ഒച്ചാട്ട്

മിനി എം.ബി.

വിക്രമാ.. അവരങ്ങ് മരിച്ചു എന്ന് പറ
ഞ്ഞാൽ മതിയല്ലോ. യഥാർത്ഥത്തിൽ
ഞാൻ വിങ്ങിപ്പൊട്ടേണ്ടതായിരുന്നി
ല്ലേ… പക്ഷേ.. സങ്കടമാണോ അവമതി
യാണോ നിന്ദയാണോ അതോ എന്തു
കുന്തവുമാവട്ടെയെന്നാണോ… എന്താ
ണെനിക്കപ്പോൾ തോന്നിയത്? ഇപ്പോഴും ഒരു പിടിത്തവും കിട്ടുന്നില്ലല്ലോ. ഒരു
മരണത്തിൽ സങ്കടവും വേദനയും തോന്നാതിരിക്കുന്നത് ജീവിച്ചിരിക്കുന്നവന്റെ
ഏറ്റവും വലിയ നിവൃത്തികേടാണ് വി
ക്രമാ… ഇഷ്ടപ്പെട്ടവരുടെ മരണം കാണുമ്പോൾ സങ്കടം വരാതിരിക്കുമോ എന്ന പേടിയാണ് ഇപ്പൊ എന്നെ പേടിപ്പി
ക്കുന്നത്. മരിച്ചുകിടക്കുമ്പോൾ പോലും
ഇവിടേക്ക് കൊണ്ടുവന്നതും ഇവിടെ നി
ന്നുണ്ടാക്കിയതും കൂടെക്കൊണ്ടുപോകുന്ന ഭാവമായിരുന്നു ആ മുഖത്ത്. ജീവിച്ചി
രിക്കുന്നവർ ആഢ്യത്തമെന്ന് വിളിക്കുന്ന വച്ചുകെട്ട്. ഇതൊക്കെ ചത്തുകിടക്കുമ്പോഴുമെങ്ങനെ കൈവിടാതിരിക്കാനാകുന്നു? നിനക്കൊന്നും എത്തിപ്പിടിക്കാനാവത്തത്രയും പൊക്കത്തിലാണ് ഞാനിപ്പോഴും എന്നൊരു ഭാവം.

വിക്രമാ…
സങ്കടമോ പകയോ അല്ല, ആശയക്കുഴപ്പമാണ് ഒരാളെ കുഴക്കുന്നത്. ആശയ
ക്കുഴപ്പം. കൺഫ്യൂഷൻ. മനുഷ്യൻ മനസ്സറിഞ്ഞ് ദൈവത്തെ വിളിക്കുന്നത്
പോലും കൺഫ്യൂഷനുള്ളപ്പോ മാത്രമാണ്. ഒരുത്തന് കൊടുക്കാനാവുന്ന ഏറ്റവും നല്ല പണിയാണ് കൺഫ്യൂഷൻ. ആശയക്കുഴപ്പത്തിലാക്കുക എന്നത് പ്രതി
കാരം ചെയ്യലിന്റെ പര്യായപദമാണ്. ആശയക്കുഴപ്പം ആഴമുള്ളതാണെങ്കിലോ
കുഴപ്പത്തിലായവൻ ഒരെത്തും പിടിയും
കിട്ടാതെ ഉള്ളു നിറയെ കുറ്റബോധവുമായി എന്തുചെയ്യണമെന്നറിയാതെ പാ
യും. ഒടുവിൽ ദാ ഇങ്ങനെ ബാറിലെ
ത്തും. സിപ്പ് ചെയ്യാൻ മെനക്കെടാതെ
ആഞ്ഞുവലിച്ച്, കുഴപ്പമുണ്ടാക്കിയ ആശയത്തെ കുഴപ്പത്തിൽ നിന്ന് പുറത്തു
ചാടിക്കും. ഹാ..ഹാ..ഹാ..

വിക്രമാ… ഞാൻ വ്യക്തമായി ഓർ
ക്കുന്നു. ആദ്യമായി അവരെ കണ്ട നിമി
ഷം. അവരുടെ ഓർമകൾക്ക് ചെഞ്ചായമാണ്. ആദ്യം കാണുമ്പോൾ അവരുടെ മുഖത്തും കവിളി
ലും പ്രതിഫലിച്ചുനിന്നിരുന്ന അതേ ചുവന്ന നിറം. അവരണിഞ്ഞിരുന്ന ചുവന്ന
സാരി, കണ്ണാടി പോലുള്ള ആ കവിളുകളെ വല്ലാതെ ചുവപ്പിച്ചിരുന്നു! അങ്ങ
നൊരു സ്ത്രീയെ ഞാനന്നുവരെ കണ്ടി
രുന്നേയില്ല വിക്രമാ…

അവരെനിക്കാരായിരുന്നു എന്നും
അവരെ ഞാൻ പ്രണയിച്ചിരുന്നു എന്നുമൊക്കെ പറഞ്ഞ് ഈ ചെറിയ വെട്ടത്തി
ലിരുന്ന് നിലവിളിക്കാനാണ് ഞാൻ
വട്ടം കൂട്ടുന്നതെന്ന് നീകരുതു
ന്നുണ്ടാവും… ഇല്ല. ഒരിക്കലുമില്ല. എനിക്കവരോട് പ്രണയമുണ്ടായിരുന്നില്ല എന്ന് ഉറപ്പി
ച്ച് പറയാൻ ഞാനാളല്ല, പക്ഷെ അവരുടെ മരണം വെട്ടിമുറിച്ചിട്ട എന്നിൽ അവരുടെ പ്രണയം ഏൽപ്പിച്ച പോറൽ എത്രയോ
‘നെഗ്ലിജിബിൾ’! അവരെനിക്കുള്ളിലേ
ക്കെറിഞ്ഞ, ഉത്തരം കിട്ടാത്ത അനേകം
ചോദ്യങ്ങളാണ് എന്നെ ഇങ്ങനെയിട്ടു കുഴക്കുന്നത്. മനുഷ്യനെ മനുഷ്യനാക്കിയതു തന്നെ ക്വസ്റ്റ്യനുകളല്ലെ… വിക്രമാ…
ഉത്തരങ്ങളെന്നാൽ അടഞ്ഞ ഒരു ഇടനാഴിയല്ലാതെ മറ്റെന്താണ്? വിക്രമാ… ഉള്ളി
ലെ ചോദ്യങ്ങളാണ് കയ്യിലെ റാന്തലുകൾ! ഇനി താമസിപ്പിക്കുന്നില്ല. എന്നെ
കുഴച്ചുമറിച്ച കഥകളും ചോദ്യങ്ങളും
ഞാൻ നിന്നോട് പറയാം. ഉത്തരങ്ങൾ
നീയെനിക്ക് പറഞ്ഞു തരണം. അല്ലെങ്കിൽ നിന്റെ തല പൊട്ടിത്തെറിക്കുമെന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ ഉറപ്പായും ആ ചോദ്യങ്ങൾ നിന്റെ തലയ്
ക്കുള്ളിലിരുന്ന് പെരുകും. അവിടിരുന്ന്
കുമിയും. പതുപതുത്ത നിന്റെ തലച്ചോറ്
പറന്നുതൂവുന്ന പൊടിപോലാവും. കാർ
ന്നുതിന്നും. അവ നിന്നെ നശിപ്പിക്കും.
അതുകൊണ്ട് വിക്രമാ… നമുക്കൊരുമിച്ച്
ഉത്തരങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കാം.
പുതിയ ചോദ്യങ്ങളിൽ ചെന്നവസാനി
ക്കുന്ന ഉത്തരങ്ങൾ…

