ഞാനില്ലാത്ത ഞങ്ങൾ

മാനസി

മുംബയ് നാടകവേദിയെക്കുറിച്ചുള്ള പരാമർശത്തിന്റെ ഭാഗമായി
ടി.എം.പി. നെടുങ്ങാടിയുടെയും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുടെയും
നാടകപ്രവർത്തനങ്ങളെക്കുറിച്ച് ഡോ. വേണുഗോപാലൻ
എഴുതി ‘കാക്ക’യിൽ പ്രസിദ്ധീകരിച്ച പ്രതികരണത്തോട്
ചേർത്തു വായിക്കപ്പെടേണ്ട ചില കാര്യങ്ങൾ കൂടി സൂചി
പ്പിക്കാനാണ് ഈ കുറിപ്പ്.

സംഗീതം, സാഹിത്യം, സാമ്പത്തികശാസ്ത്രം, കഥകളി, നാടകം,
സിനിമ, രാഷ്ട്രമീമാംസ തുടങ്ങി പല വിഷയങ്ങളിലും
‘മാഷ്’ക്ക് (ഞങ്ങൾ ശിഷ്യഗണങ്ങൾ ടി.എം.പിഐ സ്‌നേഹപൂ
ർവം വിളിച്ചിരുന്നതങ്ങനെയാണ്) ഉണ്ടായിരുന്ന അഗാധജ്ഞാനം
തികച്ചും വ്യത്യസ്ത രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന പലരെയും
അദ്ദേഹത്തിലേക്ക് ആകർഷിച്ചു. മാഷുടെ കലീന ഫ്‌ളാറ്റിൽ പല
സായാഹ്നങ്ങളും പല വിഷയങ്ങളിലും നടന്ന സംവാദങ്ങളും കനപ്പെട്ട
ചർച്ചകളുംകൊണ്ട് മുഖരിതവും സമ്പന്നവുമായി. നാടക-സിനിമാരംഗത്ത്
അന്ന് (ഇന്ന് അവരിൽ പലരും വളരെ പ്രശ
സ്തരാണ്) പ്രവർത്തിച്ചിരുന്നവരും സാഹിത്യകാരന്മാരും ശാസ്ര്ത
ജ്ഞന്മാരും സാമൂഹ്യപ്രവർത്തകരും നല്ല ആസ്വാദകരും ഒക്കെ
നിറഞ്ഞുനിന്ന അവിടത്തെ സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും
ജൈവപരമായ വളർച്ചയാർജിച്ച് സമാനമനസ്‌കരുടെ ഒരു
കൂട്ടായ്മ രൂപപ്പെട്ടു. ആ കൂട്ടായ്മയിലെ പലർക്കും മാഷ്‌ടെ വീട്ടിൽ
വളരെ സ്വാതന്ത്ര്യത്തോടെ കയറിച്ചെല്ലാനും പെരുമാറാനും സംശയങ്ങൾ
ദൂരീകരിക്കാനും മാഷ് അനുവാദം നൽകിയിരുന്നതിനാൽ
ആ കൂട്ടായ്മ ഒരു കുടുംബംപോലെ കെട്ടുറപ്പുള്ളതായി. നാടകം
കളിക്കാനോ പഠിക്കാനോ പോയിരുന്നവരായിരുന്നില്ല അവർ.
തൊഴിലാളിയും മുതലാളിയും ഇല്ലാത്ത, ‘ഞാൻ’ ഇല്ലാതെ ‘ഞങ്ങ
ൾ’ മാത്രമുണ്ടായിരുന്ന ആ കൂട്ടായ്മയിൽനിന്ന് ഊർജമുൾക്കൊ
ണ്ട് രൂപപ്പെട്ടവയിലെ ഒരു സംരംഭം മാത്രമായിരുന്നു ഞങ്ങളുടെ
നാടക ഗ്രൂപ്പ്. നല്ല നാടകങ്ങൾ മാഷ് കൊണ്ടുപോയി ഞങ്ങളെ
കാണിച്ചതിന്റെ, അവയെക്കുറിച്ച് മനസ്സിലാക്കിച്ചുതന്നതിന്റെ പരി
ണതഫലം. ഒരുപക്ഷെ ഒരു ബൈപ്രൊഡക്ട്. നല്ല നാടകത്തി
ന്റെയും നല്ല നാടകട്രൂപ്പിന്റെയും പ്രാഥമിക പാഠങ്ങൾ പഠിച്ചതും
അവിടെവച്ചാണ്. കൂട്ടായ്മയിലെ ജനാധിപത്യത്തിന്റെ മൂല്യം
തിരിച്ചറിഞ്ഞതും അതിലൂടെതന്നെ. ടിക്കറ്റുവില്പന മുതൽ അണി
യറയിൽ പ്രോപ്‌സ് സൂക്ഷിക്കുന്നതുവരെയുള്ള എല്ലാം എല്ലാവരുടെയും
ജോലിയായാണ് കണ്ടത്. അഭിനയത്തിൽനിന്നു വിട്ട്,
നാടകത്തിന്റെ മറ്റു ഘടകങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനുമുള്ള
പരിശീലനമായി അത്. അതൊരു കാഴ്ചപ്പാടിന്റെ മാറ്റംകൂടിയായിരുന്നു.
