സാവിത്രി ബായി ഫുലെ: അവസാനമില്ലാത്ത യാത്രകൾ

മാനസി

1831-ൽ മഹാരാഷ്ട്രയിൽ നായ്ഗാവിൽ ജനിച്ച സാവിത്രി ബായ്
ഇന്ത്യയിലെ പ്രഥമ അധ്യാപികയായി കണക്കാക്കപ്പെടുന്നു. അവർക്ക്
9 വയസ്സ് പ്രായമുള്ളപ്പോൾ 14 വയസായ മാലി (തോട്ടക്കാരൻ
) ജാതിയിൽപ്പെട്ട ജ്യോതിറാവു ഫുലെയുടെ ഭാര്യയായി. അദ്ദേഹമാണ്
അവരെ അക്ഷരം പഠിപ്പിച്ചത്. ജ്യോതിറാവു ഇന്ത്യയിൽ
ആദ്യമായി പെൺകുട്ടികൾക്കുവേണ്ടി വിദ്യാലയം സ്ഥാപിച്ച
പ്പോൾ അന്ന് അവിടെ അക്ഷരാഭ്യാസമുള്ള ഏക വനിതയായ സാവിത്രിയെ
അധ്യാപികയാക്കി ചരിത്രം കുറിക്കുകയാണ് ചെയ്തത്.
അക്കാലത്ത് ബ്രാഹ്മണരല്ലാത്തവർക്ക് വിദ്യാഭ്യാസം നിഷി
ദ്ധമായിരുന്നു. സ്ത്രീകൾക്ക് എല്ലാ ജാതിയിലും വിദ്യാഭ്യാസം നി
ഷേധിക്കപ്പെട്ടു പോന്ന അക്കാലത്ത് താണജാതിയിൽപ്പെട്ട ഒരു
സ്ത്രീ അധ്യാപികയാവുക എന്നത് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു.
പല തരത്തിലുള്ള പീഡനങ്ങളും ഭീഷണികളും
നേരിടേണ്ടിവന്ന സാവിത്രിബായ് 1897-ൽ പ്ലേഗ് ബാധിച്ചു മരിക്കും
വരെ സാമൂഹ്യപ്രവർത്തനങ്ങളിൽ വ്യാപൃതയായിത്തന്നെ ജീവി
ച്ചു. സാവിത്രി ബായ് ഫുലെയുടെ ആത്മകഥാരൂപത്തിൽ കഥാകാരി
മാനസിയെഴുതിയ ലേഖനമാണിത്.

മുഖത്ത് ഊക്കിൽ വന്നു വീണ ചാണക ഉരുള. മുഖത്തുനിന്ന്
സാരിയിലൂടെ കീഴോട്ടൊഴുകിയ ചാണകം വെറും കൈ കൊണ്ട്
വടിച്ചുകളഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടിൽ അതേ നടപ്പു തുടർ
ന്നു.

ആളിയുയരുന്ന ഈ തീനാളങ്ങൾക്കു മുന്നിൽ നിൽക്കുമ്പോൾ
മനസ്സിൽ വരുന്ന ആദ്യചിത്രം അതാണ്. സ്‌കൂളിലേക്ക് ആദ്യമായി
ഒറ്റയ്ക്കു നടന്നുപോയ ദിവസം. പിന്നിൽ നാലുപേർ തൊട്ടുതൊട്ടി
ല്ലെന്ന മട്ടിൽ നടന്നിരുന്നു. അത് പവില്ലാത്തതാണ്.
വഴിവക്കിലെ വീടുകളുടെ ജനാലകളിൽ മൂർച്ചയേറിയ ശൂലങ്ങൾ
പോലെ നിന്ന കണ്ണുകൾ അപ്പോഴേക്കും പരിചിതമായിക്ക
ഴിഞ്ഞിരുന്നു; വഴിയിലേയ്ക്കും തങ്ങളുടെ മേലേയ്ക്കും വന്നുവീഴുന്ന
കല്ലുകളും. മേലിൽ കല്ലുകളും മൺകട്ടകളും വന്നുവീഴുമ്പോഴും
ഒന്നും സംഭവിക്കാത്ത മട്ടിൽ മുന്നിലേക്ക് നോക്കി നടക്കാനായി
രുന്നു സേഠ്ജി പറഞ്ഞത്. വഴി പരിചയമാകും വരെ സേഠ്ജി
സ്‌കൂളിലേക്ക് ഒപ്പം വന്നിരുന്നു. കണ്ടവർ വായ് പൊത്തിച്ചിരിച്ചു.
ഏറുകൊണ്ട് ചോര പൊടിയുമ്പോഴും സേഠ്ജിയുടെ മുഖഭാവം മാറി
ക്കണ്ടിട്ടില്ല. ജീവിതം മുഴുവൻ സേഠ്ജി എന്ന് താൻ വിളിച്ച തന്റെ
സേഠ്ജി! ലോകത്തിന്റെ ജ്യോതിബാ. ജ്യോതിറാവ് ഫുലെ.

”നിൽക്കാൻ” പിന്നിൽ നടന്നിരുന്നവർ പെട്ടെന്ന് ചുറ്റും വളഞ്ഞു.
പുസ്തകം കാണാൻ പോലും അധികാരമില്ലാത്ത ജാതി. അതും
പെണ്ണ്! എന്നിട്ടും അവൾക്ക് പെൺകുട്ടികളെ പഠിപ്പിക്കണമത്രെ!
അതിലൊരാൾ ഒന്നുകൂടി മുന്നിലേക്ക് കയറിനിന്നു.

”എന്റെ വീട്ടിലെ പെൺകുട്ടികളെ പിഴപ്പിക്കാൻ നോക്കിയാൽ
നീ പിന്നെ ഈ വഴി നടക്കില്ല”.

സേഠ്ജിയില്ല ഒപ്പം. വിറങ്ങലിച്ചുപോയി. പേടികൊണ്ട് വയറ്റിൽ
എന്തൊക്കെയോ തിളച്ചുമറിഞ്ഞു. പക്ഷെ തിരിഞ്ഞു നടക്കാൻ
ആജ്ഞാപിച്ച അവർക്കിടയിലൂടെ മുന്നോട്ടാണ് നടന്നത്.
ഒട്ടും പ്രതീക്ഷിക്കാത്തതുകൊണ്ടാവണം നോക്കിനിന്നതല്ലാതെ
അവർ പിന്തുടർന്നില്ല. എന്തുകൊണ്ടെന്ന് ഇന്നും അറിഞ്ഞുകൂടാ.
സേഠ്ജിയും കൂട്ടുകാരും ഗ്രാമത്തിൽ പെൺകുട്ടികൾക്കായി
ഒരു വിദ്യാലയം തുറന്നത് ആർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. പെൺകുട്ടികൾ
പുറത്തുപോകുന്നത് പോട്ടെ, സ്വന്തം വീടിന്റെ ഉമ്മറപ്പടി
കൾ പോലും കടക്കാത്ത ഒരു കാലത്ത് സ്‌കൂളിൽ പെണ്ണ് ഒറ്റയ്ക്ക്
പോയി പഠിക്കയോ! ഗ്രാമം ഒന്നാകെ പൊട്ടിത്തെറിച്ചു. പ്രതീക്ഷി
ച്ചതല്ലേ എന്നായിരുന്നു സേഠ്ജി പ്രതികരിച്ചത്. പക്ഷെ സേഠ്ജി
യുടെ കൂട്ടുകാരുടെ പെൺകുട്ടികൾ ഒന്നൊന്നായി സ്‌കൂളിൽ ചേർ
ന്നു. ആദ്യമാദ്യം വഴി മാറി നടന്ന പലരുടെയും പെൺകുട്ടികൾ
സ്‌കൂളിലെത്താൻ തുടങ്ങി.

