വലിയൊരു വാർത്താശകലവുമായിട്ടായിരുന്നു അനന്തമൂ
ർത്തി കയറിവന്നത്.
നേരം സന്ധ്യയോടടുത്തിരുന്നു. ഹോസ്റ്റൽമുറി ജനാലയ്ക്കൽ
നിന്ന് ഞാൻ ഭീതിദമായ നഗരത്തെ കാണുകയായിരുന്നു.
അനന്തമൂർത്തിയാകെ സ്തബ്ധനായി കാണപ്പെട്ടു. അവിചാരിതമായ
ഉൾക്കിതപ്പുകളാൽ വന്നുകൂടിയ അന്ധാളിപ്പിൽ അവന്റെ
ഭാവമാകെ ചലനരഹിതമാക്കപ്പെട്ടിരുന്നു.
ബോംബുസ്ഫോടനത്തിന്റെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന്
വന്നപാടെ ഞാൻകൂടി കേൾക്കട്ടെയെന്നു കരുതിയാവണം
അനന്തമൂർത്തി വേണ്ടപ്പെട്ടവരാരോടോ ലേശം ഉറക്കെ പറയുന്നതു
കേട്ടതും എന്റെ പ്രജ്ഞ നേരിയ തോതിൽ അലങ്കോലപ്പെട്ടു.
അന്വേഷണം ഏതു സ്ഫോടനത്തെക്കുറിച്ചാണെന്നു ചോദി
ക്കാൻ എന്റെ യുക്തി എന്നെ മുന്നോട്ടുതള്ളിവിടില്ലെന്നാണ് ഞാൻ
കരുതിയത്.
മിനിഞ്ഞാന്നത്തെയോ, അതോ കഴിഞ്ഞ മാസത്തെയോ…
ഞാൻ തെല്ലുറക്കെ ചോദിക്കുകതന്നെ ചെയ്തു.
അനന്തമൂർത്തി ലേശമൊന്നു പരവശനാവുന്നതു കണ്ടു.
”കൃത്യമായ ഇടവേളകളിൽ സീരിയൽ ബ്ലാസ്റ്റുകൾ നഗര
ത്തിൽ പതിവായിരിക്കുകയാണല്ലോ. അതുകൊണ്ടു ചോദിച്ചതാണ്.
വിഷമമൊന്നും തോന്നരുത്” ഞാൻ പറഞ്ഞു.
ഒരന്വേഷണവും എങ്ങുമെത്താത്തതിനാൽ നീ പറഞ്ഞതിൽ
കഴമ്പുണ്ടെന്നു ഞാനും സമ്മതിക്കുന്നുവെന്ന് അനന്തമൂർത്തി
പ്രതികരിച്ചതും എനിക്കു സമാധാനമായി. അഥവാ എത്തിയാലും
ഒന്നു കഴിയുമ്പോൾ മറ്റൊന്നു മുറയ്ക്ക് സംഭവിക്കുകയാണല്ലോ രീതി.
ചാവേറാക്രമണത്തിലെ ചാവേറുകൾ മിക്കപ്പോഴും ഉപകരണ
ങ്ങൾ മാത്രമാണെന്നിരിക്കെ ചരടു വലിക്കുന്നവരും അവരെ നിയന്ത്രിക്കുന്നവരുമാണ്
യഥാർത്ഥ കുറ്റവാളികളെന്നു
ഡിപ്പാർട്മെന്റിന് അറിയായ്കയല്ല. നിയമത്തെ ഇക്കൂട്ടർ വഴിതെ
റ്റിക്കുകകൂടി ചെയ്യുമ്പോൾ അന്വേഷണങ്ങൾ പ്രഹസനങ്ങളായി
മാറുന്നതിലും അത്ഭുതപ്പെടേണ്ടതില്ല.
”നിനക്കിന്ന് അവധിയായിരുന്നുവല്ലേ” തോൽക്കാതിരി
ക്കാനോ അതോ ഒരു താത്കാലിക രക്ഷപ്പെടലിനോ എന്നോണം
വിഷയം മാറ്റിക്കൊണ്ട് അനന്തമൂർത്തി എന്നോട് തിരക്കി.
