തീസ്ത ഒഴുകുന്ന നാട്ടിൽ

ലീല പി. എസ്.

ഏതാണ്ട് ഒരു മാസം ആയിക്കാണില്ല, രുദ്രപ്രയാഗിൽനിന്ന്,
നവൻ എന്നെ ഫോണിൽ വിളിച്ചറിയിച്ചത്. ”ഞങ്ങൾ ഇപ്പോൾ
മന്ദാകിനിയുടെ തീരത്താണ്. നദിയിലെ വെള്ളത്തിന് ഒരു ചുമന്ന
നിറമാണ്”. നവനും മനുവും, എന്റെ രണ്ടു സഹോദരന്മാർ, ബദരി-കേദാർ
യാത്രയിലായിരുന്നു. അന്ന് പക്ഷെ, ഞങ്ങളാരുംതന്നെ
അറിഞ്ഞില്ല അവർ കണ്ടത് അമർഷം കടിച്ചമർത്തിയ ഒരു നദിയാണെന്ന്.
അവർക്കു പിന്നാലെ വന്നത് ഒരു പ്രളയം. പ്രളയക്കെടുതിയിൽ
അവർ താമസിച്ചിരുന്ന സ്ഥലങ്ങളൊക്കെ ഒഴുകിപ്പോയി
ട്ടുണ്ടാവും. ടി.വിയിൽ പ്രളയക്കെടുതികൾ കണ്ട എന്റെ മനസ്സിൽ
മറ്റൊരു നദിയാണ് ഓർമയിൽ വന്നത് – തീസ്താനദി, സിക്കിമിന്റെ
ജീവനാഡി.
ഒരു വർഷം മുമ്പാണ് എന്റെ സിക്കിം യാത്ര നടന്നത്. ചുവന്നു
കലങ്ങിയ തീസ്തയുടെ ഭാവങ്ങളിൽ ഞാൻ ഒരു പ്രളയലാഞ്ചന
കണ്ടിരുന്നില്ലേ? പരിസ്ഥിതിപ്രേമികളായ സിക്കിം നിവാസികളുടെ
മനസിൽ എപ്പോഴും തീസ്തയെക്കുറിച്ച് ഒരു ആശങ്കയുണ്ട്.
ഹിമാലയൻ പർവത പ്രദേശങ്ങളിൽ ഉടനീളം ആശങ്കാവഹമായ
പ്രളയം ഒളിച്ചിരിപ്പുണ്ട്. ഭൂകമ്പസാദ്ധ്യതയുള്ള പ്രദേശമാണ്. രണ്ടായിരത്തി
പതിനൊന്നിൽ ഉണ്ടായ ഭൂകമ്പത്തിന്റെ നടുക്കയത്തിൽ
നിന്ന് ഇനിയും വിട്ടുമാറാത്ത നാട്ടുകാർ, ഇനിയും പുനരുദ്ധാരണം
ചെയ്യപ്പെടാത്ത റോഡുകൾ, കിട്ടാത്ത നഷ്ടപരിഹാരങ്ങൾ, ഭൂകമ്പ
ത്തിൽ മരിച്ചുപോയവരുടെ മരിക്കാത്ത ഓർമകൾ – സിക്കിമിലെ
പാവപ്പെട്ട കുറച്ചു മനുഷ്യർ അനുഭവിക്കുന്ന വേദന, അസൗകര്യം
എല്ലാം ഉത്തരാഖണ്ഡിലെ ആൾക്കാരും ഇന്ന് അനുഭവിച്ചുതുടങ്ങുകയാണ്.
ഈ പ്രളയത്തിനും ഭൂകമ്പത്തിനും പിന്നിൽ പ്രകൃതി മാത്രമാണെന്നുള്ള
നമ്മുടെ ധാരണ തിരുത്തേണ്ടിയിരിക്കുന്നു. പ്രകൃതി
മാത്രമല്ല. ഈ അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളിൽ വീണ്ടുവിചാരമില്ലാതെ,
അപകടങ്ങൾ മുന്നിൽ കാണാതെ മനുഷ്യർ നടത്തുന്ന
‘പരാക്രമങ്ങൾ’ നമ്മൾ കണ്ണുതുറന്നു കാണണം. വികസനവും
വിനാശവും ഏതാണ്ട് സമാന്തരമായിട്ടാണ് നമ്മുടെ രാജ്യത്തിൽ
ഇന്ന് നടക്കുന്നത്. കുറച്ച് മനുഷ്യരുടെ ലാഭങ്ങൾക്കു വേണ്ടി ഒത്തി
രിയാളുകളുടെ ജീവിതം നമ്മൾ ഹോമിക്കുന്നു. പ്രകൃതിക്ക് അനുയോജ്യമായ
വികസനപദ്ധതികൾ ചിന്തിക്കാതെ, ഏറ്റവുമധികം
ലാഭം പ്രതീക്ഷിച്ച്, ‘കുഴിയുന്നിടം കുഴിക്കുന്ന’ ഒരു വികസനമാണ്
ഭരണാധികാരികൾ നടപ്പാക്കുന്നത്. ഇന്ന് മന്ദാകിനിയാണെങ്കിൽ
ഒരുപക്ഷെ തീസ്തയാവും അമർഷംകൊണ്ട് കലി തുള്ളുന്നത്.
അങ്ങനെ ഒരിക്കലും ആവരുതെന്ന് നമ്മൾ ആഗ്രഹിച്ചുപോകും;
തീസ്തയുടെ അരികിൽ, യുംഗ് താംഗ് താഴ്‌വരയിൽ നമ്മൾ ഒരു
നിമിഷം നിൽക്കുമ്പോൾ.
ഉത്തര സിക്കിമിലെ യുംഗ് താംഗ് താഴ്‌വരയിൽ, സമുദ്ര നിര
പ്പിൽനിന്ന് ഏതാണ്ട് 12000 അടി ഉയരത്തിൽ ഞാനെത്തിയത് ഒരു
നിമിത്തമായിരുന്നു. യാത്ര തുടങ്ങിയപ്പോൾ എനിക്ക് പ്രത്യേകിച്ച്
എന്തു കാണണമെന്നോ, കാണണ്ടായെന്നോ പ്രത്യേകിച്ച് തീരുമാനങ്ങൾ
ഒന്നുംതന്നെയില്ലായിരുന്നു. പ്ലാനിംഗില്ലാത്ത യാത്ര. മുംബയിൽ
വേനൽക്കാല ചൂട് തലയ്ക്കു ബാധിച്ചപ്പോൾ, പെട്ടെന്നുതോന്നി
– സ്ഥലം വിടണം. കഴിവതും വേഗം ഈ നഗരം വിട്ട്
ഏതെങ്കിലും ഹിമാലയൻ പ്രാന്തങ്ങളിലേക്ക് കുറച്ചുദിവസം മാറി
നിൽക്കണം എന്ന്. അപ്പോഴാണ് മലമുകളിൽനിന്ന് ശാന്ത വിളി
ച്ചത്. ”നീ പോരൂ, സിക്കിമിലേക്ക്. ഇവിടെ എന്നും ഉച്ചതിരിഞ്ഞ്
മഴയുണ്ട്”. പിന്നെ ഒന്നും ചിന്തിക്കേണ്ടിവന്നില്ല. ബാഗെടുത്ത്
തോളിലിട്ട് ഒറ്റയ്ക്കു പുറപ്പെട്ടു. അതെ, ഇക്കുറി എന്റെ പിറന്നാൾ
ദിനം നഗരം വിട്ട്, നാട്ടാരെ വിട്ട്, ബന്ധുക്കളും പരിചയങ്ങളുമി
ല്ലാത്ത അപരിചിതമായ സ്ഥലത്ത്, ഒറ്റയ്ക്ക് ഒന്നു മുങ്ങണം. ആ ഒരു
ചിന്ത മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ.
