റവും ഉന്നതങ്ങളിൽ എത്തിയ വ്യക്തിയെന്ന നിലയിൽ ചരിത്രം രേഖപ്പെടുത്തിയ അംബേദ്കറോളം മറ്റാരും നമുക്കില്ലല്ലോ.

ഓഫീസിലെ ശിപായി പോലും ഫയലുകളും മറ്റു രേഖകളും അകലെ നിന്ന് അംബേദ്കറിന് വലിച്ചെറിഞ്ഞു കൊടുത്തേയുള്ളൂ. അന്തസ്സുള്ള ഒരു പാർപ്പിടം പോലും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ചാതുർവർണ്യത്തിന്റെ ജീർണസംസ്‌കാരങ്ങൾ അംബേദ്കറെ നിരന്തരം വേട്ടയാടിയപ്പോഴാണ് ആ ഉദ്യോഗം അദ്ദേഹം വലിച്ചെറിഞ്ഞ് ഈ ജീർണാചാരങ്ങളെ ചെറുക്കാനുള്ള പോംവഴികളിലേക്ക് തിരിഞ്ഞത്. ചരിത്രത്തിന്റെ ഇത്തരം അടരുകളിലേക്കും ജയമോഹന്റെ ‘നൂറു സിംഹാസനങ്ങൾ’ ഇടയ്ക്കിടെ നമ്മെ
കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.

മങ്ങിത്തുടങ്ങിയ ഒരു നിഴൽപോലെ അമ്മ അയാളുടെ കൺമുന്നിൽ കിടന്നവസാനിച്ചു. ഒരനാഥശവം പോലെ, ധർമാശുപത്രിയുടെ മുറിയിൽ പ്രേതങ്ങൾക്കു തുല്യരായ അനാഥരുടെ ഇടയിലായിരുന്നു അവരുടെ അന്ത്യം. തെരുവിൽ നിന്ന് ആരോ അയാളുടെ അമ്മയെ അവിടെ കൊണ്ടുവന്നിട്ടു. ഒരു ഉയർന്ന ഐഎഎസ് ഉദ്യോഗസ്ഥനായിട്ടുപോലും സ്വന്തം അമ്മയോട് നീതി കാണിക്കാൻ കഴിയാതെ പോയതിലുള്ള കുറ്റബോധം വൈയക്തി കം മാത്രമല്ലെന്ന് അയാൾക്കറിയാം. തന്നെപ്പോലെ അനേകർക്ക് എന്നാണ് ഇതിൽനിന്നും മോചനം ലഭിക്കുക? ഭൂമിയിലെ എല്ലാ ധർമങ്ങളുടെയും മൂല്യമായ നീതി ഉറപ്പാക്കാൻ തനിക്ക് ഒന്നല്ല, നൂറു സിംഹാസനങ്ങൾ ലഭിച്ചാലും സാധിക്കില്ലെന്ന് അയാൾ തിരിച്ചറിയുന്നു. അത്രയ്ക്ക് ഭീതിദമായ രീതിയിൽ വർത്തമാനകാല ഇന്ത്യ യിൽ ജാതി മത വർഗ ഭേദങ്ങൾ മനുഷ്യനെ മാറ്റിത്തീർത്തിട്ടുണ്ട്.

അഹം ബ്രഹ്മമെന്ന് അഹങ്കരിക്കുമ്പോഴും അതിന്റെ ഇരുണ്ട ഗർത്തങ്ങളിൽ വൈരസർപ്പങ്ങളെ അട വച്ച് വിരിയുക്കുന്നവരായി മനുഷ്യൻ മാറുന്നു. സ്വന്തം ഹോമകുണ്ഡത്തിൽ നിന്ന് അപരരക്തത്തിന്റെ ധൂമഗന്ധമാണ് ഉയരുന്നതെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഭിന്നാഭിരുചികളെ, ഭിന്നാഭിപ്രായങ്ങളെ, ഭിന്നസംസ്‌കാരങ്ങളെ, വിഭിന്ന ആചാര അനുഷ്ഠാനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത രീതിയിൽ ഇന്ത്യയുടെ വർത്തമാനകാലം പരിണമിക്കുമ്പോൾ ജയമോഹന്റെ ‘നൂറു സിംഹാസന’ങ്ങളുടെ സാമൂഹ്യപരത ഉയർത്തുന്ന ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ട്.