ടിഫിൻബോക്‌സ് അഥവാ ചോറ്റുപാത്രം ചുമക്കുന്നവർ

കാട്ടൂര്‍ മുരളി

വിശപ്പിന്റെ കാര്യത്തിൽ മുംബൈ നഗരം പണ്ട് മുതൽ കാത്തുസൂക്ഷിക്കുന്ന
ഒരുതരം പൊതു ലാഘവത്വമുണ്ട്. അതായത്, രാവെന്നോ
പകലെന്നോ വ്യത്യാസമില്ലാതെ നഗരത്തിന്റെ ഏത് കോണിൽ
എപ്പോൾ ചെന്നാലും കയ്യിലുള്ള കാശിനനുസരിച്ച് വിശ
പ്പടക്കാൻ എന്തെങ്കിലും കിട്ടാതിരിക്കില്ലെന്ന്. വായ് കീറിയിട്ടുണ്ടെ
ങ്കിൽ അന്നം കിട്ടുമെന്ന വരരുചി പ്രമാണത്തിനടുത്ത് നിൽക്കു
ന്നതാണ് ആ ലാഘവത്വം. ഇങ്ങനെ ലഭിക്കുന്ന ഭക്ഷ്യവിഭവങ്ങൾ
ക്ക് രുചിയുടെയോ ഗുണമേന്മയുടെയോ ഗ്യാരണ്ടിയൊന്നുമില്ലെങ്കി
ലും നഗരവാസിയെ സംബന്ധിച്ചിടത്തോളം വിശപ്പടക്കുക എ
ന്നതിൽക്കവിഞ്ഞ് അതൊരു പരാതിയോ പരിഭവമോ ആയിത്തീ
രുന്നില്ല. എന്തുകൊണ്ടെന്നാൽ തൊഴിലിനും മറ്റുമായി ഇറങ്ങിത്തി
രിക്കുമ്പോൾ വിശപ്പടക്കാനായി സ്വന്തം വീട്ടിൽ പാകംചെയ്ത ഭ
ക്ഷണപ്പൊതി കൂടെ കരുതാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരി
ല്ല. അപ്പോൾ പിന്നെ നഗരത്തിന്റെ ഏത് കോണിൽ ചെന്നാലും
ലഭിക്കുന്ന ഇത്തരം ഭക്ഷണങ്ങൾകൊണ്ട് തൃപ്തിപ്പെടുകയേ നിർ
വാഹമുള്ളൂ.

A road-side stall selling vada pao and other snacks, Mumbai, June 2007

ഇത് ഒരു ശരാശരി നഗരവാസിയുടെ കാര്യം. അതേസമയം സ്വ
ന്തം വീട്ടിൽ പാകം ചെയ്ത ഭക്ഷണമല്ലാതെ പുറത്തുനിന്നുള്ള ഭ
ക്ഷണം കഴിക്കുകയില്ലെന്ന നിർബന്ധക്കാരും ഇവിടെയുണ്ട്. ഇ
ത്തരം നിർബന്ധത്തിനു പിന്നിൽ പലവിധ കാരണങ്ങളുണ്ടായേ
ക്കാം. എന്നാൽ വീട്ടിലെ ഭക്ഷണം കൂടെ കരുതാനുള്ള ബുദ്ധിമുട്ടുകളോ
അസൗകര്യങ്ങളോ അത്തരക്കാരുടെയും പ്രശ്‌നമാണ്. അ
ങ്ങനെയുള്ള നഗരവാസികൾക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളി
ലുള്ള അവരുടെ വീടുകളിൽ നിന്ന് നിത്യവും ശേഖരിക്കുന്ന ഉച്ചഭ
ക്ഷണം നിറച്ച ചോറ്റുപാത്രങ്ങൾ ഓരോരുത്തരുടെയും തൊഴിലി
ടങ്ങളിൽ കൃത്യസമയത്തുതന്നെ മുടങ്ങാതെ എത്തിച്ചുകൊടു
ക്കാൻ വേണ്ടി മാത്രം ജീവിതം സമർപ്പിച്ചു കഴിയുന്ന ഒരുകൂട്ടം മനുഷ്യരാണ്
മുംബൈ നഗരത്തിലെ കൗതുകങ്ങളിൽ ഒന്നായി വി
ശേഷിപ്പിക്കാവുന്ന ഡബ്ബാവാലകൾ എന്ന ടിഫിൻ ബോക്‌സ് സപ്ലയേഴ്‌സ്
അഥവാ ചോറ്റുപാത്ര വിതരണക്കാർ.