”സ്‌കൂൾ തുടങ്ങാൻ ഒരു പെൺടീച്ചർ വേണം” വീട്ടുമുറ്റത്ത്
കൂടിയ സുഹൃത്തുക്കളോട് സേഠ്ജി പ്രവർത്തനപദ്ധതി അവതരിപ്പിച്ചത്
അങ്ങനെയാണ്. ”അപ്പോൾ കൂടുതൽ പെൺകുട്ടികൾ
വന്നെന്നുവരും. പക്ഷെ ശമ്പളം പറ്റാത്ത ടീച്ചറാവണം. കൊടുക്കാൻ
നമ്മുടെ കയ്യിൽ കാശില്ല”.

അക്ഷരങ്ങൾ വായിക്കാനും എഴുതാനുമറിയാവുന്ന ഒരേയൊരു
സ്ര്തീയേ അന്ന് ഗ്രാമത്തിലുണ്ടായിരുന്നുള്ളൂ. അത് ഞാനായിരുന്നു.

”കൂടുതൽ പഠിക്കണം” മുറ്റത്ത് എല്ലാവരുടെയും മുന്നിൽ
നിർത്തി കൈയിലെ ചപ്പാത്തിക്കോൽ എടുത്തു മാറ്റിവച്ച് സേഠ്ജി
തന്റെ മുഖത്തേക്ക് നോക്കി. ”വേഗം വേഗം പഠിക്കണം. കളയാൻ
ഒട്ടും സമയമില്ല. പഠിപ്പിക്കൽ അത്ര എളുപ്പമല്ല”.
വയറൊന്നാകെ കാളി. ഒന്നും മറുത്തു പറഞ്ഞ് ശീലിച്ചിട്ടില്ല.
കല്യാണം കഴിഞ്ഞ് പത്താം ദിവസം സ്ലേറ്റും പെൻസിലുമായി
കയറിവന്ന്, അടുക്കളയിൽ നിന്ന് മുറിയിലേക്ക് വിളിച്ചുവരുത്തി
ആദ്യാക്ഷരങ്ങൾ കൈപിടിച്ചെഴുതിച്ചത് സേഠ്ജിയാണ്. മുറിയിൽ
തലങ്ങും വിലങ്ങും കിടന്ന പുസ്തകങ്ങളുടെ ലോകത്തിലേക്ക്
അത്ഭുതത്തോടെ നോക്കിനിന്ന ദിവസങ്ങളായിരുന്നു അത്. തന്റെ
കയ്യിൽ സ്ലേറ്റും പെൻസിലും കണ്ട് അതിലേക്കുതന്നെ നോക്കി
സേഠ്ജിയുടെ അമ്മയും അച്ഛനും അമ്പരന്നുനിന്നു. പിന്നെ ഒരവി
ഹിതഗർഭത്തെ എന്നപോലെ, പിറുപിറുപ്പുകൾക്കും കുറ്റപ്പെടുത്തലുകൾക്കുമിടയിൽ
അതിനെ അവർ രഹസ്യമാക്കി വച്ചു.

”തോട്ടപ്പണി ചെയ്യുന്നവന്റെ മകൻ സ്‌കൂളിലോ” എന്ന് ആക്രോശിച്ചുകൊണ്ട്
അച്ഛനെ തീവ്രമായി ഭർത്സിച്ച ബ്രാഹ്മണർക്കു
മുന്നിൽ അച്ഛൻ പേടിച്ചു വിറച്ചു നിന്നിരുന്നത് കണ്ടതാണ്.
”ഗ്രാമത്തിൽ നിന്ന് പച്ചവെള്ളം കിട്ടില്ല” എന്ന ഭീഷണിക്കു
മുന്നിൽ അച്ഛൻ പിടഞ്ഞു നിലവിളിച്ചു. മകനെ സ്‌കൂളിൽ നിന്ന്
പിൻവലിച്ചു.
അയൽവക്കത്തെ പണ്ഡിതനായ ഗഫർ ഭയ്ഗ് മുൻഷി തിളച്ച
ത്രെ.

”അവൻ മിടുക്കനാണ്” മുൻഷി കലിതുള്ളി. ”അതാണ് അവർക്ക്
പേടി”.

അകലെയുള്ള സ്‌കൂളിൽ സേഠ്ജിയെ ഏറെക്കുറെ രഹസ്യ
മായി പഠിക്കാനാക്കിയത് അദ്ദേഹമാണ്.

”സേഠ്ജിയോ!” സ്വന്തം ഭർത്താവായ ജ്യോതി റാവ് ഫുലെയെ
സേഠ്ജി എന്നു വിളിക്കുന്നതു കേട്ട് പലരും കളിയാക്കിയിരുന്നു.
മറ്റൊരു പേര് പക്ഷെ ഒരിക്കലും മനസ്സിൽ വന്നില്ല. ആരായിരുന്നു
തനിക്ക് ജ്യോതിബാ? ഗുരു? സുഹൃത്ത്? ഗുണകാംക്ഷി? ഭർത്താവ്?
അദ്ദേഹം തന്റെ ജീവിതത്തെ മാറ്റിമറിച്ചത് ഒരു കൊടുങ്കാറ്റിന്റെ
വേഗത്തിലാണ്. പറഞ്ഞതൊന്നും പത്തോ പന്ത്രണ്ടോ വയസ്സുള്ള
തനിക്ക് മനസ്സിലായില്ല. പേടിയായിരുന്നു ആകെ. വിശ്വസിച്ച
പലതും മനസ്സിൽ തട്ടിമറിഞ്ഞുവീണു. പലപ്പോഴും നിലതെറ്റുന്നു
എന്നു തോന്നി. തരിമ്പും പാപഭീതിയില്ലാതെ ബ്രാഹ്മണർ ചെയ്തുപോന്ന
അപരാധങ്ങളെ പരസ്യമായി ഭർത്സിക്കുകയും യുക്തി
യുക്തം അവരുടെ രീതികളെ വിമർശിക്കുകയും ചെയ്യുന്ന ഒരാളെ
അതിനുമുൻപ് താൻ കണ്ടിരുന്നില്ല. വഴിയിൽ ബ്രാഹ്മണരോടൊപ്പം
നടന്നതിന് സേഠ്ജിയെ ഭീഷണിപ്പെടുത്തി ഭർത്സിച്ച
ബ്രാഹ്മണരെ വെല്ലുവിളിച്ച് വീട്ടിൽ വന്നു കയറിയപ്പോൾ
അമ്മയും അച്ഛനും അലമുറയിട്ടത് പൊതിരെയുള്ള അടി പേടിച്ചി
ട്ടായിരുന്നു. അതായിരുന്നു പതിവ്. പലരും കൂടി വളഞ്ഞുനിർത്തി
യുള്ള തല്ല്. ചോദിക്കാൻ ആരും വരില്ല. ചത്തുമലച്ചാൽ പോലും
തിരിഞ്ഞുനോക്കില്ല.

