സങ്കീർത്തനങ്ങളുടെ ഏഴാംവാതിൽ തുറന്ന്…

ബൃന്ദ

”ഒരു പ്രാർത്ഥനപോലെയായിരുന്നു എഴുത്ത്. അതേസമയം
ഞാൻ എന്നെ ബലി കൊടുക്കുകയാണെന്നും തോന്നിയിരുന്നു.
ആ ഇരുണ്ട ദിവസങ്ങളിലെ ദിവ്യവും ഭ്രാന്തവുമായ നിമിഷങ്ങ
ളിൽ വന്യമായ ഒരസ്വസ്ഥതയിലാണ് ഞാൻ ജീവിച്ചത്. എന്റെ
ഹൃദയം കാടുപോലെ കത്തിക്കൊണ്ടിരുന്നു”.
ദസ്തയേവ്‌സ്‌കിയുടെ ഹൃദയത്തിന്റെ ഇരുണ്ട ഇടനാഴികളി
ലൂടെ കടന്നുപോയപ്പോൾ അനുഭവിച്ച ആത്മസംഘർഷങ്ങളെ
പെരുമ്പടവം ശ്രീധരൻ എന്ന സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ
അങ്ങനെയായിരുന്നു കുറിച്ചിട്ടത്.
അക്ഷരങ്ങൾകൊണ്ട് അതീന്ദ്രിയ ലോകം സൃഷ്ടിച്ച പെരുമ്പ
ടവം വിമർശനങ്ങളെപ്പോലും മൃദുവായി തലോടിക്കൊണ്ട് തന്നി
ലേക്കുള്ള വാതിൽ തുറക്കുകയാണിവിടെ. ഏകാന്തതയും വിഹ്വ
ലതയും നിറഞ്ഞ ഉൾമുറികളിൽ വിരുന്നുവന്ന എല്ലാറ്റിന്റെയുമു
ള്ളിൽ നിർമമായ മനസ്സോടെ അദ്ദേഹം ശിരസു നമിക്കുന്നു.
തിരുവനന്തപുരം തമലത്തെ ‘പെരുമ്പടവം വീട്ടി’ൽ ഇപ്പോൾ
രണ്ടുപേർ മാത്രമാണ്. സങ്കീർത്തനകാരനും ഭാര്യ ലൈലയും.
മക്കൾപ്പക്ഷികൾ പുതിയ ചില്ലകളിൽ കൂടുതീർത്തു. ലൈലയെ
അരുമയായി ഒരു കുഞ്ഞിനെയെന്നവണ്ണം അദ്ദേഹം ശുശ്രൂഷിക്കു
ന്നു.
”ഈ പുള്ളിക്ക് കുറച്ച് ആരോഗ്യപ്രശ്‌നമുണ്ട്. അതുകൊണ്ട്
ഇപ്പോൾ പരിചരണമൊക്കെ ഞാൻതന്നെയാണ്” പെരുമ്പടവം
ചുമലിലിട്ടിരുന്ന പച്ചതോർത്തിൽ കൈ തുടച്ചുകൊണ്ട് പുഞ്ചിരി
ച്ചു. ഒപ്പം ലൈലയും. ”എനിക്ക് ചോറുണ്ടാക്കനറിയാം. സാമ്പാറും
തോരനുമുണ്ടാക്കും. അങ്ങനെ പാചകമൊക്കെയറിയാം.
വൈകീട്ട് ചിലപ്പോൾ ചപ്പാത്തി വാങ്ങും” അങ്ങനെ പോകുന്നു
പെരുമ്പടവത്തിന്റെ ജീവിതത്തിന്റെ അഷ്ടപദികൾ.
”ഈ പുള്ളി പണ്ട് ‘മൈത്രി’ എന്ന പേരിൽ ഒരു മാസിക നട
ത്തിയിരുന്നു. ഏകദേശം മൂന്നുവർഷത്തോളം. അതിൽ അക്കാലത്തെ
ഏറ്റവും പ്രമുഖരൊക്കെയായിരുന്നു എഴുതിയിരുന്നത്.
കുറ്റിപ്പുഴ, ബഷീർ, അന്തർജനം, കെ. ബാലകൃഷ്ണൻ തുടങ്ങി
ഒട്ടേറെ പേർ” പെരുമ്പടവം പറഞ്ഞുവന്നത് ലൈല പൂരിപ്പിച്ചു: ”
കുട്ടികളും മറ്റു വീട്ടുകാര്യങ്ങളുമായി ഉത്തരവാദിത്വം കൂടിയപ്പോൾ
അതു നിർത്തി. ബഷീറുമായുള്ള ഇന്റർവ്യൂ ഒക്കെ ഞാൻ അതിൽ
ചെയ്തിട്ടുണ്ട്”.
അക്ഷരലോകത്തിന്റെ വിശുദ്ധ സഞ്ചാരങ്ങളിൽ തന്റെ വായനയുടെ
നിലപാടുകൾ ലൈല കണ്ടെടുത്തു.
”അദ്ദേഹം എഴുതിക്കഴിയുമ്പോഴേക്ക് ഞാൻ വായിച്ചതുപോലെയാകും.
അതേക്കുറിച്ച് പലരോടും പറയുന്നത് ഞാനിങ്ങനെ
കേൾക്കുകയല്ലേ. പറയുന്തോറുമല്ലേ എഴുതുന്നത്. അദ്ദേഹം എഴുതിക്കഴിയുമ്പോഴേക്ക്
ഞാൻ പഠിച്ചിരിക്കും”.
”ഞാൻ എന്തെഴുതിയാലും പുള്ളിക്കൊരു പ്രശ്‌നവുമില്ല. എത്ര
പതിപ്പു വന്നു എന്നേ അന്വേഷിക്കാറുള്ളൂ. എത്ര കാശു കിട്ടിയെന്ന്
തിരക്കും. കുടുംബം നടന്നുപോകണം. അതാണ് പുള്ളിയുടെ
ആഗ്രഹം” പെരുമ്പടവം തന്റെ ‘പുള്ളി’യുടെ ആത്മാവിന്റെ നീലി
മകളിലൂടെ വിരലോടിച്ചു.
അപ്പോൾ വളരെക്കാലം മുമ്പ് അദ്ദേഹം എനിക്കയച്ച കത്തിൽ
തന്റെ മേശപ്പുറം നിറയെ മറുപടി എഴുതാനുള്ള കത്തുകളാണ്
എന്ന് കുറിച്ചിരുന്നത് ഞാനോർമിച്ചു. ‘അനുഗ്രഹങ്ങൾ പൂട്ടിവ
യ്ക്കാൻ ആർക്കും അവകാശമില്ല’ എന്നു തുടങ്ങിയ സ്‌നേഹാക്ഷരങ്ങ
ളിലൂടെ, വായന ആഘോഷിച്ച എഴുത്തുകാരന്റെ ഹൃദയത്തിന്റെ
ഏഴാംവാതിൽ തുറന്ന് ദൈവം എങ്ങനെയാണ് അദ്ദേഹത്തിന്റെ
യുള്ളിൽ കയ്യൊപ്പിട്ടത് എന്നു തിരഞ്ഞു.
കത്തുകൾ
ആരു കത്തയച്ചാലും ഇപ്പോൾ മറുപടിയൊന്നും അയയ്ക്കാറില്ല.
തീരെ നിവൃത്തിയില്ല. ഞാൻ സാധാരണ ഗതിയിൽ എല്ലാ കത്തുകൾക്കും
മറുപടി അയയ്ക്കുമായിരുന്നു. വിളിച്ചാൽ വിളി കേൾക്കണം
എന്നത് ഒരു സാമാന്യ മര്യാദയാണ്. ഇപ്പോൾ പറ്റുന്നില്ല. (ഭാര്യയെ
നോക്കി) ഈ പുള്ളീടെ കാര്യങ്ങളൊക്കെ ഇപ്പോൾ നോക്കണം.
പിന്നെ വീട്ടുകാര്യങ്ങൾ എല്ലാം ശ്രദ്ധിക്കണം. മുൻപ് അതൊക്കെ
ഇയാൾ നോക്കിക്കൊള്ളുമായിരുന്നു. പിന്നെ അക്കാഡമിയുടെ
ഉത്തരവാദിത്വം. എല്ലാംകൂടി സമയം കിട്ടുന്നില്ല. വായിക്കാനേ
പറ്റുന്നില്ല. മറ്റേത് രാപ്പകൽ വായിക്കുമായിരുന്നു. എഴുതുമായിരു
ന്നു. ഇപ്പോൾ ഒന്നും നടക്കുന്നില്ല.
എഴുത്ത്
ടൈംറ്റേബിൾ വച്ചുള്ള എഴുത്തില്ല. തോന്നുമ്പോൾ എഴുതും.
