ചിമ്മിണി

ഷബിത എം.കെ.

കാട്ടാംവള്ളി റേഷൻ കടേന്ന് മാസാന്തം തൂക്കിപ്പിടിച്ചു വരുന്ന തുണിസഞ്ചിയുടെ മണം ഒരസ്സല് മണായിരുന്നു. അവസാനത്തെ ശനിയാഴ്ച കൃത്യം പന്ത്രണ്ട് പി.എം.ന് തെക്കേലെ ദാമോരേട്ടൻ നെരയിട്ട് പൂട്ടിക്കളയും. പിറ്റേന്ന് ഞായറായതുകൊണ്ടും അതിന്റെ പിറ്റേന്ന് ഒന്നാന്തിയായതുകൊണ്ടും ദാമോരേട്ടൻ
ഒന്നാഞ്ഞു പിടിക്കും.

കാട്ടാംവള്ളി പൊതുവിതരണ കേന്ദ്രത്തിന്റെ ലൈസൻസ് കയ്യിലിരിക്കുകാന്നു വച്ചാൽ പഞ്ചായത്ത് മെമ്പറെ വരെ വരിയിൽ നിർത്താൻ പവറുള്ളതല്ലേ. അളവുകാരൻ ആണി ശ്രീധരന്റെ ഹുങ്കൊന്നു കാണണം. ചിമ്മിണിത്തപ്പ് അടപ്പ് തുറന്ന് കയ്യിൽവച്ചുകൊടുത്താലേ ഒഴിച്ചുതരുള്ളൂ. ചിമ്മിണി യൊരു മൂലധനമായിരുന്നു ഞങ്ങൾക്കെങ്കിലും അത് കയ്യിലാവുന്നത് ഓർക്കാൻ വയ്യ. അരി തൂക്കിപ്പിടിക്കുന്ന കയ്യിലെങ്ങാനും ചിമ്മിണിയായാൽ പിന്നെ കണക്കായി. കാന്തം പിടിച്ചതുപോലെയല്ലേ അരിമണികളെ ചിമ്മിണി ആവാഹിച്ചു കളയുന്നത്. പിന്നെയതിന്റെ മണം തെളച്ച വെള്ളം കൊണ്ട് കഴുകിയാലും പോകൂല.

രാത്രി ചോറ് തിന്നാനിരിക്കുന്ന അച്ചാച്ചൻ പ്ലേറ്റിൽ കൈ കുത്തുന്നതിന് മുമ്പേ മുറ്റത്തേക്ക് വലിച്ചെറിഞ്ഞെങ്കിൽ അതിനർത്ഥം ചിമ്മിണിയും അരിയും പിരിയാൻ വയ്യാത്ത വിധം അടുത്തുപോയെന്നാണ്. അത് കൊണ്ടുതന്നെ റേഷൻ ഷാപ്പിലേക്ക് പോകുന്നതിന് മുമ്പേ അമ്മമ്മ മോന്തക്കൊരു നുള്ള് തരും.

‘കുട്ട്യോ അരീം ചിമ്മിണീം കൂട്ടിക്കലമ്പരുത് ‘.

മയിനാറത്തെ നാരാണിക്കുട്ട്യമ്മ, ചീരോത്തെ പാറു അമ്മ, തായാട്ടെ വെള്ളായിമ്മ, പിന്നെ ഒതയോത്തെ സൈനുമ്മ. ശനിയാഴ്ചകളിൽ പന്ത്രണ്ട് മണിക്കു മുമ്പത്തെ ഞങ്ങളുടെ വിരുന്നുകാരുടെയൊക്കെ കയ്യിലും വയറു നിറയുവോളം അന്നവുമുണ്ടാവും.

വിട്ടു പോകുന്ന താറ് ഇടയ്ക്കിടെ തിരുകിക്കുത്തി പാറുഅമ്മ ഒരു ചിരി ചിരിക്കും.

”ന്റെ ടോ ഓന്റെ അച്ഛൻ ചന്തൂനില്ലാത്തതെന്താടോ ഓനുള്ളത്. പന്ത്രണ്ടിന് പൂട്ടാൻ ഇതെന്താ ഓന്റാടുത്തെ മറ്റേ…”.

