കൃഷ്ണകുമാർ മാപ്രാണം: ഓർമ്മകളുടെ വീണ്ടെടുപ്പ്

വി.യു. സുരേന്ദ്രൻ

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ ജീവിതത്തിന്റെ ഉത്കണ്ഠകളെയും സന്ദിഗ്ദ്ധതകളെയും ഏറ്റവും സൂക്ഷ്മവും ലളിതവുമായി ആഖ്യാനം ചെയ്യുന്ന കവിയാണ് കൃഷ്ണകുമാർ മാപ്രാണം. വർത്തമാന ജീവിതത്തിലും പുതുകവിതയിലുമെല്ലാം അനുഭവപ്പെട്ടുക്കൊണ്ടിരിക്കുന്ന സമകാലികമായ യാഥാർത്ഥ്യങ്ങളെ തികഞ്ഞ അവധാനതയോടെ ഈ കവി വിശകലനം ചെയ്യുന്നു.

ജീവിതത്തിന്റെ സമസ്ത മേഖലകളിലെ പ്രതിസന്ധികളുടെയും സങ്കീർണതകളുടെയും പൊരുളുകൾ തേടിയുള്ള സർഗാന്വേഷണമാണ് കൃഷ്ണകുമാറിന്റെ കവിതകൾ. സാമൂഹ്യജീവിതത്തിലെ നെറികേടുകൾ, കാപട്യങ്ങൾ, അധാർമികതകൾ, ജഡത, മൂല്യശോഷണങ്ങൾ, നമ്മുടെ മണ്ണിനും പരിസ്ഥിതിക്കും സംഭവിച്ച നാശങ്ങൾ എല്ലാം ഈ കവിതകൾ ചോദ്യം ചെയ്യന്നു. സാമൂഹ്യജാഗ്രത ഈ കവിതകളുടെ ലാവണ്യാനുഭവത്തെ നിർണയിക്കുന്നഒരു പ്രധാന ഘടകമാണ്.

മനുഷ്യത്വം മരവിച്ചാൽ പിശാചുക്കളായി മാറുന്ന വർത്തമാനകാലത്തിന്റെ സത്യാവിഷ്‌കാരമാണ് ‘ഉറങ്ങാത്ത രാത്രികൾ’ എന്ന കവിത. കിടക്കാൻ ഒരു സെന്റ് ഭൂമിയോ ചെറ്റക്കുടിലോ ഇല്ലാ
ത്തവർ കടത്തിണ്ണകളിലും പാതയോരങ്ങളിലും അന്തിയുറങ്ങുക പതിവാണ്. വൃദ്ധരും രോഗികളും അനാഥരുമായ സ്ത്രീയാചകർ രാത്രികളിൽ നിരന്തരം പീഡിപ്പിക്കപ്പെടുന്നു. അമ്മയിൽ നിന്നും പറിച്ചെടുക്കപ്പെടുന്ന തെരുവിലെ ബാലികമാരെ മൃഗീയമായി കാമപിശാചുക്കൾ പീഡിപ്പിക്കപ്പെടുന്നതിന്റെ വാർത്തകൾ നാം എന്നും പത്രങ്ങളിൽ വായിക്കുന്നതാണ്. കടത്തിണ്ണകളിലും പാതയോരത്തുമായി അന്തിയുറങ്ങാനെത്തുന്ന ഒരു അമ്മയുടെ ആശങ്കകളാണ് ഈ കവിത.

കഴിഞ്ഞ രാത്രികളില
ലറുന്ന പിശാചുക്കൾ
കിടിലം കൊള്ളിച്ചുകൊ
ണ്ടുറഞ്ഞു തുള്ളിടുന്നു
ഉറങ്ങിക്കിടക്കവേ
യെടുത്തുമറയുന്നു
ഉണർന്നു നോക്കവേ
യെവിടെ പൊന്നോമന
കാമവെറി പൂണ്ട
നികൃഷ്ടജീവികൾ
കുഞ്ഞുദേഹത്തെ
ചീന്തിയെറിയുന്നു
എങ്ങിനെയുറങ്ങീടും
ഞാനിരാത്രിയെങ്കിൽ
എവിടെ ഞാനെന്റെ
കുഞ്ഞിനെയൊളിപ്പിക്കും (ഉറങ്ങാത്ത രാത്രികൾ).

