വരൂ… ഒരു നദിയായി നമുക്കൊഴുകാം.
അഴുക്കുകളെ അടിത്തട്ടിലൊളിപ്പിച്ച്,
ചില കൈവഴികളില്‍ പിരിഞ്ഞ്,
വീണ്ടും ഒന്നാവാം!
നമ്മളില്‍ കഴുകി വെളുപ്പിക്കുന്ന
മുഖങ്ങളിലെ കണ്ണീരൊപ്പാം…
ജലകണങ്ങളാല്‍ വിണ്ണിലേക്കുയരാം.
മേഘങ്ങളില്‍ കൂടുകൂട്ടി വിങ്ങിപ്പൊട്ടി നില്‍ക്കാം.
വരണ്ടുണങ്ങിയ സ്വപ്നങ്ങളിലേക്ക്
ആര്‍ദ്രതയോടെ പെയ്തിറങ്ങാം.
മുളപൊട്ടുന്ന നിസ്വനങ്ങള്‍ക്ക് കാതോര്‍ക്കാം…
നമുക്ക് വീണ്ടുമൊഴുകാം
കടലില്‍ ലയിക്കും മുന്‍പുള്ള
സഞ്ചാരവഴികളില്‍,
ആഴത്തിലേക്കുള്ള വീഴ്ചയുടെ വേദനകളെ
ചിതറിത്തെറിക്കുന്ന നമ്മുടെ ജലകണങ്ങളില്‍ കാണാം…
വരൂ…
നമുക്കൊഴുകിക്കൊണ്ടിരിക്കാം…
മേഘങ്ങളുടെ തടവിലുണ്ട്
നമ്മുടെ കണ്ണീരിന്റെ ഓരോ തുള്ളികളും.
അത്, ഭൂമിയിലേക്ക്
ആര്‍ത്തലച്ചു വരും വരെ…!