കേരളത്തിൽ ലോകരാജ്യങ്ങളുടെ പുതിയ ആർട്ട്-റൂട്ട്

കവിത ബാലകൃഷ്ണൻ

ബിനാലേകൾ പൊതുവേ രാഷ്ട്രങ്ങൾക്ക് അവരുടെ
ദേശീയതയുടെ പ്രചാരണത്തിനായുള്ള മാർഗമാണെന്ന്
കരുതപ്പെടുന്നു. ഇക്കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ
സമകാലിക കലാവിഭവശേഷി ചലനാത്മകമായ മാറ്റങ്ങൾക്ക്
വിധേയമാകുകയും കലാകാരന്മാർ തങ്ങൾക്ക് അർഹമായ
അന്തർേദശീയ സാന്നിദ്ധ്യം തെളിയിക്കാൻ ശ്രമിക്കുകയും
ചെയ്യുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമാംവിധം ഉയർന്ന
കലയുടെ സാമ്പത്തികമൂല്യമാണ് ഇന്ത്യൻ
പൊതുമണ്ഡലത്തിൽ ഏറെ ആകർഷണം നേടിയത്. എന്നാൽ
രാഷ്ട്രങ്ങൾ തമ്മിലും അവിടങ്ങളിലെ ഏറ്റവും പുതിയ
കലാപ്രവർത്തനങ്ങൾ തമ്മിലുമുള്ള പരസ്പരവിനിമയത്തിന്
അടിസ്ഥാനമാക്കപ്പെടുന്ന കാരണങ്ങൾ ഒരു ഘട്ടത്തിൽ
സ്വത്വരാഷ്ട്രീയത്തിെന്റയും പിന്നീട് സമ്പദ്മൂല്യത്തിെന്റയും
മുഖ്യഭാവം പൂണ്ടെങ്കിൽ ഇന്ന് അത് കുറേക്കൂടി ആഴത്തിൽ
സമൂഹങ്ങളെ ത്വരിപ്പിക്കുന്നവ തന്നെയാകണമെന്ന്
വന്നിരിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിലെ ആധുനികവാദചരിത്രത്തിൽ
നോക്കിയാൽ കലയുടെ മണ്ഡലങ്ങൾ ചുരുക്കം
നഗരകേന്ദ്രങ്ങളിൽ മാത്രം ഏകോപിച്ചുള്ളതാണെന്ന് കാണാം.
നഗരങ്ങളുടെ സ്വഭാവം കലയുടെ ഇന്ദ്രിയജ്ഞാനങ്ങളിൽ
പ്രധാനമാണ്. പക്ഷേ നാഗരികതയെന്ന വിശാലമായ
കാൻവാസിൽ കണ്ടാൽ നാടിന്റെ വെറുതേയൊരു അപര
സംവർമമല്ല ഒരു നഗരം, മറിച്ച് അത് ചലനാത്മകമായ
സാംസ്‌കാരികതകളുടെ സാദ്ധ്യമായ എല്ലാ ആവിഷ്‌കാരങ്ങളും
വഹിക്കുന്ന സവിശേഷ പ്രദേശം ആകുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ദേശീയ കലാ-സംസ്‌കാര
ഭൂപടത്തിന്റെ സിരാവ്യൂഹങ്ങളിൽനിന്നും ഇതുവരെ വളരെ
അകന്നുകിടക്കുന്ന കേരളം പോലുള്ള ഒരു മേഖലയിൽനിന്ന്
ഒരു നഗരമേഖല കൊച്ചി-മുസിരിസ് ഇപ്രകാരം
സവിശേഷമായ കലാപ്രവർത്തനത്തിനായി
തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

ഏതെങ്കിലും ക്ലിപ്തപ്പെടുത്തിയ സ്വത്വര്രാഷ്ടീയത്തിന്റെ
പേരിലല്ല, കുഴങ്ങിയ പ്രാദേശികതകളുടെ വാഹകരെന്ന
നിലയിൽ കഴിഞ്ഞ ഒന്നുരണ്ടു ദശകങ്ങളായി ഇന്ത്യൻ
ചിത്ര-ശില്പ കലകളിൽ മലയാളികളുടെ സാന്നിദ്ധ്യം
ശ്രദ്ധേയമാണ്. ഈ പ്രദേശത്തുനിന്നും കല പഠിക്കാനായി
രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ എത്തുന്നവരും നിരന്തരം
ശ്രദ്ധേയമായ പ്രദർശനങ്ങൾ നടത്തുന്നവരുമായ പലരും കൂടെ
കൊണ്ടു ചെല്ലുന്നത് കലയും സമൂഹവും (ഇന്ത്യൻ
നാട്ടനുഭവങ്ങളും) തമ്മിലുള്ള വിപ്ലവകരമായ വിനിമയങ്ങളുടെ
ഭാവനകളും പരീക്ഷണങ്ങളുമാണ്. ഒരുപക്ഷേ
എൺപതുകളുടെ അവസാനം രൂപപ്പെട്ട റാഡിക്കൽ ഗ്രൂപ്പ്
എന്നറിയപ്പെട്ട കൂട്ടായ്മ മുതലിങ്ങോട്ട്, ഇന്ന് കലയുടെ