നാടകത്തിൽ സ്റ്റേജ് സെറ്റിംഗും ലൈറ്റിംഗും ശബ്ദ
ത്തിലൂടെയുള്ള സാദ്ധ്യതകളും കോസ്റ്റ്യൂം ഡിസൈനും
സ്‌ക്രിപ്റ്റിന്റെ സ്റ്റേജിലേക്കുള്ള മൊഴിമാറ്റവും എല്ലാം, അഭിനയംപോലെതന്നെ,
എത്ര പ്രധാനമാണ് എന്ന് ഒരു വെളിപാടുപോലെ
മനസ്സിലാക്കാൻ തുടങ്ങി.
മാഷ് ഞങ്ങളെ നാടകം പഠിപ്പിക്കാൻ (അന്നത് പഠിപ്പിക്കലാണെന്ന്
അറിയാമായിരുന്നില്ല) തുടങ്ങിയത്, ഒരുപാട് നല്ല നാടക
ങ്ങൾ കാണാൻ പ്രേരിപ്പിക്കുകയും അതിനായി കൂട്ടിക്കൊണ്ടുപോയി
കാണിച്ചുമായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ, ഒരു സ്റ്റഡി
ടൂർ പോലെയായിരുന്നു മാഷുടെ കൂടെയുള്ള ആ യാത്രകൾ എന്ന്
നിസ്സംശയം പറയാം എന്നു തോന്നുന്നു. കാരണം, നാടകമായാലും
സിനിമയായാലും കണ്ട് തിരിച്ചുവരുമ്പോൾ, രാത്രി വൈകി
യായാലും ഏതെങ്കിലും ഒരു ചെറിയ ചായക്കടയിൽ കയറിയിരുന്ന്
അതിലെ ഘടകങ്ങൾ തലനാരിഴ കീറി വ്യവഛേദിച്ച് സംസാരി
ക്കൽ മാഷ്‌ടെ പതിവായിരുന്നു. ചോദ്യങ്ങളും സംശയങ്ങളും
ഒക്കെ നേരിട്ടു കൈകാര്യം ചെയ്ത ആ പഠനക്ലാസുകളാണ്, വ്യക്തി
പരമായി പറഞ്ഞാൽ, എന്റെ നാടകാവബോധത്തിന്റെ, സിനിമാവബോധത്തിന്റെ
ലോഞ്ചിങ്പാഡ്. ഒരുപക്ഷെ ഞങ്ങളുടെ
കൂട്ടായ്മയുടെയും എന്നു പറയാൻ ഞാൻ ധൈര്യം കാണിക്കുകയാണ്.
ഇതിന്റെ ഏറ്റവും വലിയ ഗുണം, അഭിനയിച്ച് ആളാകാൻ താലപര്യമില്ലാത്ത
പലരും സ്വന്തം ചോരയും ജീവനും ഈ കൂട്ടായ്മയ്ക്ക്
നൽകി എന്നതാണ്. ആവേശത്തോളമെത്തുന്ന ഉത്സാഹവും
സ്വന്തം സമയവും കഴിവുകളും നൽകിയ ഒരുപാട് പേരുടെ
അർപ്പണബോധത്തിൽനിന്ന് കൂട്ടായ്മയ്ക്ക് സാഫല്യം പോലെ കിട്ടി
യത് ചെറിയ തോതിലാണെങ്കിൽപോലും പലരുടെയും പലതല
ത്തിലുള്ള സർഗാത്മക കഴിവുകളാണ്. ഇന്ന്, ന്യൂബോംബെയിൽ
താമസിച്ചുവരുന്ന സതീശൻ ലൈറ്റിംഗിൽ കാണിച്ച താൽപര്യവും
പാടവവും അദ്ദേഹത്തെ ഞങ്ങളുടെ കൂട്ടായ്മയുടെ സജീവ ഭാഗമാക്കി.
ഒരാളല്ല, പലരുമുണ്ടായിരുന്നു ആ ഞങ്ങളിൽ ഞങ്ങൾ
ക്കൊപ്പം. വേണുഗോപാലൻ ലേഖനത്തിൽ സൂചിപ്പിച്ച ശാസ്ര്തസാഹിത്യ
പരിഷത്തിലെ അംഗങ്ങൾക്കൊപ്പമോ അതിലധികമോ
കൂട്ടായ്മയ്ക്കുവേണ്ടി നിരന്തരം പ്രവർത്തിച്ചവരിൽ പ്രമുഖരാണ്,
‘ഞങ്ങളുടെ ഗായകൻ’ എന്നറിയപ്പെട്ടിരുന്ന ഡോ. കെ.എൻ.
