സ്വരൂപയാത്ര: മുംബൈ കലാപം 25 വർഷം പിന്നിടുമ്പോൾ

ശശികുമാർ വി.

മാധ്യമ പ്രവർത്തകനും നിരവധി ഹ്രസ്വ ചിത്രങ്ങളുടെ സംവി
ധായകനുമായ വി. ശശികുമാർ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം
മുംബൈയിലെത്തുന്നത് 1992-ൽ ബാബ്‌റി മസ്ജിദ് തകർക്കപ്പെ
ട്ടതിനോടനുബന്ധിച്ചു നഗരത്തെ വർഗീയമായി കീറിമുറിച്ച കലാപത്തിന്റെ
നാളുകളിലാണ്. 25 വർഷങ്ങൾക്കുശേഷം 2017-ൽ വീ
ണ്ടും മുംബൈ സന്ദർശിക്കുമ്പോൾ 1992-ലെ ആ കറുത്ത ഡിസംബർ
നാളുകൾ അദ്ദേഹം ഓർമിച്ചെടുക്കുന്നു

ബാബറി മസ്ജിദ് ഇടിച്ചു പൊളിച്ചതിനെ തുടർന്നുണ്ടായ
ബോംബെ കലാപദിവസങ്ങളിലാണ് ഇതിനു മുൻപ് വന്നു കുറെ
ദിവസം എന്റെ സ്വന്തം ബോംബെയിൽ ഞാൻ തടങ്കലിലാക്കപ്പെട്ടത്.
കെ.ആർ. മോഹനന്റെ സ്വരൂപം സബ് ടൈറ്റിൽ ചെയ്ത് പ്രി
വ്യൂ നടത്താനെത്തിയതായിരുന്നു.

മോഹനേട്ടന്റെ സഹപാഠിയായിരുന്ന വി. വേണുഗോപാലിന്റെ
അണുശക്തി നഗറിലായിരുന്നു തങ്ങിയത്. ദേവിയും കുടുംബവും
നാട്ടിലായിരുന്നതിനാൽ അടുക്കളയുടെ അവകാശവും ഞങ്ങൾ
ക്കു കിട്ടി. മത്സ്യപ്രിയനായ മോഹനേട്ടൻ അണുശക്തിനഗറിലെ
മാർക്കറ്റിലെ പച്ചമത്സ്യം കണ്ടു കൊതിച്ചു കുറെ വാങ്ങി കറി
വയ്ക്കുന്നതിനിടയിൽ ഞങ്ങൾ ആനന്ദ് പട്‌വർദ്ധന്റെ രഥയാത്രയും
കണ്ടു.

ഊണു കഴിച്ച് വക്കോള വഴി ടി.എം.പി. നെടുങ്ങാടിയെ കണ്ടു
വർളി എൻഎഫ്ഡിസി ഓഫീസിൽ പോകാനായിരുന്നു പരിപാടി.
നൂസ് ചാനലിൽ ബാബറി മസ്ജിദ് പിടിച്ചടക്കാൻ എൽ.കെ.
അദ്വാനിയുടെ നേതൃത്വത്തിൽ നീങ്ങുന്ന ദൃശ്യങ്ങൾ വന്നു കൊണ്ടിരുന്നു.
ഗേറ്റിനു പുറത്തിറങ്ങി ബെസ്റ്റിൽ കയറി. കുറേക്കഴിഞ്ഞ് ബസ്സു
നിർത്തപ്പെട്ടു. യാത്രക്കാരിറങ്ങി. മാൻഖുർദിലെ ചേരികളിൽ
നിന്നോടി വരുന്ന ജനകൂട്ടം. ഞങ്ങൾ ഇടവഴിയിലേക്കു നടന്ന് ഓട്ടോറിക്ഷയിൽ
കയറി. ചെമ്പൂരിലെത്തിയപ്പോൾ വീണ്ടും വഴി തടയൽ.
ബോംബെയിലൊരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ച. ബസ് യാത്രക്കാർ
കാൽനടയായി റെയിൽവേസ്റ്റേഷനുകളിലേക്കു നീങ്ങുന്നു.
ഞങ്ങളും കുർള സ്റ്റേഷനിലേക്കു നടന്നു.

