സഞ്ജയൻ അനുസ്മരണ പ്രഭാഷണം

സുഭാഷ് ചന്ദ്രൻ

നാല്പതാം വയസ്സിൽ നമ്മുടെ ഭാഷയോടും മണ്ണിനോടും
വിടപറഞ്ഞ ഒരു മഹാശയനെ സ്മരിക്കാൻ, അദ്ദേഹത്തിന്റെ
ദേഹവിയോഗത്തിനുശേഷം ഒട്ടേറെ ദശകങ്ങൾക്കിപ്പുറം
മറ്റൊരു നാല്പതുകാരനായ ഞാൻ വന്നുനിൽക്കുമ്പോൾ,
ചെറുതല്ലാത്ത ഒരു അഭിമാനവും ഒപ്പം ഭയവും എന്നെ ഭരിക്കു
ന്നുണ്ട്. സഞ്ജയൻ, അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ
മഹാകവികളെപ്പോലും തന്റെ പരിഹാസത്തിനു
ശരവ്യമാക്കിയിരുന്നത് ഓർക്കുമ്പോൾ സാഹിത്യത്തിലെ ഒരു
ഇളംതലമുറക്കാരന് ഉണ്ടായേക്കാവുന്ന ഭയത്തെക്കുറിച്ച്
വിസ്തരിക്കേണ്ട കാര്യമില്ല. അഭിമാനം
എന്തിലെന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഊഹിക്കാവുന്നതുമാണ്.
അതെ, മഹാപ്രതിഭാശാലിയായിരുന്ന ഒരു മലയാളിയെ
അനുസ്മരിച്ച് പ്രഭാഷണം നടത്താനുള്ള ചുമതല
ഈയുള്ളവനെ ഏല്പിച്ചതിൽതെന്ന.
ഹാസസാഹിത്യകാരൻ എന്ന നിലയ്ക്കുമപ്പുറത്ത്
മാണിക്കോത്ത് രാമുണ്ണിനായർ എന്ന സഞ്ജയൻ
എങ്ങനെയാണ് കാലമിത്ര കഴിഞ്ഞിട്ടും ആരാധ്യനായി,
സ്മരണീയനായി നിലനിൽക്കുവാൻ തക്കവിധം ഭാഷയിൽ
തന്റെ സാന്നിദ്ധ്യമുറപ്പിച്ചത് എന്ന കാര്യം നമുക്ക് വിശകലനം
ചെയ്യേണ്ടതുണ്ട്. തോലനിൽ തുടങ്ങി കുഞ്ചൻ നമ്പ്യാരിലൂടെ
തുടർന്ന് സഞ്ജയനിലും വി.കെ.എൻ-ലും പൂത്തുലഞ്ഞ
മലയാളത്തിന്റെ ഫലിതഭാവനാസരണിയിൽ സഞ്ജയൻ
എന്താണ് വിശേഷിച്ച് ചെയ്തുവച്ചത്? മഹാകവി
കുമാരനാശാൻ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനത്താൽ സിദ്ധിച്ച
നവീനമായ അവബോധത്തോടെ ഏതുവിധമാണോ
അതുവരെ നിലനിന്നിരുന്ന വെണ്മണി കവന
പ്രസ്ഥാനത്തിൽനിന്നും കവിതയെ മോചിപ്പിച്ച് പുതിയ
കാല്പനികതയുടെ വീണപൂവുമായി രംഗപ്രവേശം ചെയ്ത് ഒരു
വലിയ തരംഗമായി ഭാഷയിൽ മാറിയത്; അതുപോലെ തന്റെ
ആംഗലഭാഷാപരിചയം മുഖേന സഞ്ജയൻ കാവ്യരംഗത്ത്,
സർഗാത്മക രചനാരംഗത്ത് തനിക്കു സാധിക്കുമായിരുന്ന ഒരു
സരണിയിൽനിന്ന് വഴിമാറി നടക്കുകയും
ഹാസസാഹിത്യത്തിൽ തന്റേതായ ഒരു വഴി
വെട്ടിത്തുറക്കുകയും ചെയ്തു എന്ന് നമുക്ക് കാണാൻ കഴിയും.

