ചുംബനചിത്രം

ആഷ് അഷിത

രണ്ടു ചുംബനങ്ങൾ
ഒരാൺ ചുംബനവും
പെൺ ചുംബനവും
ബസ് കാത്തിരിപ്പാണ്.

വഴിപോക്കർ തുപ്പിയെറിഞ്ഞ
തേവിടിശ്ശിക്കറ മറക്കാനവൾ
ഉടയാടയിൽ സ്വയം പൊതിഞ്ഞിടുണ്ട്.

അടിയേറ്റു തിണർത്ത
സദാചാരപ്പാടുകൾ
കാണാതിരിക്കാനയാൾ ഭൂമിയോളം
കുനിഞ്ഞിരിപ്പാണ്.

ഒരു ബസ് വരുന്നു
പല മുഖങ്ങളെ കോരിയെടുത്ത്
അകലങ്ങളിൽ മറയുന്നു.

മറ്റൊരു ബസ് വരുന്നു
പല ദേഹങ്ങളെ പുറന്തള്ളുന്നു.

അവർ ബസ് കാത്തിരിക്കുന്നു
അവർക്ക് ദാഹിക്കുന്നു, വിശക്കുന്നു,
പുകമറയോ മദ്യലഹരിയോ മോഹിക്കുന്നു
കൊല്ലണമെന്നോ ചാവണമെന്നൊ തോന്നലുകൾ
കടന്നൽകൂട്ടമായി ആക്രമിക്കുന്നു.

മുറിവുകളിൽ വേദന പഴുക്കുന്നു

ചുംബിച്ച കുറ്റത്തിന്
കഴുവേറ്റുമെന്നറിയുന്നു.

കരയാനറിയുന്നവർക്ക്
മാത്രമറിയുന്ന ഭാഷയിൽ
അവർ കരയുന്നു

വിരലുകൾ കോർക്കുമ്പോൾ
വിലക്കപ്പെട്ട കനികൾ
പൊഴിയുന്നു

ചുംബിച്ച വെറും ചുണ്ടുകളിൽ
ആൺ കണ്ണീരും
പെൺ കണ്ണീരും
പരസ്പരം പുണരുന്നു.

അയാളുടെ –
നിരാശാമുടികളെ, കണ്ണീർകണ്ണുകളെ,
നിസ്സഹായ നെറ്റിയെ, നെഞ്ചിലെ
നര വീണ രോമക്കാടുകളെ,
അരയ്ക്കു താഴെ അനാഥമായ
ആണിടങ്ങളെ,
പേടികളെ, ഏകാന്തതയെ…
അവൾ ചുംബിക്കുന്നു.

അവളുടെ –
ഭയം കൊരുത്ത മുടിയിഴകളെ
വാടി നിന്ന കൺപൂക്കളെ
വേർപെട്ട ചുണ്ടിണകളെ
പല തലമുറകൾ കുടിച്ചു വറ്റിച്ച
മുലകളെ, വിശപ്പൊട്ടിപ്പിടിച്ച
പേറുനിലത്തെ, പലർ കീറിപ്പറിച്ച
പെണ്ണിടവഴികളെ…
അയാൾ ചുംബിക്കുന്നു.

കല്ലെറിയാൻ മാത്രമറിയുന്നവരുടെ
ബസ് വന്നു നിൽക്കുന്നു.

ചുംബിച്ച കുറ്റത്തിന്
കഴുവേറ്റുമെന്നറിയുന്നു.
ചുംബനം തീണ്ടാതെ മരിച്ചവരുടെ
പുഴു തിന്ന ഹൃദയങ്ങളിൽ
പൂമ്പാറ്റയായി വിരിയണമെന്നവർ
ചുണ്ടുകളിൽ എഴുതിച്ചേർക്കുന്നു.