സമൂഹത്തിൽ മാന്യതയോടെ ജീവിക്കുവാൻ മാർഗമില്ലാത്ത അമ്മമാരുടെ അനുഭവ കാഴ്ചയാണ് ‘നക്ഷത്രങ്ങളില്ലാത്ത ആകാശം’. പെൺകുഞ്ഞുങ്ങളെ തനിച്ചാക്കി ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാത്ത ഒരു അമ്മ മക്കളെയും ആത്മഹത്യയിലേക്ക് ക്ഷണിക്കുകയാണ്. അത്താഴത്തിൽ വിഷം കലർത്തി കൂട്ടാത്മഹത്യ ചെയ്യാൻ തീർച്ചയാക്കിയെങ്കിലും ആ അമ്മയെ മരണം വിളിച്ചില്ല. മക്കളും ജീവിതവും എല്ലാം നഷ്ടപ്പെട്ട് ജയിലിൽ ശിക്ഷയനുഭവിച്ചു തീർക്കുന്ന ഈ അമ്മ വർത്തമാന കേരളീയ ജീവിതത്തിന്റെ ഒരു നേർക്കാഴ്ചയാണ്.

വർത്തമാനകാല സമൂഹത്തിന്റെ നാനാവിധത്തിലുള്ള സങ്കീർണതകളെയും സംഘർഷങ്ങളെയും ജൈവീകമായ ഭാഷയിൽ ആഖ്യാനം ചെയ്യുന്നു എന്നതാണ് കൃഷ്ണകുമാറിന്റെ കവിതകളുടെ സവിശേഷത. തന്റെ കർമമണ്ഡലം കവിതയാണെന്നു തിരിച്ചറിഞ്ഞ കൃഷ്ണകുമാർ ജീവിതാനുഭവങ്ങളോടും പ്രതിസന്ധികളോടും അത്രമേൽ സത്യസന്ധത പുലർത്തുന്നു. സമൂഹത്തിന്റെ ആന്തരിക ചലനങ്ങളെയും സൂക്ഷ്മഭാവങ്ങളെയും ഈ കവിതകൾ കൃത്യമായി അടയാളപ്പെടുത്തുന്നു.

എല്ലാവരും ഇന്ന് സ്വന്തം മുഖം മറയ്ക്കാൻ മുഖംമുടികൾ തേടുകയാണ്. ഓരോ സമയത്തും ഓരോ മുഖഭാവവുമായി സന്ദർഭത്തിനനുസരിച്ച് മുഖംമുടികൾ അണിയുന്നവരുടെ കാലത്ത് മനുഷ്യന്റെ യഥാർത്ഥ മുഖം ആരും ഇന്ന് തിരിച്ചറിയുന്നില്ല. മുഖംമുടിയില്ലാത്തവർക്ക് നിലനില്പില്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്.

യഥാർത്ഥ മുഖമൊളിപ്പിക്കാൻ
മുഖംമുടികൾ അണിയേണ്ടതുണ്ട്
ഇപ്പോൾ
ഇതൊരു ആവശ്യവസ്തുവായി തീർന്നിരിക്കുന്നു
ഞാനും വരിയിൽ നിൽക്കേണ്ടിവരും
ഒരു മുഖം
എപ്പോഴെങ്കിലും
എനിക്കും ഒളിപ്പിക്കേണ്ടി വന്നാലോ(മുഖം മുടികൾ).

