സമകാലിക കവിത: കവിതയും ഫോക്‌ലോറും

രാജേഷ് ചിറപ്പാട്

ഒരു ജനതയുടെ മുള്ളുകൊണ്ടു കോറുന്ന ജീവിതത്തിന്റെയും അടിമാനുഭവങ്ങളുടെയും ആവിഷ്‌കാരങ്ങളാണ് ഫോക്‌ലോര്‍ ആയി വികസിച്ചുവന്നത്. എന്നാല്‍ അത്തരം മനുഷ്യരുടെ സാമൂഹ്യനിലയും അത് മുന്നോട്ടുവയ്ക്കുന്ന പ്രതിരോധത്തിന്റെ രാഷ്ട്രീയവും ഫോക്‌ലോറില്‍ നിന്ന് പലപ്പോഴും വിസ്മരിക്കപ്പെട്ടു. നാടോടിവിജ്ഞാനീയത്തിന്റെ അക്കാദമിക് ഷോകെയ്‌സുകളില്‍ അത് ഒരു സൗന്ദര്യവസ്തുവവായി പ്രതിഷ്ഠിക്കപ്പെട്ടു. കീഴാളര്‍, ദലിതര്‍, ആദിവാസികള്‍ എന്നിവരുടെ കര്‍തൃത്വം അപ്പോഴും അജ്ഞാതമായി തുടര്‍ന്നു. അക്കാദമിക് താല്പര്യങ്ങളാല്‍ മറ്റാരാലോ കണ്ടെടുക്കപ്പെട്ട ‘പുരാതന വസ്തുക്കളായാണ്’ ഫോക്‌ലോര്‍ വ്യവഹാരങ്ങളില്‍ കീഴാള ആവിഷ്‌കാരങ്ങള്‍ പരിചരിക്കപ്പെട്ടത്. ഇത്തരം ഫോക്‌ലോര്‍ പ്രാക്ടീസുകളില്‍നിന്ന് ദലിത്/കീഴാള ആവിഷ്‌കാരങ്ങള്‍ സ്വയം കുതറാന്‍ തുടങ്ങിയതുമുതല്‍ക്കാണ് അത് ഒരു പ്രത്യയശാസ്ത്ര പദ്ധതിയായി വികസിച്ചത്. ലോകത്തുള്ള മറ്റ് പ്രത്യയശാസ്ത്രങ്ങളെ അഭിമുഖീകരിക്കാനും സംവാദത്തിലേര്‍പ്പെടാനും അതിനു കഴിഞ്ഞതും ഫോക്‌ലോറില്‍ നിന്ന് സ്വയം പുറത്തുകടന്നതുകൊണ്ടാണ്.
ഇത്തരമൊരു ബോധ്യം സമകാലിക ദലിത് എഴുത്ത് ആര്‍ജിച്ചിട്ടുള്ളതായി കാണാം. മലയാളത്തിലെ ദലിത് കവികളില്‍ ശ്രദ്ധേയനായ ബിനു എം പള്ളിപ്പാടിന്റെ ‘നാടോടി വിജ്ഞാനീയം’ എന്ന കവിത ഇത്തരമൊരു തിരിച്ചറിവിന്റെ സൂക്ഷ്മ രാഷ്ട്രീയമാണ് ആവിഷ്‌കരിക്കുന്നത്:

‘നനവുള്ളിടമെല്ലാം
മുറിവുണ്ടാക്കി കീറിക്കളഞ്ഞ
കുറച്ചു സ്ത്രീകളെയും
അവരുടെ പുരുഷന്മാരെയും
അവരുടെ ഓര്‍മ്മകളും
കുറച്ചു കാല്പനികതയും
ബാക്കി അധികാരവും ചേര്‍ത്ത്
അമ്പതു വര്‍ഷം കുഴിച്ചിട്ടാല്‍
നമുക്കൊരു നാടന്‍ നാടോടിവിജ്ഞാനീയം കിട്ടും’

