മസ്‌റൂർ ക്ഷേത്രവും കാംഗ്ഡാ കോട്ടയും

കെ.പി. രമേഷ്

ബിയാസ് നദിയിലെ പാലം കടന്ന് ചക്കീബങ്കിലെ
പട്ടാളക്യാമ്പുകളുടെ നിശ്ശബ്ദമായ കാർക്കശ്യം പുരണ്ട
വഴിയിലൂടെ രണ്ടര മണിക്കൂർ സഞ്ചരിക്കുമ്പോൾ
ദ്രമണിലെത്തുന്നു.

പുതുതായി ആരംഭിച്ച ഹിമാചൽ
കേന്ദ്രസർവകലാശാലയുടെ പ്രാദേശിക കേന്ദ്രമാണ്
ദ്രമണിലുള്ളത്. സോഷ്യൽ സർവീസിൽ
ഗവേഷണവിദ്യാർത്ഥിയാണ് ജോമോൻ. പ്രിയപ്പെട്ട ഫാദർ
ജോൺ അറക്കൽ, ഫാദർ സോജി എന്നിവർ വഴി പരിചയപ്പെട്ട
ഒരാളാണ് ജോമോൻ. പക്ഷേ, ആ ബന്ധത്തിന്
ജന്മാന്തരങ്ങളുടെ വേരുറപ്പുണ്ടെന്ന് പിന്നീട് അനുഭവിച്ചറിയാൻ
കഴിഞ്ഞു. കുറച്ചു ദിവസമെങ്കിലും ഒന്നിച്ചു യാത്ര ചെയ്യാനും
വസിക്കുവാനും സാധിക്കുമല്ലോ എന്ന ആശ്വാസം
തരളിതമായി.

കുരങ്ങന്മാരും പ്രത്യേക ഇനത്തിൽപ്പെട്ട തത്തകളും
ഉല്ലാസപൂർവം വിഹരിക്കുന്ന മാവിൻതോപ്പുകൾ അതിരിടുന്ന
ഒരു വീടിന്റെ മേൽനിലയിലാണ് ജോമോനും ജാവേദും
താമസിക്കുന്നത്. അവിടെനിന്ന് നോക്കിയാൽ, കോട്ട
കെട്ടിയതുപോലെ കിടക്കുന്ന ധൗലാധാർ ഹിമഗിരി കാണാം.
കാശ്മീരിയാണ് ജാവേദ് അഹമ്മദ് മിർ. മണ്ഡിസ്വദേശിയായ
വിജയകുമാറും ഹരിയാനക്കാരനായ അനിലുമൊക്കെ അവിടെ
നിത്യസന്ദർശകരാണ്. അവരിലൊക്കെ മാതൃകാപരമായ ഒരു
അച്ചടക്കം പാലിക്കപ്പെടുന്നത് ശ്രദ്ധേയം. ഏതു കാര്യത്തെയും
അതിന്റെ വിശാലമായ അർത്ഥസാന്ദ്രിമയിൽ വീക്ഷിക്കുക
എന്ന രീതി അതിന്റെ ഭാഗമാണ്. പൊതുവേ ഉത്തരേന്ത്യൻ
സർവകലാശാലകളെ ആപത്കരമായി ബാധിച്ചിരിക്കുന്ന
ജാതിചിന്തയും മതവൈരവുമെല്ലാം ഒരുപാടു മനസ്സുകളെ
വികലമാക്കിയിട്ടുണ്ടല്ലോ. അതിൽനിന്നുള്ള വേറിട്ട
കാഴ്ചയാണ് ഇവിടെ നാം സഹർഷം അനുഭവിച്ചറിയുന്നത്.
പൊരുതുവാനും കുതറുവാനുമുള്ള അവസാനത്തെ
താവളംകൂടിയാണ് പഠനകാലമെന്നിരിക്കേ, അതിൽത്തന്നെ
സഹനത്തിന്റെയും കരുതലിന്റെയും മൂല്യങ്ങൾകൂടി
വിളക്കിച്ചേർക്കുവാൻ ഈ മിത്രങ്ങൾ ശ്രമിക്കുന്നു. വ്യത്യസ്ത
ഭാഷകളിലും സംസ്‌കാരങ്ങളിലും പെട്ടവർ ഒരു
മൂല്യബോധത്തിനുവേണ്ടി ജീവിതായോധനം
ചെയ്യുന്നതുപോലെ തോന്നും.