ഇതു തമ്മിൽ വ്യത്യാസം ഉണ്ട്. സഞ്ജയൻ ജീവിച്ചിരുന്ന
കാലഘട്ടത്തിലെ പ്രധാനപ്പെട്ട ഒരു മഹാകവിയായിരുന്നു
കുമാരനാശാൻ. ഉള്ളൂരിനും വള്ളത്തോളിനും കിട്ടാഞ്ഞ ഒരു
ഭാഗ്യം കുമാരനാശാന് ലഭിച്ചു എന്നത് കൽക്കട്ടയിൽ പോയി
അദ്ദേഹത്തിന് ഇംഗ്ലീഷ് സാഹിത്യം പഠിക്കുവാൻ
കഴിഞ്ഞതാണെന്ന് നമുക്കറിയാം.

ആ കാലഘട്ടത്തിൽ അവർക്കൊപ്പമുണ്ടായിരുന്ന
സഞ്ജയനും ഇംഗ്ലീഷ് ഓണേഴ്‌സ് ബിരുദം നേടിയ ആളാണെ
ന്നും ഓർക്കാം. അന്നത്തെ ഇംഗ്ലീഷ് ഓണേഴ്‌സ് എന്നത് ഇ
ന്നത്തെ ഇംഗ്ലീഷ് എം.എയ്ക്കു തുല്യമായിരിക്കും.
അങ്ങനെ നോക്കുമ്പോൾ ഒരു കവിയായിത്തീരാൻതക്ക
പ്രതിഭയുണ്ടായിരിക്കുകയും, കവിയെന്നുള്ള പദവി നേടാതെ
നിരൂപകനാകാൻ ആഗ്രഹിക്കുകയും, നിരൂപകൻ എന്നുള്ള
കേവലമായ യശസ്സില്ലാതെ ഹാസ്യസാഹിത്യകാരൻ എന്ന
പേരിൽ സാഹിത്യം വിലയിരുത്തുകയും ചെയ്ത ഒരു
എഴുത്തുകാരനെ, സഞ്ജയൻ എന്ന എം.ആർ. നായരെ നമുക്ക്
ആദരവോടെ മാത്രമേ ഓർമിക്കാൻ സാധിക്കൂ. സഞ്ജയൻ അന്ന്
തന്റെ മൂർച്ചയേറിയ ഭാഷയിൽ തനിക്കൊപ്പമുള്ളവരെയും
മുമ്പുള്ളവരെയും കടന്നാക്രമിച്ചിട്ടുണ്ട്.

പ്രാചീനകവിത്രയമെന്നും ആധുനിക കവിത്രയമെന്നും
കൃത്യമായ എണ്ണം വച്ചിട്ടുള്ള കവികളാണ് നമുക്കുള്ളത്.
ഉള്ളൂരിലും വള്ളത്തോളിലും ‘ള്ള’ എന്ന അക്ഷരമുള്ളതുകൊണ്ട്
പള്ളത്തു രാമനും കവിതയെഴുതി അവർക്കിടയിലേക്ക്
ഇടിച്ചുകയറുന്നതിനെ സഞ്ജയൻ പരിഹസിച്ചിട്ടുണ്ട്.
അതിനോടൊപ്പംതന്നെ അദ്ദേഹം പറയുന്നു, ഈ എഴുത്ത്
പള്ളത്തു രാമന് മുഷിച്ചിലുണ്ടാക്കും എന്നിരുന്നാലും എഴുതാതെ
വയ്യ എന്ന്. ഒപ്പംതന്നെ ‘സഞ്ജയൻ എന്ന എന്നെക്കുറിച്ച്
മറ്റൊരു സഞ്ജയനാണ് ഇതു പറഞ്ഞതെങ്കിൽ എത്ര
അലക്കിയാലും പോകാത്ത മുഷിച്ചിൽ എനിക്കുമുണ്ടാകും,
എങ്കിലും പറയാതെ വയ്യ’ എന്നും പറയും.