മുഖം നഷ്ടപ്പെട്ടുപോയ വർത്തമാന കാലത്തിന്റെ വിചാരണയാണ് മുഖംമുടികൾ. ‘നിരത്ത്’, ‘മൂല്യം’, ‘അരുതരുത്’ തുടങ്ങിയവയെല്ലാം വ്യത്യസ്തങ്ങളായ സാമൂഹ്യാനുഭവങ്ങളുടെ നേരാവി
ഷ്‌കാരങ്ങളാണ്. ‘പുഴയും തോണിയും’, ‘കനൽ’ തുടങ്ങിയ കവിതകൾ പാരിസ്ഥിതിക ദുരന്തങ്ങളെ പ്രശ്‌നവത്കരിക്കുന്നു. ഫേസ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ നവസാമൂഹ്യ മാധ്യമങ്ങൾക്ക് അടിമകളായിത്തീരുന്ന പുതിയ തലമുറയുടെ അവസ്ഥകൾക്ക് നേരെ പിടിക്കുന്ന കണ്ണാടിയാണ് ‘വലയിൽ പിടയുന്ന മീനുകൾ’ എന്ന കവിത. രാഷ്ട്രീയ/സാമൂഹ്യ ജീവിതത്തോടും സ്വന്തം ചുറ്റുപാടുകളോടും യാതൊരു താത്പര്യവുമില്ലാത്ത അരാഷ്ട്രീയ ജീവികളാണ് പുതിയ തലമുറ.

ഉണ്ടില്ലേലു മുറങ്ങില്ലേലും
ഉലകം കീഴെ മറിഞ്ഞാലും
ഉണ്ണാൻ നേര മുറങ്ങാൻന്നേരം
ഉണ്ടതു കയ്യിൽ കൂട്ടായി
പരിസര ചിന്തകളൊക്കെ മറന്ന്
പലരും സ്വയമൊരുമതിലായി
പാരിൽ വേണ്ടതു ചെയ്യാതങ്ങനെ പാവകളായി മാറുന്നു (വലയിൽ പിടയുന്ന മീനുകൾ).

‘വലയിൽ പിടന്നു മീനുകൾ’ എന്ന കവിതയോട് ചേർത്തുവായിക്കേണ്ട മറ്റൊരു ന്യൂജനറേഷൻ കാലത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള എഴുത്താണ് ‘ഒന്നിനും നേരമില്ലല്ലോ, സഖേ’ എന്ന കവിത. ഓർമകൾ പുതുക്കുവാനോ, ബന്ധങ്ങൾ നിലനിർത്തുവാനോ, സ്വപ്‌നങ്ങൾ കാണുവാനോ അച്ഛനമ്മമാരോടും സുഹൃത്തുക്കളോടും ഹൃദയം തുറന്നു സംസാരിക്കുവാനോ നേരമില്ലാത്ത പുതിയ തലമുറ തിരക്കിൽെപ്പട്ട് പായുകയാണ്. തല കുമ്പിട്ടു സ്മാർട് ഫോണുകളിൽ ചാറ്റുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്ത് വിവിധതരം കളികൾ കണ്ടു രസിക്കുന്നവർക്ക് ഒന്നു ചിരിക്കുവാനോ ഒന്നിച്ചിരിക്കുവാനോ സമയമില്ല.

രാവിലെയുച്ചയ്ക്ക് വൈകീട്ടു രാത്രിയും
വാട്‌സ്പ്പിലേറന്നു ചാറ്റിടേണം
എഫ്ബിയിൽ ട്വിറ്ററിൽ
സ്റ്റാറ്റസ് അപ്‌ഡേറ്റു
ചെയ്തില്ലെലെന്തോ കുറവുപോലെ (ഒന്നിനും നേരമില്ലല്ലോ സഖേ).