ദ്രമണിൽനിന്നും വലത്തോട്ട് മസ്‌റൂറിലേക്കുള്ള വഴി
പിരിയുന്നു. നഗ്‌റോട്ട വഴിക്കാണ് പോകുന്നത്. ദ്രമണിൽ
നിന്നാകുമ്പോൾ ഗഗ്ഗലിലൂടെ പോകേണ്ട കാര്യമില്ല. മഴ
നേർത്തു പെയ്തതിന്റെ ഓർമ ബാക്കിയാവുന്ന പുലരിയിൽ
മഞ്ഞുപാടകൾ മാഞ്ഞുപോയിട്ടില്ല. പതിവുതെറ്റിയ
സമയത്താണ് ഇത്തരമൊരു മഴ എന്ന് ജോമോൻ വർഗീസ്
അറിയിച്ചു. ഫെബ്രുവരിയിൽ ഹിമാചലിൽ മഴ
പതിവുള്ളതല്ലത്രെ. പക്ഷേ, ഇക്കുറി കാലാവസ്ഥയിൽ
ഗണ്യമായ വ്യതിയാനം വന്നിരിക്കുന്നുവെന്ന് നാട്ടിൽനിന്ന്
യാത്ര തിരിക്കുമ്പോഴേ മുന്നറിയിപ്പ് കിട്ടിയിരുന്നു. ജോമോന്റെ
സ്‌നേഹപൂർണമായ ഉത്സാഹത്തിനു മുമ്പിൽ യാത്ര പെട്ടെന്ന്
സജ്ജമാവുകയായിരുന്നു. ശരീരത്തിനു മുമ്പേ പായുന്ന
മനസ്സിന്റെ മായാജാലങ്ങൾ വേറൊരു ഹേതു.

ഏകശിലാ ക്ഷേത്രത്തിലേക്ക്

ഏകശില ക്ഷേത്രം. ഫോട്ടോ: കെ.പി. രമേഷ്‌

നാഗരികമായ പരിഷ്‌കാരം ഏറെയൊന്നും
തീണ്ടിയിട്ടില്ലാത്ത ഭരിയൽ, ഹർനേരാ, ലാപിയാനാ,
ഝാർജോളി തുടങ്ങിയ ചെറുഗ്രാമങ്ങൾ പിന്നിട്ടാണ്
മസ്‌റൂറിലേക്കുള്ള പാത നീങ്ങുന്നത്. ഗോതമ്പുപാടങ്ങളിൽ
ഞാറ് തല നിവർത്തുന്നതേയുള്ളൂ. പാടങ്ങൾക്കു നടുവിൽ
അവിടവിടെയായി ചില മാടപ്പുരകൾ കാണാം. ഗ്രാമീണർക്ക്
കമ്പിളിയുടുപ്പുകൾ മാറ്റാൻ നേരമായിട്ടില്ല. ഒരു നനുത്ത
മഴയ്ക്കുശേഷം ഇരച്ചുവരുന്ന തണുപ്പിന്
കാഠിന്യംകൂടുതലാണിവിടെ. കേരളത്തിലെ
കണക്കനുസരിച്ചാണെങ്കിൽ, ഇത് കുംഭമാസമാണ്. കുടം
ഉരുട്ടുന്ന കാറ്റിന്റെ കാലമാണ് കുംഭം എന്നാണ് പറയുക. പക്ഷേ,
ആ കാറ്റ് നേരത്തേ വന്നുപോയി. കാലാവസ്ഥയ്ക്കും വേഗത
വർദ്ധിച്ചുപോയോ? ഹിമാചലിൽ ശീതകാലത്തിന്റെ
ഗരിമയാണിപ്പോഴും.

