വേനലറുതിയിൽ ബംഗാളിൽ

കെ.പി. രമേഷ്

വേനലിൽ കുതിർന്നുനിൽക്കുന്ന ബംഗാളിനെ
അടുത്തറിയണമെന്നു നിനച്ചാണ് ഇക്കുറി ഹൗറയിൽ
എത്തിയത്. പതിനഞ്ചു വർഷം മുമ്പ് ഡൽഹിയിലെ
രബീന്ദ്രഭവനിൽ വച്ചു നടന്ന ഒരു ചിത്രപ്രദർശനത്തിടെ
പരിചയപ്പെട്ട പ്രദീപ്‌ഘോഷിനെ പിന്നെ കാണുന്നത്
ഇപ്പോഴാണ്. രണ്ടുതവണ കൽക്കത്തയിൽ വന്നിട്ടും അക്കാര്യം
തന്നെ അറിയിക്കാഞ്ഞതിൽ പ്രദീപ് ഇത്തിരി പരിഭവം
പ്രകടിപ്പിച്ചിരുന്നു. ഗരിയാഹട്ടിൽവച്ച് അയാളെ സന്ധിച്ചു.
കസ്ബയിലെ പുർബചാൽവീഥിയിലെ ഭവനത്തിലേക്ക്
അദ്ദേഹം നയിച്ചു. കസ്ബയിൽ ഓട്ടോറിക്ഷ
മാറിക്കയറുന്നതിനിടയിൽ അരികിലുള്ള പീടികയിൽനിന്ന് ഒരു
സലിൽചൗധരീ ഗാനം വന്ന് തൊട്ടു. ആദ്യമായി കൽക്കത്തയിൽ
കാലുകുത്തിയപ്പോഴൊന്നും സലിൽദാ മനസ്‌നിലുണ്ടായിരുന്നില്ല.
രവീന്ദ്രൻ, ജെറി അമൽദേവ്, ബാബുരാജ്, ദേവരാജൻ,
ദക്ഷിണാമൂർത്തി എന്നിവർക്കൊപ്പം സ്ഥാനമൊന്നും
സലിൽദായ്ക്കുണ്ടെന്നു തോന്നിയിരുന്നില്ല! പക്ഷേ, അന്ന്
ബി.ടി. റോഡിലെ ഹെംഡേ ലേയ്‌നിൽനിന്ന് ഡംഡം മെട്രോ
സ്റ്റേഷനിലേക്ക് സൈക്കിൾറിക്ഷയിൽ പോകുമ്പോഴാണ്
”നീയൊരോമൽകാവ്യപുഷ്പം”പോലുള്ള മലയാളഗാനങ്ങൾ
ചുണ്ടിൽ വിടർന്നത്. ബംഗാളിഗാനങ്ങൾ കേട്ടുതുടങ്ങുന്ന ആ
നിമിഷത്തിൽനിന്ന് മനസ്‌ന് മലയാളവും ബംഗാളിയും തമ്മിലുള്ള
പാരസ്പര്യത്തിലേക്കു പോവുകയായിരുന്നു. കേരളീയർ
ഗൃഹാതുരത്വത്തോടെ ഓമനിക്കുന്ന ഒരുപാട് തോണിപ്പാട്ടുകളും
(”പെണ്ണാളേ പെണ്ണാളേ”, ”കടലിനക്കരെ പോണോരെ”)
ഓണപ്പാട്ടുകളും (”പൂവിളിപൂവിളി”) താരാട്ടുപാട്ടുകളും
(”മലർക്കൊടിപോലെ”, ”ഓമനത്തിങ്കൾപ്പക്ഷീ”)
പ്രണയഗാനങ്ങളും (”ദേവീദേവീ”, ”വൃച്ഛികപ്പെണ്ണേ”,
”മാനേമാനേ വിളി”) വിരഹഗീതികളും (”നീയും വിധവയോ”,
”ഓർമകളേ കൈവള”) മറുനാട്ടുകാരനായ ഒരാൾ
ധ്യാനിച്ചെടുത്തതാണെന്ന കുമ്പസാരത്തിൽ സലിൽദായ്ക്ക് ഒരു
ഇരിപ്പിടം പണിതു. തലേന്ന്, പൊയ്‌ലാബൈശാഖ്ദിനത്തിൽ,
ദക്ഷിണേശ്വറിലെ മഠത്തിൽനിന്ന് ഹൂഗ്ലീനദിയിലേക്കുള്ള കൽപ
ടവുകളിൽ പദമൂന്നുമ്പോൾ, ഒരു നദി പാലൂട്ടിയ സംസ്‌കാരത്തെ
പിൽക്കാലഭാരതം എങ്ങനെ ഒരു പ്രത്യേക വർണത്തിൽ
ഹൈജാക്ക് ചെയ്തുവെന്നോർത്ത് ഖിന്നനായി.
