സ്വതന്ത്രവും നീലയുമായ ആകാശത്തിന്റെ പുഷ്പ സദ്ര്യശ്യമായ മാർദ്ദവം

എം കെ ഹരികുമാർ

അതൊരു വിചിത്ര നോവലായിരുന്നു.
പ്രധാന കഥാപാത്രം ഇടയ്ക്കുവച്ച്
അപ്രത്യക്ഷമായിരിക്കുന്നു. നോവലിസ്റ്റിനുതന്നെ
അതിനെക്കുറിച്ച് കൂടുതലൊന്നും
അറിയില്ല എന്ന് അനുമാനി
ക്കേണ്ടിവരും. കാരണം ഒരു മറവിയുടെ
തണുത്ത കാലമാണ് അത് ഇമ്മുവിൽ ഉണ്ടാക്കിയത്.
അവന് പൂർണമായി വായി
ക്കാൻ കയ്യിൽ കിട്ടിയിട്ടില്ലെങ്കിലും, പല
ഭാഗത്തുനിന്നും വന്ന അറിവു വച്ച് ഈ
കഥാപാത്രത്തെ അവൻ അറിയാൻ ശ്രമി
ക്കുകയാണ്.

ആ നോവൽ പൂർണരൂപത്തിൽ കാണണമെന്ന്
അവൻ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞില്ല.
കിട്ടിയതാകട്ടെ, അദ്ധ്യായങ്ങ
ളുടെ ഭാഗങ്ങളും. അതേസമയം നോവൽ
ആരൊക്കെയോ വായിച്ചിട്ടുള്ള പ്രതീതീയാണ്
ഉള്ളത്. പല അച്ചന്മാരുടെ
വർത്തമാനങ്ങളിൽ നിന്ന്, വേദപാഠക്ലാസുകൾക്കായി
തയ്യാറാക്കിയ ലഘുലേഖകളിൽ
നിന്ന് അവൻ സ്വരൂപിച്ചതാണ്
ഇതെല്ലാം.

‘ക്രിസ്തുവിനെ തേടിയ പൂമ്പാറ്റകളി’ൽ
പ്രധാന കഥാപാത്രം ഒരു ചിത്രകാരനായിരുന്നു.
അയാൾ ജീവിതാവസാനം
വരെ വരച്ചിട്ടും പ്രശസ്തിയോ പണമോ
നേടാനായില്ല. കലാകാരന്മാരുടെയിടയിൽ
പൗരോഹിത്യവും വലിയ സ്ഥാപനങ്ങളും
അമിതമായി ഇടപെട്ടുകൊണ്ട്
പ്രവർത്തിക്കുന്നുണ്ട്. ഓരോ ഗാലറി
യും സത്യത്തെ അന്വേഷിക്കുകയാണ്.
അവിടെ അവസാനത്തെ അത്താഴവും
ഒറ്റിക്കൊടുക്കലും നിത്യേന സംഭവിക്കുന്നു.
കുരിശേറ്റുന്നതിനായി ഒരു ക്രിസ്തുവിനെ
കൊണ്ടുപോകുന്നത് കണ്ടാലും,
മൗനികളായിപ്പോയ മനുഷ്യർ അത് കണ്ടുകൊണ്ടുനിൽക്കും.
എല്ലാ കാലത്തും
കാഴ്ചയിൽ ലഹരിയുണ്ടായിരുന്നു. എന്തും
കാണുന്നതിൽ ആളുകൾ മത്തുപിടി
ക്കുന്നു. കാഴ്ചതന്നെ ലക്ഷ്യവും മാർഗവുമാകുന്നു.
കണ്ടാൽ മതി; അതിൽതന്നെ
എല്ലാത്തിനും ഉത്തരം ലഭിക്കുമായി
രുന്നു. ഈ കാഴ്ചകളിൽ തങ്ങൾ കാണി
എന്ന നിലയിൽ പങ്കെടുക്കുന്നതല്ലാതെ
മറ്റൊന്നും ചെയ്യാനില്ല എന്ന ചിന്ത മനുഷ്യർക്ക്
എല്ലാക്കാലത്തുമുണ്ടായിരുന്നു.

ക്രിസ്തുവിനെ കൊണ്ടുപോയപ്പോൾ
ആ കാണൽ സംഭവിച്ചു. അതിപ്പോഴും
ആവർത്തിക്കുകയാണ്. ക്രിസ് തുവിനുവേണ്ടി
ധാരാളം സ്ഥാപനങ്ങൾ ഉണ്ടായെങ്കിലും,
ദിവസേന, നിമിഷംതോറും
ക്രിസ്തുവിനെ വിചാരണ ചെയ്യുന്നതും
ശിക്ഷ വിധിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു.

