ആറാം ദിവസം – ചിത്രകലയിലെ ഉല്പത്തിക്കഥ

കെ.പി. രമേഷ്

ചിത്രകലാഭിനിവേശത്താൽ ബറോഡയിലെത്തുകയും
പ്രയുക്തകല പഠിക്കുവാൻ ഇടവരികയും ചെയ്ത ഒരാൾ
കലാസംരക്ഷകനായി (ആർട് റെസ്റ്റോറർ) പരിണമിച്ച
കഥയാണ് എം. നാരായണൻ നമ്പൂതിരിയുടേത്.
പാശ്ചാത്യദൃശ്യകലയുടെ കവാടമായി അറിയപ്പെടുന്ന
ബറോഡാ സ്‌കൂളിന്റെ സന്തതിയായിട്ടും, അദ്ദേഹം നിനവൂട്ടിയത്
ശ്രീകൃഷ്ണപുരത്തെ സന്ധ്യകളും ഈർപ്പം നിറഞ്ഞ
പ്രകൃതിയും അതിനെയെല്ലാം ചൂഴുന്ന
വേദാദ്ധ്യയനമായികതയുമായിരുന്നു. ഏറെ വർഷങ്ങൾ
കഴിഞ്ഞാണ് അദ്ദേഹത്തിലെ ചിത്രകാരൻ പുറത്തുവന്നത്.
അത് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെയും
കലാജീവിതത്തെയും മാറ്റിപ്പണിതുവെന്നു പറഞ്ഞാൽ ഒട്ടും
അതിശയോക്തിയാവില്ല. ചിത്രകാരനായ എം. നാരായണൻ
നമ്പൂതിരിയിലേക്കുള്ള പ്രവേശിക ഇങ്ങനെയാണ്:
2007-ലെ എന്റെ വിഷുദിനം പുലർന്നത് കൊൽക്കത്തയിലെ
ദക്ഷിണേശ്വറിലായിരുന്നു. ശാരദാദേവിക്ഷേത്രപരിസരം
അസഹനീയമാംവിധം ജനനിബിഡം. ബംഗാളികൾക്ക് അത്
‘പൊയ്‌ലാ ബൈശാഖ്’- വൈശാഖത്തിലെ ആദ്യത്തെ ദിവസം.
ഹൂഗ്ലിനദീതീരത്ത് പുഷ്പങ്ങൾ വീണു ചിതറിക്കിടക്കുന്ന കാഴ്ച.
കൊടുംചൂടിൽ അത്തരമൊരു നനുത്ത പുലരി
ആഹ്ലാദകരംതന്നെയാണ്.
അധികം വൈകാതെയാണ് നാരായണൻ നമ്പൂതിരിയെ
വിക്‌റ്റോറിയസ്മാരകത്തിൽ വച്ച് കണ്ടുമുട്ടിയത്.
എസ്പ്ലനേഡിൽ നിന്ന് ടോളിഗഞ്ച് വരെ മെട്രോയിൽ യാത്ര
ചെയ്തു. കാളിത്തലയിലെ ഹൗസിങ് കോളനിയിലെത്തി.
കേരളത്തിലെ ഒരു ഗ്രാമീണവസതിയിലെത്തിയതുപോലുള്ള
അനുഭവം.
ആ അകത്തളത്തിൽ അവിടവിടെയായി ചാരിവച്ചിരിക്കുന്ന
ചിത്രങ്ങൾ കണ്ണിൽപ്പെട്ടു. അത് ആരുടേതാണെന്നു
ചോദിച്ചപ്പോൾ, അവ തന്റേതാണെന്ന് ഒരുതരം
ജാള്യതയോടെയാണ് അദ്ദേഹം പറഞ്ഞത്. എത്ര പ്രദർശനം
കഴിഞ്ഞുവെന്നു ആരാഞ്ഞപ്പോൾ, തനിക്ക് അതിനുള്ള
പ്രായമായിട്ടില്ലെന്നും, തരപ്പെട്ടാൽ വല്ല ഗ്രൂപ്പ് എക്‌സിബിഷനിലും
പങ്കാളിയാകാമെന്നും പറഞ്ഞ അദ്ദേഹത്തിൽ ഒരു പാലക്കാടൻ
ഗ്രാമീണന്റെ സഹജമായ ഉൾവലിവുണ്ടായിരുന്നു.
ആ ചിത്രങ്ങൾ ഓരോന്നായി കൗതുകപൂർവം നോക്കി.