സുശീലൻ, വളരെ പ്രസന്നനായ ഡോ. ബാബുരാജ്, ശബ്ദംകൊണ്ട്
അനുഗൃഹീതനായ ഡോ. ഹരികുമാർ, വിശ്വനാഥൻ, ഹരി
ഹര അയ്യർ, രാജു എന്ന നന്ദനൻ, ശിവദാസൻ, സുധാകരൻ, ഇന്ന്
നമ്മുടെ ഇടയിലില്ലാത്ത അന്തരിച്ച മുരളി, ആധുനികവും വ്യത്യ
സ്തവുമായ നാടകങ്ങളെക്കുറിച്ച് നല്ല അവബോധമുള്ള അദ്ദേഹ
ത്തിന്റെ അനിയൻ സതീശൻ, എപ്പോഴും ചിരിക്കുന്ന ആശാൻ,
ഞങ്ങൾ അവതരിപ്പിച്ച ഭൂരിപക്ഷം നാടകങ്ങളും എഴുതുകയും
സംവിധാനം ചെയ്യുകയും ചെയ്ത പി.എ. ദിവാകരൻ, അഭിനയം
രക്തത്തിലലിഞ്ഞുചേർന്ന വി.ടി. വാസുദേവൻ, ശ്രീകുമാരൻ
തമ്പുരാൻ, ശാലിനി, താടി ഗംഗാധരൻ, രാധാകൃഷ്ണൻ നെടു
ങ്ങാടി, ഉണ്ണിരാജ്, പി. സുരേന്ദ്രൻ, പിന്നെ പിന്നെ എല്ലാ രംഗത്തും
(അഭിനയം, സംവിധാനം, നടത്തിപ്പ്) എല്ലാറ്റിനും താങ്ങും തൂണുമായി
നിന്ന്, ഏതിനും പരിഹാരം കണ്ടെത്തുമെന്ന് ഞങ്ങൾ വിശ്വ
സിച്ചിരുന്ന സുരേന്ദ്രബാബു. പേരുകൾ അവസാനിക്കുന്നില്ല. അറി
യാം. വിട്ടുപോയിട്ടുണ്ടെങ്കിൽ 10-14 വർഷങ്ങളിലെ ഇടവേളയിൽ
വന്നുപെട്ട ഓർമക്കുറവുകൊണ്ടു മാത്രമാണ്. ക്ഷമിക്കുക.
എന്തിനായിരുന്നു ഞങ്ങൾ നാടകാവതരണത്തിന് പുറപ്പെട്ട
ത്? ഒറ്റക്കാരണമേയുള്ളൂ. അന്ന് ബോംബെമലയാളികൾക്കിടയിൽ
സാധാരണയായി പ്രദർശിപ്പിച്ചുവന്നിരുന്ന കമേഴ്‌സ്യൽ നാടകങ്ങല്ലാതെ,
മറ്റൊരു വിഭാഗത്തിൽപ്പെടുന്ന, ആശയപരമായും
അവതരണപരമായും തികച്ചും വ്യത്യസ്തത പുലർത്തുന്ന ഒരു നാടകസംസ്‌കാരം
ഇവിടത്തെ മലയാളിപ്രേക്ഷകനു മുന്നിൽ വയ്ക്കുക.
തട്ടുതൊളിപ്പൻ സംഭാഷണങ്ങൾ മെലോഡ്രാമയിൽ ചാലിച്ച്,
അങ്ങോട്ടുമിങ്ങോട്ടും ആവശ്യമില്ലാതെ നടന്ന്, പറയലല്ല നാടകം
എന്ന് മാഷ് പലതവണ പറയാറുണ്ട്. അങ്ങനെയൊന്നും ചെയ്യാതെ,
കാതടപ്പിക്കുന്ന കീ.കീ. വയലിൻ പശ്ചാത്തലത്തിലല്ലാതെ
നാടകങ്ങൾ അവതരിപ്പിക്കാമെന്ന് പറഞ്ഞുതന്നതും മാഷ്തന്നെ.
എന്നാൽ ”നമുക്ക് നോക്കാം” എന്നു പറയാൻ വേണുവും മുന്നിൽ
നിന്നു. ധൈര്യവും കുറെ ആത്മാർത്ഥതയും ചെറുപ്പത്തിന്റെ
ആവേശവുമല്ലാതെ ഞങ്ങൾക്കൊന്നും കൈമുതലായി ഉണ്ടായി
രുന്നില്ല എന്നതാണ് സത്യം. കയ്യിൽ കാൽക്കാശില്ല. പിടിപാടില്ല.
