14. സ്‌മൃതിപഥങ്ങൾ: പഴയ ലോഡ്ജ്

ബാലകൃഷ്ണൻ


പ്രശസ്ത സാഹിത്യകാരനായ ബാലകൃഷ്ണന്റെ ഓർമക്കുറിപ്പുകൾ.
നഗരത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫർണസ്, ആൽബം,
ഭാഗ്യാന്വേഷികൾ, ആയിരം സൂര്യന്മാർ തുടങ്ങി നിരവധി നോവലുകളും
ചെറുകഥകളും രചിച്ചിട്ടുള്ള ബാലകൃഷ്ണന് കുങ്കുമം
നോവൽ മത്സരത്തിൽ പ്രത്യേക സമ്മാനം ലഭിച്ചിട്ടുണ്ട്. മലയാള
ത്തിലെ ഏത് കൃതികളോടും ഒപ്പം നിൽക്കുന്ന ബാലകൃഷ്ണന്റെ
കഥകൾ കന്നഡയിലേക്കും തെലുങ്കിലേക്കും മറാഠിയിലേക്കും
മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

കൈരളിയുടെ കാക്ക (2011 സെപ്റ്റംബർ)
എന്ന ത്രൈമാസികത്തിന്റെ ഉദ്ഘാടനത്തിന്
പ്രസിദ്ധരായ പലരും എത്തിയിരുന്നു. മലയാള ചലച്ചിത്രരംഗ
ത്തെ അതുല്യ പ്രതിഭയായ അടൂർ ഗോപാലകൃഷ്ണൻ,
ചെറുകഥയുടെ രാജശില്പിയായ കാക്കനാടൻ, ചിത്രകാരനും
കൊച്ചി മുസിരിസ് ബിനാലെയുടെ സംഘാടകനുമായ
ബോസ് കൃഷ്ണമാചാരി,
കഥാകൃത്ത് വി.ആർ. സുധീഷ് മുതലായവരുടെ
സാന്നിദ്ധ്യം വ്യക്തമായി
ഓർമയിലുണ്ട്. ഇത് ഓർത്തുവയ്ക്കുന്ന
തിന് മറ്റൊരു കാരണം കൂടിയുണ്ട്.
എന്റെ സുഹൃത്തായിരുന്ന കാക്കനാട
നെ അവസാനമായി കണ്ട സന്ദർഭം കൂടി
യായിരുന്നു, അത്. അദ്ദേഹം അവശനായിരുന്നെങ്കിലും
മോഹൻ കാക്കനാടന്റെ
ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി
യിൽ പങ്കെടുത്തത് ഏറെ സന്തോഷത്തോടെയായിരുന്നു.
മലയാള സാഹി
ത്യം, പത്രപ്രവർത്തനം, ചിത്രരചന, സി
നിമ തുടങ്ങിയ സാംസ്‌കാരിക രംഗങ്ങ
ളിൽ വ്യക്തിമുദ്രകൾ പതിപ്പി
ച്ച അപൂർവം കുടുംബങ്ങളി
ലൊന്നാണ് കാക്കനാടന്മാരുടേത്.
അവരുടെ കുടുംബ
ത്തിന്റെ മുംബൈയിലെ പതാകാവാഹകനാണ്
മോഹൻ കാക്കനാടൻ.

‘കൈ ര ളി യു ടെ കാ
ക്ക’യിൽ മാത്രം ഒതുങ്ങുന്നതല്ല,
മോഹന്റെ വ്യക്തിത്വം. മുംബൈ
മഹാനഗരത്തിൽ ഇ
ന്ത്യൻ ഭാഷകളുടെ പാരമ്പര്യ
വും പ്രാധാന്യവും പരിമിതികളും
വിവിധ ഭാഷാ സാഹിത്യ
കാരന്മാർ വിശദമായി ചർച്ച
ചെയ്ത മൂന്ന് ഗെയ്റ്റ്‌വേ സാഹിത്യോത്സവങ്ങൾ
വിജയകരമായി
നടത്തിയെന്ന അഹംഭാവമോ
ഗർവോ പ്രകടിപ്പി
ക്കാത്ത മോഹൻ കാക്കനാടൻ
നന്മയു ടേയും അന്ത
സ്സിന്റെയും പ്രതീകമാണെ
ന്നാണ് എന്റെ നിഷ്പക്ഷമായ വിലയി
രുത്തൽ.

കൈരളിയുടെ കാക്കയുടെ ഉദ്ഘാടനവും
പിന്നീട് ഗെയ്റ്റ്‌വേ സാഹിത്യോ
ത്സവങ്ങളും ക്യാമറയിലാക്കിയത് ഇമ
ബാബുവാണ്. ഇന്ദിര-മാധവൻ ദമ്പതി
കളുടെ പുത്രനായതുകൊണ്ട്, ഇമബാബു.
ക്യാമറയുമായി നാടു ചുറ്റുന്ന ഇമ
ബാബു മാതൃഭൂമിയടക്കം മലയാളത്തി
ലെ മിക്ക ആനുകാലികങ്ങളിലും ചിത്ര
ങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ്
സംപ്രേഷണം ചെയ്ത സ്വത്വം, കടവ്,
മതിലകം ചന്ത, അബ്ദുക്ക ബിയോണ്ട് ദ
ഫ്രെയിം, കളർ ഓഫ് ദ സീഷോർ, ഒറ്റ
യാൾ എന്നീഡോക്യമെന്ററികളും കാ
ക്ക, പക്ഷിസങ്കേതം, രണ്ടാമത്തെ ഒരാൾ
എന്നീഷോർട്ട് ഫിലിമുകളും ചെയ്തിട്ടു
ണ്ട്.