ഇന്ന് പലരും ആത്മാർത്ഥമായി ചിരിക്കാൻ പോലും മറന്നുപോയിരിക്കുന്നു. എവിടെയും കാപട്യത്തിന്റെ/ചതിയുടെ വിഷലിപ്ത ചിരികൾ മാത്രം. ഇലക്‌ട്രോണിക് മാധ്യമങ്ങൾക്കും നവസാമൂഹ്യ മാധ്യമങ്ങൾക്കും അടിമപ്പെട്ടുപോകുന്നവരുടെ തലമുറയെ വാർത്തെടുക്കാനാണ് ഇന്നു ബഹുരാഷ്ട്രകുത്തകകളും കമ്പോള മുതലാളിത്തവും ആഗ്രഹിക്കുന്നത്. ഒന്നു സ്‌നേഹിക്കുവാൻ നേരമുണ്ടോ എന്ന് ആകുലപ്പെടുന്ന ഈ കവിത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിതമൂല്യങ്ങൾ തിരിച്ചുപിടിക്കുന്നതിനുവേണ്ടി ശക്തമായ രാഷ്ട്രീയ/സാമൂഹ്യ ജാഗ്രത ഉല്പാദിപ്പിക്കുന്ന കവിതയാണ്. നമ്മെ മരപ്പാവകളും പ്രതിമകളുമാക്കി മാറ്റുന്ന നവകൊളോണിയൽ പ്രത്യയശാസ്ത്രങ്ങൾക്കെതിരെയുള്ള ചെറുത്തുനില്പാണ് സാമൂഹ്യ ഉത്കണ്ഠകൾക്ക് ആവിഷ്‌കാര രൂപം നൽകുന്ന കൃഷ്ണകുമാറിന്റെ കവിതകൾ. കൃഷ്ണകുമാറിന്റെ ഭൂരിഭാഗം കവിതകളും തീക്ഷ്ണമായ സാമൂഹികാനുഭവങ്ങളുടെ ആഖ്യാന രൂപങ്ങളാണ്. സാമൂഹ്യാനുഭവങ്ങളെയും ഉത്കണ്ഠകളെയും കവിതയിൽ തിരിച്ചുപിടിക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ ഇന്നു പുതുകവിതയിൽ നടന്നുകൊണ്ടിരിക്കയാണ്. ജീവിത യാഥാർത്ഥ്യങ്ങളെ തുറന്ന മനസ്സോടെ സമീപിക്കുവാനും ആഖ്യാനം ചെയ്യാനുമുള്ള അസാമാന്യ രചനാവൈഭവം കൃഷ്ണകുമാർ കവിതകളുടെ സർഗാത്മകതയിൽ സമരോത്സുകമായി ഉണർന്നിരിക്കുന്നു. നവകൊളോണിയൽ പ്രത്യയശാസ്ത്രങ്ങളുടെ കമ്പോള ഭാവുകത്വം സാമൂഹ്യ ജീവിതത്തെ ശിഥിലമാക്കുമ്പോൾ സാമൂഹികാനുഭവങ്ങളെ വീണ്ടെടുക്കാനള്ള സർഗാന്വേഷണങ്ങൾ വർത്തമാനകാലത്ത് പുതിയ രാഷ്ട്രീയാർത്ഥങ്ങൾ ഉല്പാദിപ്പിക്കുന്നു. ഈ അർത്ഥത്തിൽ കൃഷ്ണകുമാർ മാപ്രാണത്തിന്റെ കവിതകൾ സാമൂഹികതയോടും വർത്തമാനത്തോടുമുള്ള അവസാനിക്കാത്ത സംവാദമാണ്.

‘സ്വർണം പൂശിയ ചെമ്പോലകൾ’, ‘മഴനൂൽ കനവുകൾ’ തുടങ്ങിയ കാവ്യസമാഹാരങ്ങളിൽ നിന്നും കാവ്യഭാഷയിലും പ്രമേയത്തിലും ആഖ്യാനത്തിലുമെല്ലാം വലിയൊരു മുന്നേറ്റം നടത്തുവാൻ ‘ഹൃദയത്തിൽ തൊടുന്ന വിരലുകൾ’ എന്ന സമാഹാരത്തിന് സാധിച്ചിരിക്കുന്നു. കവിതയ്ക്ക് അന്യമായ പല പ്രമേയങ്ങളെയും ധൈര്യപൂർവം കവിതയിലേക്ക് കൊണ്ടുവരുവാനും അവയ്ക്ക് തന്റേതായ ഒരു ആവിഷ്‌കാര ഭംഗി നൽകി കാവ്യാനുഭൂതിയുടെ
പുതിയ തുറസ്സുകൾ സൃഷ്ടിക്കുവാനും കൃഷ്ണകുമാറിന് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിനന്ദനാർഹമാണ്.