നോവലിലെ കഥാപാത്രത്തിന്റെ
പേര് ക്രിസ്റ്റഫർ എന്നായിരുന്നു. നോവലിസ്റ്റ്
ക്രിസ്റ്റഫറിന്റെ ജീവിതത്തിലേക്ക്
ആഴ്ന്നിറങ്ങിപ്പോകുകയാണെ
ന്ന വികാരം നോവലിന്റെ ആദ്യ
ഭാഗങ്ങളിൽ ഉണ്ടെന്നാണ്
ഒരാൾ പറഞ്ഞത്. എന്നാൽ
ആ ഭാഗം നേരിട്ട് വായി
ക്കാൻ ഇമ്മുവിനായില്ല.
അത് കണ്ടെടുക്കാനായി
ല്ല. പലർ കൈമാറി വായിച്ച
ഒരദ്ധ്യായമാണ് കരസ്ഥമാക്കാനായത്.
അതവൻ നിധിപോലെ സൂക്ഷിച്ചു വായിച്ചു. ഒടു
വ ി െല ത്തുമ്പോൾ ക്രിസ്റ്റഫറിന്റെ
കഥ സ്തംഭിച്ചു നിൽക്കുകയും പകരം
ആ സ്ഥാനത്ത് മറ്റൊരാൾ
വരികയും ചെയ്യുന്നു. ക്രിസ്റ്റഫറിന് ആധികാരികത
അവകാശപ്പെടാനാവുമോ? താൻ
തുടക്കം മുതലേ അല്ലെങ്കിൽ അതിനുമുന്നേ
നിർമിച്ചെടുത്ത ഒരു മൂശയിൽ
എപ്പോഴും കഥാപാത്രം സുരക്ഷിതനായിരിക്കുമോ?
എപ്പോഴെങ്കിലും യാദൃച്ഛികമായ പ്രചോദനങ്ങളുടെയോ, വീഴ്
ചകളുടെയോ പേരിൽ ആ കഥാപാത്രത്തെ
തന്നെ നഷ്ടപ്പെടാം. കാരണം കഥാപാത്രത്തിന്റേത്
വല്ലാത്ത ഒരു ഏകാന്തതയാണ്.
ഒരാൾ സൃഷ്ടിക്കുന്നതാകയാൽ,
പാരതന്ത്ര്യമാണ് മുഖ്യം. പാരതന്ത്ര്യത്തെ
എല്ലാ മനുഷ്യരെയും പോലെ
സ്വാതന്ത്ര്യമാണെന്ന് തെറ്റിദ്ധരിക്കാനും
അതിൻപ്രകാരം പ്രചരിപ്പിക്കാനും ഒരു
കഥാപാത്രത്തിനു നിയോഗമുണ്ട്. പ
ക്ഷേ, ഇതിനൊക്കെ പരിധിയുണ്ടെ
ന്നോർക്കണം. കഥാപാത്രങ്ങൾക്ക് ആത്മഹത്യാപ്രേരണയുണ്ടാകാം.
ഇത് എഴുത്തുകാരൻ
കൊടുക്കുന്ന പ്രേരണയാകണമെന്നില്ല.
കഥാപാത്രത്തിന്റെ ഏകാന്തത
ഭീകരമാണ്. അയാൾ സജീവമല്ലാത്ത
ഒരു ലോകത്ത് ജീവിതത്തിന്റെ അർത്ഥം കണ്ടെ
ത്താൻ നിയോഗിക്കപ്പെട്ടവനാണ്. റോബോട്ടുകൾപോലും
ആത്മഹത്യചെയ്യുന്നത്
നാം കാണുന്നു. ഒരേ ജോലിയിൽ,
ഒരേ വികാരത്തോടെ ജീവിച്ചുകൊണ്ടി
രിക്കാൻ യന്ത്രങ്ങൾക്ക് പോലും അസാധ്യമാവുകയാണ്.
ഏകാന്തതയിൽ ഉള്ള് അടർന്ന് ചിതറി വീഴുമ്പോൾ, കഥാപാത്രങ്ങൾ
എവിടെപ്പോകാനാണ്? അവരുടെ
ലോകം, ആവിഷ്‌കാരത്തിന്റെയും
അധികാരത്തിന്റെയും കടന്നാക്രമണ
ങ്ങളാൽ നിയന്ത്രിതമാണ്. അതുകൊണ്ട്
ക്രിസ്റ്റഫറിനേപ്പോലൊരാൾക്ക് അവനവനോടുള്ള
നീതിയുടെ പേരിലെങ്കിലും
ഒരു ഒഴിഞ്ഞോടൽ ആവശ്യമാണ്. സ്വ
യം നിഷ്‌കാസനം ചെയ്യുന്നതിന്റെ അതിരുവിട്ട
കളിക്ക് ക്രിസ്റ്റഫറിനു തയ്യാറാവേണ്ടിവന്നുവെന്ന്
അനുമാനിക്കാം. അയാളുടെ
മുന്നിൽ വേറെ വഴിയില്ലായിരുന്നുവെന്നും
അയാൾ ആത്മഹത്യയിൽ
അഭയം തേടുകയായിരുന്നുവെന്നും സമാധാനിക്കുന്നതിൽ
കാമ്പുണ്ട്. ക്രിസ്റ്റഫർ ഏത് പ്രശ്‌നത്തെയും സ്വന്തം ബുദ്ധി
കൊണ്ടും നീതിബോധം കൊണ്ടും നേരി
ട്ടു. ഒരാൾ തന്റെതന്നെ യഥാർത്ഥ ജീവി
തത്തിനപ്പുറത്ത് മറ്റെന്തെങ്കിലുമാകേ
ണ്ടതില്ലെന്ന ആദർശം ക്രിസ്റ്റഫറിന്റേതായിരുന്നു.
ക്രിസ്തുവിൽ അതു കണ്ടത ി
ന്റെ വിശ്വാസത്തിലാണ് അയാൾ വര
തിരഞ്ഞെടുത്തത്. എന്നാൽ ക്രിസ്റ്റഫർ
വരച്ച വരകൾ കാൻവാസിന്റെ നാലതി
രുകൾക്കുള്ളിൽ നിറങ്ങളെ ആവാഹിച്ചു
നിന്നെങ്കിലും അത് പ്രകോപനപരമായി
കാൻവാസിനെ അതിലംഘിച്ചു കടക്കുന്നതായ
ഒരു ചിന്ത അനുവാചകനിൽ ജനിപ്പിച്ചു. അത് യഥാർത്ഥത്തിൽ അനുവാചകന്റെ
സൗന്ദര്യബോധത്തെതന്നെ
നിരാകരിച്ചുകൊണ്ട് കുതറിയോടുന്ന വരകളാണെന്ന്
ക്രിസ്റ്റഫറിന്റെ വിമർശകർ
പ്രചരിപ്പിച്ചു. ഒരു കാൻവാസ് സങ്കല്പിക്കുമ്പോൾതന്നെ
അതയാൾക്ക് അപര്യാപ്തവും
പരിമിതവും അസുഖകരവുമായ
വിധം പ്രകോപനമുണ്ടാക്കുമായിരുന്നു.
ക്രിസ്റ്റഫറിന്റെ കാണികൾ മറ്റാർ
ക്കോ വേണ്ടി കാണാൻ വന്നപോലെയായിരുന്നു.
അവർ ക്രിസ്റ്റഫറിന്റെ ചിത്രങ്ങൾ കാണുകയായിരുന്നില്ല. അവർക്ക്
വേണ്ടപ്പെട്ട പലരുടെയും ചിത്രങ്ങളെ കൂടുതൽ
വിലമതിക്കുന്നതിനു ക്രിസ്റ്റഫറി
നെ നിരാകരിക്കുകയായിരുന്നു അവരുടെ
ലക്ഷ്യം. അതുകൊണ്ടുതന്നെ അവർ
നോക്കിയത്, വേറെ ചിത്രകാരന്മാരുടെ
കണ്ണിലൂടെയായിരുന്നു.
ഇത്തരം പ്രേക്ഷകരെ ക്രിസ്റ്റഫറിന്
കാണുന്നതുതന്നെ ഇഷ്ടമല്ലായിരുന്നു.
അവരുടെ മുഖത്ത് കണ്ട കളങ്കിതമായ
അതിശയവും അടക്കിയ ചിരിയും അയാളെ
വല്ലാതെ കീറിമുറിക്കുമായിരുന്നു. കാണികളിൽ
നിന്ന് രക്ഷ നേടാൻ അയാൾ
അടുത്തുള്ള ഏതെങ്കിലും ഷോപ്പിലോ
ബാത്ത്‌റൂമിലോ, ബസ്‌സ്റ്റോപ്പിലോ
പോകുമായിരുന്നു.
നോവലിസ്റ്റിനു ക്രിസ്റ്റഫറിനെ ഇങ്ങ
നെ വിടാൻ ഭാവമില്ലായിരുന്നുവെന്നാണ
് വായനക്കാരായ ചില പ്രബുദ്ധമതികൾ
പറഞ്ഞത്.
നോവലിന്റെ പല ഭാഗ
ങ്ങൾ തേടിപ്പിടിച്ച് വായി
ച്ച ഫാ. ഗ്രിഗോറിയസ്
പറഞ്ഞത് ഇമ്മു ഓർ
ത്തു:
ഈ നോവൽ ഉ

ണ്ടെന്ന് അറിഞ്ഞ്
ഞാൻ കഷ്ടപ്പെട്ടാ
ണ് സംഘടിപ്പിച്ചത്.
പക്ഷേ, എന്റെ പ
ക്കൽ ഒ രി ക്ക
ലും നോവൽ
പൂർണരൂപ
ത്തി ൽ ഉ
ണ്ടാ യി രു
ന്നില്ല. വി
വിധ ഘട്ട
ങ്ങള ില ാ യ ി
ഞാനത് വായിച്ചു. ഒരിടത്ത് നിന്നല്ല, പലയിടത്തുനിന്ന്.
ഇതിനായി ഞാൻ അഞ്ച്
വർഷങ്ങൾ ചെലവാക്കി.
ഗ്രിഗോറിയസ് അച്ചന് അഞ്ച് വർഷ
ങ്ങൾ നിസ്സാരമാണ്. കാലം അച്ചന്റെ മുന്നിൽ
പരന്ന് കിടക്കുകയാണ്. ഇമ്മുവി
ന്റെ അവസ്ഥ അതുപോലെയല്ല. അവന്
ഇത് സത്യത്തിനുവേണ്ടിയുള്ള പോരാട്ടമാണ്.
ജീവിക്കുന്നതുതന്നെ അതി
നാണ്. ഒരു ഉരുള ചോറുപോലും, ഈ ആഗ്രഹത്തെ
വെടിഞ്ഞ് അവൻ ഉള്ളിലോട്ട്
ഇറക്കിയിട്ടില്ല. വിശപ്പ് അറിയുന്നതിനുപകരം,
അവൻ മറ്റുള്ളവരുടെ വിഷമങ്ങ
ളും തെറ്റുകളും എങ്ങനെ തന്നിലേക്ക്
ഉൾക്കൊള്ളാനാവുമെന്നാണ് ആലോ
ചിച്ചത്. അവന്റെ മുന്നിൽ അപരദു:ഖ
ങ്ങൾ അഴിച്ചെടുക്കാനാവാത്ത കുരുക്കായിത്തീർന്നു.
അതുകൊണ്ട് അവന് സമയം
പാഴാക്കാനില്ല. കിട്ടിയ ഭാഗം വായി
ച്ചതോടെ അവന് ക്രിസ്തീയ അസ്തിത്വ
ത്തെക്കുറിച്ചുള്ള ഒരു വെളിപാടുപോലെ
ക്രിസ്റ്റഫറിന്റെ തിരോധാനം അനുഭവപ്പെട്ടു.