കഥ ഒന്ന്. ചോദ്യം ഒന്ന്

പടർപ്പുകളും മരച്ചില്ലകളും കുരുക്കി
യിട്ട, വിളക്കെണ്ണയുടെ മണമുള്ള തണു
ത്ത കാറ്റിനെ ചവിട്ടടിയിലാക്കി, ചെങ്കൽ
പ്പടികൾ ഒറ്റക്കുതിപ്പിന് ചാടിക്കടന്ന് ഞാനും ബാബുവും കാവിൽ നിന്ന് പുറത്തേ
ക്ക് പാഞ്ഞു. മണിക്കുട്ടനെന്തുപറ്റി എന്ന
ചിന്ത ഉള്ളിൽ കലമ്പൽ കൂട്ടുമ്പോഴും ഞ
ങ്ങൾ കാലുകളെ നിയന്ത്രിച്ചില്ല. കാവും
ഇടവഴിയും കടന്ന് പാടവരമ്പത്തുകൂടി
ഓടുമ്പോൾ സൂര്യൻ ഞങ്ങളെ നോക്കി
കളിയാക്കിച്ചിരിച്ചു. ഏറെ ദൂരം പിന്നിട്ട്
തിരിഞ്ഞുനോക്കിയപ്പോൾ പാടത്തിനപ്പുറം, ഒരു പിടി ഞാറിനോളം പോന്നൊരു കൊച്ചുകാട്. അത് സ്വന്തം കൈക്കുള്ളിലൊതുങ്ങുമെന്ന് എനിക്കപ്പോൾ
തോന്നി. നെഞ്ചിൻകൂട് പൊട്ടുമെന്നു
തോന്നിയപ്പോൾ ഓട്ടം നിർത്തി ഞങ്ങൾ
കിതപ്പോടെ നടന്നുതുടങ്ങി. അമിത ആത്മവിശ്വാസം കൊണ്ട് പന്തയം തോറ്റ മുയലിനെ ഓർമ വന്നതിനാൽ വല്ലാതെ
തളർന്നിട്ടും എങ്ങും നിൽക്കാൻ തോന്നി
യില്ല. പുഴയ്ക്കരികിലെ വാഴത്തോപ്പായിരുന്നു ലക്ഷ്യം. വാഴത്തോപ്പിലെ, പുഴയിലേക്ക് ചാഞ്ഞ മൺതിട്ടയിലിരു
ന്നാൽ ആരും കാണില്ല. മുകളിൽ നിന്നാരെങ്കിലും വന്നാൽ പൊളിഞ്ഞ വേലി
ചാടി പുഴയിലേക്കോടാം. താഴെ നിന്നു
കണ്ടാലോ മുകളിലേക്ക് കയറി രക്ഷപ്പെടാം. രണ്ടുവശത്തു നിന്നും ആളുവന്നാൽ
ഇടത്തോട്ടോ വലത്തോട്ടോ ഓടാം. അതല്ല നാലു വശത്തുനിന്നും ആളുകൾ വരുകയാണെങ്കിൽ അതിന്റെ പേര് പഴുതട
ച്ചുള്ള പണിയെന്നാണ്. അതിനു മുന്നൊരുക്കങ്ങളേക്കാൾ വേണ്ടത് മനോബലമാണ്. ഏതായാലും ഇപ്പൊ ഒന്നും ചെ
യ്യാനില്ലാത്തതിനാൽ മൺതിട്ടയിൽ ചാ
ഞ്ഞിരുന്ന് ഞങ്ങൾ ആഞ്ഞു ശ്വാസം വലിച്ചു. അങ്ങനെ ചാഞ്ഞിരുന്ന് നോക്കി
യപ്പോൾ ബാബുവിന്റെ മേൽചുണ്ടിനു
മീതെ ചെമ്പൻനിറത്തിൽ രോമങ്ങൾ തി
ളങ്ങുന്നത് കണ്ടു. അവനെക്കാളും രണ്ടുവയസ് താഴെയാണ് ഞാൻ. ആറാംക്ലാസിൽ. അവനെട്ടിലും. ഞാനൊരു കുട്ടി
യും അവനൊരൊത്ത ആണുമാണെന്ന്
എപ്പോഴും ഞാൻ കരുതി. എന്നിട്ടും അടി
വന്നപ്പോൾ അവനും കൂടെ ഓടിയല്ലോ
എന്നോർത്ത് അർത്ഥമറിയാത്തൊരു
സന്തോഷം. മണിക്കുട്ടനെ കുറിച്ചോർ
ത്തപ്പോൾ എന്തോ ഒരു വല്ലായ്മയും.
ബാബുവിന്റെ നിക്കറിന്റെ പോക്കറ്റിൽ
ഒളിച്ചിരുന്ന ഉപ്പുനെല്ലിക്ക രണ്ടായി പി
ളർത്തി ഞങ്ങൾ റീചാർജ് ചെയ്തു.

”അയാളെന്തിനാ നമ്മളെ തല്ലാൻ
വന്നത്?”

വല്ലാതെ ബഹളം കൂട്ടിയിരുന്ന ഹൃദയം ഒന്ന് ശാന്തമായപ്പോൾ ബാബു ചോദിച്ചു.

”അത് നിനക്കറിയില്ലേ… നമ്മള് ആ
കാവില് കേറീതിന്. അത് അവര്‌ടെ സർ
പക്കാവല്ലെ. നമ്മളതില് കേറിക്കൂട”.

”അപ്പൊ മണിക്കുട്ടൻ കേറീതോ?”
ആ ശരിയായ ചോദ്യത്തിന്റെ ശരി
യായ ഉത്തരം എനിക്കറിയില്ലായിരുന്നു.
അതിനൊരു ഉത്തരമുണ്ടോ എന്നുപോലും ഞാനന്നുവരെ ചിന്തിച്ചിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്, അതിനൊരുത്തരമുണ്ടെങ്കിലും ഇല്ലെങ്കിലും അതു പറയാനെനിക്കറിയില്ലായിരുന്നു. അതുകൊ
ണ്ടാവാം ഒരു കാരണവുമില്ലാതെ ഞാൻ
കുനിഞ്ഞിരുന്നത്. എങ്കിലും പറഞ്ഞൊപ്പിച്ചു,

”ആ കാവ് മണിക്കുട്ടന്റെ തൊടീലല്ലേ… അവന് കേറാം. നമ്ക്ക് പാടില്ലായി
രിക്കും”.

”അവനവിടെ കേറല് മാത്രല്ല, പൂജ
കഴിക്കലുംണ്ടെന്നല്ലേ പറഞ്ഞത്? പി
ന്നെന്താ നമ്മള് കേറ്യാല്?”

ഞാൻ ശ്രദ്ധിച്ചു, എനിക്കുള്ള കുറ്റബോധം ബാബുവിനില്ല, കൺഫ്യൂഷനും.