സലിൽ ചൗധരിയിലേക്ക് ദത്തെടുത്ത, ബേലൂരിലേക്കുള്ള
തോണിയാത്ര ഓർമവന്നു. ഡെക്കിൽ ആറേഴുപേരുണ്ട്.
ഉടൽസമൃദ്ധികൊണ്ട് നമ്മെ വിഭ്രമിപ്പിക്കുന്ന
ബംഗാളിവീട്ടമ്മമാരെപ്പറ്റി ശ്രീകാന്ത് എഴുതിയത്
വെറുതെയല്ലെന്നു തോന്നി. അറിയാതെ, സലിൽദായുടെ പാട്ട്
മൂളി: ”കടലിലെ ഓളവും കരളിലെ മോഹവും
അടങ്ങുകില്ലോമലേ അടങ്ങുകില്ല!” പെട്ടെന്ന്, അരികിലിരുന്ന
ഒരു ചേട്ടത്തി ചോദിച്ചു, അത് സലിൽദായുടെ പാട്ടല്ലേ എന്ന്.
പാട്ടിന്റെ മലയാള അർത്ഥം അവർക്ക് അറിയാത്തത് എന്റെ
ഭാഗ്യം! ഇക്കാര്യം പ്രദീപ്‌ഘോഷിനോടു വിവരിച്ചപ്പോൾ, ആ
പാട്ടിന് ബംഗാളിയിൽ മാതൃകയുണ്ടെന്ന മറുപടിയാണ് കിട്ടിയത്.
ആനന്ദമഹൽ എന്ന ഹിന്ദിചിത്രത്തിൽ യേശുദാസ് ആറാടിനിന്ന
”നിസഗമപനി” എന്ന ഗാനം ബ്ലസ്സിയുടെ കൽക്കട്ട ന്യൂസ്എന്ന
സിനിമയിൽ ഒരു മോട്ടീഫായി ചേർത്തിട്ടുണ്ടെന്നു പറഞ്ഞപ്പോൾ
പ്രദീപ് ചിരിച്ചു. സലിൽദായുടെ ശ്രേഷ്ഠമായ ഒരു രചനയാണ്
”നിസഗമപനി” എന്നതാവാം ആ ചിരിയുടെ ഹേതു. ആ വലിയ
സംഗീതസംവിധായകനോടൊപ്പം പതിനെട്ടുകൊല്ലം
ക്രിയാത്മകമായി പ്രവർത്തിച്ച ദേബ്‌ജ്യോതിമിശ്രയാണ്
ബ്ലസ്സിച്ചിത്രത്തിൽ ഗാനസംവിധാനവും പശ്ചാത്തലസംഗീതവും
നിർവഹിച്ചത് എന്ന കാര്യം ഇതിനോടു ചേർത്തുവച്ച്
വായിക്കാം. ഈ ചിത്രത്തെ സാർത്ഥകമാക്കിയവരിൽ പ്രധാനി
വേണുഗോപാൽ പെരിയങ്ങാട്ടാണെന്ന വസ്തുത പലർക്കും
അറിയില്ല. കമൽ സംവിധാനം ചെയ്ത ”മഴയെത്തും മുമ്പേ”,
കമൽഹാസൻ അഭിനയിച്ച ”മഹാനദി” എന്നിവയെക്കാളും
കൽക്കത്ത നിറഞ്ഞുനിൽക്കുന്നത് ബ്ലസ്സിച്ചിത്രത്തിലാണ്. മധു
ജനാർദനൻ ബാബുരാജിന്റെ ജീവിതകഥ ദൃശ്യവൽക്കരിക്കുന്ന
വേളയിൽ കൽക്കത്തകൂടി ഉൾപ്പെട്ടിട്ടുണ്ടെന്നത് വേറെ കാര്യം.
ഹൗറാപ്പാലവും തീവണ്ടിയാപ്പീസും വിക്‌റ്റോറിയാസ്മാരകവും
മാത്രം മതി കൽക്കത്തയുടെ പ്രതീകങ്ങളാവാൻ.