‘ഫെയ്‌സ് ഓഫ് ദ സിറ്റി’ എന്ന ഡോക്യുമെന്ററി
(മോഹൻ കാക്കനാടൻ നിർ
മാതാവ്, എൻ. ശ്രീജിത് സംവിധാനം)
ചെയ്യാൻ മുംബൈയിൽ വന്നപ്പോഴാണ്
ഞങ്ങൾ അടുത്തറിയുന്നത്. എന്റെ സുഹൃത്തും
മാതൃഭൂമിയുടെ മുംബൈ
ബ്യൂറോ ചീഫുമായ ശ്രീജിത്തിനോടൊ
പ്പമാണ് ബാബു വീട്ടിൽ വന്നത്. ഞാൻ
വളരെക്കാലം ചെമ്പൂരിൽ താമസിച്ചിട്ടുണ്ടെന്ന്
പറഞ്ഞപ്പോൾ ഇമ ബാബുവിന്
ചെമ്പൂരിന്റെ വിശേഷങ്ങൾ ക്യാമറയി
ലാക്കാൻ മോഹം.
തെളിഞ്ഞ ഉച്ചവെയിലുളള അപരാ
ഹ്നത്തിലാണ് ഞങ്ങൾ ചെമ്പൂരെത്തിയത്.
ചെമ്പൂരിലെ എന്റെ താമസക്കാലം
പ്രാചീനമായ ഒരോർമയിൽ നിന്ന് വർ
ത്തമാനയാഥാർത്ഥ്യമാകുന്നത് ഞൊടി
യിടയ്ക്കുള്ളിൽ. ആ കാലത്തിന്റെ ശബ്ദ
ങ്ങളും ഗന്ധങ്ങളും ബഹളങ്ങളും എനി
ക്ക് ചുറ്റും നിറഞ്ഞു. ഉച്ചയുടെ ചെറിയ
ആലസ്യത്തിൽ നിന്ന് നഗരം സായാഹ്ന
ത്തിന്റെ വേഷപ്പകർച്ചകളിലേക്ക് സജീ
വമായി. ജനബഹുലമായ റോഡിൽ തമിഴും
മലയാളവും മറാത്തിയും ഹിന്ദി
യും സിന്ധിയും കൂടിക്കലർന്ന സങ്കരഭാഷ
ഓളം തല്ലി. തെരുവു കച്ചവടക്കാരുടെ
പരസ്യവിളികളിൽ ആകൃഷ്ടരാവുന്നവരുടെ
മുഖങ്ങളെ പോക്കുവെയിൽ ജ്വലി
പ്പിച്ചു. കോഫിയുടേയും മസാലദോശയുടേയും
ഗന്ധങ്ങൾ എന്നെ വളരെ ദൂരം പി
ന്നിലേക്ക് നടത്തി. എല്ലാം പഴയ പോലെതന്നെ.
കെട്ടിടങ്ങളുടെ മുഖഛായയും
കണ്ണാടിക്കൂടുകളിലെ പ്രദർശനവസ്തുക്കളും
പുതിയകാലത്തിന്റെ രുചി
വ്യത്യാസങ്ങൾ പ്രകടമാക്കുന്നവയായി
രുന്നു.

ബോംബെയുടെ (അന്ന് മുംബൈ
ആയിട്ടില്ല) ഓഫീസുകളിൽനിന്ന് അ
ണപൊ ട്ടിയൊഴുകുന്ന ജനം നഗര
ത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് ഒഴുകിയടിയുന്ന
വൈകുന്നേരങ്ങളിൽ എല്ലാ
റോഡുകളും പുഴകളായി ഒഴുകുന്നു.
ആ ഒഴുക്കുകൾ ചെന്ന് പതിക്കുന്ന റെയിൽവേ
സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിൽ
സൂചികുത്താനിടമുണ്ടാകില്ല. ആ
തിക്കും തിരക്കും പകർത്താനുള്ള ആവേശത്തിൽ
ബാബുവും ക്യാമറയും നുഴ
ഞ്ഞു കയറി. ജനസഞ്ചയങ്ങളേയും അവരുടെ
മുഖഭാവങ്ങളേയും വിദഗ്ദ്ധമായി
പകർത്തിയതിനു ശേഷമാണ് ബാബുവിന്
സമാധാനമായത്.

അതിനു ശേഷം ഞാൻ വളരെ കാലം
താമസിച്ച ചെമ്പൂർ ഗസ്റ്റ് ഹൗസാണ്
ബാബു പകർത്തിയത്. അറുപതുകളുടെമദ്ധ്യത്തിൽ
ഞങ്ങൾ താമസിച്ചിരുന്ന
വെങ്കിടേശ്വര ലോഡ്ജ് അക്കാലത്ത്
ചെമ്പൂരിൽ താമസിച്ചിരുന്ന ദക്ഷിണേ
ന്ത്യക്കാരുടെ താവളവും ഭക്ഷണശാലയും
ഒക്കെയായിരുന്നു. വെങ്കിടേശ്വര
ലോഡ്ജ് തുടങ്ങിയത് ചേലക്കരക്കാരൻ
കൃഷ്ണയ്യരാണ്. ഏ.സി.സി. സിമന്റു ക
മ്പിനിയിലെ ജോലി രാജി വച്ചപ്പോൾ കി
ട്ടിയ പണമായിരുന്നു വെങ്കിടേശ്വര ലോഡ്ജിന്റെ
മുടക്കു മുതൽ. കെട്ടിടത്തിന്റെ
ഉടമസ്ഥൻ ഒരു പട്ടേൽ. കെട്ടിടം പട്ടേലി
ന്റെ കയ്യിൽ നിന്ന് വാടകയ്‌ക്കെടുത്തതാണെന്നും
പട്ടേലും കച്ചവടത്തിൽ പങ്കാളിയാണെന്നും
അന്തേവാസികൾ പറയു
ന്നത് കേട്ടിട്ടുണ്ട്.
ലോഡ്ജ് തുടങ്ങിയതിന്റെ പ്രധാന ഉദ്ദേശ്യം
തന്റെ സഹോദരന്മാർക്ക് തൊഴി
ലുണ്ടാക്കിക്കൊടുക്കുക എന്നതായിരു
ന്നു എന്ന് ചിലർ ഊഹിച്ചു. തുടക്ക
ത്തിൽ രണ്ടു സഹോദരന്മാരെയാണ് കൃഷ്ണയ്യർ
കൊണ്ടുവന്നത്.