”എനിക്കതല്ല, ആ മണിക്കുട്ടന് നല്ലോണം കിട്ടിക്കാണും. അവനാണല്ലോ
നമ്മളെ അവടെ കൊണ്ടുപോയത്”.

”എന്തു കിട്ടാൻ… വന്നത് അവന്റെ
അമ്മാമയല്ലെ… അയാള് നെലവിളിച്ചത്
നമ്മള് അതിനകത്ത് കേറീതിനാ… അല്ലാതെ അവൻ കേറീതിനല്ല, അയാളീചീ
ത്ത പറയുമ്പൊ അവനൊരക്ഷരം മിണ്ടീ
ല്ലാലോ… അവൻ വിളിച്ചിട്ടാ നമ്മള് കേറീത് എന്നുപോലും പറഞ്ഞില്ലല്ലോ ചതി
യൻ”.

”എന്നാലും അവനെ വിട്ടോടിവന്നത് ശരിയായില്ല”.

”പൊട്ടൻ… അവനെ എത്ര ചീത്ത പറഞ്ഞാലും അയാളവന്റെ അമ്മാമയാണ്. അയാളവനെ കൊല്ല്വൊന്നുമില്ല.
സ്വന്തവും സ്വന്തമല്ലാത്തതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്”.

ബാബു ചെരിഞ്ഞുകിടന്ന് എന്നെ
നോക്കി. ഞാനും അപ്പോഴാണ് ശ്രദ്ധിച്ചത്, കൊച്ചുപ്രായത്തിന്റെ കൈപ്പിടിയി
ലൊതുങ്ങാത്ത എന്തോ ഒന്ന് എന്നോ
എഴുതപ്പെട്ട മുഖമാണവന്. മനുഷ്യവംശത്തോളം പഴക്കമുള്ള ഒന്ന്. ഞാൻ എഴുന്നേറ്റ് എന്റെ ട്രൗസറിന്റെ പിന്നാമ്പുറ
ത്ത് പറ്റിപ്പിടിച്ച മണ്ണ് തട്ടിക്കളഞ്ഞു. പഴയ യൂണിഫോം ഷർട്ട് ശരിയാക്കി.

”നീവര്ണില്ലേ.. എനിക്ക് വെശക്ക്ണു”.

”ഇല്ലാ… അമ്മ പണിക്ക് പോയിരി
ക്കേണ്. വീട്ടിലാരൂല്ല”.

വീട്ടിലാരുമില്ലാത്തതാണോ വീട്ടി
ലൊന്നുമില്ലാത്തതാണോ ശരി എ
ന്നോർത്ത് ഞാൻ ശങ്കിച്ചുനിന്നു.

ബാബുവിന്റെ അച്ഛൻ കഴിഞ്ഞ കൊല്ലമാണ് മരി
ച്ചത്. അയാൾ മരിച്ചത് നന്നായി, അല്ലെങ്കിൽ താൻ കൊന്നേനെ എന്നവനൊരി
ക്കൽ പറഞ്ഞിരുന്നു. അവനേയും അമ്മയേയും അത്രമാത്രം അയാൾ ദ്രോഹിച്ചി
രുന്നു. കൊല്ലത്തിലൊരിക്കൽ സ്‌കൂ
ളിൽ നിന്ന് അവന് കിട്ടാറുള്ള ഗ്രാന്റ് വാ
ങ്ങാൻ വരുന്ന അവന്റെ അമ്മയെ ഞാൻ
കണ്ടിട്ടുണ്ട്. കറുത്തമെലിഞ്ഞ ആ സ്ത്രീ
ക്ക് ഈ ലോകത്തെതന്നെ പേടിയാണെന്നു തോന്നുമായിരുന്നു. അവനുള്ളത്ര കഷ്ടപ്പാട് എനിക്കില്ലായിരുന്നു. എന്നിട്ടും
ഉള്ള ചോറ് വീതം വയ്‌ക്കേണ്ടിവരുമെന്നുള്ള പേടി കൊണ്ട് ഞാനവനെ വീട്ടി
ലേക്ക് ക്ഷണിച്ചില്ല. എന്റെ നിൽപ് കണ്ട്
ബാബു പറഞ്ഞു,

”നീപൊയ്‌ക്കോ… ഞാനിത്തിരി നേരം കൂടി ഇവിടെ കെടന്നിട്ടേ പോണുള്ളു”.
പിറ്റേന്ന് സ്‌കൂൾവരാന്തയിൽ വച്ച് മണിക്കുട്ടനെ കണ്ടെങ്കിലും അവൻ പിടി
തന്നില്ല. സ്‌കൂളിൽ വച്ച് വീട്ടിലെ പേര്
വിളിക്കരുതെന്നായിരുന്നു ഞങ്ങൾ തമ്മിലുള്ള കരാർ. എങ്കിലും ഞങ്ങൾ മൂന്നുപേർ മാത്രമായിരിക്കുന്ന പല അവസരങ്ങളിലും ഞങ്ങളാ കരാർ തെറ്റിക്കാറുണ്ടായിരുന്നു. സ്‌കൂളിലേയും വീട്ടിലേയും പേരുകൾ മാറിമാറി വിളിച്ചിട്ടും അടി
കൊള്ളിപ്പിക്കുന്നൊരു ചീത്ത ചേർത്തുവിളിച്ചിട്ടും അവൻ അടുത്തില്ല. സ്‌കൂൾ
വിടാനായി ഞങ്ങൾ കാത്തു. പക്ഷെ സു
ജിത് പി. നായർ വരാലു പോലെ വഴുതി
വീടുപിടിച്ചു. അന്ന് സ്‌കൂളിന് അകത്തും
പുറത്തും അവൻ സുജിത് പി. നായർ ആയിത്തന്നെ തുടർന്നു. പിന്നെപ്പിന്നെ മ
ണിക്കുട്ടനെന്ന വിളിപ്പേരുതന്നെ ഞങ്ങ
ളങ്ങ് മറന്നുപോയി!

അന്ന് സ്‌കൂൾഗേറ്റിൽ വച്ച് പിരിയാൻനേരം ബാബു പുച്ഛ
ത്തിൽ നനഞ്ഞൊരു ചിരി ചിരിച്ചിട്ട് പതുക്കെ പറഞ്ഞു, ”ഇവനൊക്കേ ഇങ്ങനോക്കേ ചെയ്യാനാവൂന്ന് എനിക്ക് പണ്ടേക്കുപണ്ടേ അറിയാടാ…”
അത് ‘പണ്ടേക്കുപണ്ടേ’ മനസിലാ
ക്കിയ ബാബു പതുക്കെ പതുക്കെ സ്‌കൂളിൽ വരാതായി. അറ്റൻഡൻസ് രജിസ്റ്ററിലെ ഇരുപത്തഞ്ചാംനമ്പർ രാജേഷ്
എം. എന്ന ബാബു വഴിമുക്കിലെ ഗോപാലേട്ടന്റെ വർക് ഷോപ്പിലെ ലാസ്റ്റ്‌നമ്പർ മെക്കാനിക്കായി.