”അതെ. എനിക്കിന്ന് അവധിയായിരുന്നു. ഞാൻ പഠിപ്പിക്കുന്ന
വിദ്യാഭ്യാസസ്ഥാപനത്തിനടുത്തായിരുന്നു ആദ്യ സ്ഫോടനം നട
ന്നത്. പൊട്ടിത്തെറിയിൽ അവിടെയും ഏതാനും പേർ മരിക്കുകയും
ചിലർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവം സ്റ്റുഡ
ന്റ്സിന്റെ കരളിൽകൊണ്ടു. ലക്ചറുകളിൽ ശ്രദ്ധ പതിപ്പിക്കാനുള്ള
മാനസികാവസ്ഥയിലല്ല കുറെ മണിക്കൂറുകൾ നേരത്തേക്കെ
ങ്കിലും അവർ. കോളേജിന് ഒരു ദിവസത്തെ അവധി പ്രിൻസിപ്പൽ
അനുവദിച്ചു”.
”ഓഹോ…”
അനന്തമൂർത്തി ചിന്തകളുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന
തുപോലെ നീട്ടി മൂളി. ഞാൻ സിറ്റി കോളേജിൽ ലക്ചറർ തസ്തികയിലും
അനന്തമൂർത്തി സ്പെഷ്യൽസ്ക്വാഡിൽ സബ്
ഇൻസ്പെക്ടർ പദവിയിലും നിയമിതരായിട്ട് അധികനാളുകളായി
ട്ടില്ലായിരുന്നു.
രണ്ടാളും സമപ്രായക്കാർ.
ബാച്ചിലേഴ്സ്.
ഡിഗ്രിക്കാർ.
നഗരത്തിൽ പുതിയവർ.
താമസസൗകര്യത്തിനും ഭക്ഷണത്തിനും ഇടം തേടിയിരുന്നവ
ർ.
വിശിഷ്യാ കേരളീയർ.
രാജാക്കാടാണ് അനന്തമൂർത്തിയുടെ സ്വദേശം. ഞാൻ കൊല്ലം
അമ്പലംകുന്നുകാരനും.
ഏതാണ്ടൊരു ഇടവേള സംസാരത്തിനിടയിൽ ഞങ്ങൾക്കിടയിൽ
പതുങ്ങിക്കിടന്നു. ഞാനാണ് ആദ്യം തലപൊക്കിയതും ഫണമുയർത്തിയതും.
”എന്താണീ പുതിയ വാർത്താശകലം. അതുകൂടി ഒന്നു കേൾ
ക്കട്ടെ”.
പുറമെ, ആകാശം വിങ്ങിനിൽക്കുകയായിരുന്നു. സാധാരണ
മരങ്ങളിൽ തട്ടി വരാറുള്ള കാറ്റില്ല. ആകെയൊരു ശാപമേറ്റ ശോകമൂകത.
അനന്തമൂർത്തിയാകട്ടെ, ഏതോ ചിന്തകളിൽ സങ്കോച
പ്പെട്ട് നിൽക്കുകയായിരുന്നു.
കണ്ണുകൾ ഉഴറും മാതിരി അറ്റം കാണാതെ ആകാശത്താണ്.
ഒരു മിന്നലും ഇടിയും പെട്ടെന്ന് അന്തരീക്ഷത്തെ വിഭ്രമിപ്പിച്ച്
കടന്നുവന്നു. അകമ്പടിയോടെ നെടുനാളുകളായി മിന്നൽപിണരുകളുടെ
അകമ്പടിയോടെ ആകാശം പലപ്പോഴും അവിചാരിതമായി
ഒരിടിമുഴക്കിക്കൊണ്ട് നടുക്കമുളവാക്കുന്നു.
ദു:ഖം അപ്പാടെ എഴുതിവാങ്ങിയതുപോലെയുള്ള കരിവാളിച്ച
കിടപ്പു കാണുമ്പോൾ പേടി തോന്നും. പോരാത്തതാണ് ഇടയ്ക്കിടെയുള്ള
വരണ്ട കാറ്റോടുകൂടിയുള്ള ഇടിമിന്നൽ.
