ചെങ്ങന്നൂർ വിധി

വിജു വി. നായര്‍

ഓർക്കാപ്പുറത്താണ് ചെങ്ങന്നൂരിന് ലോട്ടറിയടിച്ചത്. ഒരുപതി
രഞ്ഞെടുപ്പിന്റെ പേരിൽ ഇങ്ങനെയും വരുമോ, ദേശീയപ്രസക്തി?
സാധാരണഗതിയിൽ ഒരു നാടിന് പെരുമ വരിക രണ്ടു വഴി
ക്കാണ് – ഒന്നുകിൽ ബെടക്ക്, അല്ലെങ്കിൽ മറിച്ച്. അബദ്ധവശാൽപോലും
ഈ രണ്ടു വകുപ്പിലും ചരിത്രപരമായിത്തന്നെ ഇടം
നേടിയിട്ടില്ലാത്ത നാടാണ് ചെങ്ങന്നൂർ. രാഷ്ട്രീയ, സാമൂഹിക,
സാംസ്‌കാരിക ചലനങ്ങളുടെ കാര്യത്തിൽ തളർവാതം പിടിച്ചുകിടക്കുന്ന
ദേശം. അമ്മാതിരി ചലനങ്ങൾ വല്ലതും നടക്കണമെങ്കിൽ
സൃഷ്ടിപരമായ മേഖലകൾ പച്ച പിടിക്കണം. അതിന്മേൽ
ആശയപരമോ ആമാശയപരമോ ആയ സംഘർഷങ്ങളുണ്ടാവണം.

പണ്ടെങ്ങോ കുരുമുളകും കരിമ്പും നെല്ലും തൊടിവിളകളുമൊക്കെ
കൃഷിയുണ്ടായിരുന്നു. ഇന്നിപ്പോ, ചില്ലറ പുരയിടങ്ങളിൽ
പോലും റബറു മിച്ചം. പിന്നെ വ്യവസായം – ശിവാജി ഗണേശൻ
കാണിച്ച ഒരു മണ്ടത്തരം പ്രഭുറാം മിൽസ് എന്ന പേരിൽ തെല്ലിട
കാലക്ഷേപം ചെയ്തിരുന്നു. ഓട്-പിത്തള-ചെമ്പ് കിരീടം വച്ചിരുന്ന
മാന്നാർ പ്രദേശം സട കൊഴിഞ്ഞ് ജര പിടിച്ചിരിക്കുന്നു. പിന്നെയുള്ളത്,
തിരുവിതാംകൂർ രാജാവ് വിഗ്രഹം കൊത്താൻ തമിഴകത്തു
നിന്ന് ഇറക്കുമതി ചെയ്തവരുടെ വാൽക്കഷണമാണ്. ചെങ്ങന്നൂർ
റെയിൽവെ പരിസരത്ത് അവരിപ്പഴും കൊത്തുന്നു, അമ്മിക്കല്ലും
സർവേക്കല്ലും. ഇടവേളകളിൽ ചില്ലറ ദൈവങ്ങളെയും.
ശിഷ്ടം കച്ചോടം: നവലിബറൽ കമ്പോളത്തിന്റെ വ്യാളി,
തൊട്ടയലത്തെ തിരുവല്ലയെ വിഴുങ്ങിയിട്ടും ചെങ്ങന്നൂരിനെ
മൈൻഡ് ചെയ്തിട്ടില്ല. ചെയ്തിട്ട് വലിയ മെച്ചമില്ലെന്നു കണ്ട് വെറുതെ
വിടുന്നതാണ്. അതുകൊണ്ട് ചെറുപീടികയുടെ ചെറുതുരുത്തുകളാണ്
ഒരു നഗരസഭയും 11 പഞ്ചായത്തുകളും ചേർന്ന ഈ മണ്ഡ
ലം. ദോഷം പറയരുതല്ലോ, വെറും 500 മീറ്റർ ചുറ്റളവിലുണ്ട് നാലു
ബാറുകൾ. ഒരു കിലോമീറ്ററപ്പുറത്ത് ഒരു ഫോർസ്റ്റാറും. പരമ്പരാഗത
കള്ളുഷാപ്പുകൾ പര്യമ്പുറങ്ങളിലേക്ക് കുടിലു മാറ്റി. ബെവറേജ്
മൂർത്തി സർവാഭീഷ്ടദായിനിയായ വകയിൽ നാടൻവാറ്റുകാർ
വിആർഎസ് എടുത്തു. അനന്തരം ആദായം കൊയ്യുന്ന കച്ചോടങ്ങൾ
രണ്ടെണ്ണമാണ് – ചെറുകിട സ്വർണപ്പീടികകളും ബ്ലേഡുകമ്പനികളും.
അവ തകരപോലെ മുളച്ചുപൊന്തിക്കൊണ്ടേയിരിക്കുന്നു.