ഒന്ന്, സുസ്‌മേരവദനനായി മാത്രം
കാണാറുള്ള മൂത്ത സഹോദരൻ. രണ്ടാമൻ,
മൂളലുകൊണ്ടും തലയാട്ടൽ കൊ
ണ്ടും മാത്രം ആശയവിനിമയം നടത്തു
ന്ന, നടക്കുമ്പോൾ പോലും ഉറങ്ങുകയാണെന്ന്
തോന്നിക്കുന്ന ഒരു പ്രകൃതക്കാരൻ.
അയാൾ പ്രത്യക്ഷപ്പെട്ട ഉടനെത
ന്നെ ലോഡ്ജിലെ ചില വില്ലന്മാർ
‘ഫ്രാൻകെൻസ്റ്റീൻ’ എന്ന് പേര് ചാർ
ത്തിക്കൊടുത്തു. (1818ൽ കേവലം ഇരുപത്
വയസ്സ് മാത്രം പ്രായമുള്ള മേരി ഷെല്ലി
എന്ന എഴുത്തുകാരിയുടെ നോവലി
ലെ രാക്ഷസ കഥാപാത്രം. ആധുനിക
പ്രൊമീത്യൂസിനോട് താരതമ്യം ചെ
യ്യാം).

വെങ്കിടേശ്വര തുടങ്ങിയ കാലത്ത് മുകളിലെ
ഒന്നും രണ്ടും നിലകളിലെ മുറി
കളിലായിരുന്നു ആളുകളെ പാർപ്പിച്ചത്.
ഒരോ മുറിയിലും നാലു കട്ടിലുകൾ. ഓരോ
കട്ടിലിനും മാസം അമ്പത് രൂപ വാടക.
താഴത്തെ നിലയിലായിരുന്നു, ഹോ
ട്ടൽ. അമ്പത് രൂപകൊടുത്താൽ ഭക്ഷണ
ത്തിനുള്ള മുപ്പത് കൂപ്പൺ ലഭിക്കും. മൊ
ത്തം നൂറു രൂപകൊണ്ട് താമസവും വൈകുന്നേരത്തെ
ശാപ്പാടും കഴിയുന്നത് സാധാരണക്കാരായ
ഓഫീസ് ജീവനക്കാർ
ക്ക് വലിയ അനുഗ്രഹമായി. ഹോട്ട
ലിന്റെ മേൽനോട്ടം കൃഷ്ണയ്യരുടെ സഹോദരന്മാർതന്നെ.
ദക്ഷിണേന്ത്യക്കാർ സമൃദ്ധമായി വ
ന്നടിഞ്ഞുകൊണ്ടിരുന്ന ചെമ്പൂരിൽ മറ്റൊരു
കച്ചവട സാദ്ധ്യതകൂടി കൃഷ്ണ
യ്യർ കണ്ടുപിടിച്ചു. ഹോട്ടലിന്റെ പകുതി
ഭാഗത്ത് ഉപ്പിലിട്ടതും, വറുത്തുപ്പേരികളും,
ഊറുകയും, വേപ്പിലക്കട്ടിയും, ചമ്മ
ന്തിപ്പൊടികളും, തോർത്തുമുണ്ടുകളും,
ലുങ്കികളും…. അങ്ങനെ ദക്ഷിണേന്ത്യ
ക്കാർക്ക് പ്രിയപ്പെട്ട എല്ലാ വിഭവങ്ങളും
ലഭിക്കുന്ന ഒരു ഷോപ്പ്. വൈകുന്നേരമാകുമ്പോൾ
പച്ചക്കറികൾ വാങ്ങാനിറങ്ങു
ന്ന, മുടിയിൽ എണ്ണത്തിളക്കമുള്ള മലയാളിപ്പെൺകിടാങ്ങളും,
തലയിൽ മുല്ല
പ്പൂ ചൂടിയ തമിഴ് പെൺകൊടികളും ഇവി
ടേയും കയറാൻ തുടങ്ങി.