മുംബയിൽനിന്ന് നേരിട്ട് ന്യൂ ജൻപാൽ ഗുഡിയിലേക്കുള്ള തീവ
ണ്ടിയിൽ റിസർവേഷൻ കിട്ടാഞ്ഞതിനാൽ ദില്ലി വഴി അങ്ങോട്ടേ
ക്കുള്ള രാജധാനിയിലാണ് ഞാൻ തിരിച്ചത്. ന്യൂ ജൻപാൽഗുഡി
യിലാണ് സിലിഗുഡിയുടെ റെയിൽവെസ്റ്റേഷൻ സ്ഥിതിചെയ്യുന്ന
ത്. വണ്ടി നിർത്തി പുറത്തിറങ്ങിയപ്പോഴാണ് ഒരു സംഗതി മനസി
ലായത്. ഗൂർഖാ നാഷണൽ ലിബറേഷൻ ഫ്രന്റിന്റെ ഹർത്താലും
വഴിതടയൽ സമരവുമൊക്കെയായിരുന്നു തലേന്ന്. ഡാർജിലിംഗ്
വഴിയുള്ള വാഹനങ്ങൾ ഓടിത്തുടങ്ങിയിട്ടില്ല. ഗാംഗ്‌ടോക്കിലേക്ക്
ഷെയർ ചെയ്തുള്ള കാറുണ്ട്. ഒരു ഇന്നോവയുടെ മുമ്പിൽ സ്ഥലം
പിടിച്ച് ഞാൻ പുറപ്പെട്ടു. മുംബയ് വിട്ടപ്പോഴത്തെ അവസ്ഥയായി
രുന്നില്ല അപ്പോൾ മനസിൽ. സ്വകാര്യദു:ഖങ്ങളൊക്കെ അറബിക്ക
ടലിൽ ഒഴുക്കിവിട്ടാണ് ഞാൻ ഹിമാലയത്തിലേക്കു തിരിച്ചത്.
എൻ.എച്ച്. 31 എ പിടിച്ച് 113 കിലോമീറ്റർ ദൂരെയുള്ള ഗാംഗ്‌ടോ
ക്കിനെ ലക്ഷ്യമാക്കി ഇന്നോവ. ട്രാഫിക്കിൽ അകപ്പെട്ടില്ലെങ്കിൽ
രണ്ടുമണിക്കൂർകൊണ്ടെത്തും. പക്ഷെ, മഴയുണ്ടാവാം, മണ്ണിടി
ച്ചിൽ ഉണ്ടാവാം. റോഡു മുറിച്ചുകടന്ന് വെള്ളച്ചാട്ടങ്ങൾ തീസ്തയി
ലേക്ക് ഒഴുകാം. എല്ലാ അനാമത്തുകളും പ്രതീക്ഷിക്കാം. അങ്ങനെ
ഉണ്ടായാൽ ട്രാഫിക് ബ്ലോക്കാവും. പിന്നെ പറയാനാവില്ല,
എപ്പോൾ എത്തുമെന്ന്. മാനത്ത് കുന്നുകൂടിയ കാർമേഘങ്ങളേ
ക്കാൾ ഇരുണ്ടത് ഡ്രൈവറുടെ മുഖമാണ്. വണ്ടിയിലെ യാത്രക്കാരുടെ
സുരക്ഷ അയാളുടെ കൈയിലാണ്. ഡ്രൈവർ ഒരു ചിന്ന പയ്യ
ൻസ്. കോളേജിലൊക്കെ പോയി പഠിച്ചു രസിച്ച് ‘ഗേൾസി’നെ കമ
ന്റടിച്ചു നടക്കേണ്ട പ്രായം. പക്ഷെ ഇവൻ ഡ്രൈവർ ആയാലേ
അവനും അവന്റെ കുടുംബത്തിനും നിലനിൽക്കാനാവൂ. ചിന്തിതനായ
എന്റെ ഡ്രൈവറെപ്പറ്റി അധികം ചിന്തിക്കാതെ ഞാൻ വഴി
യോരക്കാഴ്ചകൾ കണ്ടു. തീസ്ത ഒരു വശത്ത്. കലങ്ങിയൊഴുകുന്ന
പുഴ. മലയിൽ മണ്ണിടിച്ചിൽ തുടങ്ങിയിട്ടുണ്ടാവും, മഴയത്ത്. പേരറിയാത്ത
മരങ്ങൾ. വലതുവശം മല. കുത്തനെ വെള്ളമൊലിച്ച
പാടുകൾ. റോഡുകളിൽ കേടുപാടുകൾ.
സമാന്തരമായി ഒഴുകുന്ന തീസ്തയെ ഓർത്ത് ഞാനിരുന്നു. എത്ര
ലേഖനങ്ങൾ വന്നിരിക്കുന്നു, തീസ്തയുടെ സംരക്ഷണം ആവശ്യ
പ്പെട്ട്. ഹിമാലയത്തിലെ ഒരു ഗ്ലേസിയറിൽ നിന്ന് പുറപ്പെട്ട്, സിക്കി
മിലൂടെ, പശ്ചിമ ബംഗാളിലൂടെ, ബംഗ്ലാദേശിലൂടെ, ബ്രഹ്മപുത്രയിൽ
ലയിച്ച് കടലിൽ പതിക്കുന്ന തീസ്തയുടെ വെള്ളത്തിൽനിന്ന്
താപോർജം ഉണ്ടാക്കുന്നതിനായി ഭാരത സർക്കാരും സിക്കിം സർ
ക്കാരും ചേർന്നുള്ള ഹൈഡ്രോ പവർ പ്രൊജക്ട് തീസ്ത ഊർജ
ലിമിറ്റഡ് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പന്ത്രണ്ട് മെഗാ
ഡാമുകൾ കെട്ടി നദി തിരിച്ചുവിട്ട് ഊർജം ഉണ്ടാക്കുന്നതിനുള്ള
ഈ ഉദ്യമത്തിൽ സ്വന്തം വീടു വിട്ട് ഇറങ്ങിയവർ ഏറെയാണ്. മല
തുരന്ന് ടണൽ ഉണ്ടാക്കുന്നതിനിടയിൽ ഭൂകമ്പം ഉണ്ടായതിനാൽ
നിർമാണ തൊഴിലാളികൾ മരിച്ചുപോയിട്ടുണ്ട്. ഏതു നിമിഷവും
ഫ്‌ളാഷ് ഫ്‌ളഡ് ഉണ്ടാവാം. നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർ
സദാ ജാഗരൂകരായിരിക്കണമെന്നുള്ള നിർദേശങ്ങൾ കൊടുത്തി
ട്ടുണ്ട്.