കവിതയില്‍ ആവിഷ്‌കരിക്കുന്ന മനുഷ്യരുടെ അനുഭവലോകവും അവര്‍ നേരിടുന്ന വിവേചനങ്ങളും ഇന്നും അദൃശ്യതയില്‍ തുടരുകയാണ്. ഒരു ഫോക്‌ലോര്‍ കൗതുകത്തിനപ്പുറത്തേക്ക് പലപ്പോഴും അത് വികസിക്കാതെ പോകുന്നതിന്റെ രാഷ്ട്രീയമാണ് ബിനു ഈ കവിതയില്‍ തുറന്നു വയ്ക്കുന്നത്. ചരിത്രത്തില്‍ നിന്നും പുറത്താക്കപ്പെടുന്നതിന്റെ വേദനയും പ്രതിഷേധവും ഈ കവിതയില്‍ നിന്നുയരുന്നു. സവര്‍ണത നിര്‍മിച്ചെടുത്ത ഒരു സൗന്ദര്യശാസ്ത്ര പദ്ധതിക്കുള്ളിലാണ് കീഴാള ജീവിതവും പരാമര്‍ശിക്കപ്പെടുന്നത്. അതാണ് ഫോക്‌ലോര്‍ വ്യവഹാരമായി പൊതുബോധത്തില്‍ നിലനില്‍ക്കുന്നത്. നാടന്‍പാട്ടുകള്‍ എന്നു വ്യവഹരിക്കപ്പെടുന്ന പാട്ടുകളോ കവിതകളോ ഇന്ന് കൂടുതല്‍ സ്വീകാര്യമായി തീരുന്നത് അങ്ങനെയാണ്.അത് കീഴാളതയുടെ ആവിഷ്‌കാരമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് ബിനു കവിതയില്‍ ഇങ്ങനെ എഴുതി വയ്ക്കുന്നത്:

‘പാടം വറ്റിച്ചാലും പച്ചകണ്ടാലും
ഞാറു പറിച്ചാലും കൊയ്തുമെതിച്ചാലും
കീറിക്കളഞ്ഞ ആ അമ്മമാരുടെ ഓര്‍മ്മകള്‍
അടങ്ങുന്ന പാട്ടുപാടിച്ച്
തണലിലിരുന്ന് മോതിരക്കൈകള്‍
താളം പിടിക്കും ഈ ശവംനാറി ഫോക്ക്
നമുക്ക് ഒഴിവാക്കിയാലോ’

ദലിത് എഴുത്തിനെ അംഗീകരിക്കാത്തവര്‍ പോലും ഫോക്‌ലോറിനുള്ളില്‍ വച്ച് ദലിത് ആവിഷ്‌കാരങ്ങളെ സ്വീകരിക്കുന്നത് കാണാം. ചില എഴുത്തുകാര്‍ക്കെങ്കിലും കീഴാളത എന്നാല്‍ ഇന്നും ഫോക്‌ലോര്‍ മാത്രമാണ്. കവിതയിലേക്ക് ഫോക്‌ലോര്‍ ശൈലികളെയും അതിന്റെ സൗന്ദര്യസങ്കല്പങ്ങളെയും കൊണ്ടുവരികയും അത് കീഴാളതയോടുള്ള പക്ഷപാതിത്വമാണെന്നു സ്വയം തെറ്റിദ്ധരിക്കുകയും വായനക്കാരെ അത്തരമൊരു ബോധ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കുരീപ്പുഴ ശ്രീകുമാറിന്റെ ‘മറഞ്ഞൊരാള്‍’ എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 1-6, ലക്കം- 7) ഇത്തരത്തിലുള്ള ഫോക്‌ലോറിന്റെ സൗന്ദര്യശാസ്ത്രത്തെയാണ് പിന്‍പറ്റുന്നത്:

‘കാഞ്ഞിരച്ചോട്ടിലാര്
പാത്തിരിക്കുന്നു രാവേ
അമ്പിളിക്കൊമ്പു നോക്കി
മുന്തിരിക്കള്ളു മോന്തി

എന്റെ നെല്ലെന്തിയേടീ
എന്റെയെള്ളെന്തിയേടീ
എന്റുടുക്കെന്തിയേടീ
എന്റെ പൊട്ടെന്തിയേടീ’