ചേരിനിവാസികൾ ഒത്തുകൂടുന്നു. എന്തു സംഭവിക്കുന്നെന്ന്
ആരും ഒന്നും പറയുന്നില്ല. ട്രെയിനിന്റെ പോക്കുവരവ് പ്രഖ്യാപനങ്ങൾ
പതിവുപോലെ. ട്രെയിനിൽ കയറിക്കൂടാനുള്ള ശ്രമങ്ങൾ
പരാജയപ്പെട്ടപ്പോൾനടക്കാമെന്നായി. മേൽപാലം കയറി കുർളവെസ്റ്റിലിറങ്ങി
ബസ്‌സ്റ്റോപ്പിലെത്തി. പെരുമ്പാമ്പിനെപ്പോലെ നീ
ണ്ട ക്യൂ.

നെടുങ്ങാടി സബ്‌ടൈറ്റിൽ തയ്യാറാക്കി വച്ചിട്ടുണ്ട്. അതു വർ
ളിയിലെത്തിക്കയാണ് ലക്ഷ്യം. കിട്ടിയ ഓട്ടോറിക്ഷയിൽ ഹൈവേയിലെത്തി.
കലീനയിലേക്കുള്ള റോഡു തടയപ്പെട്ടിരിക്കുന്നു.
പോലീസ് വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നുണ്ട്. ചേരികളിൽ
അടി നടക്കുന്നു എന്നുമാത്രമറിഞ്ഞു. പോലീസ് വാഹനങ്ങളുടെ
പ്രവാഹമായി. വിശദമായറിയാൻ മാർഗമില്ല.

കുർള-കലീന വഴി വക്കോളയിലെത്തി. നെടുങ്ങാടി ഞങ്ങളെ
കാത്തിരിക്കുന്നുണ്ടായിരുന്നു.

‘ബാബറി മസ്ജിദ് പൊളിച്ചുതുടങ്ങിയിരിക്കുന്നു’ – ടെലിവി
ഷൻ സ്‌ക്രീനിൽ ലൈവായി ദൃശ്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു.
ഇന്ദിരാഗാന്ധി വധിക്കപ്പെട്ട നാളുകളുടെ ഓർമ.
സബ്‌ടൈറ്റിൽ ഷീറ്റു വാങ്ങി വർളിക്കു പുറപ്പെട്ടു. ഖാർ, ബാന്ദ്ര,
മാഹിം, ദാദർ വഴിയിലെ ചേരിപ്രദേശങ്ങളെല്ലാം സംഘർഷാവസ്ഥയിലായിക്കഴിഞ്ഞിരുന്നു.
വർളിയിൽ നെഹ്‌റു സെന്ററിലെ എൻഎഫ്ഡിസി ഓഫീസിൽ
സബ്‌ടൈറ്റിൽ ഷീറ്റ് നൽകി ഞങ്ങൾ ഒരു ബസ്സിൽ കയറി. ദൂരദർ
ശൻ കേന്ദ്രത്തിനടുത്തെത്തിയപ്പോൾ ബസ്സു തടഞ്ഞുനിർത്തപ്പെ
ട്ടു.

മഞ്ഞുകാലമായതിനാൽ ഇരുട്ടുന്നതിനു മുൻപ് അണുശക്തി
നഗറിലെത്തണം. ദാദർ വഴി നടന്നു മാട്ടുംഗയിലെത്തി. എങ്ങും
വാഹനങ്ങളോടുന്നില്ല. കനത്ത നിശ്ശബ്ദത. സയണിൽ നിന്ന് ചെ
മ്പൂരിലേക്കു വീണ്ടും നടത്തം. ലേബർ ട്രെയിനിങ് സെന്ററിനരി
കിലുള്ള കടയിൽ നിന്നു വെള്ളം കുടിച്ചു നടന്നു.
വേണുവിനെ ബന്ധപ്പെടാൻ മാർഗമില്ല. വഴിയോരത്തെ ഒരു
ടയറുകടയിൽ നിന്ന് നെടുങ്ങാടിയേയും സുമ ജോസനെയും വി
ളിച്ചു.