കലിംപോംഗിലെ റാഫ്ടിംഗ് നടക്കുന്ന സ്ഥലവും കടന്ന്
സേവോക്കിലെത്തിയപ്പോൾ കൊറോണേഷൻ ബ്രിഡ്ജ് കണ്ടു.
ഇന്ത്യയെയും ഭൂട്ടാനെയും ബന്ധിപ്പിക്കുന്ന പാലം. മഞ്ഞയും
പിങ്കും കളറുകൾ ചേർന്ന ആ പാലം ഇടതൂർന്നു നിൽക്കുന്ന ഒരു
മലയിലോട്ടുള്ള വഴിയിലേക്കാണ് നയിക്കുന്നത്. ഒന്നത്രടം വരെ
ആ പാലത്തിലൂടെ ഓടിപ്പോവാൻ മനസിൽ ആശ തോന്നി.
2013 നഴഫസ ബടളളണറ 10 3
പക്ഷെ ഇന്നോവ നിർത്താതെ ഓടുകയാണ്.
ശാന്തയും അവളുടെ ഭർത്താവ് കൃഷ്ണാനന്ദും താമസിക്കു
ന്നത് സിക്‌സ്ത് മൈലിലാണ്. കൃഷ്ണ സിക്കിം യൂണിവേഴ്‌സിറ്റി
യിലെ ജേർണലിസം ഡിപ്പാർട്‌മെന്റിൽ പഠിപ്പിക്കാനായി ചേർന്നി
ട്ടധികം നാളായിട്ടില്ല. മിസിസ് ഭൂട്ടാനി എന്നറിയപ്പെടുന്ന ഒരു
പോലീസുദ്യോഗസ്ഥയുടെ വീട്ടിലെ രണ്ടാംനിലയിലാണ് ശാന്ത
താമസിക്കുന്നത്. സിലിഗുഡി-ഗാംഗ്‌ടോക്ക് പാതയുടെ അരി
കിലെ ആ വീടിന്റെ ബാൽക്കണിയിൽ നിന്നാൽ വാഹനങ്ങൾ
താഴെ നീങ്ങുന്നത് കാണാം. സിക്കിമിലെ വാഹനമോടിക്കുന്നവർ
ഹോണടിച്ച് ആരെയും ദ്രോഹിക്കാറില്ല. മത്സരയോട്ടവും ഇല്ല.
ക്ഷമാശീലരാണ്. അത്യാവശ്യമെങ്കിൽ മാത്രം മൃദുലമായി ഒന്ന്
ഹോണടിക്കും. റോഡിന്റെ ഒരരുകിൽ കൃത്യമായ നടപ്പാതയുണ്ട്.
ആളുകൾ അവിടെ കൂടി മാത്രം നടക്കുന്നു. വീടിനെതിരെയുള്ള മലകളിലൊക്കെ
വീടുകൾ ഉണ്ട്. കുട്ടികളും സ്ര്തീകളും പുരുഷ
ന്മാരുമെല്ലാം എന്നും കുന്നിറങ്ങി താഴെ റോഡിൽ വന്ന് വാ,നം
പിടിച്ച് ജോലിസ്ഥലത്തേക്കു പോകും. പല കെട്ടിടങ്ങളിലും
കൊടികൾ കാണാം. വെള്ളക്കൊടികൾ മരിച്ചവരുടെ ആത്മാക്ക
ൾക്ക് ശാന്തി നേരാനാണെന്ന് ആരോ പറഞ്ഞു. ബാൽക്കണികളിൽ
പൂച്ചട്ടികളും പൂക്കളും. മുംബയിലെ പോലെ തുണികൾ വിരി
ച്ചിട്ടില്ല.
ശാന്തയും ഞാനും കൂടി എന്റെ ബാക്കിയാത്രകൾ പ്ലാൻ ചെയ്തു.
സിക്കിമിൽ എല്ലായിടത്തും പോകാൻ പറ്റുന്ന സ്ഥലങ്ങൾ ഏറെയുണ്ട്.
പക്ഷെ ഒരാഴ്ചകൊണ്ടൊന്നും പറ്റില്ലെന്നുമാത്രം. സിക്കിം
വഴി, അരുണാചൽ പിടിക്കാനാണ് ഞാൻ പോകുന്നത്. അരുണാ
ചലിൽ മറ്റൊരു കൂട്ടർ നടത്തുന്ന യാത്രയിൽ പങ്കുചേരാനുള്ള
ക്ഷണമുണ്ട്. സിക്കിമിൽതന്നെ ഒരാഴ്ചകൊണ്ട് മാക്‌സിമം കവർ
ചെയ്യണം എന്നൊരു ദുരാഗ്രഹം ഇല്ലാതിരുന്നില്ല. നാഥുലയ്ക്കാണ്
ഞാൻ ആദ്യ പ്രിഫറൻസ് നൽകിയത്. ഇന്ത്യയുടെയും ചൈനയുടെയും
അതിർത്തിയിലുള്ള നാഥുലയെപ്പറ്റി ഒത്തിരി കേട്ടിട്ടുണ്ട്.
അവിടെ പോകണമെങ്കിൽ ഇന്ത്യൻ ആർമിയുടെ പ്രത്യേക അനുവാദം
വേണം. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡും. ട്രാവൽ
ഏജൻസികളാണ് ഇതെല്ലാം തരപ്പെടുത്തി, നമ്മളെ കൊണ്ടുപോകുന്നത്.
ഗാംഗ്‌ടോക്കിലെ പ്രധാന സ്ഥലമായ എം.ജി. റോഡി
ലാണ് ട്രാവൽ ഏജൻസികൾ. കുന്നിൻമുകളിലുള്ള ഈ റോഡിൽ
നിന്നാൽ ഗാംഗ്‌ടോക്ക് സിറ്റിയുടെ നല്ലൊരു കാഴ്ച കാണാം. രണ്ടു
സൈഡിലും കടകൾ, വൃത്തിയുള്ള റോഡ്, ചപ്പുചവറുകൾ ഇല്ലാ
ത്ത, ചളിയില്ലാത്ത, കുണ്ടും കുഴികളുമില്ലാത്ത എം.ജി. റോഡിൽ
ഇരിക്കാൻ ചാരുബഞ്ചുകളുണ്ട്. റോഡുനിരപ്പിൽ നിന്ന് പടിയി
റങ്ങി വേണം, ട്രാവൽ ഏജൻസികളിലെത്താൻ. കുടുസു മുറികളാണ്
മിക്കവാറും അവ. ഞാനും ശാന്തയും ഗോവണികൾ കയറി
ത്തുടങ്ങി. നാഥുലയിലേക്കുള്ള അനുമതിക്കായി അലഞ്ഞു.