കറുത്ത പല്ലുകാട്ടി വെള്ളായിമ്മ ആദ്യം പൊട്ടിച്ചിരിക്കും. അപ്പോളേക്കും നാരാണിക്കുട്ട്യമ്മ സഞ്ചി തുറന്ന് ഒരു പിടി അരിവാരി മുറത്തിലേക്കിടും. സൈനുമ്മ രണ്ടു പിടി ഇടും. ഇച്ചിരി മുന്തി നിക്കണം ന്ന് സൈനുമ്മായ്ക്ക് നിർബന്ധാണ്. വെള്ളായിമ്മ സഞ്ചിക്കെട്ട് അഴിക്കാൻ നോക്കുമ്പോളെക്കും പാറുമ്മ ഇടപ്പെട്ടുകളയും.
‘ഇഞ്ഞ്യാ പൊലേന് കഞ്ഞി വെച്ച് കൊടുക്ക്. ഇപ്പോ ഇതു മതി’.

നാണ്യേ ഇപ്പഹേര് പുല്ലിൻകായാണ് തൂക്കിത്തന്നത്. മായം
ചേർക്കാൻ മൂടേരിണ്ട്.

അമ്മമ്മയൊന്ന് മുലയിളക്കി രണ്ട് ചേറ് ചേറുമ്പോളേക്കും പുല്ലിൻ കായകൾ മൊറത്തിന്റെ അറ്റത്ത് നിൽക്കും. അതുകാണുമ്പോൾ കോലായിൽ നിൽക്കുന്ന വെള്ളായി അമ്മയെ ഓർമ വരും.
അടുക്കളേൽ കയറി സൈനുമ്മ കൊടുവാളെടുത്ത് തമ്മിൽ വലിയ തേങ്ങ നോക്കി പൊളിക്കാനിരിക്കുമ്പോൾ കേൾക്കാം പാറു അമ്മയുടെ തൊള്ള തൊറന്ന ചിരി.

” ഓന്റേത് പൂട്ടിപ്പോയെടോ . ഓനാര്ക്ക് തൊറന്നു വെച്ചതാ”.

പിറകേ കേൾക്കുന്ന കൂട്ടച്ചിരികളിൽ പതഞ്ഞു വരുന്ന തോന്ന്യാസങ്ങളെ ഞങ്ങൾ ചെവികൊണ്ടൊപ്പിയെടുക്കാൻ നോക്കുമെങ്കിലും അമ്മമ്മമാരുടെയത്ര വൈഭവം ഞങ്ങൾക്കില്ലാത്തതുകൊണ്ട് നിരാശതന്നെ.

അരി വറുത്തതും തേങ്ങാപ്പൂളും കട്ടൻചായേം പള്ള നെറച്ചും
തിന്നും കുടിച്ചും അവരിറങ്ങിപ്പോകുമ്പോൾ മഴചോർന്ന ഇറ പോലെ.

”ഊയിന്റെടോ വായ്പ വാങ്ങിയ ചിമ്മിണി തന്നില്ലല്ലോന്നും പറഞ്ഞ് ആരെങ്കിലുമൊന്ന് തിരിച്ചു വരും. അടുപ്പിൻ തെണയിലെ കരിപാളിയ ചിമ്മിണി വിളക്ക് ശോഷിച്ച കാലുകൾ നീട്ടി കഴുത്തൊടിഞ്ഞു നിന്നു കൊടുക്കും. അലൂമിനി വിളക്കിന്റെ തിരിമൊട്ട് ഊരി അതിലേക്ക് ഒരു കുപ്പി ചിമ്മിണി കഴുത്തു മുട്ടെ നിറച്ചൊഴിക്കുമ്പോൾ ഒരു തുള്ളി പടരില്ല. കഴുത്തണേൽ അപ്പോൾ മൊരണ്ടിക്കൊന്ന പെടക്കോഴിയെപ്പോലെ ചെരിഞ്ഞു തന്നെ കിടക്കും.

ചിമ്മിണി വായ്പ ഒരു കുപ്പിയാണ് കണക്ക്.