”അവർ ബ്രാഹ്മണരാണ്. നമ്മൾ വെറും മാലികളും. ദൈവഹിതമാണത്
ജ്യോതീ” അച്ഛൻ വല്ലാതെ കരഞ്ഞു. ”ദൈവത്തി
നെതിരെ പോകാൻ എനിക്കാവില്ല. വെള്ളം കിട്ടാതെ പട്ടിണി
കിടന്ന് എനിക്ക് മരിക്കണ്ട”.

നടുറോട്ടിൽ ബ്രാഹ്മണരോടൊപ്പം നടന്ന ഔദ്ധത്യത്തിനു
പുറമെ ഭാര്യയെ വിദ്യാഭ്യാസം ചെയ്യിക്കുന്ന തോട്ടപ്പണിക്കാരന്റെ
ധാർഷ്ട്യം കൂടിയായപ്പോൾ അച്ഛൻ സഹിച്ചിരിക്കില്ല. വഴക്കിനും
ഗദ്ഗദത്തിനും കലഹത്തിനുമൊടുവിൽ സേഠ്ജി വീടുവിട്ടിറങ്ങി.
പുറത്തുനിന്ന് വിളിച്ചു. ”കൂടെ വരുന്നോ” എന്നു മാത്രമേ ചോദി
ച്ചുള്ളൂ. സേഠ്ജിയെ പിരിഞ്ഞുള്ള ജീവിതം ആലോചിക്കാൻ
പോലും സാദ്ധ്യമല്ലാതിരുന്നതിനാൽ ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല.
ഉടുതുണിക്ക് ഒരു മറുതുണി മാത്രമായിരുന്നു കയ്യിൽ.
മുന്നിലെ വഴി എത്ര ദുർഘടമാണ്. എത്ര ദാരിദ്ര്യമാണ് അവി
ടത്തെ കൈമുതൽ എന്ന് തിരിച്ചറിയാൻ അധിക നാളുകളൊന്നും
വേണ്ടിവന്നില്ല. തോൽക്കില്ല എന്നു മാത്രം രണ്ടുപേരും പരസ്പരം
പറഞ്ഞുകൊണ്ടിരുന്നു. എങ്ങനെ എന്ന ചോദ്യം രണ്ടുപേരും കണ്ടി
ല്ലെന്നു നടിച്ചു. അതാണ് നിറവയറുള്ള ബാലവിധവയുമായി വീട്ടി
ലേക്ക് സേഠ്ജി കയറിവന്നപ്പോൾ വയറൊന്നാകെ കത്തിയത്.

”എന്തെങ്കിലും കഴിക്കാൻ കൊടുക്ക്” ആജ്ഞ.

”ചാകണമത്രെ. ജീവിക്കാനാണ് ധൈര്യം വേണ്ടത്” അകത്തേക്കു
കടന്ന് പെൺകുട്ടിയുടെ കൈ തന്റെ കയ്യിൽ വച്ച് സേഠ്ജി
മുരണ്ടു.

”പെറ്റാൽ കുട്ടിക്ക് ആരുടെ ജാതിപ്പേരിടും എന്നാണ് ഏറ്റവും
വലിയ ചോദ്യം!”

”അനാഥർക്ക് കൊടുക്കാൻ നമ്മുടെ പേരുണ്ട്. നോക്കാനും
നമ്മളുണ്ട്”.

കൊടുത്ത ഭക്ഷണം കഴിക്കാതെ ഇരുന്ന പെൺകുട്ടി ഉറക്കെ
കരയാൻ തുടങ്ങിയിരുന്നു. ഭർത്താവിന്റെ ഏട്ടനാണ് കുട്ടിയുടെ
അച്ഛൻ എന്നു പറഞ്ഞാൽ അവർ അവളെ കൊല്ലും. ”മാലിയുടെ
ഭക്ഷണം കഴിച്ചാലും ബ്രാഹ്മണന്റെ ജീവൻ കിടക്കും”. ദേഷ്യ
ത്തോടെ പെൺകുട്ടിയുടെ മുഖത്തുനോക്കാതെ ഇറങ്ങിപ്പോയ
സേഠ്ജി തിരിച്ചുവന്നത് അതിലേറെ കടുത്ത മുഖവുമായായിരുന്നു.
മിണ്ടാൻ പോലും ധൈര്യം വന്നില്ല. ”ഒന്നല്ല. ആയിരക്കണക്കി
നാണ് ഇത്തരം ക്രൂരത” സേഠ്ജി ആരോടെന്നില്ലാതെ പറഞ്ഞു.

”വിധവ വീട്ടുകാരുടെയും നാട്ടുകാരുടെയും പൊതുസ്വത്തല്ലെ.
ആരുണ്ട് ചോദിക്കാൻ?”

സേഠ്ജിയെ ഇത്രയധികം കോപാകുലനായി കണ്ട ദിവസമുണ്ടായിട്ടില്ല.
പിറ്റേന്നു മുതൽ തുരുതുരാ വീട്ടിൽ വന്നുംപോയുമിരുന്നവർക്ക്
കൊടുക്കാൻ വെള്ളം മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
അതൊന്നും കാര്യമാക്കാതെയുള്ള മൂടിപ്പിടിച്ച സംഭാഷണങ്ങൾ.
പിറുപിറുപ്പുകൾ. ഇരുട്ടിലെ മീറ്റിംഗുകൾ. അടുക്കളയുടെ മൂലയിൽ
കൂനിക്കൂടിയിരിക്കുമ്പോൾ ഭയം മാത്രം കൂട്ടിനു നിന്നു. ആരും
ഒന്നും മിണ്ടിയില്ല. വെറും ഒരു മാസത്തിനകം, ഗർഭിണികളായ
വിധവകൾക്കു താമസിക്കാനും പ്രസവിക്കാനുമുള്ള ചെറിയൊരാശ്രമം
തയ്യാറായപ്പോൾ ചുറ്റുമുള്ളവർ പക്ഷെ പകച്ചുനിന്നുപോയി.
ചവിട്ടിപ്പുറത്താക്കേണ്ട നെറികെട്ട പെണ്ണുങ്ങൾക്ക് അഭയമോ?
എതിർപ്പുകൾ ഇരമ്പി: ”ഈ പാപത്തിന് കൂട്ടുനിന്നാൽ
എവിടെയെത്തും നമ്മുടെ പെണ്ണുങ്ങൾ? വീടല്ല, വേശ്യാലയമാണ്
തുറക്കേണ്ടത്”.