മധുവിധു ആഘോഷിക്കാൻ എത്തുന്നവരാണ് ടൂറിസ്റ്റുകളിൽ
അധികവും. അതുകൊണ്ടുതന്നെ എന്നെപ്പോലെ ഒറ്റതിരിഞ്ഞു
നടക്കുന്ന ഏകാന്തപഥികർക്ക് ടാക്‌സിയിൽ ഇടമില്ല. അല്ലെങ്കിൽ
മറ്റൊരു പഥികനെ കണ്ടുപിടിക്കണം കൂട്ടിന്. സിംഗിൾ സീറ്റ് കിട്ടാനുള്ള
പാടു കണ്ടപ്പോൾ തോന്നിപ്പോയി, ആരെയെങ്കിലും കൂടി
യാത്രയ്ക്ക് കൂട്ടാമായിരുന്നുവെന്ന്. കടുത്ത ചുമയും ജലദോഷവും
കാരണം ശാന്തയ്ക്ക് മലമുകളിലേക്കുള്ള യാത്രയിൽ എന്നോടൊപ്പം
വരാൻ പറ്റില്ലായിരുന്നു. കൃഷ്ണ ഒരേ ബിസി. പുതുതായി തുട
ങ്ങിയ ഡിപ്പാർട്‌മെന്റ് വികസിപ്പിക്കാനുള്ള തിരക്ക്. ഏതെങ്കിലും
വണ്ടിയിൽ ഒറ്റയ്ക്ക് ഒരു സീറ്റുണ്ടോയെന്ന് ഏജൻസികൾ വീണ്ടും
വീണ്ടും ചെക്ക് ചെയ്തു. രണ്ടു സീറ്റിനുള്ള പൈസ കൊടുത്താലോ
എന്ന് ഞാൻ നിർദേശം വച്ചപ്പോൾ നാഥുലയ്ക്ക് അത് സാദ്ധ്യമല്ല
എന്നവർ വിശദീകരിച്ചു. കാരണം ഐഡന്റിറ്റി കാർഡും
ഫോട്ടോയും എല്ലാം നിർബന്ധമാണ്. ഇന്ത്യൻ അതിർത്തിയല്ലേ.
ആർമിക്കാർ കർശനമായേ പറ്റൂ. എങ്ങനെയൊക്കെ സീറ്റു തരപ്പെ
ടുത്തിയാലും നാഥുല വരെ എത്തുമെന്നതിന് തീർച്ചയില്ല.
കാരണം കുറെ ദൂരം കഴിയുമ്പോൾ ആർമിയുടെ അകമ്പടിയോടെയാണ്
നമ്മൾ നാഥുലയിൽ എത്തുന്നത്. അതിനുള്ള കരുതലുകൾ
അവർക്കു മാത്രമേ ഉള്ളൂ. ഓക്‌സിജൻ കുറയുമ്പോൾ അതു
നൽകണം. ഹൃദ്‌രോഗികൾക്ക് സന്ദർശനം പാടാണ്. മഴ പെയ്താ
ൽ, മൂടൽമഞ്ഞു പടർന്നാൽ, മുകളിലോട്ടു പോകാതെ തിരിച്ചുവരേണ്ടിവരും.
ചുരുക്കത്തിൽ ഒന്നിനും ഒരു ഉറപ്പില്ല. ഞാൻ നിരാശപ്പെട്ട്
എം.ജി. റോഡിന്റെ നടുവിലുള്ള സിമന്റ്ബഞ്ചിൽ ചാരിയി
രുന്നു. ഒപ്പം ശാന്തയും.
നാഥുലയിലെ ഹർഭജൻ സിംഗ് എന്ന പട്ടാളക്കാരന്റെ കഥകൾ
ഓർത്ത് ഞാനാ ബഞ്ചിലിരുന്നു. 1968-ൽ ഡ്യൂട്ടിക്കിടയിൽ ഒരു
ഗ്ലേസിയറിൽ അദ്ദേഹം താണുപോയത്രെ. മൂന്നു ദിവസം കഴി
ഞ്ഞാണ് ശരീരം കണ്ടെത്തിയത്. പക്ഷെ ഇന്നും ഇന്ത്യൻ ആർമി
യിലുള്ളവർക്ക് അദ്ദേഹം മരിച്ചതായി തോന്നുന്നില്ല. അല്ലെങ്കിൽ
മരിച്ചു എന്ന് വിശ്വസിക്കാനിഷ്ടമല്ല. ഡ്യൂട്ടിക്കിടയിൽ അബദ്ധവശാൽ
ഉറക്കം തൂങ്ങുന്നവരെ ഹർഭജൻസിംഗ് ഇന്നും തട്ടിയുണർ
ത്തും. എന്നും രാവിലെ അദ്ദേഹത്തിന്റെ ഷൂ പോളിഷ് ചെയ്തുവ
യ്ക്കാറുണ്ടെന്നാണ് പറയുന്നത്. അതുപോലെ കിടക്ക വിരിച്ചിടും.
രാവിലെ കിടക്കയിൽ ചുളിവുകൾ താനേ വീഴും. വൈകുന്നേരമാവുമ്പോഴേക്കും
ഷൂവിൽ ചളി പടർന്നിട്ടുണ്ടാവും. കഥകൾ
അങ്ങനെ പോകുന്നു.
അരൂപിയായ ഹർഭജൻസിംഗ് എന്റെ ഒപ്പമുണ്ടെന്നു പറഞ്ഞ്
ഒരു വാഹനത്തിന്റെ രണ്ടു സീറ്റ് ബുക്കു ചെയ്താലോ എന്ന് ഞാൻ
ആലോചിച്ചു. എന്തുകൊണ്ട് ആർമി വിശ്വസിക്കില്ല? അതിർത്തി
യിലെ പട്ടാളക്കാർ നല്ലവരാണ്. അവരുടെ മനസിൽ സൗഹൃദ
ങ്ങളും നല്ല ചിന്തകളുമേ കാണൂ എന്നെനിക്കു തോന്നുന്നു.
അങ്ങനെയാലാലല്ലേ ചെല്ലുന്ന സന്ദർശകർക്ക് ചൈനീസ് പട്ടാളക്കാരുമായി
ഹസ്തദാനം ചെയ്യാനാവൂ, ഹലോ പറയാനാവൂ.
കൊടുംമഞ്ഞിൽ പർവതമുകളിൽ അതിർത്തിക്കു കാവൽ നിൽ
ക്കുന്ന കുറെ പാവം പിടിച്ച പട്ടാളക്കാർക്ക് – ചൈനീസാകട്ടെ,
ഇന്ത്യനാകട്ടെ – പരസ്പരം പങ്കിടാൻ കുറച്ചു ഗൃഹാതുരത്വവും
പ്രണയവും ഓർമകളും അല്ലേ ഉണ്ടാവൂ. യുദ്ധമുണ്ടാവില്ല അവരി
ൽ, സമാധാനമേ കാണൂ. യുദ്ധത്തിന്റെ കരുക്കൾ നീക്കുന്നത് തല
സ്ഥാനനഗരികളിൽ ഇരിക്കുന്ന ഭരണകർത്താക്കളല്ലേ?
അവിചാരിതമായി വന്ന മഴയിൽ എന്റെ ചിന്തകൾ നനഞ്ഞു.
