മറന്നുവെച്ച ആകാശങ്ങൾ

ഡോ സംഗീത ചേനംപുള്ളി

പണ്ടെങ്ങോ മറന്നു വച്ച
ഒരാകാശത്തെ
വീണ്ടും തിരയുമ്പോൾ
ഉയരങ്ങളുടെ ഓർമകൾ
കുതിപ്പുകൾക്ക് വഴികാട്ടും
മേഘക്കുഞ്ഞാടുകളെ മേച്ച്അലഞ്ഞതിന്റെ
ഓർമകൾ
ഉടലിനു തൂവൽക്കനം തരും
തണുപ്പിനും ചൂടിനുമിടയിൽ
കാറ്റുകൾ
പലവട്ടമൂഞ്ഞാലാട്ടും
മുടിപ്പൂവിൽ അണിഞ്ഞ നക്ഷത്രങ്ങൾ
ഇന്നും മാടി വിളിക്കും
പൊടുന്നനെ ഒരു മഴ
നൂൽക്കോവണികളിറക്കിത്തരും
അവയിൽ പിടിച്ചു പിടിച്ച്‌മേലോട്ടുമേലോട്ടങ്ങനെ…