ലോകം ഇന്ന് പുസ്തകത്തിലെ സിദ്ധാന്തങ്ങൾ പഠിച്ചശേഷം
വിവിധ മാനേജ്‌മെന്റ് പദ്ധതികളിൽ പരിശീലനം നേടുമ്പോൾ ഇ
ന്നും കാര്യമായ വിദ്യാഭ്യാസയോഗ്യതയൊന്നും അവകാശപ്പെടാനില്ലാത്ത
മുംബൈ ഡബ്ബാവാലകളുടെ പൂർവികരിലാരോ ഒന്നേ
കാൽ നൂറ്റാണ്ട് മുമ്പ് സ്വന്തം വിശപ്പടക്കാനായി സ്വയം കണ്ടെത്തി
യ ഒരു തൊഴിൽ മൂന്ന് തലമുറകളിലൂടെ ഒരു മഹത്തായ സേവനശൃംഖലയായി
തുടരുമ്പോൾ ആ വിജയത്തിന് പിന്നിലെ അലി
ഖിത സിദ്ധാന്തങ്ങൾ സ്വായത്തമാക്കാൻ ലോകതലത്തിൽ തന്നെ
യുള്ള വിവിധ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും വൻകി
ട കോർപ്പറേറ്റ് സ്ഥാപനങ്ങളും മുംബൈയിലെ ആ ഡബ്ബാവാലകളുടെ
ചുവടുകൾ പിന്തുടരുകയാണ്.
എന്നാൽ തികഞ്ഞ ഉത്തരവാദിത്തവും കർമശേഷിയും കൃത്യ
നിഷ്ഠയും ശുഷ്‌കാന്തിയും അർപ്പണബോധവും അതിലെല്ലാമുപരി
പരസ്പര വിശ്വാസത്തോടെയുള്ള കൂട്ടായ്മയിലും കവിഞ്ഞ്
മറ്റൊന്നുമല്ല ആ അലിഖിത സിദ്ധാന്തങ്ങൾ എന്ന കാര്യമാണ് മുംബൈയിലെ
ഡബ്ബാവാലകൾ തെളിയിച്ചുകൊണ്ടിരിക്കുന്നത്. സ്വ
ന്തം വിശപ്പിന്റെ വിളിയോട് പ്രതികരിക്കാൻ വേണ്ടി ആദ്യം അന്യ
രുടെ വിശപ്പകറ്റുക എന്ന വെളിപാടിൽനിന്നുള്ള യാത്രയാണ് അവരിപ്പോഴും
തുടർന്നുകൊണ്ടിരിക്കുന്നത്.

സമരം ചെയ്യാത്ത ഡബ്ബാവാലകൾ

വെള്ളക്കുപ്പായവും വെള്ള പൈജാമയും വെള്ള ഗാന്ധിത്തൊ
പ്പിയും ധരിച്ച് പ്രതിദിനം രണ്ട് ലക്ഷത്തിൽപരം നഗരവാസികൾ
ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അവരുടെ വീടുകളിൽ
നിന്ന് ശേഖരിക്കുന്ന ഉച്ചഭക്ഷണം പല ഇടങ്ങളിലായി വ്യാപി
ച്ചുകിടക്കുന്ന തൊഴിൽസ്ഥാപനങ്ങളിൽ എത്തിച്ചുകൊടുക്കുന്ന
മുംബൈ ഡബ്ബാവാലകളുടെ അംഗസംഖ്യ അയ്യായിരത്തോളം വരും.
നഗരത്തിലെ ഏതെങ്കിലുമൊരു വലിയ വ്യവസായ സ്ഥാപനത്തിലെ
തൊഴിലാളികളുടെ എണ്ണത്തേക്കാൾ വലുതാണത്. അതൊരു
മഹാശക്തിയാണ്. ഇവർ വിചാരിച്ചാൽ ഏതൊരു സമരവും
വിജയിപ്പിക്കാൻ കഴിയും. എന്നാൽ ഇവർ ഒരിക്കലും സമരം
പ്രഖ്യാപിക്കുകയോ പണിമുടക്കുകയോ ചെയ്യാറില്ല. ചെയ്ത ച
രിത്രവുമില്ല. ഒന്നാമതായി ഇവർ സമരം പ്രഖ്യാപിക്കുകയോ പണിമുടക്കുകയോ
ചെയ്താൽ പട്ടിണിയിലാകുന്നത് രണ്ടു ലക്ഷം
വയറുകളാണ്. ആ ബോധം അവർ കാത്തുസൂക്ഷിക്കുന്നു.