അതും ആലിപ്പഴത്തോടെയുള്ള മഴ. ശാന്ത ഓടി കടത്തിണ്ണയി
ലേക്കു കയറിനിന്നു. കറുത്ത ടാറിട്ട റോഡിൽ മുത്തുമണികൾ
പോലെ ആലിപ്പഴങ്ങൾ ചിന്നിച്ചിതറി. ഞാൻ പരിസരം മറന്ന്
അത് പെറുക്കാൻ തുടങ്ങി. തൃശൂർ ഭാഷയിൽ ശാന്ത ശാസന തുട
ങ്ങിയപ്പോൾ ഞാനുമോടി, കടത്തിണ്ണയിലേക്ക്. എന്തുകൊണ്ടോ
ആ മഴ ഒരു നിമിത്തമായി എനിക്കു തോന്നുന്നു. എന്റെ നിരാശയെല്ലാം
ആ മഴയിൽ ഒലിച്ചുപോയി. എന്റെ മുമ്പിലേക്ക് ഒരു
മാലാഖ കടന്നുവന്നു. ഡിക്കി ചോദൻ എന്നായിരുന്നു അവളുടെ
പേര്.
ഡിക്കിയെ ഞങ്ങൾ കണ്ടുമുട്ടിയത് തികച്ചും അവിചാരിതമായി
ട്ടാണ്. മഴയുടെ ഒച്ചപ്പാടൊന്നു ശമിച്ചപ്പോൾ ചൂടുചായയും
മോമോസും കഴിക്കാൻ ഞങ്ങളിറങ്ങിയതാണ്. സിക്കിമിലെ ചായ
ക്കപ്പുകൾ മനോഹരമാണ്. അടപ്പോടുകൂടിയ ആ കപ്പുകൾ
തിരക്കി ഒരു കടയിൽ ഞങ്ങൾ കയറി. മൂന്നാലു മൺകപ്പുകൾ
വാങ്ങി തിരിച്ചു വീട്ടിലേക്കു പോകാനായി തീരുമാനിച്ചു നടന്ന
ഞങ്ങളുടെ മുന്നിൽ ഒരു ട്രാവൽ ഏജൻസിയുടെ ബോർഡ് കണ്ണി
ൽപെട്ടു. ശാന്തയെ റോഡിൽ നിർത്തി പടികളിറങ്ങി ഞാൻ ആ
2013 നഴഫസ ബടളളണറ 10 4
ഏജൻസിയിലേക്ക് കയറിച്ചെന്നു. വെളുത്തു നീണ്ട സുന്ദരി ഒരു
ഫോണിൽ സംസാരിക്കുന്നു. എന്നോട് കസേരയിലിരിക്കാൻ
ആംഗ്യം കാണിച്ചു. ഞാനിരുന്നു. അവളുടെ പുറകിൽ സിക്കിമിന്റെ
ഒരു വലിയ ഭൂപടം. ഭൂപടത്തിൽ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ
അടയാളപ്പെടുത്തിയിട്ടുണ്ട്. കൂട്ടത്തിൽ നാഥുലയും. നാഥുല ഒരു
ടിബറ്റൻ പദമാണ്. ‘നാഥു’ എന്നു പറഞ്ഞാൽ ‘ശ്രദ്ധിക്കുന്ന ചെവി
കൾ’, ‘ലാ’ എന്നു പറഞ്ഞാൽ പാസ്. ‘ശ്രദ്ധിക്കുന്ന ചെവികളേ,
നിങ്ങളെന്തേ എന്റെ പ്രശ്‌നം കേൾക്കുന്നില്ല?’
ഡിക്കി സ്വയം പരിചയപ്പെടുത്തി. എനിക്കായി ശ്രമം തുടങ്ങി.
ഗൗരവക്കാരിയാണ്. പല വാഹന ഉടമകളുമായും ഫോണിലൂടെ
സംസാരം തുടരുന്നതു കണ്ടിട്ടാവാം, ശാന്ത കൂടി റോഡിൽനിന്നി
റങ്ങി ആ കുടുസുമുറിയിലേക്കു വന്നു.
ഒടുവിൽ ഡിക്കി എന്നോടു പറഞ്ഞു, ‘മറ്റൊരു ഓപ്ഷൻ ഉണ്ട്.
യുംഗ് താംഗ് താഴ്‌വര. രണ്ടുദിവസത്തെ ട്രിപ്പ്’. തീർച്ചയായും എനി
ക്കിഷ്ടമാകുമെന്ന് അവൾ ഉറപ്പു പറഞ്ഞു. അങ്ങോട്ടേക്കുള്ള വണ്ടി
യിൽ ഒരാൾക്കും കൂടി ഒരു സീറ്റുണ്ട്. ഞാൻ വേഗം തീരുമാനിച്ചു,
പോവുകതന്നെ. ഏപ്രിൽ 26, എന്റെ പിറന്നാൾദിനം, ടിബറ്റിനോടു
ചേർന്നുകിടക്കുന്ന ഹിമാലയൻ താഴ്‌വര. ഞാൻ അമാന്തിച്ചില്ല.
പാസിനുള്ള ഡോക്യുമെന്റ്‌സ് എല്ലാം കൊടുത്തു. തിരിച്ച് ശാന്ത
യുടെ വീട്ടിലേക്കു മടങ്ങി. അധികം വൈകാതെ ഡിക്കി വിളിച്ചുപറഞ്ഞു,
എല്ലാം റെഡിയായി; 26-നു രാവിലെ എം.ജി. റോഡിലെ
ത്തണമെന്ന്. അങ്ങനെ പിറന്നാൾ ദിവസം ഞാൻ ‘പരിധിക്കു പുറ
ത്താകാൻ’ പോകുന്നു. ഉള്ളിൽ ഞാൻ അഹങ്കാരത്തോടെ ചിരി
ച്ചു.
പക്ഷെ ഡിക്കി എന്നെ അമ്പരപ്പിച്ചുകളഞ്ഞു. പാസ് കളക്ട്
ചെയ്യാൻ പോയ എന്നെ അവർ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് പിറന്നാളാശംസകൾ
നേർന്നു. തൂമഞ്ഞിന്റെ നിറമുള്ള ഒരു സിൽക്ക്
സ്‌കാർഫ് എന്റെ തോളിലൂടെ ഇട്ടു. സിക്കിമിൽ മുതിർന്നവരെ
ആദരിക്കുന്നത് ഇങ്ങനെയാണ്. ഞാൻ യാത്ര തുടങ്ങി, കണ്ണുനീർ
ഒപ്പാതെതന്നെ.
ഉത്തര സിക്കിമിലുള്ള യുംഗ് താംഗ് താഴ്‌വര സമുദ്രനിരപ്പിൽ
നിന്ന് ഏതാണ്ട് 12,000 അടി ഉയരത്തിലാണ്. ടാംഗ്‌ടോക്കിൽനിന്ന്
150 കിലോമീറ്റർ അകലെയാണ്. മലകൾക്കിടയിലൂടെ ആ യാത്ര
വളരെയധികം മനോഹരമാണ്. ഇടയ്ക്കിടെയെല്ലാം വെള്ളച്ചാട്ട
ങ്ങൾ ദൃശ്യമാകും. ചുരങ്ങളും ഗർത്തങ്ങളും. ഒരു വെള്ളച്ചാട്ടം
കാണിച്ചുകൊണ്ട് വണ്ടി നിർത്തി ഡ്രൈവർ പറഞ്ഞു: ‘ഇതാണ്
അമിതാഭ് ബച്ചൻ വെള്ളച്ചാട്ടം’. അതിനും പൊക്കം നന്നേ ഉണ്ടായിരുന്നു.
ഇടയ്ക്കിടെയെല്ലാം കാഞ്ചൻജംഗ ദൃശ്യമായിരുന്നു.
