സക്കറിയയും അക്രൈസ്തവനായ യേശുവും

ഡോ: മോത്തി വർക്കി

സക്കറിയ ഒരു വിഗ്രഹഭഞ്ജകനാണ് (iconoclast). ക്രിസ്തീയ വിശ്വാസത്തിൽ ജനിച്ചുവളർന്ന സക്കറിയയുടെ യേശുവിനെക്കുറിച്ചുള്ള കഥകളെല്ലാം ദൈവശാസ്ര്ത യുദ്ധപ്രഖ്യാപനങ്ങളാണ്. (അന്നമ്മ ടീച്ചർ: ഒരോർമക്കുറിപ്പ്, 1983; കണ്ണാടി കാണ്മോളവും, 1997; യേശുവിന്റെ ചില ദിവസങ്ങൾ, 2018). ഇത് അവിശ്വാസപ്രഖ്യാപനമല്ല, മതസ്ഥാപനങ്ങളുടെ വിശ്വാസ പരീക്ഷണശാലകളുടെ തടവറയിൽ നിന്ന് യേശുവിനെ വിമോചിപ്പിക്കാനുള്ള സമരാഹ്വാനമാണ്. സക്രാരിയുടെയും മെഴുകുതിരികളുടെയും ജപമാലകളുടെയും കുന്തിരിക്കത്തിന്റെയും നടുവിൽ നിസ്സഹായനായി നിൽക്കുന്ന യേശുവിൽ നിന്നും പാലസ്തീനിൽ പച്ചമനുഷ്യനായി ജീവിച്ച യേശുവിലേക്കുള്ള ദൂരം അക്ഷരങ്ങളുടെയും ഭാവനയുടെയും സഹായത്തോടെ അളക്കാനുള്ള സർഗാത്മക ശ്രമമാണ് സക്കറിയ നടത്തുന്നത്. ക്രൈസ്തവ സഭകളുടെ പിൽക്കാല ദേവശാസ്ര്ത വ്യാഖ്യാനങ്ങളിൽ ഒഴിച്ചുനിർത്തപ്പെട്ട നസറെത്തിലെ ആശാരിച്ചെറുക്കനെ വീണ്ടെടുക്കാനുള്ള കഥാകൃത്തിന്റെ ശ്രമം മതപരമായ പദവികൾ കെട്ടിയേല്പിച്ച് യേശുവിനെ ചരിത്രത്തിന്
പുറത്തേക്ക് വിക്ഷേപിക്കാനുള്ള സംഘടിത മതതാത്പര്യങ്ങളോടുള്ള കലഹമാണ്.

ആത്മസംഘർഷങ്ങളുടെ നെരിപ്പോടിന്റെ നേരുള്ള നേരിയ വെളിച്ചത്തിൽ തെളിയുന്ന യേശുവിന്റെ മനുഷ്യത്വം യാഥാർത്ഥ്യ ബോധമുള്ളതും സ്വാഭാവികവുമാണ്. ചരിത്രപരവും ബൗദ്ധികവുമായ സത്യസന്ധത കലർന്ന വിചാരധാരകളെ യേശുവിനെ സ്വകാര്യസ്വത്തായി കരുതുന്ന മതാധികാര ഘടനകൾക്ക് സ്വീകാര്യമല്ല. സ്വന്തം തെറ്റിക്കൂടായ്മയുടെ അടിസ്ഥാനമായി യേശുവിന്റെ അമാനുഷികതയെ സ്വീകരിച്ചിട്ടുള്ള അധികാരി വർഗത്തിന് ചരിത്രാതീതനും അമാനുഷികനും നിർവികാരനുമായ യേശുവാണ് സൗകര്യപ്രദം. യേശുവിന്റെ ആത്മബോധമുള്ള സങ്കീർണ സംഘർഷങ്ങളെ സക്കറിയ അവതരിപ്പിക്കുന്നത് ക്രൈസ്തവസഭയും കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ആശ്രിതരും യേശുവിന് ചാർത്തി നൽകിയ മിശിഹാ വിശദീകരണങ്ങൾക്ക് മുമ്പുണ്ടായിരുന്ന അക്രൈസ്തവനായ യേശുവിനെ കണ്ടെത്താനുള്ള അക്ഷരപൂജയുടെ ഭാഗമായാണ്. ചാരത്തിനിടയിൽ കനൽ അന്വേഷിക്കുന്നതുപോലെ യേശുവിനെക്കുറിച്ചുള്ള സാമ്പ്രദായിക നിർവചനങ്ങൾക്കിടയിൽ സക്കറിയ യേശുവിനെ തിരയുന്നു.