സ്ഥലമില്ല. എന്റെ ഭർത്താവ് വിജയഗോപാൽ, ഞങ്ങളുടെ ബിൽ
ഡിംഗ് മാനേജിംഗ് കമ്മിറ്റിയിൽ അംഗമായിരുന്നതിനാൽ,
വൈദ്യുതി വീട്ടിൽനിന്നെടുക്കാമെങ്കിൽ ടെറസിൽ ലൈറ്റിട്ട്
റിഹേഴ്‌സൽ ചെയ്യാമെന്ന അനുവാദം കിട്ടി. കൂട്ടായ്മയിൽ,
ഓഫീസ് ജോലിയില്ലാത്ത ഒരേയൊരാൾ ഞാനായിരുന്നതിനാൽ,
വീട്ടിൽ എപ്പോഴും ഉണ്ടാവുമെന്നതിനാൽ, റിഹേഴ്‌സലിന് എത്തു
ന്നവർക്ക് സമയത്തിന്റെ കാര്യത്തിൽ അത് സൗകര്യപ്രദമായി.
ഞങ്ങൾ അവതരിപ്പിച്ച നാടകങ്ങളിൽ മിക്കതിന്റെയും
റിഹേഴ്‌സൽ നടന്നത് ഘാട്‌കോപ്പറിലെ എന്റെ ഫ്‌ളാറ്റുണ്ടായിരുന്ന
ബിൽഡിംഗിന്റെ ടെറസിലാണ്. അതിനരികിലൂടെ കടന്നുപോകുന്ന
വാട്ടർപൈപ്പിന്റെ മുകളിലിരുന്നാണ് മാഷ്, ഞങ്ങളോട് നാടകാവതരണത്തിൽ
സർഗാത്മകതയും ദൃശ്യപരമായും ബുദ്ധിപരമായും
എങ്ങനെ ഇടപെടണമെന്ന് നിർദേശിക്കുകയും നിയന്ത്രി
ക്കുകയും ചെയ്തത്. നാടകങ്ങളുടെ രൂപകല്പനാഘട്ടങ്ങളിൽ
കൂട്ടായ്മയിലെ അംഗങ്ങളിൽനിന്നുള്ള നിർദേശങ്ങളെ നിശിതമായി
കീറിമുറിച്ച് തള്ളുകയും കൊള്ളുകയും ചെയ്തത്. ജനാധിപത്യത്തിൽ
അടിയുറച്ചുള്ള ആ കൊടുക്കൽവാങ്ങലുകളായിരുന്നു
അക്കാലം എനിക്കു തന്ന ഏറ്റവും വലിയ മുതൽക്കൂട്ട്. വളരെ വിലപ്പെട്,
ഏറെ നല്ല സൗഹൃദങ്ങളും എനിക്ക് ആ കാലം തരികയുണ്ടായി.
ഏറെ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്. സാമ്പത്തികബുദ്ധിമുട്ടുകൾ
പിന്നെയും തരണം ചെയ്യാം. പിച്ച തെണ്ടാമല്ലോ. എന്നാൽ
ഒരു സ്‌ക്രിപ്റ്റ് തെരഞ്ഞെടുക്കൽ, അഭിനേതാക്കളെ കണ്ടുപിടിക്ക
ൽ, താമസിക്കുന്നിടത്തുനിന്ന് പലർക്കും റിഹേഴ്‌സലിനെത്തിപ്പെ
ടാനുള്ള അകലം, ഗതാഗതം തുടങ്ങിയ അസൗകര്യങ്ങൾ, അവതരണത്തിനാവശ്യമായപോലെയുള്ള
സ്റ്റേജ് ലഭിക്കൽ, അഭിനയി
ക്കാൻ സ്ര്തീകളുടെ ലഭ്യത. വിലങ്ങുതടികൾ ഏറെയായിരുന്നു.
എന്നാലും സന്തോഷത്തോടെ പറയട്ടെ, ഒരുപാട് പ്രേക്ഷകർ
ഞങ്ങൾക്കൊപ്പം നിന്നു. ഞങ്ങളുടെ നാടകത്തിന്റെ സ്ഥിരം
പ്രേക്ഷകരായി ഒരുപാടുപേർ ഞങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
ക്ഷമയോടെ, ജിജ്ഞാസയോടെ ഞങ്ങളുടെ ശ്രമങ്ങളെ മനസ്സി
ലാക്കാൻ ശ്രമിച്ചിട്ടുണ്ട്. സംവദിക്കാൻ, വ്യത്യസ്തമായ നാടകാവബോധത്തെ
തള്ളിക്കളയാതെ പ്രതികരിക്കാൻ ഒരിടം ഈ പ്രേക്ഷ
കസമൂഹം ഞങ്ങൾക്കു തന്നു. അത് മറക്കാനാവാത്ത അനുഭവമാണ്.