കഥാഖ്യാനത്തിനിടയിൽ പ്രധാന കഥാപാത്രമായ
ചിത്രകാരൻ ക്രിസ്റ്റഫർ എ
ങ്ങനെയോ ഉൾവലിഞ്ഞിരിക്കുന്നു. അയാളുടെ
അസ്തിത്വം ആ സാങ്കല്പിക കഥയിൽ
മാത്രമാണ് ഉണ്ടായിരുന്നത്. അയാൾക്ക്
വേണ്ടി സാമൂഹിക സ്ഥാപന
ങ്ങൾ വിലപിക്കുകയോ ശബ്ദിക്കുക
യോ ചെയ്തില്ല. എന്നാൽ സാങ്കല്പികമായ
വിധം ക്രിസ്റ്റഫറിന്റെ ജീവിതസത്യ
ങ്ങൾ തെളിഞ്ഞുനിൽക്കുകയാണ്. എഴു
ത്തുകാരന്റെ ഭാവനയിൽ നിന്ന് ഉദിച്ച വ്യ
ക്തിയാണെങ്കിലും, പിന്നീട് അയാൾ സ്വ
ന്തം ചിത്രകലാ ആദർശങ്ങളും ത്യാഗ
ത്തിന്റെ മനോഹരമായ മാനസിക ജീവി
തവും ഉയർത്തിപ്പിടിക്കുന്ന ഒരു വൻമരമായി
തീരുകയായിരുന്നു.

എന്നാൽ ക്രിസ്റ്റഫറിന്റെ തിരോധാനത്തെക്കുറിച്ച്
നോവലിസ്റ്റ് ഒന്നും മിണ്ടുന്നില്ല.
കാരണം അദ്ദേഹത്തിനു ക്രിസ്റ്റഫർ
എന്ന വ്യക്തിയെക്കുറിച്ച് ഇനി എന്ത്
പറയണമെന്നറിയില്ല. എഴുതിയ വി
വരങ്ങൾ മാത്രമേയുള്ളൂ. കൂടുതലൊ
ന്നും ആരായാനാവുന്നില്ല. ഒരു വിരക്തി
യാണ് അവിടെ രക്തംപോലെ തളംകെട്ടി
കിടക്കുന്നത്. എങ്ങോട്ട് പോകണമെന്നറിയാതെ
എഴുത്തുകാരൻ പകച്ചുനി
ന്നിട്ടുണ്ടാവാം. നോവലിസ്റ്റിന് തീർച്ചയായും
ക്രിസ്റ്റഫറിനെകൊണ്ട് കുറേ കാര്യ
ങ്ങൾ ഉണ്ടായിരുന്നു. അതിനെല്ലാം സമാപ്തിയായി.
ഇത് ക്രിസ്റ്റഫറിന്റെമാത്രം
വിധിയാണ്. അയാളുടെ പ്രതീതി ജീവി
തം ഒരു നോവലിലെ ഏതാനും അദ്ധ്യായങ്ങളിൽ
മാത്രമാണുണ്ടായിരുന്നത്. അതിനുശേഷം
ക്രിസ്റ്റഫർ ജീവിതം മതിയാ
ക്കി. ലോകത്തെ തിരസ്‌കരിച്ച്, അയാൾ
മടങ്ങി.

പിന്നീട് നോവലിസ്റ്റ് വാൻഗോഗിനെ
അതിന്റെ തുടർകഥാപാത്രമായി പ്രവേശിപ്പിക്കുന്നതാണ്
നാം കാണുന്നത്. ഇമ്മുവിന്
വാൻഗോഗിനെ വലിയ പിടിയി
ല്ലായിരുന്നു. അവന് ആ ഡച്ചുചിത്രകാരൻ
ആരുമല്ലായിരുന്നു. എന്നാൽ ഈ വി
ദേശ നോവലിൽ ഒരു പ്രത്യേക ഘട്ട
ത്തിൽ, മനുഷ്യാസ്തിത്വത്തിന്റെ മറവി
യിലും, വിരക്തിയിലും അന്തർധാനത്തി
ലും ഉത്തരമില്ലാതെ ഒരെഴുത്തുകാരൻ
നിൽക്കുമ്പോൾ അവിടെ വാൻഗോഗ്
അല്ലാതെ വേറെ ആരു വരും? ക്രിസ്റ്റഫറി
നും വാൻഗോഗിനും തമ്മിൽ സാമ്യമുണ്ടായിരുന്നുവെന്ന്
നോവൽ സൂചന
നൽകുന്നുണ്ട്. നോവൽ വായിക്കുന്ന ഒരാളുടെ
പ്രശ്‌നമായി നോവലിസ്റ്റ് വാൻ
ഗോഗിനെ നിർത്തുന്നു. അദ്ദേഹം വായനക്കാർക്ക്
വേണ്ടി വാൻഗോഗിനോട് കുറേ
ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുമ്പോഴേക്ക്
വാൻഗോഗ് തിരിച്ചു ചോദി
ക്കുകയാണ്.

”നിങ്ങൾ ആ ചിത്രകാരനെ എന്തു
ചെയ്തു”? വാൻഗോഗ് ആരാഞ്ഞു.
”ഞാൻ അയാളെ ഒരു സ്വതന്ത്ര ചി
ത്രകാരനും യഥാർത്ഥ ക്രിസ്തീയ ത്യാഗി
യുമാക്കാനാണ് ശ്രമിച്ചത്. പക്ഷേ, ഇടയ്
ക്കുവച്ച് എന്റെ മനസിന്റെ താളം തെറ്റി
യതുപോലെ തോന്നുന്നു. എനിക്ക് അയാളുടെ
മേലുള്ള സകല ഓർമകളും നഷ്ടപ്പെട്ടു.
ഞാനിപ്പോൾ നിസ്സഹായനാണ്”
നോവലിസ്റ്റ് പറഞ്ഞു.
”അയാൾ എത്ര ചിത്രങ്ങൾ വരച്ചു?”
”വരയ്ക്കുമായിരുന്നു. എത്രയെണ്ണ
മെന്ന് അറിയില്ല”.
”അതെന്താ?”
”ഓർക്കുന്നില്ല”.
‘അയാളുടെ കലാദർശനം എന്തിനാണ്
താങ്കൾ പരിപാലിച്ചത്?”
”അയാളെ സ്വതന്ത്രനാക്കുവാനാ
ണ് ഞാൻ ആഗ്രഹിച്ചത്”.
”എന്നിട്ട്?”
”അയാൾ എന്നെയും കടന്ന് കൂടുതൽ
ധിക്കാരിയും ഉത്തരങ്ങൾ തരാത്ത
ആകുലതകളുടെ വക്താവുമായി”.
”എന്താണ് അയാളുടെ പേര്?”
”ഓർമ്മയില്ല”.
”അയാളെ താങ്കൾ ക്രൂരമായി കൊല്ലുകയായിരുന്നില്ലേ?”
”അല്ല, ഒരിക്കലുമില്ല”.
”അതെ. നിങ്ങൾ കൊന്നു. കാരണം
നിങ്ങൾ ഒരു മുതലാളി ഗാലറി ഉടമയോ
പൊങ്ങച്ചകലയുടെ ആസ്വാദകനോ ആണ്.
അതിനു കഥാപാത്രം കൂട്ട് നിൽക്കാതെ
വന്നതോടെ നിങ്ങൾ അയാളെ നി
ഗ്രഹിക്കാൻ ശ്രമിച്ചു. എല്ലാ കാലത്തും
മൗലികമായ കാഴ്ചകളിൽ സ്വയം കണ്ടെത്തുന്നവനും
സൂക്ഷ്മമായി ചിന്തി
ച്ചുകയറുന്നവനും ഇതുപോലുള്ള അനുഭവം
ഉണ്ടാകും. എപ്പോഴും മുതലാളിത്ത
കലയുടെ ഗുണഭോക്താക്കളും സംഘ
ങ്ങളും ഒന്നിനും പിടികൊടുക്കാത്ത കലാകാരന്മാരെ
ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും”.