ഒരിക്കൽ ഞാൻ
ബാബുവിനെ കാണാനായി വർക് ഷോപ്പിൽ പോയി. അവൻ കരിപുരണ്ട ഒരു
ഷർട്ടും ട്രൗസറും ഇട്ട് വണ്ടികൾക്കിട
യിൽ നിന്ന് നിറഞ്ഞ ചിരിയോടെ പ്രത്യ
ക്ഷപ്പെട്ടു. കോട്ടും സൂട്ടും ഇട്ടു നിൽക്കുന്ന
ഒരു മുതലാളിയുടെ ഗമ ആ മുഖത്തുണ്ടായിരുന്നു. സ്‌കൂളിൽ വരാത്തതിനെ കുറി
ച്ചന്വേഷിച്ചപ്പോൾ അവൻ അന്തസ്സോടെ പറഞ്ഞു,

”എനിക്കത് എന്റെ സ്‌കൂളാന്ന് തോന്നീട്ടില്ലെടാ… ഇതിപ്പൊ ഗോപാലേട്ടന്റെ
യാണെങ്കിലും എന്റേം കൂടെയാന്ന് തോന്ന്വാ..”
ഞാൻ തിരിഞ്ഞുനടന്നപ്പോൾ അ
വൻ പുറകിൽ നിന്ന് വിളിച്ചുപറഞ്ഞു,

”ഡാ… കാശിന് അത്യാവശ്യംണ്ടായാല് വന്നോ ട്ടോ…”
വിശക്കുന്ന ബാബുവിനെ വാഴ
ത്തോപ്പിലിരുത്തിയിട്ട്, ഞാൻ കഴിച്ച
ചോറ് എന്റെ മനസിൽ തികട്ടിവന്നു, ഒപ്പം അവൻ പിളർത്തിനൽകിയ ഉപ്പുനെല്ലിക്കയുടെ പാതിയും.

വിക്രമാ… അന്നാ പുഴക്കരയിലെ ചാ
ഞ്ഞ മൺതിട്ടയിൽ കിടന്നുകൊണ്ട് ബാബു എന്നോട് ചോദിച്ച ചോദ്യമാണ് എനിക്ക് നിന്നോടും ചോദിക്കാനുള്ളത്.
തൊടി മണിക്കുട്ടന്റെ, സർപക്കാവും മണിക്കുട്ടന്റെ. അതിലെ ദൈവങ്ങളെങ്ങ
നെയാണ് മണിക്കുട്ടനു മാത്രം സ്വന്തമാവുന്നത്?

കഥ രണ്ട്. ചോദ്യം രണ്ട്

തെരഞ്ഞെടുപ്പ് ബഹളത്തിൽ മുങ്ങി
ത്താഴുന്ന കോളേജ് ഉത്സവപ്പറമ്പ് പോലെയാണ്. ആ ബഹളത്തിനിടയ്ക്ക്
ഞാൻ മിക്കവാറും ഹോസ്റ്റലിൽ താമസമായി. കുറച്ചുകാലത്തേക്ക് ഞാൻ ബാബുവിനെ മറന്നേപോയി! ആയിടയ്ക്ക്
നാട്ടിലെ ഉത്സവമായി. തെരഞ്ഞെടുപ്പ്
കോലാഹലം കഴിഞ്ഞതിനാൽ കോളേ
ജിൽ നിന്ന് കുറച്ചുപേർ എന്റെ കൂടെ നാട്ടിലേക്ക് വന്നു. ഉത്സവപറമ്പിൽ വച്ചാണ് ഞാൻ ബാബുവിനെ കാണുന്നത്.
എത്ര നിർബന്ധിച്ചിട്ടും അവൻ ഞങ്ങളുടെ കൂടെ കൂടാൻ വന്നതേയില്ല. കുറച്ചുകാലത്തിനു ശേഷം കണ്ടതുകൊണ്ടാവും, അവനൊരൊത്ത ആണായതുപോലെ എനിക്കു തോന്നി. എപ്പോഴത്തെയും
പോലെ ഞാനാകട്ടെ അപ്പോഴും കുട്ടിയായിരുന്നുതാനും. തെളിഞ്ഞൊരു ചിരി
യോടെ ബാബു എനിക്കു മുമ്പിലൂടെ നടന്നുപോയി. ഉത്സവം കഴിഞ്ഞതോടെ കൂട്ടുകാർ അവരവരുടെ വീടുകളിലേക്ക്
പോയി. അക്ഷരാർത്ഥത്തിലൊരു ഉ
ത്സവപ്പിറ്റേന്ന്!

”ദാ… ആ പെയിന്റ്കട നടത്തുന്ന
ചെക്കൻ വന്ന് നിക്ക്ന്ന്”.

കൂട്ടുകാർ വന്നാലോ വിളിച്ചാലോ
അവരെ പണ്ടും അമ്മ ഇൻട്രൊഡ്യൂസ്
ചെയ്യുന്നത് നിർദയമായിട്ടായിരിക്കും. മുഖത്തെ പുച്ഛഭാവം കൂട്ടുകാരും കാര്യമാ
ക്കാറില്ല. നാട്ടിൽ നിന്നാൽ ഞാൻ ദുഷി
ച്ചുപോകുമെന്ന അമ്മയുടെ ഉറച്ച വിശ്വാസത്തിന് എന്ത് റിസ്‌കെടുത്തും കോട്ടം
തട്ടിക്കാനനുവദിക്കാത്ത എന്റെ വലംകൈയാണ് സുനി. കിടക്കയിൽ നിന്ന് തട്ടിപ്പിടഞ്ഞെണീറ്റ് ഉമ്മറത്തെത്തിയ
പ്പോൾ മുറ്റത്തുതന്നെ നിൽക്കുകയാണ്
അവൻ.

”എന്തെടാ…”
ഉറക്കം മുറിഞ്ഞതിന്റെ ഈർഷ്യ ഞാനൊട്ടും മറച്ചുവച്ചില്ല.

”നീഷർട്ടിട്ട് വാ… കാര്യൂണ്ട്”.

ആ സ്വരത്തിൽ നിന്ന് കാര്യഗൗരവം
ഞാനൂഹിച്ചെടുത്തു. പിന്നൊരക്ഷരവും
പറയാതെ ഞാൻ നിലത്തുകിടന്ന ടീഷർ
ട്ട് വലിച്ചുകേറ്റി സുനിയുടെ ആക്റ്റീവയ്ക്ക് പിന്നിലേക്ക് വലിഞ്ഞുകയറി. വണ്ടിയിൽ കയറിയിട്ടും അവൻ ഒരക്ഷരവും പറഞ്ഞില്ല. ജില്ലാ ആശുപത്രിക്കു
മുൻപിലാണ് വണ്ടി നിന്നത്.

”ഇപ്പൊ അവനോട് നീഒന്നും ചോദി
ക്കരുത്” സുനി ശബ് ദം താഴ്ത്തിപ്പറ
ഞ്ഞു,

”അവന്റെ വണ്ടീല് കാറ് തട്ടീന്നാ എല്ലാവരും കരുതിയേക്കുന്നെ. സംഗതി തി
രിച്ചാ… അവൻ മന:പൂർവം കാറിൽ കൊണ്ടു കുത്തിയതാ… ഇതിപ്പൊ നമുക്കേ
അറിയൂ… പകുതി ബോധത്തില് ആശൂത്രീല് എത്തിച്ചപ്പൊ അവൻതന്നെ പറ
ഞ്ഞതാ…”

എനിക്ക് വല്ലാത്ത അത്ഭുതം തോന്നി. എല്ലാത്തിനെയും അലസമായി നേരിടുന്ന ഒരു ബാബുവായിരുന്നു എന്റെ മനസിൽ. ഒരാസൂത്രണത്തിനും ഒരിക്ക
ലും മുതിരാത്തവൻ. വന്നിട്ടിത്ര ദിവസമായിട്ടും അവനുമായൊന്നടുത്തിരിക്കാനാവാത്തവിധം എന്തു തിരിക്കായിരു
ന്നു എനിക്ക് എന്നോർത്തപ്പോൾ എന്തോ വലിയൊരു കുറ്റം ചെയ്തതുപോലെ ഒരു തോന്നൽ.