കൃഷ്ണകുമാറിന്റെ ഭൂരിഭാഗം കവിതകളും സംഗീത/താള നിബന്ധമാണ്. ഇത് ഈ കവിതകളുടെ സവിശേഷതയാണ്. കവിതയിൽ ജീവിക്കുന്ന കൃഷ്ണകുമാർ ആരുടെയും പ്രീതി നേടുന്നതിനോ കയ്യടി ലഭിക്കുന്നതിനോ അല്ല കവിത എഴുതുന്നത്. കവിത കൃഷ്ണകുമാറിൽ വന്നു പെയ്യുകയാണ്. ഒരു നീരുറവായി, പുഴയായി കവിത ഈ കവിയിൽ നിറഞ്ഞൊഴുന്നു. ലളിതമായ കാവ്യഭാഷ, സൂക്ഷ്മമായ ആഖ്യാനം, നിലയ്ക്കാത്ത താളബോധം എന്നിവ ഈ കവിതകളുടെ മുഖമുദ്രയാണ്. വർത്തമാന സമൂഹത്തിന്റെ നാനാവിധത്തിലുള്ള സങ്കീർണതകളെയും സംഘർഷങ്ങളെയും തെളിമയുള്ള ഭാഷയിൽ സൗന്ദര്യാത്മകമായി ഈ കവി അടയാളപ്പടുത്തുന്നു.

ഓർമകളാണ് കൃഷ്ണകുമാറിന്റെ കവിതകളുടെ കരുത്ത്. മലകളും കുന്നുകളും മരങ്ങളും പച്ചനെൽപ്പാടങ്ങളും പൂക്കളും മഴയുമെല്ലാമുള്ള പഴയ ഗ്രാമീണാനുഭവങ്ങളെ വീണ്ടെടുക്കുവാനുള്ള ഒരു ആഖ്യാന പദ്ധതിയുടെ ഭാഗമാണ് കൃഷ്ണകുമാറിന്റെ കവിതകൾ. മറക്കാൻ കഴിയാത്ത ബാല്യകാലാനുഭവങ്ങളിലേക്കുള്ള ഒരു തീർത്ഥാടനമാണ് ‘കാറ്റു പറഞ്ഞ കഥകൾ’ എന്ന കവിത. കുന്നിനുമപ്പുറത്തെ കൈതക്കാട്ടിലെ കാറ്റുപറഞ്ഞ കഥകൾ കേട്ട് കുന്നിനു ചുറ്റുമുള്ള കാവുകൾ തേടി ഇറങ്ങുകയാണ് കവി. കാവിനകത്തെ മുളങ്കാടും അതിനുള്ളിലെ കുളക്കോഴികളെയും കൊറ്റികളെയും കുളിരിനെയും പലതരം നാഗങ്ങളെയും, ചെമ്പോത്ത്, തത്ത, കുയിലുകൾ, നാനാതരത്തിലുള്ള പൂവുകൾ എല്ലാം കാണാൻ പുറപ്പെട്ട കവി കാണുന്നത് ഭയാനകമായ കാഴ്ചകളാണ്.