ആദ്യം മുതലേ മാഷ് ഊന്നിപ്പറഞ്ഞിരുന്ന കാര്യമായിരുന്നു,
കമേഴ്‌സ്യൽ നാടകപ്രവർത്തകരുടെയും വ്യത്യസ്ത നാടകാവബോധത്തോടെ
പ്രവർത്തിക്കുന്നവരുടെയും കാഴ്ചപ്പാടുകൾ തമ്മി
ലുള്ള അകലം. അഭിനയം പരിശീലിക്കേണ്ട ഒരു കലയാണെന്ന
ധാരണ പോലുമില്ലാത്ത ഒരു സാമൂഹ്യാന്തരീക്ഷത്തിൽനിന്ന് നാടകപ്രവർത്തകരെ
കണ്ടെത്തുക എന്നതായിരുന്നില്ല, മാഷ്‌ടെ നാടകസംസ്‌കാരത്തോട്
സംവദിക്കാനും സഹകരിക്കാനും കഴി
വുള്ളവരെ കണ്ടെത്തുക എന്നതായിരുന്നു പ്രധാനം. (കമേഴ്‌സ്യൽ
നാടകരംഗത്തുനിന്ന് അഭിനേതാക്കളെ പ്രത്യേകിച്ചും കടം
കൊള്ളാതിരിക്കാൻ കാരണവും അതായിരുന്നു. നാടകാസ്വാദന
ത്തിന്റെ കാര്യത്തിൽ ഇതിനാൽ പലപ്പോഴും കമേഴ്‌സ്യൽ നാടകപ്രവർത്തകരുടെ
കാഴ്ചപ്പാടുമായി ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ട്.
ബോംബെ പോലെ പല വിലപ്പെട്ട സർഗസംരംഭങ്ങളും തൊട്ടു
മുന്നിൽ കാഴ്ചവയ്ക്കുന്ന നഗരത്തിന്റെ സാദ്ധ്യതകളെ ഉപയോഗി
ക്കാതിരിക്കുന്നതു കണ്ട് അരിശം തോന്നിയിട്ടുണ്ട്). അതിനാൽ
തീരെ പ്രായോഗിക പരിശീലനം അഭിനയത്തിൽ ഇല്ലാതിരുന്നിട്ടും
ഞങ്ങളിൽ പലരും താത്വിക പരിശീലനത്തിന്റെ അടിസ്ഥാന
ത്തിൽ പലപ്പോഴും അരങ്ങിൽ കയറിയിട്ടുണ്ട്. ക്ഷമിക്കുക.
കാരണം, ശരിയല്ല എന്നറിയായ്കയല്ല. അഭിനേതാക്കളെ പരി
ശീലിപ്പിക്കാൻ വർക്ക്‌ഷോപ് നടത്തുക എന്നതോ പോട്ടെ,
അതാതു നാടകത്തിലെ അഭിനേതാക്കളെയെങ്കിലും അതിനായി
പരിശീലിപ്പിക്കാനുള്ള സാമ്പത്തികവും സമയബന്ധിതവുമായ
പരിമിതികൾ ഏറെയായിരുന്നു. പക്ഷെ ഒരു നാടകഗ്രൂപ്പ്, ആ പേരി
നർഹമാകണമെങ്കിൽ, അത് ചെയ്തിരിക്കണം. ഒരു രണ്ടാംനിര
എന്നാലേ രൂപംകൊള്ളൂ. മാത്രമല്ല, ഒരു നാടകം അവതരണത്തിന്
തെരഞ്ഞെടുക്കുന്നതിനു പിന്നിലും വേണം ഏറെ പരിശ്രമം. അതി
വിപുലമായ വായന. വളരെയധികം സമയമാവശ്യമാകുന്ന ഒരു
യത്‌നമാണത്. ഒരു സ്‌ക്രിപ്റ്റിന്റെ ദൃശ്യപരത, എഴുത്തുമാധ്യമത്തി
ൽനിന്ന് ദൃശ്യമാധ്യമത്തിലേക്കുള്ള മൊഴിമാറ്റസാദ്ധ്യത, അഭിനേതാക്കളുടെ
എണ്ണം, തരം, കഴിവ്, ദൃശ്യവത്കരിക്കാൻ വരുന്ന
പ്രൊഡക്ഷൻ ചെലവ് തുടങ്ങി നിരവധി ഘടകങ്ങൾ ഏത് നാടകഗ്രൂപ്പിനും
നിരന്തരം അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളാണ്.