വേദപുസ്തകത്തിലും വിവിധ ക്രൈസ്തവ സഭകളുടെ കാനോനുകളിലും പ്രതിപാദിച്ചിരിക്കുന്നതിന് അപ്പുറത്തേക്ക് യേശുവിന്റെ സത്തയെയും ചരിത്രപരതയെയും സംബന്ധിച്ച അന്വേഷണങ്ങൾ വ്യാപിച്ചിട്ടുണ്ട്. 1945-ൽ ഈജിപ്റ്റിലെ പട്ടണമായ Nag Hammadi-യിൽ കണ്ടെത്തിയ ചില രഹസ്യ ജ്ഞാനമത സുവിശേഷങ്ങൾ ഉൾപ്പെടെയുള്ള 52 രേഖകൾ ആദ്യനൂറ്റാണ്ടിൽതന്നെ മധ്യപൂർവ ഏഷ്യയിൽ യേശുവിനെക്കുറിച്ചുള്ള ഔദ്യോഗിക ഭാഷ്യങ്ങളെ വെല്ലുവിളിച്ച വിമത ശബ്ദങ്ങൾ ഉണ്ടായിരുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്നു. (Gospel of Thomas, Gospel of Philip, Gospel of Mary എന്നിവ ചില ഉദാഹരണങ്ങൾ മാത്രം).

സമാനസ്വഭാവമുള്ള അന്വേഷണങ്ങൾ പിന്നീട് സാഹിത്യത്തിലും സിനിമയിലും ഉണ്ടായിട്ടുണ്ട്. 1955-ൽ പ്രസിദ്ധ ഗ്രീക്ക് എഴുത്തുകാരനായ നിക്കോസ് കസൻദസെക്കീസ് എഴുതിയ ക്രിസ്തുവിന്റെ ‘അന്ത്യപ്രലോഭനം’ എന്ന കൃതി ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിച്ചു. സ്പാനിഷ് ചലച്ചിത്രകാരനായിരുന്ന Luis Bunuel സംവിധാനം ചെയ്ത The Milky Way (1969)
സിനിമയും യേശുവിന്റെ മനുഷ്യത്വത്തെക്കുറിച്ചുള്ള അന്വേഷണമാണ്. പോർച്ചുഗീസ് എഴുത്തുകാരനായ ഷുസെ സരമാഗുവിന്റെ ‘യേശുക്രിസ്തുവിന്റെ സുവിശേഷം’ എന്ന കൃതിയും സമാനഗണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇത്തരം അന്വേഷണങ്ങളുടെ പിന്മുറക്കാർ മലയാളക്കരയിലും ഉണ്ടായിട്ടുണ്ട്. ആലപ്പുഴ സൂര്യകാന്തിയുടെ കസൻദസെക്കീസിന്റെ വിഖ്യാതകൃതിയോട് വിധേയത്വം പുലർത്തുന്ന പി.എം. ആന്റണിയുടെ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ (1986) യേശുവിന്റെ മനുഷ്യമുഖം അന്വേഷിക്കുന്ന
നാടകാവിഷ്‌കാരമായിരുന്നു. സക്കറിയയുടെ മുകളിൽ പ്രതിപാദിച്ച കഥകളും സ്ഥാപനവത്കരിക്കപ്പെടാത്ത, ചെത്തിമിനുക്കാത്ത മതത്തിന്റെ ബ്യൂട്ടിപാർലറുകളിലെ വേദശാസ്ര്ത ചായക്കൂട്ട് തേയ്ക്കാത്ത യേശുവിനെക്കുറിച്ചുള്ള കണ്ടെത്തലുകളാണ്.