പ്രദീപ്‌ഘോഷിന്റെ ഭവനമെത്തി. പത്‌നി ഡാന, മകൻ
ശ്രീപർണോ എന്നിവർ അവിടെ ഉണ്ട്. ഡാനയും
ചിത്രകാരിയാണ്. രണ്ടുവഴിക്കുള്ള ചിത്രവഴികളിൽ ഇവർ
ജീവിതം പൂരിപ്പിക്കുന്നു. പലതരം മീനുകൾകൊണ്ടുള്ള
ബഹുസ്വരമായ കറികളാണ് ഡാന ഉച്ചഭക്ഷണത്തിന്
ഒരുക്കിയിട്ടുള്ളത്. മത്സ്യാഭിനിവേശവും
കമ്യൂണിസാഭിമുഖ്യവുമാണ് ബംഗാളിയെയും മലയാളിയെയും
‘ദാദ’മാരാക്കുന്നതെന്ന് ഞാൻ പറഞ്ഞു. ഡാനയുടെ
സഹോദരൻ പ്രബുദ്ധ ബാനർജി സംഗീതജ്ഞനാണെന്നും
ദേബ്‌ജ്യോതിയോടൊന്നിച്ചു പ്രവർത്തിച്ചിട്ടുണ്ടെന്നും കേട്ടപ്പോൾ
അത്ഭുതമായി. ബംഗാളിഗാനങ്ങളിലേക്ക് അലിഞ്ഞിറങ്ങിയ
സൂഫീ, ബൗൾ പാരമ്പര്യത്തെക്കുറിച്ച് ഡാന വിശദീകരിച്ചു.
ഊണ് അതീവരുചികരമായി അനുഭവപ്പെട്ടു.

***
വേനലിൽ വന്നുപോകുന്ന മഴപ്പകർച്ചകൾ ഇപ്പോൾ
ഹൗറയിൽ മറ്റൊരനുഭൂതിയാവുകയാണ്. ശാന്തിനികേതൻ
എക്‌സ്പ്രസ്‌നിൽ കയറുമ്പോൾ അത്തരമൊരു മഴച്ചാറ്റൽ കൈവീശി
കടന്നുപോയി. ബർദമാനിലെത്തുമ്പോൾ മഴ പിന്നെയും കുറുകേ
വന്നു.

ബോൽപ്പൂരിലെ നട്ടുച്ചയിൽ ബംഗാളിന്റെ
താപഹൃദയത്തിന്റെ സാന്ദ്രതയത്രയും വെളിവായി. പൂർബപള്ളി
ഗസ്റ്റ്ഹൗസിന്റെ മുമ്പിൽ അനൂപ് തെളിഞ്ഞ ചിരിയോടെ
നിൽക്കുന്നുണ്ട്. അവന്റെ പുതിയ ഹെർക്കുലീസ്‌സൈക്കിളാണ്
പിന്നീടുള്ള ദിവസങ്ങളിൽ എന്നെയുംകൊണ്ട് പാഞ്ഞത്. വരുന്ന
വഴിക്ക് കെ.ജി. സുബ്രഹ്മണ്യന്റെ വസതി കണ്ടിരുന്നു. മൂന്നുവട്ടം
ശാന്തിനികേതനിലെത്തിയിട്ടും ആ വലിയ കലാകാരനെ
കാണുവാൻ കഴിഞ്ഞില്ലല്ലോ എന്ന ഖേദം ബാക്കിയാവുന്നു.
പൂമരങ്ങൾ സ്വാഗതംചെയ്യുന്ന അതിഥിമന്ദിരം അതിന്റെ
പഴക്കംകൊണ്ട് വിശ്വഭാരതിയുടെ മനസ്സ് പങ്കിട്ടെടുക്കുന്നു.
ശയനമുറിയിൽ പരിഷ്‌കാരങ്ങളൊന്നുമില്ല. മൺപാത
കോൺക്രീറ്റുപാതയ്ക്ക് വഴിമാറിക്കൊടുത്ത് സർവകലാശാലാ
പരിസരം വെമ്പുന്നതിനെ ഈ മന്ദിരം അത്രകണ്ട്
പിന്തുണയ്ക്കുന്നില്ല. അവധിക്കാലത്തിൽനിന്നും മുക്തമായി,
വിദ്യാർത്ഥികൾ പുതിയ പ്രവേശനത്തിന്റെ ആശങ്കയിൽ
മുഗ്ദ്ധമാവുന്ന സമയമാണിത്, വിശ്വഭാരതിയിൽ.
ശ്യാംബോട്ടിയ്ക്കപ്പുറത്തുള്ള സൈക്കിൾയാത്രയിൽ
ബംഗാൾഗ്രാമങ്ങളുടെ ചൂരുംചൂടും അറിഞ്ഞു.
സോനാചുരികനാൽ കടന്ന് എത്തുന്ന സ്ഥലം ഒരു കവലയാണ്.
പ്രാന്തിക്കിലേക്കും കോലാപുക്കൂറിലേക്കും
അമർകുടിയിലേക്കുമുള്ള വഴികൾ ഇവിടെവച്ച് തിരിയുന്നു.
പ്രാന്തിക് റെയിൽവേസ്റ്റേഷൻ മുറിച്ചു കടന്ന്,
ഓരംപറ്റിനിൽക്കുന്ന നിസ്വമായ സന്താൾഗ്രാമങ്ങളിലെ
നടുപ്പാതകളിലൂടെ കുറെയേറെ ചെല്ലുമ്പോൾ കങ്കാളിത്തല
എത്തും. അവിടത്തെ കാളീക്ഷേത്രമാണ് ലക്ഷ്യം.