മുഷിച്ചിൽ എന്ന ഒരു വാക്കിൽനിന്ന് അദ്ദേഹം നർമം
സൃഷ്ടിക്കുന്നതുനോക്കൂ. താനെഴുതുന്നത് വായിച്ചാൽ
മുഷിച്ചിൽ ഉണ്ടാകും എന്ന് വെറുതെ എഴുതിപ്പോകുകയല്ല,
മറിച്ച് എത്ര അലക്കിയാലും വെളുക്കാത്ത ഒരു മുഷിച്ചിൽ
ഉണ്ടാകും അദ്ദേഹത്തിനെന്ന് പറഞ്ഞുവയ്ക്കുകയാണ്.
ഈ ഭാഷയുടെ പ്രസാദം ശ്രദ്ധിക്കേണ്ടതാണ്. കവികൾക്കു
മാത്രം സാദ്ധ്യമായിട്ടുള്ള ഒരു പ്രത്യേകത – അതായത്
പദങ്ങളുടെ മുൻകൂട്ടി അറിയിക്കാതെയുള്ള ആവിർഭാവം,
അപ്രതീക്ഷിത മൃത്യുവിനെപ്പോലെയുള്ള പദങ്ങളുടെ
ആവിർഭാവം, നമുക്ക് അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
അതിന്റെ വെളിച്ചത്തെയും ഊർജത്തെയും പിന്നീട്
വി.കെ.എൻ-നെപോലെയുള്ള മഹാന്മാരായ എഴുത്തുകാർക്ക്
അവരുടെ സർഗാത്മക സൃഷ്ടികളിൽ സ്വാംശീകരിക്കാൻ
സാധിച്ചിട്ടുണ്ട്.

തോലൻ എന്ന കവിയിൽ തുടങ്ങിയ ഹാസസാഹിത്യം 18-ാം
നൂറ്റാണ്ടിൽ കുഞ്ചൻ നമ്പ്യാരിലൂടെ പദ്യരൂപത്തിൽ ചിലങ്ക
കെട്ടിയാടി തിമിർത്തതിനുശേഷം ഭാഷയിൽ പിന്നെ
നിരൂപകരംഗത്താണ് അത്രയും ഉയരം സാധിച്ചത് എന്നത്
അത്ഭുതകരമാണ്. വി.കെ.എൻ-നും കുഞ്ചൻ
നമ്പ്യാർക്കുമിടയിൽ അഥവാ ഒരു കവിയും ഗദ്യത്തിലെ ഒരു
സർഗാത്മകസൃഷ്ടാവിനുമിടയിൽ സർഗാത്മകമെന്ന് നമ്മൾ
അത്രകണ്ടു കരുതാത്ത മേഖലയിലാണ് സഞ്ജയൻ തന്റെ
പ്രതിഭ മുഴുവൻ വ്യാപരിപ്പിച്ചത് എന്നുള്ളതാണ് ഇവിടെ
ശ്രദ്ധേയം.