പഴകിയ പേഴ്‌സിലെ ചില്ലറത്തുട്ടുകൾ

1983 മെയ് മാസത്തിലെ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച ‘അന്നമ്മ ടീച്ചർ: ഒരോർമക്കുറിപ്പ്’ എന്ന ഉജ്ജ്വലമായ കഥയിലാണ് സക്കറിയയുടെ യേശു അന്വേഷണത്തിൽ ആദ്യമായി മഷി പുരളുന്നത്. അന്നമ്മ മത്തായി എന്ന അവിവാഹിതയായ ഒരു ഹൈസ്‌കൂൾ ടീച്ചറുടെ ഉത്കണ്ഠകളിലും വിഹ്വലതകളിലും പങ്കുചേരുന്ന ‘പാവം അനിയനായാണ്’ യേശുവിനെ കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്. മുപ്പത്തിമൂന്നാം പിറന്നാളിനു ശേഷമാണ് യേശു ടീച്ചർക്ക് അനുജനായത്. എന്നാൽ കുട്ടിക്കാലം മുതൽ യേശു ടീച്ചറിന് സഹയാത്രികനാണ്. ”കുട്ടിക്കാലത്ത്, ഇടി വെട്ടുമ്പോഴും കുത്തൊഴുക്കുള്ള തോടു കടക്കുമ്പോഴും കൈയൂരിയില്ലാത്ത ഒറ്റത്തടിപ്പാലങ്ങളിലൂടെ ശ്വാസം പിടിച്ചു കടന്നുപോവുമ്പോഴും” യേശു ടീച്ചറിന്റെ ഇഷ്ടക്കാരനായി കൂടെയുണ്ടായിരുന്നു.

ക്രൈസ്തവമതത്തിന്റെ നിർവചനങ്ങൾ ടീച്ചറിനെ ആശങ്കപ്പെടുത്തുന്നില്ല. ടീച്ചറിന് യേശു സഖാവും ഇഷ്ടക്കാരനുമാണ്. സഹോദരങ്ങൾക്കും കുടുംബത്തിനും വേണ്ടി സ്വയം ചെലവഴിച്ച് ‘പഴകിയ പേഴ്‌സുപോലെ’ ആയിരുന്നു അന്നമ്മയുടെ ജീവിതം. രക്തബന്ധത്തിലുള്ള അനുജൻ വർഗീസ് മത്തായിക്ക്
‘ബീഡി വലിക്കാൻ ചില്ലറ വല്ലപ്പോഴും കട്ടെടുക്കുന്ന പഴകിയ പേഴ്‌സ്’ മാത്രമായിരുന്നു ടീച്ചർ. എന്നാൽ യേശു ‘പഴകിയ പേഴ്‌സിനെ’ സ്‌നേഹത്തിന്റെ നാണയത്തുട്ടുകൾ കൊണ്ട് നിറച്ചു. പ്രാരാബ്ധങ്ങളുടെ നടുവിൽ എരിഞ്ഞടങ്ങുന്ന ടീച്ചറിനെ കാണാൻ കുളിക്കടവിൽ പെരിങ്ങലക്കാടുകൾക്കുള്ളിൽ യേശു
പതിയിരിക്കുന്നു. യേശു തളർന്നുപോയ ടീച്ചറിനെ താങ്ങിയെടുക്കുന്നു.

