അതിർത്തിയുദ്ധത്തിന്റെ സുഖജ്വരം

കെ.പി. രമേഷ്

പെരുമഴക്കാലം ശിശിരത്തോടു വിട പറയുവാൻ വെമ്പിനിൽ
ക്കുന്ന പശ്ചിമ ബംഗാളിന്റെ പതുപതുത്ത മണ്ണിൽ കാലുകുത്തുമ്പോൾതന്നെ
മനസ്സിലും ശരീരത്തിലും കടുകെണ്ണയുടെ കലർപ്പറ്റ
ഗന്ധമിയലുന്നു. കനത്ത മഴയ്‌ക്കൊപ്പം മരണകാരിയായ മിന്നലും
കൂട്ടുവരുന്നത് ശാന്തിനികേതനിലെ കുടീരിൽനിന്ന് മ്യൂസിയത്തി
ലേക്കുള്ള ചെറിയ ദൂരത്തിൽതന്നെ വെപ്രാളപ്പെടലിന്റെ താള
ത്തിൽ അനുഭവിച്ചറിഞ്ഞു.

പെരുമഴയിൽ കുതിർന്നെത്തിയ ഞങ്ങളെ (സഹചാരി കവി
മോഹൻദാസ് തെമ്പള്ളം) ബിരുദാനന്തരബിരുദവിദ്യാർത്ഥിയായ
മ്യൂറലിസ്റ്റ് അനൂപ് അവന്റെ ഹോസ്റ്റൽമുറിയിൽ വച്ച് സ്വീകരിച്ചു.
അല്പസമയത്തിനുശേഷം അവിടേക്കു കടന്നുവന്ന രണ്ടു
പ്രാകൃതവേഷക്കാരെ തിരിച്ചറിഞ്ഞപ്പോൾ ഞെട്ടി – കവികളായ
ക്രിസ്പിൻ ജോസഫും ബിനു എം. പള്ളിപ്പാടും. രണ്ടു പതിറ്റാണ്ടി
നുശേഷം ബിനുവിനെ കാണുമ്പോഴുള്ള വിസ്മയം അദ്ദേഹ
ത്തിന്റെ കവിതാപര്യടനത്തിന്റെ കാര്യത്തിൽ മാത്രമായിരുന്നില്ല.
മികച്ചൊരു ബാംസുരിവാദകനായി മാറിക്കഴിഞ്ഞിരുന്നു ബിനു.
സാഹസികമായി യാത്രചെയ്ത് ഗ്രാമീണ ബംഗാളിനെ അടുത്ത
റിയാൻ വന്നതാണവർ. പകലുകൾ മുഴുവൻ ബാവുൽഗായകരുടെ
വാസസ്ഥലങ്ങളായ ശ്യാംബോത്തിയിലും പ്രാന്തിക്കിലുമൊക്കെ
യാവും. ഇരുട്ട് മൂർഛിക്കുന്തോറും റോഷ് പോലുള്ള നാടൻ ചാരായത്തിന്റെ
പ്രണയാവേശത്തിൽ കൊപ്പായ് നദീതീരത്തെ ഏതെ
ങ്കിലും താവളത്തിൽ സന്താളുകൾക്കൊപ്പം സംഗീതവും കവിതയും
ഒന്നിച്ചും ഭിന്നിച്ചും മുളപൊട്ടുന്ന സൗഹൃദത്തിലാണ്ടുപോകും.
അന്തിത്താവളത്തിൽ വോഡ്കയുടെ തീത്തുള്ളികൾ ഞരമ്പുകളെ
മൃദുവായി ജ്വലിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, അവർ
കുഞ്ഞുകുട്ടൻ എന്ന മറ്റൊരു ബാംസുരിവാദകനെ കൂട്ടിക്കൊണ്ടുവന്നു.
മുറി മുഴുവൻ പുല്ലാങ്കുഴലിന്റെ തുളകൾ വീണു. നീന്തിവരുന്ന
തണുപ്പിന്റെ കൈകൾക്ക് അന്നേരം ശക്തി പോരെന്നു തോന്നി.