മൂലധനവ്യവഹാരത്തിൽ കടന്നുവന്ന് പ്രതിഷ്ഠ
നേടിയവരടക്കമുള്ള മലയാളി കലാകാരന്മാർ
നാട്ടനുഭവത്തിലെ നാഗരികത അഥവാ നഗരാനുഭവത്തിലെ
നാട് പല വിധത്തിൽ വഹിക്കുന്നു. പക്ഷേ ഇതുവരെയുള്ള
ആധുനികവാദപരമായ അന്യവത്കരണവും,
ആഗോളവത്കരണം പകർന്ന കലാകാരജീവിതത്തിന്റെ
പരിവേഷങ്ങളും മറികടന്ന് ഇന്ന് ഇവരുടെ പരീക്ഷണങ്ങൾക്ക്
നേരിട്ട് ഏറ്റവുമടുത്തുള്ള പൊതുസമൂഹത്തോട്
പ്രായോഗികമായി കല സംവദിക്കേണ്ടി വരുന്നു. അതിന്,
നിലവിലുള്ള മലയാളി സമൂഹത്തിനു മുന്നിൽ റിയർ വ്യൂ മിറർ
പിടിച്ചു കാണിക്കേണ്ടിയും വരുന്നു. പ്രാദേശികമായ
കാഴ്ച്ചവട്ടങ്ങൾ ഉല്ലംഘിച്ചുകൊണ്ട് കലയുടെ ദേശീയ
ചരിത്രത്തിലേക്കും സ്വന്തം നാഗരികതയിലേക്കും ഒരേസമയം
കാഴ്ചപ്പെടുന്ന ഒരെണ്ണം. ഇതേ പോലെ കണ്ണാടി
പിടിക്കേണ്ടുന്ന ഇന്ത്യയിലെ അനവധി നാട്ടു-നഗര-ദേശങ്ങൾ
വേറെയും ഉണ്ട്.

2012-ൽ നടക്കാനിരിക്കുന്നതും 2011 ഫെബ്രുവരിയിൽ
ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതുമായ കൊച്ചി-മുസിരിസ്
ബിനാലേയ്ക്ക് സമകാലികമായ ഒരു തിടുക്കമുണ്ട്. ഇത്
ഇന്ത്യയുടെ ചരിത്രത്തിലാദ്യത്തെ ബിനാലേ. ഇനിയും
മുഴുവനാക്കപ്പെടാത്ത നിരവധി മെട്രോപോളിറ്റൻ
സ്വപ്നപദ്ധതികൾ കണ്ടുകൊണ്ടേയിരിക്കുന്ന കൊച്ചിയെന്ന
നഗരവും, നൂറ്റാണ്ടുകൾ മുൻപേ ലോകനാഗരികതകളുമായി
കച്ചവട-സംസ്‌കാര ബന്ധങ്ങൾ പുലർത്തിയ മുസിരിസ് എന്ന
തൊട്ടയൽപക്കത്തെ നാഗരികതയും ഈ വൻപദ്ധതിയിൽ
ഭാഗഭാക്കാകുന്നു. ഈ വിശേഷപ്രദേശങ്ങളുടെ പ്രഖ്യാപിതമായ
ഊതിയുണർത്തൽ മാത്രമാണെങ്കിൽ ഇതിൽ കലാഭൂപടത്തിൽ
മറ്റൊരു നഗരത്തിന്റെ / ലൊക്കേഷന്റെ പരിചിത ബ്രാന്റിംഗ്
വിദ്യ എന്നതിനപ്പുറം പ്രത്യേകിച്ചൊന്നും കണ്ടേക്കില്ല. എന്നാൽ
കൊളോണിയൽ ചരിത്രഭാരത്തെ കുടഞ്ഞുകളഞ്ഞുകൊണ്ട്
ഇന്ത്യൻ കലാകാരന്മാരുടെ നേതൃത്വത്തിൽ സമകാലിക
ലോകകലയെ അവതരിപ്പിക്കാനും, കേരളമെന്ന പ്രദേശത്തിെ
ന്റ സ്വത്വവാദപരമായ ചുരുക്കങ്ങൾക്ക് അനിവാര്യമായും
പുതിയൊരു സന്ദർഭത്തെ നേരിടേണ്ടിവരാനും ഒരേ സമയം
ഇതിടയാക്കുമെന്നതാണ് ഈ ബിനാലേ മുന്നോട്ടുവയ്ക്കുന്ന രണ്ടു
സാദ്ധ്യതകൾ. ഇരുപതാം നൂറ്റാണ്ടിെന്റ കേരളം ഒരു ആധുനിക
നഗര സംസ്‌കാര പഠിതാവിന് വിചിത്രമായ ഒരു കേസ് തന്നെ
മുന്നോട്ടുവയ്ക്കും. ഇത് നിരന്തരം യാത്ര ചെയ്യുന്ന ഒരു
സമൂഹമാണ്, വലിയ കാര്യങ്ങൾക്കു വേണ്ടിയല്ല, ചെറിയ
ഉപജീവനങ്ങൾക്കായി ലോകനാഗരികതകളിലേക്ക്
വ്യാപിച്ചിരിക്കുന്ന മനുഷ്യവിഭവങ്ങൾ. ഇവിടത്തെ കലാപ്രവർ
ത്തകരും മഹായാത്രക്കാർ. കലാകാരന്മാരോ അല്ലാത്തവരോ
ആകട്ടെ, ഒരു സമൂഹം അത്യന്തം ചിതറുമ്പോൾ അത്
അനിവാര്യമായും ഭൂതകാലത്തെ വേരുകളും വ
ർത്തമാനഘട്ടത്തിലെ സ്വത്വസാന്നിദ്ധ്യവും തേടുന്നു, അതിന്റെ
രൂപരാഹിത്യത്തെ ആഘോഷിക്കുകയും ചെയ്യുന്നു.