നീണ്ടുപോവുന്ന പാതയും വിജനതയും ദൂരത്തെക്കുറിച്ചു
സൂചനയേകി ഇത്തിരി അമ്പരപ്പിച്ചു. കേട്ടതുപോലെയല്ല.
ഏഴെട്ടു കിലോമീറ്റർ ദൂരം പിന്നിട്ടുവെന്നത് തീർച്ച. ബംഗാളിലെ
വിഖ്യാതമായ കാളീക്ഷേത്രങ്ങളിലൊന്നാണ്
കങ്കാളിത്തലയിലേത്. മരങ്ങൾ കുടനിവർത്തി നിൽക്കുന്ന
പരിസരത്താണ് ഈ ക്ഷേത്രം. ചുവന്നനിറത്തോടുള്ള
ബംഗാളികളുടെ സജീവമായ ആഭിമുഖ്യം
കൊടിതോരണങ്ങളിലും ഭിത്തികളിലെ ചായത്തേപ്പുകളിലും
സ്വാമിമാരുടെ വസ്ത്രങ്ങളിലും കാണാം. ക്ഷേത്രത്തിനു
പിന്നിലുള്ള ചെറിയ കുളത്തിലെ വെള്ളം വല്ലാതെ
നിറംകെട്ടുപോയിരിക്കുന്നു. അത് ദേവിയുടെ ഋതുപ്പകർച്ചയുടെ
ദൃഷ്ടാന്തമാണെന്നാണ് ഒരു ഭക്തന്റെ വ്യാഖ്യാനം.
ആൽമരച്ചുവട്ടിലിരിക്കുന്നന ചില സ്വാമിമാരും ഭക്തന്മാരും
കഞ്ചാവ് ആഞ്ഞുവലിക്കുന്നതു കണ്ടു. ഭക്തിക്ക് ഇങ്ങനെയും
ചില ആവിഷ്‌കാരങ്ങളുണ്ട്. തിരിച്ചുവരുമ്പോൾ,
ഫൂൽഡാങ്ങയിലെ ഒരു ചെറിയ ഭക്ഷണശാലയിൽനിന്ന്
രോട്ടിയും ഘോങ്ണിയും കഴിച്ചു.

തപൻ ബറൂയി, ജോൺ കെന്നറ്റ് എന്നിവരെ പരിചയപ്പെട്ടത്
അനൂപിന്റെ മുറിയിൽവച്ചാണ്. ശാന്തിനികേതനിലെ
മുൻവിദ്യാർത്ഥികളായ ഈ ശിൽപികൾ ഡെറാഡൂണിലും
ബോൽപ്പൂരിലുമാണ് പഠിപ്പിക്കുന്നത്. സംസാരത്തിനിടയിൽ,
ഫേൺഹില്ലും യതിയും നടരാജഗുരുവും വിഷയങ്ങളായി.
ഹെർമൻ എന്നൊരു ബൽജിയം സായിപ്പ് വിസിറ്റിങ്
പ്രഫെസറായി ശാന്തിനികേതനിലുണ്ടെന്നും ‘നതരാജഗുരു’
എന്ന നാമം അദ്ദേഹത്തിന്റെ ജപമാലയാണെന്നും
ജോൺകെന്നറ്റ് പറഞ്ഞത് ഹരംപിടിപ്പിച്ചു. കാരണം,
ഫേൺഹിൽഗുരുകുലത്തിലെ പറമ്പിന്റെ അറ്റത്തുള്ള മരക്കുടിൽ
നിർമിച്ചത് ഈ ബൽജിയംസ്വദേശിയാണെന്ന് തൊണ്ണൂറുകളുടെ
തുടക്കത്തിൽ അവിടെ എത്തിയപ്പോൾത്തന്നെ ഞാൻ
കേട്ടിരുന്നു. ആളെ എത്രയും വേഗം കാണണമെന്ന് തിടുക്കപ്പെട്ടു.
വഴിയുണ്ടാക്കാമെന്നു ജോൺ.