രണ്ടാമതായി അവർക്ക് സമരത്തിന്റെ ആവശ്യമില്ലെന്ന് പറയുന്നതാകും
ശരി. കാരണങ്ങൾ പലതുണ്ട്. ഇവർക്ക് ഏതെങ്കിലും സ്ഥാപന ഉടമയെയോ
മാനേജ്‌മെന്റിനെയോ തൃപ്തിപ്പെടുത്തേണ്ടതില്ല. അതുപോലെതന്നെ
ഇവർ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ കൊടിക്കീഴിലല്ല
സംഘം ചേർന്ന് പ്രവർത്തിക്കുന്നത്. സ്വന്തം വിശപ്പ
ടക്കാൻ വേണ്ടി ജാതിമത ദേശ ഭാഷാ വിവേചനമില്ലാതെ മറ്റുള്ള
വരുടെ വിശപ്പടക്കാൻ നിമിത്തമാവുക എന്നതാണ് ഇവരുടെ രാഷ്ട്രീയം.
അതിനായി ഇവരിൽ ഓരോരുത്തരും തങ്ങളുടെ അദ്ധ്വാനംകൊണ്ട്
സ്വയം മുംബൈ ടിഫിൻ ബോക്‌സ് സപ്ലെയേഴ്‌സ് അസോസിയേഷന്റെ
ഭാഗമായിത്തീരുന്നു. എങ്കിലും ഇത്രയും കാല
ത്തിനിടയ്ക്ക് മുംബൈ ഡബ്ബാവാലകളുടെ സംഘടന പിന്തുണ
പ്രഖ്യാപിച്ച രണ്ട് സമരങ്ങളുണ്ട്. ഒന്ന് 2011ൽ ശക്തമായ ലോക്പാൽ
ബിൽ പാസാക്കണമെന്ന ആവശ്യവുമായി അണ്ണാ ഹസാരെ
നടത്തിയ നിരാഹാരസത്യാഗ്രഹത്തിനും മറ്റൊന്ന് ഇക്കഴിഞ്ഞ
ഓഗസ്റ്റിൽ മറാത്താ ക്രാന്തി മോർച്ച നടത്തിയ മൗനജാഥയ്ക്കുമായിരുന്നു
ആ പിന്തുണ. ഇവരുടെ ആത്മാർത്ഥമായ സംഘടനാപ്രവർത്തനം
ലോകത്തിലെ എല്ലാ തൊഴിലാളി സംഘടനകൾ
ക്കും മാതൃകയാക്കാവുന്നതാണ്.

ചോറ്റുപാത്ര വിതരണത്തോടൊപ്പം ഇവർ ചെയ്യുന്ന മറ്റു ചി
ല സേവനങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ല. സാമൂഹിക പ്രതിബദ്ധതയുള്ള
പല നല്ല കാര്യങ്ങൾക്കും വേണ്ടി ഇവർ നൽകി
വരുന്ന കൂട്ടായ പിന്തുണയും അത്തരം കാര്യങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങൾ
എങ്ങും എത്തിക്കാനുള്ള ശുഷ്‌കാന്തിയുമാണത്.

