പരിഹാരം

സുനിൽ ജോസ്

ഇരുപത്തെട്ടു പേർ മുഖം നോക്കിയ
ഒരു കണ്ണാടിക്കു മുമ്പിൽ
ഞാൻ മുഖം നോക്കാനെത്തുന്നു.

എനിക്ക് എന്റെ മുഖം
ഓർമയുണ്ട്
കണ്ണാടിക്ക് കണ്ണാടിയുടെയും മുഖം
ഓർമ കാണും

ഇത്രവേഗം അതെങ്ങനെയാണ്
ഓരോ മുഖത്തെയും ഓർത്ത്
മറക്കുന്നത്?

ആദ്യം കണ്ട മുഖത്തിന്റെ
ഓർമകൾ
അവസാനം മുഖം നോക്കിയവന്റെ
മുഖത്തിൽ പടർന്നിരിക്കുമോ?

കണ്ണാടി കണ്ട സൗന്ദര്യം
കണ്ണാടി കണ്ട വൈരൂപ്യത്തെ
കുറച്ചൊന്നു മിനുക്കിയെടുത്തിരിക്കുമോ?

കണ്ണാടി കണ്ട കണ്ണീര് അത് കണ്ട പുഞ്ചിരികൊണ്ട്
കണ്ണാടി കണ്ട കലഹം അത് കണ്ട പ്രണയംകൊണ്ട്
പരിഹരിക്കപ്പെടുമോ?

കണ്ണാടിയിൽ എനിക്ക് എന്നെ കാണാനായിട്ടില്ല
ഇന്നോളം.

കണ്ണാടി ഒന്നിനും പരിഹാരമല്ല
പകരവും.