ശാന്തിനികേതനിലേക്കു വരുമ്പോൾ ചില
ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. അതിലൊന്ന്, മുരളി ചീരോത്തിന്റെ
പ്രത്യേകാവശ്യപ്രകാരം, അലോക് സോമിനെ കാണുക
എന്നതാണ്. കോലാപുക്കൂർഡാങ്ങയിലെ അലോകിന്റെ വീട്
കണ്ടെത്താൻ പ്രയാസപ്പെടേണ്ടിവന്നില്ല. പുള്ളി
സർവസമ്മതനാണ്. പശപ്പറ്റുള്ള കളിമണ്ണിൽക്കുതിർന്ന മുറ്റത്തു
കൂടി ശ്രദ്ധവച്ചുനടന്ന്, വീട്ടിലേക്കു കയറി. ആ വലിയ
കലാകാരൻ ചിരപരിചിതനോടെന്നപോലെയാണ്
സംസാരിച്ചത്. ശിൽപി, ചിത്രകാരൻ, വാസ്തുശിൽപി,
നാടകപ്രവർത്തകൻ, ബുക്ക് ഡിസൈനർ തുടങ്ങിയ
മേഖലകളിലെല്ലാം തന്റെ മികവ് തെളിയിച്ച കലാകാരനാണ്
അദ്ദേഹം. ശാന്തിനികേതനിലെ കലാഭ്യസനത്തിനു
ചേർന്നുവെങ്കിലും തന്റെ വഴിയും ചിന്തയും വേറെയാണെന്നു
ബോദ്ധ്യപ്പെട്ടതിനാൽ അദ്ദേഹത്തിന് അവിടെനിന്ന്
പുറത്തുകടക്കേണ്ടിവന്നു. അലോക് സ്വന്തമായി നിർമിച്ച
സവിശേഷമായ ഈ കൊച്ചുവീട് ചെറിയ കുട്ടികൾക്കുള്ള
പാഠ്യപദ്ധതിരഹിതപാഠശാലയും, വലിയ കലാകാരന്മാരുടെ
സംഗമസ്ഥലിയും ആണ്. നിഴൽനാടക-പാവക്കൂത്ത് രംഗത്തെ
പ്രതിഭയായ രാധാകുമുദ്ശർമ ആ വീട്ടിലുണ്ട്. നളന്ദയിൽ
ജനിച്ചുവളർന്ന ശർമയുടെ കുടുംബം ഇപ്പോൾ താമസിക്കുന്നത്
നേപ്പാളിലാണെങ്കിലും എഴുപതുവയസ്സു തോന്നിക്കുന്ന ഇദ്ദേഹം
തന്റെ കലായാത്രയുമായി ഇന്ത്യ മുഴുവൻ അലയുന്നു.
ഇദ്ദേഹത്തെപ്പറ്റി വരുൺ ചതോപാദ്ധ്യായ് ”മാൻ ഒഫ് എ
ഷാഡോ” എന്ന പേരിൽ ഒരു ഡോക്യുമെന്ററി എടുത്തിട്ടുണ്ട്.
ജീവിതത്തെത്തന്നെ കലാപ്രവർത്തനമാക്കി മാറ്റിയ അലോകും
ശർമയും ‘ഉപഭോഗസിദ്ധാന്ത’ത്തിൽ അമർന്നിരിക്കുന്ന നമുക്ക്
അത്രവേഗം പിടിതരുന്നവരല്ല.

ഹെർമന്റെ കാര്യം പറഞ്ഞപ്പോൾ, തനിക്ക് ആളെ
അറിയാമെന്നും തൊട്ടടുത്ത ഗ്രാമത്തിലാണ് അദ്ദേഹം
താമസിക്കുന്നതെന്നും അലോക്ദാ അറിയിച്ചു. ശർമ അവിടേക്ക്
നയിച്ചു. മൂപ്പര് ബോൽപ്പൂരിലേക്കു പോയിരിക്കയാണെന്ന്
ഹെർമന്റെ ഭാര്യ പറഞ്ഞു. വൈകിട്ടു വരുമെന്ന് ശർമയെ
അറിയിച്ച് യാത്രയാക്കി.

സോനാചുരിക്കനാലിന്റെ വലതുവശത്തുള്ള പാതയിലൂടെ
അമർകുടിയിലേക്കു പോയി. നിരവധി കുളങ്ങൾ ഇവിടെ ഉണ്ട്.
ബംഗാളികൾക്ക് പ്രിയപ്പെട്ട മീനുകൾ വളരുന്നത് ഇത്തരം
ജലാശയങ്ങളിലാണ്. വിചിത്രരൂപികളായ വൃക്ഷങ്ങളുടെ
കടാക്ഷങ്ങളും നിർബാധം ചരിക്കുന്ന പക്ഷികളുടെ
ചിലമ്പലുകളും പശ്ചാത്തലമൊരുക്കുന്ന മൺപാതകൾ.
അവിടേക്ക് ചിലപ്പോഴൊക്കെ തലനീട്ടുന്ന മനുഷ്യരും
സൈക്കിളുകളും റിക്ഷകളും.

