ഇന്നലെ രാത്രി സ്വപ്നത്തിൽ എന്നെയാരോ വിളിച്ചത് സെൻ ഷാ എന്നാണ് ഇടത്ത് ഇബ് സെൻ വലത്ത് ബർണാഡ് ഷാ സെൻ + ഷാ = സെൻ ഷാ. ഒരു ഫ്രഞ്ച് താടിക്കാരൻ വിളിയോട് വിളി.
മമ്മദ് മാപ്ല സുനിൽ ശർമ വീരേന്ദ പട്ടേൽ സിവിൽ എബ്രഹാം ഇവരൊക്കെ പേരിൽ കുടുങ്ങുമ്പോൾ എടങ്ങാറില്ലാത്തൊരു അടയാളം കിട്ടി ഞാൻ ബലൂൺ പറത്തി.
വായിച്ചു കേൾക്കുന്നതെല്ലാം ഭീതി കാണുന്നതെല്ലാം ചോര മയം വയറ്റിൽ വിശപ്പ് കാളുമ്പോൾ കൈയിൽ കിട്ടിയത് ബിരിയാണി.
ഒറ്റക്കാലിൽ നിൽക്കുന്ന ഒട്ടകം എന്നോട് ചോദിച്ചു: ആട്, കോഴി, പോത്ത്, മീൻ, താറാവ് ഏതിഷ്ടം. എടാ,പച്ചക്കറി മോനേ അത് വെച്ചും ബിരിയാണിയുണ്ട് വെജിറ്റബിൾ ബിരിയാണി.
ഷാജി ഹനീഫ് ചൈനയിൽ പോയപ്പോൾ വിളിയോട് വിളി ഏട്ടാ, ഇന്നത്തെ അതിഥി ഭക്ഷണം ഓന്ത് ചിരിച്ചു കിടക്കുന്നു.
ചെല്ലുന്നിടത്ത് അവിടത്തെ ഭക്ഷണം അത് ആഗോള ഭക്ഷണ ഭാഷ. ആഫ്രിക്കക്കാരിയെ തൃശൂര് കൊണ്ടു വന്നാൽ എന്ത് പേരിടും!
ശ്രീലങ്കൻ പെൺകുട്ടി വടകര വന്നപ്പോൾ പുതിയ പേരിറങ്ങി “നഗരത്തിലെ പുലി’ എല്ലാവരും ഓട്ടത്തോട് ഓട്ടം അഞ്ചു വിളക്ക്, ടൗൺഹാൾ, പച്ചക്കറിച്ചന്ത, അടക്കാത്തെരു , പുഞ്ചിരി മിൽ ജനസമുദ്രം ട്രാഫിക് ബ്ലോക്കായി നോക്കി നിൽക്കെ തുറന്ന പോലീസ് വാനിൽ അവളെത്തി നോക്കണേ പേരിന്റെ പുലിവാല്.
ഒപ്പം പഠിച്ച ചങ്ങാതിക്ക് അച്ഛൻ സ്റ്റാലിൻ എ ന്ന് പേരിട്ടപ്പോൾ കോളേജിൽ അവൻ സഹിച്ച കുത്തുവാക്കിന് കണക്കില്ല. മറിയം എന്നു പേരുള്ള ഹൗസ് മെയിഡ് തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ദുബായിക്ക് പോകുമ്പോൾ നില്ല്, നീയാണോ ചാരക്കേസ്സിലെ മറിയം എന്ന് ഉദ്യോഗസ്ഥൻ. അവൾക്കറിയുന്നത് ചാരായം പിന്നെയല്ലേ ചാരക്കേസ്സ്.
ചില പേര്, നാട് ആളുകളെ എടങ്ങാറിലാക്കും ചേപ്രത്തരം കൊണ്ട് പറയുന്നില്ലന്നേയുള്ളൂ. വേശ്യ കൗസുവിന് അറിയില്ലല്ലോ സെക്സ് വർക്കർ എന്ന ഉന്നത പദവി. എന്നിട്ടും പേര് പറഞ്ഞ് സുഖം വളി വിട്ട സുന്ദര സുഖം.
പുലയൻ നാണു മതം മാറി സക്കറിയ ആയത് തീയൻ കണാരൻ ഇബ്രായി എന്നഭിമാനിച്ചത് പേരിന്റെ എടങ്ങാറ് തീർക്കാനാണല്ലോ.
പേര് കേൾക്കുമ്പോൾ മുണ്ട് പൊക്കി നോക്കല്ലേ അതൊരു വംശക്കെറുവാണ്. അകം പുറം ഇല്ലാത്ത ചോര എത്ര വേവിച്ചാലും ചരിത്രം വേവില്ല.
കടലിനൊരു സത്യമുണ്ട് രക്തം വീണാൽ സ്രാവുകൾ മണത്തെത്തും രക്തO വീഴ്ത്തല്ലേ എന്ത് പേര് പറഞ്ഞാലും സ്രാവുകൾ കൂട്ടത്തോടെ വളഞ്ഞു നില്ക്കും