സംസ്‌കൃതിയുടെ ആകാംക്ഷകൾ എന്നു വിളിക്കാം. ഈ
ആകാംക്ഷയുണരുമ്പോൾ ഇതേ ചിതറൽ അനുഭവിക്കുന്ന മറ്റു
സമൂഹങ്ങളെയും സംസ്‌കാരങ്ങളെയും ഉൾക്കൊള്ളാനും
വിളിച്ചുണർത്തിയിരുത്താനും അത് തയ്യാറാകുന്നു. ഒപ്പംതന്നെ
ദേശ/രാഷ്ട്രത്തനിമകളുടെ ഭാവനയെ ഈ ഉണർച്ച
പ്രകോപിതമാക്കുകയും ചെയ്യും.

അതിനാൽ ഇവിടെ മുന്നോട്ടുവയ്ക്കപ്പെടുന്നത് ലോകത്തിലെ
ശിഥില ദേശ സംസ്‌കാരങ്ങളുടെ വിനിമയ സാദ്ധ്യതകളാണ്.
സാധാരണഗതിയിൽ ബിനാലേകളുമായി ബന്ധിപ്പിച്ച്
ചിന്തിക്കാറുള്ള ദേശീയവാദ പ്രചാരണത്തെ മറികടന്നുള്ള ഒരു
പദംവയ്പായിരിക്കുമത്. മിത്തിക് രാഷ്ട്രഭാവനകൾക്കപ്പുറം
പോകുന്ന സ്വത്വവീക്ഷണത്തിലെ ഇത്തരമൊരു
സമൂലമാറ്റത്തിന് ഇന്ത്യൻ കലാലോകം
തയ്യാറായിട്ടുണ്ടോയെന്നത് കാത്തിരുന്നു കാണണം.


കൊച്ചി-മുസിരിസ് ബിനാലെ:
ഒരു നഗരത്തെയും പൊതുസമൂഹത്തെയും
കുറിച്ച് ചിന്തിക്കുമ്പോൾ

ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും
കവിത ബാലകൃഷ്ണനോട് സംസാരിക്കുന്നു

കവിത: ഇന്ത്യയിൽ ഒരു ബിനാലേയുടെ സാദ്ധ്യത നിങ്ങൾ
ക്കുമുന്നിൽ തെളിഞ്ഞതെങ്ങനെയാണ്? മുൻ സാംസ്‌കാരിക
വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ. എം.എ. ബേബി ഒരു മലയാളം
ചാനലിൽ ബോസുമായുള്ള അഭിമുഖം ശ്രദ്ധിച്ചുകേട്ടിട്ട്
മുംബയിലെ ബോറിവലിയിലുള്ള നിങ്ങളുടെ സ്റ്റുഡിയോയിൽ
നേരിട്ടു സന്ദർശനം നടത്തുകയുണ്ടായെന്നു കേട്ടിട്ടുണ്ട്…
റിയാസ്: ഉവ്വ്. തീർച്ചയായും ഒരു മന്ത്രിയിൽനിന്നുണ്ടായ
മനോഹരമായ ഒരു പ്രതികരണമായിരുന്നു അത്. ഞാനും
ബോസും ജ്യോതിബസുവും അന്ന് അവിടെ ഉണ്ടായിരുന്നു.