പന്ത്രണ്ട് ലിറ്റർ പെർമിറ്റ് മണ്ണെണ്ണയ്ക്ക് പ്രത്യേകം കാർഡു തന്നെയാണ്. കുറ്റിയാട്ടെ വല്ല്യമ്മയ്ക്ക് മാത്രമാണ് പെർമിറ്റുള്ളത്.

വല്ല്യമ്മയ്ക്ക് ഇടയ്‌ക്കൊരു സ്‌നേഹമാണ്.

”ന്റോളാ ചിമ്മിണി വല്ല്യമ്മയ്ക്ക് കൊണ്ടത്തരീ. ഞാനിത്തിരി അവില് കൊയച്ചു തരാം”. തിരിച്ചു വരുമ്പോൾ കിട്ടുന്ന കൊഴച്ച അവിലിനെയോർത്ത് വെള്ളക്കൊക്കു പോലെ നീണ്ട ഞാൻ പന്ത്രണ്ട് ലിറ്റർ താങ്ങിപ്പിടിച്ച് ഓരോ വളവിലും നിന്ന് കൈകടച്ചിൽ മാറ്റി ഒരു വിധമെത്തും.

ചിമ്മിണി കിട്ടിയാൽ വല്ല്യമ്മയ്‌ക്കൊരു സന്തോഷമാണ്. ആരും കാണാതെ വെറകു പുരേലെ പത്തായത്തിൽ നിന്നും വല്യ കന്നാസെടുത്ത് അതിലേക്ക് കിട്ടിയതും കൂടി ഒഴിച്ചു വയ്ക്കും.
പിന്നെ അടുപ്പിനടുത്ത് ഹണിബീകുപ്പിയുടെ മൂട്ടിൽ നനയാൻ പാകത്തിൽ ഇത്തിരിയൊഴിച്ചു വയ്ക്കും. വല്ല്യമ്മയുടെ സമ്പാദ്യം പത്തായത്തിനകത്താണെന്ന കാര്യം എനിക്കു മാത്രമേ അറിയൂ.
ഞാനാരോടും പറയാൻ പാടില്ല.

അടുപ്പിൻ തിണയിൽ തെളിനീലക്കളറിൽ ചിമ്മിണിയങ്ങനെ തൊട്ടാലുലയും പോലെ ഇരിക്കുന്നതു കാണാൻ ഒരു രസം തന്നെയാണ്. ആ ചിമ്മിണി കണ്ടു പിടിച്ചതു രാധികേച്ചിയാണ്. രാധികേച്ചി
പിന്നെ പുകച്ചുരുളുകളായി വെറകു പുരയിൽ നിന്നുയർന്നു പൊങ്ങിയത് ഞാനും കണ്ടതാണ്. വേറൊന്നും കാണാൻ കഴിയാത്ത ത്ര പുകയായിരുന്നു അന്ന്.

രാധികേച്ചിയെന്തിനാണ് ചിമ്മിണിയൊഴിച്ച് തീയിട്ടതെന്ന് വല്ല്യമ്മയ്ക്കിന്നുമറിയൂല. അതിനു ശേഷവും ഞാൻ പെർമിറ്റ് മണ്ണെണ്ണ വാങ്ങിക്കൊണ്ടുക്കൊടുക്കുകയും, വല്ല്യമ്മ കന്നാസിലൊഴിച്ചു വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽ മൂക്കത്ത് വിരൽ വച്ചിട്ടെന്നോട് ചോദിച്ചു. ”ന്നാലും കുട്ട്യോ ഇച്ചിമ്മിണിയൊക്കെയേടപ്പോയി?”.
നിറച്ചു വെച്ച കന്നാസിന്റെ മൂട്ടിലൊരിത്തിരി കുലുക്കി നോക്കിയാൽ കുലുങ്ങും.

ഞാനതിന്റെ അടപ്പു നോക്കി. പ്ലാസ്റ്റിക് കടലാസ് കൊണ്ട് മുറുക്കിയിട്ടാണ് അടപ്പ് വച്ചത്.