സമാന്തരമായി, പണ്ടുതൊട്ടേ പന്തലിക്കുന്ന കച്ചോടമാണ്
വിദ്യാഭ്യാസവും ആത്മീയതയും. രണ്ട് എഞ്ചിനീയറിംഗ് കോളേജ്,
രണ്ട് ആർട്‌സ് ആന്റ് സയൻസ് കോളേജ്, അവലുപോലെ
പള്ളിക്കൂടങ്ങൾ, കേന്ദ്ര-സംസ്ഥാന സിലബസുകളിൽ ‘ശാസ്ര്തീയ’
വിദ്യാഭ്യാസം കൊണ്ടുപിടിക്കുന്നിടത്തുതന്നെയാണ് ആത്മീയവ്യാപാരത്തിന്റെ
എല്ലാത്തരം പീടികകളും. മേജർ സെ്‌ററ് ദേവസ്വം
തൊട്ട് തട്ടുകടലൈനിൽ കുടുംബക്ഷേത്രങ്ങൾവരെ; ഭദ്രാസനപ്പ
ള്ളികൾ തൊട്ട് കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങൾ വരെ. അരികുകളിൽ
ചില്ലറ ജുമാപള്ളികളും. കൃത്യമായ ജാതി, ഉപജാതി, മതം,
ഉപമതം വീതവയ്പ് വഴി ടി വ്യാപാരത്തിനൊരു പ്രാതിനിധ്യ ജനാധിപത്യ
പ്രകൃതം സൃഷ്ടിച്ചിട്ടുമുണ്ട്. ഈ വികസനവഴിയിൽ ജാതി
മത സമുദായ സംഘടനകൾ കുലച്ചുനിൽക്കുന്നു. ആ കദളിക്കുലകൾക്കിടയ്ക്കിടെ
മെച്ചത്തിൽ പഴുക്കാനൊന്നും വേറെ കായ്കനി
കൾക്ക് ചെങ്ങന്നൂരിൽ ഇടമില്ല. 31% ഈഴവൻ, 29% നായർ, 8%
പട്ടികജാതി, 26.5% ക്രിസ്ത്യാനി, 4.37% മുസ്ലിം എന്നിങ്ങനെ കുലകൾ
വിളഞ്ഞുനിൽക്കെ ജാതിമതരഹിത കായ്കൾ വെറും 969
പേർ. ഒടുവിൽ പറഞ്ഞവർക്ക് മാത്രമില്ല, സമുദായക്കുട.

ചുരുക്കത്തിൽ, മധ്യതിരുവിതാംകൂറിലെ ലക്ഷണമൊത്ത ഒരു
ഉറക്കംതൂങ്ങി ദേശം. ഇതിങ്ങനെ തൂങ്ങാൻ തുടങ്ങിയിട്ട് നൂറ്റാണ്ടൊന്നുകഴിഞ്ഞു.
പഠിപ്പില്ലാഞ്ഞിട്ടാണോന്നു ചോദിച്ചാൽ, സാക്ഷരത
97%, പള്ളിക്കൂടം ഹാജർ ഏതാണ്ടത്രതന്നെ. കാശില്ലാഞ്ഞാണോ?
മുഖ്യവരുമാനം മാസപ്പടിക്കാർ വക. സർക്കാർ, അർദ്ധസർക്കാർ,
ബാങ്ക്, അദ്ധ്യാപനം വഴിക്ക്. പിന്നെ ഗൾഫ്കാശ്. അത് ഭൂമിയിലും
കെട്ടിടത്തിലും വണ്ടിയിലുമായി ഒഴുകുന്നു. എന്നുകരുതി കുമ്പ
നാട്ടോ മലപ്പുറത്തോ ഉള്ള ഒഴുക്കൊന്നുമില്ല. ഒരുമാതിരി ചാവക്കാട്
ലൈൻ. സ്വന്തം കാര്യം സിന്ദാബാദിനപ്പുറമുള്ള ഏർപ്പാടൊന്നുമില്ല.
പൊതുതാത്പര്യഹർജിക്ക് വേറെ ഊരു നോക്കണം.