പിറ്റേന്ന് രാവിലെ കാഞ്ചൻജംഗ എക്‌സ്പ്രസ്സിൽ കയറി.
ന്യൂഫറാക്കയിലെത്തിയപ്പോൾ കംപാർട്‌മെന്റ് നിറഞ്ഞു. ഒരു
യുവതിയും രണ്ടു വൃദ്ധകളും ഞങ്ങളുടെ കൂപ്പയിലെത്തി. രോണു
ജെയ്ൻ എന്ന ആ വിദ്യാർത്ഥിനി ശാന്തിനികേതനിൽ നിപ്പൺ
ഭവനിൽ ബിരുദത്തിനു പഠിക്കുകയാണ്. ജാപനീസ് സംസ്‌കാരത്തെക്കുറിച്ചായി
പിന്നെ ഞങ്ങളുടെ സംഭാഷണം. രോണുവിന്റെ കൂടെയുള്ളത് വലിയമ്മയും അമ്മൂമ്മയും ആണ്. അവർ പോകുന്നത് ഗോഹതിയിലേക്കാണ്. അവിടെയാണ് അവളുടെ അച്ഛനുജോലി.

ബാവുൽഗായകർ പാട്ടുകൊണ്ടും ഹിജഡകൾ കൈകൾ
കൊണ്ടും യാത്രികരെ തൊട്ടുഴിഞ്ഞു. പാൻട്രികാറിനടുത്തുള്ള
കംപാർട്‌മെന്റായതിനാൽ അവിടെ വറുത്തും പൊരിച്ചുമെടുക്കുന്ന
ഭക്ഷണപദാർത്ഥങ്ങളുടെ മണം നിർബാധം കടന്നുവരുന്നുണ്ടായി
രുന്നു. ബർസോയിൽ എത്തുമ്പോഴേക്കും വണ്ടി വൈകി.
ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ വാദ്യമേളത്തിന്റെ ശബ്ദം കേട്ട്
വാതിൽക്കൽവരെ ചെന്നു. രാത്രിയിലേക്കുള്ള പാചകജോലികൾ
പൂർത്തിയാക്കിയ കുശിനിക്കാർ പറച്ചെണ്ടപോലുള്ള വാദ്യങ്ങളി
ൽ സ്വയം മറന്ന് താളമുണർത്തുകയാണ്.

കിഷൻഗഞ്ജ് എത്തിയപ്പോൾ, ഒരു ബംഗാളിയുവാവ് ഞങ്ങളെ
സമീപിച്ച് അമിതസ്വാതന്ത്ര്യത്തോടെ ഇടറുന്ന മലയാളത്തിൽ
കുശലാന്വേഷണം തുടങ്ങി. കെട്ടിടനിർമ്മാണരംഗത്ത് കുറച്ചു
കാലം ചെങ്ങന്നൂരിൽ പണിയെടുത്ത കക്ഷിയാണ് അയാൾ.
അന്നു രാത്രി അവിടെ തങ്ങി, പിറ്റേന്നു വെളുപ്പിന് ഗ്യാങ്‌ടോക്കി
ലേക്കു കടക്കാനായിരുന്നു ഞങ്ങളുടെ പദ്ധതി. ന്യൂജൽപായ്ഗുഡി
യിൽ ചാറ്റൽമഴയത്ത് വണ്ടിയിറങ്ങുമ്പോൾ, ഞങ്ങളെ ഏതു
വിധേനയും സഹായിക്കാനായിരുന്നു അയാളുടെ വെമ്പൽ. ഒരു
അപരിചിതന്റെ അതിരുകവിഞ്ഞ സ്‌നേഹപ്രകടനത്തിൽ
ഞങ്ങൾക്കു പക്ഷേ അരിശമാണ് തോന്നിയത്.