കൃഷ്ണയ്യരുടെ
മൂത്തജേഷ്ഠനായിരുന്നു, മേൽനോ
ട്ടം. സഹായി ഫ്രാൻകെൻസ്റ്റീനും. പെ
ണ്ണുങ്ങൾ കൂട്ടമായി വന്ന് ഓരോന്ന് ആവശ്യപ്പെടുമ്പോൾ
മൂത്ത ആൾ അന്ധാളി
ച്ച് നിന്ന് ബബ്ബബ്ബ എന്ന് പറഞ്ഞു. സഹായിയുടെ
മുഖത്തെ ഭാവമോ മൂളലോ തലയാട്ടലോ
പെണ്ണുങ്ങൾക്ക് മനസ്സിലായില്ല.
ഈ കുറവ് പരിഹരിക്കാനാണ്
കോയമ്പത്തൂർ നിന്ന് രാമസ്വാമി എന്ന
സഹോദരനെ ഇറക്കുമതി ചെയ്തത്.
രാമസ്വാമി തണ്ടും തടിയും ഉള്ളവനും
നർമോക്തികൾ കൊണ്ട് ആരേയും വശീ
കരിക്കാൻ കഴിവുള്ളവനുമായിരുന്നു. രാമസ്വാമിയുടെ
വരവോടെ കച്ചവടം കൊഴുത്തു.
കൂടുതൽ വിഭവങ്ങൾ ചില്ലലമാരി
കളിൽ സ്ഥലം പിടിച്ചു. ഡിക്കോക്ഷൻ
കോഫിയുടെ ആരാധകരായ തമിഴ് ബ്രാ
ഹ്മണർക്ക് വേണ്ടി ആവശ്യാനുസരണം
ചേരുവകൾ കലർത്തി കാപ്പിക്കുരു പൊടിച്ച്
ബട്ടർ പേപ്പർ കവറുകളിൽ ചൂടോടെ
നൽകാവുന്ന യന്ത്രം സ്ഥാപിച്ചതോടെ
വെങ്കിടേശ്വരയിലും അതിന് മുന്നിലൂടെ
പോകുന്ന റോഡിലും സദാ കാപ്പി പ്പൊടി
യുടെ മോഹിപ്പിക്കുന്ന മണം തങ്ങി നി
ന്നു. ആവശ്യം പോലെ തമിഴും മലയാളവും
‘തലയാള’വും അനായസമായി
കൈകാര്യം ചെയ്യുന്ന രാമസ്വാമി പീടികയിൽ
മാത്രമല്ല, ഹോട്ടലിലും ശ്രദ്ധ ചെ
ലുത്തി. കൃഷ്ണയ്യർക്ക് പിന്നെ തിരി
ഞ്ഞു നോക്കേണ്ടി വന്നില്ല. അടുക്കളയിൽ
പാചകക്കാരായി തമിഴ് പശുങ്കളും
മലയാളത്താന്മാരും ഉണ്ടായിരുന്നു.
മുകളിലെ മുറികളിൽ താമസിക്കുന്ന
വർക്ക് സരോജിൽ നിന്ന് മസാലദോശയും
ഇഡ്ഡലി-വടയും, ഊത്തപ്പവും കാ
പ്പിയും പാഴ്‌സൽ വാങ്ങി കൊണ്ടുവരുന്ന
തിനും കിടയ്ക്കവിരികളും തലയിണ ഉറകളും
മാറ്റുന്നതിനും മറ്റുമായി ദൊരൈ
എന്നൊരു തക്കിടിമുണ്ടനായ ‘എം
ശിആർ’ പ്രേമിയും. സത്യം പറഞ്ഞാൽ,
കുഴിമടിയന്മാരും റമ്മി കളി ഭ്രാന്തന്മാരുമായിരുന്ന
അന്തേവാസികളിൽ ചിലർ
നാഴികയ്ക്ക് നാല്പതു വട്ടം ദൊരൈ… എ
ന്ന് പശുക്കൾ അമറുന്നതു പോലെ വിളി
ച്ചുകൊണ്ടിരുന്നാലും അവന് ദേഷ്യം വരാറില്ല.
ഒഴിവ് കിട്ടുമ്പോൾ ‘എത്ക്ക് ക
ത്തറത്…’ എന്ന് വെളുത്ത പല്ലുകൾ മുഴുവൻ
പ്രദർശിപ്പിച്ച് അവൻ പ്രത്യക്ഷപ്പെ
ടും.

ഒഴിവുസമയങ്ങളിൽ, ‘നാൻ ആണയിട്ടാൽ
അത് നടന്ത് വിട്ടാൽ തൈവം ഏതുമില്ലൈ….’
എന്ന ദൊരൈരാഗം ലോഡ്ജിൽ
എവിടെയെങ്കിലും മുഴങ്ങുന്നു
ണ്ടാവും. ആഴ്ചയിൽ ഒരിക്കൽ ഫ്‌ളിറ്റ് പ
മ്പും ബെയ്‌ഗോൺ മരുന്നുമായി ‘ഓപ്പ
റേശൻ മൂട്ടപ്പൂച്ചി’ എന്ന മൂട്ടകളെ ഉന്മൂലനം
ചെയ്യുന്ന പരിപാടിയുമുണ്ട്, ദൊരൈയുടെ
വകയായിട്ട്. അപ്പോൾ ആകാശം
ഇടിഞ്ഞുവീണാലും ഭൂമി കുലുങ്ങിയാലും
അവൻ അറിയില്ല.
ലോഡ്ജിലെ താമസക്കാർ കേരള
ത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന
വരായതുകൊണ്ട് അവരുടെ ഭാഷയിലും
പെരുമാറ്റത്തിലും വിശ്വാസങ്ങളിലും വ്യ
ത്യസ്തതയുണ്ടായിരുന്നു.
മങ്ങിത്തുടങ്ങിയ ഓർമകളിൽനിന്ന്
ചിലരെ പൊടിതട്ടിയെടുക്കാൻ ശ്രമിക്ക
ട്ടെ.

