മലയാളത്തിലെ ആധുനിക കവിതകളുടെ മധ്യാഹ്നത്തിൽതന്നെ
ഉത്തരാധുനികതയുടെ പുതുവഴികളെ ആവിഷ്കരിച്ച കവി
യാണ് കെ.ജി. ശങ്കരപ്പിള്ള. പ്രാദേശികാങ്കനങ്ങളുടെ സാധ്യതകൾ,
രാഷ്ട്രീയ ചരിത്ര ബോധ്യത്തിൽ നിന്നുയിർകൊള്ളുന്ന പുതുപാഠങ്ങൾ.
സംസ്കാരത്തിന്റെ പുനർപാരായണങ്ങൾ, കാവ്യ
ഘടനയിലും, ഭാഷയിലുമുള്ള പരീക്ഷണാത്മകതകൾ എന്നിങ്ങ
നെയുള്ള നിരവധി സവിശേഷതകളിലൂടെ പുതുഭാവുകത്വത്തി
ന്റെ സ്വരം കെ.ജി.എസ് കവിതകളിൽ വരച്ചിട്ടിരുന്നു. പെണ്ണെഴു
ത്തിന്റെ വൈവിധ്യത്തെ മലയാളത്തിലാദ്യമായി അവതരിപ്പിച്ച
‘പെൺവഴികൾ’ എന്ന കവിതാസമാഹാരത്തിന്റെ എഡിറ്ററായപ്പോഴും
സാവിത്രീ രാജീവന്റെ കവിതകൾക്ക് അവതാരിക എഴുതിയ
വേളയിലും ‘അയോദ്ധ്യ’ , ‘മാനിറച്ചി’ തുടങ്ങിയ കവിതകളെഴുതിയപ്പോഴും
സ്ത്രീപക്ഷത്തിന്റെ സാധ്യതകളെ തന്റെ എഴു
ത്തിൽ പ്രത്യക്ഷമാക്കിയ കവിയാണ് കെ.ജി. ശങ്കരപ്പിള്ള.
1970-കളിൽ തന്റെ രചനകളിൽ പ്രകടമാക്കിയ സ്ത്രീപക്ഷത്തിന്റെ കനൽ
തിളക്കങ്ങളിൽ നിന്നുണർന്ന അഗ്നിജ്വാലയുടെ ആവിഷ്കാരമാണ്
‘അമ്മമാർ’ എന്ന പുതുസമാഹാരം പ്രത്യക്ഷമാക്കുന്നത്.
അമ്മവിചാരങ്ങളുടെ കാവ്യാവിഷ്കാരങ്ങളാകുന്ന എട്ടു കവി
തകളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം. മലയാളസാഹിത്യ
വിമർശനത്തിലെ ശക്തമായ സ്ത്രീശബ്ദത്തിനുടമയായ ഡോ.
എം. ലീലാവതിക്കു സമർപ്പിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ ഗഹനമായ
അവതാരിക എഴുതിയിരിക്കുന്നതും ടീച്ചർതന്നെയാണ്.
‘ക്യൂവിൽ മുന്നൂറാമത്തവൾ അന്ന അഖ്മതോവ’ എന്ന ദീർഘകവിതയിലാരംഭിക്കുന്ന
സമാഹാരം. ”അമ്മ പോയാൽ വീടു കാടാവു”മെന്നു
തുടങ്ങുന്ന ‘ചിതയും ചിതറലു’മെന്ന കവിതയിലാണ്
അവസാനിക്കുന്നത്. റഷ്യൻ ആധുനിക കവികളിൽ പ്രമുഖയും
സ്റ്റാലിൻ ഭരണകൂടത്തിന്റെ വിമർശകയും പ്രതിരോധ ശബ്ദത്തി
ന്റെ പേരിൽ നിരന്തരം വേട്ടയാടപ്പെട്ടവളുമായ അന്ന അഖ്മതോവ,
തടവിലാക്കപ്പെട്ട മകൻ ‘ലെവ് ഗുമിൻയോവി’നെ കാണുവാൻ
തടവറയ്ക്കു മുമ്പിൽ ക്യൂവിൽ നിൽക്കുന്നതായി സങ്കല്പിച്ചുകൊ
ണ്ടാണ് ഈ നീണ്ട കവിത ആവിഷ്കരിച്ചിരിക്കുന്നത്. 22 ചെറു ഖണ്ഡങ്ങൾ
ഇണക്കിച്ചേർത്തിരിക്കുന്ന ഈ കവിത അന്ന അഖ്മതോവിന്റെ
അന്തർഗതങ്ങൾക്കൊപ്പം ഇഴപിരിയുന്ന റഷ്യൻ രാഷ്ട്രീയചരിത്രവും
ഭൂമിശാസ്ത്രവും ഭരണകൂടാധിപത്യത്തെ ചെ
റുത്ത നിരവധി കവികളെയും കലാകാരന്മാരെയും കുറിച്ചുള്ള സൂ
ചനകളും സ്റ്റാലിനിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം
ജ്വലിക്കുന്ന ‘ണെരഴധണബ’ എന്ന അഖ്മതോവയുടെ കവിതയും പാഠാ
ന്തരതയുടെ സൂക്ഷ്മസാധ്യതകളോടെ ആവിഷ്കരിക്കുന്നു. അടി
ക്കുറുപ്പുകളുടെ സഹായത്തോടെ വായിക്കേണ്ട ഈ കവിത കെ.