മണ്ണെണ്ണ ആവിയായിപ്പോകുമെന്ന് ഷീലടീച്ചറാണ് പറഞ്ഞത്.

ആവിയായിപ്പോയ ചിമ്മിണിക്കുവേണ്ടിയായിരിക്കും രാധികേച്ചിയും വല്ല്യമ്മയും പോരടിച്ചത്. എന്നാപ്പിന്നെ അമ്മായി അമ്മയുടെ ചിമ്മിണീൽ തീരട്ടേന്നും വിചാരിച്ചുണ്ടാവും പാവം.

ആവിയായിപ്പോയ ചിമ്മിണീന്റെ കഥ ഞനാരോടും പറയാതിരിക്കാൻ അന്നെനിക്ക് രണ്ട് കൊഴുക്കട്ടയും നാല് പ
കാശത്തോടെത്തന്നെ ഞാനെടുത്ത് കൊറിച്ചത് മൂപ്പര് കണ്ടിട്ടും ഒന്നും മിണ്ടിയില്ല.
സൈനുമ്മാന്റെ മാപ്ല മമ്മദ്ക്കായുമായുള്ള വഴിതർക്കം തീർന്നിട്ടും അച്ഛാച്ഛന്റെ അയനിപ്ലാവ് മുറിച്ചു മാറ്റിക്കൊടുത്തിട്ടാണ് ഞങ്ങൾക്ക് കറണ്ട് കിട്ടിയത്. ഒന്നു സ്വിച്ചിട്ടാൽ പൂനിലാവുദിക്കുന്നത് തുള്ളിച്ചാടിക്കൊണ്ട് ഞങ്ങളാസ്വദിച്ചു. വെട്ടത്തു വരുന്ന പാറ്റകളെ പിടിച്ചു തിരിച്ചോടുന്ന പല്ലികളെ സാകൂതം നോക്കിയിരിക്കുന്നതു പതിവായി. ചുവരോട് ചുവരൊട്ടി പ്രണയിക്കുന്ന പല്ലികളെ ഒളികണ്ണോടെ നോക്കി നിന്നത് ഞാൻ മാത്രമല്ലെന്നെനിക്കറിയാം. അക്കാഴ്ച ഞങ്ങളന്ന് പരസ്പരം കാണിച്ചു കൊടുത്തില്ലെന്നു മാത്രം. അതായിരുന്നത്രേ ലൈംഗികത.

കറണ്ട് കിട്ടിയ കാര്യം പറയാതെ പിന്നേം ദാമോരേട്ടനെ രണ്ടു മാസം ഞങ്ങള് പറ്റിച്ചു. മൂന്നാം മാസം ദാമോരേട്ടൻ അഞ്ച് ലിറ്ററ് വെട്ടി രണ്ടാക്കി കയ്യിൽ തന്നപ്പോൾ കലിപ്പ് അമ്മമ്മയ്ക്കായിരുന്നു. ‘പണ്ടാരടങ്ങിപ്പോട്ടെ. ഓന്റെ അമ്മേന്റെ നെഞ്ഞത്ത് വച്ചോട്ടെ’.

അഞ്ചുലിറ്റർ കിട്ടാത്തത് മരിക്കും വരെ അമ്മമ്മയുടെ ഉള്ളിൽ നിന്നും എരിഞ്ഞിട്ടുണ്ടാവും.

ചക്ക നന്നാക്കുമ്പോൾ വെളഞ്ഞി പോക്കാൻ വിളക്കിന്റെ മൂടൊന്ന് കമഴ്ത്തി രണ്ട് കയ്യിലും തേക്കുന്നത് കാണാൻ നല്ല രസാണ്. ചോറിലെ ചിമ്മിണി മണം പിടിച്ചെടുക്കുന്ന അച്ഛാച്ഛന് ചക്കയിലെ ചിമ്മിണിയെ പിടികൂടാൻ പറ്റിയിട്ടില്ല. മരിക്കും വരെ. അമ്മമ്മയുടെ ഒരു വൈഭവം തന്നെ.