തൊണ്ടയിൽ ചൊറിച്ചിലുള്ളതു പോലെ
സദാ നേരവും ഇടയിറക്കിക്കൊ
ണ്ടോ ചുമച്ചുകൊണ്ടോ നടക്കുന്ന ഒരു ന
മ്പ്യാരുണ്ടായിരുന്നു ലോഡ്ജിൽ. വടകരയോ
കാസർഗോഡോ ആയിരുന്നു നാട്.
നരച്ച കുറ്റിത്തലമുടിയിൽ താരനുള്ളതു
പോലെ ചൊറിയുന്നത് കാണാം പലപ്പോഴും.
അത് ഗഹനമായ ഏതോ ആലോചനാവേളയിലാണെന്ന്
അഭിജ്ഞമതം.

ആലോചനയിലാണെങ്കിലും അ
ല്ലെങ്കിലും പറയുന്നത് എപ്പോഴും അപൂർണ
വാചകങ്ങളിലായിരിക്കും. ന
മ്പ്യാരെ പരിചയമില്ലാത്തവർ ഇതെന്ത്
ഭ്രാന്ത് എന്ന് അതിശയിച്ചാലും കുറ്റംപറയാനാവില്ല.
കാലത്ത് പലരും സരോജിൽ പ്രാതൽ
കഴിക്കാൻ പോകുമ്പോൾ നമ്പ്യാർ
ഗീതാഭവൻ എന്ന കണ്ണൂരുകാരൻ പവി
ത്രന്റെ ഹോട്ടലിലേ പോകാറുള്ളു. അവി
ടെ ചെന്ന് പുട്ടും മറ്റതും തരാൻ പറയുമ്പോൾ
മറ്റതെന്താണെന്ന് മനസ്സിലാകാതെ
മിഴിച്ചു നിൽക്കുന്ന സപ്ലയറോട്
ഹോട്ടലുടമ പവിത്രൻ പറയും. ‘യ്യ് മുയി
ച്ച് നിക്കാതെ അയാക്ക് പുട്ടും കടലയും
കൊടുക്ക്…’ അത് കേട്ടാൽ നമ്പ്യാരുടെ
മുഖത്ത് കടത്തനാടൻ ചിരി തെളിയും.
ചുമച്ച് തലമാന്തി പ്ലെയ്റ്റിനെ ആക്രമി
ക്കാൻ തയ്യാറായി ഇരിക്കും. ഭക്ഷണം കഴിക്കുമ്പോൾ
ചുമ വരാറില്ലെന്നത് കളരിദൈവങ്ങളുടെ
അനുഗ്രഹം.

നമ്പ്യാരുടെ എല്ലാ ആവശ്യങ്ങളും
അപൂർണ വാചകങ്ങളിലൂടെയാണ് പുറ
ത്തുവരിക. ഏതെങ്കിലും ഷോപ്പിൽ കയറി
ബ്രഷ് ‘ഔർ വോ ദോ’ എന്ന് പറയുമ്പോൾ
കടയുടമസ്ഥൻ സംശയത്തോടെ
കക്ഷിയെ നോക്കും. അപ്പോൾ കുറ്റി
ത്തലമുടി ചൊറിഞ്ഞ്, തൊണ്ടയിൽ ചുര
മാന്തി വെറുതെ ഇറങ്ങിപ്പോരും. പി
ന്നെ ദൊരൈയാണ് ബ്രഷും പെയ്സ്റ്റും
വാങ്ങിക്കൊടുക്കുക. നമ്പ്യാരുടെ ചെയ്തികൾ
എഴുതിയാൽ ഒരു പുസ്തകമാവും.
അത് വേണ്ട. നിരൂപകനും കുസൃതി
ക്കാരനുമായ വി.ടി. ഗോപാലകൃഷ്
ണൻ നമ്പ്യാരെ പറ്റിച്ച കഥ കൂടി പറയാം.
ജാലവിദ്യക്കാരനെപ്പോലെ, ചെറി
യൊരു സൂത്രപ്പണികൊണ്ട് നമ്പ്യാരുടെ
ബ്രഷിൽ ഗില്ലറ്റ് ക്രീം കയറ്റിവച്ചാണ് അയാളുടെ
വായിൽ പതയുടെ സമുദ്രം സൃഷ്ടിച്ചത്.
അതിനുശേഷം വി.ടി. മുറിയിലില്ലാ
ത്തപ്പോഴേ നമ്പ്യാർ പല്ലു തേക്കാറുള്ളു.
വി.ടി.യുടെ മൗനവും ഏകാകിതയും
കണ്ടാൽ ആളൊരു കുസൃതിക്കാരനാ
ണെന്ന് ആർക്കും തോന്നില്ല. കുരുത്ത
ക്കേടുകൾക്ക് ഒത്താശ നൽകി മാറി നി
ന്ന് ചിരിക്കുന്നത് വി.ടി.യുടെ വിനോദം.
വി.ടി.യുടെ മുമ്പിൽ യാദൃച്ഛികമായി വ
ന്നുപെട്ട ആട്ടിൻ കുട്ടിയായിരുന്നു, വാടാനംകുറിശ്ശിക്കാരൻ
വെങ്കിട്ടരമണി. ഇ
ന്ത്യൻ എണ്ണക്കമ്പനിയിൽ സ്റ്റെനോഗ്രാഫറായി
ഉദ്യോഗപ്രവേശനത്തിന് വന്ന
താണ് ചങ്ങാതി. വന്ന ഉടനെ എല്ലാ മുറി
യിലും കയറിയിറങ്ങി അച്ചടിഭാഷയിൽ
സ്വയം പരിചയപ്പെടുത്തി, വെങ്കിട്ടരമണി.
വി.ടി. അയാൾ പറയുന്നത്, നിർ
ദോഷമായ ഒരു പുഞ്ചിരിയോടെ കേട്ടു.
അയാൾ പോയപ്പോൾ വി.ടി. പറഞ്ഞു,
ഇയാൾ നമ്മുടെ അപ്പുക്കിളി. ഒ.വി. വിജ
യന്റെ നോവൽ വെങ്കിട്ടരമണി വായി
ക്കാത്തതുകൊണ്ട് ആ പേരിന്റെ നിഗൂഢാർത്ഥങ്ങൾ
മനസ്സിലായില്ല. ഒരു ദിവസം
വി.ടി.യുടെ മേശപ്പുറത്ത് ഓൾഡ്‌മോങ്കിന്റെ
കുപ്പി കണ്ട് അതിശയം കൂറി
അപ്പുക്കിളി ചോദിച്ചു.