ഉറപ്പു കുറഞ്ഞ മൺമേടകൾപോലെ തോന്നുന്ന
മലഞ്ചെരിവുകളിലൂടെയാണ് മസ്‌റൂറിലേക്കുള്ള പാത
ചുറ്റിച്ചുറ്റിപ്പോകുന്നത്. പലേടങ്ങളിലും അത് ഒറ്റയടിപ്പാതയാണ്.
ഷാപൂർ തെഹ്‌സിൽ കുന്നുകൾ മറ്റൊരു ഭാവം പകർന്നു. വിറകു
ശേഖരിക്കുന്ന സ്ത്രീകളുടെയും കല്ലുടയ്ക്കുന്ന
പുരുഷന്മാരുടെയും ചെറിയ പറ്റങ്ങളെ ഒഴിച്ചുനിർത്തിയാൽ ആ
പാത വിജനതയുടെ പര്യായമാകുന്നു.

ലഞ്ജ് എന്ന സ്ഥലമെത്തുമ്പോഴേക്കും ഒരു ചെറിയ
പട്ടണത്തിന്റെ സ്വഭാവം കൈവരുന്നു. ഇവിടെ ഇറങ്ങി മൂന്നു
കിലോമീറ്റർ നടക്കണം മസ്‌റൂറിലെത്തുവാൻ. കനത്ത മഴയും
മഞ്ഞുവീഴ്ചയും തടയാൻ പാകത്തിലുള്ള നേർത്ത
കരിങ്കൽപ്പാളികൾകൊണ്ട് മേഞ്ഞ വീടുകൾ കണ്ടു. മസ്‌റൂർ
ഗ്രാമത്തിൽ പക്ഷേ ജനസാന്ദ്രത പെരുകിയിട്ടില്ല.
കുത്തനെയുള്ള രണ്ടു കയറ്റങ്ങൾ പിന്നിടുമ്പോൾ മസ്‌റൂർ
എന്ന ഏകശിലാക്ഷേത്രത്തിലെത്തുന്നു. അതെ, മസ്‌റൂറിന്റെ
ഖ്യാതി ഇവിടുത്തെ കൈലാസനാഥക്ഷേത്രമാണ്. ബൃഹത്തായ
ഒരു കരിങ്കൽനിർമിതിയാണിത്. ഒറ്റക്കല്ലിൽ പണിതീർത്ത
ബൃഹദ് വാസ്തുവാണ് എല്ലോറയിലെ
കൈലാസനാഥക്ഷേത്രമെന്ന് നമുക്കറിയാം. മലഞ്ചെരിവിലെ
വലിയൊരു പാറ കൊത്തിമിനുക്കിയാണ് അത്
നിർമിച്ചിരിക്കുന്നത്. അവിടത്തെ ആനയും തൂണുമെല്ലാം
സൃഷ്ടിപരതയുടെ കാര്യത്തിൽ മികച്ച മാതൃകകളാണ്.
കെട്ടിപ്പടുക്കുന്നതല്ല, ചെത്തിമിനുക്കിയെടുക്കുന്നതാണ്
വാസ്തുശില്പമെന്ന് നമുക്കു ബോദ്ധ്യപ്പെടുന്നു. വലിയ
കരിങ്കല്ലിൽനിന്ന് കൈലാസക്ഷേത്രത്തിന്റേതൊഴികെയുള്ള
അടരുകളെയെല്ലാം മുറിച്ചുമാറ്റുമ്പോൾ അത്
കൈലാസക്ഷേത്രമായിത്തീരുന്നു എന്ന വിസ്മയം മസ്‌റൂറിൽ
ദൃശ്യമാകുന്നു. ശിലയിൽ മറഞ്ഞിരിക്കുന്ന
കൈലാസനാഥക്ഷേത്രത്തെ ശില്പികൾ കണ്ടെത്തിയിരിക്കുന്നു.
പിന്നീട് ഉത്തരദേശത്ത് പ്രത്യേകമായും, ഇന്ത്യയിൽ
പൊതുവേയും ശക്തിപ്പെട്ടുവന്ന വൈഷ്ണവമതത്തിന്റെ
പ്രചാരംകൊണ്ടാവാം, ഇത് പിൽക്കാലത്ത്
രാമക്ഷേത്രമെന്നാണ് അറിയപ്പെട്ടത്. രാമനും ലക്ഷ്മണനും
സീതയ്ക്കും വേണ്ടി ക്ഷേത്രത്തിന്റെ ഒരു ഭാഗം
മാറ്റിവച്ചിരിക്കുന്നതിന്റെ ഹേതു അതാണ്. എന്നാൽ
ക്ഷേത്രത്തിന്റെ പൊതുഘടന ഈ മനോഭാവത്തെ
ചെറുക്കുന്നുണ്ട്.