കുന്നിനുമപ്പുറം കാവുകളൊക്കെ/വെട്ടി നിരത്തി തരിശാക്കി/
മണ്ണിൽ പലവിധം കുഴിയുണ്ടാക്കി/ഫ്‌ളാറ്റുകൾ കെട്ടി മാളോരേ (കാറ്റുപറഞ്ഞ കഥകൾ). കാവുകളും ഗ്രാമീണ കാഴ്ചകളുമെല്ലാം ശ
ക്തമായ നഗരവത്കരണത്തിൽ അപ്രത്യക്ഷമായി. ഇന്നു ഗ്രാമം
തന്നെ ഇല്ലാതായി. കേരളം ഒറ്റ നഗരമായി രൂപാന്തരപ്പെട്ടതോടെ
ഗ്രാമീണ കാഴ്ചകളെല്ലാം വെറും ഓർമകൾ മാത്രമായി. മുറ്റത്തെ
മാമരച്ചോട്ടിലിരുന്ന് മണ്ണപ്പം ചുട്ടതും പച്ചില പൂക്കൾക്കൊണ്ടു കറികൾ വച്ചതും പഞ്ചാര മണൽ കൊണ്ട് പായസം വച്ചതും ഇന്ന് ഓർമകൾ മാത്രമായവശേഷിക്കുന്നു. പ്ലാവിലത്തൊപ്പിയിട്ടു പത്രാസു കാട്ടിയതും പ്ലാവിന്റെയില വച്ച് മകൾ ചോറു പകർന്നതും കവുങ്ങിൻപാളതന്നിലിരുത്തി വലിച്ചതും കശുമാവിൻതോപ്പിലൊളിച്ചുകളിച്ചതും പച്ചോല പന്തുകെട്ടിയെറിഞ്ഞു കളിച്ചതും പപ്പായ തണ്ടുകൊണ്ടു പീപ്പിയായ് കളിച്ചതുമെല്ലാം ഗൃഹാതുരത്വമുണർത്തുന്ന ഓർമകൾ മാത്രം.

വറുത്ത പുളിങ്കുരു
ക്കൊറിച്ചു നടന്നതും
വളയമുരുട്ടി നാം
മൺവഴി താണ്ടിയതും
അപ്പുപ്പൻത്താടിയൂതി
പറത്തി രസിച്ചതും
അക്കരെത്തോട്ടിലന്നു
നീന്തിത്തുടിച്ചതെല്ലാം
(ഒരുബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം) ഇന്നു മറക്കാൻ കഴിയാത്ത ഓർമകളാണ്.

ഒരു മഷിത്തണ്ടാലും മായാത്ത ബാല്യകാല അനുഭവങ്ങളിലേക്കും സ്മരണകളിലേക്കുമുള്ള കാവ്യസഞ്ചാരമാണ് കൃഷ്ണകുമാറിന്റെ ‘ഓർമയിലെ ഇടവഴികൾ’ എന്ന കവിത.

ഓർക്കുന്നു ഞാനിന്നു ബാല്യസ്മരണകൾ
ഓർക്കുന്നു കൗമാരനഷ്ടസ്വപ്‌നങ്ങളും
ഓർക്കുന്നു നിന്നുടെ ആർദ്രമാം മിഴിയിണ
ഓർക്കുന്നുമിപ്പോഴും സ്‌നേഹവാക്യങ്ങളെ
ഓർമയിൽ പച്ചപ്പാടത്തിനക്കരെ
ഓടിക്കളിച്ചോരുച്ചെമ്മൺവഴികളെ
ഓർക്കുന്നു കൈനാറിമണമുള്ള കാവിലെ
ഒത്തിരി സന്ധ്യകളഭികാമ നിമിങ്ങൾ
(ഓർമയിലെ ഇടവഴികൾ).