അനീഷ് സെബാസ്റ്റ്യനോടുള്ള എന്റെ പ്രണയം പരക്കുന്നത്പോ ലെ ഇരുത്തിയിൽ ഞാനുറ്റിച്ച ചിമ്മിണിയും പരന്ന് പരന്ന് ഇരിത്തി നിറഞ്ഞ് താഴേക്കൂർന്നിറങ്ങിയത് കാണാൻ നല്ല രസമായിരുന്നു. ഞാനൊരു ചിമ്മിണിയാണെന്ന് തോന്നിപ്പോയി. ഇങ്ങനെ പരന്ന് പരന്ന് സാന്ദ്രതകുറഞ്ഞൊഴുകി നിറയാൻ.

സൈനുമ്മാന്റെ മോള് മൈമൂനത്താത്ത ചിമ്മിണി കുടിച്ചതോടെയാണ് അതൊരു വെഷവുമായത്. രാരിമ്മേടെ വീട്ടിലെ ജയൻ മാമനെയും മൈമൂനത്താത്തയെയും തോട്ടുവക്കത്തെ വാഴത്തോപ്പിൽ കണ്ട കാര്യം നാട്ടിൽപ്പാട്ടായി. ജയൻ മാമന്റെ കാല് രാമൻകുട്ടി വല്യച്ഛൻ തല്ലിയൊടിച്ചപ്പം രാരിമ്മ നെഞ്ഞത്തടിച്ചതിനൊരു കാരണമുണ്ടായിരുന്നു. മൈമൂനത്താത്തയ്ക്ക് കഴിഞ്ഞ മാസം മുതൽ മാസക്കുളി മൊടങ്ങീനും.
ആദ്യം താലൂക്കിലും പിന്നെ ജില്ലാസ്പത്രീലും പിന്നെ മെഡിക്കൽ കോളേജിലും കൊണ്ടുപോയി. ഛർദിച്ച് തലചുറ്റി പള്ളയും പൊത്തിപ്പിടിച്ച് തേരട്ട ചുരുണ്ടതുപോലെ കിടക്കുന്ന മൈമൂനത്താത്തേന്റെ കൂടെപ്പോയത് അമ്മയായിരുന്നു. മമ്മദ്ക്കാ കാണുന്ന നഴ്‌സുമാരോടൊക്കെ ‘കുട്ടീന്റെ വയറ് കയ്കിത്തരീ… കുട്ടീന്റെ
വയറ് കയ്കിത്തരീന്നും’ പറഞ്ഞ് കരഞ്ഞ് നടന്നു. മമ്മദ്ക്കാക്കും ഒരു പ്രതീക്ഷയുണ്ടാവും. വയറ് കഴുകിയാൽ ‘മറ്റേതും’ പോയി ക്കിട്ടീലോ.

അന്നാണ് അമ്മയൊരു സാർവലൗകിക സത്യമറിഞ്ഞത്. മണ്ണെണ്ണ അഥവാ കെറോസിൻ കുടിച്ചാൽ വയറു കഴുകാൻ പാടില്ല. വിഷമായിരുന്നു കുടിച്ചതെങ്കിൽ അഞ്ചാറു പ്രാവശ്യം വയറ് മോറികൊടുക്കാമായിരുന്നു. ഡോക്ടറെ നോക്കി കണ്ണുമിഴിച്ച മമ്മദ്ക്കാ മൈമൂനത്താത്തേനോട് ആദ്യമായി മിണ്ടി.

‘നായിന്റെ മോളെ കുരുടാൻ ഇയ്യ് കണ്ടില്ലായ്‌നോ’. മൈമൂനത്താത്ത കെടക്കുന്ന കെടപ്പ് കണ്ടതു മുതൽ ഇന്നും ഞങ്ങളുടെ നാട്ടിലൊരു ചൊല്ലുണ്ട്.

”ചിമ്മിണി കുടിച്ച മൈമൂന കെടക്കുന്നതുപോലെ”. അതിന്റെ ഉപജ്ഞാതാവ് അമ്മ മാത്രമാണ്.