‘വീടീഈ കുപ്പീലുള്ള ആസവം കഴി
ക്കണതെന്തിനാ?’
‘നല്ല ഒറക്കം കിട്ടാൻ, ദുസ്വപ്‌നങ്ങൾ
കാണാതിരിക്കാൻ’.
‘ദെവസോം കഴിയ്‌ക്ക്വോ?’
‘മിക്കവാറും’.
അപ്പുക്കിളി ആശ്ചര്യത്തോടെ വി.
ടി.യുടെ മുഖത്ത് നോക്കി.
‘ഒരു ഗ്ലാസ് കുടിച്ചാ എങ്ങനേരി
ക്കും?’
‘അതൊന്നും പറഞ്ഞറീക്കാനാവി
ല്ല. പരീക്ഷിച്ച് നോക്കണം’.
‘ഞാനോ. ആണ്ടവനേ, മുരുഹാ… ന
90
ഒക്‌ടോബർ-ഡിസംബർ 2017
ല്ല കാര്യായി!’
‘എന്നാ വേണ്ട’.
അപ്പുക്കിളി തെല്ലിട പരുങ്ങിനിന്നു.
കുപ്പിയെടുത്ത് തിരിച്ചും മറിച്ചും നോക്കി.
അടപ്പ് തുറന്ന് മണത്ത് നോക്കി. പിന്നെ
ചുറ്റും നോക്കി രഹസ്യമായി ചോദിച്ചു.
‘അടുത്ത തവണ ലേശം എനിക്കും
രുചിക്കാൻ തര്വോ?’

‘അയ്യോ, അതങ്ങനെ സൗജന്യമായി
കൊടുക്കാനുള്ളതല്ല. മിലിട്ടറിയാണ്.
ഞാൻ അവരിൽ നിന്ന് മുടിഞ്ഞ വെല
കൊടുത്ത് രഹസ്യമായി സംഘടിപ്പിക്കു
ന്നതാണ്. മഞ്ഞിലും മഴയിലും രാത്രി ഉറ
ക്കമൊഴിച്ച് അതിർത്തി കാക്കുന്നവർക്ക്
ഉണർവും ഉന്മേഷവും നൽകാനും ഉറക്ക
ത്തെ അകറ്റി നിർത്താനും വേണ്ടി സർ
ക്കാർ കൊടുക്കുന്ന ഔഷധമാണിത്’.
‘ന്നാലും ന്റെ ഒരാഗ്രഹമല്ലേ സർ, ഒ
ന്ന് രുചിക്കാൻ മാത്രം, പ്ലീസ്…..’
വി.ടി. തെല്ലിട ആലോചനയിലാ
ണ്ടു. ‘ഞാൻ ഉറപ്പ് പറയുന്നില്ല. എന്നാലും
ശ്രമിക്കാം… അഡ്വാൻസായി ഒരു നൂറുറുപ്പിക
തന്നേക്കൂ. കാര്യം മറക്കാതിരി
ക്കാനാണ്, പണം കൈപ്പറ്റുന്നത്….’

‘ദാറ്റീസ് ആൾറൈറ്റ്’ എന്ന് തലകുലുക്കി
മൂളിപ്പാട്ടും പാടി അപ്പുക്കിളി സ്ഥ
ലം വിട്ടു.

രണ്ടു ദിവസം കഴിഞ്ഞ് വി.ടി. ദൊരൈയെ
വിളിച്ച് നല്ല കട്ടൻ ചായയുണ്ടാ
ക്കാൻ ഏർപ്പാട് ചെയ്തു. അത് കുപ്പി
യിൽ നിറച്ച് അരക്കുരുക്കി സീൽ വയ്ക്കുമ്പോൾ
ദൊരൈ ചോദിച്ചു.
‘എത്ക്ക് അന്ത പാവത്താനെ ഏമാ
ത്തറ്ത്?’
‘അയാള് എന്റെ സൈ്വരം കെടുത്തീട്ട
ല്ലേ. കുടിച്ച് രസിക്കട്ടെ…’
ചുരുക്കിപ്പറഞ്ഞാൽ ഒരു ഗ്ലാസ്സ് കട്ടൻ
ചായ വലിച്ചു കേറ്റി അപ്പുക്കിളി ഔട്ടായി.
വെളിവറ്റതു പോലെ കിടന്നുറങ്ങി.
ലോഡ്ജിന്റെ പരിസരങ്ങളിൽ കുറെ
സമയം ചെലവഴിച്ചപ്പോൾ മനസ്സിൽ മുഖങ്ങളുടെ
ഘോഷയാത്ര.

