പ്രഭാത നടത്തം

അബ്ദുള്ള പേരാമ്പ്ര

പ്രഭാതനടത്തത്തിനിറങ്ങിയതായിരുന്നു
കാക്കകൾ ഉണർന്നിരുന്നില്ല
മരങ്ങൾക്കു മീതെ
പറവകളുടെ സിംഫണിക്ക് തുടക്കം കുറിച്ചിരുന്നില്ല
മഞ്ഞിന്റെ പുതപ്പ് വലിച്ചിട്ട്
ചുരുണ്ടുകിടന്നു മലയും വയലും
നഗ്‌നപാദങ്ങൾ
ഭൂമിയിലുരസുമ്പോഴുണ്ടാവുന്ന ഒച്ച മാത്രം
പാലം കടക്കുമ്പോൾ
മുന്നിലാരോ നടക്കുന്നതായി തോന്നി
ഇത്ര പുലർച്ചയ്ക്ക്
ഉണർന്നു നടക്കുന്നതാരാവും?

കള്ളനാവുമോ,
അതോ
ജാരനോ?
അടയുന്നുവോ വാതിലുകൾ, ജാലകങ്ങൾ?
നടന്നു നടന്ന്
എന്നും വിയർപ്പാറ്റാറുള്ള
ആൽത്തറയ്ക്കു കീഴെ എത്തി
അപ്പോൾ
അയാളുണ്ട് ആൽത്തറയിലിരിക്കുന്നു
അടുത്തേക്ക് ചെല്ലാം
ആരാണെന്നു ലോഗ്യം കൂടാം എന്നുവച്ച്
ഒന്നോ, രണ്ടോ അടി
മുന്നോട്ട് ഗമിച്ചതാണ്

ആ നേരം
ആൽത്തറയിൽ നിന്നും ഒരു ചോദ്യം:
”അല്ലാ, നിങ്ങളെന്താ
ആൽത്തറയിൽ ഒറ്റയ്ക്കിരിക്കുന്നത്?”
എന്റെ അന്ധാളിപ്പിനു മീതെ
കാക്കകൾ കരഞ്ഞു തുടങ്ങി
മരങ്ങളിൽ പറവകൾ സിംഫണിയിട്ടു.