അഞ്ചാറു മാസമൊക്കെ എഴുതാതിരിക്കും. എഴുതാൻ തുടങ്ങി
യാൽ എഴുതിക്കൊണ്ടേയിരിക്കും. ഒരു കഥ വേണം, അത്യാവശ്യ
മാണല്ലോ എന്നു പറഞ്ഞാൽ ഞാനെങ്ങനെ എഴുതും. മാജിക്കുകാരൻ
പെട്ടിയിൽനിന്നെടുക്കുന്നതുപോലെ എടുത്തുകൊടു
ക്കാൻ പറ്റുമോ? നാലു മക്കളുള്ള അച്ഛനമ്മമാരാണ് ഞങ്ങൾ. മക്ക
ളൊക്കെ വിവാഹിതരായി പലയിടങ്ങളിലാണ്. ഞാൻ രാവിലെ
കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് മനസിലേക്ക് ഒരു
സംഭവം ഓടിയെത്തി. മുൻപ് പത്രത്തിൽ വായിച്ചതാണ്. ഒരു
അമ്മ, തീരെ വയസ്സായി, രോഗിയായി കഴിയുന്നു. അവരുടെ മകൻ
അമ്മയുടെ വസ്ര്തങ്ങളെല്ലാം കെട്ടിപ്പറുക്കി ഭാണ്ഡമാക്കി വച്ച് ഒരു
ഓട്ടോറിക്ഷയിൽ കയറ്റി അവരെ ബസ്സ്റ്റാന്റിൽ ഇറക്കിവിട്ട്
ഇപ്പോൾ വരാം എന്നു പറഞ്ഞ് പോയി. പിന്നെ ആ മകൻ
അമ്മയെ അന്വേഷിച്ച് ചെന്നിട്ടില്ല. അവരെ ഉപേക്ഷിക്കുകയായി
രുന്നു.
ഏതെങ്കിലും മകൻ അമ്മയെ ഉപേക്ഷിക്കുന്നത് സംഭവമാണ്.
അത് മനുഷ്യാവസ്ഥയുടെ ഭാഗമായി മാറുമ്പോഴാണ് കഥയാകു
ന്നത്. അല്ലെങ്കിൽ നന്ദിയില്ലാത്ത മകന്റെ കാര്യം എന്നു പറഞ്ഞ്
നമ്മൾ നമ്മുടെ വഴിക്കു പോകും.
പുതിയ വർഷം
പുതിയ വർഷം, പുതിയ സങ്കല്പങ്ങൾ, സ്വപ്നങ്ങൾ ഒക്കെ വച്ചുനീട്ടുന്നു.
കഴിഞ്ഞ വർഷത്തിലെ വേദനകൾ, കഷ്ടപ്പാടുകൾ, ദുരി
തങ്ങൾ, തോൽവികൾ അതൊക്കെ വച്ച് ആലോചിക്കും.
എഴുതി പാതിയാക്കിയ ഒരു നോവലുണ്ട്. രണ്ടു വർഷമായി.
അതിപ്പോൾ എവിടെ എഴുതി വച്ചു എന്നുപോലും അറിയില്ല. മറവിയാണ്.
പാതിയെഴുതിവച്ചപ്പോൾ തോന്നി അതു ശരിയായില്ല
എന്ന്. അത് പൂർത്തിയാക്കണം. 8-9 വർഷങ്ങൾക്കു മുമ്പ് എഴുതിയ
നോവലാണ്. അതിന്റെ 4-5 അദ്ധ്യായങ്ങൾ കേരളകൗമുദി
വിശേഷാൽപ്രതിയിൽ വന്നിരുന്നു. ഒരു കവിയുടെ ആത്മീയജീവി
തം, ആന്തരികജീവിതം, വ്യക്തിബന്ധങ്ങളുടെയും കവിതയുടെയും
കഥയാണത്. ആശാനോടുള്ള സ്‌നേഹമാണ്. അത് മിനുക്കി
യെഴുതണം. റൈറ്റിങ് അല്ല റി-റൈറ്റിങ് ആണ് പ്രശ്‌നം. ഒരു പുതിയ
ഫോർമാറ്റിൽ എഴുതാൻ പറ്റുമോ എന്നു നോക്കണം. അതിന്റെ
വ്യഥകൾ, സംഘർഷങ്ങൾ ഒക്കെയുണ്ട്. കാലവും സമൂഹവുമായി
ഒരു കവി ഇടപെടുന്നത് എങ്ങനെ എന്നുള്ള അന്വേഷണവുമുണ്ട്.
എന്നാൽ അത് ആശാന്റെ ജീവചരിത്രമല്ല.
ഒരു സങ്കീർത്തനം പോലെ
ചില നിരൂപകന്മാർ പറയാറുണ്ട്, ഒരു സങ്കീർത്തനംപോലെ
2013 ഏടഭഴടറസ ബടളളണറ 18 2
ജീവചരിത്രനോവലാണ് എന്ന്. ഒരിക്കലുമല്ല. എനിക്ക് അത് കേൾ
ക്കുമ്പോൾ, പറയുന്നവരോട് സഹതാപം തോന്നാറുണ്ട്. ഒരു
വ്യക്തിയുടെ ഉള്ളു കണ്ടെത്താനുള്ള ശ്രമമാണത്. ഒരു എഴുത്തുകാരൻ
അയാളുടെ ഉള്ളിൽ വഹിക്കുന്ന ആന്തരിക ലോകങ്ങൾ
കണ്ടെത്താനുള്ള ശ്രമമാണത്. വ്യക്തിയുടെ ഉള്ളിൽ കുടികൊ
ള്ളുന്ന അന്തർലോകങ്ങളിലൂടെയാണ് എന്റെ സഞ്ചാരം.
സങ്കടങ്ങളെ സ്‌നേഹിക്കുമ്പോൾ…
എനിക്ക് ഒരുപാട് അലച്ചിലുണ്ട്. എനിക്ക് എഴുതാനുള്ള പ്രചോദനം
എന്റെ ദുരിതങ്ങളാണ്. ഈ വേദനകൾ ഞാനെങ്ങനെ
സഹിക്കും? ഞാൻ എന്റെ ദു:ഖങ്ങളെയും സങ്കടങ്ങളെയും സ്‌നേഹി
ക്കുന്ന ഒരാളാണ്. എന്റെ കുട്ടിക്കാലത്തുതന്നെ ഒറ്റപ്പെട്ടുപോയ
ഒരാളാണ് ഞാൻ. കുടുംബത്തിൽതന്നെ ഒറ്റപ്പെട്ടു. അനാഥനെപ്പോലെ
ജീവിച്ചു. ഒറ്റപ്പെട്ട് ഏകാകിയായി, നിരാലംബനായി
ബഹിഷ്‌കൃതനായി ജീവിച്ചു. വിഷമിക്കരുത് എന്ന് എന്റെ ചുമലിൽ
കൈവച്ച് പറയാൻ ജീവിതത്തിൽ ആരുമുണ്ടായിരുന്നില്ല.
അത്രയ്ക്കും അനാഥമായ ജീവിതം. പല തോൽവികൾ, വീഴ്ചകൾ
എല്ലാം ഉണ്ടായിട്ടുണ്ട്. വീണിട്ടുണ്ടെങ്കിൽ എഴുന്നേൽക്കണമല്ലോ.
ഓരോ ഇഞ്ചും ലോകത്തോട് പടവെട്ടിക്കൊണ്ടാണ് എന്റെ ജീവി
തം. ശിരസ്സിനു മുകളിൽ ഒരു തണൽ ഉണ്ടായിരുന്നില്ല. എനിക്കു
പിടിക്കാൻ ഒരു കൈ ഉണ്ടായിരുന്നില്ല.
ജീവിതത്തിന്റെ നോവുകൾ സഹിച്ചുകൊണ്ട്, നിശബ്ദമായി
കരഞ്ഞുകൊണ്ട് എന്നെത്തന്നെ ആശ്വസിപ്പിച്ചുകൊണ്ട് ജീവിച്ചു.
ഞാൻതന്നെ എന്നോടു പറയും വിഷമിക്കരുതെന്ന്. ഏകാന്തതകളിൽ
ഒറ്റയ്ക്കിരുന്ന് ഞാൻ എന്നോടു പറയും ഒന്നും സാരമില്ല
എന്ന്. എന്നെ ആശ്വസിപ്പിക്കുന്നതു ഞാൻതന്നെ.