ഇംഗ്ലീഷ് പരിജ്ഞാനം അദ്ദേഹത്തെ ഇതിനു സഹായിച്ചു
എന്നു പറഞ്ഞല്ലോ. ‘പഞ്ച്’ എന്ന ഇംഗ്ലീഷ് മാസിക
വായിച്ചുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു സാമൂഹ്യ
വിമർശന രീതിക്ക് തെളിച്ചവും മുഴക്കവും നൽകുന്നത് എന്നു
നമുക്കറിയാം. സഞ്ജയൻ എന്ന മാസികപോലും ‘പഞ്ച്’ എന്ന
മാസികയുടെ മട്ടും മാതിരിയും കടംകൊണ്ടാണ്
ഇറക്കിയിരുന്നത്. എം. ഭാസ്‌കരനെക്കൊണ്ട് ‘പഞ്ച്’
മാസികയിൽ വരയ്ക്കുന്നതുപോലെതന്നെ വരപ്പിച്ചുകൊണ്ടാണ്
‘സഞ്ജയന്റെ’ ലക്കങ്ങളും ഇറങ്ങിയിരുന്നത്.

ഈ പറഞ്ഞതെല്ലാം സ്വാതന്ത്ര്യത്തിനു മുമ്പുള്ള
കാലമായതുകൊണ്ട്, അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കീഴിൽ
ഞെരുങ്ങുന്ന ഇന്ത്യക്കാരന്റെ ദു:ഖം നേരിട്ടു
കണ്ടവനായതുകൊണ്ട്, രണ്ടു ലോകമഹായുദ്ധങ്ങളുടെ
കാലത്ത് ജീവിച്ചവനായതുകൊണ്ട്, ജാതിമതാന്ധതയുടെ
നാടകീയ മുഹൂർത്തങ്ങൾ മലയാളിക്കിടയിൽനിന്ന്
അനുഭവിച്ചവനായതുകൊണ്ട് സാമൂഹ്യപരമായ ഈ വലിയ
ദുർഘടങ്ങൾക്ക് നടുവിൽനിന്ന് ചിരിക്കുവാൻ അദ്ദേഹം
കണ്ടെത്തിയ അപരവ്യക്തിത്വമാണ് ഈ പാറപ്പുറത്ത്
സഞ്ജയൻ എന്ന് നമുക്ക് ഊഹിച്ചെടുക്കാം.
വ്യക്തിപരമായും കുടുംബപരമായും രോഗാതുരതയ്ക്ക്
നടുവിൽ നിൽക്കുമ്പോഴാണ്, സാമൂഹ്യപരമായ ഈ
ദുർഘടങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴാണ്,
തലപുകഞ്ഞാലും കരളെരിഞ്ഞാലും ചിരിക്കണം എതാണ്
വിദൂഷകനായി വേഷം കെട്ടിയാടുന്ന എന്റെ ധർമം എന്ന്
അദ്ദേഹം എഴുതിവച്ചത്. അതുകൊണ്ട് വിശേഷപ്പെട്ട ഒരു
ധർമബോധമാണ് സഞ്ജയന്റെ നർമബോധത്തിനു
പിന്നിലുള്ളതെന്ന് നമുക്ക് മനസ്സിലാക്കാം.

ആ ധർമബോധമാകട്ടെ അന്നും ഇന്നും ഇന്ത്യയും ലോകവും
കണ്ട ഏറ്റവും മഹാത്മാവായ ഒരാളിൽ നിന്നുളവായതാണെന്ന്
നമുക്കു കാണാം. ഗാന്ധിജി ജീവിച്ചിരിക്കുമ്പോൾതന്നെ ആ
ധർമബോധം തന്റെ തൂലികയ്ക്ക് ചാലകമാക്കിയ നമ്മുടെ
സഞ്ജയൻ മറഞ്ഞുപോകുകയും ചെയ്തു.
നേരത്തെ പറഞ്ഞതുപോലെ കുമാരനാശാൻ
എങ്ങനെയാണോ അതുവരെയുണ്ടായിരുന്ന ശൃംഗാര
കാവ്യപാരമ്പര്യത്തിൽ നിന്ന്, ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ
സ്ത്രീയെ അവയവങ്ങളായി കണ്ട് മാത്രം കവിതകൾ
രചിച്ചിരുന്ന ഒരു വെണ്മണി കാലഘട്ടത്തിൽനിന്ന് കവിതയെ
തന്റെ ഇംഗ്ലീഷ് സാഹിത്യ പരിജ്ഞാനത്തിലൂടെ താത്വികമായി
സ്ത്രീയെ ഒരു മനസ്വിനിയായി കണ്ട് തിരിച്ചുവിട്ടത്,
അതേപോലെയാണ് ഗദ്യസാഹിത്യത്തിൽ അക്കാലത്ത്
പുതുതെന്നു പറയാവുന്ന ഹാസസാഹിത്യസരണിയിലൂടെ
സഞ്ജയനും തിരിച്ചുവിട്ടത്.