പക്ഷെ ഉച്ചതിരിയുംതോറും, മൂടൽ കാരണം പലയിടത്തും അദൃശ്യമായിക്കൊണ്ടിരുന്നു.
ഞങ്ങളുടെ സ്‌കോർപിയോ ഓടിച്ചതും
ഒരു പയ്യൻസാണ്. എത്ര ശ്രദ്ധിച്ചാണവൻ വണ്ടിയോടിക്കുന്നത്.
വർത്തമാനത്തിന് ഒരു കുറവുമില്ല. റോഡുകൾ കൂടുതൽ ദുഷ്‌കരമാവാൻ
തുടങ്ങി. പലയിടത്തും പൊളിഞ്ഞുകിടക്കുകയാണ്.
സിക്കിമിലെ റോഡുകളുടെ പണി നടത്തുന്നത് ബോർഡർ
റോഡ്‌സ് ഓർഗനൈസേഷൻ അഥവാ ബ്രോ ആണ്. പല സ്ഥല
ങ്ങളിലും അവരുടെ പണി കാരണം വണ്ടി മെല്ലെയാണ് നീങ്ങുന്ന
ത്. താഴെയുള്ള ഗർത്തങ്ങൾ കണ്ടാൽ പേടി തോന്നാം. പക്ഷെ
എനിക്ക് ഒട്ടും പേടി ഉണ്ടായിരുന്നില്ല. പാതയ്ക്കരികിൽ വെള്ളക്കൊടികൾ
നാട്ടിയിരിക്കുന്നു. മരിച്ചവരുടെ ആത്മാക്കൾ നമ്മുടെ
ജീവനെ രക്ഷിക്കട്ടെ എന്നതാവുമോ അതിന്റെ അർത്ഥം!
വഴിയിൽ പലയിടത്തും കണ്ട മണ്ണിടിച്ചിൽ മഴകൊണ്ടു മാത്രമായിരുന്നില്ല.
2011 സെപ്തംബർ 18-ന് സിക്കിമിനെ പിടിച്ചുകുലു
ക്കിയ ഭൂകമ്പത്തിന്റെ കേന്ദ്രം ഉത്തര പടിഞ്ഞാറൻ സിക്കിമിലെ
നേപ്പാൾ അതിർത്തിക്കടുത്തായിരുന്നു. അതിനെയും പിന്നീടു
ണ്ടായ ഭൂചലനങ്ങളെും തുടർന്ന് സിക്കിമിലെ മലനിരകളിലെ
പാതകൾ പലയിടത്തും നടുവെ പൊളിഞ്ഞപോയി. എന്റെ
സുഹൃത്ത് സീറ്റെന്റെ നാടായ ചുംഗ് താംഗിലും ആ ഭൂകമ്പം നാശം
വിതച്ചു. മൊത്തത്തിൽ 111 പേർ കൊല്ലപ്പെട്ടതായിട്ടാണ് ഔദ്യോഗിക
കണക്കുകൾ. ഒട്ടനവധി പേർക്ക് പാർപ്പിടമില്ലാതായി. ചുംഗ്
താംഗ് പോലുള്ള സ്ഥലങ്ങള മൂന്നാലു ദിവസത്തോളം ഒറ്റപ്പെട്ടുപോയി.
രക്ഷാപ്രവർത്തനങ്ങൾക്കുപോലും അനുകൂലമായ
കാലാവസ്ഥയായിരുന്നില്ല. അന്നു പൊളിഞ്ഞ റോഡുകളുടെ അറ്റ
കുറ്റപ്പണി ഞാൻ പോകുമ്പോഴും നടന്നുകൊണ്ടിരിക്കുകയായിരു
ന്നു. പതിവുള്ള മഴയും മലവെള്ളപ്പാച്ചിലുകളും നിമിത്തം റോഡുപണി
ഇടയ്ക്കിടെയെല്ലാം തടസ്സപ്പെട്ടുകൊണ്ടിരുന്നു. ആ വഴികളി
ലൂടെ ഞങ്ങൾ യാത്ര തുടർന്നു. പലയിടത്തു വച്ചും മഴ ഞങ്ങളെ
പിന്തുടർന്നു. ഒടുവിൽ ചുംഗ് താംഗും കടന്ന് രാതിയിൽ ഏഴരയോടെ
ലാചുംഗിൽ എത്തി. അന്ന് അവിടെയായിരുന്നു താവളം.
ലെപ്ചകളുടെയും ടിബറ്റൻസിന്റെയും നാടാണ് ലാചുംഗ്. ടൂറിസവുമായി
ബന്ധപ്പെട്ടിട്ടുള്ള പരിപാടികളാണ് എല്ലാവരും ചെയ്യുന്ന
ത്. ലാചുംഗ് കഴിഞ്ഞാൽ ഇന്ത്യൻ ആർമിയുടെ ബേസ് തുടങ്ങും.
രാവിലെ ഉണർന്നപ്പോഴാണ് ഞാൻ ഹിമാലയത്തിന്റെ വിളി
പ്പാടകലെയാണെന്നു മനസിലായത് – അല്ല, ഹിമാലയ പർവത
നിരകൾക്കിടയിലാണ്. ചുറ്റും മലകൾ. ഹിമാലയത്തിന്റെ മഞ്ഞു
മൂടിയ ശൃംഗങ്ങൾ. ലാചുംഗ് നദിയുടെ തീരം. ലാചുംഗ് നദി തീസ്ത
യുടെ പോഷകനദിയാണ്. രാത്രിയിൽ അതിഭീകരമായി തണുത്തുപോയിരുന്നു.
ഞാൻ ‘സിംഗിൾ’ ആയതിനാൽ എനിക്കായി
ഡബിൾ ബെഡുള്ള ഒരു മുറി അവർ ഒഴിച്ചുതന്നിരുന്നു. തണുപ്പുകാരണം
ഞാൻ മറ്റേ ബെഡിലെ രാജായിയും കമ്പിളിയും മൂടിപ്പുത
ച്ചാണ് ഉറങ്ങിയത്. എന്റെ ഒറ്റയ്ക്കുള്ള യാത്ര സഹയാത്രികരിൽ
അമ്പരപ്പുണ്ടാക്കിയിരുന്നു ആദ്യം. എന്തായാലും ലാചുംഗിൽ
നിന്ന് യുംഗ് താംഗിലേക്കുള്ള യാത്രയിൽ ഞങ്ങളെല്ലാവരും
പരസ്പരം കൂടുതൽ അടുത്തു. എന്നോടുള്ള സംശയാസ്പദമായ
നിലപാട് മാറ്റി. ഞാനേതോ വല്യ പത്രപ്രവർത്തകയോ മറ്റോ
ആണെന്നു തെറ്റിദ്ധരിച്ചിട്ടാവും, ബഹുമാനം കൂടിവന്നു.
പ്രാതൽ കഴിച്ച് ഞങ്ങൾ യുംഗ് താംഗിലേക്ക് പുറപ്പെട്ടു. നാട്ടുകാരായ
സ്ര്തീകൾ വഴിയിൽ കൂടി വരുന്ന വാഹനങ്ങൾക്കു നേരെ
കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നുണ്ടായിരുന്നു. അകത്ത് സ്ഥലമില്ലെന്നവർക്കറിയാം.