എപ്പോഴും തനിയെ
ഞാൻ തനിച്ചാണ്. പരിചയങ്ങളുണ്ട്. പക്ഷെ അത്രയ്ക്ക് ബന്ധ
ങ്ങളില്ല. അമൃത ടി.വിയിലെ ‘സമാഗമം’ എന്ന പരിപാടിയിലേക്ക്
എന്നെ ക്ഷണിച്ചിരുന്നു. അതിൽ നമ്മുടെ സ്‌നേഹിതന്മാർ വന്നി
രുന്ന് നമ്മുടെ സൗഹൃദത്തെക്കുറിച്ചൊക്കെ പറയണം. ഞാൻ
നോക്കിയപ്പോൾ എന്നെക്കുറിച്ച് അങ്ങനെ വന്ന് പറയാൻ പറ്റിയ
സ്‌നേഹിതർ എനിക്കില്ല. ആളുകൾ ഒരുപാടുണ്ട്. എന്നെക്കുറിച്ച് ആ
പരിപാടിയിൽ വന്ന് നാലു നല്ല വാക്കു പറയണം എന്ന് ഞാനെ
ങ്ങനെ പറയും? ആ പരിപാടിയിൽനിന്ന് എന്നെ ഒഴിവാക്കണം
എന്ന് ഞാൻ പറഞ്ഞു. പ്രൊഡ്യൂസർ അത്ഭുതപ്പെട്ടുപോയി.
എനിക്ക് സ്‌നേഹിതരുണ്ട്. മുഖ്യമന്ത്രി, സാംസ്‌കാരികവകുപ്പുമന്ത്രി,
ഒ.എൻ.വി., സുഗതകുമാരി, അടൂർ ഗോപാലകൃഷ്ണൻ… അങ്ങ
നെയങ്ങനെ. എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. പക്ഷേ
അവരോടൊക്കെ ഇങ്ങനെ വന്നു പറയൂ എന്നു പറയാൻ മാത്രം
ബന്ധം എനിക്കുണ്ടോ എന്നറിയില്ല. അവരെ ഞാൻ സ്‌നേഹിക്കുകയും
ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. പക്ഷേ
അത്രത്തോളം ബന്ധങ്ങളില്ല. അത്രയ്ക്കു വലിയ ആളല്ലല്ലോ ഞാൻ.
എല്ലാ എഴുത്തുകാരെയും എന്റെ സുഹൃത്തുക്കളായി കാണുന്നു.
മേഘങ്ങളിൽ ശിരസ്സുയർത്തിപ്പിടിച്ച്
എന്നെ നേരം വെളുക്കുമ്പോൾ മുതൽ ചീത്ത പറയുന്നവരു
ണ്ട്. ഞാൻ മോഷ്ടാവാണെന്നു പറഞ്ഞ് എഴുതിയവരുണ്ട്. ഞാൻ
അവരെയൊക്കെ കാണുമ്പോൾ ചിരിക്കാറുണ്ട്. വിശ്വമലയാള
സമ്മേളനത്തിൽ അവരെയൊക്കെ വിളിക്കണം എന്ന് ഞാൻ പറ
ഞ്ഞു. സാറിനെ വിമർശിച്ചവരല്ലേ, അതു വേണോ എന്ന് ചിലരൊക്കെ
ചോദിച്ചു. ഞാൻ പറഞ്ഞത് ഇത് ഒരു പൊതുകാര്യമാണെ
ന്നാണ്. അവർ അവരുടെ അഭിപ്രായം പറഞ്ഞു. അത്രതന്നെ.
വായിക്കുന്നവർ തീരുമാനിച്ചോളും. അവർ എന്നെ വിമർശിച്ചു,
പരിഹസിച്ചു എന്നതുകൊണ്ട് ഞാനില്ലാതെയാകുന്നില്ലല്ലോ. ആ
തന്റേടം എനിക്കുണ്ട്. മേഘങ്ങളിൽ ശിരസ്സുയർത്തി നിൽക്കുന്ന
ഒരു നിഷേധിയെ ഞാനെന്റെയുള്ളിൽ സൂക്ഷിക്കുന്നു. എന്റെ വലതുകാലിനുള്ള
ശക്തി ഇടതുകാലിനുമുണ്ട്. ഞാൻ ഭൂമിയിൽ ചുവടുറപ്പിച്ചുതന്നെയാണ്
നിൽക്കുന്നത്.
ഉരുകാത്ത മഞ്ഞ്
സങ്കീർത്തനം 53-ാം പതിപ്പിലാണ്. ലോകമെമ്പാടുമുള്ള മലയാളികൾ
ഇതു വായിക്കുന്നത് അവരൊന്നും എന്റെ സുഹൃത്തു
ക്കളോ പരിചയക്കാരോ ആയതുകൊണ്ടല്ല. വായനക്കാരാണ്
തീരുമാനിക്കുന്നത്. പരിഹസിക്കുകയോ വിമർശിക്കുകയോ
ചെയ്യുന്നവരല്ല. ഒരാൾ വിമർശിച്ചാൽ ഉരുകിപ്പോകുന്ന മഞ്ഞുക
ട്ടിയല്ല ഞാൻ. ഏതെങ്കിലും വാടക്കാറ്റടിച്ചാൽ പറന്നുപോകുന്ന
കുന്നൊന്നുമല്ല ഞാൻ. അതു പറയാനുള്ള ധൈര്യം എനിക്കുണ്ട്.
എന്റെ വായനക്കാരെ സൃഷ്ടിച്ച ആളാണ് ഞാൻ. എനിക്ക് ജാതി
യില്ല, മതമില്ല, രാഷ്ട്രീയമില്ല, ഗ്രൂപ്പില്ല, ക്ലിക്കില്ല. ഞാനൊറ്റയ്ക്ക്.
എന്റെ കൂടെ എന്റെ നിഴൽ മാത്രം. എല്ലാറ്റിൽനിന്നും വേർപെട്ട്
അന്യമായി ഒറ്റയ്ക്കു നിൽക്കുന്ന ഒരാളാണ് ഞാൻ. വഴിവക്കിൽ കെട്ടി
യിരിക്കുന്ന ചെണ്ടയിൽ ആരെങ്കിൽ വന്നടിച്ചാൽ ചെണ്ടയ്‌ക്കൊന്നുമില്ല.
എന്നെ വിമർശിക്കുന്നവരോട് എനിക്ക് പകയും വിദ്വേഷവുമില്ല.
എന്റെ സ്‌നേഹം എഴുത്തിനോടാണ്, എഴുത്തുകാരോടാണ്.
എന്നെ വിമർശിച്ചു എന്നതുകൊണ്ട് എനിക്കുള്ള സ്‌നേഹം ഇല്ലാതാകുന്നില്ല.
വിശ്വമലയാളസമ്മേളനം
എന്റെ സ്വപ്‌നമായിരുന്നു അത്. അക്കാഡമി കൂടിയാലോചിച്ച്
പ്രൊപ്പോസൽ ഉണ്ടാക്കി ഗവൺമെന്റിന് കൊടുത്തു. മുഖ്യമന്ത്രി,
ധനകാര്യമന്ത്രി, സാംസ്‌കാരിക സെക്രട്ടറി, അന്നത്തെ ചീഫ്
സെക്രട്ടറി എല്ലാവരും അംഗീകരിച്ചു. ഗവൺമെന്റ് കൂടെ നിന്നു.
ഗംഭീരമായ സമ്മേളനം. മൂന്നു ദിവസം നടന്നു. പക്ഷേ ചെറിയ ഒരു
പിശകു പറ്റി. ഒരിക്കലും സംഭവിക്കരുതാത്തതാണ്. ഓരോ ചുമതലയും
ഓരോരുത്തരെ ഏല്പിച്ചു. അവർ ശരിയായി ചെയ്യുമെന്നു
വിചാരിച്ചു. തെറ്റു വന്നു (പ്രതിമ മാറിപ്പോയ സംഭവം). ഞാനതിൽ
മാപ്പു ചോദിച്ചു. ആരെങ്കിലും പരിഹസിച്ചു എന്നോർത്ത് കേരള
ത്തിലെ ഏറ്റവും മുതിർന്ന എഴുത്തുകാരുടെ സമ്മേളനം ഇല്ലാതാകുന്നില്ല.
നിറഞ്ഞുകവിഞ്ഞ സദസ്സ്. വൈവിധ്യമുള്ള വിഷയങ്ങ
ളുടെ ചർച്ചകൾ. എം.ടി., ടി. പത്മനാഭൻ, ഒ.എൻ.വി., സുഗതകുമാരി,
ആനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, സക്കറിയ തുടങ്ങിയവരൊക്കെ
സഹകരിച്ചത് മലയാളത്തോടുള്ള സ്‌നേഹംകൊണ്ടാണ്.
വിമർശിച്ചവർ അതിന്റെ ഉദ്ദേശ്യശുദ്ധിയെ കണ്ടില്ല. വിദേശങ്ങളി
ൽനിന്നുള്ള എഴുത്തുകാർ പോലും പങ്കെടുത്തു.
