നവകഥനം: സുനിൽ സി.ഇ.യുടെ ലേഖനത്തോടുള്ള പ്രതികരണം

ഗ്രേസി

സുനിൽ സി.ഇ.യുടെ ‘മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാളകഥയും തമ്മിലെന്ത്?’ എന്ന ലേഖനത്തോടുള്ള പ്രതികരണം

മലയാളകഥയുടെ തുടക്കത്തിൽ മിക്ക കഥാകൃത്തുക്കളും നീളമേറിയ കഥകളാണ് എഴുതിയിരുന്നത്. എക്കാലത്തെയും മികച്ച
കഥകളിലൊന്നായ ഉറൂബിന്റെ ‘രാച്ചിയമ്മ’ ദീപസ്തംഭം പോലെ
നെടുകെ നിൽക്കുന്നുണ്ടുതാനും. അതുകൊണ്ട് കഥകൾക്ക് നീളമേറുന്നത് ഒരു പുതിയ പ്രവണതയല്ല. ജീവിതം കൂടുതൽ തിരക്ക്
നിറഞ്ഞതായിത്തീർന്ന ഇക്കാലത്ത് ഒരുപക്ഷേ, നീളമേറിയ കഥകൾ ചിലരിലെങ്കിലും ഒരസ്വസ്ഥതയോ മുഷിപ്പോ ഉണ്ടാക്കുന്നുണ്ടാവാം. പ്രമേയം ആവശ്യപ്പെടുന്നുവെങ്കിൽ തീർച്ചയായും കഥയ്ക്ക്
നീളമാവാം. അല്ലാതെ നീളത്തിലാണ് കഥയുടെ കേമത്തമിരിക്കുന്നത് എന്ന് ആരെങ്കിലും ധരിച്ചുവശായാൽ അത് ഒരു തെറ്റിദ്ധാരണ മാത്രമായിരിക്കും. മുൻനിരയിൽ സ്ഥാനമുറപ്പിച്ച പുതിയ
കഥാകൃത്തുക്കളിൽ പലരും നല്ല മെയ്യൊതുക്കമുള്ള കഥകളെഴുതുമ്പോൾതന്നെ ചില നീളൻ കഥകളും എഴുതുന്നത് പ്രമേയം
ആവശ്യപ്പെടുന്നതുകൊണ്ടു മാത്രമാണ്. ഉണ്ണി ആറിന്റെ ‘ലീല’,
‘ഒരു ഭയങ്കര കാമുകൻ’, എസ്. ഹരീഷിന്റെ ‘ആദം’ തുടങ്ങിയ കഥകൾ ഈ സന്ദർഭത്തിൽ ഉദാഹരിക്കാവുന്നതാണ്. നീണ്ടു നീണ്ടു
പോകുന്ന കഥകളെഴുതാത്തതുകൊണ്ട് സുഭാഷ് ചന്ദ്രനും
സന്തോഷ് എച്ചിക്കാനവും മികച്ച കഥാകൃത്തുക്കളല്ലാതെയാവുമോ? തങ്ങളെ ഏതെങ്കിലും തരത്തിൽ സ്പർശിക്കുകയോ ഉണർ
ത്തുകയോ ചെയ്യുന്ന കഥകളെ വായനക്കാർ അംഗീകരിക്കും.
അല്ലാത്തവയെ തള്ളിക്കളയുകയും ചെയ്യും. അതുകൊണ്ട് ഏതുകാലത്തും നല്ല കഥകൾ, ചീത്ത കഥകൾ എന്നിങ്ങനെയൊരു
വർഗീകരണത്തിന് മാത്രമേ പ്രസക്തിയുള്ളൂ. ആഴ്ചപ്പതിപ്പുകളി
ലേക്ക് കഥകൾ തിരഞ്ഞെടുക്കുമ്പോൾ പത്രാധിപന്മാരും ഇതൊക്കെത്തന്നെയാവും കണക്കിലെടുക്കുക.
പക്ഷേ, സുനിൽ സി.ഇ.യുടെ ലേഖനം വായിക്കുമ്പോൾ മലയാളഭാഷയെ സ്‌നേഹിക്കുന്നവർ പരിഭ്രാന്തരാവുകതന്നെ ചെയ്യും.