കേരളത്തിന്റെ സന്ദർഭത്തിൽ സാദ്ധ്യമാകുന്ന എന്തെങ്കിലും
കലാ പദ്ധതികൾ ഉണ്ടോയെന്ന് അദ്ദേഹം ഞങ്ങളോട്
ആരാഞ്ഞു. അന്ന് എന്റെ സ്വന്തം വർക്കുകളും കേരളത്തിന്റെ
സന്ദർഭവുമായി ഏറെ ബന്ധപ്പെട്ട്
നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതേ സമയംതന്നെ
ഞങ്ങൾക്കിടയിൽ നടന്ന ചർച്ചകളും മലയാളിയുടെ
പ്രത്യേകതകളുള്ള ബുദ്ധിജീവിതത്തെക്കുറിച്ചും എന്താണിതിനു
പിന്നിലുള്ള ചരിത്രപരമായ കാരണങ്ങളെന്നും
വിമർശാത്മകമായി ആലോചിച്ചുകൊണ്ടിരുന്നു. അങ്ങനെ
നോക്കുമ്പോൾ ഞങ്ങളെല്ലാവരും ഉപയോഗപ്പെടുത്തിയ
ധാരാളം ബഹു-സംസ്‌കാര, ബഹു-വംശീയ, ബഹു-മതസ്ഥ
ജീവിതശൈലികളുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടു. തുടക്കങ്ങൾ
അന്വേഷിച്ചു ഞങ്ങൾ പ്രാചീന കച്ചവട നഗരമായ മുസിരിസിൽ
എത്തിപ്പെട്ടു. സംസ്ഥാനം മുന്നേതന്നെ ബന്ധപ്പെട്ട പൈതൃക
സംരക്ഷണ പദ്ധതികളിലും പുരാവസ്തു ഖനനത്തിലും
ഏർപ്പെട്ടിരിക്കുകയാണ്. പക്ഷേ ഇതിനെ വിശാല സമകാലിക
കലാപ്രവർത്തനങ്ങളുമായി ഘടിപ്പിക്കേണ്ടതുണ്ട്. ഇതെല്ലാം
കൂടി ഒരു ബിനാലേ എന്ന ആശയത്തിലെത്തുകയും അതിനോട്
മന്ത്രി വളരെ പ്രചോദകമായി പ്രതികരിക്കുകയും ചെയ്തു. അപ്പോ
ൾ ഒരു ബിനാലേ എങ്ങനെ നടത്തണമെന്നും എന്തുതരം ൈവദഗ്ദ്ധ്യങ്ങൾ
ഉപയോഗപ്പെടുത്തണമെന്നും ഞങ്ങൾ
അദ്ദേഹത്തോട് സംസാരിച്ചു. ആ സായാഹ്നം അതി
പ്രധാനമായിരുന്നു.
കവിത: ഇപ്പോൾ ഇന്ത്യയിലാദ്യത്തെ ബിനാലേ നടക്കാൻ
പോകുന്നു. കൊച്ചിയിലും അതിന്റെ സമീപപ്രദേശമായ
മുസിരിസ് പൈതൃകമേഖലയിലുമായി ഒരുകൂട്ടം
കലാപ്രദർശനങ്ങൾ നടക്കും. ഇതിനൊക്കെയുള്ള ഒരുക്കങ്ങൾ
എങ്ങനെ നടക്കുന്നു? ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട
പ്രത്യേകമായ ഇടങ്ങൾ ഏതൊക്കെയാണ്?
ബോസ്: ബിനാലേക്കുള്ള ഇടങ്ങൾ എറണാകുളം നഗരം
മുതൽ ഫോർട്ട് കൊച്ചി വരെ ഒന്നര സ്‌ക്വയർ കിലോമീറ്ററോളം
വ്യാപിച്ചു കിടക്കുന്നു. മട്ടാഞ്ചേരി, ബോൾഗാട്ടി കൊട്ടാരത്തിെന്റ
ചുറ്റുമുള്ള പ്രദേശങ്ങൾ, സുഭാഷ് പാർക്ക് മേഖല
തുടങ്ങിയവയൊക്കെ നമ്മൾ കണ്ടുവച്ചിട്ടുണ്ട്.
നിയമാനുസൃതമായി ഉപയോഗിക്കാവുന്ന പോലെ
കടൽതീരവും ഉപയോഗിക്കും. വളരെ നന്നായി വ്യാപിപ്പിച്ച ഒരു
പദ്ധതിയാകുമിത്. ഈ മേഖലയിൽ ധാരാളം
പണ്ടകശാലകളുണ്ട്. അതൊക്കെയും ബിനാലേ
പവിലിയനുകളായി മാറും; വെനിസ് ബിനാലേയിൽ
ഉള്ളതുപോലെ. വെനിസിനു കൂടുതൽ പവിലിയനുകൾ ഉണ്ട്.
വിവിധ രാജ്യങ്ങൾ അവിടെ പവിലിയനുകൾ ഉണ്ടാക്കുന്നു.
ഇവിടെ നമ്മളാണ് അന്തർദേശീയ പങ്കാളിത്തം
ഉറപ്പുവരുത്തിക്കൊണ്ട് അവ നിർമിക്കുന്നത്. ചില കലാ
ശേഖരണ വിദഗ്ദ്ധരുമായും സുഹൃത്തുക്കളുമായും കോഫി
ഷോപ്പുകളുമായും ഹോട്ടൽവ്യവസായികളുമായും ചർച്ചകൾ
നടന്നുവരുന്നു. പലരും ബിനാലേയോട് സഹകരിക്കുന്നു. ഇത്
മുസിരിസ് പൈതൃകമേഖലയിലേക്കും വ്യാപിപ്പിക്കും.
ആളുകളെ അങ്ങോട്ട് കൊണ്ടുപോകുന്ന പ്രത്യേക ബസ്സുകൾ
ഉണ്ടാകും.
