13. അംഗീകാരം എന്ന മരീചിക

ബാലകൃഷ്ണൻ

എന്നോട് പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്:
”താങ്കള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ?”
കുഴക്കുന്ന ചോദ്യമാണിത്. അര്‍ഹതയുടെ മാനദണ്ഡം എന്താണെന്ന് എനിക്ക് അറിയില്ല. ആരാണ് അത് നിശ്ചയിക്കുന്നതെന്നും അറിഞ്ഞുകൂടാ. ഉറൂബിനും ഒ.വി. വിജയനും കോവിലനും അതുപോലെ പ്രശസ്തരായ പലര്‍ക്കും അര്‍ഹതയുള്ള അംഗീകാരം ലഭിച്ചില്ല എന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അവരുടെ കാര്യം ഇതാണെങ്കില്‍ എനിക്ക് അംഗീകാരം കിട്ടിയില്ലല്ലോ എന്ന സങ്കടം അശേഷമില്ല. എന്തായാലും അംഗീകാരത്തിനുള്ള ഭിക്ഷാപാത്രവുമായി ഞാന്‍ അക്കാദമികളുടെ മുറ്റത്ത് നിന്നിട്ടില്ല. ഇനി നില്‍ക്കാന്‍ ഉദ്ദേശ്യവുമില്ല. അതേ സമയം എന്നെ സ്‌നേഹത്തിന്റെ പൊന്നാടകള്‍ പുതപ്പിച്ച ചിലരെ ഞാന്‍ നന്ദിപൂര്‍വം സ്മരിക്കട്ടെ.

കുതിര എന്ന നോവലിന് കുങ്കുമം നോവല്‍ മത്സരത്തില്‍, 1979ല്‍ ലഭിച്ച പ്രത്യേക പുരസ്‌കാരമാണ് എനിക്ക് ലഭിക്കുന്ന ആദ്യത്തെ സമ്മാനം. അവര്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്തിരുന്നെങ്കിലും കൊല്ലത്ത് പോയി അത് വാങ്ങാന്‍ സൗകര്യപ്പെട്ടില്ല.അയച്ചു കിട്ടിയ ചെക്ക് കൊണ്ട് മാത്രം ഞാന്‍ തൃപ്തിപ്പെട്ടു.
മുംബൈയിലെ കേരളീയ കേന്ദ്ര സംഘടനയാണ് ഒരു സദസ്സിന്റെ സാന്നിദ്ധ്യത്തില്‍, 1999ലെ ഹരിഹരന്‍ പൂഞ്ഞാറിന്റെ പേരിലുള്ള പുരസ്‌കാരം നല്‍കിയത്. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വിലപ്പെട്ട ഒരു ബഹുമതിയാണ്. കേരളീയ കേന്ദ്രസംഘടനയോടും വിശിഷ്യാ അതിന്റെ പ്രസിഡന്റും, കവിയും, ഗ്രന്ഥകാരനും ആയ ശ്രീമാനോടും (കെ.എസ്. മേനോന്‍) പരേതനായ എന്റെ സുഹൃത്ത് സി.വി. ശശീന്ദ്രനോടും എനിക്ക് കൃതജ്ഞതയുണ്ട്.

ആത്മാര്‍ത്ഥ സുഹൃത്തും പ്രോത്സാഹകനും ആയ വി.ടി. ഗോപാലകൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന പുരസ്‌കാരം വാങ്ങാന്‍ എന്തു കൊണ്ടോ മനസ്സ് വിസമ്മതിച്ചിരുന്നു.ഒരു പുരസ്‌കാരത്തിന്റെ പേരിലല്ലാതെ വി.ടി.യെ ഓര്‍ക്കാന്‍ എനിക്ക് ധാരാളം കാരണങ്ങളുണ്ടായിരുന്നു. അവസാനം ഇന്ന് നമ്മോടൊപ്പമില്ലാത്ത എന്റെ നല്ല സുഹൃത്ത് ചേപ്പാട് സോമനാഥന്റെയും വി.ടി.യുടെ സഹോദരന്മാരായ ദാമുവിന്റെയും വാസുദേവന്റെയും പ്രേരണയ്ക്ക് ഞാന്‍ വഴങ്ങി . ആരാദ്ധ്യനായ മഹാരാഷ്ട്രാഗവര്‍ണര്‍ ശ്രീ കെ. ശങ്കരനാരായണനില്‍ നിന്ന് 2010ല്‍ വി.ടി. പുരസ്‌കാരം ഏറ്റുവാങ്ങി. അടുത്തതായി ശ്രീ ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള മലയാളഭൂമി നല്‍കിയ സമഗ്രസാഹിത്യസംഭാവനയ്ക്കുള്ള പുരസ്‌കാരം തിരുവനന്തപുരത്ത് , കനകക്കുന്ന്‌കൊട്ടാരത്തില്‍ വച്ച് 2014 ഫെബ്രുവരി 26ന് ബഹുമാന്യനായ കേരളമുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് സ്വീകരിച്ചു. ഇതെല്ലാം എന്റെ എഴുത്തിന് പ്രചോദനമാവുമോ, എന്നെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്നൊന്നും അറിയില്ല. അങ്ങിനെ ചില സംഭവങ്ങളും ഉണ്ടായി എന്ന് രേഖപ്പെടുത്തുന്നു എന്ന് മാത്രം.
(തുടരും)