കാര്യങ്ങൾ മോശമാണ്, എത്രയും പെട്ടന്ന് വാസസ്ഥലത്തെ
ത്താൻ മാഷു പറഞ്ഞു.

സുമ പിടിഐ ടെലിവിഷനിലായിരുന്നതിനാൽ കൂടുതൽ വി
വരങ്ങൾ ലഭിക്കുമെന്നു കരുതി. പക്ഷെ അന്ന് സുമയ്ക്കും പുറത്തിറങ്ങാൻ
പറ്റാത്തതിനാൽ ഗോരെഗാവിലെ ഫ്‌ളാറ്റിൽതന്നെ ഇരിക്കേണ്ടി
വന്നു. ടെലിവിഷനിലൂടെയുള്ള വിവരങ്ങളേയുണ്ടായി
രുന്നുള്ളൂ.

ഞങ്ങൾ ബിഎആർസി ഗേറ്റിൽ വന്നു. അവിടം സുരക്ഷിത
സേനയുടെ നിയന്ത്രണത്തിലായി. അകത്തേക്കാരേയും വിടുന്നി
ല്ല. നടന്നു ക്ഷീണിച്ചു വന്ന ഞങ്ങൾക്ക് എങ്ങിനെയെങ്കിലും മരി
ച്ചാൽ മതിയെന്നായി. അകത്തേക്കു കയറാൻ മാർഗമില്ല. മോഹനേട്ടന്റെ
മുഖത്ത് നിരാശയും ക്ഷീണവും.
സുരക്ഷാ വിഭാഗം തലവനെന്നു തോന്നിയ ഒരു മദ്ധ്യവയസ്‌കനരുകിലെത്തി
ഞാൻ പറഞ്ഞു

”ഞങ്ങൾ കേരളത്തിൽ നിന്നു വന്ന സിനിമാക്കാരാ. അത്യാവശ്യമുള്ള
കാര്യങ്ങൾക്കു വന്നതാണ്. ഞങ്ങളുടെ ബാഗും മറ്റും
സുഹൃത്തിന്റെ വീട്ടിലാണ്. എങ്ങനെയെങ്കിലുമകത്തു വിട്ടാൽ
ബാഗുമെടുത്തു പൊയ്‌ക്കൊള്ളാം”.

അയാൾക്ക് അനുകമ്പ തോന്നി. എന്തെങ്കിലും തിരിച്ചറിയൽ
രേഖ നൽകാൻ പറഞ്ഞു.

ഒരു രേഖയുമില്ലാത്ത ഞങ്ങൾ, നാളിതുവരെ ഒരു തിരിച്ചറിയൽ
രേഖയും വേണ്ടിവരാത്ത ഞങ്ങൾ മടക്കയാത്രാ ടിക്കറ്റു കാണി
ച്ചു.

ആ ഓഫീസർക്ക് അനുകമ്പതോന്നി അകത്തേക്കു വിടാൻ തയ്യാറായി.
വേണുവിന്റെ ഫോൺ നമ്പർ നൽകി. ഫ്‌ളാറ്റിലാരുമിെല്ല
ന്നു പറഞ്ഞു താക്കോൽ കാണിച്ചു. അയാൾ ഞങ്ങളെ അകത്തേ
ക്കു വിട്ടു. ചുറ്റും നോക്കാതെ ഞങ്ങൾ ഫ്‌ളാറ്റിലെത്തി.
മോഹനേട്ടൻ ടെലിവിഷൻ ഓൺ ചെയ്തു. ബാബറി മസ്ജി
ദിലെ രംഗങ്ങൾ. പൊളിക്കുന്ന രംഗങ്ങൾ. ബോംബെയിലെ കലാപക്കാഴ്ചകൾ.
കൊള്ളയും തീവയ്പും. ഞങ്ങൾ സഞ്ചരിച്ച വഴി
കളിലെല്ലാം വെടിവയ്പു നടന്നിരുന്നു.