അന്നമ്മ ടീച്ചർ യേശുവുമായി നടത്തുന്ന സംഭാഷണങ്ങൾ ക്രൈസ്തവ സഭകളുടെ കാനോൻ കോട്ടകളെ പിടിച്ചുലയ്ക്കുന്നുണ്ട്. മതം കല്പിച്ചു നൽകിയ ‘മഹിമയും’ സഭയുടെ ‘കൂട്ടപ്രാർത്ഥനയിൽ’ പൂജിതബിംബമായി ന്യൂനീകരിക്കപ്പെടുന്നതും യേശുവിന്റെ മനുഷ്യത്വത്തിന്റെ അപഹാസ്യമായ നിഷേധമാണെന്ന് ടീച്ചർ കരുതുന്നു. ”തേനീച്ചക്കൂടിന്റെ ഇരമ്പംപോലെ ഉടയവനില്ലാതെ ഉയരുന്ന കൂട്ടപ്രാർത്ഥനയുടെ മുഴക്കത്തെ” കഥാനായിക നിശിതമായി പരിഹസിക്കുന്നുണ്ട്. ആരാധ്യവസ്തുവാകാനല്ല യേശു ”വെയിലിലും മഴയിലും ഇരുട്ടിലും അലഞ്ഞതും അടിയും തൊഴിയുമേറ്റ് കരഞ്ഞതും മരിച്ചതും”. യേശുവിന് സംഭവിച്ച ദുർഗതിയിൽ അന്നമ്മ ടീച്ചർ കുമ്പസാരക്കൂടിന് മറഞ്ഞിരുന്ന് കരയുന്നു.
മറ്റുള്ളവർക്കു വേണ്ടി ഉരുകിത്തീരുന്ന അന്നമ്മമാരുടെ പഴകിയ പേഴ്‌സുപോലെയുള്ള ജീവിതത്തിന്റെ അവസാന ദിനം ദു:ഖവെള്ളിയെ പോലെ വിശുദ്ധമാണ്; അന്നമ്മ ടീച്ചർ മരിച്ചത് ഒരു ദു:ഖവെള്ളിയാഴ്ചയാണ്. ടീച്ചറിന്റെ ദുരിതക്കയങ്ങളിൽ നിന്നുയരുന്ന യേശുവിനോടുള്ള ചോദ്യങ്ങൾ ക്രൈസ്തവമത വിശ്വാസത്തിന്റെ സാമ്പ്രദായിക സങ്കേതങ്ങളെ വല്ലാതെ പൊള്ളിക്കുന്നുണ്ട്.

ബ്യൂട്ടി പാർലറിൽ പോകാത്ത യേശു

സക്കറിയയുടെ യേശു കേന്ദ്രീകൃത കഥകളിൽ ഏറെ കോളിളക്കങ്ങൾ ഉണ്ടാക്കിയ കഥയാണ് 1997-ൽ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ‘കണ്ണാടി കാണ്മോളവും’. യേശു തന്റെ ഉടലിന്റെ സാധ്യതകൾ തിരിച്ചറിയുന്നതും അന്വേഷിക്കുന്നതും മിക്ക ക്രൈസ്തവ വിശ്വാസികളെയും വല്ലാതെ പ്രകോപിപ്പിച്ചു. സക്കറിയയുടെ ഭാവനാവിലാസങ്ങൾ ക്രൈസ്തവ വിശ്വാസത്തെ അപമാനിച്ചുവെന്ന മുറവിളിയിൽ എം. കൃഷ്ണൻ നായരും ജോർജ് ഓണക്കൂറും വരെ പങ്കുചേർന്നു. സക്കറിയുടെ ഭാവനയെ യുക്തിസഹമായി നേരിടുന്നതിനു പകരം മിക്കവരും വൈകാരികമായി പ്രതികരിച്ചു.

പ്രസിദ്ധ സ്പാനിഷ് ചലച്ചിത്രകാരനായ ാLuis Bunuel-ന്റെ The Milky Way സിനിമയെപ്പറ്റിയുള്ള സുഹൃത്തായ സുരേഷ് പാട്ടാലിയുടെ വിവരണത്തിൽ നിന്നാണ് ഈ കഥയുണ്ടാകുന്നത്. ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങളിലൊന്നായ മീശ വടിക്കണമോ വേണ്ടയോ എന്ന യേശുവിന്റെ സന്ദേഹങ്ങളും സ്വന്തം ശരീ
രത്തിൽ സംഭവിക്കുന്ന പരിണാമങ്ങളെക്കുറിച്ചുള്ള യേശുവിന്റെ ഉത്കണ്ഠയുമാണ് സക്കറിയയുടെ കഥയ്ക്ക് പ്രേരണയായത്. വേദപുസ്തകം നൽകുന്ന അവതാരവിശേഷണങ്ങളും അതിഭാവുകത്വം നിറഞ്ഞ വിശകലനങ്ങളും ഒഴിവാക്കി ക്രിസ്തുമതത്തിന്റെ ബ്യൂട്ടിപാർലറുകളിൽ കയറാത്ത യേശുവിനെ അവതരിപ്പിക്കാനാണ് സക്കറിയ ശ്രമിക്കുന്നത്. ഇത് അദ്ദേഹം 1977-ൽ Rediff മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പത്രപ്രവർത്തകനായ വേണു മേനോനോട് വിശദീകരിക്കുന്നുണ്ട്. പരമ്പരാഗതമായ വിശ്വാസ പരിപ്രേക്ഷ്യങ്ങൾ മാറ്റിവച്ച് പച്ചയായ പാലസ്തീൻ ജീവിതത്തോട് യേശുവിനെ ചേർത്തുവായിക്കാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്.