പിഞ്ചുകുട്ടികളുടെ പരിചരണ സജ്ജീകരണങ്ങളുമായി സേഠ്ജിയും
കൂട്ടരും ഓടിനടക്കുമ്പോൾ തനിക്കുപോലും തോന്നിയ
സംശയം. അയൽക്കാർ ആരും മിണ്ടാതായി. മുഖത്തുപോലും
നോക്കാതായി. ”കുലടകൾക്ക് കൂട്ടുനിൽക്കുന്നവൾ. വീട്ടിലിരി
ക്കാത്ത അശ്രീകരം”. അപവാദങ്ങൾ കുമിഞ്ഞു. ആ പിഞ്ചുകുഞ്ഞുങ്ങൾ
എന്തു പിഴച്ചു എന്ന സേഠ്ജിയുടെ ചോദ്യത്തിനു
മുന്നിൽ പക്ഷെ താനടക്കം എല്ലാവരും നിശ്ശബ്ദരായി. പെറ്റുവീണ
കുഞ്ഞുങ്ങളെ അവിടെത്തന്നെയിട്ട് അമ്മമാർ നടന്നകന്നപ്പോൾ
മനസ്സ് വല്ലാതെ കലങ്ങിയിട്ടുണ്ട്. ഈ യാത്രയെങ്ങോട്ട് എന്ന
ചോദ്യം ബാക്കിയാവാൻ തുടങ്ങിയിരിക്കുന്നു. എപ്പോഴും. എത്ര
പേരെ ഊട്ടും? എത്ര പേരുടെ ചുമതലയേൽക്കും? എങ്ങനെ
കൊണ്ടുനടക്കും?

കുട്ടികളുടെ പഠിപ്പെങ്ങനെ എന്നു മാത്രമായിരുന്നു മുന്നിൽ
പെടുമ്പോഴൊക്കെ സേഠ്ജിയുടെ ചോദ്യം. സ്വയം പഠിക്കണം. പഠി
പ്പിക്കാൻ എന്നും തയ്യാറെടുക്കണം. ബ്രാഹ്മണ വിധവ ഇട്ടിട്ടുപോയ
യശ്‌വന്തിനെ നോക്കണം. വരുന്നവരെ സത്കരിക്കണം.
ക്വിൽറ്റുകൾ കൂടുതൽ തയ്ച്ച് പണമുണ്ടാക്കണം. ചെലവിന് പണം
കാണണം.

എന്തൊക്കെ ചെയ്താലും എത്ര ഓടിനടന്നാലും ക്ഷീണിച്ചാലും
പക്ഷെ ഒന്നും തെറ്റരുത്. ഒരു ചുവടു പിഴച്ചാൽ മതി കെട്ടിപ്പൊക്കി
വരുന്ന ഗോപുരം ഒറ്റയടിക്ക് തകർന്ന് തരിപ്പണമാകും. സേഠ്ജിക്ക്
അതൊരിക്കലും സഹിക്കാനായെന്നുവരില്ല.
അടുത്ത ഗ്രാമത്തിലെ മിഷണറി സ്‌കൂളിൽ പഠിപ്പിച്ചിരുന്ന മിസ്
ഫറാർ പക്ഷെ എന്തിനും ഏതിനും ഒപ്പം നിന്നു.

”എന്താണ് നിങ്ങൾ ഇപ്പോൾ ചെയ്യുന്നതെന്ന് വല്ല ധാരണയുമുണ്ടോ
സാവൂ?” ഫറാർ തന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു.

”ഇന്നിവിടെ പെൺകുട്ടികളെ പഠിപ്പിക്കുക എന്നുവച്ചാൽ ഇന്ത്യ
യുടെ ചരിത്രത്തിലേക്ക് നടന്നുകയറുക എന്നാണർത്ഥം”
ഇംഗ്ലീഷ് ചുവയുള്ള ഉച്ചാരണം. മുഴുവൻ മനസ്സിലായില്ല.
സേഠ്ജിയുടെ മുഖത്തേക്ക് നോക്കി. സേഠ്ജിയുടെ മുഖത്ത് മുഴുവൻ
ഗൗരവമാണ്.

ഏതോ വലിയ തെറ്റു ചെയ്തപോലെ പരിഭ്രമവും പേടിയും
പൊട്ടിയൊഴുകി. എന്തു തെറ്റാണീ ഗൗരവത്തിനു കാരണം?
ഒറ്റയ്ക്കാവുമ്പോൾ, ഇതൊന്നും തനിക്കാവില്ലെന്നു തോന്നുമ്പോൾ,
പരിഭ്രമവും പേടിയും കൊണ്ട് കരഞ്ഞുപോയ സന്ദർഭങ്ങൾ
ഏറെയാണ്. അങ്ങനെയാണ് തനിക്കു പകരം കൂടുതൽ പഠിപ്പുള്ള
ഒരു സ്ര്തീയെ ടീച്ചറാക്കിക്കൂടേ എന്ന് എല്ലാ ധൈര്യവും സംഭരിച്ച്
സേഠ്ജിയോട് ഒരിക്കൽ ചോദിച്ചത്.

”മതിയായോ സാവൂ,” ഈ ലോകത്തിലെ ദു:ഖം മുഴുവനും
സേഠ്ജിയുടെ ശബ്ദത്തിൽ ഉറഞ്ഞു എന്ന് തോന്നി. ”എന്റെ കൂടെ
നടന്ന് മതിയായോ?” ഉള്ളിൽ നിന്ന് പൊങ്ങിവന്ന വിങ്ങലും സങ്ക
ടവും ഉള്ളിലേക്ക് തള്ളിയമർത്താൻ സാരിയുടെ തുമ്പ് അന്ന് വായി
ലേക്ക് അമർത്തിത്തിരുകിയതാണ് മായാത്ത മറ്റൊരോർമ. ”ഈശ്വരാ”
എന്ന് ഉറക്കെ വിളിക്കാൻ ധൈര്യമില്ലായിരുന്നു. ”ഏതീശ്വ
രനാണ് നിന്നെ രക്ഷിക്കാൻ വരിക?” എന്ന് പലതവണ കേട്ടതാണ്.

”ബുദ്ധിമുട്ടാണ്. അറിയാം” സേഠ്ജി കണ്ണുകൾ നിലത്ത് തറപ്പിച്ചുനിർത്തി.

”അനാഥക്കുട്ടികൾ, വീട്ടുജോലി, പഠിക്കൽ, പഠി
പ്പിക്കൽ. അപമാനങ്ങളും ഭർത്സനങ്ങളും മാത്രമാണ് വഴിയിലുടനീളം.
അറിയാം. പക്ഷെ ഞാൻ ആരെയാണിതൊക്കെ ഏല്പിക്കേ
ണ്ടത്? ആരുമില്ല സാവൂ. ഞാനൊറ്റയ്ക്കാണ്. പിന്നാലെ നടക്കാനേ
ആൾക്കാരുള്ളൂ”.