കോപ്പായ്‌നദീതീരത്തെ അമർകുടിയിലേക്കുള്ള
മൺപാതയ്‌ക്കൊന്നും പരിഷ്‌കാരം തീണ്ടിയിട്ടില്ല. ആടുകളെ
മേയ്ക്കുന്നവരുടെ ശബ്ദം പൊന്തക്കാടുകളുടെ ഇടയിൽനിന്നും
കേൾക്കാം. കരകൗശല ഉൽപന്നങ്ങളുടെ നിർമാണശാലയാണ്
അമർകുടിയിലെ മുഖ്യകേന്ദ്രം. മുറ്റത്ത് രബീന്ദ്രനാഥ് റ്റാഗോറിന്റെ
പൂർണകായശിൽപം കാണാം. ഈ ശിൽപം നിർമിച്ചത്
മലയാളിയും റാഡിക്കൽപ്രസ്ഥാനത്തിന്റെ പ്രണേതാവും
ആയിരുന്ന കെ.പി. കൃഷ്ണകുമാറാണ്. കേരളീയരായ
വിദ്യാർത്ഥികൾ തെല്ല് അനുഷ്ഠാനപരമായിട്ടാണ് ഈ
മുൻഗാമിയുടെ കലാസൃഷ്ടി തേടിയെത്തുന്നത്.
വൈകിട്ട്, ജോൺ കെന്നറ്റിന്റെ വണ്ടിയിൽ ഹെർമനെ തേടി
പോയി. അപ്പോഴും ആൾ എത്തിയിട്ടില്ല.

കോപ്പായ്പ്പാലത്തിനടുത്ത് ചായകുടിച്ച് കുറേ നേരം ഇരുന്നു.
നിസ്സാരവിലയ്ക്ക് അപായകരമായ വാറ്റുചാരായം കിട്ടുന്ന
സ്ഥലമാണതെന്ന് മനസ്സിലായി. വീണ്ടും ഹെർമന്റെ
ഗ്രാമത്തിലെത്തി. നീണ്ട നടത്തത്തിന്റെ ക്ലേശവുമായി അദ്ദേഹം
എത്തി. ഹെർമൻ വാൻ ഹെക്കേ എന്നാണ് പൂർണനാമം.
കലാചരിത്രത്തിലും തത്ത്വശാസ്ത്രത്തിലും മറ്റുമായി അദ്ദേഹം
ഒരുപാട് ഉന്നതബിരുദങ്ങൾ നേടിയിട്ടുണ്ടെങ്കിലും
ജീവിതത്തിന്റെ പുതിയ ഈടുവയ്പുകളിൽ അതെല്ലാം
അദ്ദേഹത്തിനു കൈമോശം വന്നുവെന്നുവേണം പറയാൻ.
പക്ഷേ, നിരാശ പകുത്തെടുക്കാത്ത മനസ്സോടെയാണ് അദ്ദേഹം
ജീവിക്കുന്നത്.
നടരാജഗുരുവിന്റെ വാക്കിലും ചിന്തയിലും ആകൃഷ്ടനായി
ഭാരതത്തിലെത്തിയ ഹെർമന് യതിയെയും
ജോൺസ്പിയേഴ്‌സിനെയും ഴങ് ലഷാറിനെയും മറ്റും ഇപ്പോഴും
ഓർത്തെടുക്കാൻ വിഷമമില്ല. മനസ്സിൽ ഒരു സന്യാസി
ബാക്കിനിൽക്കുന്നതുകൊണ്ടാവാം, ഇന്ത്യയുടെ
പ്രാചീനസന്ധ്യകളെയാണ് അദ്ദേഹം നമിക്കുന്നത്.
അതുകൊണ്ടുതന്നെ, ഈ വീട്ടിൽ വൈദ്യുതിയോ ഗ്യാസോ
ഫോണോ ഒന്നുമില്ല. രണ്ടു ചെറിയ മുറികൾ. പടംവരപ്പിന്റെ
ധ്യാനത്തിലാണിപ്പോൾ. കിണറ്റിനോടു ചേർന്നുള്ള ഹാളാണ്
അദ്ദേഹത്തിന്റെ സ്റ്റുഡിയോ. പൂർത്തിയാക്കിയ ഒരു വലിയ
ചിത്രം അദ്ദേഹം മുറ്റത്തു കൊണ്ടുവന്ന് കാണിച്ചു. നാട്ടുവെട്ടം
പൊലിയുന്ന ആ നേരത്ത് പ്രസ്തുത ചിത്രത്തിന്റെ
വർണ്ണവിതാനമൊന്നും വ്യക്തമായില്ല. ചിത്രങ്ങളാണ്
അദ്ദേഹത്തിന്റെ വരുമാനമാർഗം. അനാഥയായ ഒരു
സന്താളിസ്ത്രീയെയും അവരുടെ മകനെയും ഹെർമൻ തന്റെ
ലളിതമായ ജീവിതത്തിലേക്ക് സ്വീകരിക്കുകയായിരുന്നു.
