മ്യൂസിയം എനിക്കിഷ്ടമല്ല
പച്ചപ്പിന്റെ നിറഭേദങ്ങളില്ലാത്ത
മ്യൂസിയത്തിൽ
ഞാൻ കാണുന്നത്
രക്തമിറ്റുന്ന തലകളും
ജീവിക്കുന്ന രക്തസാക്ഷികളും.
രോഹിത് വെമൂലയും
ഐലൻ കുർദിയും
നാപ്പാംബോംബിന്റെ ചൂടിൽ ഉരുകിയൊലിച്ച്
വിയറ്റ്നാമിന്റെ തെരുവിൽ
നഗ്നയായ് കിംഫുക്ക്
ബലാത്സംഗം അവകാശമാക്കിയ
പട്ടാളഭീകരതയിൽ
ഇറോം ശർമിള
പശുവിറച്ചിയിൽ അലിഞ്ഞുതീർന്ന
അഖ്ലാക്ക്
വിശുദ്ധപശുക്കളുടെ
തോലുരിയാത്ത ജഡങ്ങൾ
ഉനയിലെ സോദരർ
ജാതിയാൽ കരിഞ്ഞുതീർന്ന കുരുന്നുകൾ
എഴുതിക്കൂട്ടിയ അക്ഷരങ്ങളിൽ നിന്ന്
തൂക്കുകയർ മെനഞ്ഞെടുത്തവർ
തുറന്നു വായിക്കാൻ തുടങ്ങും മുമ്പേ
ജീവന്റെ പുസ്തകം
ചിതൽ തിന്നു തീർത്ത പെൺകുട്ടികൾ.
വില്പനയ്ക്കു വച്ച നീതിപീഠങ്ങൾ
കെട്ടകാലത്തിന്റെ തുന്നിച്ചേർക്കൽ കാത്ത്
പൊട്ടിപ്പൊളിഞ്ഞ സാധനങ്ങൾ നിറഞ്ഞ
ഈ മ്യൂസിയം എനിക്കിഷ്ടമല്ല.