”എന്തിനാടാ ബാബുവിങ്ങനെ ചെ
യ്തത്?”

”നമ്മടെ കണ്ണാടിപ്പറമ്പിലെ ചെന്താമരയായിട്ട് അവനൊരടുപ്പമുണ്ടായിരു
ന്നു”.

”ആര്? ലീനയോ…”

പിൻഭാഗം നിറഞ്ഞുകവിയുന്ന മുടി
പരത്തിയിട്ട് അമ്പലത്തിലേക്ക് തൊ
ഴാൻ പോകുന്ന കാലം മുതൽക്കേ നാടി
ന്റെ നെറ്റിപ്പട്ടമായിരുന്നു ലീന.

”ഡാ… സുനീ… അവളുടെ കല്യാണം കഴിഞ്ഞതല്ലേ… പണ്ടേ…”

”അവൾടെ ഭർത്താവ് ഗൾഫില് വ
ച്ച് മരിച്ചു. ആക്‌സിഡന്റായിരുന്നു. പിന്നി
വള് തിരിച്ചുപോന്നു. അപ്പഴാ അവൾടെ
അച്ഛന് കാൻസറ് വന്നത്. അവൾടെ തള്ള പണ്ടേ വാതരോഗം വന്ന് കിടപ്പിലായിരുന്നല്ലോ. ആകെ കഷ്ടത്തിലായിരുന്നു അവർ. എന്നിട്ടും ലീനയ്ക്ക് വല്യ മാറ്റമൊന്നുമുണ്ടായിരുന്നില്ല. നമ്മടെ നാടല്ലേ… ശല്യത്തിനും കുറവുണ്ടായിരുന്നി
ല്ല. അവള് എല്ലാത്തീന്നും രക്ഷ നേടിയത് ഇവനിൽ പിടിമുറുക്കീട്ടാ… ഇവന്റെ
കൈയീന്ന് കുറെ പൈസേം വാങ്ങിയെടുത്തിട്ട്ണ്ട് അവള്. ഏറെക്കുറെ പരസ്യ
മായിട്ടായിരുന്നു കാര്യങ്ങള്”.

”എന്നിട്ട്? അവൾക്ക് വല്ല കുഴപ്പോം
പറ്റിയോ?”

”കുഴപ്പം അവൾക്കല്ല… ഇവനാ പറ്റി
യത്. ഇവനവളെ കല്യാണം കഴിക്കണം.
കാര്യത്തോടടുത്തപ്പൊ അവള് നിറംമാറ്റി. ഹ..ഹ..ഹ”.
വാർഡിലെത്തിയപ്പോൾ സുനി കഥ
നിർത്തി.

ഞങ്ങളെ കണ്ടപ്പോൾ ബാബുവിന്റെ
കട്ടിലിനടുത്ത് നിന്നിരുന്ന ഒരു വൃദ്ധൻ
പുറത്തേക്കിറങ്ങാൻ തുടങ്ങി. വിഷാദ
ത്തിൽ മുങ്ങിയ ചിരി ചിരിച്ചുകൊണ്ട്
ബാബുവിന്റെ അമ്മ അയാളെ യാത്രയാ
ക്കാൻ പുറകെ പോയി. അലസമായ ഒരു
ചിരിയോടെ ബാബു കിടക്കുകയായിരുന്നു. സുന്ദരിയായ ഒരു പെണ്ണിനെ ആകർ
ഷിക്കത്തക്കവിധം ബാബു ഒത്തൊരു
യുവാവായിരിക്കുന്നുവെന്ന് തെല്ലൊരസൂയയോടെ ഞാനോർത്തു. കറുത്തു
സമൃദ്ധമായ മുടി അവന്റെ നെറ്റിയിലേ
ക്ക് വീണുകിടന്നിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അവൻ തെളിഞ്ഞുചിരിച്ചു. കാലി
ലും കയ്യിലും ബാന്റേജുകൾ. മുഖത്ത്
ചെറിയ പോറൽ. അതൊന്നും ആരോഗ്യമുള്ള അവന്റെ ശരീരത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് ഒറ്റ നോട്ടത്തിൽ മനസ്സി
ലാവും. എന്നാൽ കണ്ണുകളിൽ തെളി
ഞ്ഞുകണ്ട ആകുലത അവനെ തകർ
ത്തുകളഞ്ഞ എന്തിന്റെയോ സൂചനയായിരുന്നു. ബാബുവിനോട് എന്താണ്
ചോദിക്കുക എന്ന് എനിക്കൊരു നിശ്ചയവുമില്ലായിരുന്നു. ആശുപത്രിക്കിടക്ക
യിൽ ചെന്ന് രോഗിയോട് സംഭാഷണം
ആരംഭിക്കുക എന്നത് നയതന്ത്രപ്രതിനി
ധികളുടെ പ്രഭാഷണം പോലെ വലിയമുന്നൊരുക്കമാവശ്യമുള്ള കലയാണ്.
അപ്പൊപ്പിന്നെ ഈ ഘട്ടത്തിൽ എന്തു പറഞ്ഞുതുടങ്ങും? ഒരാശുപത്രിക്കും ഒരു മരുന്നിനും ഒരു വൈദ്യനും ഭേദമാക്കാനാവാത്ത ഒരപകടം പിണഞ്ഞിട്ടല്ലേ അവനിവിടെയെത്തിയത്? ആശങ്കയിലോ
അന്വേഷണത്തിലോ ആശ്വാസത്തി
ലോ സംസാരം തുടങ്ങേണ്ടത്?

അവിടെയും പ്രതിസന്ധി മുറിച്ചത്
ബാബുവാണ്. അവൻ മനസ്സ് തുറന്നു.

വാർഡ് ഒരു വാഴത്തോപ്പായി.
ലീനയ്ക്ക് ബാബുവിനെ ഇഷ്ടമായിരുന്നു. ബാബുവിന്റെ പണവും ശരീരവും അവൾ സ്വീകരിച്ചിരുന്നു. അവന്റെ
സംസാരവും സാമീപ്യവും അവളാഗ്രഹി
ച്ചുമിരുന്നു. എന്നിട്ടും അവൾക്ക് അവനെ
ഭർത്താവായി സ്വീകരിക്കാൻ പറ്റാ
ത്തവിധം എന്തോ ഒരു കുറവ് അവൾ
ബാബുവിൽ കണ്ടു. അവൾ അവനിൽ
കണ്ട കുറവിന്റെ സ്ഥാനമെവിടെയായി
രിക്കും? അതവന്റെ ശരീരത്തിലാണോ
മനസ്സിലാണോ ആത്മാവിലാണോ? എത്രയാലോചിച്ചിട്ടും എനിക്കുത്തരം കിട്ടി
യില്ല.