ഇവയൊക്കെ ഒറ്റയടിക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി,
റിസോഴ്‌സ് ഒന്നും ഞങ്ങളുടെ കൂട്ടായ്മയ്ക്ക് പ്രയോഗതലത്തിൽ
ഇല്ലായിരുന്നു. ഇത്തരം പരിമിതികൾ എല്ലാം അറിഞ്ഞ്, അതിനനുസരിച്ച്
പി.എ. ദിവാകരൻ എഴുതിയ നാടകങ്ങളാണ് അതി
നാൽ ഭൂരിപക്ഷവും ഞങ്ങൾ ചെയ്തത്. പിന്നെ, പിന്നെ ഞങ്ങൾ
സ്ഥിരമായി നാടകാവതരണം നടത്തിയിരുന്ന ഛബിൽദാസ്
സ്‌കൂളിൽ, വർഷത്തിൽ ഒന്നോ രണ്ടോ നാടകം ചെയ്യുന്നതുപോലും
വിഷമമായി. കാരണങ്ങൾ പലതായിരുന്നു. ഏറെ വ്യത്യ
സ്തമായ നാടകാവബോധവും കുറെയേറെ പരീക്ഷണ നാടകങ്ങ
ളുമായി മറാഠി/ഹിന്ദി നാടകരംഗത്തെത്തിയിരുന്ന നാടകപ്രവർ
ത്തകർ ചുരുങ്ങിയ ചെലവിലും പ്രൊസീനിയം സ്റ്റേജ് ഉപയോഗിച്ചും
ഛബിൽദാസ് സ്‌കൂളിൽ അരങ്ങേറ്റിയ നാടകങ്ങൾ വിപ്ലവം
സൃഷ്ടിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഛബിൽദാസ്
മൂവ്‌മെന്റ് എന്ന പേര് വീഴത്തക്കവിധം അത് ശക്തി പ്രാപിച്ചു.
മറാഠി നാടകത്തിന്റെ വെന്നിക്കൊടി ഉയർത്തി. പക്ഷെ പണ
ത്തിനു മീതെ പരുന്തും പറക്കില്ലെന്ന പഴമൊഴി അന്വർത്ഥമാക്കി
ക്കൊണ്ട് സ്‌കൂൾ, നാടകം കളിക്കു പകരം കൂടുതൽ ലാഭത്തിനായി
ഹാൾ വിവാഹത്തിന് വാടകയ്ക്കു കൊടുക്കാൻ തുടങ്ങി. നല്ല നാടകത്തിനുവേണ്ടി
എണ്ണയും തിരിയുമിട്ടിരുന്ന രോഹിണി ഹട്ടങ്കടി,
ജയദേവ് ഹട്ടങ്കടി, ഓംപുരി, അമരീഷ് പുരി, സത്യദേവ് ദുബെ,
നസ്‌റുദീൻ ഷാ, സുലഭാ ദേശ്പാണ്ഡെ, അരവിന്ദ് ദേശ്പാണ്ഡെ,
ജീവിതം നാടകത്തിനായി ഉഴിഞ്ഞുവച്ച അരുൺ കാക്കടെ എല്ലാവരും
തോറ്റു പിൻവാങ്ങി. ഞങ്ങൾക്കും മാർഗമില്ലാതായി.
(ബ്രോഡ്‌വെ മിനി തിയേറ്ററിൽ സിനിമ കാണിച്ചിരുന്ന ഞങ്ങളുടെ
ഫിലിം സൊസൈറ്റി സഹൃദയയ്ക്കും ഇതേ ഗതിയാണുണ്ടായത്
എന്ന് ആനുഷംഗികമായി ഓർത്തുപോകുന്നു).
ഒപ്പം, മറ്റു പല ഘടകങ്ങളും ഇതിനാക്കംകൂട്ടി. കൂട്ടായ്മയിലെ
ചിലർ ബോംബെ വിട്ടു. ചിലർക്ക് കുടുംബവുമായി നഗരത്തിന്റെ
അകലെയുള്ള പ്രാന്തപ്രദേശങ്ങളിൽ താമസമുറപ്പിക്കേണ്ടിവന്നു.
പലരും ഔദ്യോഗികമായി കൂടുതൽ ഉത്തരവാദിത്വങ്ങൾ
ഏറ്റെടുക്കേണ്ട പദവികളിലെത്തി. ദേശീയവും അന്തർദേശീയവുമായ
യാത്രകൾ ഒഴിവാക്കാനാവാതായി. (ഉദാഹരണത്തിന് ഡോ.
വേണുഗോപാലന്റെ ഇന്ത്യയ്ക്കു പുറത്തെ യാത്രാവേളകളിൽ നാടകാവതരണം
മാറ്റിവച്ചു. ഒരു കൂട്ടായ്മയിലെ സജീവാംഗത്തോട്
കാണിക്കുന്ന, നിവൃത്തിയുണ്ടെങ്കിൽ കാണിക്കേണ്ട, കടമയാണ്
അത് എന്നാണ് എന്റെ വിശ്വാസം. എന്നിട്ടും വേണുവിന്റെ അഭാവത്തിൽ
ഒരു നാടകം, ഒരു മത്സരത്തിന്റെ ഭാഗമായി അവതരിപ്പി
ക്കേണ്ടിവന്നിട്ടുണ്ട്. മറ്റുള്ളവർക്ക് സമ്മാനം കിട്ടാൻ വേണ്ടി മത്സ
രത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ തീരുമാനിച്ചു എന്നെഴുതി
യതെന്തേ ആവോ?)