മൈമൂനത്താത്ത പത്ത് ദിവസം കെടന്നു. ഒന്നും തിന്നാനാവാതെ, വെള്ളം കുടിക്കാനാവാതെ, മൂത്രത്തിലും വിയർപ്പിലും ചിമ്മിണി മണം മാത്രമറിഞ്ഞ് ഒരു കണക്കിന് ജീവൻ തിരിച്ചു പിടിച്ചു.

പിറ്റേ മാസം സൈനത്താത്ത മൈമൂനത്താനേം കൊണ്ട് തോട്ടിൽ കുളിക്കാൻ പോയപ്പോൾ കണ്ണിൽ കണ്ട അപ്പേനോടും തുമ്പേനോടുമൊക്കെപ്പറഞ്ഞു. ”മാസക്കുളിയായിട്ട് ന്നേക്ക് നാലായി. ഒന്ന് നല്ലോണം കുളിച്ചോട്ടെ”.
കേട്ടവർ കേട്ടവർ രണ്ട് പക്ഷത്തായി.

പക്ഷം ഒന്ന് :- മൈമൂനാക്ക് പള്ളേലുണ്ടായിരുന്നില്ല.
പക്ഷം രണ്ട് :- മെഡിക്കൽ കോളേജിൽ നിന്നും പള്ളേലായതിനെ പോക്കി.

ഇതുരണ്ടും ഞങ്ങൾ സൗകര്യത്തിനനുസരിച്ചു വിശ്വസിച്ചു എന്നതാണ് സത്യം. ഞങ്ങളുടെ കര്യത്തിനനുസരിച്ചു മാത്രം വിശ്വസിച്ചു എന്ന് തിരുത്തിപ്പറയുന്നു.

എന്തായാലും അന്നു പിടിപ്പെട്ട ശ്വാസംമുട്ട് കഴിഞ്ഞ വർഷമാണ് മൈമൂനത്താത്തയേയും കൊണ്ട് ഖബറടങ്ങിയത്. മൊടക്കാലൻ അബൂബക്ക് മക്കളുണ്ടാവാത്തതുകൊണ്ട് ‘അതിറ്റുങ്ങളുടെ
കാര്യം’ എന്നു പറഞ്ഞാരും മൂക്കത്ത് വിരൽ വച്ചില്ലെന്ന് മാത്രമല്ല അബുക്കാന്റെ ഇട്ടതും ഉടുത്തതും തിരുമ്പാൻ ബീവിത്താത്താനെകൊണ്ട് കെട്ടിച്ചതും മമ്മദ്ക്കായാണ്. ഞങ്ങളെ നാട്ടിൽ അറ്റാക്കായി ആദ്യം മരിക്കുന്നതും മമ്മദ്ക്കായാണ്.
ചിമ്മിണിക്കന്നാസുകൾ പൂപ്പൽ പിടിച്ച് നരച്ചു പോയത് ആദ്യം വല്യമ്മയുടേതാണ്. കരിഞ്ഞ പത്തിരി കളയാൻ മനസ്സില്ലാതെ തിന്നതു കൊണ്ട് മാത്രം വന്ന കാൻസർ മൂലം വല്യമ്മ മരിച്ചപ്പോൾ രണ്ട് പക്ഷമുണ്ടായിരുന്നു.

പക്ഷം ഒന്ന് :- കാൻസർ വന്ന ശവം കത്തൂല. ഉപ്പ് ചാക്കിട്ട് കുഴിച്ചുമൂടണം.
പക്ഷം രണ്ട് :- ഹിന്ദുക്കളെ മാനം മര്യാദയ്ക്ക് സംസ്‌കരിക്കണം.