ബിനു എം പള്ളിപ്പാടിന്റെ കവിതയില്‍ തിരസ്‌കരിക്കേണ്ടതാണെന്ന് പറയുന്ന ഘടകങ്ങളൊക്കെ ഈ കവിതയില്‍ ഇടം പിടിക്കുന്നതുകാണാം. പൊതുബോധത്തില്‍ കുരീപ്പുഴയുടെ ഈ കവിത ഫോക്‌ലോര്‍ യുക്തിയായി പൊതുബോധത്തിന്റെ സ്വീകാര്യത നേടുകയും അത് കവിതയിലെ കീഴാള സൗന്ദര്യശാസ്ത്രമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. കവിതയില്‍ മേലുദ്ധരിച്ചവിധമുള്ള ചോദ്യങ്ങള്‍ മാത്രമേയുള്ളൂ. അതാവട്ടെ എത്രവേണങ്കിലും തുടരാവുന്നതുമാണ്. കവിതയുടെ സൂക്ഷ്മതയോ ആന്തരികമായ ബലമോ ഈ കവിതയ്ക്കില്ല. വെറുതെ പാടിത്തിമിര്‍ക്കാവുന്ന ഉപരിപ്ലവമായ കുറെ വരികള്‍ മാത്രമായി കവിത മാറുന്നു. മലയാളത്തിലെ ദലിത് കവിത ആവിഷ്‌കരിച്ച മൗലികമായ സര്‍ഗാത്മക അന്വേഷണളും സൂക്ഷ്മതകളും ഇത്തരം കവിതകളില്‍ കണ്ടെത്താനാവില്ല. അത് പൊതുബോധത്തിന്റെ പൊള്ളത്തരങ്ങളില്‍ മാത്രം ആഘോഷിക്കപ്പെട്ടേക്കാം എന്നു മാത്രം. ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നവയാണ് അന്‍വര്‍ അലിയുടെ ‘കമ്മട്ടിപ്പാടം ശീലുകള്‍’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂണ്‍ 19-25, ലക്കം-14).
കമ്മട്ടിപ്പാടം എന്ന സിനിമയ്ക്കുവേണ്ടി അദ്ദേഹം രചിച്ച ചില വരികളാണ് കവിതയായി ഇവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാടന്‍പാട്ടിന്റെ രീതിയില്‍ മുമ്പെങ്ങോ കേട്ടുമറന്നതുപോലത്തെ പ്രച്ഛന്ന വരികളാണ് അന്‍വര്‍ അലിയുടേത്:

‘അക്കാണും മാമലയൊന്നും
നമ്മുടെതല്ലെന്മകനേ
ഈ കായല്‍ക്കയവും കരയും
ആരുടേം… അല്ലെന്‍ മകനേ’

ഇത്തരത്തില്‍ വികസിക്കുന്ന വരികള്‍ ഫോക്‌ലോര്‍ സൗന്ദര്യത്തിലേക്ക് കീഴാളതയെ ലയിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. പക്ഷേ പ്രത്യയശാസ്ത്രപദ്ധതിയായും സംസ്‌കാര രാഷ്ട്രീയമായും സ്വയം വികസിച്ച ദലിത്/ കീഴാള അന്വേഷണങ്ങള്‍ ഇത്തരം ഫോക്‌ലോര്‍ വ്യവഹാരങ്ങളോട് നിരന്തരം കുതറിക്കൊണ്ടിരിക്കുകയാണ്. സവര്‍ണതയുടെ പൊതുബോധ യുക്തിയില്‍ മാത്രം ജനപ്രിയമാവുക എന്നതു മാത്രമാണ് അതിന്റെ വിധി.
കവിത, സംഘര്‍ഷത്തിന്റെയും സങ്കടങ്ങളുടെയും പ്രതിരോധത്തിന്റെയും വാതിലുകള്‍ തുറന്നിടുന്നു. അന്ധമായ ദേശീയതകള്‍ക്കെതിരെ അത് കലാപക്കൊടി ഉയര്‍ത്തുന്നു. അപരവത്കരിക്കപ്പെട്ടവരോടൊപ്പം അത് പോരിനിറങ്ങുന്നു. ഫോക്‌ലോര്‍ യുക്തികള്‍ക്കപ്പുറം പാര്‍ശ്വവത്കരിക്കപ്പെട്ടവരോടൊപ്പം അത് അത്താഴം പങ്കിടുന്നു. റഫീക്ക് അഹമ്മദ് എഴുതിയ ‘ദേശഭക്തിയെക്കുറിച്ച് ചില വരികള്‍’ എന്ന കവിത നോക്കുക:

‘അതിര്‍ത്തികളിലെ പക്ഷികള്‍
വലിയ കുഴപ്പക്കാരാണ്.
ഒരു വകതിരിവുമില്ലാതെ
അങ്ങോട്ടും ഇങ്ങോട്ടും പാറിക്കൊണ്ടിരിക്കും.
ഒന്നിന് നേരെ ഉന്നം പിടിക്കുമ്പോഴേക്കും
അതിന്റെ പൗരത്വം മാറും’