മഴയ്‌ക്കൊപ്പം രാത്രി കനക്കുകയും അയാളുടെ സഹായവാഗ്ദാനം
മുറുകുകയും ചെയ്തത് ഞങ്ങളെ വല്ലാതെ
അലോസരപ്പെടുത്തി. ഗ്യാങ്‌ടോക്കിലേക്കുള്ള ജീപ്പുകൾ കിട്ടാൻ
സൗകര്യം സിലിഗുഡിയിൽനിന്നാണെന്നും, അതുകൊണ്ട്
അവിടേക്കു പോകുന്നതാണ് നല്ലതെന്നും അയാൾ കൂടെക്കൂടെ
പറഞ്ഞു. ഇതിനിടെ അയാൾ ചില ഓട്ടോറിക്ഷക്കാരെ സമീപിച്ച്
വിലപേശിക്കൊണ്ടിരുന്നു. ഞങ്ങൾ അയാളെ ഉപേക്ഷിച്ച് ഉപായ
ത്തിൽ ഒരു ഓട്ടോയിൽ കയറിയപ്പോൾ അയാളും ഒപ്പം വന്നു.
തെറ്റിദ്ധാരണ മാറ്റാൻ അയാൾ ചിരിച്ചുകൊണ്ട് കേരളത്തെപ്പറ്റി
പറഞ്ഞു.

ഇടിയും മിന്നലും മൂലം വൈദ്യുതി നഷ്ടപ്പെട്ടിരിക്കുന്ന
സമയത്താണ് സിലിഗുഡിയിലെത്തിയത്. ഇരുണ്ട ഒരു ഗലിയിൽ
മഴവെള്ളച്ചാലിലൂടെ നടന്ന് ഒരു സത്രത്തിന്റെ മുന്നിലെത്തി.
വാതിൽ തുറന്നത് കേരളശ്ശേരിക്കാരനായ അരുൺ. ഞങ്ങളോടൊപ്പം
ഇത്രയും ദൂരം വന്ന ആ അപരിചിതമിത്രം ഏതോ ദൗത്യം
പൂർത്തിയാക്കിയിട്ടെന്നതുപോലെ ഞങ്ങളോട് നന്ദിപറഞ്ഞ്
വിടവാങ്ങി. ജാള്യതയും കുറ്റബോധവും ഇഴുകിപ്പിടിച്ചതിനാൽ
ഞങ്ങൾക്കൊന്നും പറയാൻ തോന്നിയില്ല.

സിലിഗുഡിയിൽ മറ്റൊരു ആശങ്ക. ഗ്യാങ്‌ടോക്കിൽ പണിമുട
ക്കാണെന്നാണ് അരുൺ പറഞ്ഞത്. പണിമുടക്കിന്റെ കാരണമൊന്നും
അറിയില്ല. അത് അധികനാൾ നീണ്ടുനിൽക്കുകയി
ല്ലെന്നും, ഭക്ഷണസാധനങ്ങൾ തീരുമ്പോൾ അവർ സിലിഗുഡിയി
ലേക്ക് ഇറങ്ങിവരണമെന്നും, അപ്പോൾ സ്വാഭാവികമായും
വാഹനഗതാഗതം തുടരുമെന്നും കേട്ടത് തമാശയായി തോന്നി.
സിക്കിമിലെ വാണിജ്യത്തിന്റെയും ജീവിതതാളത്തിന്റെയും
ചരടുകൾ വലിക്കുന്നത് താഴെ, ബംഗാളിൽനിന്നാണ്. മലമുകളിലെ
വിപ്ലവം താഴ്‌വരയിലും സമനിരപ്പിലുമെത്തുമ്പോൾ
അനാവശ്യമാകുന്നത്രയും പരിഹാസ്യത ഈ സാമൂഹിക വ്യവസ്ഥ
യ്ക്കുമുണ്ടെന്നു കേട്ടപ്പോൾ മുഖംതിരിച്ചു. ഗ്യാങ്‌ടോക്കിലേക്ക്
വാഹനതടസ്സമില്ലെന്ന് പിന്നീടറിഞ്ഞു. മുറിയിലെ ഇരുട്ട്
സാരമില്ലാതെയായി.