വിക്രമാ… എന്റെ ചോദ്യമിതാണ്,
എന്തു ചെയ്താലാണ് ബാബുവിന് ആ
കുറവ് നികത്താനാവുക.. ഒന്നു പറഞ്ഞുതരൂ..

കഥ മൂന്ന്. ചോദ്യം മൂന്ന്

കാറ് കുന്നിറങ്ങുമ്പോൾ അവരുടെ
മുഖം അതീവ ശാന്തമായിരുന്നു. ഒരു മാലാഖയുടേതെന്ന പോലെ. ബാബു താമസിക്കുന്ന കോളനിയിലേക്കുള്ള തിരി
വിൽ വച്ചിരുന്ന ഫ്‌ളക്‌സിൽ ആദരാഞ്ജ
ലികൾക്ക് താഴെ അപ്പോഴും ബാബു ചി
രിക്കുന്നുണ്ടായിരുന്നു. ഇടുങ്ങിയ വഴിയി
ലൂടെ കാർ വല്ലാതെ വിമ്മിട്ടപ്പെട്ട് നീങ്ങി.
മുള കൊണ്ടുണ്ടാക്കിയ പടി തുറന്ന് അക
ത്ത് കേറുമ്പോൾ മുറ്റത്ത് കളിക്കുകയായിരുന്ന ബാബുവിന്റെ മകൾ വീടിനകത്തേക്ക് നാണിച്ചോടിപ്പോയി. മുൻവശത്തെ വാഴച്ചോട്ടിലിരുന്ന് ബാബുവിന്റെ
ഭാര്യ മീൻ നന്നാക്കുന്നുണ്ടായിരുന്നു. ഞ
ങ്ങളെ കണ്ടപ്പോൾ കൈകഴുകി, നന
ഞ്ഞ കൈ നൈറ്റിയിൽ തുടച്ച് ഓടിവന്നു. മതിലുകളില്ലാത്ത ചെറിയ ചെറിയ
പുരകളുടെ മോന്തായങ്ങൾ പരസ്പരം
ഉമ്മ വെച്ചുനിൽക്കുകയാണ്. വീടുകളി
ലേക്കുള്ള ചെറിയ വഴികളോരോന്നും തൂ
ത്തുവൃത്തിയാക്കിയിട്ടിരിക്കുന്നു. അടു
ത്ത വീടുകളിലെ ഓരോ തിണ്ണകളും പല
പ്രായത്തിലുള്ള ആതിഥേയരെക്കൊ
ണ്ടു നിറഞ്ഞു. എല്ലാവരിലും നിറഞ്ഞ
ചിരി. ബാബുവിന്റ വീട്ടിനകത്തെ പ്ലാസ്റ്റി
ക് കസേരകളിൽ അവന്റെ മകളുടെ കലാപ്രകടനത്തിന്റെ ശേഷിപ്പുകൾ. ചുവരിന്റെ ഏറിയ പങ്കും മറച്ചിരുന്നത് ഫോട്ടോകളായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്ക
ന്മാരുടെ ചിത്രങ്ങളുടെ അത്രയും പഴക്കം
നീല കോട്ടിട്ട അംബേദ്കറുടെ ചിത്രത്തി
നില്ല. ഏറ്റവും പുതിയതും വലുതുമായ
ചിത്രം ബാബുവിന്റേതാണ്. ഫോട്ടോകൾക്ക് താഴെ, മാറത്തിട്ട തോർത്തിൽ
കൈ തുടച്ചുകൊണ്ട് ബാബുവിന്റെ ഭാര്യ
മായ നിന്നു. ഞങ്ങളുടെ ചെറിയൊരു മൂളൽ പോലും ഹൃദയം തൊട്ട് സ്വീകരി
ക്കാൻ തയ്യാറായിനിൽക്കുന്ന ഭേദപ്പെട്ടൊരാൾക്കൂട്ടം കൊണ്ട് മുറിയും വരാന്തയും നിറഞ്ഞു. അതിനും മീതെയാണ് അവിടം മുഴുവൻ ബാബു നിറഞ്ഞുകവിയുന്നത്.

ബാബുവിന്റെ വീട്ടിലെത്തിയതു
മുതൽ അവർ തിരികെ പോകാൻ തിടു
ക്കം കൂട്ടുന്നത് എന്തിനെന്ന് എനിക്കോ
മാധവേട്ടനോ മനസ്സിലായതുമില്ല. ഒരു
കുഞ്ഞുടുപ്പും വലിച്ചുകയറ്റി, തല നിറയെ പൂക്കളും വച്ച് ഞങ്ങൾക്കടുത്തുവന്നുനിന്ന ബാബുവിന്റെ മകളെ അവർ
ശ്രദ്ധിച്ചതായി പോലും തോന്നിയില്ല. അവൾക്കായി അവർ വാങ്ങിയ സമ്മാന
ങ്ങൾ ഞാനാണ് അവൾക്ക് സമ്മാനിച്ചത്. മായയുടെ അന്വേഷണങ്ങൾക്ക് ഒറ്റവാക്കിൽ മറുപടി പറഞ്ഞ്, മായ കൊടു
ത്ത ചായ പോലും കുടിക്കാതെ അവിടെ
നിന്നിറങ്ങുമ്പോൾ അവരുടെ മുഖത്ത്
അസ്വസ്ഥത അതിരുകൾ ഭേദിക്കുംവ
ണ്ണം പ്രകടമായിരുന്നു.

”എന്തെ… ലക്ഷ്മീ… നിനക്ക് വല്ല
ബുദ്ധിമുട്ടുമുണ്ടോ?” എന്ന് മാധവേട്ടൻ
ആവർത്തിച്ച ് ചോദിക്കുന്നുണ്ടായിരു
ന്നു. മറുപടി പറയാതെ അവർ മുഖം ചുളിച്ചു. നെഞ്ച് അമർത്തിപ്പിടിച്ചു.

”ഒരു ഡോക് ടറെ കണ്ടിട്ട് വീട്ടിൽ
പോയാൽ മതി” ഞാൻ പറഞ്ഞു.

”ഞങ്ങൾ പൊയ്‌ക്കോളാം. വിന
യൻ വീട്ടിൽ പൊയ്‌ക്കോളൂ… അമ്മയെ
കാണണ്ടേ…”

മാധവേട്ടൻ അതു പറയുമ്പോൾ അവർ ‘വിനയനും പോരട്ടേ’ എന്നു പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ അവർ മുഖം ചുളിച്ച് കണ്ണടച്ച് കിടക്കുകയായിരുന്നു. തിരിച്ചുപോകുംവഴി ഞാൻ വീ
ട്ടിലിറങ്ങി. വൈകുന്നേരം മാധവേട്ടനെ
വിളിച്ചപ്പോൾ ‘പ്രത്യേകിച്ചൊന്നുമില്ല. ഒരു നെഞ്ചെരിച്ചൽ. ഒരുപക്ഷെ ലക്ഷ്മി
ആദ്യമായി ബാബുവിന്റെ വീട്ടിൽ പോയതിന്റെ മെന്റൽ ഇംപാക്റ്റ് ആവാം’ എന്ന്
ഡോക്ടർ പറഞ്ഞതായി മാധവേട്ടൻ പറയുകയും ചെയ്തു. അവരെക്കുറിച്ചോർ
ത്ത് ഞാൻ വേവലാതിപ്പെടുന്നതിന് ഇപ്പോൾ മറ്റൊരു കാരണം കൂടിയുണ്ടല്ലോ.