കവിത: മുസിരിസ് പൈതൃക പദ്ധതി ബിനാലേ
പദ്ധതിയുമായി നേരിട്ട് ബന്ധപ്പെടുത്തുമോ?
ബോസ്: ഇല്ല. പക്ഷെ ആളുകൾക്ക് മുസിരിസ്സുമായി
ബന്ധപ്പെടാനുള്ള സൗകര്യമൊരുക്കും. അത് ഒരു ടൂറിസ്റ്റ്
എക്‌സ്റ്റൻഷൻ ആകും. ചിലർക്ക് ചരിത്രപ്രാധാന്യമുള്ള ഇടങ്ങ
ൾ സന്ദർശിക്കാൻ താൽപര്യം കാണും. ആ പ്രദേശത്തെ ചില
വീടുകൾ മ്യൂസിയങ്ങളായി രൂപാന്തരം വരുത്തും. പിന്നെ
പള്ളിപ്പുറം കോട്ട പോലുള്ള സ്ഥലങ്ങളുണ്ട്. മുസിരിസ്
പദ്ധതിയിൽപെട്ട കുറെ പള്ളികളുണ്ട്. ഒരു ബിനാലേ
സന്ദർശകന്റെ അനുഭവത്തിൽ ഇവയൊക്കെ വളരെ
വിപുലീകൃതമായ അനുഭവങ്ങളാകും.
കവിത: ബിനാലേയിലേക്ക് കലാപ്രവർത്തകരെയും
പദ്ധതികളെയും തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെയാണ്
ശ്രദ്ധിക്കുന്നത്? പങ്കെടുക്കുന്നവരുടെ വർക്കുകൾക്ക് ഈ
നിയുക്ത മേഖലയുമായി നേരിട്ടുള്ള ബന്ധങ്ങൾ ഉണ്ടാകുമോ?
ബോസ്: ഞങ്ങൾ നോക്കുന്നത് സമകാലിക കലാ
പദ്ധതികളാണ്. ക്യൂറേഷൻ പലവിധങ്ങളുണ്ട്. വേണമെങ്കിൽ
ചരിത്രത്തെ അടിസ്ഥാനപ്പെടുത്തി നമുക്ക് കലയെ ക്ലബ്
ചെയ്യാം. അടുത്തകാലത്ത് നടന്ന ഗാന്ധി പ്രോജക്റ്റ്
അത്തരമൊന്നാണ്. അവർ ഒരു സമകാലിക പദ്ധതിയല്ല
ചെയ്തത്. സമകാലികമായതിനെക്കുറിച്ച് ആലോചിക്കുമ്പോൾ
നമുക്ക് പോപ് ആർട്ട് മുതൽ സർറിയലിസം വരെ എന്തിനെയും
ഉൾപ്പെടുത്താം. കലാപരമായ വൈവദ്ധ്യം തന്നെയാണ് മുഖ്യ
വിഭവശേഷി. നമ്മുടെ സംസ്‌കാരത്തിന്റെ ചരിത്രത്തിൽതന്നെ
ഒട്ടനവധി വസ്തുവകകൾ ഉണ്ട്. ഒരു പ്രത്യേക വിഷയത്തിൽ
കെട്ടിയിടേണ്ട കാര്യമില്ല. നമുക്ക് എങ്ങോട്ട് വേണമെങ്കിലും
ബന്ധപ്പെടാം. ഡച്ചുകാരുടെയും പോർച്ചുഗീസിന്റെയും
ബ്രിട്ടിഷുകാരുടെയും ഒരുകാലത്തെ വ്യാപാരവഴികളാണ്
ബിനാലേക്ക് നിയുക്തമായിരിക്കുന്ന ഈ പ്രദേശം. കൊച്ചിക്കും
മുസിരിസിനും ഇടയിൽ എല്ലാം പരസ്പരബന്ധിതമാണ്.
ഇവിടത്തെ കോസ്‌മോപൊളിറ്റൻ സ്വഭാവംതന്നെ ഒരു
പ്രാദേശിക മേഖലയിലെ ഗ്ലോബൽ സന്ദർഭം നിർമിക്കുന്നു. പല
സംസ്‌കാരങ്ങളുടെ കൂട്ടുചേരൽ ഇവിടെയുണ്ട്. കൊച്ചിയുടെ
ഏറ്റവും പ്രധാനപ്പെട്ട വശം അതാണ്. മുംബയ്ക്ക് അതിന്റേതായ
ഒരു സംസ്‌കാരം ഇല്ല. കുടിയേറ്റക്കാർ കൊണ്ടുവന്നതെല്ലാം
അതിനുണ്ട്. നിങ്ങൾക്ക് സ്വന്തമായി ഒരു സംസ്‌കാരം
ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് എങ്ങോട്ടും വ്യാപിപ്പിക്കാം.