തലേന്നു പെയ്ത മഴയുടെ തലക്കനമൊന്നുമില്ലാത്ത
സിലിഗുഡിയിലെ പുലരി. തീസ്താനദിയിലെ സവിശേഷമായ
പാലം കടന്നുപോകുന്ന ടാറ്റാ സുമോ. ഗ്യാങ്‌ടോക്ക് എന്ന പേര്
ഞാനാദ്യം അറിയുന്നത് കുട്ടിക്കാലത്തു വായിച്ച ഒരു
പുസ്തകത്തിലൂടെയാണ് – സത്യജിത് റേയുടെ ‘ഗ്യാങ്‌ടോക്കിലെ
കുഴപ്പം’. ആ വായനയ്ക്കു ശേഷം മൂന്നു പതിറ്റാണ്ടുകൾ കഴിഞ്ഞ്
ഗ്യാങ്‌ടോക്കിലെത്തുമ്പോൾ, അവിടെ കുഴപ്പമല്ല, ഈർപ്പമാണ്
അനുഭവപ്പെട്ടത്.

കിഴക്കൻ ഹിമാലയത്തിലെ പ്രധാന താവളമായ
ഗ്യാങ്‌ക്കോടിന്റെ കയറ്റങ്ങളും ഇറക്കങ്ങളും കൊടുംവളവുകളും
ഇരുണ്ടപച്ചയൊലിച്ചുനിൽക്കുന്നു. കുന്നിൻപുറത്തെ നിർമിതിക്കു
പേരുകേട്ട സ്ഥലമാണ് ഗ്യാങ്‌ടോക്ക്. ശിവാലിക് കുന്നുകളിലൊ
ന്നാണ് ഗ്യാങ്‌ടോക്ക്. 1840ൽ അവിടെ നിർമിതമായ എൻചേ
മൊണാസ്റ്ററിയോടുകൂടിയാണ് ഒരു പ്രബലമായ ബൗദ്ധ തീർത്ഥാടനകേന്ദ്രമെന്ന
നിലയിലേക്ക് അത് ഉയർന്നത്. ഇരുപതാംനൂറ്റാ
ണ്ടിന്റെ തുടക്കത്തിൽ തിബത്തും ഇന്ത്യയും തമ്മിലുള്ള
വാണിജ്യപാതയുടെ (സിൽക്ക് റൂട്ട്-പട്ടുപാത) ഗംഭീരമായ
സ്ഥലിയായി ഗ്യാങ്‌ടോക്ക് രൂപപ്പെട്ടു. കൊൽക്കത്തയും ലാസയും
തമ്മിൽ ബന്ധപ്പെടുന്നത് അങ്ങനെയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര
കാലയളവിൽ സിക്കിം ഒരു പ്രത്യേക മേഖലയാവുകയും
ഗ്യാങ്‌ടോക്ക് അതിന്റെ തലസ്ഥാനമാവുകയും ചെയ്തുവെന്ന്
ഔദ്യോഗികരേഖകൾ വ്യക്തമാക്കുന്നു. 1975-ൽ ഇന്ത്യൻ
യൂണിയൻ ഉദ്ഗ്രഥിക്കപ്പെട്ടതോടെ, സിക്കിം ഒരു സംസ്ഥാനമായി
മാറി.

