ചെമ്പനീർപൂവായി അവൻ

സുജ സൂസൻ ജോർജ്

അവനൊരു കുമാരൻ
ഇടതുകണ്ണിലുണ്ടൊരു സൂര്യൻ
വലതുകണ്ണിലുണ്ടൊരു സൂര്യൻ
ചുഴലിക്കാറ്റായവനെപ്പൊഴും
ചുറ്റിത്തിരിഞ്ഞവൾക്കു ചുറ്റും
അവളൊരു കുമാരി
ഇടതുകണ്ണിലുണ്ടൊരു കടൽ
വലതുകണ്ണിലുണ്ടൊരു കടൽ
കൊടുങ്കാറ്റായവളെപ്പോഴും
ഉറഞ്ഞുനിന്നവനു ചുറ്റും
അവൾ തൊട്ടു
അവൻ മരമായി തളിർത്തു
അവൻ തൊട്ടു
അവൾ പൂവായി വിടർന്നു
തളിർക്കുമെന്നവന്റെ വാക്ക്
പൂക്കുമെന്നവളുടെ വാക്ക്
വാക്കു തെറ്റിച്ചവൻ വിടർന്നു
ചെമ്പനീർപൂവായവൻ വിടർന്നു.
*തീപ്പൂക്കൾ വർഷിച്ചാകാശം
ചാഞ്ഞിറങ്ങിയവനുമേൽ
കൊത്തിയെടുത്തു പറന്നുപോയി
കണ്ണിലെ സൂര്യനെ തീക്കുരുവികൾ.
പെയ്തുപെയ്തു നിന്നവൾ
തണുതണുത്ത തളിരിലകളാലും
കണ്ണീർക്കടലലകളാലും
ചെമ്പനീർപ്പൂക്കൾക്കുമേലനന്തമായി.
* ബോംബുവർഷത്തിൽ ജീവൻ നഷ്ടപ്പെട്ട ഇറാക്കിലെ ഒരു
പാർക്കിൽ ഉല്ലസിച്ചുനടന്ന പ്രണയികളിലൊന്നിന്റെ ഓർമയ്ക്ക