ഡബ്ബാവാലകളുടെ ചരിത്രം

127 വർഷങ്ങളുടെ ചരിത്രമാണ് മുംബൈ ഡബ്ബാവാലകൾക്ക്
അല്ലെങ്കിൽ അവരുടെ സംഘടനയ്ക്കുള്ളത്. 1890ൽ മഹാദേവ്
ബാവജി ബച്ഛെ എന്ന മഹാരാഷ്ട്രക്കാരന്റെ ബുദ്ധിയിലുദിച്ച ആശയം.
തൊഴിൽരഹിതനായ അയാൾ തന്നെപ്പോലുള്ള ഏതാനും
കൂട്ടുകാരുടെ സഹകരണത്തോടെ തുടങ്ങി വച്ച ചോറ്റുപാത്രവി
തരണം തുടക്കത്തിൽ പ്രയോജനപ്പെടുത്തിയത് വ്യവസായ സംബന്ധമായും
തൊഴിൽ സംബന്ധമായും വീട്ടിൽനിന്നും തങ്ങളുടെ
പ്രവർത്തന സ്ഥലങ്ങളിലേക്ക് പോയിരുന്ന പാഴ്‌സി വംശജരായി
രുന്നു. പാഴ്‌സികൾക്ക് വീട്ടിലെ ഭക്ഷണം അന്നും ഇന്നും ഒരു ബ
ലഹീനതയാണ്. പിന്നീടാണ് നഗരവാസികളായ മറ്റുള്ളവരും ഇവരുടെ
സേവനം പ്രയോജനപ്പെടുത്താൻ തുടങ്ങിയത്. മഹാദേവ്
ബച്ഛെയുടെ ഈ സംരംഭം അന്ന് മുംബൈയിലുണ്ടായിരുന്ന
ബ്രിട്ടീഷുകാരെ ആകർഷിച്ചു. അവർ അയാളെ പ്രശംസിക്കുകയും
പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെയുള്ള മഹാദേവ്
ബച്ഛെയുടെ പിൻമുറക്കാരിലൂടെ ചോറ്റുപാത്രവിതരണം തുടരുകതന്നെ
ചെയ്തുപോന്നു. പിന്നീട് 1956ൽ നൂതൻ മുംബൈ ടി
ഫിൻ ബോക്‌സ് സപ്ലെയേഴ്‌സ് എന്ന പേരിൽ ഒരു ട്രസ്റ്റും അതി
ന്റെ ഭാഗമായി 1968ൽ മുംബൈ ടിഫിൻ ബോക്‌സ് സപ്ലെയേഴ്‌സ്
അസോസിയേഷൻ എന്ന സംഘടനയും രൂപീകരിക്കപ്പെട്ടു.
ഡബ്ബാവാലകളെ ശ്രദ്ധിക്കാൻ വൈകിയ മുംബൈ
കാലം പിന്നെയും മുന്നോട്ടു പോയി. ആരുടെയൊക്കെയോ വി
ശപ്പടക്കാൻവേണ്ടി തിരക്കേറിയ നഗരവീഥികളിലൂടെ തലച്ചുമടായും
തള്ളുവണ്ടികളിലും സൈക്കിളുകളിലും ലോക്കൽ ട്രെയിനുകളിലും
മറ്റുമായി ചോറ്റുപാത്രങ്ങൾ വഹിച്ചുകൊണ്ടുള്ള ഡബ്ബാവാലകളുടെ
നെട്ടോട്ടം തുടർന്നുകൊണ്ടിരുന്നെങ്കിലും അവരെ
ശ്രദ്ധിക്കാൻ മുംബൈ നഗരത്തിനു നേരമില്ലായിരുന്നു. എന്നാൽ
ചാൾസ് രാജകുമാരൻ 2003 നവംബറിൽ നഗരം സന്ദർശിച്ചപ്പോൾ
ഇവിടത്തെ വിസ്മയക്കാഴ്ചകളിൽ ആദ്യം കാണാൻ ആഗ്രഹം
പ്രകടിപ്പിച്ചത് ഡബ്ബാവാലകളെയായിരുന്നു. അങ്ങനെ മുംബൈയിലെ
ചർച്ച്‌ഗേറ്റിൽ വച്ച് ഡബ്ബാവാലകളെ നേരിൽ കണ്ട് സംസാരിച്ച
ചാൾസ് രാജകുമാരൻ അവർ ചെയ്തുവരുന്ന സേവന
ത്തിൽ വിസ്മയവും മതിപ്പും പ്രകടിപ്പിച്ചു. മാധ്യമങ്ങൾ ഏറെ
പ്രാധാന്യം നൽകി ഈ സംഭവം റിപ്പോർട്ട് ചെയ്തപ്പോൾ മാത്രമാണ്
വർഷങ്ങളായി ഇവിടെത്തന്നെയുള്ള ഡബ്ബാവാലകളെ നഗരം
ശരിക്കും അറിഞ്ഞത്. വാസ്തവത്തിൽ മുംബൈ ഡബ്ബാവാലകളെക്കുറിച്ചുള്ള
പരാമർശങ്ങൾ ബ്രിട്ടീഷ് ഗ്രന്ഥങ്ങളിൽ നിന്ന്
മുമ്പേതന്നെ വായിച്ചറിഞ്ഞിട്ടുള്ളതിനാലാണ് ഇവിടെയെത്തിയ
ചാൾസ് അവരെ നേരിൽ കാണാൻ താത്പര്യം കാട്ടിയത്.