തിബത്തൻ ബുദ്ധിസത്തിന്റെ പ്രവേഗച്ഛായ കലർന്ന പെരുമയാർന്ന
ഒരു കേന്ദ്രമായി പരിണമിച്ചതിന്റെ അടയാളങ്ങൾ
നമുക്കിന്ന് ഗ്യാങ്‌ടോക്കിൽ തിരിച്ചറിയുവാൻ കഴിയും. തിബറ്റോള
ജി പഠിപ്പിക്കുന്ന കേന്ദ്രങ്ങളും അസംഖ്യം ബുദ്ധസന്യാസിമഠങ്ങളും
ഇവിടെയുണ്ട്. 1894-ൽ തൂത്തോബ് നംഗ്യാൽ എന്ന സിക്കിം
രാജാവ് തലസ്ഥാനം തുംലോങ്ങിൽനിന്ന് ഗ്യാങ്‌ടോക്കിലേക്കു
മാറ്റി. 1975 വരെ സിക്കിമിൽ രാജഭരണമായിരുന്നു. പക്ഷേ
രാജഭരണം അസ്തമിച്ചിട്ടും അതിന്റെ മനോഭാവങ്ങൾ സിക്കിമിൽ
ഇന്നും ദൃശ്യ മാണ്. (രാജഭരണത്തിൽനിന്നും അടുത്തൂൺ പറ്റിയ
ചിലരുടെ വാഹനങ്ങൾ കാണുമ്പോൾ തിരുവനന്തപുരം നഗര
ത്തിലെ മനുഷ്യർ ഭയഭക്തിബഹുമാനപുരസ്സരം ചാടിയെഴുന്നേറ്റ്
നമസ്‌കരിക്കുന്ന കാഴ്ചയ്ക്കു സമാനമാണത്). ബാഹ്യമായി
നിരാകരിക്കപ്പെട്ട ഒരു ജീവിതവ്യവസ്ഥയെ അതിന്റെ ആന്തരിക
താളത്തിൽ ഈ ജനത കൊണ്ടുനടക്കുകയാണെന്നു തോന്നിപ്പോകും.

കുന്നുകളെ ഇടിച്ചുനിരത്തി വീടുകളും സ്ഥാപനങ്ങളം
ഒരുക്കുവാൻ ആർത്തി പൂണ്ടിരിക്കുന്ന കേരളീയർക്ക് കണ്ടുപഠിക്കുവാനുള്ള
ഒരു വലിയ പാഠപുസ്തകമാണ് ഗ്യാങ്‌ടോക്ക് നഗരം.

കുന്നുകളുടെ നൈസർഗികത ചോരാതെതന്നെ ശാസ്ത്രീയമായ
വാസ്തുവിദ്യയുടെ വഴക്കങ്ങൾ തനിമയാർന്ന ആവാസകേന്ദ്രങ്ങളായി
പരിണമിക്കുന്ന കാഴ്ചയാണിവിടെ. കുത്തനെയുള്ള റോഡുക
ൾ, അവയ്ക്ക് ഇരുവശത്തുമായി ഭംഗിയുള്ള നടപ്പാതകൾ,
റോഡുകൾക്കു മുകളിൽ കരകളെ ബന്ധിപ്പിക്കുന്ന ചെറിയ
പാലങ്ങൾ. നഗരത്തെ രണ്ടായി പകുത്തുകൊണ്ടൊഴുകുന്ന
റാണീപൂലിന്റെ ഞരമ്പുകൾ. അത് നീണ്ടൊഴുകി സിങ്താമിൽ വച്ച്
തീസ്താപ്രവാഹത്തിൽ നഷ്ടപ്പെടുന്നു.