”ഞാൻ അങ്ങനെയൊന്നും ഉദ്ദേശി
ച്ചില്ല. ധാരാളം പേർ ഒരുപോലെ ചിന്തി
ക്കുന്നിടത്ത് ഒരാൾ തന്റെ പ്രക്ഷുബ്ധമായ
ഏകാന്തതയുമായി വന്നാലുണ്ടാകുന്ന
പ്രശ്‌നങ്ങളാണ് ഞാൻ വിശകലനം
ചെയ്തത്”.
”പിന്നെ എന്താണ് ആ കഥാപാത്ര
ത്തിനു പറ്റിയത്?”
”അതെനിക്ക് മനസിലാകുന്നില്ല.
എനിക്ക് എവിടെയോ തകർച്ചയുണ്ടായി.
എന്റെ വിശ്വാസപ്രമാണങ്ങൾ ഉല
ഞ്ഞു. ഞാൻ ഏതോ വീണ്ടുവിചാര സാധ്യതകളിലാണ്”.

”വ്യക്തമാക്കൂ”.
”ഞാൻ പുറത്തുകൊണ്ടുവരാൻ ശ്രമിച്ച
സത്യങ്ങളുടെ പേരിൽ ആ കഥാപാത്രം
ഒരുപാട് സഹിച്ചുകഴിഞ്ഞു. എനിക്ക്
ഇനി അയാളെ സമീപിക്കാൻപോലും കഴിയില്ല.
എന്റെ മനസിൽ ഏറെ സംഭവ
ങ്ങൾ നടന്നുകഴിഞ്ഞിരിക്കുന്നു. ആ കഥാപാത്രത്തിന്റെ
സഹനത്തിന്റെ പേ
രിൽ എനിക്ക് സഹതപിക്കാൻ വാക്കുകളില്ല.
അത് തോന്നിത്തുടങ്ങിയശേഷം
എന്റെ എഴുത്ത് മന്ദഗതിയിലായിരുന്നു.
ചിലപ്പോഴൊക്കെ, ആ ചിത്രകാരനുമായി
ഞാൻ കലഹിച്ചു”.
”എന്തിന്?” വാൻഗോഗ് ആവേശ
ത്തിൽ ചോദിച്ചു.
അവൻ പറഞ്ഞു, മനുഷ്യർ തെറ്റുകാരാണെന്ന്
സമർത്ഥിക്കുന്നത് അവരെ
മർദിക്കാനും ശിക്ഷിക്കാനും ഉള്ള ഗൂഢപദ്ധതിയുടെ
ഭാഗമായിട്ടാണ്. തെറ്റുകാരാക്കി
നിലനിർത്തുന്നത് സമൂഹമാണ്.
അവർക്ക് അവരുടെ മർദനോപകരണ
ങ്ങൾ കണ്ടുപിടിക്കാനും മർദനങ്ങൾ തുടരാനും
അതിനു വേണ്ടതായ തത്ത്വചി
ന്തയും ധാർമികതയും നിലനിർത്താനും
തെറ്റുകാർ വേണം. അതുകൊണ്ട് മറ്റുള്ളവർ
തെറ്റ് ചെയ്യാത്തവരായി വേർതിരി
ക്കപ്പെടുകയും അവർക്ക് കാപട്യത്തിന്റെ
യും മിഥ്യയുടെയും ആനുകൂല്യത്തിലൂടെ
മേൽക്കൈ കിട്ടുകയും ചെയ്യുന്നു. ഇത്
ക്രൂരവും ബധിരവുമായ ഒരു യുദ്ധമാണ്.
പാപികളെ എങ്ങനെയാണ് നാം വിശുദ്ധരാക്കേണ്ടതെന്നല്ല,
പാപികൾ തന്നെയായിരിക്കുന്നതാണ്
നല്ലതെന്ന് പറയാൻ ശ്രമിച്ചു. എനിക്ക് ആശയക്കുഴപ്പമുണ്ടായി.
മറ്റൊന്നും എഴുതാൻ പറ്റാത്ത
വിധം ഞാൻ നിശൂന്യനായതുപോലെ
തോന്നി”.
”ആ യുവാവ് പറഞ്ഞതിന്റെ പൊരുൾ
എന്താണെന്ന് താങ്കൾ പരിശോധി
ക്കാതിരുന്നത് ശരിയായില്ല. എന്തെങ്കി
ലും താങ്കൾ അതിൽ നിന്ന് ഗ്രഹിച്ചോ?”
”അയാൾ ഒരിക്കൽ ഇങ്ങനെ പറ
ഞ്ഞു: ഈ ലോകത്ത് പാപികളെ വരൂ എന്ന്
ക്രിസ്തു പറഞ്ഞത് വലിയൊരു കുട
നിവർത്തലാണ്. അതിനാൽ ഞാൻ കുടയില്ലാത്തവരുടെ
അടുത്തേക്ക് പോകുന്നു”.

