വാസ്തവികതയുടെ നൂൽപ്പാലങ്ങൾ

ഡി. യേശുദാസ്

നഗരത്തിലേക്ക് മടങ്ങിയത് രാത്രിയായിരുന്നു
വഴിയിലാകെയും മഴത്തണുപ്പു നിറഞ്ഞിരുന്നു.
വളവുതിരിഞ്ഞെത്തുന്ന പഴയ സുന്ദരിമുക്കിനെ ഓർത്തിരിക്കെ
അവിടെത്തന്നെ ബസ്സ് നിന്നു.

അവിടമാകെ പകൽവെളിച്ചം
പകൽ വെളിച്ചത്തിൽ
അന്നത്തെ ആമിന മേരി ഉമാദേവി
പകൽ വെളിച്ചത്തിൽ
റീനയും ശെൽവിയും ഫാത്തിമയും.
ചിരിച്ചും നാണിച്ചും കൈകുടഞ്ഞും പിന്മാറിയും!

പെട്ടെന്ന് തിരിഞ്ഞു നോക്കുമ്പോൾ
ഒന്നുമില്ലവിടെ, ഒന്നും.
അപ്പോഴും വഴിവിളക്ക്
ഇരുട്ടിനെ തള്ളിനീക്കുന്നുണ്ടായിരുന്നു.
വൈകിയെത്തിയതിന്റെ പുകില് വരച്ചിട്ട
നിശ്ശബ്ദതയായി വീടിരുന്നു.
(ഒന്നലറി വിളിച്ച് പറക്കണമെന്നുണ്ടായിരുന്നു, അതിന്)
ഉറങ്ങിപ്പോയ മക്കൾ
ഒരു കിനാവിന്റെ ചുറ്റും ഓടിക്കളിക്കുകയാവാം.

നിശ്ശബ്ദത അവരെ ആശ്ലേഷിക്കുകയും
ഞങ്ങളെ ഞെരിച്ചുടയ്ക്കുകയും
ചെയ്തുകൊണ്ടിരുന്നു.

സ്‌നേഹനാട്യങ്ങളെല്ലാം അഴിഞ്ഞുവീണിരിക്കുന്നു.
പിന്നെ എപ്പൊഴോ
ഒരു മരവിപ്പിനുമേൽ വീണുറങ്ങിപ്പോയി.

എന്നാൽ
എന്തെന്നില്ലാതെ ‘ആ പകൽ വെളിച്ച’ത്തിന്റെ സിനിമ
ഹൃദയം നിറഞ്ഞോടിക്കൊണ്ടിരുന്നു.
ഇല്ലാതെപോയൊരു കാലം ഉണ്ടെന്നു വന്നിരിക്കുന്നു.
ഏതോ ചില സന്തോഷങ്ങളാവും പ്രഭാതമായിത്തീരുന്നത്
എന്ന തോന്നൽ
പിടിച്ചെണീൽപ്പിച്ചു വിട്ടു വീണ്ടും.

എന്നാൽ കിട്ടിയ തക്കത്തിന്
അവൾ പറയുകയാണ്, പൊതിരെ.
”ഇന്നലെ എന്തായിരുന്നു, പരാക്രമം
തിരിഞ്ഞും മറിഞ്ഞും മുക്രയിട്ടും?
ദേ മനുഷ്യാ,
മറ്റുള്ളോർക്കും കിടന്നുറങ്ങണം.

വയ്യ ഒരു വാക്കുതർക്കത്തിന്.

”ഓ, ഇന്നലെ നാട്ടിൽ പോയതിന്റെ ആയിരിക്കും”
എന്നു പറഞ്ഞു തീർന്നില്ല,
അവൾ അന്തം വിട്ട് തിരിഞ്ഞു നിന്നു.

”ഏതു നാട്ടിൽ പോയെന്നാ ഇന്നലെ?
പിച്ചും പേയും പറയുന്നോ, രാവിലെ?”

വാസ്തവത്തിൽ
ഇതു പറഞ്ഞു കഴിഞ്ഞതോടെയാണ്
എന്നെ കാണാതായത്.