സ്ഫോടനവും ഇടിമുഴക്കവും തിരിച്ചറിയാനാവാത്ത അവസ്ഥ
യാണിന്ന്. ഓരോ മൂടാപ്പും ഓരോ സങ്കടമാണല്ലോ വരുത്തിവയ്ക്കു
ന്നത്. കുറെക്കഴിഞ്ഞും സീരിയൽ ബ്ലാസ്റ്റുകളെപ്പറ്റിതന്നെയാണ്
അനന്തമൂർത്തി സംസാരിച്ചത്.
ഇതുവരെ ലഭിച്ചിരിക്കുന്ന തെളിവുകളൊന്നും അന്വേഷണ
ത്തിനു വേണ്ടതരത്തിൽ ഉതകുന്ന രീതിയിലായിരുന്നില്ലത്രെ. ഇരു
ട്ടിൽ തപ്പുകയാണെന്നതിനാൽ ഡിപ്പാർട്മെന്റ് കൂടുതൽ തെളിവുകൾ
ശേഖരിക്കുകയാണ്.
പല സംഭവങ്ങൾക്കിടയിൽ പലരും അറിയാതെപോയ
അഥവാ വിസ്മരിച്ചുകളഞ്ഞ ഒരു സംഭവം ചികഞ്ഞെടുത്ത് അന
ന്തമൂർത്തി എനിക്കു മുന്നിൽ അവതരിപ്പിച്ചു. സ്ഫോടനം നട
ക്കുന്ന അതേദിവസം വൈകുന്നേരത്തായിരുന്നു ഈ സംഭവം.
പെട്രോൾ ജീപ്പിൽ വർളി സീഫേസിലൂടെ മഹാലക്ഷ്മിയിലേക്ക്
നീങ്ങുകയായിരുന്നു അനന്തമൂർത്തിയും സംഘവും. ചെറിയൊരു
ദൗത്യനിർവഹണം; അതുകഴിഞ്ഞ്, വണ്ടി ഏതാണ്ട് മറൈൻലൈ
ൻസിനെ സമീപിക്കുകയായിരുന്നു. പെട്ടെന്ന് കാത് തകർക്കുന്ന
ആ പൊട്ടിത്തെറിശബ്ദം പ്രജ്ഞയിൽ വന്നിടിച്ചതും ഞങ്ങളാകെ
ഞെട്ടിത്തെറിച്ചു.
ഉടൻ വന്നു വാക്കിടോക്കിയിൽ മേലുദ്യോഗസ്ഥന്റെ നിർദേശ
ങ്ങൾ.
‘എഗയിൻ ടെറർ അറ്റാക്ക് ഓൺ ദ സിറ്റി. കമോൺ. ക്വിക്ക്.
ഗെറ്റ് റെഡി ഇൻ റ്റു ദ ആക്ഷൻ.
ഉടൻ കൽബാദേവിയിലേക്ക് നീങ്ങുക.
ചർണിറോഡിൽ കെന്നഡി ബ്രിഡ്ജിലും ഞാനുണ്ടാവും.
ഓവർ’.
സ്പോട്ട് പരിചിതമായിരുന്നു.
പക്ഷേ അവിടെ കണ്ട കാഴ്ച ഉടൽ തലകീഴ്മേൽ മറിച്ചുകള
ഞ്ഞു.
ചലനമറ്റ ഒരു നിമിഷം പെട്ടെന്ന് ഞങ്ങളെ കർമനിരതരാക്കി.
2011 മഡളമഠണറ ബടളളണറ 16 2
ഉടനീളം പൊട്ടിച്ചിതറിയ മനുഷ്യകൂനകൾ. ഓടകളും കെട്ടിട
ങ്ങളും വാഹനങ്ങളും ചോര കൊണ്ടു പങ്കിലമായ ദൃശ്യങ്ങൾ.
വെപ്രാളപ്പെട്ട്, രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഉടൻ പരി
ക്കേറ്റ ഏതാനും ശരീരങ്ങളും വഹിച്ച് ആശുപത്രിയിലേക്കോടാനായിരുന്നു
വിധി.