കാംഗ്ര കോട്ടയുടെ പ്രവേശന കവാടം. ഫോട്ടോ: കെ.പി. രമേഷ്‌

സദാശിവ ദർശനത്തിന്റെ ലാക്ഷണിക മുദ്രകൾ
ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തു കാണാം. പലതും
കീഴടക്കിയ രാവണൻ വഴിമധ്യേ വിഘ്‌നമായി നിലകൊണ്ട
കൈലാസഗിരിയെയും പിടിച്ചുകെട്ടാൻ ശ്രമിച്ചുവല്ലോ.
കൈലാസത്തെ വലിയൊരു കയറുകൊണ്ടു കെട്ടിവരിഞ്ഞ്
കടപുഴക്കുവാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചില്ല. കയർ
ഉരഞ്ഞ പാടുകൾ കൈലാസത്തിലുണ്ടെന്ന് ചില സഞ്ചാരികൾ
രേഖപ്പെടുത്തിയിട്ടുണ്ട്. മസ്‌റൂറിലെ ഈ ക്ഷേത്രത്തിന്റെ
മുകൾഭാഗം ഈ പുരാണസംഭവത്തിന്റെ ശിലാവിഷ്‌കാരമാണ്.
പദ്മത്തിന്റെ ചെറിയ ചെറിയ വൃത്തങ്ങൾക്കകത്ത്
ശ്രീബുദ്ധന്റെ മുഖം ഈ മുകൾഭാഗത്ത് ലംബമായി
കൊത്തിവച്ചിട്ടുണ്ട്. ഇത് കൈലാസത്തിന്റെ മറ്റൊരു
വീക്ഷണകോണിനെ സൂചിപ്പിക്കുന്നു. ബുദ്ധമതക്കാരുടെ
ആരാധനാകേന്ദ്രംകൂടിയാണ് കൈലാസം എന്ന വസ്തുത
തിരിച്ചറിയുമ്പോഴേ ഈ ബുദ്ധമുദ്രയുടെ പ്രഭാവം നമ്മിൽ
ഏശുകയുള്ളൂ. അതുപോലെയാണ്, ക്ഷേത്രത്തിന്റെ മുമ്പിൽ
ചതുരാകൃതിയുലള്ള ചെറിയ പൊയ്ക. അത്
മാനസസരോവരത്തിന്റെ മാതൃകയാണെന്നു പ്രത്യേകം
പറയേണ്ടതില്ല.