നിത്യരോഗിയായ ആ കുട്ടി മരിച്ചുപോയി. ആ
ഗ്രാമീണജീവിതത്തിൽ ആഴ്ന്നിറങ്ങി പാട്ടുപാടിയും
ചിത്രംവരച്ചും ബാഞ്‌ജോ മീട്ടിയും ഹെർമൻ പുതിയ
അർത്ഥങ്ങൾ കണ്ടെത്തുന്നു.

മഴ ആഞ്ഞു വലയെറിഞ്ഞുപൊതിഞ്ഞ സന്ദർഭങ്ങൾ
പിന്നെയും വന്നു. സന്താൾപ്പാഴ പിന്നിട്ട്, ദുർഗാപ്പൂരിലേക്കുള്ള
പാത മുറിച്ചുകടന്ന് സിയൂരിയിലേക്കു പോകുമ്പോൾ മഴയുടെ
കേളികൊട്ട് തുടങ്ങി. വഴിയിൽ ഒരുപറ്റം പശുക്കളെ
വകഞ്ഞുമാറ്റി, പുല്ലും ചാണകവും മണക്കുന്ന
വീടുകൾക്കരികിലൂടെ സൈക്കിൾ വെട്ടിച്ചുപോവുക
പ്രയാസമായിരുന്നു. തന്റെ ഉടമസ്ഥന്റെ
വീട്ടുപടിക്കലെത്തുമ്പോൾ ഓരോ പശുവും അത് കൃത്യമായി
തിരിച്ചറിഞ്ഞ് അകത്തേക്ക് അപ്രത്യക്ഷമാകുന്നു. അതു
കാണുമ്പോൾ, വീടണയാത്തവന്റെ വെമ്പൽ രൂക്ഷമാകുന്നു.
റ്റെറാക്കോട്ടയിൽ നിർമിച്ച കാളിക്ഷേത്രത്തിനു മുമ്പിൽ എത്തി.
മഴയുടെ വിങ്ങൽ പിടിച്ചുനിർത്താനായില്ല. അത് മതിമറന്ന്,
ഒന്നും ഒളിച്ചുവയ്ക്കാതെ പെയ്തു. ഇടിമിന്നൽ ശക്തിയായപ്പോൾ,
അടുത്തു കണ്ട ആളൊഴിഞ്ഞ ഒരു ജമീന്ദാർഭവനത്തിൽ
കയറിപ്പറ്റി. രണ്ടു മണിക്കൂറോളം പെയ്ത്, മാനത്ത് കാർമേഘം
ബാക്കിവെച്ച് മഴ പോയി. മഴയാൽ ആദേശംചെയ്യപ്പെട്ട
നാട്ടുപാതയിലൂടെ തിരിച്ചുവന്നു. ആ വഴികളെല്ലാം
ശാന്തിനികേതനിലേക്കാണ്.

ശാന്തിനികേതനിലെ മനുഷ്യർക്കു മാത്രമല്ല മരങ്ങൾക്കും
സവിശേഷതയുണ്ട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള
സംലയനമാണ് അതിലെ വിശേഷഭാവം.
കൽക്കത്താനഗരത്തിൽ, ജൊറാസങ്കോയിൽ, പ്രഭുത്വത്തിന്റെ
സൗഖ്യമെല്ലാമനുഭവിച്ച രബീന്ദ്രനാഥ് റ്റാഗോറിന്റെ
ജീവിതത്തിൽ വഴിത്തിരിവ് സംഭവിച്ചത് പിതാവ് അദ്ദേഹത്തെ
പത്മാനദിക്കരയിലുള്ള കൃഷിയിടങ്ങൾ നോക്കിനടത്താൻ
നിർബന്ധിച്ചപ്പോഴാണ്. അന്നുവരെ താൻ കണ്ട
മനുഷ്യജീവിതത്തെ മാറ്റിവായിക്കുവാൻ അദ്ദേഹം
പ്രേരിതനായി. പ്രകൃതിയെന്നത് മനുഷ്യന്റെയുള്ളിൽ വാഴുന്ന
ഒന്നാണെന്നും, അവിടത്തെ സാധാരണക്കാരുടെ കലയും
അവരുടെ ജീവിതവും തമ്മിൽ ഭിന്നതയില്ലെന്നും
സ്വാനുഭവപ്രകാശത്തിൽ അദ്ദേഹം തിരിച്ചറിയുന്ന ഘട്ടം
ഇന്ത്യൻ സാംസ്‌കാരികമണ്ഡലത്തിലും തത്ത്വചിന്തയിലും
നവവിഭാതം തുറന്നു. സിദ്ധാർത്ഥൻ ബുദ്ധനായി
പരിണമിച്ചതുപോലൊന്ന് റ്റാഗോറിന്റെ ജീവിതത്തിലും ഉദിച്ചു.