അതുകൊണ്ട് വാഹനങ്ങളുടെ മുകളി
ലേക്ക് ചാടിക്കയറും. ഒപ്പം അവരുടെ സാധനങ്ങളും എത്തും.
ഞങ്ങളുടെ വണ്ടിയുടെ മുകളിലും സ്ര്തീകൾ വലിഞ്ഞുകയറി.
ഞാൻ വാ പൊളിച്ചു നോക്കുന്നതു കണ്ടപ്പോൾ എന്നെക്കൂടി മുകളിലേക്കു
ക്ഷണിച്ചു. എനിക്ക് കയറാൻ താൽപര്യമുണ്ടായിരുന്നു.
പക്ഷെ എന്തോ ഒരു സങ്കോചം. അവർക്കൊക്കെ എന്തു ചുറുചുറുക്കാണ്.
ചാടിയാണ് കേറുന്നത്. എനിക്ക് എന്നെപ്പറ്റി അവജ്ഞ
തോന്നി. പിന്നീടുള്ള യാറതകളിൽ ഉടനീളം നാടൻപാട്ടുകൾ കേൾ
ക്കാമായിരുന്നു, യുംഗ് താംഗ് വരെ. യുംഗ് താംഗിലെത്തിയപ്പോൾ
മുകളിൽ നിന്നു ചാടിയിറങ്ങി ഭാണ്ഡക്കെട്ടുകളുമായി അവർ ഓടി
പ്പോയി. ഞങ്ങൾ പിന്നാലെ നടന്നു. അവരെല്ലാം റോഡരുകിൽ
അവരുടെ മേശ ഒരുക്കുന്ന തിരക്കിലാണ്. ചിലർ ചായ വിൽക്കു
ന്നു. മറ്റു ചിലർ കമ്പിളിത്തൊപ്പികൾ, ജാക്കറ്റ്, മദ്യങ്ങൾ, ഭക്ഷണ
ങ്ങൾ. ഞാൻ താഴ്‌വരയിലേക്കു നടന്നു. അതൊരു സ്വർഗത്തിലേ
ക്കുള്ള വഴിയാണെന്ന് ഞാനറിഞ്ഞിരുന്നില്ല.
തീസ്ത ഒഴുകി എന്റെ മുമ്പിൽ സ്ഫടികജലവുമായി… താഴെ ഉരുളൻ
കല്ലുകൾ. വളരെ ശാന്തമായി, കളകളാരവത്തോടെ ഹിമാലയത്തിന്റെ
മുകളിലുള്ള ഏതോ ഗ്ലേസിയറിൽനിന്ന് ഉത്ഭവിച്ച്, മലയിടുക്കുകളിലൂടെ
അവൾ ഒഴുകി യുംഗ് താംഗ് താഴ്‌വരയിലെത്തുകയാണ്,
വീണ്ടും ഒഴുകിക്കൊണ്ടിരിക്കാൻ. ഞാൻ കമ്പിളിക്കോ
2013 നഴഫസ ബടളളണറ 10 5
ട്ടിന്റെ പോക്കറ്റിൽനിന്ന് കൈ പുറത്തേക്കെടുത്ത് ഒരു കുമ്പിൾ
വെള്ളമെടുത്തു. മരവിപ്പിക്കുന്ന തണുപ്പ്. പക്ഷെ ആ തണുപ്പി
ലൂടെ ഞാനറിഞ്ഞത് സാക്ഷാൽ ഹിമവാന്റെ സ്പർശനമാണ്.
ഒന്ന് മുങ്ങിക്കുളിച്ചാൽ ഒരുപക്ഷെ ഞാനൊരു ശിലയായി മാറുമായിരിക്കും.
എനിക്കവിടെ നിശബ്ദമായിട്ടിരിക്കണമെന്നു തോന്നി.
പക്ഷെ നദിക്കരയിൽ അധികനേരമിരിക്കാൻ ഞങ്ങൾക്കു പറ്റി
ല്ലല്ലോ. സമയബന്ധിത യാത്രയാണ്. തിരിച്ചുപോകണം.
വഴിയോരവാണിഭക്കാർ മേശയെല്ലാം തയ്യാറാക്കി. ഒരു
സ്ര്തീയുടെ മേശയിൽ വില്പനയ്ക്കായി വച്ചിരിക്കുന്നത് മദ്യക്കുപ്പികൾ.
മറ്റൊന്നിൽ തൊപ്പികൾ. അന്തരീക്ഷത്തിൽ മോമോസിന്റെയും
പുഴുങ്ങിയ മുട്ടയുടെയും മണം. സജീവമാണ് മൊത്തത്തിൽ. യുംഗ്
താംഗിൽനിന്ന് അധികം ദൂരെയല്ലാത്ത ഒരിടത്ത് ടിബറ്റൻ ബോർ
ഡറിനടുത്ത് മഞ്ഞുവീണിട്ടുണ്ടെന്ന് ആൾക്കാർ പറഞ്ഞു. ഞങ്ങ
ളോടൊപ്പം വന്ന ടൂറിസ്റ്റ് ടാക്‌സികളും അങ്ങോട്ടുപോകുന്നു എന്നു
കേട്ടപ്പോൾ ഞങ്ങളുടെ ഡ്രൈവറെ സമീപിച്ചു. ഒടുവിൽ കൂടുതൽ
കാശു കൊടുക്കാമെന്നു പറഞ്ഞ് ഒരുവിധം അയാളെ സമ്മതിപ്പി
ച്ചു. ഗ്ലൗസുകളും ബൂട്ടുകളും യുംഗ് താംഗ് താഴ്‌വരയിലെ കടകളി
ൽനിന്നു കടം വാങ്ങി. റോഡുകൾ വളരെ പരിതാപകരമായിരുന്നു.
ലാചുംഗ് കഴിഞ്ഞാൽ മരങ്ങൾ തീരെയില്ല. ചില കുറ്റിക്കാടുകൾ
കാണാം. കുറ്റിച്ചെടികൾ ഒക്കെ പിഴുതെടുത്തപോലെ ചാഞ്ഞുനി
ൽക്കുന്നു. ഭൂമികുലുക്കത്തിനു ശേഷമാണ് അതിങ്ങനെയെന്ന്
ഡ്രൈവർ പറഞ്ഞു. യുംഗ് താംഗിനു മുകളിൽ മഞ്ഞന്വേഷിച്ചു
പോയ ഞങ്ങൾക്ക് മഞ്ഞു കാരണം മുന്നോട്ടുപോകാൻ പറ്റിയില്ല.
അത്രയ്ക്ക് മഞ്ഞു മൂടിയ റോഡുകളായിരുന്നു മുന്നിൽ. ജീവിതത്തിൽ
ആദ്യമായി ഇത്രയും മഞ്ഞ് ഒരുമിച്ച് കാണുകയായിരുന്നു ഞാൻ.