ദേശീയത എന്ന വികാരം എങ്ങനെയാണ് മനുഷ്യരെ അപരരും അസ്പൃശ്യരുമാക്കുന്നതെന്ന് ഈ കവിത കാണിച്ചുതരുന്നു. സ്വന്തം ദേശത്ത് വിവേചനങ്ങളാല്‍ പട്ടിണി കിടന്ന് ആത്മഹത്യചെയ്ത കര്‍ഷകരുടെ പ്രേതങ്ങള്‍ കൊയ്‌ത്തോര്‍മ്മയില്‍ നൃത്തം ചവിട്ടുമ്പോള്‍ ദേശീയ ഗാനം കേള്‍ക്കുന്നു. മരിച്ചവര്‍ അറ്റന്‍ഷനാവുമ്പോള്‍ പ്രേതമൂപ്പന്‍ പറയുന്നു, അതുത്, നമ്മള്‍ മരിച്ചവരാണ്. ഈ ദേശീയഗാനം മരിച്ചവരുടെ ഗാനമാണെന്ന് വരുത്തിതീര്‍ക്കരുത്. കവിത ഈ വിധം അവസാനിക്കുമ്പോള്‍ അത് ഇന്ത്യനവസ്ഥയുടെ നേര്‍ച്ചിത്രമാകുന്നു. ദേശീയതയില്‍ നിന്ന് പുറത്തുപോവേണ്ടി വരികയും മരണത്തെ സ്വയം വരിക്കുകയും ചെയ്ത ഇന്ത്യന്‍ഗ്രാമങ്ങളിലെ അടിത്തട്ടുമനുഷ്യരുടെ നിലവിളികളെ ഇത്രമേല്‍ സൂക്ഷ്മമായി ആവിഷ്‌കരിക്കാന്‍ ഈ കവിതയ്ക്ക് കഴിയുന്നു.
കേവലമായ വിലാപങ്ങളിലേക്കോ, നാടന്‍പാട്ടിന്റെ ശീലുകളുടെ ഓര്‍മകളിലേക്കോ കവിത വായനക്കാരനെ ക്ഷണിക്കുന്നില്ല. പക്ഷേ ഫോക്‌ലോര്‍ വ്യവഹാരങ്ങളില്‍ ആവിഷ്‌കരിക്കപ്പെടുന്ന അനുഭവങ്ങള്‍ തന്നെയാണ് ഇവിടെ കവിതയ്ക്ക് വിഷയമാകുന്നത്. എന്നാല്‍ രാഷ്ട്രീയമായ പ്രതിരോധക്ഷമതയും സൂക്ഷ്മതയും കവിതയ്ക്ക് മൗലികമായ സൗന്ദര്യം നല്‍കുന്നു. ഒപ്പം അടിസ്ഥാന മനുഷ്യരുടെ ജീവിതത്തോട് രംക്തമാംസത്താല്‍ ഐക്യപ്പെടുകയും ചെയ്യുന്നു.

‘യാത്രാവിവരണം’ (മാധ്യമം ആഴ്ചപ്പതിപ്പ്, ജൂണ്‍ 27, ലക്കം-956) എന്ന പി എന്‍ ഗോപീകൃഷ്ണന്റെ കവിത മലയാളി സവര്‍ണ പുരുഷന്റെ കാഴ്ചകളെയും കാഴ്ചപ്പാടുകളെയും ആവിഷ്‌കരിക്കുകയാണ്. വനത്തിലൂടെ വയനാട്ടിലേക്ക് യാത്ര പുറപ്പെടുന്നവര്‍ ‘ലോകത്തിലെ ഏറ്റവും കറുകറുത്ത ഭാഷയില്‍’ എഴുതപ്പെട്ട ഒരു കാട്ടുപോത്തിനെ കാണുകയാണ്. അതിന്റെ ശാന്തത കണ്ടപ്പോള്‍ ചെഗുവേര രമണമഹര്‍ഷി ആയതുപോലെ അവര്‍ക്കു തോന്നുന്നു. പൊടുന്നനെ അത് തലവെട്ടിച്ചപ്പോള്‍ കാടു നടുങ്ങുന്നതു കണ്ട് രമണമഹര്‍ഷി ചെഗുവേര ആയതുപോലെയും തോന്നുന്നു. ആത്മീയതയെയും വിപ്ലവത്തെയും സംബന്ധിച്ച് കവിക്കോ കവിതയില്‍ ജീവിക്കുന്ന മലയാളി പുരുഷന്മാര്‍ക്കോ ഇവിടെ ഒരേ മനോഭാവമാണുള്ളത്. ശാന്തത = ആത്മീയത, വിപ്ലവം = ആക്രോശം. ഇത്തരത്തിലുള്ള ശരാശരി പുരുഷന്റെ നോട്ടങ്ങളില്‍ നിന്ന് കാട്ടുപോത്ത് മറയുമ്പോള്‍ ഒരാള്‍ ആത്മഗതം ചെയ്യുന്നത് ”എന്നാ ഇറച്ചി” എന്നാണ്. ‘പച്ചക്കറിച്ചെങ്ങാതി’ (പച്ചക്കറിമാത്രം കഴിക്കുന്ന പുരുഷന്‍) ‘തീറ്റപ്പണ്ടാരം’ എന്ന് ‘ഇറച്ചിച്ചെങ്ങാതിയെ’ (മാംസഭുക്കായ ചങ്ങാതിയെ) കളിയാക്കുകയോ ശകാരിക്കുകയോ ചെയ്യുന്നുണ്ട്. അപ്പോള്‍ ഇറച്ചിച്ചെങ്ങാതി പറയുന്നു:

‘കത്തി നേരെ വരുമ്പോള്‍
തടയാന്‍ പറ്റാത്ത
കരയാന്‍ പറ്റാത്ത
ഒന്നു കണ്ണടയ്ക്കാന്‍പോലും പറ്റാത്ത

നിരവധി മരണങ്ങള്‍
മലച്ചുകിടപ്പുണ്ട്
വെണ്ടയ്ക്കയായും മുരിങ്ങയ്ക്കയായും
നിന്റെ ഓരോ തളികയിലും
സാമ്പാര്‍
ചാറല്ല ചങ്ങാതീ,
ചോരയാണ്’

ഗോപീകൃഷ്ണന്റെ ഈ കവിത വെജിറ്റേറിയനിസം ഉല്പാദിപ്പിക്കുന്ന അസഹിഷ്ണുതയ്ക്കും വിദ്വേഷത്തിനുമുള്ള മറുപടിയാണ്. കവിതയില്‍ ജീവിക്കുന്നവര്‍ ഇറച്ചിക്കൂമ്പാരമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് അവര്‍ സ്വയം തിരിച്ചറിയുന്നുണ്ട്. ആരെങ്കിലും നമ്മെ നോക്കി ”എന്നാ ഇറച്ചിയാ” എന്നു കൊതിക്കുന്നുണ്ടാവുമോ എന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നു. ഇവിടെ കവിതയുടെ ഉന്നം പലതാണ്. ഒരു കവിതയില്‍തന്നെ വ്യത്യസ്ത മനുഷ്യരും വ്യത്യസ്ത ജീവികളും കലഹിച്ചും ഇണങ്ങിയും പാര്‍ക്കാറുണ്ട്. അത്തരം കവിതകളില്‍ നിന്ന് പലപ്പോഴും ജീവരക്തമൊഴുകാറുണ്ട്. ‘യാത്രാവിവരണം’ അത്തരത്തിലുള്ള ഒരു കവിതയാണ്. കവിയുടെ മറ്റൊരു കവിത ‘അധികാരിയുടെ അനുശോചനം’ (മലയാളം വാരിക ഏപ്രില്‍ 18, ലക്കം-48) രോഹിത് വെമൂലയുടെ മരണവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ടതാണ്. അധികാരിവര്‍ഗത്തിന്റെ ഉദാസീനമായ അനുശോചനത്തിന്റെ അടയാളങ്ങള്‍ പകര്‍ത്തിവയ്ക്കുക വഴി അടിസ്ഥാന മനുഷ്യരോടുള്ള ഭരണകൂടത്തിന്റെ മനോഭാവം വെളിവാക്കുകയാണ് ഈ കവിത.