സ്‌കെച്ചിങ്ങിന് വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു ശൈലി
അവ സ്വയം വിളംബരം ചെയ്യുന്നുണ്ടായിരുന്നു. മനുഷ്യന്റെ
സ്വപ്നത്തെയും വ്യസനത്തെയും ഇച്ഛാനുസാരികളായ
സർപ്പ-ഗരുഡരൂപങ്ങളിൽ അമൂർത്തതയെ ഗൂഢമായി
സ്പർശിച്ചുണർത്തിയ ആ ചിത്രണരീതിക്ക് മുൻമാതൃകകളില്ല
എന്ന യാഥാർത്ഥ്യം പൊടുന്നനെ തെളിഞ്ഞു. ആ ചിത്രകാരനെ
പ്രദർശനത്തിലേക്കു നടത്തുവാനെന്തു വഴി എന്ന കാര്യം
കൊൽക്കത്ത മലയാളിസമാജത്തിലെ പി.
വേണുഗോപാലനുമായും മറ്റും ചർച്ചചെയ്തു. അദ്ദേഹത്തിന്
അക്കാര്യത്തിൽ വളരെ താൽപര്യമുണ്ട്. അതേ വർഷം
കൊച്ചിയിലെ ദർബാർഹാളിൽ നാരായണൻ നമ്പൂതിരിയുടെ
പ്രഥമപ്രദർശനം നടന്നു. കാലംതെറ്റിപ്പെയ്ത മഴയുടെ
ആരവചാരുത അതിനുണ്ടായിരുന്നു. പിന്നീട്, ഒരു മാസം
കഴിഞ്ഞാണ് എനിക്കൊരു ക്ഷണക്കത്ത് അയയ്ക്കുവാൻ
അദ്ദേഹത്തിനു തോന്നിയത്! ഒരു നമ്പൂതിരിഫലിതംപോലെ
അതിനൊരു നാട്ടുചന്തമുണ്ട്. പിന്നീട് ഒരുപാടു സ്ഥലങ്ങളിൽ
ചിത്രപ്രദർശനങ്ങൾ. ബാംഗ്ലൂരിലെ പ്രദർശനം കാണാൻ
ഞാനും പോയി.
ആർട് റെസ്റ്റോറർ എന്ന നിലയ്ക്കുള്ള തന്റെ അനുപമമായ
ഉദ്യോഗത്തിൽനിന്ന് നാരായണൻ നമ്പൂതിരി വിരമിക്കുവാൻ
ഇനി ഏതാനും മാസങ്ങൾ മാത്രം. കൊൽക്കത്ത വിക്‌റ്റോറിയ
സ്മാരകത്തിന്റെ പര്യായമായിട്ടാണ് ഇന്ന് അദ്ദേഹം
അറിയപ്പെടുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള വിഖ്യാത
പെയിന്റിങ്ങുകളുടെ സൂക്ഷ്മമായ കേടുപാടുകൾ
തീർക്കുന്നതിൽ അദ്ദേഹത്തോളം അറിവും പരിചയവുമുള്ളവർ
ഭാരതത്തിൽ നന്നേ ചുരുങ്ങും. ആ അർത്ഥത്തിൽ, അദ്ദേഹം
ചിത്രങ്ങളുടെ ‘ശുശ്രൂഷകൻ’ ആണ്. ‘കലാത്മകമായ
വൈദ്യവൃത്തി’ എന്ന് അതിനെ വിശേഷിപ്പിക്കാം. കലയിലുള്ള
ആഭിമുഖ്യവും രസതന്ത്രവും സമന്വയിക്കുന്ന
പ്രവർത്തനമണ്ഡലമാണ് അത്. വികാരവും വിചാരവും
കലയിലേക്കുള്ള നീർച്ചാലുകളാണെങ്കിലും, ‘കലാത്മകത’
എന്നത് ഇവ രണ്ടിന്റെയും സംഗമബിന്ദുവാണ്.
മൂർത്തിയേടത്തുമനയിലെ മൂർത്തികളെപ്പോലെയാണ്
നാരായണൻ നമ്പൂതിരിയുടെ ചിത്രങ്ങൾ
അവതീർണമായിരിക്കുന്നത്. നിഷ്ഠയുള്ള ആരാധനകൊണ്ടും
അനുഷ്ഠാനംകൊണ്ടും തിടംവച്ച വിശ്വാസങ്ങളുടെ
ചിത്രരൂപങ്ങളായിട്ടാണ് അദ്ദേഹത്തിന്റെ രചനകളിൽ പക്ഷിയും
സർപ്പവുമൊക്കെ പ്രത്യക്ഷപ്പെടുന്നത്. ഒരുപക്ഷേ, ഒരു
ഒഴിയാബാധപോലെ അവ ആ ചിത്രങ്ങളിൽ
തുടർന്നുപോന്നതിനു പിന്നിൽ, ഈ ചിത്രകാരൻ
കോറിയെടുത്ത കലാഭാഷയിൽ മനുഷ്യാന്തരങ്ങൾ അത്രമേൽ
ശക്തമായിരുന്നുവെന്നും തോന്നും. പക്ഷിയുടെ
ചുണ്ടുകളുടെയും നഖങ്ങളുടെയും പോറലുകൾപോലെയാണ്
ആ ചിത്രങ്ങളിൽ നേർത്ത, കറുത്ത വരകൾകൊണ്ടുള്ള
പാടുകൾ. പക്ഷി പറന്നുപോയിട്ടും നഖപ്പാടുകളും പക്ഷിയുടെ
യാത്രാപഥങ്ങളും ബാക്കിനിൽക്കുന്നതുപോലുള്ള ഒരു
അനുഭവം നിലനിർത്തുന്നുണ്ട് ആ രചനകൾ.