ഇന്തോ-ആര്യൻ മാതൃകയിൽ ഏകശിലയിൽ നിർമിക്കപ്പെട്ട
പതിനഞ്ച് എടുപ്പുകളാണ് ഇവിടെ ഉണ്ടായിരുന്നത്. പക്ഷേ,
രണ്ടുമൂന്നു ക്ഷേത്രങ്ങൾ മാത്രമേ പ്രബലമായിട്ടുള്ളൂ.
ബാക്കിയെല്ലാം ജീർണാവസ്ഥയിൽ. എന്നാൽ,
കൊത്തുപണികളുടെ സൂക്ഷ്മത ഈ ക്ഷേത്രപരിസരത്തെ
ഗാഢവും ശ്രേഷ്ഠവുമാക്കുന്നു. ഉത്തരേന്ത്യയിൽ ഈ ഒരു
ക്ഷേത്രമേ ഏകശിലാരൂപത്തിലുള്ളൂ എന്നത് മറ്റൊരു
സവിശേഷത. രാമന്റെയും ലക്ഷ്മണന്റെയും സീതയുടെയും
ശില്പങ്ങളുണ്ടെങ്കിലും രാമഭക്തിയെ തെഴുപ്പിക്കുന്ന ഒന്നും
ഇവിടെ കാണാനില്ല. ശൈവഛായയാണ് പൊതുവേ.
മഹാദേവനു സമർപ്പിക്കപ്പെട്ടതാണ് ക്ഷേത്രത്തിന്റെ
മുഖ്യക്ഷേത്രം. മസ്‌റൂർ ക്ഷേത്രപംക്തി ശിവചൈതന്യത്തിന്റെ
ബലിഷ്ഠമാതൃകയായി മാറുന്നത് അങ്ങനെയാണ്.
തിബത്തിൽ കൈലാസവും നേപ്പാളിൽ പഥുപതിനാഥ
ക്ഷേത്രവും ഉണ്ട്; ഉത്തരാഞ്ചലിൽ പഞ്ചകേദാര ക്ഷേത്രങ്ങളും.
ഇവ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ മുഖ്യശിവാലയ
ങ്ങങ്ങ തെന്നിന്ത്യയിലാണല്ലോ. മഹാരാഷ്ട്രയിലെ എല്ലോറയി
ലുള്ള കൈലാസക്ഷേത്രം ശില്പവിദ്യകൊണ്ടും
വാസ്തുവിദ്യകൊണ്ടും അതുല്യംതന്നെയാണ്. തഞ്ചാവൂരിലെയും
ഗംഗൈകൊണ്ടചോഴപുരത്തെയും ബൃഹദ്ദീശ്വരക്ഷേത്രങ്ങൾ,
ചിദംബരത്തെ നടരാജക്ഷേത്രം, ദാരാസുരത്തെ
ഐരാവതേശ്വരക്ഷേത്രം, തിരുവയ്യാറിലെ
വടകൈലാസക്ഷേത്രം, മന്നാർഗുഡിയിലെയും കാഞ്ചീപുരത്തെയും
കൈലാസനാഥക്ഷേത്രങ്ങൾ, കേരളത്തിലെ
പെരിഞ്ചല്ലൂർ-ശുകപുരംതൊടീക്കളം-കടുത്തിരുത്തി-
ഏററുമാനൂർ-വൈക്കം ക്ഷേത്രങ്ങൾ എന്നിവ ശില്പ-ചിത്ര ചാതുര്യത്താലും
ദർശനവ്യാപ്തിയാലും ഖ്യാതിയാർജിച്ച ശിവാലയ
ങ്ങളാണ്.

ശില്പകല പഠിച്ചുതുടങ്ങേണ്ടത് പല്ലവരിൽനിന്നാണ്
എന്നാണ് കലാചരിത്രം വെളിവാക്കിയിട്ടുള്ളത്. പല്ലവരിൽനിന്നു
തുടങ്ങുന്ന ശില്പവിദ്യാപാരമ്പര്യം മഹാബലിപുരം, എല്ലോറ വഴി
ഭാരതത്തിന്റെ ഇതരഭാഗങ്ങളിലേക്കു പടർന്നുവെന്നു പറയാം.
പാറ തുരന്ന് ക്ഷേത്രങ്ങളും ശില്പങ്ങളും നിർമിക്കുന്ന വിദ്യയ്ക്ക്
പ്രാരംഭം കുറിച്ചത് ഏ.ഡി. ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ,
നരസിംഹവർമൻ ഒന്നാമൻ മഹാമല്ലൻ എന്ന
പല്ലവരാജാവാണ്. ഏഴാം നൂറ്റാണ്ടിന്റെ പകുതിയായപ്പോൾ
രാഷ്ട്രകൂടരാജാവായ ദണ്ഡിദുർഗൻ അത് ഏറ്റെടുത്തു.
എല്ലോറയിലെ പണി പൂർത്തിയാക്കിയത് ഏ.ഡി. 773ൽ
കൃഷ്ണൻ ഒന്നാമന്റെ കാലത്താണ്.