2005ൽ ചാൾസിന്റെയും കാമിലയുടെയും വിവാഹം നിശ്ചയി
ച്ചതായറിഞ്ഞ ഡബ്ബാവാലകളുടെ സംഘടന അംഗങ്ങളിൽനിന്ന്
പിരിവെടുത്ത് മഹാരാഷ്ട്രയിലെ വധൂവരന്മാർ പരമ്പരാഗത രീതി
യിൽ ധരിക്കാറുള്ള പൈഠനി (ഒമ്പത് വാരയുടെ) സാരി കാമിലയ്ക്കും
തലപ്പാവ് ചാൾസിനും സമ്മാനമായി അയച്ചുകൊടുത്തു.
അത് സ്വീകരിച്ച ചാൾസ് തന്റെ വിവാഹത്തിൽ പങ്കുചേരാനായി
ഡബ്ബാവാലകളെ പ്രത്യേകം ക്ഷണിക്കുകയും മാത്രമല്ല വിവാഹ
ത്തിൽ സംബന്ധിക്കാൻ സംഘടനയിൽനിന്ന് രണ്ടുപേർക്കുള്ള
യാത്രാച്ചെലവുകൾ ഏർപ്പാടാക്കുകകൂടി ചെയ്തു. ഇതിന്റെ പ
ശ്ചാത്തലത്തിൽ ഡബ്ബാവാലകളുടെ സംഘടനാനേതാക്കളായ
രഘുനാഥ് മേഡ്‌ഘെ, സോപാൻ മോരെ എന്നിവർ ചാൾസിന്റെ
വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചെത്തുകയും ചെയ്തതോടെ മുംബൈ
ഡബ്ബാവാലകളുടെ പ്രതിച്ഛായയ്ക്ക് തിളക്കമേറുകയാണു
ണ്ടായത്.