”ഇത് കുറേക്കൂടി അർത്ഥവ്യാപ്തി
യുള്ളതാണ്”.
വാൻഗോഗ് പ്രതികരിച്ചു. അദ്ദേഹം
തുടർന്നു: ”ആ ചിത്രകാരന് ഞാൻ സമുന്നതമായ
സ്ഥാനം നൽകുകയാണ്. അയാൾ
പോയപ്പോൾ താങ്കൾ എന്നെ ആ
സ്ഥാനത്തേക്ക് കൊണ്ടുവന്നത്, താങ്കളിൽ
ഇപ്പോഴും മായാതെ നിൽക്കുന്ന ഒരു
സത്യാഭിമുഖ്യത്തെ കാണിക്കുന്നു. താങ്കൾ
ധനമുള്ളവരുടെ കൂടെ പ്രവർത്തി
ക്കാൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, താങ്കളിൽ
സദാസമയവും നിസ്സഹായനാവുന്ന,
എന്ത് ചെയ്യണമെന്നറിയാതെ കുഴ
ങ്ങുന്ന ഒരു സത്യാന്വേഷിയുമുണ്ട്. നി
സ്സാരമായി തള്ളിക്കളയാനാവാത്തവി
ധം അത് താങ്കളെ ഞെരുക്കുന്നുണ്ട്. അതുകൊണ്ടാണ്
പകരക്കാരൻ കഥാപാത്രം
എന്ന നിലയിൽ ഞാൻ വരേണ്ടിവന്നത്”.
”താങ്കൾ എന്താണ് ഇതിൽ നിന്ന്
അനുമാനിക്കുന്നത്” നോവലിസ്റ്റ് ചോദിച്ചു.
വാൻഗോഗ് പറഞ്ഞു: ”പാപം ചെയ്യുന്നവരുണ്ടെന്നും
അവർ പുറംപോക്കിലുള്ളവരാണെന്നും
പറഞ്ഞ് ദുർബലരെ
യെല്ലാം ഇപ്പോഴും അധികാരികൾ ദ്രേഹിക്കുന്നു.
പാപികളാക്കുക എന്നത് ഒരു
ഭരണസംവിധാനമാണ്; അങ്ങനെയുള്ളവർക്ക്
സ്വതന്ത്രമായ ആവിഷ്‌കാരമോ
ചിന്തയോ പ്രയാസമായി വരും. മനസി
നെ ഒരു പ്രത്യേക രീതിയിൽ അടിമയാ
ക്കിവയ്ക്കാം. അടിമത്തമാണ് ഏറ്റവും
വലിയ സൗകര്യമെന്ന് ധരിച്ചുതുടങ്ങും.
അവിടെയാണ് ക്രിസ്തു വരുന്നത്. ക്രി
സ്തു എല്ലാ പാപികളെയും തന്നിലേക്ക്
ആകർഷിച്ചു. എന്താണ് കാരണം? പാപം
ചെയ്തവർക്ക് വീണ്ടും ജീവിക്കാൻ,
സാർത്ഥകമായ സംക്രമണം പൂർണമാ
ക്കാൻ അവസരമുണ്ടെന്നർത്ഥം. അവർ
ക്ക് വീണ്ടും ജനിക്കാം. അവരെ സമാശ്വ
സിപ്പിക്കാനുള്ള അവസാനത്തെ താവളമാണ്
യേശു. മറ്റാരെ തള്ളിക്കളഞ്ഞാലും
യേശു അവരെ വിടില്ല. ഏത് അധി
കാരി ശിക്ഷിച്ചാലും യേശു അവനു സമാധാനം
നൽകും. അവന് എല്ലാ സങ്കുചിതമായ
വേലിക്കെട്ടുകൾക്കും അപ്പുറം സ്വ
തന്ത്രവും നീലനിറമാർന്നതുമായ ആകാശത്തിന്റെ
പുഷ്പസദൃശമായ മാർദവം
അനുഭവിക്കാൻ സന്ദർഭമുണ്ടാക്കുന്നു.

അവനെ സംരക്ഷിക്കാൻ ഒരാൾ ഉണ്ടാകുന്നത്
എല്ലാ കോട്ടകൊത്തളങ്ങളും തകരുന്നതിനും
ഇടയാക്കും. പാപികളല്ലാ
ത്ത ആരുമില്ല എന്നും യേശു പറഞ്ഞു.
അതോടെ ഉന്നതമാക്കപ്പെട്ടതും, വരേണ്യവുമായ
എല്ലാ ആത്മീയ വ്യവഹാര
ങ്ങളും റദ്ദാകുകയും യേശുവിന്റെ സ്‌നേഹത്തിന്റെ
അനന്തമായ കടൽ പരക്കുകയും
ചെയ്യുന്നു. ആരെയും പുറത്താ
ക്കാൻ യേശു അനുവദിക്കില്ല, ഇതാണ്
അപാരമായ മനുഷ്യത്വത്തിന്റെ കാതൽ;
എക്കാലത്തും”.

‘താങ്കൾ വരച്ച ചിത്രങ്ങളിൽ ഈ യേശുവുണ്ടോ?”

”ആരാണ് താങ്കളോട് ഇതെല്ലാം പറ
ഞ്ഞത്? ഞാൻ താങ്കൾ ഉദ്ദേശിക്കുന്ന ആളല്ല.
ഞാൻ ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്ന്
എങ്ങനെ അറിഞ്ഞു?”

”താങ്കളല്ലേ ‘നക്ഷത്രാങ്കിതമായ രാത്രി’
വരച്ചത്?”

”ഇല്ല. ഞാൻ അത് ചെയ്തിട്ടില്ല. നി
ങ്ങൾ ഉദ്ദേശിക്കുന്ന വാൻഗോഗ് ഞാനല്ല.
അത് വേറൊരാളാണ്. അദ്ദേഹമാണ്
നക്ഷത്രങ്ങൾ തന്റെ പ്രിയത്തിനുവേണ്ടി
യെന്നപോലെ പ്രകാശിക്കുന്നു എന്നർ
ത്ഥം വരുന്ന രീതിയിൽ ആ ചിത്രം വരച്ചത്”.
”അപ്പോൾ താങ്കൾ ആരാണ്? താങ്കൾ
ചിത്രകാരനാണോ?”
”അതെ, ഞാൻ ചിത്രകാരനാണ്. പക്ഷേ,
ആ വാൻഗോഗല്ല; പേര് വാൻഗോഗ്
എന്നുതന്നെ”.
”താങ്കളെ കണ്ടുമുട്ടിയത് നന്നായി.
താങ്കൾക്ക് ഒരു കാര്യത്തിലെങ്കിലും ആ
പഴയ ഡച്ചു ചിത്രകാരനുമായി ബന്ധമുണ്ടല്ലേ
ചിത്രകാരനെന്ന നിലയിൽ”.

”അത് ശരിയാണ്. പക്ഷേ, ഞാൻ
ആ വാൻഗോഗിനെപ്പോലെ സർവനി
ഷേധിയായി ജീവിച്ചതിന്റെ കല സ്വന്തമാക്കുന്നില്ല.
എനിക്ക് വേണ്ടത് എന്റെതന്നെ
ഇനിയും ജീവിക്കാത്ത അനുഭവമാണ്,
ചിത്രമാണ്”.

”ഒന്നും വ്യക്തമാകുന്നില്ല”.

”അതായത്, ഞാൻ എന്നെ പൂർണമായി
അറിഞ്ഞ് ഒന്നും വരച്ചിട്ടില്ല. ഓരോ
സമയത്ത് വെളിപ്പെടുന്നത്, ഞാൻ സത്യമെന്ന്
കരുതി വരയ്ക്കുകയാണ്. അത്
എന്നെ പ്രതിനിധീകരിച്ചു എന്ന് പറയാനാവില്ല.
എന്നിലൂടെ എന്തൊക്കെ
യോ ഒഴുകി കടന്നുപോകുന്നുണ്ട്. പ്രേക്ഷകർ
എന്നെ അറിയാൻ ശ്രമിക്കുന്നത്
ഈ ചിത്രങ്ങളിലൂടെയാണ്. അവർ വ്യാഖ്യാനിക്കുമ്പോൾ
ഞാൻ തെളിഞ്ഞുവരും.
എന്നാൽ അത് വളരെ നൈമിഷികമായ
ഒരു തലമാണ്. ഞാൻ വരച്ച സമയ
ത്ത്, എന്നെ ദൈവം നോക്കിയപ്പോഴുണ്ടായ
കാഴ്ചയാണ് ആ ചിത്രത്തിന് ആധാരമായിട്ടുള്ളത്.
നിഷ്‌കളങ്കരായ കാണികൾക്ക്
അത് മതി. അവർ ശുദ്ധതയ്
ക്കുവേണ്ടി, എന്റെ നൈമിഷികതയുടെ
വിളികളെ ശാശ്വതമാ
ക്കുന്നു. എനിക്കത് ആലോ
ചിക്കാനേ വയ്യ. ഞാൻ എന്തുകൊണ്ട്
ഹതാശമായ നി
മിഷങ്ങളെ ഒരു ചിത്രത്തിലൂടെ
പിടിച്ചുനിർത്തി എന്ന് ചി
ന്തിക്കാനുള്ള സാവകാശം അവർ
തരുന്നില്ല”.