സുന്നഹദോസുകളുടെ വ്യവഹാര പടിപ്പുരയ്ക്ക് പുറത്താണ് സക്കറിയ യേശുവിനെ അടയാളപ്പെടുത്തുന്നത്. പാലസ്തീനിലെ വരണ്ട കാലാവസ്ഥയിൽ ജീവിച്ച യേശുവിന്റെ ജീവിതവും മനോവ്യാപാരങ്ങളും കഥയിൽ കോറിയിടുന്നുണ്ട്. അതിരൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന ദേശങ്ങളിലെ മനുഷ്യരിൽ കാണുന്ന
അനുദിന ജീവിതക്രമങ്ങളാണ് യേശുവിലും കാണുന്നത്. ”വിയർപ്പും പൊടിയും കലർന്ന താടിയും മുടിയും”, കക്ഷങ്ങളിലും കാലിടങ്ങളിലുമുള്ള ദുർഗന്ധവും ദേഹമാകെയുള്ള ‘വെടിമരുന്നിന്റെ മണവും’ പാലസ്തീനിലെ യുവാക്കൾക്ക് അപരിചിതമല്ല.

”ഗ്രാമത്തിലെ കിണറ്റിൽ നിന്ന് വൃദ്ധയായ അമ്മയും, സഹോദരിമാരും, സഹോദരഭാര്യമാരും വെള്ളം ചുമന്നു കൊണ്ടുവരുന്ന” പങ്കപ്പാട് ഓർക്കുമ്പോൾ കുളിക്കാനുള്ള മോഹം യേശു ഉപേക്ഷി
ക്കും. ഇതെങ്ങനെ വിശ്വാസത്യാഗമാകും?

കുടുംബത്തെപ്പോറ്റാനും യേശു ഏറെ കഷ്ടപ്പെട്ടിട്ടുണ്ടാവും. ആശാരിപ്പണിയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് അമ്മയെയും സഹോദരിമാരെയും സംരക്ഷിക്കാനാവില്ല. മുഖം വടിക്കാൻ കാശില്ലാതെ ക്ഷുരകശാലയിൽ കടം പറയുന്നതും, ബുദ്ധിമുട്ട് ഏറുമ്പോൾ മറിയത്തെപ്പോലെയുള്ള സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങുന്നതും, തടാകത്തിൽ വല വീശി പണം കണ്ടെത്താൻ ശ്രമിക്കുന്നതും പാലസ്തീനിൽ യുവാക്കൾ ചെയ്യുന്ന പതിവുകാര്യങ്ങളാണ്. എല്ലാ ദിവസവും മുഖം വടിക്കാൻ റോമാക്കാരെപ്പോലെ എല്ലാവർക്കും കഴിയില്ലെന്ന് പാലസ്തീൻകാർക്ക് അറിയാം. ഇതിൽ എന്താണ് ദൈവനിഷേധം?