സാമ്പത്തികം മെച്ചപ്പെട്ടപ്പോൾ സമയമില്ലാതായി എന്നത്
സ്വാഭാവികം മാത്രമായിരുന്നു. മാത്രമല്ല, ഒരു നാടകഗ്രൂപ്പ് നിലനി
ർത്തുക എന്നത്, ജീവിതത്തിലെ മറ്റു തിരക്കുകൾ കഴിഞ്ഞ്
ബാക്കി സമയവും ഊർജവും കൊണ്ട് ചെയ്യാനാവുന്നതല്ല എന്ന
എല്ലു തൊടുന്ന ബോധം എനിക്കടക്കം ചിലർക്കെങ്കിലും ഉണ്ടാവാൻ
തുടങ്ങിക്കഴിഞ്ഞിരുന്നു. സത്യത്തിൽ ഗൗരവമായി നാടകത്തെ
(സിനിമയെ) സമീപിക്കുന്ന ഒരാൾക്ക് അതൊരു 24 മണി
ക്കൂർ പണിയാണ്. ആവണം. പിന്നിൽ ഒരു വലിയ കൂട്ടായ്മ
വേണം. അതിലുള്ളവർക്ക് കലാപരമായ റിഹേഴ്‌സലുകൾ
വേണം. നസ്‌റുദീൻ ഷാും അമരീഷ്പുരിയും അഭിനയിച്ചിരുന്ന ഒരു
ഉഗ്രൻ നാടകം കണ്ടു മടങ്ങവെ ഞാൻ എന്റെ സഹോദരനായ
പി.എ. ദിവാകരനോട് പുപറഞ്ഞത്, ”ഈശ്വരാ ഇനിയും
എന്തൊക്കെ നമുക്ക് പഠിക്കാനിരിക്കുന്നു” എന്നാണ്. കാര്യങ്ങൾ
കൂടുതൽ മനസിലാകുംതോറുമാണല്ലോ സ്വന്തം പരിമിതികൾ
തിരിച്ചറിയുന്നത്. ഏറെ നല്ല നാടകങ്ങൾ കാണാനിടയാക്കിയതാണ്
ആ കാലം. അതുകൊണ്ടുതന്നെ വിനീതമായി പറയട്ടെ,
അവയ്‌ക്കൊക്കെ മുന്നിൽ, അത്ര വലിയ അവകാശവാദങ്ങൾ
ക്കൊന്നും എനിക്ക് ധൈര്യം തോന്നുന്നില്ല എന്നതാണ് സത്യം.
മാഷ് കേരളത്തിലേക്ക് താമസം മാറ്റിയതോടെ, പല അർത്ഥ
ത്തിലും ഞങ്ങളുടെ തണൽ പോയതോടെ, കാര്യങ്ങൾ കുറെക്കൂടി
മങ്ങാൻ തുടങ്ങി. 2000ത്തോടെ, ഞങ്ങളുടെ പരിമിതികൾ കണ്ട
റിഞ്ഞ്, അതിനു ചേർന്ന വിധത്തിലുള്ള, എന്നാൽ തികഞ്ഞ പരി
ഹാസത്തോടെ സമൂഹത്തെ വിമർശനവിധേയമാക്കുന്ന നാടക
ങ്ങളെഴുതിയ ഞങ്ങളുടെ സ്ഥിരം നാടകകൃത്തായ (13 നാടകങ്ങൾ
ഞങ്ങൾക്കുവേണ്ടി അദ്ദേഹം എഴുതിയിട്ടുണ്ട്. പലതും സംവി
ധാനം ചെയ്തു. പലതിലും അഭിനയിച്ചു. പുരസ്‌കാരങ്ങൾ നേടി)
പി.എ. ദിവാകരനും ബോംബെ വിട്ടു. 13 വർഷങ്ങളായി. എന്തേ
ആവോ? ആ കൂട്ടായ്മയിൽനിന്ന് ഇനിയും മറ്റൊരു പുത്തൻ മുള
പൊട്ടിയിട്ടില്ല. ഒരുപക്ഷെ, ഒരു കരുത്തുറ്റ നേതൃത്വത്തിനു കീഴിൽ,
കരുത്തുറ്റ സർഗാത്മകതയ്ക്കു കീഴിൽ ഇവരൊക്കെ വീണ്ടും ഒരു
സംരംഭത്തിന് ഒത്തുകൂടിയെന്നുപോലും വരാം. പക്ഷെ നൈരന്ത
ര്യംതന്നെയാണ് പ്രശ്‌നം. സർഗാത്മകത വറ്റാത്ത ഒരൊഴുക്കല്ല.