ഒരു മുഖവുരപോലെ ഇത്രയും പറഞ്ഞശേഷം അനന്തമൂർത്തി
ഒന്നു നിർത്തി. ഇനിയുമാണ് യഥാർത്ഥ സംഗതി കിടക്കുന്നത്.
വണ്ടിയിലെടുത്തിട്ട, പരിക്കേറ്റ ഒരാളുടെ ശരീരത്തിലെ പോക്ക
റ്റിലെ മൊബൈൽഫോണായിരുന്നു യഥാർത്ഥ കുഴപ്പക്കാരൻ.
ആ ഫോൺ നിറുത്താതെ ആവർത്തിച്ച് റിങ്ടോൺ മുഴക്കി
ക്കൊണ്ടേയിരുന്നതാണ് സൈ്വര്യക്കേടിനിടയാക്കിയത്.
പരിക്കേറ്റയാൾ തിരക്കിട്ട് ഉണർന്ന് പോക്കറ്റിൽ കയ്യിട്ട്
മൊബൈൽഫോൺ തപ്പിയെടുത്ത് അറ്റന്റു ചെയ്തേക്കുമെന്ന് ചിലപ്പോൾ
തോന്നും.
എന്തൊരു മൗഢ്യമായ തോന്നൽ.
ഞാനാകെ വിവശനാവുകയായിരുന്നു.
ആകെയൊരു അന്ധാളിപ്പ്.
ഇടയ്ക്ക് ഫോൺ ഒന്നു നിൽക്കും. വീണ്ടും നിറുത്താതെ കരഞ്ഞുതുടങ്ങും.
സെന്റ് ജോർജ് ആശുപത്രിയിലെത്തും വരെയും അതുകഴിഞ്ഞും
ഇതുതന്നെ ആവർത്തിച്ചുകൊണ്ടിരുന്നു.
ഫോണെടുത്ത് വിളിക്കുന്നയാളോട് ഒരു വാക്കിനു മറുവാ
ക്കായി എന്തെങ്കിലുമൊന്ന് ഉച്ചരിച്ചാലോയെന്ന് തലചൊറിഞ്ഞുകൊണ്ട്
ചെറിയൊരു കുറ്റബോധത്തോടെ ഇടയ്ക്കിടെ ആലോചി
ക്കും. അതൊരുപക്ഷേ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട് അപരന് വേദനയുണ്ടാക്കിയാലോയെന്ന്
പെട്ടെന്ന് തിരുത്തും.
ശരിയേത്…
തെറ്റേത്…
ഒന്നും മനസിലാവുന്നില്ല.
ശല്യം സഹിക്കവയ്യാതെയാണ് ഒടുവിൽ ഫോൺ എടുത്തത്.
ഉടൻതന്നെ അത് വൈബ്രേറ്റർമോഡിലാക്കി വച്ചു തടിതപ്പി.
പരിക്കേറ്റ മനുഷ്യരാണ് ആശുപത്രി കാഷ്വാലിറ്റി മുഴുവനും.
നിന്നുതിരിയാനിടമില്ല. തട്ടിയും മുട്ടിയുമുള്ള പാച്ചിലിനിടയിൽ
എന്തുചെയ്യേണ്ടുവെന്നറിയാതെ തറഞ്ഞുനിൽക്കുന്ന ഗത്യന്തരമി
ല്ലാതായ ഹതഭാഗ്യരായ ജനക്കൂട്ടം. തിരക്കുള്ള ഈ സ്ഥലത്തും
ഏതു നിമിഷവും മറ്റൊരു ബോംബുസ്ഫോടനം നടന്നേക്കാമെന്ന
ആധിയാണ് ജനങ്ങൾക്ക്.
പരിക്കേറ്റ ആ മനുഷ്യനപ്പോഴും കാഷ്വാലിറ്റിക്കുള്ളിലെ വെറും
നിലത്ത് കണ്ണടച്ചുകിടപ്പായിരുന്നു.