ഓർമകളെ, ബാല്യകാല ഗ്രാമീണാനുഭവങ്ങളെ, തിരിച്ചു പിടിക്കുന്നതിനുള്ള മറ്റൊരു സർഗാത്മക പദ്ധതിയാണ് ഈ കവിത. ഓർമിക്കാൻ ബാല്യകാലാനുഭവങ്ങളും ഗ്രാമീണകാഴ്ചകളും
പ്രണയവുമൊന്നുമില്ലാത്ത പുതിയ ഇന്റർനെറ്റ് തലമുറയ്ക്ക് കൃഷ്ണകുമാറിന്റെ കവിതകൾ ഒരു കൈവിളക്കാണ്. ഓർമകളെ ശക്തമായൊരു രാഷ്ട്രീയപ്രയോഗമാക്കി ഈ കവി വികസിപ്പിച്ചെടുക്കുന്നു. നഷ്ടപ്പെട്ടുപോകുന്ന ഗ്രാമീണതയെ, ഓർമകളെ, സ്വപ്‌നങ്ങളെ, അവബോധത്തെ, പരിസ്ഥിതിയെ എല്ലാം ഓർമകളിൽ വീണ്ടെടുത്ത് ആഗോളവത്കരണ/നവകൊളോണിയൻ പ്രത്യയശാസ്ത്രങ്ങൾക്കെതിരെയുള്ള പ്രതിരോധ എഴുത്തായി ഈ കവിതകൾ പരിണമിക്കുന്നു.

ആഗോളവത്കരണവും അരാഷ്ട്രീയതയും കമ്പോളഭാവുകത്വവും മനുഷ്യാനുഭവങ്ങളെയും ഓർമകളെയും വിഷലിപ്തമാക്കി ക്കൊണ്ടിരിക്കയാണ്. ഭാവനകളും സ്വപ്‌നങ്ങളും ഓർമകളുമില്ലാതെ വർത്തമാനകാലത്തു മാത്രം ജീവിക്കുന്ന ജീവികളാക്കി മനുഷ്യരെ നിർമിച്ചെടുക്കുകയാണ് ഇന്ന് കമ്പോള മുതലാളിത്തം. ഭാവനകൾക്കും സ്വപ്‌നങ്ങൾക്കും നേരെയുള്ള കമ്പോള മുതലാളിത്ത അധീശത്വാധികാരത്തിന്റെ സൂക്ഷ്മ ചങ്ങലകൾക്കെതിരെ ശ
ക്തമായി ചെറുത്തുനിൽക്കുന്നു കൃഷ്ണകുമാറിന്റെ കവിതകൾ.

പാരമ്പര്യവും ഭാഷയും സംസ്‌കാരവുമെല്ലാം വിപണിയുടെ കടന്നുകയറ്റത്താൽ ശകലീകൃതമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്തിന്റെ ദശാസന്ധിയെ ഈ കവിതകൾ അഭിസംബോധന ചെയ്യുന്നു. വിപണികേന്ദ്രിതസമൂഹത്തിന്റെ വാമനപാദങ്ങളുടെ
പ്രഹരമേറ്റ് ഛിന്നഭിന്നമായിക്കൊണ്ടിരിക്കുന്ന പ്രാദേശിക ഭാഷയെയും സ്വപ്‌നങ്ങളെയും മാനവികതയെയും കൃഷ്ണകുമാർ കവിതകൾ പലതരത്തിൽ വീണ്ടെടുക്കുന്നു. നഷ്ടപ്പെട്ടവന്റെ ഓർ
മകളെ, സ്വപ്‌നങ്ങളെ, സൗന്ദര്യശാസ്ത്രത്തെ, കാഴ്ചകളെ തിരി
ച്ചു പിടിക്കുവാനുള്ള ശ്രമങ്ങൾ കേവലമൊരു കാവ്യപ്രവൃത്തി മാത്രമല്ല; ശക്തമായൊരു സാമൂഹ്യരാഷ്ട്രീയ മാനമുള്ള കർമപദ്ധതി കൂടിയാണ്. വിപണികേന്ദ്രിത സമൂഹത്തിന്റെ യുക്തിബോധത്തെയും ആഗോളീകരണപ്രത്യയശാസ്ത്രത്തെയും ഈ കവിതകൾ ഓർമകൾക്കൊണ്ട് പ്രതിരോധിക്കുന്നു.