ജി.എസ്. കവിതകൾ എല്ലായ്പോഴും സൂക്ഷിച്ചിട്ടുള്ള ജ്ഞാനപരതയുടെ
വെളിച്ചത്തിന്റെ തുടർച്ചയെയാണ് കുറിക്കുന്നത്.
1970-കളിൽ ദൈർഘ്യം കുറഞ്ഞ കവിതകളിലൂടെ ഉത്തരാധുനിക കാവ്യഘടനയെ
ആവിഷ്കരിച്ച കെ.ജി.എസ്. ദീർഘമായ ആഖ്യാനാത്മക
കവിതയിലൂടെ കവിതയിലെ ഉത്തരോത്തരകാലത്തെ
അടയാളപ്പെടുത്തുന്നു. സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെയു
ള്ള പ്രതിഷേധത്തിന്റെ തീജ്വാലകളെ ആവിഷ്കരിക്കുന്ന ഈ കവിത
കഥപറയലിന്റെ ലളിതാഖ്യാന സാധ്യതകൾക്കപ്പുറത്തേ
യ്ക്കു വളരുന്ന ഗഹനപാഠങ്ങളെ ഉൾകൊള്ളുന്നു. വൈചാരികതയുടെയും
വൈകാരികതയുടെയും ഇഴകളാൽ നെയ്തതാണെ
ന്നതുകൊണ്ടുതന്നെ ഈ കവിത, അമ്മമാരുടെ വ്യഥകളെ ഉദാത്ത
വത്കരിക്കുന്ന പതിവു പാഠങ്ങളിൽ നിന്നു ഭിന്നമായി നിലകൊ
ള്ളുന്നു.
1933-ൽ 23-ാം വയസ്സിൽ ലെനിൻഗ്രാഡ് യൂണിവേഴ്സിറ്റിയിൽ
നരവംശശാസ്ത്ര വിദ്യാർത്ഥിയായിരുന്ന ലെവിനെ ആദ്യം അറ
സ്റ്റു ചെയ്ത രംഗം ഈ കവിതയിൽ വിവരിക്കുന്നുണ്ട്. ”നീ സാറി
സ്റ്റ് ഗുമുലേവിന്റെ മോൻ പീറക്കവി അഖ്മതോവയുടെ മകൻ. കല്ലുമഴ
പെയ്തു അറവു മനുഷ്യരെ കുത്തിനിറച്ച് ട്രക്കിലവനെ തൂ
ക്കിയെറിഞ്ഞു”. പിറവിക്കുറ്റത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്ന
സന്തതിപരമ്പരകൾക്കായി കെ.ജി.എസ്. കുറിക്കുന്ന വരികളാണിവ.
കവിയും ചിന്തകയും വിപ്ലവകാരിയും നീതിക്കുവേണ്ടിയുള്ള
ശബ്ദത്തിനുടമയുമായ അഖ്മതോവിന്റെ ദൃഢസ്വരത്തോടൊപ്പം
നിരന്തരം ആർദ്രമായിപ്പോകുന്ന അമ്മമനസ്സിന്റെ ആവിഷ്കാരവും
ഈ കവിതയിൽ ഇടകലർന്നുവരുന്നു. ”സങ്കല്പിച്ചു ഞാൻ മുറുക്കിപ്പിടിച്ച
കുഞ്ഞുവിരകൾക്കുള്ളിൽ വിജയങ്ങളുടെ കൊടി” എ
ന്ന പ്രതീക്ഷയും ”മോനെ കാണാതെരിയും കണ്ണിൽ ഓരോ പൂവും
ചോരപ്പൂവ്” എന്ന തീവ്രവ്യഥയും ”കുനിഞ്ഞുനിന്ന് കേൾക്കുമായിരുന്ന
കുഞ്ഞു ലെവിൻ ഉറുമ്പുകളുടെ ഭാഷ” എന്ന വിസ്മയക്കാഴ്ചകളും,
മാതൃഹൃദയത്തിന്റെ ഓർമകളെ ചിന്തകളായി ആവിഷ്കരിക്കുന്നു.