വളരെ അപ്രതീക്ഷിതമായിട്ടാണ്
ഞാനാ കുടുംബവുമായി അടുക്കുന്നത്.
പേരിന് സ്വകാര്യ ഇൻഷുറൻസ് കമ്പനി
യുടെ ഏജന്റായി, ആ പണിയൊഴിച്ച് കാശുണ്ടാക്കാൻ ഏതു പണിയും ചെയ്തുകൊണ്ടിരുന്ന ഘട്ടത്തിലാണ് ഞാനവരുടെ ഭർത്താവിനെ പരിചയപ്പെടുന്നത്. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സാമാന്യം നല്ല പോസ്റ്റിലിരുന്ന് വിരമിച്ച മനുഷ്യൻ. നിരന്തരമായി ശല്യംചെയ്യലുകൾ
ക്കു ശേഷമാണ് അയാൾ ഭാര്യയുടെ പേരിൽ വലിയൊരു തുകയുടെ പോളിസി
എടുത്തത്. അന്ന് വീട്ടിൽ വച്ച് ആദ്യപ്രീ
മിയം തരുമ്പോഴാണ് അവരെ ഞാനാദ്യ
മായി കാണുന്നത്. അമ്പതുവയസ് പ്രായമുള്ള വെളുത്തുതടിച്ച സ്ത്രീ. ഇരുനിറവും മെലിഞ്ഞുശോഷിച്ച ശരീരവും കഷണ്ടിയുമുള്ള മാധവൻ നമ്പ്യാർക്ക് അവരൊട്ടും തന്നെ ചേരില്ലെന്ന് ആദ്യദർശന
ത്തിൽതന്നെ എന്റെ ആൺമനസ്സുറപ്പി
ച്ചു. ഞാൻ കടന്നുചെന്നപ്പോൾ അവരാ
സെറ്റിയിൽ നിന്ന് ഒന്നെഴുന്നേൽക്കുകപോലും ചെയ്യാതെ ടിവി കാണുകയായി
രുന്നു. അവസാനം പോകാനെണീറ്റ
പ്പോൾ അവർ പെട്ടെന്നോർമ വന്നതുപോലെ ”ചായ വേണ്ടേ” എന്ന് ചിലമ്പി
ച്ച സ്വരത്തിൽ ചോദിച്ചു. വേണ്ട എന്നു പറഞ്ഞ് ഞാനവിടെ നിന്ന് പുറത്തുകടന്നു.

ചില കടലാസുകൾ ശരിയാക്കാനും മറ്റും
പിന്നെയും അവിടെ ചെല്ലേ ണ്ടിവന്നു.
വിചാരിച്ചത്ര അപകടകാരിയല്ല അവരെന്ന് എനിക്കും, വിശ്വസിക്കാൻ കൊള്ളാവുന്നവനാണ് ഞാനെന്ന് അവർക്കും
തോന്നാൻ തുടങ്ങിയതോടെയാണ് ഞ
ങ്ങൾ ഫോണിൽ സംസാരിക്കുന്നത്. അപ്പോഴാണ് സംസാരത്തിനിടയ്ക്ക് അവർ
ക്ക് വല്ലാതെ കിതപ്പുണ്ടാവുന്നത് എന്റെ
ശ്രദ്ധയിൽ പെട്ടത്. നേരിട്ട് കാണു
മ്പോൾ പലപ്പോഴും ഞാനവരുടെ സംസാരം ശ്രദ്ധിക്കാറില്ലായിരുന്നല്ലോ. അവരോടുള്ള എന്റെ കരുതൽ അവരെ
ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ഡോക്ടറെ കാണാൻ ഞാൻ നിരന്തരം നിർബന്ധിച്ചു. പിന്നെ കുറച്ചുകാലത്തേക്ക് അവരെക്കുറിച്ചുള്ള ഒരു വിവരവും എനിക്ക് കിട്ടിയില്ല.

ആയിടയ്ക്കാണ്
എന്റെ അച്ഛൻ മരിക്കുന്നത്. അതിന്റെ ച
ടങ്ങുകൾ. ഒരു കല്യാണം കഴിക്കുവാനുള്ള അമ്മയുടെ നിർബന്ധം. എല്ലാത്തി
നുമിടയിൽ ഞാനവരെ മറന്നേപോയിരുന്നു. പോളിസി പുതുക്കലിനായി മാധവേട്ടൻ വിളിച്ച് ഞാൻ ചെല്ലുമ്പോൾ എൺപതു ശതമാനവും തകർന്നുപോയൊരു
ഹൃദയവുമായി അവർ ആശുപത്രിയിൽ
മരണം കാത്തുകിടക്കുകയായിരുന്നു.

ഞാനവിടത്തെ നിരന്തര സന്ദർശകനായി. ഒരിക്കൽ അവരെ കണ്ട് തിരികെ വീ
ട്ടിലേക്ക് ബൈക്കോടിക്കുന്നൊരു വൈകുന്നേരമാണ് എന്റെ ഫോൺ നീട്ടിയടി
ച്ചത്. അവഗണിച്ചിട്ടും വിടാതെ പിന്തുടരുന്ന ശബ്ദത്തെ ശപിച്ചുകൊണ്ട് ഞാൻ
ബൈക്ക് നിർത്തി ഫോണെടുത്തു.

”എടാ… നമ്മുടെ ബാബു… ആക്‌സി
ഡന്റില് പെട്ടു…”

കരച്ചിലിന്റെ വക്കത്തുനിന്നാണ് സുനി സംസാരിച്ചത്. അവന് ശ്വാസം കിട്ടാ
ത്തതുപോലെ തോന്നി. അവ്യക്തമായ
ആ സ്വരത്തെ പിന്തുടർന്ന് ഞാനെത്തി
യത് വീണ്ടും ജില്ലാ ആശുപത്രിയിൽ. ഒരി
ക്കൽ അവനായിത്തന്നെ വേണ്ടെന്ന് വയ്ക്കാൻ ശ്രമിച്ച ജീവൻ ഇപ്പോഴവനെ ഉപേക്ഷിച്ചുപോകാൻ വെമ്പുകയായിരു
ന്നു. കവിളിൽ കണ്ണീരുണങ്ങിയ പാടുമായി മായ പുറത്തെ ബെഞ്ചിലിരിപ്പുണ്ട്.
മൂന്നുവയസു പ്രായം തോന്നിക്കുന്ന മകൾ അവിടെ ഓടിക്കളിക്കുന്നു.