സമുദ്രനിരപ്പിൽനിന്ന് രണ്ടായിരത്തി അഞ്ഞൂറ് അടി
ഉയരത്തിലാണ് മസ്‌റൂർശിലാക്ഷേത്രം സ്ഥിതിചെയ്യുന്നത്.
മസ്‌റൂർ അക്കാലത്ത് കൊടുംകാടായിരുന്നു. ആ ദുർഘടപഥം
തരണംചെയ്യാൻ വയ്യാത്തതുകൊണ്ടാണ് അധിനിവേശകർക്ക്
ഈ ക്ഷേത്രം പിടികിട്ടാഞ്ഞത്. 1905ൽ ഈ ഭാഗത്തുണ്ടായ
ശക്തമായ ഭൂകമ്പത്തിൽ ക്ഷേത്രത്തിനു കേടുപാടുകളൊന്നും
സംഭവിക്കാതിരുന്നത് ആ ശിലാപംക്തിയുടെ ആന്തരികബലം
കൊണ്ടാവാം. പക്ഷേ, ഭൂകമ്പത്തെ അതിജീവിച്ച ഈ
ക്ഷേത്രത്തിന് പടയോട്ടങ്ങളുടെ നീണ്ട കാലയളവിൽ എന്തു
സംഭവിച്ചുവെന്നത് ദുരൂഹമാണ്.
ഇന്ത്യയിലെ പ്രമുഖ ശില്പകേന്ദ്രങ്ങളുടെ പട്ടികയിലൊന്നും
മസ്‌റൂറിന്റെ പേരില്ല. എന്നാലും അത് അവിടെ ഉണ്ട്!
ചെവിയുള്ളതുകൊണ്ടാണ് ശബ്ദത്തിന്റെ അസ്തിത്വം
നിലനിൽക്കുന്നത് എന്നൊരു തത്ത്വം ഓർത്തുപോയി.
കോട്ടയുടെ ഉൾവഴികൾ

ചണ്ഡിഗഢിൽനിന്ന് കാംഗ്ഡയിലേക്ക് ഒരു
നെടുമ്പാതയുണ്ട്. അതിലെ പ്രധാനപ്പെട്ട സന്ധിപ്പാണ്
റാണീത്താൽ. മസ്‌റൂറിൽനിന്ന് റാണീത്താലിലേക്കുള്ള ദൂരം
ഇരുപത്തിരണ്ടു കിലോമീറ്റർ. ഹിമാലയത്തിലെ
പോഷകനദികളായ ബൻഗംഗയുടെയും മഞ്ജിയുടെയും
ഓരംപറ്റിപ്പോകുന്ന പാത കാംഗ്ഡാകോട്ടയുടെ അടിവാരത്തെ
പുൽകുന്നു.

പാലത്തിനരികെയുള്ള സ്റ്റോപ്പിൽ ഇറങ്ങി പതുക്കെ
കോട്ടയിലേക്ക് നടന്നു. കിതപ്പ് കൂടുന്നു. ഇടയ്ക്ക് രണ്ടിടത്ത്
വിശ്രമിച്ചു. വേനലിന്റെ വരവായതിനാൽ ബൻഗംഗ
മെലിഞ്ഞൊഴുകുന്നു. മഞ്ജിയുടെ കാര്യവും അതേ. ഇപ്പോൾ
ഒഴുക്ക് ഇങ്ങനെയാണെങ്കിലും മഴക്കാലത്ത് നദി ഇരുകരകളും
മുട്ടി ഒഴുകുമെന്ന് വെള്ളം വാർന്നുപോയ പാടുകൾ
നോക്കിയാലറിയാം.