മാർക്കേസും എസ്.കെ. പൊറ്റെക്കാടും ഒ.വി. വിജയനും
മറ്റും എങ്ങനെയാണോ തങ്ങളുടെ കൃതികളിൽ ഭാവനയിലൂടെ
ഒരു ദേശത്തെ സൃഷ്ടിച്ചത് അതേപോലെയാണ് തന്റെ വിമർശ
സാഹിത്യത്തിൽ എം.ആർ. നായർ എന്ന വിമർശ
സാഹിത്യകാരൻ ചങ്ങലംപരണ്ട എന്ന ദേശത്തെ സൃഷ്ടിച്ചത്.
പാറപ്പുറത്ത് സഞ്ജയൻ എന്ന കഥാപാത്രം എം.ആർ. നായരുടെ
അപര വ്യക്തിത്വംതയൊയിരുന്നു. അതുകൊണ്ടാണ് തന്റെ
പത്രത്തിന്റെ പത്രാധിപസമിതിയുടെ പേരു ചേർക്കുന്ന
കോളത്തിൽ സഞ്ജയൻ എന്നും അടുത്തയാളുടെ പേരായി
മാണിക്കോത്ത് രാമുണ്ണി നായർ എന്നും അദ്ദേഹം മന:പൂർവം
കൊടുത്തത്. ബോർഹേസും ഞാനും എന്ന പേരിലുള്ള
ബോർഹേസിന്റെ കഥ വായിച്ചാൽ ഞെട്ടുന്ന നമുക്ക്
ദശകങ്ങൾക്കുമുമ്പ് അത്തരമൊരു സങ്കല്പം മലയാളത്തിൽ
കൊണ്ടുവന്ന സഞ്ജയനോട് െഞട്ടലൊന്നുമില്ലെങ്കിലും കുറച്ച്
ആദരവെങ്കിലും തോേന്നണ്ടതുണ്ട്.