ഒരാൾപോലും ഒരു അസംതൃപ്തി പറഞ്ഞില്ല. സമ്മേളനങ്ങൾ
ശൂന്യമായി എന്നു പറഞ്ഞില്ല. അവർക്കു നൽകിയ യാത്രാസൗകര്യമോ
താമസസൗകര്യമോ ഭക്ഷണസൗകര്യമോ പര്യാപ്തമായിരു
ന്നില്ല എന്നു പറഞ്ഞിട്ടില്ല. ഒരു ചെറിയ മീറ്റിംഗ് സംഘടിപ്പിക്കുവാനും
രണ്ട് എഴുത്തുകാരെ പങ്കെടുപ്പിക്കുവാനുമുള്ള കഷ്ടപ്പാട്
നമുക്കറിയാം. ഇവിടെ എല്ലാ തലമുറകളിലും പെട്ട എഴുത്തുകാർ
ഉണ്ടായിരുന്നു. വരാതിരുന്നത് അക്കിത്തം മാത്രമാണ്. അതിൽ
എനിക്കു വലിയ സങ്കടമുണ്ടായിരുന്നു. അത്രദൂരം യാഥ ചെയ്യാനുള്ള
ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.
എം.ടി.യ്ക്ക് ഇത്ര ദൂരം യാത്ര ചെയ്തുവരാനുള്ള ആരോഗ്യത്തെക്കുറിച്ച്
സന്ദേഹമുണ്ടായിരുന്നു. എങ്കിലും അദ്ദേഹം സ്‌നേഹത്തോടെയും
വാത്സല്യത്തോടെയും എന്നോടു പറഞ്ഞു, ഞാൻ
2013 ഏടഭഴടറസ ബടളളണറ 18 3
ഉണ്ടാകും മൂന്നുദിവസവും എന്ന്. പപ്പേട്ടനും (ടി. പത്മനാഭൻ)
ആനന്ദും ലോകം ചുറ്റിനടക്കുന്ന സക്കറിയപോലും വന്നു. ഇവരൊക്കെ
വന്നത് എന്നോടുള്ള താൽപര്യംകൊണ്ടല്ല. മലയാളഭാഷയോടും
സാഹിത്യത്തോടും സംസ്‌കാരത്തോടുമുള്ള സ്‌നേഹവും
ഉത്തരവാദിത്വവും ഉള്ളതുകൊണ്ടാണ്. അവരൊന്നും ഒരു
മോശവും പറഞ്ഞിട്ടില്ല. എം.ടി. റെയിൽവെസ്റ്റേഷനിൽ വന്ന
പ്പോൾ ഞാൻ നേരിട്ടുപോയാണ് സ്വീകരിച്ചത്. അദ്ദേഹം വരു
ന്നതും നോക്കി ഞാൻ കാത്തുനിന്നു. മറ്റാരെയെങ്കിലും വിട്ടാൽ
പോരേ എന്ന ചോദ്യത്തിന് ഞാൻ പറഞ്ഞത്, ഇവരൊക്കെ ഭാഷയുടെ
ഏറ്റവും വലിയ അഭിമാനഭാജനങ്ങളാണ്, എന്റെ ഗുരുസ്ഥാനീയരാണ്,
മറ്റാരുണ്ടെങ്കിലും ഞാൻതന്നെ വരേണ്ടതുണ്ട്, എന്നാണ്.
ഒ.എൻ.വിയെയും സുഗതകുമാരിയെയും ഇടയ്ക്കിടെ പോയി
കാണുകയും കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുകയും നിർദേശങ്ങൾ
സ്വീകരിക്കുകയും ചെയ്തിരുന്നു. ചില തെറ്റുകളൊക്കെ സംഭവിച്ചു.
ഞാൻ അതിൽ ക്ഷമ പറയുകയും ചെയ്തു. ക്ഷുഭിതയായി നിന്ന
സുഗതചേച്ചി പറഞ്ഞത്, ‘അനിയാ നീ വിഷമിക്കാതെ. നിനക്ക്
ഈശ്വരാനുഗ്രഹമുണ്ടാകും. നീ ഇതിനുവേണ്ടി എന്തോരം കഷ്ട
പ്പെട്ടു എന്നത് ഞാൻ കണ്ടുകൊണ്ടിരുന്ന ആളാണ്’ എന്നാണ്.
എനിക്ക് ഈ സ്‌നേഹമൊക്കെത്തന്നെ ധാരാളം.
വിമർശനങ്ങൾ
ചിലർ വിമർശിക്കുന്നതിന് വേറെ ചില കാരണങ്ങളുണ്ട്.
വേറെ ലക്ഷ്യങ്ങളുണ്ട്. അതൊക്കെ എനിക്കറിയാം. ഒരു പൊതു
ലക്ഷ്യം മുൻനിർത്തിയാണ് സമ്മേളനം സംഘടിപ്പിച്ചത്. അത്
വിജയവുമായിരുന്നു. അക്കാഡമിയിൽ പെട്ട ചില ആളുകൾ മാറി
നിന്നു. എന്താ കാരണമെന്ന് ആരും ചോദിച്ചില്ല. പശുവിനെ കയറിട്ടു
കൊണ്ടുപോകുന്നതുപോലെ അക്കാഡമിയെ അവരുടെ
ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് കൊണ്ടുപോകാൻ പറ്റില്ല. ഗവൺ
മെന്റിന് ചില നിർദേശങ്ങളും സങ്കല്പങ്ങളുമൊക്കെയുണ്ട്. അത്
കാത്തുസൂക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ ഇട്ടേച്ചുപോണം. ഒന്നി
ച്ചുനിൽക്കേണ്ട കാര്യമായിരുന്നു. അവർ അതു ചെയ്തില്ല. അതിന്
ഞാനെന്തു വേണം?
ഗവൺമെന്റിനും സാംസ്‌കാരികവകുപ്പിനും മറ്റു ബന്ധപ്പെട്ടവ
ർക്കും അതിലൊക്കെ ബോദ്ധ്യമുണ്ട്. സമ്മേളനവിജയത്തെക്കുറിച്ച്
സന്തോഷവുമുണ്ട്. തെറ്റു സംഭവിച്ചു എന്നതു ശരിതന്നെ.
ഇവിടെ മറ്റു പരിപാടികൾ നടക്കുമ്പോൾ എന്തെല്ലാം ന്യൂനതകൾ
ഉണ്ടാകാറുണ്ട്. എങ്കിലും അതിന്റെ പേരിൽ ഒരു മഹാസമ്മേളനം
പരാജയമായിരുന്നു എന്നു പറഞ്ഞാൽ എന്തു ചെയ്യും? ചില പത്ര
ങ്ങൾ മന:പൂർവം ഇതൊക്കെ പെരുപ്പിച്ചു കാണിച്ചു. അതിനു
വേറെ കാരണങ്ങൾ ഉണ്ട്. വിമർശകർ സമ്മേളനത്തിന്റെ ഉദ്ദേശ്യ
ശുദ്ധി മാനിച്ചില്ല.
ഈയിടെ ഒരു അക്കാഡമി അംഗം എന്നോടു ചോദിച്ച ചോദ്യ
മുണ്ട്, ഞാൻ രാജിവയ്ക്കുകയാണ്, ഇതിനകത്തു നിന്നിട്ട് എനി
ക്കെന്തു പ്രയോജനം എന്ന്. വിഘടിച്ചുനിന്ന നാലുപേരുടെ
ഗ്രൂപ്പിൽ ചേരാത്ത ഒരാളാണ് അദ്ദേഹം. അദ്ദേഹം പിന്നീട് രാജി
വച്ചു. ഇങ്ങനെയുള്ളവരോട് ഞാനെന്തു പറയാൻ? വ്യക്തിപരമായ
ലാഭത്തിലുപരി പൊതുവായ ഒരു സത്യമുണ്ട്. അതാരും
കാണുന്നില്ല. എല്ലായിടത്തും കയറി ഞാൻതന്നെ വേണമെന്ന്
നിർബന്ധം പിടിക്കുന്ന ചില ആളുകളുണ്ട്. വ്യക്തിപരമായ താൽ
പര്യങ്ങൾ സംരക്ഷിക്കലാണ് അവർക്കു പ്രധാനം. എനിക്ക് അങ്ങ
നെയുള്ള ഒരു ആഗ്രഹവുമില്ല. ഞാൻ വിശ്വമലയാളസമ്മേളന
ത്തിന്റെ നടത്തിപ്പിനുവേണ്ടി ക്ലേശിക്കുകയായിരുന്നു. ഗവൺമെ
ന്റിന് എല്ലാമറിയാം. ഗവൺമെന്റ് തീരുമാനമെടുത്തതിൽ ഞാൻ
കക്ഷിയല്ല. ഞാൻ ആർക്കും എതിരല്ല. ഞാൻ വേണമെങ്കിൽ മാറി
ക്കോളാം. ഞാൻ കാരണം ആരുടെയും അവസരമോ സ്ഥാനമോ
നഷ്ടപ്പെടുന്നത്. എനിക്കിഷ്ടമല്ല. എന്റെ പരിമിതികൾ എനിക്കറി
യാം. എനിക്ക് കഥയെഴുതാനറിയാം. നോവലെഴുതാനറിയാം.