ക്ഷുരകനായ തദേവൂസിന് ”റോമൻ സൈന്യാധിപന്റെ മകളുടെ കല്യാണത്തിന് സമ്മാനമായി കിട്ടിയ കണ്ണാടി” കഥയിലെ പ്രധാനപ്പെട്ട പ്രയോഗബിംബമാണ്. യേശു കണ്ണാടിയിൽ കണ്ടത് ”വെള്ളത്തിലും ചീനപ്പിഞ്ഞാണത്തിലും കണ്ടിട്ടുള്ള ഓളം വെട്ടുന്ന മുഖമല്ല”, സ്വന്തം ശരീരത്തിന്റെ അത്ഭുതരഹസ്യങ്ങളാണ്. ഉടലും കണ്ണാടിയും ഒന്നാകുന്നത് യേശു തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവ് യേശുവിനെ ഭയപ്പെടുത്തി. കണ്ണാടിയിൽ കണ്ട ഉടലിന്റെ ഉൾവിളികൾ യേശുവിനെ വേട്ടയാടി. ഇത്തരം ആന്തരികവും ജൈവികവുമായ സംഘർഷങ്ങൾ മനുഷ്യർക്ക് അന്യമല്ല.

കസൻദസാക്കീസ് തന്റെ ക്രിസ്തുവിന്റെ ”അന്ത്യപ്രലോഭനത്തിന്റെ” ആമുഖത്തിൽ എഴുതിയതുപോലെ, ”നാം സംഘർഷത്തിലൂടെ ജീവിക്കുന്നു. അവനും സംഘർഷത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് അവൻ നമുക്ക് ശക്തിയാണ്. നാം ലോകത്തിൽ ഏകാന്തരല്ല, അവനും നമ്മോടുകൂടെ സമരം ചെയ്യുന്നു”. സക്കറിയ മുന്നോട്ട് വയ്ക്കുന്ന യേശുവിന്റെ ചരിത്രപരതയും മറ്റൊന്നല്ല ലക്ഷ്യമാക്കുന്നത്.

ശാരീരികവും മാനസികവുമായ വളർച്ചയിൽ സംഭവിക്കുന്ന പരിണാമങ്ങൾ പ്രലോഭനങ്ങളല്ല, അത് ശരീരത്തിന്റെ സാദ്ധ്യതയാണ്. ഈ സ്വാഭാവിക സാദ്ധ്യതകളെ പ്രലോഭനങ്ങളായി കാണുന്നതും ലൈംഗികതയായി ന്യൂനീകരിക്കുന്നതും അഗസ്റ്റിന്റെ ചിന്താപദ്ധതിയാണ്. ഇത് അശാസ്ര്തീയവും യുക്തിരഹി
തവും പ്രതിലോപരവുമാണ്. ലൈംഗികത മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്. എന്നാൽ മനുഷ്യൻ കേവലം ലൈംഗിക തൃഷ്ണയടക്കാൻ ജീവിക്കുന്ന ജീവിയല്ല. ഉടലിൽ ഉടക്കി ജീവിതം ഉടയ്ക്കാതെ ശരീരത്തിന്റെ ഭയപ്പെടുത്തുന്ന ജൈവപ്രേരണകളെ സർഗാത്മക സ്ര്തീ-പുരുഷ സൗഹൃദങ്ങളിലൂടെ യേശു നേരിടുന്നു.

ശരീരത്തിൽ ലൈംഗികതയ്ക്ക് അപ്പുറം മറ്റൊരു സാദ്ധ്യതയില്ല എന്ന ഭാവനാശാഠ്യം സക്കറിയയ്ക്ക് ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ചില മുഹൂർത്തങ്ങൾ കഥയിൽ ഉണ്ട്. അതാവണം ഈ കഥയെ വിവാദപ്രളയത്തിൽ മുക്കിയത്. അല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ദൈവശാസ്ര്ത വിദ്യാർത്ഥികൾക്ക് ഈ കഥ മികച്ചൊരു വായനാനുഭവമാകുമായിരുന്നു.