കാലങ്ങൾക്കു മുമ്പ്, പരിസ്ഥിതിവാദികൾ ഉണ്ടാകുന്നതിനും
മുമ്പ് സഞ്ജയൻ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഒരു
തീരുമാനത്തെ തന്റെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ച
കാര്യം വായനയുടെ ഓർമയിൽ വരികയാണ്. അന്ന് മാനാഞ്ചിറ
മൈതാനിയിലെ തണൽമരങ്ങൾ മുറിച്ചുമാറ്റുവാൻ മുനിസിപ്പൽ
ചെയർമാൻ തീരുമാനിച്ചപ്പോൾ, മുനിസിപ്പൽ ചെയർമാന്റെ
ചിന്തയെക്കുറിച്ച് അദ്ദേഹം എഴുതുന്നു. വൈകുേന്നരമാണ്
ആളുകൾ കാറ്റുകൊള്ളുവാൻ വരുന്നതെന്നും അപ്പോൾ
വെയിലാറിക്കഴിയുന്നതുകൊണ്ട് തണൽമരങ്ങൾ
വേണ്ടായെന്നുമാണ് ചെയർമാന്റെ ന്യായവാദം!
‘കരളെരിയുമ്പോഴും തല പുകയുമ്പോഴും ചിരിക്കണം
എന്നതാണ് എന്റെ ധർമം’ എന്ന ഭാഷയിലൂടെ തന്റെ
കാലഘട്ടത്തിന്റെതെന്ന ജ്വലനത്തെയാണ് സഞ്ജയൻ
ദ്യോതിപ്പിക്കുന്നത്. എരിയുകയും പുകയുകയും ചെയ്യുന്നത്
തീയുമായി ബന്ധെപ്പട്ട രണ്ടു ക്രിയകളാണല്ലോ. അങ്ങനെ
സ്വയം ദഹിച്ച്, വിദൂഷകന്റെ വേഷം മന:പൂർവം ധരിച്ച്
എക്കാലത്തെയും മഹാനായിട്ടുള്ള ഒരു സർഗാത്മക
സാഹിത്യകാരൻ എഴുപതു വർഷം മുമ്പ് നമ്മുടെ ഭാഷയിൽ,
നമ്മുടെ മണ്ണിൽ ചവിട്ടിനിന്നുകൊണ്ട്, അത്ഭുതകരമായ
ഭാഷാപ്രയോഗംകൊണ്ട്, തീക്ഷ്ണമായ
ആവിഷ്‌കാരചാതുര്യംകൊണ്ട് നമ്മുടെ ഭാഷയിൽ പിന്നീട്
വി.കെ.എൻ-നെപ്പോലെ ചില അമാനുഷരെ സ്വാധീനിക്കാൻ
സാധിച്ചുകൊണ്ട് ഇവിടെ ഉണ്ടായിരുന്നു എന്നത് തീർച്ചയായും
മലയാളത്തിന് ധന്യതയ്ക്കു കാര്യമാണ്. വി.കെ.എൻ-ന്റെ
ഹാസ്യരചനകളിൽ ലിംഗപരമായിട്ടും ജാതിപരമായിട്ടുമുള്ള
സൂചനകൾ കാണാം.

എന്നാൽ സഞ്ജയന്റെ ഉപന്യാസങ്ങളിൽ എവിടെയെങ്കിലും
ലിംഗപരമായിട്ടോ ജാതിപരമായിട്ടോ ഉള്ള സംജ്ഞകൾ
ഹാസ്യം സൃഷ്ടിക്കാൻ ഉപയോഗിച്ചതായി കാണുകയില്ല.
വിശ്വമാനവികതയിൽനിന്നുയർന്നുവന്നിട്ടുള്ള ഒരു
ബോധമാണത് എന്ന് എനിക്കുതോന്നുന്നു.
സഞ്ജയൻ എന്ന വാക്കിന്റെ അർത്ഥം സമ്യക്കായി ജയിചന്ന
– ഏതൊരു കാര്യത്തിലും ജയം നേടിയവൻ – എന്നാണ്.
എന്നാൽ വ്യക്തിജീവിതത്തിലോ ജീവിച്ചിരിക്കേ
സാഹിത്യത്തിലോ ജയം നേടിയിട്ടില്ലാത്ത ഒരു വ്യക്തിയാണ്
സഞ്ജയൻ എന്ന അപരനാമം സ്വീകരിച്ചത് എന്നത്
വേദനയായി നിലനിൽക്കുന്നു.

ദുരന്തങ്ങൾ മാത്രം അനുഭവിച്ച് പരാജയപ്പെട്ടുപോയ ഒരു
നാല്പതുകാരൻ യുവാവ്, കവിയായി കവിതയെഴുതി
പേരെടുക്കാൻ ശക്തനായിരുന്നിട്ടും അതിനു കഴിയാതെവന്ന
ഒരു പ്രതിഭാശാലി… അദ്ദേഹത്തെ നാം കാലമിത്രകഴിഞ്ഞിട്ടും
ഓർമിക്കുന്നു എന്നത് ആ സർഗാത്മക പ്രതിഭയോടു കാണിക്കു
ന്ന മഹത്തായ ആദരവാണ് എന്നു പറഞ്ഞ് നിർത്തട്ടെ.