സി പി അബൂബക്കറിന്റെ ‘പശു’ ( മാധ്യമം ആഴ്ചപ്പതിപ്പ്, മെയ് 16, ലക്കം-950) എന്ന കവിതയിലെ പശു ബാബിലോണിയന്‍ സിംഹാസനത്തില്‍ നിന്നാണ് ചാടിയിറങ്ങുന്നതെങ്കിലും അത് സമകാലിക ഇന്ത്യന്‍ അനുഭവങ്ങളുടെ അടയാളവും ആവിഷ്‌കാരവുമായി മാറുന്നുണ്ട്. ഇന്ത്യയില്‍ ഇന്ന് പശു എന്ന് എഴുതുമ്പോള്‍ പുല്ലുതിന്നാത്ത ‘ഏട്ടിലെ പശു’ മാത്രമല്ല. ഈ തിരിച്ചറിവില്‍ നിന്നാകണം കവി ഈ കവിതയെ കണ്ടെത്തുന്നത്.
ഒന്നും വെറുതെ കളയാതെ വീടിനും വീടിനെ ചുറ്റിപ്പറ്റി ജീവിക്കുന്നവര്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ റീസൈക്ലിങ് നടത്തുന്നതില്‍ വിദഗ്ധയാണ് അമ്മയെന്ന് കവിതയിലൂടെ കണ്ടെത്തുകയാണ് സന്ധ്യ ഇ ‘പേറ്റന്റ്’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രില്‍3-9, ലക്കം-3) എന്ന കവിതയിലൂടെ.

‘റീസൈക്ലിങ്ങിനെക്കുറിച്ച്
എത്ര പഠിച്ചാലും തീരാത്ത
പേറ്റന്റില്ലാത്ത
ഒരു പുസ്തകമാകുന്നു അമ്മ’

എന്നു പറഞ്ഞ് കവിത അവസാനിക്കുന്നു. വിജില ചിറപ്പാടിന്റെ ‘പോസ്റ്റുമോര്‍ട്ടം’ (മാധ്യമം ആഴ്ചപ്പതിപ്പ്, ജൂണ്‍ 13. ലക്കം- 954) എന്ന കവിത കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടി ജിഷയെ ഓര്‍മിപ്പിക്കുന്നു. ദലിത് സ്ത്രീജീവിതത്തോട് നമ്മുടെ വരേണ്യ പൊതുബോധം എങ്ങനെ പെരുമാറുന്നു എന്നും നീതി എന്നത് നീറിക്കൊണ്ടിരിക്കുന്ന വാക്കായി തുടരുക മാത്രം ചെയ്യുമെന്നും കവി ഓര്‍മിപ്പിക്കുന്നു.
എം എസ് ബനേഷിന്റെ ‘മുണ്ഡനോപനിഷത്ത്’ (മലയാളം വാരിക, മെയ് 30), മാധവന്‍ പുറച്ചേരിയുടെ ‘മ്മ..മ്മ..ഞ്ഞ..ഞ്ഞ’ (മലയാളം വാരിക, മെയ് 16), അരുണ്‍ സമുദ്രയുടെ ‘അറിയിപ്പ്’ (കൈരളിയുടെ കാക്ക, ഏപ്രില്‍-മെയ്-ജൂണ്‍), കെ വി സക്കീര്‍ ഹുസൈന്റെ ‘ഇറോം ശര്‍മ്മിള ഒരു രാജ്യമാണ്’ (കൈരളിയുടെ കാക്ക അതേ ലക്കം) എന്നിവരുടെ കവിതകളില്‍ തെളിയുന്ന രാഷ്ട്രീയ ബോധ്യങ്ങളെ അവഗണിക്കാന്‍ കഴിയില്ല.
സ്ത്രീ, ദലിത്, ആദിവാസി പ്രശ്‌നങ്ങളുടെ സമകാലികതയെ അഭിവാദ്യം ചെയ്യുവാനും അഭിമുഖീകരിക്കുവാനും ഇന്ന് സമകാലിക കവിതയ്ക്ക് കഴിയുന്നുണ്ട്. പാരിസ്ഥിതികമായ ഉത്കണ്ഠകളും കവിതയില്‍ നിന്ന് സര്‍ഗസൗന്ദര്യത്തോടെ ഉയരുന്നുണ്ട്. ഇവയൊക്കെത്തന്നെ ഉപരിപ്ലമായ വിലാപങ്ങളായോ വാക്കുകളുടെ അതിഭാവുകത്വമായോ അല്ല കവിതയില്‍ പ്രത്യക്ഷപ്പെടുന്നത്. ഫോക്‌ലോറിസത്തിന്റെ വരേണ്യ സൗന്ദര്യബോധത്തെ നിരാകരിച്ചുകൊണ്ടാണ് സമകാലിക കവിത അതിന്റെ പ്രശ്‌ന പരിസരങ്ങളെ കണ്ടെത്തുന്നത്.