പാട്ടിലൂടെ ഒഴുകിപോകുന്ന ബസ്സ്

അക്ബർ

ഒരു ബസ്സ് നിറയെ പാട്ടുമായി പോകുന്നു
ഡ്രൈവർ പാട്ടിനൊപ്പിച്ച്
വളയം തിരിച്ച് ആഘോഷിക്കുന്നു
പുറത്തുള്ള മഴയും നിറയുന്നു
വഴിയിലുടനീളം ആരും കൈകാട്ടുകയോ
കാത്തു നിൽക്കുകയോ ചെയ്യുന്നില്ല
തെങ്ങിൻതലപ്പും പാട്ടിലാടുന്നു
ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക്
ആളുകൾ വരുന്നു പോകുന്നു.

ബിസ്സിറങ്ങിയപ്പോൾ കണ്ട
കടത്തിണ്ണയിൽ
പത്തുവർഷം മുമ്പ് ഒരാൾ നിന്നിരുന്നു
അതിന്റെ ഓർമ അവിടെ ചാറുന്നു
അതും കടന്ന് ആശുപത്രി വഴിയേ പോകുന്നു

അതിനടുത്ത പള്ളിമുറ്റത്ത്
കർത്താവും പാട്ട് നനയുന്നു
ആശുപത്രിയിൽ, ഐസിയുവിൽ
മഴ ശ്വാസം ആഞ്ഞ് വലിക്കുന്നു
കാട്ടിലേക്ക് ഒഴുക്കി വെയിലിൽ കുളിച്ച്
പാട്ട് കേൾക്കുമ്പോൾ കണ്ണ് നനഞ്ഞത് മാത്രം
ആരൊക്കെയോ കാണുന്നു
ബസ്സ് നിറയെ പാട്ടുമായി
മല കേറി പോരുന്നു
ബസ് മഞ്ഞു പുതച്ച് നിൽക്കുന്നു.