വാക്കുകൾ മനസ്സിൽ മുള്ളാണികൾ പോലെ തറച്ചു. ഒപ്പം നടക്കേണ്ടതാണെന്ന്
അറിയാഞ്ഞല്ല. അറിയാതെ പിന്നിലാവുകയാണ്.
പഠിക്കൽ, പഠിപ്പിക്കൽ പോലെ ഒരു വ്രതമാക്കിയതുകൊണ്ടാണ്.
കൂടുതൽ കൂടുതൽ പെൺകുട്ടികൾ എഴുതാനും വായിക്കാനും
തുടങ്ങുന്നതു കണ്ട് ഫറാർ ഒരു ദിവസം കെട്ടിപ്പിടിച്ചു. എല്ലാ കുട്ടി
കളുടെയും മുൻപിൽ വച്ച്.

”ഇന്ത്യയിലെ ആദ്യത്തെ ബാലികാവിദ്യാലയം. ഇന്ത്യയിലെ
ആദ്യത്തെ അദ്ധ്യാപിക! ഒരിക്കലും ഒരിക്കലും പിന്തിരിയരുത്.
കല്ലേറുകളും അപവാദങ്ങളും ഒപ്പം വരും. വരട്ടെ. ചരിത്രത്തി
ലേക്ക് കടക്കാൻ ഊടുവഴികളില്ല സാവിത്രീ. കുറുക്കുവഴികളുമി
ല്ല”.

മിസ്. ഫറാറിന്റെ മുഖം മുഴുവൻ ഗൗരവമായിരുന്നു.
”സാവൂനറിയില്ല, ഞാൻ ചരിത്രത്തിന് ദൃക്‌സാക്ഷിയാവുകയാണ്”.
സ്വന്തം നാട്ടിൽ നിന്ന് എത്രയോ അകലെ, അന്യനാട്ടുകാർക്കി
ടയിൽ, ഒറ്റയ്ക്ക്. ഇഷ്ടമാണോ ഈ ജീവിതം എന്നു ചോദിക്കുമ്പോഴൊക്കെ
ഫറാർ ഒന്നും പറയാതെ ചിരിക്കാറേയുള്ളൂ.
അദ്ധ്യാപികയായിട്ടും മിസ്. ഫറാറിനെ, തന്നെപ്പോലെ ആരും
ഉപദ്രവിച്ചിരുന്നില്ല. വെളുത്ത നിറവും സൗമ്യ സ്വഭാവവുമുള്ള
മിഷണറിമാർ പലരും ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്നതുകൊണ്ടു
കൂടിയാവണം ഫറാർ എളുപ്പത്തിൽ അംഗീകരിക്കപ്പെട്ടത്.
അതോ, നമ്മുടെ ഇടയിലുള്ളവരല്ല, ഇംഗ്ലീഷുകാർ എന്തുവേണമെങ്കിലും
ചെയ്‌തോട്ടെ എന്നു വിചാരിച്ചിട്ടാണോ എന്നും നിശ്ച
യമില്ല.

എന്നാൽ സേഠ്ജി അവിടെയുള്ള ഇംഗ്ലീഷുകാരുമായി നല്ല അടുപ്പത്തിലായിരുന്നു.
അവരുടെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ സമൂഹത്തെ
എത്രമാത്രം സ്വാധീനിക്കുന്നു എന്ന് അടുത്തറിഞ്ഞതിനാലാവണം,
സ്ര്തീകളുടെ ജീവിതങ്ങളെ മാറ്റിമറിക്കുന്നത് കണ്ടറിഞ്ഞ
തുകൊണ്ടാവണം നാട്ടിലെ പെൺകുട്ടികൾ വീടിനു പുറത്ത്
കാലെടുത്തു വയ്ക്കുക പോലും ചെയ്യാതിരുന്ന കാലത്ത് നിർബന്ധപൂർവം
സേഠ്ജി പെൺകുട്ടികൾ പഠിക്കണമെന്ന് വാശി പിടി
ച്ചത്. ഒരു ചെറിയ കൂര പണിതത്, വീടുകൾ തോറും നടന്നത്,
വേണ്ടാത്തതൊക്കെ കേട്ടത്. ശമ്പളമില്ലാതെ പഠിപ്പിക്കാൻ ആരുമില്ലല്ലോ
എന്ന വേവലാതിക്ക് ഉത്തരമായി വന്നത് അന്ന്
തത്കാലം അക്ഷരങ്ങളും വാക്കുകളുമെങ്കിലും എഴുതാനറിയാമായിരുന്ന
താൻ മാത്രമാണ്. ”അക്ഷരം പഠിക്കുക. പഠിപ്പിക്കുക. പഠി
ക്കാൻ പേടിയരുതെന്ന് പറഞ്ഞുകൊണ്ടേയിരിക്കുക. സഹായത്തി
നൊപ്പമുണ്ടെന്ന് ഉറപ്പു നൽകുക”. ഇതായിരുന്നു ജീവിതം മുഴുവൻ
ചെയ്തത്. പരിഹാസം നിറഞ്ഞ ചിരികൾക്കിടയിലൂടെ മേലിൽ
വന്നുവീണ ചെറിയ കല്ലുകൾക്കിടയിലൂടെ സേഠ്ജിക്കൊപ്പം
നടന്ന് സ്‌കൂളിലെത്തിയ ദിവസം കുട്ടികളെ കണ്ടപ്പോൾ ഒരക്ഷരം
പറയാനാവാതെ വിറങ്ങലിച്ചത് ഇന്നും ഓർമയുണ്ട്. കല്ലേറുകൾ,
ചീത്ത വാക്കുകൾ, താണ ജാതിക്കാരിയെന്ന കുത്തുവാക്കുകൾ
എല്ലാം പതിവായി വഴിയിൽ നിറഞ്ഞു. തിരിച്ചുപോയിരുന്ന്
വല്ലാതെ കരഞ്ഞിട്ടുണ്ട്. ഇനി ഇത് വയ്യ എന്നു തോന്നിയിട്ടുണ്ട്.