”എന്നാൽ താങ്കൾക്ക് ആ
ചിത്രങ്ങൾ പിൻവലിച്ചുകൂ
ടെ?” നോവലിസ്റ്റ് ചോദിച്ചു.
”അത് പ്രയാസമാണ്.
ഞാൻ ജലച്ചായത്തിൽ വരച്ച
ചിത്രങ്ങളാണ് കൂടുതലും എന്നെ
തൃപ്തിപ്പെടുത്തിയിട്ടു
ള്ളത്. ജലച്ചായത്തിന്റെ യ
ഥാർത്ഥ രൂപമല്ല എനിക്ക് വേണ്ടിയിരുന്നത്.
കുറേക്കൂടി അസ്
പഷ്ടവും സന്ദിഗ്ധവുമായ
ജലച്ചായമാണ് ഞാൻ പി
ന്തുടർന്നത്. നിറങ്ങൾ പെയിന്റ് ചെയ്യാനുള്ളതല്ല
എന്ന വിശ്വാസം എന്നെ പിടി
കൂടിയിട്ടുണ്ട്. നിറങ്ങൾ അവ യഥാർത്ഥമായി
എവിടെയെങ്കിലുമുണ്ടെങ്കിൽ അവ
അങ്ങനെ തന്നെയിരിക്കട്ടെ. ചിത്രകാരന്മാർക്ക്
അവയിലെന്ത് കാര്യം?”

”അതെന്താണ്?”

”ചിത്രകാരന്മാർ അവരുടെ നിറ
ങ്ങൾ കണ്ടെത്തുകതന്നെ വേണം. നിറ
ങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ മനുഷ്യന്റെ
ജീവിതത്തിന് യഥാർത്ഥത്തിൽ ആവി
ഷ്‌കരിക്കാനാവാത്ത സൂക്ഷ്മ സംവേദനങ്ങൾ
ഉണ്ടാകുന്നു”.

”ഇത് വളരെ രസകരമായിരിക്കു
ന്നു”.

ഞാൻ ‘വിശ്വസ്തരായിരിക്കുന്നവർ’
എന്നൊരു ചിത്രം വരച്ചിട്ടിട്ടുണ്ട്. അത് എന്നിലെ
വിശ്വസ്തനെ മാത്രമല്ല, മറ്റുള്ളവരോടും
സത്യത്തോടുമുള്ള വിശ്വസ്തതയെയാണ്
ഉന്നം വയ്ക്കുന്നത്. എന്റെ
മനസ്സിൽ സന്ദേഹങ്ങളും കലാപങ്ങളമുണ്ട്.
പക്ഷേ, ഞാൻ എന്റേതായ നിലയിൽ
ചിലതിൽ ഉറച്ചുനിൽക്കുവാൻ മോഹിക്കുന്നു.
ഒരു ഫാക്ടറിയിലെ തൊഴി
ലാളികൾ വൈകീട്ട് വീടുകളിലേക്ക് മട
ങ്ങുകയാണ്. അവർ ഒരു നാൽക്കവലയിൽ
വന്ന് പല വഴിക്കായി പോകുകയാണ്.
അതിലെ ഒരു സംഘത്തെയാണ്
ഞാൻ അന്വേഷിക്കുക. അന്വേഷിക്കുക
എന്ന് പറഞ്ഞാൽ പിന്തുടരുകയാണ്. പക്ഷേ,
എന്റെ ചിത്രത്തിൽ ആ യാത്രയൊന്നുമില്ല.
അവർ ഒരു മരത്തിന്റെ ചുവട്ടിലി
രുന്ന് വർത്തമാനം പറയുകയാണ്. ഒരാളുടെ
കൈയിൽ ഒരു ഒഴിഞ്ഞ കുപ്പിയുണ്ട്.
അത് പഴക്കം ചെന്നതും ഗ്ലാസുകൊണ്ട് ഉണ്ടാക്കിയതുമാണ്.
അതിന്റെ അടപ്പിലെ
മഞ്ഞനിറം മങ്ങിയതാണ്. അതിൽ കറു
ത്ത പാടുകളുണ്ട്. എങ്കിലും അതിലെ ശൂന്യത
ദൃഢമാണ്. ഒരു പ്രത്യേക വികാരവും
ജനിപ്പിക്കാത്ത ആ ശൂന്യത ഒരു ഖരവസ്തുപോലെ
ഗാഢമാണ്. അവർ അഞ്ചുപേരുണ്ട്.
രണ്ടുപേർ സ്ത്രീകളാണ്.

അതിൽ ഒരുവൾ തലയിൽ ഒരു തുണിയി
ട്ടിട്ടുണ്ട്. അതിനു പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്ന്
വ്യക്തം. ആ തുണികൊണ്ട് മറയ്ക്കാവുന്നത്
ഒന്നും തലയിലില്ല. സൂര്യൻ
ചാഞ്ഞുകിടക്കുകയാണ്. ഒരു ഉറക്ക
ത്തിനു തയ്യാറെടുക്കുന്ന ഒരു മഹാപ്രഭുവിന്റെ
ആലസ്യവും വിമുഖതയും ആ മുഖത്ത്
പ്രകടമാണ്. ദിനാന്ത്യവേലകൾ
ഇങ്ങനെയൊക്കെയാണ് അവസാനി
ക്കുന്നതെന്ന ധ്വനി ഉള്ളതുപോലെയോ,
അത് താൻ മുൻകൂട്ടി കണ്ടിട്ട് മടങ്ങുകയാണെന്ന്
ഭാവിക്കുന്നപോലെയോ ചില
വികാരങ്ങൾ സൂര്യന്റെ മുഖത്തുനിന്നും
വായിച്ചെടുക്കാം. സൂര്യൻ ഒരു കീഴടങ്ങ
ലിനോ, പ്രായാധിക്യത്തിനോ തയ്യാറ
ല്ലാത്തവിധം പ്രൗഢമായിരുന്നു. സൂര്യ
ബിംബത്തിന്റെ നഗ്നവും പ്രലോഭിപ്പി
ക്കുന്നതുമായ വശ്യത പ്രകടമായിരുന്നു.
അതിന്റെ പഴകിയതും ശാന്തവുമായ കി
രണങ്ങൾ ആ പഞ്ചസംഘത്തിന്റെ
നേർക്ക് പാഞ്ഞുവന്നുകൊണ്ടിരുന്നു. ഒരു
സ്ത്രീഎന്തോ പറഞ്ഞ് ചിരിക്കുകയാണ്.
മൂന്ന് പുരുഷന്മാരിൽ ഒരാൾ താരതമ്യേന
തടിച്ചവനും നരച്ച മീശയുള്ളവനുമാണ്.

അവന്റെ പകുതി കഷണ്ടിയായ
തല സൂര്യപ്രകാശത്തിൽ തിളങ്ങുകയാണ്.
അയാൾ ധരിച്ചിട്ടുള്ള നരച്ച ഷർട്ടി
ന്റെ മുകളിലത്തെ രണ്ട് ബട്ടൺ ഇട്ടിട്ടില്ല.
ആ മരച്ചുവട്ടിലെ ബലിഷ്ഠമായ വേരുകളിലാണ്
അവരുടെ ഇരുപ്പ്. രണ്ടു പുരുഷന്മാർ
വെറുതെ എന്ന് തോന്നിപ്പിക്കുന്നപോലെ
ദൂരെയെവിടെയോ നോക്കുന്നുണ്ട്.
വയസ്സായവനെ കൂടാതെയുള്ള രണ്ടുപേരും
യുവത്വം പിന്നിട്ടവരാണ്. എന്നാൽ
അധികനേരം അവിടെ തുടരാൻ
ഉദ്ദേശിക്കുന്നില്ലെന്ന് ആ ഇരുപ്പ് കണ്ടാൽ
തോന്നും. ആരോ വരാൻ കാത്തിരിക്കുന്നപോലെ
ആ വയസ്സൻ മറ്റൊരു ദിക്കി
ലേക്ക് നോക്കുകയാണ്. ഒരു സ്ത്രീഅയാളെ
ശ്രദ്ധിക്കുന്നുണ്ട്. ഇരുട്ടിനെതിരെയുള്ള
സായാഹ്നസൂര്യന്റെ പോരാട്ടം എന്നപോലെ
ആ പ്രകാശം സമീപത്തുള്ള
രാത്രിയിലേക്ക് മെല്ലെ ചായുകയാണ്.