ഗ്രീക്കുകാരും പേർഷ്യക്കാരും റോമാക്കാരും അവരുടെ
സസ്‌കാരങ്ങൾ ഇങ്ങോട്ട് കൊണ്ടുവന്നു. പരമ്പരാഗതമായ നിർ
മാണരീതികളും പാത്രങ്ങളും മറ്റു ആവിഷ്‌കാര സ്വഭാവമുള്ള
വസ്തുക്കളും കൊണ്ടുവന്നു. പതിമൂന്നാം നൂറ്റാണ്ടു മുതലുള്ള
നീണ്ട സാംസ്‌കാരിക വിനിമയത്തിന്റെ ചരിത്രം ഇവിടെയുണ്ട്.
കവിത: നിങ്ങൾ സംസ്‌കാരത്തിെന്റ കാര്യങ്ങളാണ്
പറയുന്നത്. എങ്കിൽ ക്യൂററ്റോറിയൽ പരിസരങ്ങൾ എന്താണ് ?
2011 മഡളമഠണറ ബടളളണറ 20 3
ബോസ്: ഒരു ക്യൂറേറ്റർ എന്ന നിലയിൽ എനിക്ക് ചരിത്രത്തി
ന്റെയും ഓർമകളുടെയും ഗൃഹാതുരതകളിൽ താൽപര്യമില്ല.
അവയിൽ അഭിമാനമുണ്ട്. നമുക്ക് അതേപ്പറ്റി അറിയാം.
ചരിത്രത്തെയും ഓർമകളെയും ഗൃഹാതുരതകളിൽനിന്നും
ഉയർത്തെഴുന്നേല്പിക്കുകയാണ് ബിനാലേ. നമ്മുടെ സമകാലിക
പ്രവർത്തനങ്ങൾക്ക് അതിനു കഴിയും. നമ്മൾ പെയിന്റിംഗ്
അല്ലെങ്കിൽ ശില്പം ഇതിലൊന്നുമല്ല പ്രത്യേകം ശ്രദ്ധിക്കുന്നത്.
ഇന്നത്തെ സാംസ്‌കാരിക സമൂഹത്തെ ദൃശ്യപരമായി
വിദ്യാഭ്യാസം ചെയ്യിക്കുന്നതിലാണ് ശ്രദ്ധ. ഇത്
പ്രാദേശികമാണ്. അത് വളരെ പ്രധാനമാണ്. ഇത് ജനങ്ങളുടെ
ബിനാലേ ആണ്. അങ്ങനെയാണ് ഞങ്ങളിത് ആഗ്രഹിക്കുന്നത്.
പലരും കരുതുന്നത് ഇതൊരു വരേണ്യ സംഭവം ആണെന്നാണ്.
അങ്ങനെയല്ലെന്നതാണ് കാര്യം. ബിനാലേ സന്ദർശകർ സന്ദ
ർശന ഫീസ് അടയ്ക്കണം, പക്ഷേ വിദ്യാർത്ഥികൾക്ക് ഇളവുകൾ
ഉണ്ട്. ഇന്ത്യയിലെവിടെനിന്നും വിദ്യാർത്ഥികളെ ബിനാലേ
സ്വാഗതം ചെയ്യുന്നു. റെയിൽവേയുമായി സംഭാഷണം
നടക്കുന്നുണ്ട്. റെയിൽവേ ഇന്ത്യയുടെ നാഡികേന്ദ്രമാണ്. ഇതേ
സമയം അന്തർദേശീയ ക്യൂറേട്ടർമാരുമായും കൂട്ടായി പ്രവ
ർത്തനങ്ങൾ നടക്കുന്നു. കലാശേഖരണ വിദഗ്ദ്ധർ വരുന്നത്
സംസ്‌കാരത്തിനും രാഷ്ട്രത്തിനും വേണ്ടിയാണ്. നമ്മൾ
സാമ്പത്തിക വിനിമയത്തിന്റെ പരിപ്രേക്ഷ്യം ഉപേക്ഷിക്കുന്നില്ല.
പക്ഷേ ഇവിടത്തെ ഉദ്ദേശ്യം നിർബന്ധമായും കമേഴ്‌സ്യലി
വിജയകരമായ പ്രദർശനം കാഴ്ചവയ്ക്കുക എന്നതാവില്ല.
ബിനാലേ ആർട്ട് ഫെയറിൽനിന്നും വ്യത്യസ്തമാണ്. ആർട്ട് ഫെയ
ർ മൂന്നോ അഞ്ചോ ദിവസത്തെ കാര്യമാണ്. സൃഷ്ടികൾ വിൽ
ക്കുകയും മറ്റും ചെയ്യും. അതോടെ തീർന്നു. ബിനാലേ ഒരു
നീണ്ടു നിൽക്കുന്നതും ചിന്തോദ്ദീപകവുമായ കലയനുഭവം
ആണ് ലക്ഷ്യമാക്കുന്നത്. ഒരിക്കൽ സന്ദർശിച്ചുപോയ
നിങ്ങൾക്ക് വേണമെങ്കിൽ വീണ്ടും വരാം, ഒരു ശ്രേദ്ധയ വർക്ക്
വീണ്ടും കാണാം. മൂന്നു മാസം നീളുന്നതാണ് ബിനാലേ. എല്ലാ
ബിനാലേകളുടെയും അമ്മയെ നോക്കൂ, വെനീസിനെ. അത്
ആറു മാസമുണ്ട്. എല്ലാ വർഷവും കലയുടെ ഏതെങ്കിലും ഒരു
രംഗം കുറേക്കൂടി നീണ്ടുനിൽക്കുകയും ചെയ്യും. അടുത്ത തവണ
വെനിസിൽ വാസ്തുവിദ്യയുടെ ബിനാലേ ആണ്.