പേരക്കുട്ടിയെ കാണുവാനായി ക്യൂവിൽ നിൽ
ക്കുന്ന അമ്മൂമ്മയുമായുള്ള സംഭാഷണവും, അടക്കിപ്പിടിച്ച ദു:ഖ
ത്തിന്റെ ആവിഷ്കാരങ്ങളാണ്. ഏതു വാതിലും തുറന്നു തരുന്ന
പ്രാർത്ഥനയെന്ന താക്കോൽക്കൂട്ടത്തിന്റെ ശക്തിയെക്കുറിച്ച് അ
മ്മൂമ്മ, ആന്യാ എന്ന് സ്നേഹപൂർവം വിളിച്ചുകൊണ്ട് മൊഴിയു
ന്നു. ”പ്രാർത്ഥനയിൽ കാണാറുണ്ട് ഞാനെന്റെ കൊച്ചുമോൻ ഗ്രി
ഗറിയെ ആസ്ത്മക്കാരനെ അച്ഛനമ്മമാർ കൊല്ലപ്പെട്ടോനെ” എ
ന്ന് അമ്മൂമ്മ പേരക്കുട്ടിയെക്കുറിച്ചോർക്കുന്നു.
ലെവിന്റപ്പൻ എന്ന കവിതാഭാഗം വേദനയുടെ മരുപ്പറമ്പിൽ
ഊഴം കാത്തുനിൽക്കുമ്പോൾ ഉള്ളിലുണരുന്ന പ്രണയവേവുകളെ
അടയാളപ്പെടുത്തുന്നു. ”അകന്നാലും മറന്നില്ല ഞാനൊന്നും
കെട്ടില്ല പ്രണയവേരിലെ പച്ച” എന്നും ”പണ്ട് ഞാൻ ഉമ്മ നട്ടിരു
ന്ന ഉടലല്ലേ” എന്നുമെഴുതിക്കൊണ്ട് ക്യൂവിൽ നിൽക്കുന്നതു മറ്റാരോ
ആണെന്നും ക്രൂരമായി കൊല ചെയ്യപ്പെട്ടയാൾ ഒരിക്കലും ഉയർത്തെഴുന്നേൽക്കില്ലെന്നും
തിരിച്ചറിയുന്നു. ”എരിയുന്ന നെറ്റി
ഉഴിയുന്ന കാണാക്കൈ, സഹനങ്ങളുടെ മറിയ” എന്നു പീഡാനുഭവങ്ങളുടെ
ആഴക്കടലിൽ വീണുപോയ മറീനാ സ്വത്വേവയെ വി
ശേഷിപ്പിക്കുന്നത് ഹൃദയഭേദകമായ ഭാഷയിലാണ്.
”എഴുതാമോ ഇതെല്ലാം? തിരിഞ്ഞു നോക്കി: ചോദിച്ചത് ഒരമ്മയല്ല, മഞ്ഞിൽ
അനക്കമറ്റു നിൽക്കുന്ന അമ്മമാരുടെ മഹാനദി” എന്ന വരികൾ
ലോകമെമ്പാടുമുള്ള അമ്മമാരുടെ വിലാപങ്ങളെ ആവിഷ്കരിക്കു
ന്ന സ്വരമായി മാറുന്നു. അറവു മനുഷ്യരെ നിറച്ച ട്രക്കിൽ ”ഒന്നും
ലെവിനല്ലെന്നു തോന്നി, എല്ലാം ലെവിനെന്നും തോന്നി” എന്ന
അവസാനഭാഗത്തെ വരികൾ ഭരണകൂടത്തിന്റെ അനീതികൾക്കെ
തിരെ പോരാടിയ എല്ലാ വിപ്ലവകാരികളെയും കുറിച്ചുള്ള അമ്മ
മാരുടെ വിലാപത്തെ ഉൾക്കൊള്ളുന്നു. ഒരാൾ മറ്റൊരാളെക്കുറിച്ചെ
ഴുതുന്ന കവിത എന്നതിലുപരി അന്ന അഖ്മതോവ എന്ന കവി
നേരിട്ടു സംസാരിക്കുന്നതായി അനുഭവപ്പെടുത്തുന്നു എന്നതാണ്
ഈ കവിതയുടെ സവിശേഷത. അനുഭവ സഞ്ചയത്തിന്റെ ലയം
ഈ കവിത അത്രമേൽ സൂക്ഷ്മമായി സംവേദനം ചെയ്തിരിക്കുന്നു.