കമ്പിളിയും സുഗന്ധവ്യഞ്ജനങ്ങളും മറ്റുമായി ഇന്ത്യയും
തിബത്തും തമ്മിൽ നടന്ന വാണിജ്യബന്ധത്തിന് മധ്യസ്ഥായി
യായി നിലകൊണ്ട ഗ്യാങ്‌ടോക്കിന്റെ സാമ്പത്തികാടിത്തറയുടെ
നട്ടെല്ലൊടിച്ചത് ഇന്ത്യ-ചൈന യുദ്ധമായിരുന്നു. 2006-ൽ
നാഥുലാചുരം തുറന്നതോടെ, പഴയ വീര്യം തിരിച്ചുപിടിക്കാനുള്ള
ശ്രമത്തിലാണ് സിക്കിം. ഗ്യാങ്‌ടോക്കിൽനിന്ന് ലാസയിലേക്ക്
ബസ്ഗതാഗതമുണ്ടാക്കാനുള്ള പദ്ധതിയൊന്നും വിജയിച്ചിട്ടില്ല.
തിബത്തിൽനിന്നും നേപ്പാളിൽനിന്നുമുള്ള ജനങ്ങളുണ്ടെങ്കിലും
ലെപ്ച, ഭൂട്ടിയ വംശജരാണ് ഗ്യാങ്‌ടോക്കിൽ ഭൂരിപക്ഷം.
വാച്ചുനിർമാണവും കരകൗശലവസ്തുക്കളുമുൾപ്പെടെയുള്ള കുടിൽ
വ്യവസായം തഴച്ചുനിൽക്കുന്നുണ്ട് ഗ്യാങ്‌ടോക്കിൽ. ടൂറിസംകൊ
ണ്ടുമാത്രം ജീവിക്കാൻ വിധിക്കപ്പെട്ട സിക്കിമിൽ ജീവിതത്തിന്റെ
വിശിഷ്ടനിമിഷങ്ങൾപോലും വില്പനയ്ക്കു വച്ചിരിക്കുന്നു. തനതു
രീതിയിൽ നിർമിക്കപ്പെടുന്ന ചാംഗ് പോലുള്ള മദ്യത്തിന്
ആവശ്യക്കാരേറെ. എം.ജി. മാർഗാണ് ഇവിടത്തെ ഏറ്റവും
തിരക്കേറിയ വാണിജ്യകേന്ദ്രം. കനത്ത മഞ്ഞുപാതവും മഴയും
ചെറുക്കുവാനുപകരിക്കുന്ന കുടകൾ ഇവിടെ ലഭിക്കും. ബിഹാറി
കളും ബംഗാളികളും മാർവാഡികളുമാണ് വ്യാപാരരംഗത്തെ
അധിപർ. നാടൻമദ്യവും വിദേശമദ്യവും വൈവിധ്യമേറിയ
ഇറച്ചിവിഭവങ്ങളും വിളമ്പുന്ന ചെറുതും വലുതുമായ തീൻഗൃഹ
ങ്ങളുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത് സ്ത്രീകളാണ്.
വിലക്കുറവു മൂലം മദ്യം ഉൾപ്പെടെയുള്ള സാധനങ്ങൾ സിക്കിമിൽ
അധികമായി വിൽക്കപ്പെടുന്നുണ്ട്.

തിബത്തൻ അഭയാർത്ഥികളുടെ വലിയൊരു കേന്ദ്രമായ
ഗ്യാങ്‌ടോക്കിലെ മറ്റൊരു ആകർഷണം റുംടെക്ക് മൊണാസ്റ്ററിയാണ്.
കർമാപ ലാമ കുറേക്കാലം ഒളിച്ചുതാമസിച്ച ഇടം എന്ന
നിലയ്ക്ക് റുംടെക്കിന് വാർത്താപ്രാധാന്യമേറി. ലാസയിലെ
ബുദ്ധാശ്രമത്തിന്റെ ഓർമകൾ റുംടെക്കിന്റെ വാസ്തുശില്പത്തിൽ
ഘനീഭവിച്ചുനിൽക്കുന്നുണ്ട്. തിബത്തിലെ കർമകാഗ്യൂ വംശജരാണ്
ഇവിടെയുള്ളത്. തിബത്തൻ പ്രമാണങ്ങളുടെ അപൂർവ
നിധിശേഖരമായും റുംടെക്ക് അറിയപ്പെടുന്നു. പതിനേഴാം
കർമാപ ലാമ ലാസയിൽ നിന്നും പലായനം ചെയ്ത് ഇന്ത്യയിൽ
അഭയംതേടിയതും റുംടെക്കിൽ താമസിച്ചതും രാജ്യാന്തരവാർത്ത
കൾക്കടിസ്ഥാനമായി. റുംടെക്ക് ആശ്രമത്തിന്റെ പ്രധാന
കവാടത്തിൽ കാവൽ നിൽക്കുന്നത് മലയാളിയായ ഒരു
ജവാനാണ്.