സത്യം ലളിതമായിരിക്കുമെന്ന് ഈ ലേഖകൻ വിശ്വസിക്കുന്നതായി തോന്നുന്നില്ല. അതുകൊണ്ടാണ് ലേഖകൻ നവമലയാളകഥയുടെ ‘പരസ്യസമുദ്രമേതെ’ന്ന് അന്വേഷിക്കുന്നത്. ‘സമകാലിക യാഥാർത്ഥ്യങ്ങളുടെ വേരുകൾ ഓടിനിൽക്കുന്ന ദിവ്യദർശന ഭൂമിയുടെ സന്തതിയാണ് പുതിയ കഥ?’ എന്ന് കണ്ടെത്തുന്നതും. കഥയ്ക്ക് ഒരു ദർശനമുണ്ടായാൽ നന്ന്. എന്നാൽ അതിന് ദിവ്യ
ത്വവുമായി ബന്ധമൊന്നുമില്ല. തന്നെയുമല്ല, ലേഖകൻ കരുതുന്നത് ‘കഥാകൃത്തിന്റെ സ്വയംപ്രകാശനത്തിന്റെ ഉന്മാദഭൂമിയായി
കഥ മാറിയിട്ട് അധികകാലമായിട്ടില്ല’ എന്നാണ്. കഥയെന്നല്ല
ഏത് സാഹിത്യരൂപവും ഏതുകാലത്തും എഴുത്തുകാരന്റെ സ്വയംപ്രകാശനമാണ്. സാഹിത്യരചനയ്ക്കാകട്ടെ ഉന്മാദവുമായി ഗോത്രബന്ധമുണ്ടുതാനും. ‘ഒരു പ്രധാന കാര്യം പറയാൻ വേണ്ടി മാത്രം
കഥയെഴുതുന്നവരുമുണ്ട്’ എന്ന നിരീക്ഷണത്തിലും അപാകതയുണ്ട്. അതിന് ഏറ്റവും പറ്റിയ മാധ്യമം ലേഖനംതന്നെയാണ്. കഥയിൽ കാര്യമുണ്ടെങ്കിലും കാര്യത്തിൽ കഥയുണ്ടാകണമെന്നില്ല.
ഭാഷയെ കൂടുതൽ പ്രകാശത്തോടെ തിളങ്ങാൻ സഹായിക്കുകയെന്നത് പുതിയ കഥാകൃത്തിന്റെ വലിയ ഉദ്യമമായി ലേഖകൻ
വിലയിരുത്തുന്നുണ്ട്. ഏതുകാലത്തും സാഹിത്യരചനയുടെ
പ്രധാന ഉപകരണം ഭാഷയാണ്. അതുകൊണ്ട് സ്വന്തം ഉപകരണം മൂർച്ച കൂട്ടുകയും തിളയ്ക്കുകയുമൊക്കെ എഴുത്തുകാർക്ക് ഒഴി
ച്ചുകൂട്ടാനാവാത്ത കൃത്യങ്ങളാണ്. ലേഖകൻ കരുതുമ്പോലെ
പുതുകഥാകൃത്തുക്കൾ മാത്രമല്ല ‘ഭാവനയുടെ തീ കൂട്ടിക്കുഴയ്ക്കുന്നത്’. എഴുത്തുകാരനിലെ അഗ്നി അവന്റെ പ്രതിഭയാണ്. അതി
ല്ലാതെ ഒരെഴുത്തുകാരനും മികച്ച രചന നടത്താനാവില്ല. ലേഖകൻ കണ്ടെത്തുന്നതുപോലെ കഥകളിൽ തിന്മകൊണ്ട് നിർമിക്ക
പ്പെട്ട മനുഷ്യനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത് ഒരു
പുതിയ പ്രവണതയുമല്ല. ടി.വി. കൊച്ചുബാവയുടെ കഥകൾ
അതിന് ഒന്നാന്തരം ഉദാഹരണങ്ങളാണ്. ആ കഥകളിലെ കൂരിരുളിൽപ്പെട്ട് ഉഴലുമ്പോൾ ഏത് വായനക്കാരനും ഒരു കൈത്തിരിവെട്ടത്തിന് കൊതിച്ചുപോവും. അതുതന്നെയാണ് ആ കഥകൾ നിറവേറ്റുന്ന ധർമവും.
