പെരുമഴ നനയുന്നവർ

സുരേഷ് കുറുമുള്ളൂർ

എവിടെയോ കണ്ടു
മറന്ന മുഖങ്ങൾ
നിഴലാട്ടമായെന്റെ
മുന്നിൽ നിൽക്കേ…

കാലത്തിനപ്പുറം
വാക്കുമറന്നപോൽ
വീണ്ടും തനിച്ചിതാ
ഞാൻ കിടന്നീടുന്നു…

നെഞ്ചിൽപ്പിടയുന്ന-
യുഷ്ണദിനങ്ങൾ
മുന്നിൽ നിലവിളി
ആരവങ്ങൾ……

കാടകം കാണുവാൻ
നീവരുന്നോയെന്ന്
കാതരയായി നീയ-
ന്നെന്റെ മുന്നിൽ…
നീലക്കൊടുവേലി
പൂത്തുനിൽക്കുന്നൊരാ
നീലമല കേറി-
യന്നു നമ്മൾ…

കണ്ണിൽ നിറഞ്ഞ
വസന്തമായന്നു നീ
എന്നിൽ കിനാവായ്
പൂത്തു നിന്നു…

നമ്മൾ പരസ്പര-
മന്യരായെപ്പൊഴോ
പിന്നെ നാം
കാണുന്നതിന്നു മാത്രം…

ആരൊക്കെയാണെൻ
മുന്നിൽ വരുന്നതെ-
ന്നാകുലചിത്തനായ്
ഞാൻ കിടക്കേ…

കയ്യിൽ കരുതിയ
ചെമ്പനീർപ്പൂവൊന്നു
മെല്ലെ നീയെൻ നെഞ്ചിലർ-
പ്പിക്കുമ്പോൾ…

കരയാതെ കാത്തു
നീ, വച്ചൊരാ
കണ്ണീരിൻ
പെരുമഴ പെയ്തു
നനയുന്നു ഞാൻ…

മൊബൈൽ: 9447598757