പതിനാറാം നൂറ്റാണ്ടിൽ ഒൻപതാം കർമാപയായ വാങ്ചുക്
ദോർജെയാൽ നിർമിക്കപ്പെട്ടതാണ് ഈ ബൃഹദ്മന്ദിരസമുച്ചയം.
കാലങ്ങൾ കഴിഞ്ഞ് പതിനാറാം കർമാപയായ ഗ്യാൽവാങ്
തിബത്തിൽനിന്നും പലായനംവഴി സിക്കിമിലെത്തുമ്പോൾ
റുംടെക്ക് നാശത്തിന്റെ വക്കിലെത്തിയിരുന്നു. അരുവികളാലും
മലനിരകളാലും ചുറ്റപ്പെട്ട റുംടെക്കിന്റെ മനോഹാരിതയും
പാവനത്വവും വീണ്ടെടുക്കേണ്ടത് തന്റെ ധാർമിക ദൗത്യമാണെന്നു
കരുതിയ അദ്ദേഹം അന്നത്തെ സിക്കിംരാജകുടുംബത്തിന്റെ
സഹായത്തോടുകൂടി നാലുവർഷംകൊണ്ട് ഈ ആശ്രമം
പുതുക്കിപ്പണിതു. തിബത്തിലെ തന്റെ താവളമായ ത്‌സുർഫൂ
മൊണാസ്റ്ററിയിൽനിന്ന് നെഞ്ചോടടുക്കിപ്പിടിച്ച പ്രമാണങ്ങളും
അസ്ഥിയവശിഷ്ടങ്ങളും അദ്ദേഹം റുംടെക്കിൽ സംസ്‌കരിച്ചു.
1966-ലെ തിബത്തൻ പുതുവത്സരദിനത്തിലാണ് അദ്ദേഹം
ഇതിനെ ‘ധർമചക്ര സെന്റർ’ ആയി പ്രഖ്യാപിച്ചത്. അദ്ദേഹ
ത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ഉൾക്കൊള്ളുന്ന സുവർണ
സ്തൂപവും കർമശ്രീ നളന്ദ ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെ തിളങ്ങുന്ന അദ്ധ്യായങ്ങളാണ്.
ബുദ്ധപ്രതിമകളും തിബത്തൻ ‘തങ്ക’ചിത്രങ്ങളും
വിശാലമായ ധ്യാനശാലകളെ സമ്പന്നമാക്കുന്നു.

മഞ്ഞുമഴ പെയ്യുന്ന നാഥുലയിലെത്തിയപ്പോൾ സമ്മിശ്ര
വികാരം. ഇന്ത്യയും ചൈനയും തമ്മിലുള്ള വാണിജ്യപാതയുടെ
സുവർണ കവാടമായി നാഥുല വിശേഷിപ്പിക്കപ്പെടുന്നു.
പുകഞ്ഞു പൊന്തുന്ന രാഷ്ട്രീയകാരണങ്ങളാൽ ഈ കവാടം
അനേകം കാലം അടച്ചിട്ടിരിക്കുകയായിരുന്നു. അതിന്റെ പ്രധാന
കാരണം 1962-ൽ നടന്ന ഇന്ത്യ-ചൈന യുദ്ധമായിരുന്നു. 2006
ജൂലൈ ആറിനാണ് നാഥുല തുറന്നത്. ആ ദിനം ദലൈലാമയുടെ
ജന്മദിനംകൂടിയാണ് എന്നത് യാദൃച്ഛികതയാവാം! തിബത്തൻജ
നതയുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ഒരു അടയാളംകൂടി ആ
ദിവസത്തിന്റെ സ്മൃതിയിലുണ്ടാവും.