ഡബ്ബാവാലകളുടെ പ്രവർത്തനരീതി

ഡബ്ബാവാലകളിൽ ഭൂരിഭാഗവും പുനെയ്ക്കടുത്തുള്ള മാവൽ,
ജുന്നർ, അംബേഗാവ്, രാജ്ഗുരുനഗർ തുടങ്ങിയ ഗ്രാമങ്ങളിൽനി
ന്നുള്ള വാർക്കരി വിഭാഗത്തിൽപ്പെട്ടവരാണ്. മാനേജ്‌മെന്റ് വിദഗ്ധരെപ്പോലും
വിസ്മയിപ്പിക്കുന്നതാണ് ഇവരുടെ പ്രായോഗിക
രീതികളെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. മുംബൈ നഗര
ത്തിന്റെ ജീവരേഖയായ ലോക്കൽ ട്രെയിനുകളുടെ യാത്രകൾ വി
രാമമിടുന്ന മധ്യറെയിൽവെയിലെ ഛത്രപതി ശിവാജി മഹാരാജ്
ടെർമിനസ് എന്ന സി.എസ്.ടി. മുതൽ കല്യാൺ വരെയും ഹാർ
ബർലൈനിലെ നവിമുംബൈ വരെയും അതുപോലെതന്നെ പ
ശ്ചിമ റെയിൽവെയിലെ ചർച്ച്‌ഗേറ്റ് മുതൽ വിരാർ വരെയുമുള്ള
ഏകദേശം 140 കി.മീ. ദൈർഘ്യത്തിലെ വിവിധ ഉൾപ്രദേശങ്ങളി
ലായിട്ടാണ് ഇവരുടെ സേവനമേഖല വ്യാപിച്ചുകിടക്കുന്നത്. നഗരത്തിലെ
വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ഇവരുടെ ഓരോ
സംഘവും തങ്ങളുടെ ലിസ്റ്റിലുള്ള അതാതു പ്രദേശങ്ങളിലെ
വീടുകളിൽ സൈക്കിളിലോ കാൽനടയായോ എത്തിയാണ് ആ
വീടുകളിൽനിന്നും തൊഴിൽസംബന്ധമായോ വ്യവസായസംബ
ന്ധമായോ പുറത്തുപോയിട്ടുള്ളവർക്കുവേണ്ടി ഉച്ചഭക്ഷണം നിറ
ച്ച ചോറ്റുപാത്രങ്ങൾ ശേഖരിക്കാറ്. ഇതിനായി ഓരോ സംഘത്തി
ലും പത്തുമുതൽ 25ഓളം പേരുണ്ടായിരിക്കും. ഇങ്ങനെ ശേഖരി
ക്കുന്ന ഓരോ ചോറ്റുപാത്രവും സുരക്ഷിതത്വത്തിനും കൈകാര്യം
ചെയ്യാനുള്ള സൗകര്യത്തിനും വേണ്ടി സിലിണ്ടർ രൂപത്തിൽ
തകരംകൊണ്ട് നിർമിച്ചതും അടച്ചുറപ്പുള്ളതുമായ മറ്റൊരു ‘ഡബ്ബ’യിലിറക്കി
ഭദ്രമാക്കിയശേഷം അടുത്തുള്ള റെയിൽവെസ്റ്റേ
ഷൻ പരിസരത്തെ സോർട്ടിംഗ് കേന്ദ്രത്തിലെത്തിക്കുന്നു. ഓരോ
വീട്ടിൽനിന്നും ശേഖരിക്കുന്ന ചോറ്റുപാത്രം തിരിച്ചറിയാനും അതുപോലെതന്നെ
സോർട്ടിംഗ് കേന്ദ്രം സ്ഥിതി ചെയ്യുന്ന പരിസരത്തെ
റെയിൽവെസ്റ്റേഷൻ, ചോറ്റുപാത്രം വിതരണം ചെയ്യാനുള്ള
പ്രദേശത്തെ റെയിൽവെസ്റ്റേഷൻ, എത്തിച്ചുകൊടുക്കേണ്ടതായ
സ്ഥാപനങ്ങൾ, അവ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങൾ എന്നിവ തി
രിച്ചറിയാനും മറ്റുമായി ഡബ്ബകളിൽ അവർക്കു മാത്രം മനസിലാകുന്ന
പ്രത്യേക കളർകോഡുകളും നമ്പർകോഡുകളും അടയാള
ങ്ങളും കാണും. സോർട്ടിംഗ് കേന്ദ്രത്തിൽ വച്ചായിരിക്കും നഗര
ത്തിന്റെ ഓരോ ഭാഗത്തേക്കുമുള്ള ഡബ്ബകൾ പ്രത്യേകം തരംതിരി
ക്കുക. പിന്നീടവ പാതി തുറന്നതും നാലുചുറ്റും അഴികളോടുകൂടി
യതുമായ ദീർഘചതുരാകൃതിയിലുള്ള മാറപ്പെട്ടികളിലാക്കിയശേഷം
ഡബ്ബാവാലകൾ ഓരോ പെട്ടിയുമായി പൊതുവെ തിരക്കേറി
യ ലോക്കൽ ട്രെയിനുകളുടെ ലഗേജ് കംപാർട്‌മെന്റുകളിൽ ഒരുവിധം
കയറിപ്പറ്റുന്നു. അതാത് സ്റ്റേഷനിലെത്തുമ്പോൾ തിരക്കി
നിടയിലൂടെ അവിടെ ഇറക്കാനുള്ള പെട്ടിയുമായി ഓരോരുത്തരും
ഇറങ്ങും. അന്നേരം ആ സ്റ്റേഷനുകളിൽ ആ പ്രദേശങ്ങളിലെ വി
തരണക്കാർ തയ്യാറായി നില്പുണ്ടാകും. അവർ ഡബ്ബകൾ നിറച്ച
പെട്ടികൾ ഏറ്റുവാങ്ങി സൈക്കിളുകളിലും തള്ളുവണ്ടികളിലുമായി
എത്തിക്കേണ്ടിടത്തെത്തിക്കുന്നു. ഇങ്ങനെ ഒരു ചോറ്റുപാത്ര
ത്തിലെ ഭക്ഷണം അഞ്ചോളം പേരുടെ കൈകൾ മറിയായിരിക്കും
അത് ഭക്ഷിക്കേണ്ട യഥാർത്ഥ ആളുടെ അടുത്തെത്തുന്നത്. ഒരി
ക്കലും ഒരാളുടെ ചോറ്റുപാത്രം മറ്റൊരാളുടെ അടുത്ത് മാറിയെത്താറില്ല.
കാലിയായ ചോറ്റുപാത്രങ്ങൾ തിരിച്ചുകൊണ്ടുവന്ന് അതാത്
വീടുകളിൽ എത്തിക്കാനും ഇതേ പ്രക്രിയതന്നെ ആവർത്തി
ക്കപ്പെടുന്നതോടെ ഡബ്ബാവാലകളുടെ ഒരു ദിവസം പൂർണത നേടുന്നു.
അവരൊരിക്കലും അനാവശ്യമായി അവധിയെടുക്കാറില്ല.
ഇനി തങ്ങളുടെ സംഘത്തിൽ ആർക്കെങ്കിലും അസുഖം ബാധി
ക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര കാരണവശാൽ ജോലിക്ക്
ഹാജരാകാൻ കഴിയാതെ വരികയോ ചെയ്താൽ അത്തരം സാഹചര്യങ്ങളെ
നേരിടാൻ പ്രത്യേകം മൂന്നുപേർവീതം ഓരോ സംഘത്തിലും
ഉണ്ടായിരിക്കും. സംഘടനയുടെ മറ്റു കാര്യങ്ങൾ കൂടി
കൈകാര്യം ചെയ്യാൻ ഉത്തരവാദപ്പെട്ട ഇക്കൂട്ടർ ക്രിക്കറ്റിലെ സ്റ്റാൻ
ഡ്‌ബൈ കളിക്കാരെപ്പോലെയാണ്. അതേസമയം ഒരനുഷ്ഠാനംപോലെ
എല്ലാ വർഷവും മാർച്ചുമാസത്തിൽ മുന്നറിയിപ്പോടെത്ത
ന്നെ ചോറ്റുപാത്രവിതരണത്തിന് അഞ്ചുദിവസത്തെ തത്കാലവിരാമമിട്ടുകൊണ്ട്
സ്വന്തം നാട്ടിലെ ഉത്സവത്തിൽ പങ്കെടുക്കാൻ
കൂട്ടത്തോടെ പോകാറുള്ള ഇവരെ ആരും വിലക്കാറില്ല. ഇങ്ങനെ
127 വർഷം മുമ്പ് വെറും രണ്ടണയിൽ തുടങ്ങിയ ഈ സേവനത്തി
ന് ഇന്നവർ ഈടാക്കിവരുന്ന ശരാശരി ഫീസ് 450 രൂപ മാത്രം. സ്ഥ
ലദൂരങ്ങളനുസരിച്ച് അല്പം കൂടിയെന്നും വരം.