നാരായണൻ നമ്പൂതിരിയുടെ ചിത്രങ്ങളിൽ മനുഷ്യരൂപം
തെളിയാത്തതെന്തേ എന്ന് ചിലപ്പോഴെല്ലാം ആലോചിച്ചിട്ടുണ്ട്.
അമൂർത്തതയിൽനിന്ന് മൂർത്തതയിലേക്കുള്ള വഴിയിലാണ്
അദ്ദേഹത്തിന്റെ ചിത്രങ്ങൾ എന്നതിനാലാണ് അത്തരമൊരു
സന്ദേഹമുയരുന്നത്. മനുഷ്യരൂപം ആവിർഭവിക്കുവാൻ
തക്കതായ ഒരു നീണ്ട കാലം അദ്ദേഹം തന്റെ രചനകളിൽ
ഒഴിച്ചിടുകയായിരുന്നുവെന്നു പറയാം. കാരണം, ഇപ്പോൾ ഇതാ
ആ ചിത്രങ്ങളിൽ മനുഷ്യരൂപങ്ങൾ
പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു! ചിത്രങ്ങളുടെ വലിപ്പവും
വർദ്ധിച്ചു. ഇത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്.
മനുഷ്യരൂപം കടന്നുവരുമ്പോൾ, അതുവരെയുള്ള
ജീവിലോകപശ്ചാത്തലത്തിന് മാറ്റമൊന്നും വരുന്നില്ല എന്ന
കാര്യം ശ്രദ്ധിക്കുക. മനുഷ്യന് വേറിട്ട ഒരു അസ്തിത്വമില്ലെന്നും,
അത് ഇതരഘടകങ്ങളുടെ അവിഭാജ്യഘടകമാണെന്നും
ആഴത്തിൽ വിശദീകരിക്കുന്ന ഒരു ദർശനച്ചിമിഴ് ഈ പുതിയ
ചിത്രങ്ങളിലുണ്ട്. ജലച്ചായചിത്രങ്ങൾക്ക് ചെറിയ പ്രതലമാണ്
സമുചിതം എന്നു മനസ്സിലാക്കിയാണ് ഈ കലാകാരൻ
ചിത്രകലയിലേക്കു പ്രവേശിച്ചത്. പക്ഷേ നാം നാളിതുവരെ
പരിചയിച്ച ജലച്ചായചിത്രങ്ങളിൽനിന്നും തികച്ചും ഭിന്നമാണ്
ആ ചിത്രങ്ങൾ എന്ന് നാം ആഹ്ലാദപൂർവം തിരിച്ചറിയുന്നു.
ജലച്ചായത്തിൽ, നിശ്ചയമായും, നിറത്തിനാണ് പ്രാധാന്യം.
പക്ഷേ, നാരായണൻ നമ്പൂതിരിയുടെ രചനകളിൽ
പ്രാധാന്യമർഹിക്കുന്നത് വരകളാണ്. വരകളുടെ ശക്തി എന്ന
വരം. ഇതുതന്നെയാണ് ആ ചിത്രങ്ങളുടെ വരപ്രസാദവും.
ബൈബിളിലെ ഉല്പത്തിക്കഥയിലെ ആറാം ദിവസത്തെ
ഓർമിപ്പിക്കുന്നുണ്ട്, നാരായണൻ നമ്പൂതിരിയുടെ ചിത്രങ്ങളുടെ
ഭാവാന്തരം. അഞ്ചാം ദിവസമാണ് ദൈവം പക്ഷികളെയും
ഇഴജന്തുക്കളെയും മറ്റ് മൃഗങ്ങളെയും സൃഷ്ടിച്ചത്;
ആറാംദിവസം മനുഷ്യനെയും. നാരായണൻ നമ്പൂതിരിയുടെ
ചിത്രവഴി നോക്കിയാൽ ഇതിനു സമാനമായ രചനാരീതി നമുക്ക്
അത്ഭുതാദരങ്ങളോടെ കാണുവാൻ കഴിയും.
ജീവജാലങ്ങളുടെ സൃഷ്ടി പൂർത്തിയായശേഷം കർത്താവ്
വിശ്രമിച്ചു എന്ന് വേദപുസ്തകം. പക്ഷേ, ഈ കർത്താവ് ഏഴാം
ദിവസം വിശ്രമിക്കുകയില്ല എന്നു പ്രത്യാശിക്കുവാനാണ്
ഇപ്പോൾ തോന്നുന്നത്.