വെബ്രേറ്റർമോഡിൽ വച്ച ഫോൺ അയാളുടെ ദേഹത്ത് ഒരു
ടൈമർ മാതിരി പ്രവർത്തിച്ചുകൊണ്ടിരുന്നു.
അങ്ങേപ്പുറത്ത്, ആ ഫോൺ എടുക്കേണ്ടിയിരുന്ന മറുതലയ്ക്കൽ
ചേരിപ്രദേശത്തെ ലൈൻഹൗസുകളിലൊന്നിൽ
മറ്റൊരു രംഗമാണ് അപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന്
അനന്തമൂർത്തി ഊഹിച്ചു.
അവിടെ വാർത്താചാനലുകൾ റിമോട്ടിലൂടെ നിരന്തരം മാറ്റിമറിച്ചുകൊണ്ട്
കയ്യിൽപിടിച്ച പഴയൊരു മൊബൈലുമായി ചുവന്ന
നിറമുള്ള ചോരക്കണ്ണുകളുള്ള ഒരു ആൺകുട്ടി നിരാശയോടെ ഇട
യ്ക്കിടെ ടി.വി. സ്ക്രീനിൽ നോക്കി ഇടതടവില്ലാതെ അവന്റെ
പപ്പയെ മൊബൈൽഫോണിൽ വിളിക്കുകയായിരുന്നു.
ഫോൺ റിംഗു ചെയ്യുന്നതല്ലാതെ എടുക്കുന്നില്ലെന്നു കണ്ടതും
അവന്റെ മുഖം മങ്ങി. വേവലാതി പിടിച്ചതു മാതിരി അവൻ
വിങ്ങലോടെ മറ്റു പോംവഴികളെക്കുറിച്ച് ആലോചിച്ചു.
തള്ളിക്കുതിച്ച് പപ്പ ജോലിചെയ്യുന്ന സ്ഥലത്തേക്ക് ഓടിച്ചെന്നാലോ…
ഒന്നും ഒന്നരയുമല്ലല്ലോ, രണ്ടുമണിക്കൂർ സഞ്ചരിച്ചാലേ
അവിടെ എത്താൻ കഴിയൂ എന്ന വിചാരം അവനെ നിരാശപ്പെടു
ത്തി.
പപ്പ ഫോണെടുക്കാതിരിക്കുന്നതിന്റെ ന്യായവശം എത്ര ശ്രമി
ച്ചിട്ടും അവനു മനസിലായില്ല.
തുറന്നുവച്ച ഓരോരോ ടെലിവിഷൻ ചാനലുകളിലും വാർത്താക്ലിപ്പിംഗുകളിലായിരുന്നു
സദാ അവന്റെ കണ്ണുകൾ. ആഘാതവി
വരങ്ങൾ ഇടയ്ക്കിടെ ചിന്തകളെ വഴിതെറ്റിച്ചുമിരുന്നു.
വിരണ്ടുപോയ അവൻ സ്വയമറിയാതെ ഒന്നു വിതുമ്പും. വിര
ൽതുമ്പുകളിലിരുന്ന് അപ്പോൾ മൊബൈൽ വിറയ്ക്കും.
വിതുമ്പൽ ഒരുവേള പൊട്ടിക്കരച്ചിലിന്റെ വക്കോളമെത്തി അമ
ർന്നുനിൽക്കും.
ഇരുപത്തിയേഴോളം പേരാണ് ഇതിനകം കൊല്ലപ്പെട്ടിട്ടുള്ള
തെന്ന് അറിവായിട്ടുണ്ട്. പരിക്കേറ്റവർ ഇതിന്റെ നാലിരട്ടിയോളമെ
ങ്കിലും ഉണ്ടാവും.
അവന്റെ സമനില നഷ്ടപ്പെട്ടു. എങ്ങുനോക്കിയാലും ചിതറി
ത്തെറിച്ച രക്താഭിഷിപ്തിതമായ കാഴ്ചകളാണ് ടെലിവിഷൻ ദൃശ്യ
ങ്ങളിൽ.