അതിൽനിന്ന് ജീവിക്കാനുള്ള വക കിട്ടും. അതിൽ ഞാൻ സംതൃപ്തനാണ്.
എഴുത്തുകാരുടെ ഉത്‌സവം
സമ്മേളനത്തിൽ പങ്കെടുത്ത ബെൻ ഓക്രി പറഞ്ഞത് അടുത്ത
വർഷവും ഇതുപോലെ പരിപാടിയുണ്ടെങ്കിൽ വിളിക്കണമെന്നാണ്.
അവർക്കൊക്കെ ഇത് അത്ഭുതമായിരുന്നു. ഇത്രയേറെ എഴു
ത്തുകാർ ഒരു സമ്മേളനത്തിന് ഒത്തുകൂടുക! എഴുത്തുകാരുടെ
ഉത്സവമായിരുന്നു വിശ്വമലയാളസമ്മേളനം. അക്കാഡമിയുടെ 57
വർഷത്തെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണിത്. അത് വിജ
യവുമായിരുന്നു.
വായനക്കാരുടെ രാജകുമാരൻ
വായന മരിച്ചു എന്ന് ഞാനെങ്ങനെ പറയും? 1993-ൽ ഒരു
സങ്കീർത്തനംപോലെ പ്രസിദ്ധീകരിക്കുമ്പോൾ എനിക്ക് ആശങ്ക
യുണ്ടായിരുന്നു. വായന മരിച്ചു എന്ന് പരിതപിക്കുന്ന കാലമായി
രുന്നു അത്. ഈ പുസ്തകം വായന തിരിച്ചുകൊണ്ടുവന്നു എന്നുതന്നെ
അഭിമാനത്തോടെ ഞാൻ പറയുന്നു. നല്ല കൃതികൾക്കും
നല്ല എഴുത്തുകാർക്കും എന്നും മലയാളത്തിൽ വായനക്കാരുണ്ട്;
എപ്പോഴുമുണ്ട്. എനിക്ക് ആരാധകസംഘങ്ങളോ നിരൂപകവൃന്ദ
ങ്ങളോ ഒന്നും ഇല്ല. വായനക്കാരാണുള്ളത്. എന്നെ കൊണ്ടുനട
ക്കുന്നത് അവരാണ്. ഞാനെന്റെ ഒറ്റയ്ക്കുള്ള യാത്രയിലാണ്.
എന്റെ വായനക്കാരുടെ സ്‌നേഹവാത്സല്യങ്ങൾക്കിടയിൽ രാജകുമാരനെപ്പോലെ
ഞാൻ ജീവിക്കുന്നു.
ഹൃദയരേഖ
ദീപികയിലും കേരളകൗമുദിയിലും വന്ന ലേഖനങ്ങളുടെ സമാഹാരമാണ്
ഹൃദയരേഖ. കോളമെഴുതാൻ ആദ്യം നിർബന്ധിച്ചത്
ദീപികയാണ്. ആറുമാസത്തേക്ക് ചെയ്യാം എന്നു പറഞ്ഞിട്ട് രണ്ടു
വർഷം കൊണ്ടുനടന്നു. പിന്നീട് കേരളകൗമുദി നിർബന്ധിച്ച
പ്പോൾ അവിടെയും രണ്ടു വർഷം. കോളമെഴുതുമ്പോൾ ആനുകാലിക
സംഭവങ്ങളെക്കുറിച്ചുള്ള, പ്രലോഭിപ്പിക്കുകയും പ്രകോപിപ്പി
ക്കുകയും ചെയ്യുന്ന സമീപനം വേണം. എനിക്കതു പറ്റില്ല. ഞാൻ
എന്റെ ഹൃദയത്തിൽ തട്ടിയ കാര്യങ്ങളേ എഴുതൂ. വിഷയത്തെ
പക്വതയോടുകൂടി സമീപിക്കണം. നല്ല ഭാഷയിൽ എഴുതണം.
ഞാൻ നാളത്തെ ഒരു ദിവസത്തേക്കു വേണ്ടിയല്ല എഴുതുന്നത്.
എന്റെ നോവൽപോലെതന്നെ ഗൗരവത്തോടുകൂടിയാണ്
അതിനെ സമീപിച്ചത്. ഏറ്റവും കൂടുതൽ വായനക്കാരുള്ള കോളമായിരുന്നു
അത്.
ഒരു കീറ് ആകാശം
70 വർഷക്കാലത്തെ സാംസ്‌കാരിക ജീവിതത്തിന്റെ രൂപരേഖ
ഉണ്ടാക്കാനാണ് ഞാൻ ആ നോവലിലൂടെ ശ്രമിച്ചത്. സാമൂഹിക
നവോത്ഥാനത്തിന്റെ കാലഘട്ടം, സ്വാതന്ത്ര്യസമരത്തിന്റെ കാലഘട്ടം
ഇവ ചരിത്രത്തിലെ നിർണായക കാലഘട്ടമായിരുന്നു.
വി.ടി. ഭട്ടതിരിപ്പാട്, ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയവരുടെ
നേതൃത്വത്തിൽ ഒരു സാമൂഹ്യവിപ്ലവം കേരളത്തിലുണ്ടായി.
കേരളസമൂഹം വിവേകാനന്ദൻ പറഞ്ഞതുപോലെ ഒരു ഭ്രാന്താലയമായിരുന്നു.
ജാതിയും മതവും മേഞ്ഞുനടന്ന സമൂഹത്തെ
അത്തരം ജീർണതകളിൽനിന്ന് മോചിപ്പിച്ചുകൊണ്ടുവരിക എന്ന
2013 ഏടഭഴടറസ ബടളളണറ 18 4
ദൗത്യം ഏറ്റെടുത്തത് നവോത്ഥാന നായകരായിരുന്നു.
കാലം പ്രതിഭാശാലികളെ സൃഷ്ടിക്കും എന്നൊരു സങ്കല്പമുണ്ട്.
പ്രതിഭാശാലികൾ കാലത്തെ സൃഷ്ടിക്കും എന്ന് ഞാൻ തിരിച്ചിട്ടു.
നമ്മുടെ ജീർണിച്ചുപോയ കാലത്തെ പ്രതിഭാശാലികൾ പുതുക്കി
പ്പണിതു. കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ തുടങ്ങിയവരുടെ
കാലത്തുനിന്നും നവീകരണപ്രസ്ഥാനം വന്നുനിന്നത് കേശവദേവ്,
തകഴി, പൊൻകുന്നം വർക്കി, ലളിതാംബിക അന്തർജനം,
എം.പി. പോൾ, സി.ജെ. തോമസ്, മാരാർ, പി.കെ. ബാലകൃഷ്ണൻ
തുടങ്ങിയ മഹാരഥന്മാരിലാണ്. അവരിൽ എനിക്കേറ്റവും
ഇഷ്ടപ്പെട്ടയാളാണ് സി.ജെ. തോമസ്. എനിക്ക് സി.ജെയോട്
വലിയ ആരാധനയായിരുന്നു. അദ്ദേഹത്തെ മാതൃകയാക്കി ഒരു
കഥാപാത്രത്തെ സൃഷ്ടിക്കണമെന്ന് എനിക്കാഗ്രഹം തോന്നി.
അതിൽ വൈക്കം മുഹമ്മദ് ബഷീർ ഒരു പ്രധാന കഥാപാത്രമാണ്.
ഞാൻ നോവൽ എഴുതിയിട്ട് ആദ്യം അയച്ചുകൊടുത്തത് ബഷീറി
നാണ്. കുറെ നാളായിട്ടും ഒരു അഭിപ്രായവും അദ്ദേഹം പറഞ്ഞി
ല്ല. എനിക്ക് കാർന്നോരുടെ സ്വഭാവം അറിയാം. ഞാൻ പറഞ്ഞു.