എല്ലാ രംഗങ്ങളിലുമെന്നപോലെ പരമ്പരാഗതമായി തങ്ങൾ
നടത്തിവരുന്ന ഈ സേവനരംഗവും കടുത്ത മത്സരം നേരിട്ടുവരുന്നതായി
ഡബ്ബാവാലകളുടെ സംഘടനാനേതാക്കളായ രഘുനാഥ്
മേഡ്‌ഘെ, സോപാൻ മോരെ എന്നിവർ പറയുന്നു. ഗുജറാ
ത്ത്, രാജസ്ഥാൻ തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽനിന്നും എ
ത്തിയവർ സ്വകാര്യാടിസ്ഥാനത്തിൽ നടത്തിവരുന്ന ‘മെസ്സു’കളാണത്രെ
ഇവരുടെ പ്രതിയോഗികൾ. അത്തരം മെസ്സുകളിൽ പാകം
ചെയ്യുന്ന ഭക്ഷണപദാർത്ഥങ്ങൾ അവർതന്നെ നഗരത്തിൽ വി
തരണം ചെയ്യുമ്പോൾ അതിൽ കച്ചവടക്കണ്ണല്ലാതെ സേവനമെവിടെയെന്ന്
ചോദിക്കുന്ന ഡബ്ബാവാലകൾ നഗരവാസികൾക്ക്
അവരുടെ സ്വന്തം വീടുകളിലെ ഭക്ഷണമെത്തിച്ചുകൊടുക്കാൻ വേ
ണ്ടിയുള്ള തങ്ങളുടെ നെട്ടോട്ടമാണ് യഥാർത്ഥ സേവനമെന്നും അത്
ഈശ്വരസേവനത്തിന്റെ പ്രതീകമാണെന്നും അവകാശപ്പെടുന്നു.