അവൻ ഓടിച്ചെന്ന് പൂജാമുറിയിലായിരുന്ന, അവരുടെ ദൈവമായ
ജൂലെലാലിന്റെ പടത്തിനു മുന്നിലായിരുന്ന അവന്റെ
അമ്മയെ കുലുക്കിയുണർത്തി.
ആ സ്ര്തീ പിടഞ്ഞുണർന്നു.
”ദേ… പപ്പ ഞാൻ എത്ര വിളിച്ചിട്ടും ഫോണിൽ വിളി കേൾക്കു
ന്നില്ല. മമ്മാ എന്നു വിളിച്ചെ, ചിലപ്പോൾ കേട്ടാലോ…” അവൻ പറ
ഞ്ഞു.
ങേ…
അവർ ഒന്നു ഞെട്ടിയശേഷം മുഖം തുടച്ചുകൊണ്ട് എണീറ്റു.
”പപ്പയുടെ ഫോൺ വല്ലയിടത്തും വീണുപോയിരിക്കുന്നതാവുമോ
മമ്മാ? വീണിടത്തുകിടന്നാണ് അതുപക്ഷേ റിംഗ് ചെയ്യുന്ന
തെങ്കിലോ?”
”നീ പറയുന്നവിധം, നാം വിചാരിക്കുന്നവിധമൊന്നുമായിരി
ക്കില്ല മോനെ കാര്യങ്ങൾ എന്നു വന്നാലോ?”
ഉൾനൊമ്പരത്തോടെ ആ സ്ര്തീ മകനെ ആശ്വസിപ്പിച്ചു.
”മോൻ പേടിക്കാതിരി…”
”പപ്പ ശ്രമകരമായ വല്ല ജോലിത്തിരക്കിലും ഏർപ്പെട്ട്
ഫോണെടുക്കാൻ പറ്റിയ സാഹചര്യത്തിലാവില്ലെന്നായാലോ…
മറിച്ചാണേൽ പപ്പ ഈയൊരു വേളയിൽ തീർച്ചയായും ഫോണെടു
ക്കുമായിരുന്നേനെയെന്ന് എനിക്ക് ഉറപ്പുണ്ട്”.
”പപ്പ പ്രായമുള്ള ആളല്ലെ മമ്മാ… നോട്ടപ്പിശകു പറ്റുന്ന പ്രായമല്ലല്ലോ
പപ്പയുടേത്”.
ആ സ്ര്തീ പൊടുന്നനെ ഞെട്ടി.
ഇളംപ്രായമുള്ള കുഞ്ഞാണ്.
സാഹചര്യം അവനെ ഒരു മുതിർന്ന മനുഷ്യനാക്കിയിരിക്കുന്നു.
ആ സ്ര്തീയുടെ ഉള്ളം വല്ലാതെ പൊള്ളി. ഒന്നു പൊട്ടിക്കരയാൻ
കൂടി സാധിക്കുന്നില്ല.
അനന്തമൂർത്തി പിടഞ്ഞുണർന്നവനെപോലെ എന്നെ
നോക്കി.
പരിക്കേറ്റ ആ മനുഷ്യൻ ഉടഞ്ഞുതകർന്ന ഒരു പ്രതിമ കണക്കെ
പഴയ സ്ഥാനത്ത് വെറും നിലത്ത് ചലനരഹിതനായി കിടക്കുകയാണ്.
അകത്തും പുറത്തും ആളുകളുടെ ഒച്ചയും ബഹളവും കേൾക്കാനുണ്ട്.
താന്താങ്ങളുടെ ഭാവിസുരക്ഷയിൽ അവരൊക്കെയും ആകാം
2011 മഡളമഠണറ ബടളളണറ 16 3
ക്ഷാഭരിതരായിരുന്നിരിക്കണം.
കുട്ടി സമനില തകർന്നവനെപ്പോലെ മൊബൈലിൽ അവന്റെ
പപ്പയെ വിളിച്ചുകൊണ്ടേയിരുന്നു.
വൈബ്രേറ്റർമോഡിൽ വച്ച പരിക്കേറ്റ മനുഷ്യന്റെ മൊബൈൽ
അനന്തമൂർത്തി കയ്യിലെടുത്തു.