കവിത: അപ്പോൾ ലോകത്തെ വിപുലമായ ബിനാലേ
ചരിത്രത്തിൽ നിങ്ങൾ എങ്ങനെയാണ് കൊച്ചി-മുസിരിസ്
ബിനാലേയെ കാണുന്നത്?
റിയാസ്: എനിക്ക് പലപ്പോഴും അന്തർദേശീയസന്ദർഭങ്ങളിൽ
നടക്കുന്നതെന്തെന്നതിനെക്കുറിച്ച് ആകാംക്ഷകളുണ്ടായിരുന്നു.
ഇക്കാര്യത്തിൽ കൊളോണിയൽ എന്ന് വിളിക്കാവുന്ന ഒരുതരം
മനോനില നമുക്ക് എപ്പോഴുമുള്ളതിനാൽ നമ്മൾ പലപ്പോഴും
ഒരു പാശ്ചാത്യരീതിയിലുള്ള ചിന്തയാണ് ഏറ്റെടുക്കറുള്ളത്.
അതുകൊണ്ട് നമുക്ക് അന്തർദേശീയ കലയുടെ
കണക്കെടുക്കാനുള്ള സ്വന്തമായ അവസരം കിട്ടിയതേയില്ല.
നമ്മുടെ ഒരു ക്യൂറേട്ടറും ഇത്തരം ഒരു പ്രകരണത്തിൽനിന്നും ഒരു
പ്രദർശനം ഡിസൈൻ ചെയ്തിട്ടില്ല. ഇന്ത്യൻ ആർട്ടിൽ ആദ്യമായി
കൊച്ചി ബിനാലേ അത്തരത്തിലൊന്ന് ചെയ്യാൻ പോകുന്നു.
അന്തർദേശീയ കലയുടെ വിഹഗവീക്ഷണം നടത്താനും
എവിടെയെല്ലാമാണ് ആരെല്ലാമാണ് മികച്ച
സൃഷ്ടിപ്രവർത്തനങ്ങൾ നടത്തുന്നത്, ഏതെല്ലാമാണ് അത്തരം
കേന്ദ്രങ്ങൾ എന്നെല്ലാമുള്ള തീരുമാനങ്ങളെടുക്കാനുമുള്ള
അഭിമാനബോധവും ആത്മവിശ്വാസവും നിറഞ്ഞ ഒരു പദവി
നമ്മൾ ഇതേവരെ ഏറ്റെടുത്തിട്ടില്ല. അത്തരം ഒരു
സാദ്ധ്യതയുടെ സൂക്ഷ്മാംശങ്ങളിലേക്ക് പോകുമ്പോൾ ഇന്ന്
ധാരാളം പുതിയ വഴികൾ തുറക്കുന്നു. ഇതിനു സർ
വപ്രധാനമായി ഇന്ത്യൻ കലാലോകത്തിെന്റ
മനോനിലയുമായാണ് ഇടപെടേണ്ടി വരുന്നത്. ഒപ്പം
കേരളത്തിെന്റ ചരിത്രവും ഒരു വിപുലമായ സന്ദർഭത്തിൽ
അവതരിപ്പിക്കേണ്ടതുണ്ട്.
കവിത: മനുഷ്യന്റെ സംസ്‌കാരപരിശ്രമങ്ങളുടെ ചരിത്രം
നോക്കിയാൽ ആധുനികതാവാദത്തിന്റെ ധ്രുവീകൃത
സംവാദങ്ങൾകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ ഇന്ത്യയിലെ
നാട്ടനുഭവചരിത്രങ്ങൾ ഏറെക്കുറെ മങ്ങിക്കിടക്കുന്നു. അതിന്റെ
ഫലമായി പ്രാദേശിക ജീവിതത്തിെന്റ ബഹുസ്വരങ്ങൾ
കേൾപ്പിക്കാനും കാണിക്കാനുമുള്ള വിദഗ്ദ്ധമായ ആവിഷ്‌കാര
മാർഗങ്ങൾ നമുക്കില്ലാതെവരുന്നു. മാത്രമല്ല,
നമ്മുടേതുപോലൊരു നാട് അതിന്റെ കോസ്‌മോപൊളിറ്റൻ
സാദ്ധ്യതകളെല്ലാം മുക്കിക്കളഞ്ഞിട്ടു നാളേറെയായി. പക്ഷേ
ബന്ധങ്ങളെല്ലാം മുഴുവനോടെ പോയിട്ടില്ല. പലതരം
തദ്ദേശീയആവിഷ്‌കാരങ്ങൾകൊണ്ട് പലതും ഓരോരോ സമൂഹ
വൃത്തങ്ങളിൽ നടപ്പിലിരിക്കുന്നുണ്ട്. ഇവയ്ക്ക് ലോക
സംസ്‌കാരങ്ങളുമായി ബന്ധപ്പെടാനുള്ള അവസരമാണോ
ഇപ്പോൾ കൊച്ചി ബിനലേ അവതരിപ്പിക്കുന്നത്?