നിലപാടിൽ രണ്ടാമതിന് തൂക്കം കൂടുതലുണ്ടെന്ന് മനസ്സിലാക്കിയ ഞങ്ങൾ കുടുംബക്കാർ വല്യമ്മയെ ചേരിയും ചിരട്ടയും വച്ച് കത്തിച്ചു. പത്തായത്തിലെ ബാക്കിവച്ച ചിമ്മിണി കന്നാസോടെ ചൂളയിലേക്കൊഴിക്കുന്നത് ഞാനീ കണ്ണോടെ കണ്ടതാണ്. ഞങ്ങളെ നാട്ടിലെ ആദ്യത്തെ കാൻസർ മരണം വല്യമ്മയുടേതുതന്നെയായിരുന്നു.
പത്താം ക്ലാസിലെ പരീക്ഷയെഴുതിയിരുക്കുമ്പോൾ റിസൾട്ടിന്റെ രണ്ടു ദിവസം മുമ്പേ എല്ലാവരും കാണേ അടുക്കളയിലെ ചിമ്മിണിക്കന്നാസുകൾ ഞാനൊന്നു തുറന്നു നോക്കി. അമ്മയതു കണ്ടു. അമ്മമ്മയും കണ്ടു. ഇരുന്നൂറ്റിപ്പത്തു തികയ്ക്കാതെ അന്തസ്സായി തോറ്റ എന്നോടാരും ഒന്നും മിണ്ടിയില്ല.

എല്ലാം ചിമ്മിണിയുടെ കടാക്ഷം.

നാരാണിമ്മയാണ് ആദ്യം പോയത്. പിന്നെ വെള്ളായിമ്മ.
സൈനുമ്മ ഇപ്പോഴും കൂനികൂടി നടപ്പുണ്ട്. ആളെയറിയാതെ അമ്മമ്മ കണ്ണും തുറന്നു കിടക്കുമ്പോൾ പാറുഅമ്മ വന്നൊരു വിളി വിളിച്ചു.

”നാണ്യേ ഒരു വെളക്ക് ചിമ്മിണി കടം താ മോളെ. നാണ്യേ നോക്ക് ഇതാരാ വന്നേന്ന്. ഇണീറ്റാ മൊറം എട്ത്തിട്ട് വാ. മ്മക്ക് ഇത്തിരി അരി വറുത്ത് തേങ്ങാപ്പൂളും കട്ടൻ ചായേം കുടിക്കാം”.

അമ്മമ്മേന്റെ കണ്ണിൽ നിന്നും ഓരോ ചാല് കീറി ഒലിച്ചിറങ്ങിയ കണ്ണീരിന് ചിമ്മിണിയേക്കാൾ സാന്ദ്രത കൂടുതലായിരുന്നു.

രണ്ട് ലിറ്റർ കന്നാസിൽ നിന്നും ഒരു ലിറ്ററായി രൂപമാറ്റമില്ലാതെ ചിമ്മിണിയെന്നാലും ഞങ്ങളെപ്പിരിയാതെ തൊട്ടും മണത്തും ഈയടുത്തകാലം വരെ പിടിച്ചു നിന്നിരുന്നു. പാവം പ്രതിരോധശേഷി നഷ്ടപ്പെട്ട ശരീരം പോലെ അഞ്ഞൂറ് മില്ലി ലിറ്ററായി ചുരുങ്ങിപ്പോയപ്പോഴാണ് ഒരു പൂതിക്ക് കാട്ടാംവള്ളി റേഷൻകടയിലെ
ക്യൂവിലേക്ക് ‘ഒരു വട്ടം കൂടി’യെന്ന മൂളിപ്പാട്ടുമായി കന്നാസുമെടുത്ത് ഞാൻ നടന്നത്. ദാമോരേട്ടന്റെയും ആണി ശ്രീധരന്റേയും ചില്ലിട്ട ഫോട്ടോയ്ക്കു താഴെയൊരു പയ്യൻ ഇരുന്ന് എന്നെയാകമാനമൊന്നു നോക്കി.

പിന്നെ ചുണ്ടു വക്രിച്ച് റേഷൻ കാർഡ് തിരിച്ചു തന്നെന്നോട് പറഞ്ഞു.

ഫിംഗർ പ്രിന്റും റേഷൻകാർഡും മാച്ചാവുന്നില്ലെന്ന്.

തിരിച്ചു നടക്കുമ്പോൾ എന്റെ കന്നാസിലിരുന്നു കുലുങ്ങിയ സാന്ദ്രതയില്ലാത്തയാ ഇത്തിരി തുള്ളി ദ്രാവകത്തെ നോക്കി ഞാനുറക്കെപ്പറഞ്ഞു.

‘ചിമ്മിണീ നീയൊരു സംസ്‌കാരമായിരുന്നു’