വനാഗംഗ നദി: ഫോട്ടോ: കെ.പി. രമേഷ്‌

ഇന്ത്യയിൽ നിർമിക്കപ്പെട്ട ആദ്യത്തെ കോട്ട എന്നതാണ്
കാംഗ്ഡാകോട്ടയുടെ പെരുമ. മിക്ക കോട്ടകൾക്കും
കിടങ്ങുണ്ടാകും. പക്ഷേ, ഇവിടെ അതില്ല. ബൻഗംഗയും
മഞ്ജിയും ഉള്ളതിനാൽ മറ്റൊരു കിടങ്ങിന്റെ ആവശ്യമില്ല.
ഭൂപ്രകൃതി അങ്ങനെയാണ്. വിസ്തൃതമായ ഈ നദികളെ
കിടങ്ങാക്കി മാറ്റിക്കൊണ്ട് കാംഗ്ഡാകോട്ടയുടെ ഭദ്രത
ഉറപ്പുവരുത്തിയിരിക്കാം അതിന്റെ ഭരണാധികാരികൾ.
അത്രമേൽ തന്തപ്രധാനമായ ഒരിടത്താണ് കാംഗ്ഡാകോട്ട
സ്ഥിതിചെയ്യുന്നത്.

കോട്ടയുടെ വെളിയിലാണ് പുരാവസ്തുവകുപ്പിന്റെ ഓഫീസും
ഇൻഫർമേഷൻ കൗണ്ടറും. അകത്തു കടന്നാൽ, ഇടതു
വശത്തായി ചെറിയൊരു മ്യൂസിയം കാണാം. കാംഗ്ഡയുടെ
പരിസരത്തുനിന്ന് ഉൽഖനനംചെയ്‌തെടുത്ത വസ്തുക്കളുടെ
ശേഖരം ഇവിടെയുണ്ട്. കാംഗ്ഡാകോട്ടയെക്കുറിച്ചു
കേൾക്കുന്നതിനും എത്രയോ മുമ്പ് അറിഞ്ഞത് കാംഗ്ഡാ
മിനിയേച്ചർ ചിത്രങ്ങളാണ്. കുറച്ചു വർഷങ്ങൾക്കു മുമ്പ്
ദൽഹിയിലെ നാഷണൽ ഗാലറി ഒഫ് മോഡേൺ ആർട്‌സിൽ
നിന്നാണ് അത് വാങ്ങിയത്. രാമായണകഥാസന്ദർഭങ്ങൾക്ക് ആ
ചിത്രകാരന്മാർ നൽകിയ ചിത്രഭാഷ്യത്തിൽ പ്രകൃതിയുടെ
താളവും ലയവും സജീവമാകുന്നത് വിസ്മയാവഹമായി
തോന്നി. ആര്യാട് സനൽകുമാറിന്റെ ആദ്യഗ്രന്ഥത്തിന്റെ
(‘രാമായണ മാനസം’) കവർചിത്രമായി അതിലൊരെണ്ണം
ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ
കാംഗ്ഡാചിത്രങ്ങളുടെ ഒറിജിനൽ കാണുമ്പോൾ മനസ്സിൽ
അകാരണമായ അലയൊലികൾ.