റിയാസ്: ഇതുവരെ നഷ്ടമായിരുന്ന ബന്ധങ്ങളാണ്
അന്വേഷിക്കുന്നത്. അത് കൊച്ചി ബിനാലേ മിഷൻ സ്റ്റേറ്റ്‌മെന്റി
ൽ ഉണ്ട്. വഴിയെ ഈ ബിനാലേ മറ്റു പല കാര്യങ്ങൾക്കും
ഉൽപ്രേരകമാകും. ഇന്ന് കൊച്ചിയിൽ നടക്കുന്ന
അടിസ്ഥാനസൗകര്യ പുരോഗതിതന്നെ നോക്കൂ.
ബിനാലേയുടെ മുഹൂർത്തം കൃത്യമാണെന്നുതന്നെ തോന്നുന്നു.
ഞങ്ങൾ ഈ പദ്ധതി ആവിഷ്‌കരിക്കുന്ന കാലത്ത്, കലയുടെ
മണ്ഡലത്തിനു പുറത്ത് കൊച്ചിയിൽ പല പ്രവർത്തനങ്ങളും
നടക്കുന്നുണ്ടായിരുന്നു. പഴയ കനാൽപാതകൾ
പ്രയോജനപ്പെടുത്തി കൊച്ചിൻ പോർട്ട് ട്രസ്റ്റ് പുതിയ ബോട്ട്
പാതകൾ നിർമിക്കുന്നു. നെടുമ്പാശ്ശേരി എയർപോർട്ട് മുതൽ
ഫോർട്ട് കൊച്ചി വരെ പുതിയ റോഡ്മാർഗവും
പണികഴിക്കപ്പെടുന്നു. ഒക്‌ടോബറോടെ രണ്ടു കപ്പൽ
ടെർമിനലുകൾ പ്രവർത്തന സജ്ജമാകുമെന്നറിയുന്നു.
ബിനാലേ ആശയം ഉണ്ടായപ്പോൾ നമ്മളറിഞ്ഞത് വല്ലാർപാടം
കണ്ടെയ്‌നർ ടെർമിനസ് പ്രവർത്തനം തുടങ്ങുെമന്നുമാത്രമാണ്.
ഇപ്പോൾ വിശദാംശങ്ങൾ നോക്കുമ്പോൾ ടെർമിനസ് ഒരു
ഇന്ധനം നിറയ്ക്കാവുന്ന നേരിട്ടുള്ള ഒരു കപ്പൽ ടെർമിനസ്
കൂടിയാകുമെന്നാണ് അറിയുന്നത്. സ്വപ്നംപോലും
കണ്ടിട്ടില്ലാത്ത പല സമാന്തര വികസനപ്രവർത്തനങ്ങളും
കൊച്ചിയിൽ നടക്കുന്നുണ്ട്. ബിനാലേ എന്ന ആശയം മുന്നോട്ടു
വയ്ക്കുമ്പോൾ കൊച്ചിയിലും മുസിരിസിലും അന്തർനിബദ്ധമായ
നാഗരിക സ്വഭാവം അടിസ്ഥാനമാക്കിയ പ്രവർത്തനങ്ങളാണ് ല
ക്ഷ്യം വച്ചത്.
കവിത: ഇന്ത്യയിലെ കലാലോകം ഈ ലക്ഷ്യത്തോട്
എങ്ങനെയാണ് ഇതുവരെ പ്രതികരിച്ചത്?
റിയാസ്: അവരിൽനിന്നും ആവേശം തുളുമ്പുന്ന
പ്രതികരണം ലഭിക്കുന്നു. ക്ലാസിക്കൽ കാലം മുതൽതന്നെ
അന്തർദേശീയ കല ഇന്ത്യൻ കലാ പ്രവർത്തകരുടെ
രക്തത്തിലുണ്ട്. ആരെങ്കിലും എവിടെയെങ്കിലും എപ്പോഴും
വിവിധ ലോകസംസ്‌കാരങ്ങളിൽ നിന്നും പ്രചോദനം
കൊണ്ടതായി ഇവിടെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ നമ്മളെല്ലാവരും
ഒരുമിച്ചുവന്ന് അത് ആഘോഷിക്കേണ്ട സമയമാണ്. കാര്യങ്ങൾ
കുറച്ചുകൂടി അടുത്തുനിന്ന് കാണാനുള്ള സാഹചര്യം ഇന്നുണ്ട്.
കവിത: വൈവിദ്ധ്യങ്ങളുള്ള ലോകകലാപ്രവർത്തനം
ഇവിടെ നമ്മുടെ തൊട്ടടുത്ത് എത്തുകയെന്നത് തത്വത്തിൽ
വളരെ പ്രചോദകമാണ്. ഭാവുകങ്ങൾ.