ബഹുമാനക്കുറവല്ല, ആശ്വാസം

മാനുഷി

വലതുകാൽ ഇടതുകാലിന്മേൽ കയറ്റിവച്ച്
ഇരിക്കുന്നത്
എന്റെ ധിക്കാരമോ, സ്വഭാവമോ അല്ല;
നിങ്ങൾ അമ്പരക്കണ്ട!
എല്ലാം തുലഞ്ഞുപോയെന്ന് വിളിച്ചുകൂവുകയും വേണ്ട.

ഇത് സദാചാരമോ മര്യാദയോ
അല്ലെന്ന്, നിങ്ങൾ പറഞ്ഞാൽ
മര്യാദയുടെ ആ നിർവചനം ഞാൻ വെറുക്കുന്നു.

എന്റെ കാലുകൾ,
വെളിയിലെ വിശാലതയിലേക്ക്
നടന്നുതുടങ്ങിയിട്ടേയുള്ളൂ.
ഇപ്പോൾ മാത്രമാണ് അടുക്കളയിൽ നിന്ന്
പുറത്തുകടന്നത്.
ഇപ്പോൾ മാത്രമാണ് വരാന്തയിൽ നിന്ന്
പുറത്തിറങ്ങിയത്.

അത്
മുറ്റത്ത് േകാലം അലങ്കരിക്കാനല്ല,
കുപ്പ വെളിയിൽ കളയാനല്ല,
കുടത്തിൽ വെള്ളം കൊണ്ടുവരാനുമല്ല.
ഞാൻ എന്തിനു പുറത്തിറങ്ങി
എന്നതിന്റെ കാരണം വ്യത്യസ്തമാണ്.

ഇത്രയും കാലം
എന്റെ പുരത്തൂണിൽ കെട്ടിപ്പിടിച്ച്
നിൽക്കുകയായിരുന്നൂ ഞാൻ;
മറ്റൊരു തൂണുപോലെ.
നീണ്ട നില്പിൽ എന്റെ കാലു മരവിച്ചത്
നിങ്ങൾ കണ്ടുകാണില്ല.

നിങ്ങളുടെ രാജസിംഹാസനത്തിലിരുന്ന്
എന്റെ കാലിലെ കടയുന്ന വേദന
നിങ്ങളെങ്ങനെ അറിയും?

അതുകൊണ്ട്,
എല്ലാറ്റിനുമൊടുവിൽ
കാലുകൾ പിണച്ചിരുന്ന്
ഞാൻ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ്.

ബഹുമാനക്കുറവാണെന്ന്
നിങ്ങൾ വിചാരിച്ചാലും
ഞാനിനിയും
ഇങ്ങനെതന്നെയിരിക്കും-

ഇതുപോലെ,
കാൽ പിണച്ച്, ഒന്നു മറ്റൊന്നിൽ കയറ്റിവച്ച്.

പരിഭാഷ: കെ.എൻ. ഷാജി