ലോകമെമ്പാടുമുള്ള അമ്മമാരുടെ ദു:ഖത്തെ അന്ന അഖ്മതോ
വിലൂടെ അവതരിപ്പിക്കുന്ന നീണ്ട കവിതയോടൊപ്പം വരുന്ന ഈ
സമാഹാരത്തിലെ മറ്റു കവിതകളും അമ്മമാരുടെ നിലവിളികളുടെ
ഗാഥകളാണ്. ‘നെറ്റി’യെന്ന കവിതയിൽ അമ്മമാരുടെ നെറ്റി
യിൽ വരച്ചിട്ട വേദനയുടെയും സഹനത്തിന്റെയും രേഖകളാണു
ള്ളത്. ”നെൽകൃഷിയുണ്ടായിരുന്ന കാലത്ത് ഉഴലുചാലുകൾ അ
മ്മയുടെ നെറ്റിയിൽ” എന്നാരംഭിക്കുന്ന ഈ കവിത അമ്മയിൽ മ
ണ്ണിനെ കാണുന്ന കവിത കൂടിയാണ്. ‘താമസ’മെന്ന കവിതയി
ൽ പടക്ക ഫാക്ടറിക്കു തീപിടിച്ച് ബന്ധുക്കളെല്ലാം മരിച്ചുപോയ
അമ്മൂമ്മയെ, അനാഥമായി കിടന്ന വീട്ടിൽ താമസിപ്പിക്കുന്ന പ
ഞ്ചായത്തു മെംബറുടെ കുതന്ത്രമാണുള്ളത്. ആൾതാമസമില്ലാ
ത്ത വീട്ടിൽ പാർപ്പുറപ്പിച്ച പാമ്പിനെ കണ്ട് സന്തോഷിക്കുന്ന ക്രൂരബുദ്ധിയാണ്
ജനസേവകനുള്ളത്. അമ്മൂമ്മയേല്പിച്ച പൊന്നും
പണവും കൈക്കലാക്കാമെന്ന വ്യാമോഹമാണ് മെംബറുടെ മന
സ്സിൽ ആഹ്ലാദമുണ്ടാക്കുന്നത്. പിന്നീട് ജെ.സി.ബി. പിഴുതെറി
ഞ്ഞ ആരോരുമില്ലാത്ത കുടിലുകളിലെ ചിലരെക്കൂട്ടി മെംബർ വരുമ്പോൾ
അമ്മൂമ്മ പാമ്പിനെ പരിചരിച്ചു ജീവിക്കുന്നതായി കവി
ത പറയുന്നു. പാമ്പിനെ പൂജിക്കുന്ന സ്ത്രീകളുടെ നാട്ടിലെ അമ്മ
ദൈവവഴിയെ അറിയുന്നതിനോടൊപ്പം മനുഷ്യചിത്തത്തേക്കാൾ
മഹത്വം പ്രാണിചിത്തത്തിനുണ്ടെന്ന പ്രകൃതിപാഠവും, ‘കൊച്ചി
യിലെ വൃക്ഷങ്ങളു’ടെ കവി കുറിച്ചു വയ്ക്കുന്നുണ്ട്.