അതുപോലെതന്നെ സർഗാത്മകതയുടെ പുത്തൻ പൊടിപ്പുക
ൾക്ക് ഒന്നും ഒരു തടസ്സവുമല്ല.
ടി.എം.പി. നെടുങ്ങാടിയുടെ ശിഷ്യത്വവും സൗഹൃദവും ‘ഞങ്ങ
ൾ’ക്കു തന്നത് ഒരു മുഴുവൻ ചക്രവാളമാണ്. അവനവന്റെ കഴിവനുസരിച്ച്
ഓരോരുത്തരും അതിൽനിന്ന് ഓരോന്നുൾക്കൊണ്ടു.
സ്വയം അടയാളപ്പെടുത്തി. വ്യത്യസ്തമായ ഒരു നാടകാവബോധ
ത്തിലനിന്നുകൊണ്ട് നാടകാവതരണങ്ങൾ നടത്തി. അങ്ങനെയാണ്
മുംബയ് നാടകവേദി ഞങ്ങളെ അടയാളപ്പെടുത്തേണ്ടത്
എന്നാണ് എന്റെ വിശ്വാസം. ഇന്ന് വളരെ പ്രശസ്തരായിക്കഴിഞ്ഞ
തിരക്കഥാകൃത്തും നടനുമായ പി. ബാലചന്ദ്രൻ, സിനിമാനിർമാതാവായി
മാറിയ വി.കെ.പി., ഹരി, മുരളി, ഗോപാൽ, കാവാലം,
ജോസ് ചിറമ്മേൽ, മാനവേന്ദ്രനാഥ് തുടങ്ങി ഈ രംഗത്തെ പ്രഗ
ത്ഭരെ പരിചയപ്പെടാനും അടുത്തുനിന്ന് അവരുടെ മൂല്യമറി
യാനും ഇടയാക്കിയ കാലം. എന്റെ, ഞങ്ങളുടെ, ബോംബെ ജീവി
തത്തിലെ ഏറെ പുഷ്‌കലമായ കാലം! ഏറ്റവും നല്ല നടിക്കുള്ള
പുരസ്‌കാരം രോഹിണി ഹട്ടങ്കടിയിൽനിന്ന്/വിജയാമേത്തയിൽ
നിന്ന് ഏറെ അഭിമാനത്തോടെ വാങ്ങിയ കാലം!
നല്ല, വ്യത്യസ്തമായ നാടകങ്ങളെ സ്‌നേഹിച്ചതുകൊണ്ട് കിട്ടിയതാണെനിക്കത്.
(മാഷ്‌ടെ നിർദേശത്തിലും ആശീർവാദത്തിലും
ഞങ്ങൾ തുടങ്ങിയ സഹൃദയ ഫിലിം സൊസൈറ്റിയും തന്നു –
ജോൺ എബ്രഹാം, കെ.ആർ. മോഹനൻ, ജി. അരവിന്ദൻ, പവി
ത്രൻ, ചിന്ത രവി, ടി.വി. ചന്ദ്രൻ തുടങ്ങിയവരുടെ സിനിമാദർശന
ത്തിന്റെ ക്ലോസപ്പുകൾ). മാഷിൽനിന്ന് കിട്ടിയത് നാടകം
എങ്ങനെ ചെയ്യണം എന്നതിനേക്കാൾ ഒരിക്കലും എങ്ങനെ
ചെയ്യരുത് എന്ന അറിവാണ്. ഏറ്റവും സുപ്രധാനമായ അറിവ്.
ഞങ്ങളെ ഏറെ പഠിപ്പിച്ച മാഷോടുള്ള അതിരറ്റ ആദരവിനോടൊപ്പം
ഈ കൂട്ടായ്മയ്ക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച
മുൻപറഞ്ഞ കുറെയേറെ പേരോടുകൂടിയുള്ള ആദരവ് പ്രകടിപ്പി
ക്കാനാണ് ഈ കുറിപ്പ്. ‘ഞാനി’ല്ലാത്ത ‘ഞങ്ങൾ’ എന്ന ഈ
കൂട്ടായ്മ ബോംബെനാടകവേദിയിലെ ‘ഒരു വ്യത്യസ്ത നിമിഷ’
മായി അടയാളപ്പെടുത്തപ്പെട്ടാൽതന്നെ സാഫല്യമാണ്. അത്രയും
വലുതും മഹത്തുമാണ് നാടകമെന്ന കലാരൂപം. പ്രതിഭാധനരുടെ
വിഹാരരംഗം. ഒപ്പം പേരു പറയാൻപോലും പേടി തോന്നും,
അതിന്റെ കനമറിഞ്ഞാൽ.