മോശമാണെങ്കിൽ തിരിച്ചയച്ചു താ, അല്ലെങ്കിൽ അതങ്ങു കീറിക്ക
ളഞ്ഞേക്ക് എന്ന്. അപ്പോൾ കാർന്നോരു പറഞ്ഞു, നോവലിൽ നീ
എനിക്ക് തൂലികാനാമം ഒന്നും തരേണ്ട, എന്റെ ശരിക്കുള്ള പേര്
ഉപയോഗിച്ചാൽ മതി എന്ന്. പിന്നീട് മിനുക്കിയെടുത്തതാണ് ‘ഒരു
കീറ് ആകാശം’. എനിക്ക് വളരെ പ്രിയപ്പെട്ട പുസ്തകമാണത്. ബഷീ
റിനും സി.ജെയ്ക്കും വേണ്ടി ഞാൻ നിർമിച്ച സ്മാരകമാണത്.
സി.ജെയ്ക്ക് വേറെ സ്മാരകം വേണ്ടല്ലോ എന്ന് റോസിച്ചേച്ചി
എന്നോടു പറഞ്ഞു.
എന്റെ ജീവിതത്തിൽ ഒരു ‘അന്ന’ ഇല്ല
എനിക്കേറ്റവും പ്രിയപ്പെട്ട പുസ്തകം ‘ഒരു സങ്കീർത്തനംപോലെ’യാണ്.
ഒരർത്ഥത്തിൽ അത് എന്റെയും കഥയാണ്. അങ്ങനെയൊരു
‘അന്ന’ എന്റെ ജീവിതത്തിൽ ഇല്ല എന്നേയുള്ളൂ. ബാക്കി
കഷ്ടപ്പാടുകൾ എല്ലാം തുല്യമാണ്. പലതരം കാരണങ്ങളാൽ
തോൽവികൾ അനുഭവിച്ചു. പീഡകൾ അനുഭവിക്കുകയും
നിശബ്ദം നിലവിളിക്കുകയും ചെയ്യുന്ന ഒരാൾ നമ്മുടെയൊക്കെ
ഉള്ളിലുണ്ട്. എല്ലാവരുമുണ്ടായിട്ടും ആരും തന്നെ മനസിലാക്കുന്നി
ല്ലല്ലോ എന്നൊരു സങ്കടം എല്ലാവരുടെയും ഉള്ളിലുണ്ടാകും
എന്നൊരു വിശ്വാസം എനിക്കുണ്ട്.
പീഡാനുഭവങ്ങളിലൂടെയും സഹനങ്ങളിലൂടെയും വിശുദ്ധി
യുടെ പടവുകൾ കയറിപ്പോകുന്ന മനുഷ്യാത്മാവ് എനിക്കേറ്റവും
ഇഷ്ടപ്പെട്ട സങ്കല്പമാണ്.
ക്രിസ്തു
ക്രൈസ്റ്റ് ആണ് എന്റെ ഏറ്റവും വലിയ സ്വാധീനം.
ക്രൈസ്റ്റിന്റെ ജീവിതത്തിൽ നിന്നാണ് ദസ്തയേവ്‌സ്‌കിയുടെ പീഡാനുഭവങ്ങളെ
ഞാൻ കണ്ടെത്തിയത്. എന്റെ ഏറ്റവും വലിയ ‘ഒബ്‌സഷൻ’
ഒക്കെ ക്രൈസ്റ്റ് ആണ്. ബുദ്ധൻ, ഗാന്ധി, ക്രിസ്തു, ശ്രീനാരായണഗുരു
ഇത്രയും പേർ മതി എന്റെ ആത്മീയജീവിതത്തിൽ.
അധികം ദൈവങ്ങളെ എനിക്കാവശ്യമില്ല.
സിനിമ
ഇപ്പോൾ സിനിമയല്ല, കച്ചവടസാധനങ്ങളാണ് ഉള്ളത്.
കാണാൻ പറ്റില്ല ഒന്നും. കണ്ടാൽ വല്ലതും സംഭവിക്കും. വായിച്ചും
നല്ല സിനിമ കണ്ടും ഉണ്ടാക്കിയ സൗന്ദര്യബോധവും ജീവിതബോധവും
നഷ്ടപ്പെടും. നവസിനിമകൾ ഒന്നും നൽകുന്നില്ല. താത്കാലികമായ
ഒരു ഭ്രമമുണ്ടാക്കി കടന്നുപോവുകയാണ് ചെയ്യുന്നത്.
ജീവിതനൗക, ചെമ്മീൻ, പിറവി, നിർമാല്യം, എലിപ്പത്തായം,
നീലക്കുയിൽ തുടങ്ങിയ സിനിമകൾപോലെ അത്രമേൽ നമ്മുടെ
മനസ്സിനെ പിടിച്ചുലയ്ക്കുന്ന സിനിമ ഏതാണുള്ളത്? സാങ്കേതികമായി
അത്രയൊന്നും പുരോഗതിയില്ലാത്ത കാലത്തുണ്ടായ സിനി
മകൾ മികച്ച അനുഭവങ്ങളാണ് നമുക്കു തന്നത്. ഇപ്പോഴുള്ളവയിൽ
ചുരുക്കം ചിലതൊഴിച്ചാൽ അവയ്ക്ക് കലാസൃഷ്ടി എന്ന നിലയിൽ
നിലനില്പുണ്ടാകില്ല. ജീവിതമല്ല, അതിൽ വേറെ എന്തൊക്കെയോ
ആണ് ഉള്ളത്.
ശ്വേതാമേനോൻ
(പേരു കേട്ടതും പെരുമ്പടവം ചെവി പൊത്തി)…. യ്യോ,
ഇത്തരം അശ്ലീലമൊന്നും എന്നോട് ചോദിക്കല്ലേ. ഏതായാലും
പ്രസവിച്ചല്ലോ! അതു മതി, സമാധാനമായി.
മാറുന്ന സമൂഹം
ഡൽഹിയിലെ പെൺകുട്ടിക്കു സംഭവിച്ച ദുരന്തമോർത്ത് ഒരു
രാജ്യം മുഴുവൻ ലജ്ജയോടു കൂടി പാപഭാരത്തോടുകൂടി നിന്നു.
മൃഗങ്ങളേക്കാൾ അധ:പതിച്ച മനുഷ്യരുണ്ട്. ചിലർ ചെയ്യുന്ന മഹാപാപം
എത്ര കൊടിയ വേദനയാണ് ഉണ്ടാക്കുന്നത്. മരിച്ചത്
ഏതോ ഒരു പെൺകുട്ടിയല്ല. നമ്മുടെ കുടുംബത്തിലെ ഒരാൾക്കു
പറ്റിയ ദുരന്തം ലോകത്തെ വേദനയായിരുന്നു. അതേക്കുറിച്ച് ഓർ
മിക്കാൻ പോലും പറ്റില്ല. സഹിക്കാൻ പറ്റില്ല. മനുഷ്യനാണോ
എന്നു സംശയിച്ചുപോകുന്ന തരത്തിലുള്ള മനുഷ്യരുണ്ടാകുന്നു.
സമൂഹം മാറിപ്പോകുന്നു. അദ്ധ്വാനിക്കാതെ കിട്ടുന്ന പണത്തിന്
പിശാചിന്റെ സ്വഭാവം ഉണ്ട്. ചെയ്യേണ്ടാത്തതൊക്കെ ചെയ്യിക്കും.
ഒരാൾ ക്രിമിനലാകുന്നത് മനസിലാക്കാം. കൂട്ടഭ്രാന്തെന്ന് പറയു
ന്നത് കാലത്തിനു പറ്റിയ ശാപമാണ്.
കവിത
എനിക്കിഷ്ടം കവിതയാണ്. എന്റെ ആത്മീയഭോജനം കവിതയാണ്.
എന്തു വായിച്ചാലും ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു
കഷണം കവിതയെടുത്തു വായിക്കും. എന്റെ ജീവിതം വായനയാണ്.
വായനയാണ് എന്റെ തൊഴിൽ.
ഏകാന്തത
എന്റെ ഏകാന്തതയിൽ ഞാൻ ഒറ്റയ്ക്കല്ല. സാമാന്യം തരക്കേടി
ല്ലാത്ത ഒരു ലൈബ്രറി എനിക്കുണ്ട്. വാല്മീകിയും വ്യാസനും
കാളിദാസനും ഹോമറും എന്നുവേണ്ട എല്ലാവരുടെയുമിടയി
ലാണ് ഞാൻ ജീവിക്കുന്നത്. പിന്നെ എത്രയെത്ര എഴുത്തുകാർ,
എന്റെ കഥാപാത്രങ്ങൾ, അങ്ങനെ എല്ലാവരുമുണ്ട്.