ചളിപ്രതിമയായ മനുഷ്യപുത്രൻ

യേശുവിനെ മുഖ്യകഥാപാത്രമാക്കി സക്കറിയ എഴുതിയ ഏറ്റവും ഒടുവിലത്തെ കഥയാണ് 2018-ൽ പ്രസിദ്ധീകരിച്ച ‘യേശുവിന്റെ ചില ദിവസങ്ങൾ’. മറ്റു രണ്ട് കഥകളോളം ഭാവനാതീവ്രതയും പ്രതിഭാസ്പർശവുമില്ലെങ്കിലും കയ്യടക്കംകൊണ്ട് ഈ കഥ ശ്രദ്ധയർഹിക്കുന്നു. നേരത്തെ പറഞ്ഞ കഥകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ആവിഷ്‌കരിക്കാൻ സക്കറിയയ്ക്ക് കഴിഞ്ഞതായി തോന്നുന്നില്ല. മതത്തിന്റെ വിശ്വാസ പരീക്ഷണശാലകളിലും പാചകപ്പുരകളിലും രൂപപ്പെട്ട വിഭവമായി യേശുവിനെ
ചുരുക്കുന്നുവെന്ന വിലാപം ഈ കഥയിലും ആവർത്തിക്കുന്നു.

ജനങ്ങളുടെ സാംസ്‌കാരിക ദൗർബല്യങ്ങളെ ചൂഷണം ചെയ്തും, അവരുടെ വിശ്വാസ സങ്കുചിതത്വത്തെ തൃപ്തിപ്പെടുത്തിയും ചരിത്രത്തിനു പുറത്ത് കുടിയിരുത്തിയ യേശുവിനെ സക്കറിയ തെരുവിലും മരച്ചുവട്ടിലും കടലോരത്തും തിരികെ എത്തിക്കുന്നു. മറിയത്തിന്റെ വീട്ടിലേക്കുള്ള വഴിപോലും ഓർമയില്ലാത്ത, വേഗത്തിൽ ഞണ്ടുകൾക്കുപോലും തോല്പിക്കാൻ കഴിയുന്ന, പക്ഷിയുടെ ചിറകടിയിൽപോലും നടുങ്ങുന്ന, ശൗചം ചെയ്യുന്ന, ഉടുക്കാനും പുതയ്ക്കാനും ഉത്തരീയം മാത്രമുള്ള ആശാരി യുവാവാണ് സക്കറിയയുടെ യേശു. മരച്ചുവട്ടിലും പൂഴിമണ്ണിലും ഉറങ്ങുന്ന യേശുവിന് മണ്ണിന്റെ മണമാണ്. ചാവുകടലിലെ ഉപ്പും ഗന്ധകവുമണിഞ്ഞ ചളി ശിഷ്യന്റെ സഹായത്തോടെ തിരുമ്മിപ്പി
ടിപ്പിച്ച് ചളിപ്രതിമ കണക്കെ നിൽക്കുമ്പോൾ മനുഷ്യപുത്രന്റെ സത്തയുടെ പൊരുൾ യേശുവിന് വെളിപ്പെടുന്നു. യേശുവിന് കുന്തിരിക്കത്തിന്റെ മണമല്ല, ചളിയുടെയും വെടിമരുന്നിന്റെയും
ഗന്ധമാണ്.

ഉപസംഹാരം

കഥ ഭാവനയാണ്, ഭാവന സാദ്ധ്യതയുടെ അന്വേഷണമാണ്. യേശുവിന്റെ കുത്തക തങ്ങൾക്കാണെന്ന ക്രൈസ്തവ മതത്തിന്റെ ബോധ്യത്തെ ഭാവനയും സർഗാത്മകതയും കൊണ്ട് സക്കറിയ വിചാരണ ചെയ്യുന്നു. ഒരിക്കലും പതറാത്ത, ആത്മസംഘർഷത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോകാത്ത, അമാനുഷികതയുടെ
വിചാരധാര യേശുവിന്റെ മനുഷ്യത്വത്തിന്റെ നിരാസമാണ്. നിസ്സഹായതയും ശരീരത്തിന്റെ സഹജമായ ചോദനകളും നിഷേധിക്കുന്ന യേശുവിന്റെ മനുഷ്യത്വം ശരീരത്തിൽ ജീവിക്കുന്ന വിശ്വാസികളെ ഒരുവിധത്തിലും സഹായിക്കില്ല. മറിച്ചുള്ള ഉത്കണ്ഠകൾ യേശുവിനെ സംഘടിത മതത്തിന്റെ ആധിപത്യത്തിനുള്ള ഉപാധിയായി ഉപയോഗിക്കാനുള്ള ശ്രമമായിരിക്കും.