‘ചോദ്യക്കോല’ത്തിൽ മകന്റെ കുറ്റകൃത്യത്തിന്റെ പേരിൽ ചോദ്യങ്ങളാൽ
വേട്ടയാടപ്പെടുന്ന അമ്മയുടെ ഏകാന്ത ജീവിതമാണു
ള്ളത്. നിലയ്ക്കാത്ത ചോദ്യങ്ങളുടെ ഒടുവിൽ അമ്മ തിരിച്ചറിയു
ന്ന വസ്തുത അവനു നീതി ലഭിച്ചില്ലെന്നതാണ്. പതിനായിരം
ബുദ്ധന്മാരുടെ ക്ഷേത്രത്തെ ശക്തമായ ബിംബമായി ഈ കവിത
ഇണക്കിച്ചേർത്തിരിക്കുന്നു. ”തീരാദു:ഖം ഉത്തരമല്ല, മാഡം അതെഴുതാൻ
സർക്കാർ കോളവുമില്ല” എന്നാണ് അമ്മയുടെ ദു:ഖ
ത്തിനു നീതിന്യായ വ്യവ്സഥ നൽകുന്ന വ്യാഖ്യാനം. അടുക്കള
പ്പുറത്തിരുന്നു തേച്ചുമെഴുക്കുന്ന മാതു, തേങ്ങ തലയിൽ വീണു മരിക്കുന്ന
സംഭവവും മാതുവിന്റെ മകൾ മാളുവിന്റെ തോരാക്കണ്ണീ
രുമാണ് ‘മാതു’വെന്ന കവിതയ്ക്കു വിഷയം. ”ആർക്കും ചതിക്കാവുന്നവളെ
തെങ്ങു ചതിച്ചല്ലോ മാതാവേ” എന്ന വല്യമ്മച്ചിയുടെ
നിലവിളിയിൽ കവിതയുടെ സാരം ഉൾച്ചേർന്നിട്ടുണ്ട്.
ഉണ്ണിയാർച്ചയിൽ നിന്ന്, കമ്പോള സംസ്കാരത്തിന്റെ താള
ത്തിൽ ബഹുവിധ വേഷമാടേണ്ടിവരുന്ന പുതുകാല ആർച്ചയുടെ
ജീവിതത്തിന്റെ രൂപാന്തരീകരണത്തെ ആവിഷ്കരിക്കുന്ന കവി
തയാണ് ‘ആർച്ച’. ബാംഗ്ലൂരിൽ ഐ.ടി. ഉദ്യോഗസ്ഥയായ കടത്ത
നാട്ടുകാരി ആർച്ച, തന്റെ കൈകൾ ചീർത്ത് രണ്ടു തുമ്പിക്കൈകളായി
മാറിയതായി തിരിച്ചറിയുന്നതിന്റെ വേവലാതികളാണ് ആർ
ച്ചയിലുള്ളത്. ഇരട്ട ജീവിതത്തിന്റെയും വേഷപ്പകർച്ചയുടെയും വി
പണിവൽകൃത ലോകത്തിന്റെയും മധ്യത്തിൽ പകച്ചുപോകുന്ന
പെൺ ജീവിതത്തിന്റെ, വ്യവച്ഛേദിക്കാനാവാത്തവണ്ണം അടരുകളായി
മാറുന്ന ജീവിത സങ്കീർണതയെ ഈ കവിത ഭ്രമാത്മക ചി
ത്രത്തിന്റെ സഹായത്തോടെ സൂക്ഷ്മമായി കോറിയിടുന്നു.
‘ചിതയും ചിതറലു’മെന്ന കവിത അമ്മയെന്ന ഉണ്മ ഇല്ലാതാകുമ്പോൾ
കാടാവുന്ന വീടിനെ വരച്ചു ചേർക്കുന്നു. ”അമ്മ മരിച്ച
വീട്ടിൽ തെളിയും ഒരു വിളി, ശാസന, നിറകണ്ണ്, അലയരുതേ മുടി
യരുതേ എന്നൊരു തേങ്ങലും” എന്ന വരിയിലൂടെ തീക്ഷ്ണ നഷ്ടത്തെ
രക്താങ്കിതങ്ങളാക്കിക്കൊണ്ട് ‘അമ്മമാർ’ എന്ന സമാഹാരം
അവസാനിക്കുന്നു.
ജീവന്റെയും മനുഷ്യത്വത്തിന്റെയും നീതിയുടെയും നിലനില്പി
നായി പൊരുതുന്ന അമ്മമാരുടെ കദനപെരുങ്കടലുകളെയാണ് കെ.
ജി.എസ് ‘അമ്മമാർ’ എന്ന സമാഹാരത്തിൽ ഉൾച്ചേർക്കുന്നത്.
പുരുഷനായ കവിക്ക് അമ്മമനസ്സിനെ വരയ്ക്കാവുന്നതിനേക്കാൾ
തീവ്രതരമായ അനുഭവാവിഷ്കാരങ്ങളാണ് ഈ സമാഹാരത്തി
ലെ ഓരോ താളുകളിലും മുദ്രണം ചെയ്തിരിക്കുന്നത്.
“”Already madness, with its wing
Covers a half of my heart, restless
Gives me the flaming wine to drink
And draws into the vale of blackness”
Anna Akhmatova
Requiem