കാക്ക

സാജോ പനയംകോട്

കുടത്തിലേയ്ക്ക്
പേ പിടിച്ച ദിവാസ്വപ്നങ്ങൾ
െപറുക്കിയിട്ട് ഒരു
നട്ടുച്ചയുടെ നക്ഷത്രം തിരയുകയാണ്
കാക്ക

എല്ലാം
ദഹിപ്പിക്കുന്ന കുടം
നിറയുന്നേയില്ല.

മൗനം കുടിച്ച്
കത്തിത്തളർന്ന തൊണ്ടയിൽ
ദാഹത്തിന്റെ പെരുംകടൽ

സ്വപ്നത്തിന്റെ
ഒരു കണ്ണിൽ നിന്ന്
ഒരമാവാസി ചികഞ്ഞ് ചികഞ്ഞ്
വെളുപ്പിക്കുന്നു കാക്ക

മറ്റേ കണ്ണിൽ
കണ്ണീരിൽ കുളിച്ച്
വെളുക്കുന്നു കാക്ക

അടുക്കളത്തിണ്ണയിൽ
പൊള്ളിവീർത്ത നിഴലുകളെ
കൊത്തിയെറിഞ്ഞ്
വറുത്ത മനസ്സിന്റെ
ഉച്ഛിഷ്ടം തിന്ന്
പകലിന്റെ വ്രണങ്ങളിൽ
കാക്ക കരയുന്നു.

ഇപ്പോൾ ആരോ
കുളിക്കടവിൽ മറന്നു വച്ച ഹൃദയം
കാക്ക
പാമ്പിൻമാളത്തിലേക്ക്
കൊണ്ടുപോകുന്നു.