വാടകവീട്

അരുൺ കുമാർ അന്നൂർ

താമസക്കാരന് ഇഷ്ടമില്ലാത്ത
എന്തെങ്കിലും ചിലത്
വാടകവീട്ടിലുണ്ടാകും

ഉയരം കുറഞ്ഞ കട്ടിള
തുള വീണ വാതിൽ
ചില്ലുപൊട്ടിയ ജാലകം
കാറ്റു കയറാത്ത ഉറക്കറ
എലികളോടുന്ന മച്ച്
പുസ്തകങ്ങളെയുൾക്കൊള്ളാൻ
മടിക്കുന്ന െഷൽഫ്
കുഞ്ഞുമോന് ഓടിക്കളിക്കാൻ
ഇടമില്ലാത്ത മുറികൾ

താമസക്കാരന്റെ
ഇഷ്ടങ്ങളെല്ലാം പേറുന്ന വീട്
ഒരിടത്തുമില്ല

ഒരുപക്ഷെ നിങ്ങൾ വാടകക്കാരനല്ല
വീട്ടുടമസ്ഥനാണെങ്കിലും ഇഷ്ടമാകില്ല

സ്ഥിരമായ് ഒരിടംതന്നെ പാർക്കുമ്പോൾ
സ്വന്തം വീട്ടിലിരിക്കുമ്പോൾ
വാടകക്കാരനെന്നും
വാടകവീട്ടിലിരിക്കുമ്പോൾ
വീടിന്റെ ഉടമസ്ഥനെന്നും
ധരിക്കുന്ന മനസ്സുണ്ടെങ്കിൽ
കുറച്ചൊക്കെ ശരിയാകും
വാസം കുറെക്കാലത്തേക്കെങ്കിലും

എപ്പോഴും അധികം ആഗ്രഹിക്കുന്ന
വികാരങ്ങളെയടക്കി
മാനം നോക്കിക്കിടക്കുമ്പോൾ
മനസ്സിലാകും
ഭൂമി വെറുമൊരു
വാടകവീടെന്നും
നാം വാടക കൊടുക്കാത്ത
മുഷിപ്പൻ താമസക്കാരെന്നും.