എന്റെ ഭാഗ്യം, അഭിമാനം
ജി. ശങ്കരക്കുറുപ്പിനെ ഞാൻ കണ്ടിട്ടുണ്ട്. ജി. എന്നെ കാണുമ്പോൾ
‘എന്താ ശ്രീധരാ’ എന്നു ചോദിക്കും. ആ ഭാഗ്യം എനിക്കു
ണ്ടായിട്ടുണ്ട്. ഉറൂബ്, പൊറ്റെക്കാട്, ബഷീർ, പൊൻകുന്നം വർക്കി,
തകഴി ഇവരൊക്കെ ഉള്ള ഒരുകാലത്ത് ജീവിച്ചു എന്നുള്ളതാണ്
എന്റെ അഭിമാനം. എം.ടി., ടി. പത്മനാഭൻ, ഒ.എൻ.വി., സുഗതകുമാരി
തുടങ്ങി ഭാഷയിലെ ഏറ്റവും പ്രതിഭാധനരായ എഴുത്തുകാ
ർക്കൊപ്പം ജീവിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്. മുണ്ടശ്ശേരി
എന്നെ അറിയുമായിരുന്നു, കുറ്റിപ്പുഴ എന്നെ അറിയുമായിരുന്നു.
ഇതൊക്കെ വലിയ ഭാഗ്യങ്ങളല്ലേ. വി.ടി. എന്റെ വീട്ടിൽ വന്നിരുന്ന്
അത്താഴം കഴിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഈ വീടിനു പിന്നിൽ പണ്ട്
ഒരു ഓലക്കെട്ടിടമായിരുന്നു. വി.ടി. വന്നാൽ അവിടെ അടുക്കളയി
ലിരുന്നേ കഴിക്കൂ. ചെറുകാട് തിരുവനന്തപുരത്തു വന്നാൽ ഇവിടേ
താമസിക്കുമായിരുന്നുള്ളൂ. എം.ടിയുടെ അടുത്ത് എനിക്ക് നേരെ
2013 ഏടഭഴടറസ ബടളളണറ 18 5
കയറിച്ചെല്ലാം, അടുത്തിരുന്ന് സംസാരിക്കാം. എന്റെ ജന്മം സഫലമായില്ലേ.
ഒ.എൻ.വി. കവിത വായിക്കുന്നത്, സുഗതകുമാരി
കവിത വായിക്കുന്നത് എനിക്ക് തൊട്ടടുത്തിരുന്നു കേൾക്കാം.
ഞാൻ ആദ്യമായി തിരുവനന്തപുരത്തു വരുമ്പോൾ ഈ നഗരം
എനിക്കന്യമായിരുന്നു. വിളിച്ചാൽ വിളി കേൾക്കുന്ന അകലത്ത്
കൈനികര കുമാരപിള്ളയുണ്ട്, ശൂരനാട്ടു കുഞ്ഞൻപിള്ളയുണ്ട്,
ടി.കെ. പരമേശ്വരൻ നായരുണ്ട്. കേശവദേവ് നടക്കാൻ പോകുന്ന
വഴിക്ക് എന്റെ വീട്ടിൽ കയറുമായിരുന്നു. ‘തകഴിച്ചേട്ടാ ഞാനങ്ങോ
ട്ടുവരുന്നു’ എന്നു പറഞ്ഞാൽ ഉച്ചയ്ക്ക് ഊണുപോലും കഴിക്കാതെ
തകഴിച്ചേട്ടൻ എന്നെ കാത്തിരിക്കുമായിരുന്നു. മൂക്കത്തു ശുണ്ഠി
യുള്ള കുറ്റിപ്പുഴയ്ക്ക് എന്നോട് എത്തുമ്പോഴേക്കും എന്നോട് എന്തു
സ്‌നേഹവും വാത്സല്യവുമായിരുന്നു. ബഷീർ സ്വന്തം അനുജനെപ്പോലെയാണ്
എന്നെ സ്‌നേഹിച്ചത്. ഇതൊക്കെയോർക്കുമ്പോൾ
ഞാൻ പുണ്യം ചെയ്തയാളാണെന്ന് തോന്നിപ്പോകുന്നു.
1974-ൽ കേരള സാഹിത്യ അക്കാഡമി അവാർഡു കിട്ടിയപ്പോൾ
എറണാകുളത്ത് ഒരു ഗ്രന്ഥശാല നൽകിയ സ്വീകരണ ചട
ങ്ങിൽ എന്നെ മുല്ലമാലയിട്ടു സ്വീകരിച്ച് തലയിൽ കൈ വച്ച് അനുഗ്രഹിച്ചത്
ജി. ശങ്കരക്കുറുപ്പായിരുന്നു. ‘ലോകമേ യാത്ര’ എന്ന
പ്രസിദ്ധ കാവ്യം എഴുതിയ മേരി എൻ. തോട്ടം എന്റെ ഗുരുനാഥയായിരുന്നു.
എഴുത്തുകാരൻ എന്ന നിലയ്ക്ക് ഭാഷയിലെ ഏറ്റവും
വലിയ പ്രതിഭാശാലികളെ കാണാനും കേൾക്കാനും അവരുടെ
കാലത്ത് ജീവിക്കാനും അവരുടെ സ്‌നേഹവാത്സല്യങ്ങൾ അനുഭവി
ക്കാനും എനിക്ക് കഴിഞ്ഞു. ഇതുതന്നെയാണ് എന്റെ ഏറ്റവും
വലിയ ഭാഗ്യം.
കാക്കനാടൻ
ഞാൻ ഒരു ആധുനികനല്ല. കാക്കനാടനെയും മുകുന്ദനെയുമൊക്കെ
വായിച്ചിട്ടുള്ളതല്ലാതെ ഞാനവരെ നേരിട്ട് കണ്ടിട്ടില്ലായി
രുന്നു. ഞാൻ ആരുമല്ലാത്ത കാലത്ത് അവർ എന്നെ തേടി വന്നു.
ഒരു ദിവസം പനിച്ചു മൂടിപ്പുതച്ച് ഞാൻ കസേരയിൽ ചുരുണ്ടുകൂടി
യിരിക്കുകയായിരുന്നു. രണ്ടുപേർ മുറ്റത്തു വന്നുനിന്നു ചോദിച്ചു,
പെരുമ്പടവം ശ്രീധരന്റെ വീടല്ലേ എന്ന്. അതെ എന്ന് ഞാൻ പറ
ഞ്ഞു. എങ്കിൽ ആളെയൊന്ന് വിളിക്ക്. ഞാൻ തന്നെയാണ് എന്നു
പറഞ്ഞ് ഞാൻ അവർക്കരികിലേക്കു ചെന്നു. ‘അഭയ’മെഴുതിയ
ആളല്ലേ എന്നു പറഞ്ഞ് ആഗതൻ എന്നെ കെട്ടിപ്പിടിച്ചു. എനിക്ക്
അവരെ മനസിലായില്ല എന്ന് അറിയിച്ചപ്പോൾ എന്നെ കെട്ടിപ്പി
ടിച്ചയാൾ പറഞ്ഞു. ‘ഞാൻ കാക്കനാടൻ, ഇവൻ മുകുന്ദൻ’. മലയാളകഥയുടെ
യൗവനം എന്റെ മുറ്റത്ത്! എനിക്ക് വിശ്വസിക്കാനായില്ല.
പിന്നീട് കാക്കനാടൻ എന്റെ ജ്യേഷ്ഠനായി. അത്രയേറെ
കുടുംബവുമായി അടുത്തു. ഇവിടെ വന്നാൽ ദാ ഈ മുറിയിലാണ്
(വലതുവശത്തുള്ള കിടപ്പുമുറി ചൂണ്ടിക്കാട്ടി) താമസിക്കുന്നത്. ഒരു
ദിവസം ഉച്ചകഴിഞ്ഞ നേരത്ത് കാക്കനാടൻ ക്ഷുഭിതനായി പറ
ഞ്ഞു, ഞാൻ പോകുന്നു. ഞങ്ങളാകെ വിഷമിച്ചു. എന്താ കാര്യം
എന്നന്വേഷിച്ചു. കാക്കനാടൻ പറഞ്ഞു, ‘എന്നെ എന്താ ഇവിടെ
തടവിലിട്ടിരിക്കുകയാണോ! മനുഷ്യൻ കള്ളുകുടിക്കാതെ
എങ്ങനെ ജീവിക്കും? ഇവിടെ കള്ളു കുടിക്കാൻ പാടില്ല, ബീഡി
വലിക്കാൻ പാടില്ല, മുറുകാൻ പാടില്ല’. ഞങ്ങൾ പൊട്ടിച്ചിരിച്ചുപോയി.
അതായിരുന്നു കാക്കനാടൻ.
പിന്നൊരിക്കൽ യാദൃച്ഛികമായി കാക്കനാടൻ കയറിവന്നു.