പക്ഷെ ഭർത്താവിന്റെ മുഖത്തെ ആവേശം കാണുമ്പോൾ, അദ്ദേ
ഹത്തിന്റെ ഒപ്പം പ്രവർത്തിക്കുന്നവരുടെ സന്തോഷം കാണുമ്പോൾ
താനെന്തോ വലിയ കാര്യം ചെയ്യുകയാണെന്നു തോന്നും.
മനസ്സിനെ തള്ളിത്താഴ്ത്തും പോലെ ഉള്ളിലേക്ക് അമർത്തും.
പേടിയെ കീഴടക്കാൻ പഠിച്ചത് അങ്ങനെയാണ്.
ജ്യോതിബാ എന്ന് എല്ലാവരും വിളിക്കുന്ന സേഠ്ജി എന്തി
നാണ് ഇങ്ങനെ വിഷമങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ പെൺ
കുട്ടികളെ പഠിപ്പിക്കൽ, അവിഹിത ഗർഭം ചുമക്കുന്ന വിധവകൾക്കുള്ള
ആശ്രമം നടത്തൽ, ബ്രാഹ്മണരോട് തർക്കിച്ച് ബോദ്ധ്യ
പ്പെടുത്താനായി ഞങ്ങളെപ്പോലെയുള്ള താണ ജാതിക്കാർക്ക്
നിഷിദ്ധമായി ശാസ്ര്ത-വേദോപനിഷത്തുക്കൾ പഠിക്കൽ തുടങ്ങി
മേൽജാതിക്കാരെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്ന
തെന്ന് എപ്പോഴും ആശങ്കപ്പെട്ടിട്ടുണ്ട്. റോഡിൽ ബ്രാഹ്മണർ
ക്കൊപ്പം നടക്കുമെന്ന് ശഠിച്ച് കലഹിച്ചു വന്ന ദിവസമാണ്
സേഠ്ജിയുടെ അച്ഛൻ വീട്ടിൽ നിന്ന് പുറത്തുപോകാൻ പറഞ്ഞ
ത്. ഒട്ടും കൂസലില്ലാതെ താനും ഒപ്പം പടിയിറങ്ങി എന്നത് വേറെ
കാര്യം. പക്ഷെ ബന്ധുക്കളും അയൽക്കാരുമൊക്കെ മുഖത്തുപോലും
നോക്കാതെ അകന്നകന്നുപോകുമ്പോൾ പേടിയും
സങ്കടവും ഒരു ഇഴജന്തുവിനെപ്പോലെ മനസ്സിലേക്കരിച്ചുകയറും.

”കുറ്റമല്ല കുട്ടികളുണ്ടാകാത്ത”തെന്നും ”ബ്രാഹ്മണശാപത്തിന്റെ
ഫലം അനുഭവിച്ചോ” എന്നും പറഞ്ഞ് അച്ഛൻ വീട്ടിൽ വന്നു വഴക്കിട്ടു
ഊണു കഴിക്കാതെ പോയത് മറക്കാറായിട്ടില്ല. ബ്രാഹ്മണവിധവയ്ക്ക്
അവിഹിത ഗർഭത്തിലുണ്ടായ മകൻ യശ്‌വന്തിന് രക്ഷ
കർത്താവായി നിന്ന് സ്വന്തം പേരു നൽകി സ്‌കൂളിൽ ചേർത്ത
തിനെ നാടു മുഴുവൻ നേരിട്ടത് തിളച്ചുമറിഞ്ഞുകൊണ്ടാണ്. ”ബ്രാഹ്മണക്കുട്ടിക്ക്
താണ ജാതിക്കാരന്റെ ജാതിപ്പേരോ” എന്ന് കലി
തുള്ളിയവരോട് ”എന്നാൽ നിങ്ങളുടെ ജാതിപ്പേര് നൽകിക്കോളൂ”
എന്നാണ് സേഠ്ജി പറഞ്ഞത്. നിമിഷനേരം കൊണ്ട് അപ്രത്യക്ഷ
രായ അവർക്കു പിന്നിൽ സേഠ്ജി ജ്വലിച്ചു. ”ഒരു ജാതിസംരക്ഷകർ!
ഏതു ശാസ്ര്തമാണ് താണ ജാതിക്കാരന് ബ്രാഹ്മണർക്കൊപ്പം
നടന്നുകൂടാ എന്നു പറഞ്ഞിട്ടുള്ളത്” എന്ന് ആക്രോശിച്ചുകൊണ്ട്
കയറിവന്നപ്പോൾ, എന്തിനാണിങ്ങനെ എല്ലാവരുടെയും ശത്രുവാകുന്നതെന്ന്
ചോദിച്ചുപോയിട്ടുണ്ട്. അന്ന് ഒരു നിമിഷം തന്നെ നിർ
ന്നിമേഷം നോക്കി നിന്നിടത്തുതന്നെ നിന്നു സേഠ്ജി.

”തെറ്റ് കണ്ടാൽ മിണ്ടാതിരിക്കരുത്” സേഠ്ജി അതേ നില്പിൽ
തന്നെ നിന്നാണ് പറഞ്ഞത്. ”ബ്രാഹ്മണർ നമ്മോട് പറയുന്ന
തൊന്നും ഒരു ശാസ്ര്തത്തിലും എഴുതിവച്ചിട്ടുള്ളതല്ല. അതാണ് നമ്മ
ളെപ്പോലെയുള്ള അബ്രാഹ്മണർ വേദ-ശാസ്ര്താദികൾ പഠിക്കരുതെന്ന്
അവർ ശഠിക്കുന്നത്. ഞാൻ അതിനാണ് ശാസ്ര്തങ്ങൾ പഠി
ച്ചതും പഠിക്കുന്നതും. നീയും പഠിക്കണം. മനസ്സിലാക്കണം.
എന്നിട്ടീ പച്ചനുണകളെ മുഴുവൻ വെളിച്ചത്തു കൊണ്ടുവരണം”.
വാക്കുകൾ കാതിൽ ഇപ്പോഴും മുഴങ്ങുന്നു. ഒരിക്കലുമൊരി
ക്കലും പിന്തിരിഞ്ഞ് നടക്കില്ലെന്ന് തീരുമാനിക്കുന്ന നിമിഷങ്ങൾ
അവയായിരുന്നു. ഇരുട്ടിന്റെ മറവിൽ വടിവാളുമായി കൊല്ലാനെത്തിയവരെ
കയ്യോടെ പിടിച്ചപ്പോൾ അവരോട് അക്ഷോഭ്യനായി
ചോദിച്ചത് പണത്തിനുവേണ്ടി അവർ എത്രപേരെ കൊല്ലുമെന്നാണ്.
ആത്മവിശ്വാസത്തിന്റെ മൂർത്തീരൂപം. അന്ന് പേടിച്ചുവിറച്ച്
അടുക്കളവാതിലിനു പിന്നിൽ നിൽക്കുമ്പോൾ മനസ്സിൽ വന്നതതാണ്.
ജീവിതാവസാനം വരെ സേഠ്ജിയുടെ പ്രവർത്തനങ്ങൾ
ക്കൊപ്പം ചേരണമെന്ന് അന്ന് തന്നോടുതന്നെ പറഞ്ഞു. പല തവണ.
പലപല തവണ.

കല്ലിനു പകരം ചാണകവും മാലിന്യങ്ങളും വഴിയിൽ തുരുതുരാ
വർഷിക്കാൻ ചുറ്റുമുള്ളവർ വാശിയോടെ മത്സരിച്ചു. ഭീഷണിപ്പെടുത്തലുകൾ,
വീട്ടിലേക്ക് തിരിച്ചുനടക്കാനുള്ള ആജ്ഞകൾ,
തന്റെ സ്വഭാവത്തെക്കുറിച്ച് അശ്ലീലമായ കുത്തലുകൾ,
മുന്നിൽ നിന്ന് വഴിതടയുന്നവരുടെ കറുത്ത കയ്പുറ്റ മുഖങ്ങൾ.
മനസ്സിൽ അപ്പോഴൊക്കെ വാളൂരി നിൽക്കുന്നവന്റെ മുന്നിലെ
അക്ഷോഭ്യമായ മുഖമാണ് വന്നത്. അതൊരു പാഠമായിരുന്നു. ഒരി
ക്കലും മറക്കാത്ത പാഠം.