ഇവർ വളരെ പാവപ്പെട്ടവരാണ്. അന്നന്ന്
പണിത് ജീവിക്കുന്നവർ. അവർ
ക്ക് അവരുടെ ലോകത്തിന്റെ ഗതിയോ
നാളത്തെ കുട്ടികളുടെ ഭാവിയോ ഒന്നും
ഊഹിക്കാനാകില്ല. അതുകൊണ്ട് അ
വർ സൗമ്യമായി ഇടപെടുന്നു. അവർക്ക്
ചിന്താക്കുഴപ്പമില്ല. അവർ വിശ്വസ്തരാണ്.
അവരിൽ മഹാവിശ്വാസത്തിന്റെ പ്രകാശം
സപ്തവർണങ്ങളായി പിരിഞ്ഞ്
സമാധികൊള്ളുകയാണ്. പ്രാചീനവും
വേദനിപ്പിക്കുന്നതുമായ ഉണ്മകൾ അവരിലേക്ക്
വന്ന് സമാധാനത്തിന്റെ കലാമൂല്യമായി
പരിണമിക്കുന്നു. അഞ്ചുപേർ
ഉണ്ടെങ്കിലും അവർ വല്ലാത്ത ഏകാന്തതയിലുമാണ്.
ഏകാന്തതയുടെ ആവിഷ്‌കാരം
പോലെ ആ ശരീരങ്ങൾ അന്തരീ
ക്ഷവുമായി പിണക്കത്തിലാണ്.
ഞാൻ ഈ ചിത്രം വരയ്ക്കാൻ, അവരെ
നേരിൽ കണ്ടിട്ടുണ്ട്. ഏഴ് ദിവസം തുടർച്ചയായി
അവർ പോകുന്നത് നിരീക്ഷി
ച്ചിട്ടുണ്ട്. അവരുടെ പിന്നാലെ നടന്നുകൊണ്ട്
ഞാൻ ഒരു യജ്ഞം പൂർത്തിയാ
ക്കി. എന്നാൽ ഒരിക്കൽപോലും അവർ
എന്നെ ശ്രദ്ധിക്കുകയുണ്ടായില്ല. അപരി
ചിതനായ ഒരാൾ ആ വഴി നടന്നുപോകുന്നത്
സംശയത്തോടെ അവർ എന്തുകൊണ്ട്
നോക്കിയില്ല എന്നത് എന്നെ
അത്ഭുതപ്പെടുത്തി. അവർ വിശ്വസ്തരാണ്,
അത്രതന്നെ. മറ്റാരിലുമെന്നപോ
ലെ അവരിൽ തന്നെയും ഓരോരുത്തരും
വിശ്വസ്തരാണ്. ആ വിശ്വാസം ഒരു കച്ചവടമോ
ലാഭമോ അല്ല. അതിലൂടെ അവർ
ക്ക് എത്തിപ്പിടിക്കാവുന്ന ഭൗതിക താത്പര്യങ്ങളൊന്നുമില്ല.
എങ്കിലും അവർ
ഏകാന്തരായി. ദാരിദ്ര്യത്തിന്റെയും ദുരി
തത്തിന്റെയും ഗാനം അവർക്കിടയിലൂടെ
അലയടിച്ച് പറക്കുകയാണ്. ഞാനപ്പോൾ
ദൈവം പ്രസാദിച്ചെങ്കിലെന്ന്
ഓർത്തു. അവരുടെ തമാശകളും കളികളും
കിട്ടുന്ന കൂലിയിലുള്ള വിശ്വാസവും
എന്നെ ജീവിതത്തിന്റെ അത്യുന്നതമായ
ഒരു ശൃംഗത്തിലെത്തിച്ചു. എനിക്ക് ശരി
ക്കും അവരെപ്പോലെ ജീവിക്കാനാകില്ല.
അവർ എന്തുകൊണ്ട് ഈ ലോകത്തെ
വിശ്വസിക്കുന്നുവെന്ന് ഞാൻ സ്വയം
ചോദിച്ചു. അതിനു എന്റെയുള്ളിൽ നിന്ന്
അവർ മറുപടി പറഞ്ഞു.

”നിങ്ങൾ ധൃതിപിടിക്കുന്നില്ല. ആരെയാണ്
പ്രതീക്ഷിക്കുന്നത്?” ഞാൻ
ചോദിച്ചു.

അവരുടെ സംഘത്തെ പ്രതിനിധീകരിച്ച്
വയസ്സൻ മറുപടി പറഞ്ഞു:
”ഞങ്ങൾ രാത്രി ഡ്യൂട്ടിക്ക് വരുന്ന
സെലിന്റെ മകനെ കാത്തിരിക്കുകയാണ്”.

”നിങ്ങൾ പൊതുവേ സന്തുഷ്ടരായി
കാണപ്പെടുന്നു”.

”ഞങ്ങൾ അസന്തുഷ്ടിക്ക് കാരണമായതൊന്നും
ചെയ്യുന്നില്ല”.

”അതെന്താ?”

”ഞങ്ങൾ സന്തോഷത്തെ മറ്റുള്ളവരിലും
കാണുന്നു. അതുകൊണ്ട് ആ സന്തോഷം
ഞങ്ങളിലുമുണ്ട്”.
‘അപ്പോൾ നിങ്ങൾക്ക് ദു:ഖമൊന്നുമില്ലേ?”
”ദു:ഖം വരും. അപ്പോൾതന്നെ അത്
മങ്ങുകയും ചെയ്യും”.
”അതെന്താ?”
”ദു:ഖിച്ചിരിക്കാൻ സമയം കിട്ടാറില്ല.
ഭക്ഷണം തേടുന്നതും ദൈവത്തെ ഓർ
ക്കുന്നതും മനസ്സിനാവശ്യമായ ഭക്ഷണം
ഒരുക്കുന്നതും വേറെ വേറെ കാര്യങ്ങളായി
തോന്നുന്നില്ല”.

”വിശദമാക്കുമോ?”

”ജോലി ചെയ്യണമെങ്കിൽ ജോലി
യിൽ വിശ്വസിക്കണം. ജോലി ചെയ്താൽ
ജീവിക്കാം. ജീവിക്കണമെങ്കിൽ ദു:
ഖം അറിയണം. ദു:ഖം അറിഞ്ഞാൽ ദൈവത്തെ
അറിയാം”.

”വ്യക്തിപരമായ ദുഃഖങ്ങളില്ലേ?”

”അതുണ്ടെങ്കിലും ഇല്ലെങ്കിലും നമുക്കൊന്നും
ചെയ്യാനില്ല”.