അവിടെയും വഴിയോര കച്ചവടക്കാർ ഉണ്ട്. ചായയും മോമോസും
വിൽക്കുന്നു. മഞ്ഞിലൂടെ നടക്കാൻ ശ്രമിച്ചപ്പോഴൊക്കെ തെന്നി
വീഴാൻ തുടങ്ങിയതിനാൽ ഞാൻ കൂടുതൽ അഭ്യാസങ്ങൾക്ക് ശ്രമി
ച്ചില്ല. ടൂറിസ്റ്റ് വാഹനങ്ങളുടെയും ആളുകളുടെയും തിരക്കു
കാരണം യുംഗ് താംഗിലെ സ്വസ്ഥത എനിക്കു നഷ്ടമായി. ശിലയായി
യുംഗ് താംഗിൽ തീസ്തയുടെ തീരത്തു നിന്നാൽ മതിയായി
രുന്നു എന്നു തോന്നി. ഒന്നും അറിയണ്ട. നഗരവും നാടും മറക്കാം.
നാട്ടാരെ മറക്കാം. തിരക്കില്ല. കടമയില്ല. ഉത്തരവാദിത്വങ്ങളില്ല.
സങ്കടങ്ങളില്ല. ആകുലതകളും വ്യാകുലതകളുമില്ല. പുതിയ ഒരു
ഐഡന്റിറ്റി. ലീല ശില യുംഗ് താംഗ് വാലി. അല്ലേൽ, എന്തിനീ
ഐഡന്റിറ്റി?
ഉച്ചതിരിഞ്ഞ് ലാചുംഗിൽനിന്ന് ഭക്ഷണവും കഴിച്ച് ഞങ്ങൾ
ഗാംഗ്‌ടോക്കിലേക്ക് മടങ്ങി. മഴ കാരണം ട്രാഫിക് ജാമിൽ പെട്ടു
പലയിടത്തും. ഗാംഗ്‌ടോക്കിൽ സമയത്തിനെത്താൻ പറ്റില്ലായെന്ന്
മനസിലായി. പക്ഷെ ടെൻഷനടിച്ചിട്ടു കാര്യമില്ല.
ഗാംഗ്‌ടോക്കിൽനിന്ന് ശാന്ത താമസിക്കുന്ന സിക്‌സ്ത് മൈലി
ലേക്ക് ടാക്‌സി കിട്ടിയെന്നു വരാം, കിട്ടിയില്ലെന്നും വരാം.
മൊബൈലിൽ റേഞ്ചില്ല. ഇനി ആകെ ചെയ്യാനുള്ളത് മലകളും
മരങ്ങളും പൂക്കളും ആസ്വദിക്കുക മാത്രം. സിക്കിമിന്റെ പ്രധാന
പുഷ്പമായ ഹേഡർ ഡ്രോൻസ്തന്നെ പലയിനമാണ്. കൂടാതെ
അയ്യായിരത്തിൽപരം പൂച്ചെടികൾ, ഓർക്കിഡുകൾ, മരങ്ങൾ.
ഇതൊന്നും കൂടാതെ നല്ല ഫ്രഷ് പച്ചക്കറികൾ. കീടനാശിനികൾ
ചേർക്കാത്ത മണ്ണ്. പയറുവർഗങ്ങൾക്കും മലക്കറികൾക്കും
പ്രത്യേക സ്വാദാണ്.
രാത്രി ഒമ്പതുമണികഴിഞ്ഞപ്പോൾ ശാന്തയുടെ വീട്ടിലെത്തി.
ഡിക്കി ശാന്തയെ വിളിച്ചുകൊണ്ടിരുന്നു, ഞാനെത്തിയോയെന്ന
റിയാൻ. ശാന്തയും കൃഷ്ണയും കുറ്റപ്പെടുത്തി. നിനക്ക് ആ
ഡ്രൈവറുടെ ബി.എസ്.എൻ.എൽ. ഫോണിലൂടെ എങ്കിലും വിളി
ക്കാമായിരുന്നില്ലേ? വീണ്ടും തൃശൂർഭാഷയിൽ ശകാരം.
ഞാനൊന്നും പറഞ്ഞില്ല. മറുപടി ഉണ്ടെങ്കിലല്ലേ, പറയേണ്ടൂ.
തിരിച്ചു മുംബയിലെത്തിയപ്പോഴും ഞാൻ സിക്കിമിലെ ആലി
പ്പഴമഴയിൽനിന്നും, മഞ്ഞുകട്ടപോലെ തണുത്ത തീസ്താനദിയിലെ
വെള്ളത്തിന്റെ അനുഭൂതിയിൽനിന്നും വിട്ടുമാറിയിരുന്നില്ല. സിക്കി
മിനെ കൂടുതൽ അറിയാൻ ഞാൻ ഗൂഗിളിൽ പരതി. അപ്പോഴാണ്
സത്യജിത് റേയുടെ ഒരു ഡോക്യുമെന്ററി കണ്ണിൽപ്പെട്ടത്. ഒരു മലയിൽ
നിന്ന് മറ്റൊരു മലയിലേക്കുള്ള കേബിളുകൾ. റേ ആ സിനിമ
എടുത്തത് 1971-ൽ ആണ്. അന്നത്തെ ചോഗ്യാൻ രാജാവിന്റെ
നിർദേശപ്രകാരം. പക്ഷെ റേയുടെ ഫിലിം രാജാവ് ഉദ്ദേശിച്ച
പോലെ സിക്കിമിന്റെ പ്രൗഢി മാത്രം കാണിക്കാനായിരുന്നില്ല.
കൊട്ടാരത്തിനു പിന്നിൽ എച്ചിൽ ഭക്ഷണത്തിനായി പിടിവലി
കൂടുന്ന പാവപ്പെട്ട മനുഷ്യരെ റേയുടെ ക്യാമറ ഒപ്പിയെടുത്തപ്പോൾ
രാജാവ് അസ്വസ്ഥനായി. ഫിലിം ബാൻ ചെയ്തു. പിന്നെ 1975-ൽ
സിക്കിം ഇന്ത്യയോട് ചേർന്നിട്ടും സെൻസർ ബോർഡ് അതിനു
പ്രദർശനാനുമതി കൊടുത്തില്ല. ക്രമേണ ആ ഫിലിംതന്നെ അപ്രത്യക്ഷമായി.
ഏറെ നാളുകൾക്കുശേഷം ഏതാണ്ട് 39 കൊല്ലത്തി
നുശേഷം ആ ഫിലിമിന്റെ കോപ്പി ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ
നിന്നു കിട്ടുകയുണ്ടായി. കൽക്കട്ടയിലെ സത്യജിത് റേ ഇൻസ്റ്റിറ്റിയൂ
ട്ടിലെ ഒരു ഫിലിം ഫെസ്റ്റിവലിൽ ഒരേയൊരു തവണ അതു പ്രദർ
ശിപ്പിച്ചു. പക്ഷെ വീണ്ടും അനുമതി നിഷേധിച്ചു. റേയുടെ ആ
ഡോക്യുമെന്ററിയിലൂടെ റേ പറഞ്ഞത്, റേയുടെ ക്യാമറ കണ്ണുകൾ
ഒപ്പിയ സത്യങ്ങൾ ഒരുപക്ഷെ അധികാരികൾക്ക് അത്ര പിടിച്ചിരി
ക്കില്ല. എന്തോ അറിയില്ല. എന്തായാലും തീസ്ത ഇതൊന്നും അറി
യുന്നില്ലേ? അവൾ ഒഴുകുകയാണ്. ഒഴുകിക്കൊണ്ടേ ഇരിക്കട്ടെ.