‘കഥാനിർമിതിക്ക് വേണ്ടി നവകഥാകൃത്ത് ജീവിതനിയമങ്ങ
ളുടെ ക്രമംതെറ്റിപ്പുകാരനായി മാറുന്നുണ്ട്’ എന്നും ‘ഭാവനയെ ഒരു
പ്രാദേശിക രഹസ്യം പോലെ അവതരിപ്പിക്കുന്ന പുതിയ പ്രവണതയുണ്ട്’ എന്നുമൊക്കെ ലേഖകൻ എഴുതിവിടുമ്പോൾ വായന
ക്കാർക്ക് എന്ത് മനസ്സിലാവും? കഥാചർച്ച പുരോഗമിക്കുമ്പോൾ
ആരോഗ്യത്തിന്റെ കുഴപ്പങ്ങൾ, കഥഭാഷയുടെ പുതിയ ആരോഗ്യം, ആരോഗ്യത്തിന്റെ രോഗങ്ങൾ എന്നിങ്ങനെയുള്ള വികല
പ്രയോഗങ്ങളിൽ ഭാഷയെ സ്‌നേഹിക്കുന്നവരുടെ അടിവേരുകൾ
പറിഞ്ഞുപോവും. ‘കഥയ്ക്കുള്ളിലെ അനാരോഗ്യത്തിന്റെ ഇടയിൽ
നിന്നും പൊന്തിവരുന്ന ആരോഗ്യ’ത്തെക്കുറിച്ചും ‘ജീവിക്കുന്ന
ബോധത്തിന്റെ കലാപരമായ വിവർത്തനമാക്കി കഥയെ സംരക്ഷിക്കാനുള്ള നവകഥാകൃത്തുക്കളുടെ ശ്രമ’ത്തെക്കുറിച്ചുമൊക്കെ വായിക്കുമ്പോഴാകട്ടെ, വായനക്കാരിൽ ശേഷിക്കുന്ന
പ്രാണനും പൊയ്‌പ്പോവും.
അതാത് കാലങ്ങളിൽ ‘നവ’ങ്ങളായി ഘോഷിക്കപ്പെടുന്നവയാണ് പഴയതായിത്തീരുന്നതെന്ന തിരിച്ചറിവ് നിരൂപകനുണ്ടാവേണ്ടതുണ്ട്. കഥാകൃത്തുക്കളെ, പഴയവരായാലും പുതിയവരായാലും, ഇകഴ്ത്തുകയോ പുകഴ്ത്തുകയോ ചെയ്യുകയല്ല നിരൂപകധ
ർമം. കഥകളെയാണ് നിശിതമായി വിലയിരുത്തേണ്ടത്. പാരമ്പര്യത്തെ പരിഹസിക്കുന്നവർ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘കൂലി
പ്പണിക്കാരന്റെ ചിരി’ എന്ന കവിത മനസ്സിരുത്തി വായിക്കുന്നത്
നന്നായിരിക്കും. ‘കുഞ്ഞേ, ചെറുപ്പത്തിലിതിലപ്പുറം തോന്നും,
എന്നോളമായലടങ്ങും’ എന്ന അർത്ഥപൂർണമായ വരിക്ക് ഈ
ലേഖനം വായിക്കുമ്പോൾ കൂടുതൽ തിളക്കം കൈവരുന്നതായി
അനുഭവപ്പെടും.
കെ.പി. അപ്പന്റെ അഭിപ്രായത്തിൽ നിരൂപണം അത്ര സർഗാത്മകമല്ല. എങ്കിൽക്കൂടിയും സർഗാത്മക സാഹിത്യകാരനെപ്പോലെതന്നെ നിരൂപകനും ഭാഷയെ തേച്ചുമിനുക്കിയെടുക്കേണ്ടതുണ്ട്. കുടിലപ്രയോഗങ്ങൾ ഭാഷയുടെ അർത്ഥം നഷ്ടപ്പെടുത്തും.
കപടമായ ഭാഷയാകട്ടെ കൃത്യമായ ആശയ വിനിമയം നടത്തുകയുമില്ല. ഈ ലേഖനംതന്നെ ഒന്നാന്തരം തെളിവാണ്.