മുന്നിൽ വഴിതടഞ്ഞുനിൽക്കുന്നവരുടെ മുഖത്തു നോക്കി
മുഖത്തെ ചാണകം കൈകൊണ്ട് വടിച്ചുകളഞ്ഞ് ചോദിച്ചതാണ്
എന്താണ് അവർക്ക് തന്നോട് വിരോധമെന്ന്? എന്തു പ്രവൃത്തി
യാണ് താൻ കുലടയാവാൻ ചെയ്തതെന്ന്?
”നിങ്ങൾ ഇങ്ങനെയൊക്കെ തടഞ്ഞാലും ഞാൻ ജീവനുള്ളിടത്തോളം
വിദ്യാലയത്തിൽ വരുന്ന കുട്ടികളെ പഠിപ്പിക്കാൻ
പോകും. ഉപദ്രവിച്ചോളൂ. ചെയ്യുന്നത് തെറ്റാണെന്ന് നിങ്ങൾക്കുമറിയാം.
അതാണ് എനിക്ക് ധൈര്യം. നിങ്ങൾക്കെന്നെ കൊല്ലാം.
പക്ഷെ അപ്പോഴും കുട്ടികളെ മറ്റു ചിലർ പഠിപ്പിക്കും”.
പറയാൻ തുടങ്ങിയപ്പോൾ വാക്കുകൾ തുരുതുരാ വീണുകൊണ്ടിരുന്നു.
അവർ എന്തോ, ഇരുവശത്തേക്കും വഴിമാറിയത് വലിയ
അത്ഭുതമായി തോന്നി. അന്നും സേഠ്ജി പറഞ്ഞത്, ഇനി സ്‌കൂളി
ലേക്ക് പോകുമ്പോൾ ഒരു സാരി കൂടി കയ്യിൽ കരുതിക്കോളൂ എന്നു
മാത്രമാണ്. അതായി പിന്നെ പതിവ്. ആൾക്കാർ വഴിയിൽ നിന്ന്
പിന്മാറാൻ തുടങ്ങിയതും കൂടുതൽ പെൺകുട്ടികൾ വിദ്യാലയത്തിൽ
വരാൻ തുടങ്ങിയതും അറിഞ്ഞപ്പോഴും സേഠ്ജി പറഞ്ഞ
ത്, വിദ്യാഭ്യാസം പോരാട്ടങ്ങളുടെ തുടക്കം മാത്രമാണ് എന്നാണ്.

”വഴി ഒരുപാട് താണ്ടാനുണ്ട് സാവിത്രി” സേഠ്ജി അന്ന്, അവിടെയിരിക്കുമ്പോൾ
കൈകാലുകളിൽ തോന്നിത്തുടങ്ങിയിരുന്ന ബലഹീനതയിലേക്ക്
ഒരു നിമിഷം നോക്കിയപോലെ തോന്നി.
വിശ്രാംബാഗ്‌വാഡയിൽ വച്ച് സേഠ്ജിയെ ആദരിക്കാൻ
ബ്രിട്ടീഷ് സർക്കാരിന്റെ ഒരുക്കങ്ങൾ തിരുതകൃതിയായി നടക്കുന്ന
സമയമായിരുന്നു അത്.

”നിനക്കും നമ്മുടെ കൂടെ പ്രവർത്തിക്കുന്നവർക്കും കിട്ടേണ്ട
താണ് ആ ആദരം” സേഠ്ജി വീണ്ടും കാലുകളിലേക്ക് നോക്കി.

”ഒറ്റയ്ക്ക് ഒരാൾക്കും ഒരു സമൂഹത്തെ മാറ്റാനാവില്ല. അതൊരി
ക്കലും ഞാൻ മറന്നിട്ടില്ല. പിന്നെ, പെട്ടെന്ന്, പുറത്തു കേട്ട വലിയ
ബഹളത്തിലേക്ക് സേഠ്ജി എഴുന്നേറ്റോടി.
കുടിവെള്ളം കിട്ടാതെ അലമുറയിടുന്ന കുറെ സ്ര്തീകളും കുട്ടി
കളും പൊതുകിണറിനു ചുറ്റും നിന്ന് വെള്ളത്തിനുവേണ്ടി യാചി
ക്കുന്നതാണ് സേഠ്ജി കണ്ടത്. അവരുടെ നിഴൽ അവിടെ നിന്ന
ബ്രാഹ്മണസ്ര്തീകളുടെ മേൽ വീണുപോയതിന്റെ ബഹളമായിരുന്നു
ഞങ്ങൾ അകലെ നിന്ന് കേട്ടത്. സേഠ്ജി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന
അവരിൽ പലരും വെള്ളം കിട്ടിയതും അവിടെത്തന്നെ
തളർന്നുവീണത് ഇപ്പോഴും ഓർമയുണ്ട്. കുട്ടികൾ വെള്ളമില്ലാതെ
പിടഞ്ഞുവീഴുന്നത് ഒരു തരിപ്പോടെയാണ് അന്ന് നോക്കിനിൽക്കേ
ണ്ടിവന്നത്.

സമരങ്ങൾ, സംഘാടനങ്ങൾ, പ്രതിരോധങ്ങൾ. ഏറ്റവും
താണ ജാതിയെന്നു കരുതപ്പെടുന്ന തൊട്ടുകൂടാത്ത മഹാർ കുട്ടി
കൾക്കുവേണ്ടിയുള്ള ഹോസ്റ്റൽ നിർമാണം തർക്കങ്ങൾക്കും തടസ്സങ്ങൾക്കുമിടയിൽ
ഒരു വ്രതംപോലെയാണ് സേഠ്ജി ഏറ്റെടുത്ത
ത്. വിധവകളുടെ തലമുടി വടിക്കാതിരിക്കാൻ ബാർബർമാർക്കി
ടയിൽ ക്ലാസുകൾ, അവബോധ റാലികൾ, സംഘാടനങ്ങൾ
എല്ലാം ഒന്നൊന്നായി പിറകെയെത്തി. ദിവസത്തിന് 24 മണിക്കൂർ
മതിയാകാതെ വന്നു. പണമുണ്ടാക്കാൻ കൂടുതൽ ക്വിൽറ്റുകൾ
വീണ്ടും തയ്ക്കാൻ തുടങ്ങി. കുട്ടിയൊന്നിന് ഒരു റൊട്ടി എന്ന നിലയിലാക്കി
ഹോസ്റ്റൽ പാചകം. കൃഷിസ്ഥലത്തുനിന്ന് വന്ന ധാന്യ
ങ്ങൾ എവിടെയുമെത്താതായിരുന്നു. പട്ടിണി നിത്യനിദാനമായി
മാറി. സേഠ്ജി മുനിസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
തോടെ പ്രവർത്തനങ്ങളുടെ ഭാരം കൂടിക്കൊണ്ടേയിരുന്നു. എല്ലുപൊട്ടുന്ന
പണി. പക്ഷെ മാറ്റിവയ്ക്കാവുന്ന ഒന്നുമില്ലെന്ന് തനിക്കുമറിയാം.
കമ്മ്യൂണിറ്റി മീറ്റിങ് കഴിഞ്ഞ് സഹപ്രവർത്തകരുമായി
സംസാരിച്ചിരിക്കെ പെട്ടെന്നാണ് ഇരുന്നിടത്തുനിന്ന് ജ്യോതിബാ
മറിഞ്ഞുവീണത്. ഹൃദയാഘാതത്തിൽ വലതുവശം മുഴുവൻ തളർന്നു.
സേഠ്ജിയില്ലാത്ത പ്രവർത്തനങ്ങൾ. മനസ്സിലൂടെ ആദ്യം
കടന്നുപോയത് അതാണ്. സേഠ്ജിയുടെ തളർന്ന ശരീരം ഒരു വിലങ്ങുപോലെ
മനസ്സിനു കുറുകെ നിന്നു. ഒറ്റയാകൽ ഇത്രയധികം
ഭീതിദമായി ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല അന്നുവരെ.