അല്പം ചിലരെ ഒഴിച്ചു നിർത്തിയാൽ
മറ്റുള്ളവരൊക്കെ എവിടെയാണെന്ന്
അറിഞ്ഞുകൂടാ. പെൻഷൻ പറ്റുന്നതിന്
മുമ്പുതന്നെ ഒരു ദിവസം രാത്രി ഉറ
ങ്ങാൻ കിടന്ന വി.ടി. പിറ്റേ ദിവസം രാവി
ലെ ഉറക്കമുണർന്നില്ല. പ്രായം ചെന്ന
അമ്മയോടും സഹോദരന്മാരോടുമൊ
പ്പം ജുഹുവിൽ സ്വന്തം ഫ്‌ളാറ്റ് വാങ്ങി,
ലോഡ്ജ് ജീവിതം ഉപേക്ഷിച്ചിരുന്നു,
വി.ടി. പതിനേഴു വയസ്സുമുതൽ പ്രമേഹരോഗിയായിരുന്നു.
സ്വയം ഇൻസുലിൻ
കുത്തിവച്ചും കൃത്യസമയങ്ങളിൽ സമീ
കൃതാഹാരം കഴിച്ചും എഴുത്തും വായനയുമായി
ജീവിച്ച ഏകാന്തപഥികൻ.
വി.ടി.യുടെ മുറിയിൽ രണ്ടു പേർ കൂടിയുണ്ടായിരുന്നു.
പാലക്കാട്ടുകാരൻ ഒരു
രാമസ്വാമിയും കോന്നിയിൽ നിന്നോ
റാന്നിയിൽ നിന്നോ വന്ന ഒരു ആന്റണി
യും. ലോഡ്ജുവാസികളെല്ലാം ആന്റ
ണിയെ അന്തോണിമാഷ് എന്ന് വിളിച്ചുപോന്നു.
കുർളയിലെ ഒരു ഇലക്ട്രിക് സബ്‌സ്റ്റേഷനിൽ
ഓവർസീയറായിരുന്നു.
മൂന്നു ഷിഫ്റ്റുകളിലും മാറിമാറി ജോലി
ചെയ്തിരുന്നതുകൊണ്ട് അന്തോണിമാഷ്‌ക്ക്
വേണ്ടത്ര ഉറക്കം കിട്ടാറില്ല. അതു
കൊണ്ട് ഉറങ്ങുമ്പോഴൊക്കെ സബ്‌സ്റ്റേ
ഷനിൽ തന്നെയാകും മനസ്സ്. ഉറക്ക
ത്തിൽ, ‘ഹലോ കുർള കോളിങ്ങ് മാഹൂൾ…
വോൾട്ടേജ് ഡൗൺ.. പ്ലീസ് റെയ്‌സ്….’
എന്നിങ്ങനെ ജോലിസംബന്ധ
മായ സംഭാഷണം കൊണ്ട് മറ്റ് രണ്ടു പേരുടേയും
ഉറക്കം നശിപ്പിക്കും. വി.ടി.യുടെ
ഈ പ്രസ്താവനയിൽ എത്രത്തോളം
മസാല ചേർത്തിട്ടുണ്ടെന്ന് പറയാനാവില്ല.
എന്നാൽ മറ്റുള്ളവരുടെ മുമ്പിൽ
പ്രദർശിപ്പിക്കുന്ന സ്വഭാവ വിശേഷ
ങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്.
ഒരു കാര്യത്തിൽ ആർക്കും തർക്ക
ത്തിന് പഴുതുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ര
ണ്ടുമണിക്കായാലും രാത്രി പത്തുമണി
ക്കായാലും പുലർച്ചെ അഞ്ചുമണിക്കായാലും
അന്തോണിമാഷ് കറുത്ത കൂളിംഗ്
ഗ്ലാസ് വച്ചിരിക്കും. അതുപോലെ കാലത്ത്
എഴുന്നേറ്റാൽ കുളിമുറിയിലും വാഷ്‌ബെയ്‌സിനിലും
മറ്റാർക്കും പ്രവേശനമില്ല.
കൈ എത്ര തവണ കഴുകിയാലും
മുഖം പല പ്രാവശ്യം കഴുകിയാലും
അയാൾക്ക് സംശയമാണ്. വല്ല ബാക്ടീ
രിയയോ ജൈവ കീടങ്ങളോ പറ്റിയിരു
ന്നാലോ? ആ ഭയം കൊണ്ടാണ് ലൈഫ്‌ബോയ്
സോപ്പുകൊണ്ട് വീണ്ടും വീണ്ടും
കഴുകുന്നത്. ദൊരൈ ആന്റണി മാഷെ
‘ജലപ്പിസാസ്’ എന്നാണ് വിശേഷിപ്പി
ക്കുക. നാലാം നമ്പറിലെ ജഗജില്ലികളായ
ജനാർദനനും ശ്രീനിവാസനും പ്രഭുവും
നായരും പറഞ്ഞുപരത്തുന്ന ഒരെപ്പി
സോഡു കൂടിയുണ്ട്, അന്തോണിമാ
ഷെക്കുറിച്ച ്. കാലത്ത് കുർളയ്ക്കുള്ള
ട്രെയിൻ പിടിക്കുന്നതിന് മുമ്പ് സരോജി
ലാണ് ബ്രേയ്ക്ക് ഫാസ്റ്റ്. നാൽവർ സംഘം
ചെല്ലുമ്പോൾ അന്തോണി മാഷ് അവസാനത്തെ
പിടി പിടിക്കുകയായിരി
ക്കും. അവർക്കുള്ള ഭക്ഷണം വരുമ്പോഴേക്കും
അന്തോണി മാഷ്‌ക്ക് വണ്ടി പിടി
ക്കണം. അതുകൊണ്ട് നാട്ടുമര്യാദയനുസരിച്ച്
എന്നാ ഞാൻ നിക്കട്ടെ… എന്ന
തിനു പകരം അന്തോണി മാഷ് പറയുക,
‘സൊ… ഷാൽ ഐ സ്റ്റാൻഡ് അപ്പ്’ എ
ന്ന യഥാർത്ഥ പരിഭാഷയാണ്. പോരെ
പൂരം? പാവം അന്തോണി മാഷ്…..
കൂളിംഗ് ഗ്ലാസ് വച്ച് ജോലിക്ക് പോകുന്ന
അന്തോണിമാഷെ നോക്കിനിൽ
ക്കുമ്പോൾ, ലുങ്കിയും സാൻഡോ ബനി
യനും തോർത്ത് കൊണ്ട് തലേക്കെട്ടുമായി
കുമാരു മേനോൻ കടന്നു വന്നു. പി
ന്നെ, ആരെയും നിരായുധനാക്കുന്ന നിർ
ദോഷമായ ആ ചിരി. മേനോന് ജീവിത
ത്തിൽ ഒരേയൊരു കമ്പമേയുള്ളു. കുതി
രക്കമ്പം. ഓഫീസും, മഹാലക്ഷ്മിയിൽ
ഓടുന്ന കുതിരകളുമായി ജീവിക്കുന്ന രസത്തിൽ
പെണ്ണുകെട്ടാൻ പോലും മറ
ന്നു.