കലാപങ്ങൾ നടന്നു കഴിഞ്ഞ വഴിയിലൂടെയായിരുന്നു ഉച്ച മുതൽ
ഞങ്ങൾ സഞ്ചരിച്ചിരുന്നതെന്ന് ഞെട്ടലോടെ അറിഞ്ഞു.
ഫ്‌ളാറ്റിലെത്തിയ വിവരം നെടുങ്ങാടി മാഷിനെ അറിയിച്ചു. വേണുവിന്റെ
ഒരു വിവരവുമില്ല. ഞങ്ങൾ സുരക്ഷിതരാെണന്ന് നാട്ടിലറിയിച്ചു.
വേണുവിനെ കാത്തിരുന്നു. വിളിയും വരുന്നില്ല.

വേണുവിനെ അന്വേഷിച്ചുള്ള ഫോൺകോളുകൾ. അവസാനം
വേണുവിന്റെ ഫോൺ വന്നു. കലാപവഴികളിൽ പെട്ടു പോയി.
ഗേറ്റിൽ എത്തിയെങ്കിലും ആരെയും അകത്തേക്കു വിടുന്നി
ല്ല. ഞങ്ങളോട് അത്താഴം കഴിച്ചു വിശ്രമിച്ചോളാൻ പറഞ്ഞു. കുളി
കഴിഞ്ഞു. അത്താഴം കഴിച്ചു. വാർത്തകൾ കേട്ടു മയങ്ങിപ്പോയി.
എന്റെ സ്വന്തമെന്നു കരുതിയ, എന്നെ ഞാനാക്കിയ ബോംബെ
തകരുകയാണോ?

ഈ മഹാനഗരത്തിൽ ജീവിച്ച ഓരോ മനുഷ്യനുമിതു ചോദി
ച്ചു കാണുമോ?

മൂന്നാം ദിവസമാണ് വേണുവിന് അകത്തു കയറാൻ കഴിഞ്ഞ
ത്. അവകാശപ്പെട്ടവൻ പുറത്തും വന്നുകയറിയവൻ സുരക്ഷിതമായകത്തും.
ഈ കലാപം എന്നെ ഓർമപ്പെടുത്തുന്നു.

മോഹനേട്ടന്റെ സ്വരൂപം സബ്‌ടൈറ്റിൽ ചെയ്തു കിട്ടിയതു മി
ല്ല. ബോംബെയിലും മറ്റെങ്ങും പൊതു പ്രദർശനം നടത്തിയതുമില്ല.
‘സ്വരൂപം’ എന്ന ആ ചിത്രത്തിലെ അടിസ്ഥാന പ്രമേയവി
ഷയാനുഭവത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു ഞങ്ങൾ.
സ്വരൂപാനുഭവങ്ങൾ തുടരുന്നു.

1984-ൽ ഭീവണ്ടിയിൽ തുടർന്ന ലഹള പി ന്നെ പലതായി ബോംബെയിൽ
തുടർന്നു.

പുതിയ പുതിയ കണ്ണാടി മാളികകൾ അമ്പിളി മാമനെ വിളി
ക്കാൻ വളരുമ്പോൾ എന്റെ സ്വന്തം നഗരത്തിലിപ്പോൾ ഹിന്ദുവും
മുസൽമാനും ക്രിസ്ത്യാനിയും അവരുടെ ഇടങ്ങൾ വേറിട്ടുണ്ടാക്കി
സുരക്ഷിതരാകുന്നു.

കെ.ആർ. മോഹനൻ സ്വരൂപത്തോടെ ഫീച്ചർ ഫിലിം നിർത്തി.
അവസാന കണ്ടുമുട്ടൽ വരെയും ‘സ്വരൂപ’വുമായുള്ള ബോംബെ
യാത്രാനുഭവം പങ്കിടുമായിരുന്നു.