”സത്യത്തെ നാം ഇന്നുവരെ പേടിച്ചിട്ടില്ല” കൈ ഉഴിഞ്ഞുകൊടുത്ത്
കട്ടിലിൽ അടുത്തിരിക്കെ സേഠ്ജി തന്റെ മുഖത്തേക്ക്
നോക്കാതെ ശബ്ദം താഴ്ത്തി. ”മരണമെന്ന സത്യം ഇപ്പോൾ ഇതാ
ഈ വാതിൽക്കലെത്തിയിരിക്കുന്നു. എന്റെ സംസ്‌കാരം യശ്‌വന്ത്
മാത്രമേ ചെയ്യാവൂ. സന്ധുബന്ധുക്കളെയൊന്നും കൂട്ടിത്തൊടീക്ക
രുത്. ഒരാളെപ്പോലും”.
കരഞ്ഞില്ല. ഒന്നും പറഞ്ഞില്ല. പ്രവർത്തനങ്ങൾ നിലയ്ക്കാതെ
നോക്കിക്കോളാം എന്നുമാത്രം പറഞ്ഞു.
ഉഴിഞ്ഞുകൊണ്ടിരുന്ന കൈയിൽ സേഠ്ജി അന്ന് മുറുക്കെ പിടി
ച്ചു.

അതാണ്, മരണശേഷം അവകാശം പറയാനെത്തിയ ബന്ധുക്കൾ
പറഞ്ഞതൊന്നും കേൾക്കാതെ, അവരുടെ മുന്നിലൂടെ ശവമഞ്ചത്തിനു
മുന്നിൽ പിടിക്കേണ്ട കനൽ നിറച്ച മൺകുടവുമായി
ആദ്യമേ മുന്നിട്ടിറങ്ങിയത്. യശ്‌വന്ത് പിന്നിൽ നടന്നു.

പെണ്ണ്?! മൂർച്ചയുള്ള ശൂലങ്ങൾ പോലെ ശബ്ദങ്ങൾ ചിതറി.

”ഭാര്യ ഭർത്താവിന്റെ ശവത്തിനു മുന്നിൽ നടക്കുമെന്നോ! മരിച്ച
വന് മോക്ഷം പോലും കൊടുക്കാത്ത കുലട. താന്തോന്നി!”
ജീവിതം മുഴുവൻ കേൾക്കാനിരിക്കുന്നതൊക്കെ കാതിൽ മുഴങ്ങി.
ശ്മശാനം സ്ര്തീകൾ ചെല്ലുന്ന സ്ഥലമല്ല. അറിയാം. പക്ഷെ
സേഠ്ജിക്കിതാവും ഇഷ്ടം. ജീവിതം മുഴുവൻ സേഠ്ജി ചെയ്തതതാണ്.
ആചാരങ്ങളെ തട്ടിമറിച്ചിടുക. ”അതുകൊണ്ട്,” ഞാൻ സ്വയം
പറഞ്ഞു: ”അവസാന നിമിഷം വരെ ഞാൻ കൂടെ നടക്കുകയാണ്.
ശരീരം പോലും കാണാൻ കഴിയാതാകുംവരെ. എനിക്കി
പ്പോൾ ഇതാണ് ചെയ്യാനാവുക, സേഠ്ജി”.
ആളുന്ന ചിതയ്ക്കു മുന്നിൽ എല്ലാവരുടെയും ശാപവാക്കുകൾ
കേട്ട് ശൂലമുനകൾ പോലെ നീളുന്ന നോട്ടങ്ങൾക്കു നടുവിൽ നിൽ
ക്കുമ്പോൾ, കല്ലേറുകൾക്കും ശാപശകാരങ്ങൾക്കും നടുവിലൂടെ
ആദ്യമായി സ്‌കൂളിലേക്ക് സേഠ്ജിക്കൊപ്പം നടന്ന ദിവസമാണ്
ഓർമ വരുന്നത്. ചിതയ്ക്കപ്പുറത്ത് വിവാഹദിനത്തിന്റെ അലുക്കുകളും
അലങ്കാരങ്ങളും പൂമാലയുമായെത്തിയ പതിനാലുകാരൻ
എല്ലാം കണ്ട് പുഞ്ചിരിയോടെ നിന്നു. സ്ലേറ്റിൽ നിർബന്ധപൂർവം
കൈ പിടിച്ചെഴുതിപ്പിച്ച ആദ്യാക്ഷരങ്ങളുടെ അലുക്കുകൾ.
അതിനു മുകളിൽ തലപ്പാവിലെ കടുംനിറമാർന്ന കരപോലെ അടി
വരയിട്ട മുഴങ്ങുന്ന വാക്കുകൾ.

”യാത്രയുടെ തുടക്കമേ ആയുള്ളൂ സാവൂ. താണ്ടാൻ വഴി ഒരുപാടുണ്ട്”.
കത്തിജ്ജ്വലിച്ചതിനുശേഷം അമർന്നടങ്ങുകയാണ് ചിത. തിളയ്ക്കുന്ന
ചൂട് ഒരോർമക്കുറിപ്പുപോലെ.

”നാളെ രാവിലെത്തന്നെ ഹോസ്റ്റലിൽ അരി എത്തിക്കണം”
ഇരുളാൻ തുടങ്ങിയിരുന്ന വഴിയിലൂടെ തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ
യശ്‌വന്തിനോട് പതുക്കെ പറഞ്ഞു: ”വൈകുന്നേരം
ആശ്രമത്തിലാണ് മീറ്റിങ്. എനിക്ക് നാലുമണിക്കുതന്നെ എത്ത
ണം”.

(രണ്ടു വർഷത്തിനു ശേഷം പൂനെയിൽ പടർന്നു പിടിച്ച പ്ലേഗ്
രോഗത്തിനിരയായവരെ ശുശ്രൂഷിക്കുന്നതിനിടയിൽ, പ്ലേഗ്
രോഗം ബാധിച്ച് സാവിത്രി ബായി ഫുലെ അന്തരിച്ചു).