മഹാലക്ഷ്മിയിൽ കുതിരക്കുളമ്പടി
പൂഴി പറത്തിത്തുടങ്ങിയാൽ കുമാരു അസ്വസ്ഥനാണ്.
കോൾ എന്ന പുസ്തകം
തുറന്ന് ധ്യാനം തുടങ്ങും. ധ്യാനത്തിന്റെ
അവസാനം വെളിപാടുണ്ടായതു പോലെ
കടലാസ്സിൽ കുതിരകളുടെ പേരുകൾ
കുറിക്കുന്നു. പിന്നെയാണ് കാശന്വേഷണം.
തലചൊറിഞ്ഞ് ചിരിച്ചുകൊ
ണ്ടാണ് സമീപനം. ‘ഒരു നൂറുറുപ്യ എടു
ക്കാണ്ടാവ്വോ. വല്ലതും തടഞ്ഞാ ഇന്ന്
വൈന്നേരംതന്നെ തിരിച്ച് തരാം. അല്ലെ
ങ്കി അടുത്ത മാസത്തെ ശമ്പളം കിട്ടുമ്പോ….
ന്തായാലും തിരിച്ച് തരും’.
‘എൻറെ കയ്യിലില്ലല്ലോ മേന്നെ…’
മറുപടി മേനോന്റെ മുഖത്ത് നിരാശയുടെ
നിറം പകർത്തി.

ഒരു നിമിഷം കഴിഞ്ഞ് മേനോൻ സ്വ
കാര്യമായി പറഞ്ഞു, ‘എന്റടുത്തും ഇല്ല്യ….’
പിന്നെ ഒന്നും മിണ്ടാതെ തല താഴ്
ത്തി നടന്നു.

ലോഡ്ജിന്റെ മുഖഛായ ബാബു
ക്യാ മ റ യിൽ പകർത്തുന്നത് നോ
ക്കിനിൽക്കുമ്പോൾ എന്റെ തോളിൽ ഭാരമുള്ള
ഒരു കൈ അമർന്നു. തിരിഞ്ഞു
നോക്കുമ്പോൾ കൊടുങ്ങല്ലൂർക്കാരനാ
യ യു.പി.കെ. മേനോൻ. വെഞ്ചാമരം
പോലെ നരച്ച സമൃദ്ധമായ മുടി കാറ്റിൽ
പറന്നു. കുടന്ത വയറിന്റെ വ്യാസം കൂടി
യിട്ടുണ്ടോ എന്ന് ഞാൻ സംശയിച്ചു. വർ
ഷങ്ങളുടെ വിടവിന് ശേഷവും എന്നെ
തിരിച്ച റിഞ്ഞതിൽ ഞാൻ സന്തോഷി
ച്ചു. വിഭാര്യനായ മേനോൻ ജോലിയിൽ
നിന്ന് വിരമിച്ചതിന് ശേഷവും നാട്ടിൽ
പോകാതെ മകന്റെ കൂടെ കൊച്ചുമക്ക
ളോടൊപ്പം വിക്രോളിയിൽ താമസിക്കു
ന്നു. മേനോൻ തന്റെ ട്രെയ്ഡ് മാർക്ക് ചി
രി ചിരിച്ചു. മുഖത്തെ ചുളിവുകളിൽ നി
ന്ന് നീർച്ചാലുകളായി പൊട്ടിയൊഴുകി വയറിൽ
ആർത്തലച്ച് സമുദ്രം പോലെ തി
രതല്ലുന്ന ചിരി. മുഖത്തെ ചിരിമാഞ്ഞാലും
വയറ് തുളുമ്പിക്കൊണ്ടിരിക്കും. വല്ലാത്ത
ആ ചിരിയുടെ ഉറവിടം അദ്ദേഹ
ത്തിന്റെ ശുദ്ധമനസ്സു തന്നെ. വളരെ നേരം
സംസാരിച്ച്, വിശേഷങ്ങൾ കൈമാറിയതിന്
ശേഷമാണ്, ബാബു ‘പാക്കോഫ്’പറഞ്ഞത്.