അയാളിപ്പോഴും സന്ദേഹാവസ്ഥയിലാണ്. മരിക്കുന്നവന്റെ
നിലയ്ക്കുന്ന ഹൃദയം മാതിരി ലോ ബാറ്ററി മൂലം ഈ വൈബ്രേഷനും
എപ്പോവേണേലും നിലച്ചുപോവാം.
സംസാരിച്ചില്ലെങ്കിൽ അതൊരു അപരാധമാവുമെന്നു കരുതി
രണ്ടും കല്പിച്ച് അനന്തമൂർത്തി ഒടുവിൽ ഫോണെടുത്തു.
അങ്ങേതലയ്ക്കലെ മ്ലാനമായിരുന്ന മുഖം ഒന്നു തെളിഞ്ഞെന്ന്
ആദ്യസ്വരത്തിലേ മനസ്സിലായി.
”മമ്മാ… ദേ പപ്പ ഫോണിൽ…”
കുട്ടി ഉറക്കെ കൂവിവിളിച്ചു.
”ഹലോ… ഹലോ… ശബ്ദം മുറിഞ്ഞുമുറിഞ്ഞുപോവുന്നല്ലോ
മമ്മാ… ഹലോ… ഹലോ…”
ഇതെന്തൊരു നാശം…
”ങ്ഹേ… പപ്പാ എന്താണ് ഒന്നും മിണ്ടാത്തത്?”
ആ പയ്യനോട് എന്തു പറയണമെന്നറിയാതെ അനന്തമൂർത്തി
അപ്പേൾ വിഷമിക്കുകയായിരുന്നു.
അസഹ്യമായ മൗനം.
ആ കുട്ടിയെപ്പറ്റി വീണ്ടും വല്ലതും പറയും മുമ്പെ ഉത്തരം തേടി
അനന്തമൂർത്തി നോക്കിയത് എന്റെ മുഖത്തേക്കായിരുന്നു.
”ഞാൻ അവനോട് എന്തുപറയണമായിരുന്നു സഹദേവാ… നീ
പറയൂ” അനന്തമൂർത്തി എന്റെ ചുമലിലേക്ക് ചാഞ്ഞു.
”വിളിക്കുന്നയാൾ അവന്റെ പപ്പയല്ല, ഒരു പോലീസുകാരനാണെന്ന്
പറയണമായിരുന്നോ? അങ്ങനെ പറഞ്ഞ് ആ കുരുന്നു മന
സ്സിന്റെ സമനില തെറ്റിക്കണമായിരുന്നോ ഞാൻ. അതേ പട്ടണ
ത്തിലുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ അവന്റെ പപ്പ ആശുപത്രിയിൽ
വച്ച് മൃതിയടഞ്ഞെന്നു പറഞ്ഞ് ഞാൻ അവനിൽനിന്ന്
തടിതപ്പണമായിരുന്നോ… ഇല്ല, ഇത്രയും കാര്യങ്ങൾ ഒറ്റയടിക്ക്
ഏറ്റുവാങ്ങാനുള്ള കരുത്ത് ഒരുകാലത്തും അവന്റെ കുഞ്ഞുമനസ്സി
നുണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു. അഥവാ ഉണ്ടായാൽ
തന്നെ ഇതുമൂലമുണ്ടാവുന്ന ആയുഷ്കാല ഷോക്കിൽനിന്നും
അവൻ ഒരുപക്ഷേ ഉണർന്നില്ലായിരുന്നെങ്കിലോ?”
അനന്തമൂർത്തി എന്റെ കയ്യിൽ ബലമായി പിടിച്ചു.
”നീ പറയെടാ… ഞാൻ എന്തുപറയണമായിരുന്നെടാ ആ കുട്ടി
യോട്… അതോ, ഒരു താത്കാലിക പരിഹാരം മാതിരി ആ
മൊബൈൽഫോൺ സ്വിച്ചോഫ് ചെയ്യണമായിരുന്നോ… നീ പറയ്…
എന്റെ സഹദേവാ, ഞാൻ എന്തുചെയ്യണമായിരുന്നു”