ഉറപ്പു കുറഞ്ഞ മണ്ണും, നിരന്തരമായ മലയിടിച്ചിലും, വഴുക്കുന്ന
പാതയുമാണ് നാഥുലയിലേക്കു നയിക്കുന്നത്. അതിനിടയ്ക്ക്
രണ്ടു ഇടത്താവളങ്ങളുണ്ട് – ചങ്ഗുത്തടാകവും ബാബാമന്ദിറും.
നാഥുലയിൽ ഉയർന്ന സ്ഥലത്ത് ഒരു മിലിറ്ററി പോസ്റ്റുണ്ട്.
അതാണ് അതിർത്തി. അതിനപ്പുറം തിബത്ത് – ഇപ്പോഴാണെ
ങ്കിൽ ചൈന. ഇവിടെനിന്നു നോക്കിയാൽ അകലെ തിബത്തിലെ
ഛുംബീതാഴ്‌വര കാണാനാകുമത്രെ. ഉച്ചനേരത്തുപോലും
മഞ്ഞിന്റെ പടുതയുള്ളതിനാൽ അത് കാണുവാനായില്ല.
ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന തിബത്തിന്റെ
ഹൃദയത്തിലേക്കു തുറക്കുന്ന നാഥുലയിൽ നിൽക്കുമ്പോൾ നാം
അഭയാർത്ഥികളെ ഓർത്തുപോകുന്നു. ലോകത്തെ ഒരൊറ്റ
വിപണിയാക്കുന്നതിൽ അതിവേഗം വിജയിച്ചുകൊണ്ടിരിക്കുന്ന
ചൈനീസ് ഉല്പന്നങ്ങളെ ഒരു കൈകൊണ്ടു സ്വീകരിച്ച്, മറുകൈകൊണ്ട്
ആഗോളവത്കരണത്തെ പുലഭ്യം പറയുവാനും നമ്മൾ
ശീലിച്ചുകഴിഞ്ഞു. ചിലരുടെ മാത്രം ശരികൾ!

‘മധുരമനോജ്ഞ ചൈന’യുടെ ആരവങ്ങളിൽ തിബത്തൻ
ജനതയുടെ പോരാട്ടങ്ങൾ മുങ്ങിത്താഴുന്നു. ബൈലക്കുപ്പെയിലും
മുണ്ഡ്‌ഗോഡിലും ധരംശാലയിലുമുള്ള തിബത്തൻ ജനത
വേരറുക്കപ്പെട്ടിട്ട് അരനൂറ്റാണ്ടു കഴിഞ്ഞു. ലാസയുടെ സ്വപ്നങ്ങൾ
അവരുടെ ജീവിതത്തിൽ സദാ ധ്വനിക്കുന്നു. ‘ഗാസ’യെ ക്കുറിച്ചു
വീറോടെ വാദിക്കുന്നവർ ‘ലാസ’യെക്കുറിച്ചു ഒന്നും മിണ്ടുന്നില്ല.
ആ ക്രൂരമൗനം തുടരുകയാണ്. നഖങ്ങൾ ഒളിപ്പിച്ചുവച്ചുകൊണ്ട്,
നാഥുലയിലെ കമ്പിവേലിക്കരികിൽനിന്ന് ഇന്ത്യൻ പട്ടാളവും
ചീനപ്പട്ടാളവും ‘ഭായിഭായി’ കളിക്കുന്നു. മലമുകളിലെത്തിയ
സഞ്ചാരിക്ക് മഞ്ഞുകടിയേൽക്കുന്നു.