പ്രണയകവിതകൾ സൂക്ഷ്മവും സരളവുമായ വിതാനത്തിലേക്ക്
പടവുകൾ ഉയർത്തി. ഇന്ത്യൻ പാരമ്പര്യത്തെ
ഉയർത്തിപ്പിടിക്കുമ്പോൾത്തന്നെ, ലോകത്തിലെ കലയും
സാഹിത്യവും സംസ്‌കാരവും ബംഗാളിന്റെ മണ്ണിൽ,
വിശ്വഭാരതിയിൽ സമന്വയത്തിന്റെ പുതിയ വിത്തുകൾ പാകി.
ബൗൾ-സൂഫീഗാനമാതൃകകളും അവധൂതന്മാരുടെ ചര്യകളും
റ്റാഗോറിൽ തെളിയുകയും രചനകളിൽ സാർത്ഥകമാവുകയും
ചെയ്തു. ഗോത്രസംഗീതത്തെയും
ഹിന്ദുസ്ഥാനിസംഗീതത്തെയും ഇണക്കിക്കൊണ്ട് റ്റാഗോർ
സൃഷ്ടിച്ച രബീന്ദ്രസംഗീതം ഒരു നാടിന്റെ ജീവൽത്തുടിപ്പുകളുടെ
ആവിഷ്‌കാരമായി മാറുകയാണുണ്ടായത്.

ശാന്തിനികേതനിൽ ബിരുദം നൽകുന്നത് ഏഴിലംപാലയുടെ
ഇലകൾകൊണ്ട് തികച്ചും പ്രതീകാത്മകമായിട്ടാണ്. ഇത്
തുടങ്ങിവച്ചത് നന്ദലാൽ ബോസ് ആണ്. ”വൃക്ഷങ്ങൾ ഭൂമിയുടെ
പ്രാർത്ഥനകൾ” എന്ന റ്റാഗോറിയൻ കൽപനയ്ക്ക് ഇതിലേറെ
അന്വയം ആവശ്യമില്ലല്ലോ. മനുഷ്യൻ കൈകളുയർത്തി
പ്രാർത്ഥിക്കുന്നതിനു തുല്യമാണ് മണ്ണിൽ മരങ്ങൾ
നിൽക്കുന്നതെന്ന് നമുക്ക് ശാന്തിനികേതനിലെ മരങ്ങൾ
ക്കിടയിലൂടെയുള്ള നടത്തത്തിൽനിന്നു ബോദ്ധ്യമാവും.
മരച്ചുവട്ടിലെ അദ്ധ്യയനത്തിന് ഒരു ക്ലാസിക്കൽ പരിവേഷമുണ്ട്.
ചരിത്രത്തിൽനിന്ന് ഭാവിയിലേക്കുള്ള വിദ്യാപ്രകാശത്തിന്റെ
ഇടത്താവളമാണ് ഈ വിശ്വവിദ്യാലയം.

ജയദേവകവിയുടെ ജന്മദേശമായ കെന്ദുളി, ഞെട്ടിപ്പിക്കുന്ന
താന്ത്രികാനുഷ്ഠാനങ്ങൾ നടമാടുന്ന താരാപീഠ് എന്നീ
ലക്ഷ്യങ്ങൾകൂടിയുണ്ടായിരുന്നു ഈ യാത്രയ്ക്ക്. അത്
സഫലമായില്ല. ശാന്തിനികേതന്റെ പരിസരത്തും നാഗപൂജ
നടക്കുന്ന അജോയ്‌നദിക്കരയിലെ ഗ്രാമത്തിലും
കങ്കാളിത്തലയിലും മറ്റും അത്രമേൽ അലഞ്ഞതുകൊണ്ട് സമയം
തികയാതെ വന്നു. ജനുവരിമദ്ധ്യത്തിലെ
ജയദേവ-ബൗൾമേളയ്ക്കായി കാത്തിരിക്കുന്നു. എല്ലാ
യാത്രകളും എന്തെങ്കിലും ബാക്കിയാക്കുന്നുണ്ടല്ലോ
വ്യക്തിയിലും വ്യഷ്ടിയിലും. ശാന്തിനികേതനിലെ
കറുത്തചായം പുരണ്ട സംഗീതഭവനിലെ ഭിത്തികളേ,
കലാഭവനിലെ വശ്യമനോഹര ചുവർച്ചിത്രങ്ങളേ, നടവഴിയിൽ
ആടിയുലയുന്ന വൃക്ഷങ്ങളേ, പൂക്കളും കുളിരും പ്രണയവും
ചൊരിയുന്ന ഇടവഴികളേ – നന്ദി.