”ഏതൊരു കഠിനമായ കാലത്തിലൂടെ
കടന്നുപോകുന്നവന്റെയും ഉള്ളിൽ
ശാന്തതയെ തേടുകയാണ് ഞാൻ ചെ
യ്യാറുള്ളത്. ഒരുപക്ഷേ, ആ വ്യക്തിപോലും
അത് തിരിച്ച റിയണമെന്നില്ല. നമ്മൾ
ഒരു വിപരീതാനുഭവത്തിനു വിധേയമാകുമ്പോൾ,
അതിൽ നിന്ന് എങ്ങനെ
രക്ഷപ്പെടാമെന്നാണല്ലോ ആലോചി
ക്കുന്നത്. അതിനാൽ, നാം ഏത് വിധ
ത്തിലാണ് ആ പ്രശ്‌നത്തെ ഉൾക്കൊള്ളുന്നതെന്ന്,
അത് നമ്മളിൽ എന്ത് പരിവർ
ത്തനമാണ് വരുത്തുന്നതെന്ന് ചിന്തി
ക്കാനാവില്ല. ചിന്ത വേറൊരു മാനമാണ്.
ചിന്ത നമ്മെ ഒരു ചിഹ്നം പോലെയാ
ക്കും. നമ്മൾ അതാണ് എന്ന് നിശ്ചയി
ക്കാനാവും. എന്നാൽ ചിന്തിക്കാത്തപ്പോേേഴാ?
ചിന്തിക്കുക എന്നുവച്ചാൽ, വേർ
തിരിച്ചെടുക്കുക എന്നു കൂടിയാണ് അർ
ത്ഥം. ചില സമയങ്ങളിൽ മനുഷ്യർക്ക്
അവരുടെ ജീവിതകാമനകളെ, പ്രതിസന്ധികളെ
വേർതിരിക്കാനും വിശകലനം
ചെയ്യാനും സാധിച്ചെന്ന് വരില്ല. അതുകൊണ്ട്
മനുഷ്യന്റെ അജ്ഞാതഭൂഖണ്ഡ
മായി അത് അവശേഷിക്കുന്നു. അവന്
ഏറ്റവും പ്രിയപ്പെട്ടതായേക്കാവുന്ന ആ
മേഖലയാണ് ഞാൻ ചിത്രങ്ങളിലൂടെ പകരാൻ
ശ്രമിക്കുന്നത്. വിശ്വസ്തത ഒരു
മോക്ഷമാണ്. അതിലൂടെയേ മോക്ഷം
സാക്ഷാത്കരിക്കാനാകൂ. അസ്തമിക്കുന്ന
സൂര്യനിലും നമുക്ക് വിശ്വസ്തതയു
ണ്ടാവണം. കാരണം ഇന്ന് മരിച്ച് നാളെ
ഉയിർക്കാനുള്ള സൂര്യനാണ്. കുറച്ചുനേരത്തേക്ക്
സൂര്യൻ മാറുകയാണ്. മനുഷ്യ
ന്റെ ഉള്ളിലും സൂര്യൻ മാറിനിൽക്കും. ഇരുട്ടിന്റെയും
രാത്രിയുടെയും മഹാസൗന്ദര്യം
നമ്മുടെ അടുത്തുതന്നെയുണ്ടല്ലോ.
സൂര്യന്റെ പ്രഭാവം മാറിയാലേ അത് നേടാനാകൂ.
സൂര്യനിലുള്ള വിശ്വസ്തത ഒരു
വാഴ്‌വാണ്. സൂര്യരശ്മിയിൽ വിശ്വസി
ക്കാനുള്ള സൗമനസ്യവും ദൈവികതയുമാണ്
കൈവരിക്കേണ്ടത്.

വിശ്വസ്തതയിൽ ഒരു മഹത്വമുണ്ട്.
‘അവനവൻ ശരീരത്തിൽ ഇരിക്കു
മ്പോൾ (ജീവിച്ചിരിക്കുമ്പോൾ) നല്ലത്
ചെയ്താലും തെറ്റ് ചെയ്താലും അതി
ന്റെ തക്കവണ്ണം പ്രാപിക്കേണ്ടതിന് (ലഭി
ക്കേണ്ടതിന്) നാം എല്ലാവരും ക്രിസ്തുവിന്റെ
ന്യായാസനത്തിനു മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
(കൊറി 5:10). വി
ശ്വസിക്കുന്നത് ഓരോ വസ്തുവിലുമാണ്.
അതിന്റെ ആകെത്തുകയാണ് ക്രി
സ്തു. ഒരാൾക്ക് ഏകാന്തത വിട്ട് സംഘസ
ത്തയിലേക്ക് വരാനും അവനവനിൽതന്നെ
തുടരാനും വിശ്വസ്തത വേണം. അത്
ഒരു കാതലായ തത്ത്വമാണ്. എന്റെ പഞ്ചസംഘത്തിന്റെ
ചിത്രം അതിനോട്
വിശ്വസ്തത പുലർത്തുന്നു. അത് ഭൗതികലോകം
കാണാൻ കൂട്ടാക്കാത്ത വിഷാദശീലത്തിന്റെയും
അതിനോട് ദൈവം പുലർത്തുന്ന
നിസ്സീമമായ ഗാനാത്മകതയുടെയും
അവസ്ഥയാണ്. ഒരാൾ എന്താണെന്ന്
ആരും മനസിലാക്കുന്നില്ലെങ്കിലും,
അയാളുടെ നഗ്നമായ അവസ്ഥ
ഈ പ്രകൃതിക്ക് മുമ്പാകെ തുറന്നുകാണിക്കപ്പെടുന്നുണ്ട്.
അതാണ് വരയ്‌ക്കേ
ണ്ടത്. അത് പുതിയൊരു യാഥാർത്ഥ്യമാണ്.

അഞ്ചുപേർക്ക് തണൽ വിരിച്ചുനി
ന്ന മരം ശാഖകൾകൊണ്ട് ആകാശത്തെ
നോവിക്കാത്തവിധം പ്രാർത്ഥനാനിരതമാണ്.
വളരെ അലിവുള്ള ആകാശം അവരെ
എപ്പോഴും കുട്ടികളെപ്പോലെ സംരക്ഷിക്കുകയാണ്.
ആ സമയത്ത് ആകാശം
അങ്ങനെയാണ്. അത് സൂര്യനിൽ നി
ന്ന് വേർപെട്ട് മനുഷ്യലോകത്തിനതീതമായ
ജ്ഞാനവ്യൂഹമായി രൂപാന്തരം പ്രാപിക്കുന്നു.
അവരുടെ സഹനത്തിന്റെയും ജീവി
തവേദനയുടെയും പുകമഞ്ഞു എവിടെയോ
പോകുകയാണ്. അവരുടെ മനസി
ന്റെ അടിത്തട്ടിൽ നിന്ന് കൂടുതൽ ശക്തി
യുള്ള പ്രശാന്തത പ്രത്യക്ഷമാകുന്നു. അത്
ആ വൃക്ഷത്തിന്റെ ശിഖരങ്ങളിലും,
അതിനും അപ്പുറത്ത് മറ്റൊരു മതാനുഷ്ഠാനത്തിലെന്നപോലെ
ശ്രദ്ധമാറ്റി പരക്കുന്ന
ആകാശത്തിലും ദൃശ്യമാണ്.

ആ മനുഷ്യർ എന്നെ വിളിക്കുന്നപോലെ
തോന്നി. ഞാൻ തിരിഞ്ഞുനോക്കി. അല്ല,
അവർ എന്നെ വിളിക്കുകയായിരുന്നി
ല്ല. വളരെ വിടുതൽ നേടിയ ഒരു സായാഹ്നത്തിന്റെ
തലോടലിൽ അവർ സ
ന്തോഷം പ്രകടിപ്പിക്കുകയായിരുന്നു. ഏതോ
ഒരു ഫലിതം അവരെ തൊട്ടു കടന്നുപോയി.
അവരുടെ ശരീരം ഒന്ന് കുലു
ങ്ങിയുണർന്നു. ആ കൈകൾ ഉയരുകയും
എങ്ങോട്ടോ നീളുകയും ചെയ്തു. അവർ
അലിവാർന്ന ആകാശത്തിന്റെ മൃദുലമായ
പദവിനിമയങ്ങൾ സ്വായത്തമാ
ക്കാനായി മുകളിലേക്ക് കുതിച്ചു.