അന്ന് എന്റെ ഷഷ്ടിപൂർത്തിദിവസമായിരുന്നു. അങ്ങനെയൊരു
കാര്യം ആരെയും അറിയിച്ചിരുന്നില്ല. മക്കളും മറ്റും സദ്യയൊരുക്കി,
അങ്ങനെ പോയി. അന്നേരമാണ് കാക്കനാടന്റെ വരവ്. കാക്കനാടൻ
വന്നാൽ പിന്നെ ഉത്സവമാണ്. പുള്ളിയാണ് പിന്നെ ഇവി
ടത്തെ നാഥൻ. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം
എന്റെ ഭാര്യ ലൈലയോടു പറഞ്ഞു, ‘ലൈലേ ഇവന്റെ മാത്രമല്ല,
നിന്റെകൂടി ഷഷ്ടിപൂർത്തി നമുക്ക് ആഘോഷിക്കണം’. അതെ,
കാക്കനാടൻ സ്‌നേഹമായിരുന്നു; പകരം വയ്ക്കാനാകാത്ത സ്‌നേഹം.
യൂറോപ്പ് യാത്ര
ഞാനും ഭാര്യയും കൂടി നാലഞ്ചു വർഷങ്ങൾക്കു മുമ്പ് യൂറോ
പ്പുയാത്ര നടത്തി. ജർമനിയിൽനിന്ന് റോമിലേക്ക് പോയി. പകൽ
മുഴുവൻ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ മൈക്കലാഞ്ചലോയുടെ
ചിത്രങ്ങൾ കണ്ട്, ഉള്ളിൽ തൊട്ട് ധ്യാനിച്ചു നടന്നു. നടന്ന്
കാലു കഴച്ചു. ലോകം മുഴുവൻ അവിടെയുണ്ട്. അത്രയ്ക്ക് തിരക്കാണ്.
ഒന്ന് ഇരിക്കാൻ ഒരു സ്ഥലംപോലും കിട്ടിയില്ല. ഞാനങ്ങനെ
വിഷമിക്കുമ്പോൾ ചുമരിനോട് ചേർന്ന ഒരു ബഞ്ചിൽനിന്ന്
ഒരാൾ എഴുന്നേറ്റു. അപ്പോൾ അടുത്തിരുന്ന സ്ര്തീ ‘ടോം’ എന്നു വിളി
ച്ചു. ഞാനപ്പോൾ ഒഴിഞ്ഞ സ്ഥലത്ത് ഇരുന്നു. അപ്പോഴേക്കും ടോം
തന്നെ വിളിച്ച അമ്മയുടെ അടുത്തുചെന്നു. അയാൾക്ക് അവർ
കണ്ടുവച്ച ഇരിപ്പിടത്തിൽ ഞാൻ കയറി ഇരുന്ന അരിശത്തിൽ
അവർ ടോമിനെ വഴക്കു പറഞ്ഞു. അതും മലയാളത്തിൽ! ‘നീ
എവിടെ നോക്കിനിൽക്കുകയായിരുന്നു’ എന്ന്. ഞാൻ അതിശയി
ച്ചു. റോമിൽ വച്ച് മലയാളം കേൾക്കുന്നു! ഞാൻ അവരോടു പറ
ഞ്ഞു, ‘ഞാൻ മാറിത്തരാം’. എന്റെ മലയാളം കേട്ട അവരുടെ മുഖം
കടലാസുപോലെ വിളറിപ്പോയി. അപ്പോൾ അവരുടെ തൊട്ടപ്പുറ
ത്തിരുന്ന ഒരു പുരുഷൻ ബാഗ് തുറന്ന് ഒരു പുസ്തകത്തിൽ നോക്കുകയും
പിന്നെ എന്നെ നോക്കുകയും വീണ്ടും ബാഗിനുള്ളിൽ
നോക്കുകയും ചെയ്തു. പെട്ടെന്ന് എഴുന്നേറ്റ് അടുത്തു വന്നു ചോദി
ച്ചു, ‘പെരുമ്പടവം ശ്രീധരൻ സാറല്ലേ’ എന്ന്. ‘അതെ’ എന്നു ഞാൻ
മറുപടി കൊടുത്തു. അദ്ദേഹം പറഞ്ഞു, ‘ഒരു സങ്കീർത്തനംപോലെ
എന്റെ കൈവശം ഉണ്ട്. വേദപുസ്തകംപോലെ ഞാനത്
എപ്പോഴും കൂടെ കൊണ്ടുനടക്കുന്നു’. പത്തനംതിട്ടക്കാരൻ ഒരു
ജോർജുകുട്ടിയായിരുന്നു അത്. ഏറെക്കാലമായി ജർമനിയിലായി
രുന്നു. ഞാനറിയാതെ എനിക്കു കിട്ടുന്ന സ്‌നേഹങ്ങൾക്കൊക്കെ
ഞാനെങ്ങനെ നന്ദി പറയും. നമ്മളറിയാതെ എവിടെയൊക്കെയോ
ഇരുന്ന് നമ്മെ സ്‌നേഹിക്കുന്നവരുണ്ട്. ജീവിതത്തിൽ ഒരി
ക്കലും നേരിട്ട് കാണാനിടയില്ലാത്ത ഒരാൾ നമ്മെ മനസിലാക്കു
ന്നു. അതുതന്നെയാണ് നമ്മുടെ അനുഗ്രഹവും. അദൃശ്യമായ ഊർ
ജമായി, അനുഗ്രഹമായി അതെല്ലാം ഒപ്പമുണ്ടാകുന്നു.
മറക്കാനാവാത്ത അനുഭവം
ചെറുപ്പത്തിൽ ഞാൻ പെരുമ്പടവത്തായിരുന്ന സമയത്ത് എറണാകുളത്തു
വച്ച് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ഷഷ്ടിപൂർത്തി
ആഘോഷിച്ചു. മൂന്നുദിവസത്തെ ആഘോഷമാണ്. പാതി
നടന്നും ഓടിയുമൊക്കെ കാണാൻ പോയി. ഭക്ഷണത്തിന്
കാശൊന്നുമില്ല. ഒരണ കൊടുത്താൽ അന്ന് കൈ നിറയെ
നെല്ലിക്ക കിട്ടു. നെല്ലിക്കയും തിന്ന് പൈപ്പുവെള്ളവും കുടിച്ച്
എവിടെയെങ്കിലും കിടന്ന്, പൈപ്പിന്റെ ചോട്ടിൽ പോയി കുളിച്ച്
ഞാനവിടെ കഴിഞ്ഞു. ഒരു സന്ധ്യയ്ക്ക് മഹാകവി രണ്ടുമൂന്ന് സുഹൃ
ത്തുക്കൾക്കൊപ്പം എം.ജി. റോഡിലൂടെ നടന്നുപോകുന്നത് ഞാൻ
ആരാധനയോടെ നോക്കിനിന്നു. ചാറ്റൽമഴയത്ത് നനഞ്ഞ മഹാകവിയുടെ
കാൽപാടുകൾ നോക്കി ഒരു പ്രാർത്ഥന പോലെ മഴയി
ലൂടെ ഞാൻ നടന്നുപോയി.
***
മലയാള കഥാലോകത്തിന്റെ വേറിട്ട വഴികളിലൂടെ ഏകാന്ത
സഞ്ചാരം നടത്തുന്ന എഴുത്തുകാരനാണ് പെരുമ്പടവം ശ്രീധരൻ.
തന്റെ ജീവിതംപോലെതന്നെ ചമയങ്ങളില്ലാത്ത വാക്കുകളും
വിനീത നിശബ്ദതയുമായി ആ കഥാപാത്രങ്ങളോരോന്നും മനസും
2013 ഏടഭഴടറസ ബടളളണറ 18 6
കടന്ന് യാത്ര ചെയ്യുന്നു. ‘എന്നെ വായിച്ചില്ലേ’ എന്ന് ഓരോ വായനക്കാരനോടും
മൃദുവായി ചോദിക്കുന്നു. വായനയുടെ വസന്തപൂ
ർണിമയിലേക്ക്, ഋതുകാലങ്ങളിലേക്ക് വായനക്കാർ സ്വയം നട
ന്നുപോകുന്നു. ജീവിതം ആവർത്തനങ്ങളില്ലാത്ത പുസ്തകമാണ്.
മടങ്ങിപ്പോരുമ്പോൾ അകത്തെ മുറിയിൽ നിന്ന് സങ്കീർത്തനകാരൻ
ആരോടോ ഫോണിൽ പറയുന്നതു കേട്ടു. ”എനിക്ക്
വേണ്ടത് നഗ്‌നമായ സ്‌നേഹമാണ് സ്‌നേഹിതാ. അലങ്കാരവസ്ര്തങ്ങ
ളില്ലാത്ത നഗ്നമായ സ്‌നേഹം…”
ഏകാന്തതയുടെ വാതിലിലേക്ക് സ്‌നേഹത്തിന്റെ ഒരു ഇല പറ
ന്നുപോകുന്നു..