കോട്ടയുടെ ച്ചുവരുകളിലെ ചിത്ര ശിലകൾ. ഫോട്ടോ: കെ.പി. രമേഷ്‌

കോട്ടയ്ക്കകത്തേക്കു പ്രവേശിക്കുമ്പോൾ, വാസ്തവത്തിൽ
നമ്മൾ ചരിത്രത്തിന്റെ വാതിലാണ് മലർക്കെ തുറക്കുന്നത്.
മഹാഭാരതയുദ്ധത്തിനു ശേഷം അധികം വൈകാതെയാണ്
കാംഗ്ഡാകോട്ട പണിതതെന്ന് പഴമക്കാർ പറയുന്നുണ്ടെങ്കിലും
അത് സ്ഥാപിക്കുന്നതിന് പുരാവസ്തുശാസ്ത്രപരമായ തെളിവുകളില്ല.
ഏ.ഡി.ഒമ്പതാം നൂറ്റാണ്ടു മുതൽക്കാണ് ഈ കോട്ടയുടെ
പ്രായം കണക്കാക്കുന്നത്. ഏ.ഡി.1009ൽ മുഹമ്മദ് ഗസ്‌നി
ഇവിടേക്ക് നടത്തിയ പടയോട്ടത്തിന്റെ കാലം മുതൽ
കോട്ടയുടെ ചരിത്രം വായിക്കുന്നവരും ഉണ്ട്.
പതിമൂന്നാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ അത്
ഫിറോസ്ഷാ തുഗ്ലക്കിന്റെ ഭരണത്തിൻകീഴിൽ വന്നു. 1846ൽ
ബ്രിട്ടീഷുകാർ പിടിച്ചെടുത്ത കാംഗ്ഡാകോട്ട 1909ൽ
സംരക്ഷിതകേന്ദ്രമെന്ന നിലയിൽ ദേശീയശ്രദ്ധയിൽപ്പെട്ടു.
രണ്ടു കോട്ടവാതിലുകളുണ്ടിവിടെ. ആദ്യത്തെ വാതിൽ
കടന്നുചെല്ലുന്ന ഭാഗത്തിന് ‘രഞ്ജിത് കവാടം’ എന്നാണ് പേര്.
മഹാരാജാ രഞ്ജിത് സിംഗ് നിർമിച്ചതുകൊണ്ടാവാം
ഇങ്ങനെയൊരു പേരു വന്നത്. രണ്ടാമത്തെ കവാടം ‘അമീറി
ദർവാസ’ എന്നറിയപ്പെടുന്നു. ജഹാംഗീറിന്റെ
ഭരണകാലയളവിൽ കാംഗ്ഡയിലെ (ഒന്നാമത്തെ മുഗൾ
ഗവർണറായിരുന്ന) നവാബ് ആലിഫ്ഖാന്റെ
ഓർമയ്ക്കായിട്ടുള്ളതാണ് ഈ കവാടം.

മുകളിലേക്കുള്ള പടവുകളിലൂടെ വലത്തോട്ടു തിരിയുമ്പോൾ
ഒരു ഇടുങ്ങിയ ഇടനാഴി കാണാം. കോട്ടയുടെ
പിറകുവശത്തേക്കുള്ള വഴിയാണിത്. അവിടെനിന്നാണ്
കോട്ടയുടെ പ്രധാനഭാഗങ്ങളിലേക്ക് കടന്നുചെല്ലേണ്ടത്.
ലക്ഷ്മീനാരായണക്ഷേത്രം നിലംപൊത്തിയിട്ടുണ്ടെങ്കിലും
അതിന്റെ ഒരു ഭിത്തി മാത്രം തകർന്നിട്ടില്ല. ഒറിയ ശില്പകലയോടു
സാദൃശ്യം തോന്നുന്ന ഒന്നാണ് ഈ ഭിത്തിയിലെ
റിലീഫുകൾക്കുള്ളത്. ഉത്തരേന്ത്യയിൽ ഇതിനെ പക്ഷേ ‘നഗാർ
രീതി’ എന്നാണ് വിളിക്കുക. ഏ.ഡി. ഒമ്പത്-പത്ത്
നൂറ്റാണ്ടുകളിലാണ് നഗാർശൈലി തിടംവച്ചത്.

ഒരു കൊട്ടാരം നിലനിന്നതിന്റെ അവശേഷിപ്പുകൾ ഈ
കോട്ടയ്ക്കു മുകളിൽ കാണാം. തറയോടു പാകിയ ചില മുറികളും
വെള്ളച്ചാലുകളും ചുമരുകളും ഇവിടെയുണ്ട്. പണ്ട് അവിടെ
അടുക്കള നിലനിന്ന സ്ഥലത്തുനിന്നാണ് നിരീക്ഷണമേടയിലേ
ക്കുള്ള കല്പടവുകൾ തുടങ്ങുന്നത്. അവിടെ വീശുന്ന കാറ്റിൽ
ചരിത്രത്തിന്റെ ഗന്ധമുണ്ട്. കോട്ടയുടെ മൂന്നു ഭാഗങ്ങളിലുമായി
ഒരു മാലപോലെ കിടക്കുന്ന ബൻഗംഗാ-മഞ്ജീനദികൾക്ക്
കാംഗ്ഡാകോട്ടയുടെ കഥകൾ കൂടുതലായി പറയാനുണ്ടാവു.