”എടാ… പ്രതീക്ഷ വേണ്ടെന്നാ ഡോക്ടറ് പറയുന്നത്…”
ബാബുവിന്റെ ഭാര്യ കേൾക്കാതിരി
ക്കാൻ ആവുന്നത്ര ശബ്ദം താഴ്ത്തിപ്പറയുമ്പോൾ സുനി ശരിക്കും കരയുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും എനിക്ക് കര
ച്ചിൽ വന്നില്ല. ഇക്കാലം കൊണ്ട് ഞാനീആധുനിക സമൂഹത്തിൽ ജീവിക്കാൻ
അനുയോജ്യനായ ഒരുവനായി തീർന്നുകാണണം. എന്നിട്ടും ഇത്തിരിക്കണ്ണാടി
വട്ടത്തിലൂടെ ബാബുവിനെ നോക്കിയപ്പോൾ കാഴ്ചമറച്ചുകൊണ്ടുള്ള കണ്ണീരി
ന്റെ കുത്തൊഴുക്ക് താങ്ങാനാവാതെ
ഞാൻ തിരിഞ്ഞു. ഉരുണ്ടുപോയ ഓറഞ്ചിനു പിന്നാലെ ബാബുവിന്റെ മകൾ
ഓടിപ്പോയി. നടന്നുപോകുന്ന ആരുടെയോ കാലടിയിൽപ്പെട്ട് അത് ഉപയോഗി
ക്കാൻ പറ്റാത്തവിധം ചതഞ്ഞുപോയി.

ബാബു നിശ്ചലനാവുകയാണ്. ഓർമകളുടെ ഭാരവും പേറി അവന്റെ ഹൃദയം മാത്രം യന്ത്രസഹായത്തോടെ മിടിക്കുന്നുണ്ട്. മാധവൻനമ്പ്യാരുടെ ഭാര്യയെ ചൊല്ലി ഞാൻ വേവലാതിപ്പെട്ട മറ്റൊരു കാരണം അതായിരുന്നു. കാരണം ഇപ്പോൾ
അവർക്കുള്ളിൽ മിടിക്കുന്നത് എന്റെ ബാബുവിന്റെ ഹൃദയമാണല്ലോ. ഒരിക്കൽ…
ഒരിക്കൽ ആ ഹൃദയമിടിപ്പൊന്ന് കേൾ
ക്കണമെന്ന് ഞാനാഗ്രഹിച്ചു. എന്റെ ബാബുവിന്റെ ഹൃദയം എന്നെ തിരിച്ചറിയാതിരിക്കില്ല.

വിക്രമാ… ഇങ്ങനെ പരത്തിപ്പറ
ഞ്ഞാൽ നിനക്ക് മുഷിയും, എനിക്കറി
യാം. എങ്കിലും കഥയുടെ ചില വിശദാംശങ്ങൾ വളരെ പ്രധാനമാണ്. അതുകൊണ്ട് സദയം ക്ഷമിക്കുക. പിറ്റേന്ന് ഉണർ
ന്നത് ആവർത്തിച്ചടിക്കുന്ന ഫോൺറിംഗ് കേട്ടാണ്. ഇടറിയ സ്വരത്തിൽ മാധവേട്ടനാണ് അത് പറഞ്ഞത്.

”ലക്ഷ്മി പോയി”.

വിക്രമാ… ചിലപ്പോഴെനിക്ക് തോന്നിയിട്ടുണ്ട്. ആഴമേറിയ ജീവിതയാഥാർ
ത്ഥ്യങ്ങൾ ഏറ്റവും ലളിതമായും ചുരുക്കി
യും പറയുന്നതാണ് നന്ന്. അതുകൊണ്ട്
ഞാനീകഥ വേഗം പറഞ്ഞവസാനിപ്പി
ക്കാം. അവര് വെറുതെയങ്ങ് മരിച്ചതല്ല,
ആത്മഹത്യയായിരുന്നു. ലക്ഷ്മിയുടെ
അന്നത്തെ നെഞ്ചെരിച്ചിൽ ഒരു നീണ്ട
മൗനത്തിന് വഴിമാറി, പിന്നത് സ്വയംകൊലയ്ക്കും. കെട്ടിത്തൂങ്ങിയോ ഉറക്ക
ഗുളിക കഴിച്ചോ അല്ല കയ്യിലെ ഞരമ്പ്
മുറിച്ച്… എന്റെ ബാബുവിന്റെ ഹൃദയ
ത്തിലൂടൊഴുകുന്ന രക്തത്തെ മുഴുവൻ
അവർ തറയിലേക്കൊഴുക്കിക്കളഞ്ഞു! ര
ക്തം മുഴുവൻ വാർന്നുപോയ ആ മുഖം മ
ഞ്ഞു പോലെ വെളുത്തിരുന്നു!

വിക്രമാ… എന്റെ ബാബു മരിച്ചപ്പോൾ പോലും ഞാനിങ്ങനെ തകർന്നുപോയിരുന്നി
ല്ല. ബാബു മരിച്ചത് ഇപ്പോഴാണെന്നതു
പോലെ ഞാൻ തേങ്ങിക്കരഞ്ഞു. അല്ലെങ്കിൽ ജീവിതം മുഴുവനും അവൻ ഇഞ്ചി
ഞ്ചായി മരിക്കുകയായിരുന്നല്ലോ. അവസാനത്തെ ചോദ്യം ചോദിക്കാൻ അവനില്ലായിരുന്നു

വിക്രമാ… അവന് വേണ്ടി
അത് ഞാനാണ് ചോദിക്കുന്നത്. അ
തൊരു ചോദ്യമല്ല വിക്രമാ… ഒരായിരം
ചോദ്യങ്ങൾ.

ബാബു കൊടുത്ത ഹൃദയത്തിൽ നി
ന്ന് അവർ സ്വന്തം രക്തത്തെ ഊറ്റിയെടു
ത്തതെന്തിന്? വിക്രമാ… ഹൃദയം കൊണ്ടറിയുന്നവനാണ് മനുഷ്യനെങ്കിൽ അവരറിഞ്ഞ ബാബുവും അതറിയപ്പെട്ട
ഹൃദയവും ഒന്നായിരിക്കെ പിന്നെ എന്ത്
മെന്റൽ ഇംപാക്റ്റ് ആണ് ആ സ്ത്രീയെക്കൊണ്ട് സ്വയംകൊല ചെയ്യിച്ചത്?

വിക്രമാ… നീഎന്തിനാണ് എന്നെ
തോളിലേറ്റുന്നത്? എവിടേക്കാണ്
നീഎന്നെ കൊണ്ടുപോകുന്നത്? ബാറി
നു വെളിയിൽ എറിയാനാണോ… നീഏതു ചുടുകാട്ടിൽ കൊണ്ടെറിഞ്ഞുകള
ഞ്ഞാലും എന്നെപ്പോലുള്ള വേതാള
ങ്ങൾ ചോദ്യങ്ങളുമായി നിന്നെ പിന്തുടരും. ഓരോ ചോദ്യങ്ങളും ഓരോ അമ്പായി നിന്റെ തലച്ചോറിൽ തറയ്ക്കും. അ
ങ്ങനെ നീതല പൊട്ടിച്ചിതറി മരിക്കും.
എന്റെ ചോദ്യങ്ങൾ അപ്പോഴും അവശേഷിക്കും. കാരണം ചോദ്യങ്ങളാണ് വിക്രമാ… ഈ ലോകത്തെ മാറ്റിമറിച്ചത്. അ
ങ്ങനെയാണ് ചോദ്യങ്ങൾ അനാചാരങ്ങ
ളായതും.

അയിത്തക്കാർ വരുന്നു എന്നറിയിക്കാൻ
അവർണരും അയിത്തക്കാർ ദൂരെ മാറി
നിൽക്കാനായ് സവർണരും
പുറപ്പെടുവിക്കുന്ന ശബ്ദമാണ് ഒച്ചാട്ട്.

മൊബൈൽ: 773639934