വികസനമെന്നല്ല ആധുനികലോകത്തെ ഏത് വെടി കേട്ടാലും
ചെങ്ങന്നൂരുകാർ ചോദിക്കും, എന്താ പുക വരുന്നേന്ന്. (ദൈവം
സഹായിച്ച് ഇവിടെ സാഹിത്യകാരന്മാരില്ല, ബുദ്ധിജീവികൾ
തീരെയും. പരിസ്ഥിതിവാദം, സ്ര്തീവാദം, മനുഷ്യാവകാശം
എന്നൊക്കെ കേട്ടാൽ പൊട്ടിച്ചിരിക്കും. പട്ടിയെ വളർത്തും. പക്ഷേ
ഡോഗ്‌ഷോയില്ല; പിന്നല്ലേ മേനകാഗാന്ധി?)
അതുകൊണ്ട് രാഷ്ട്രീയചരിത്രം കേരളത്തിന്റെ മുഖ്യധാരയ്ക്ക് സർ
വാത്മനാ അടിപ്പെട്ടുതന്നെ കിടക്കുന്നു. സത്യത്തിൽ, കേരളത്തിന്റെ
മുഖ്യധാര അങ്ങനായിപ്പോയതുകൊണ്ടു മാത്രമാണ് രാഷ്ട്രീ
യപ്പന്തിയിൽ ചെങ്ങന്നൂരും പങ്കെടുക്കുന്നത്. അതും, തിരഞ്ഞെ
ടുപ്പ് എന്ന വഴിപാടിനു വേണ്ടി മാത്രം. അല്ലാതെ രാഷ്ട്രീയചിന്ത
യുടെ അസ്‌കിതയൊന്നും ഈ ദേശദേഹത്ത് പിടിച്ചിട്ടില്ല.

സംസ്ഥാനമുണ്ടായശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ശങ്കരനാരായണൻ
തമ്പിയെ ജയിപ്പിച്ചു. അന്ന് എണ്ണയ്ക്കാട് കൊട്ടാരത്തിലെ
തമ്പി-തങ്കച്ചിമാർ വസന്തത്തിന്റെ ഇടിമുഴക്കി, ചെങ്ങ
ന്നൂർ ദേശത്തെ അധ:കൃതജാതിക്കാർ കീ ജയ് വിളിച്ചു. സ്വാഭാവി
കമായും സ്ഥലത്തെ പ്രധാന ദിവ്യന്മാരായ നായർ, നസ്രാണി പ്രഭൃതികൾക്ക്
ചൊറിഞ്ഞു. പിറ്റേത്തവണ തമ്പിയുടെ അനുജൻ
തമ്പിയെ തുരത്തി കോൺഗ്രസുകാരിയായ സരസ്വതിയമ്മയെ
ജയിപ്പിച്ചു. അതിനാണല്ലോ അവരുടെ ‘ദേശീയ’ നേതാക്കൾ
വിമോചനസമരം കണ്ടുപിടിച്ചതുതന്നെ. വിമോചനശേഷമാണ്
ചെങ്ങന്നൂരുകാരുടെ അപഗ്രഥനസൂക്ഷ്മത മാലോകർ കണ്ടറിഞ്ഞുതുടങ്ങിയത്.
കോൺഗ്രസുകാരൻ എൻ.എസ്. കൃഷ്ണപിള്ളയെ
തറപറ്റിക്കുന്നു, സരസ്വതിയമ്മ. അതിൽ ‘സരസ്വതിച്ചേയി’യോടുള്ള
പ്രത്യേക നാട്ടുമമത മാത്രമായിരുന്നില്ല കാരണം. അതിനകം
കേരള കോൺഗ്രസായിക്കഴിഞ്ഞിരുന്നു ഇച്ചേയി. 1967ലെ
മാർക്‌സിസ്റ്റ് തരംഗത്തിൽ ചെങ്ങന്നൂരും ഒരു മാർക്‌സിസ്റ്റ് കഷ്ടിച്ചു
ജയിച്ചു – പി.ജി. പുരുഷോത്തമൻ പിള്ള. മൂന്നു കൊല്ലം കഴിഞ്ഞ്
അതേയാൾ വീണ്ടും ജയിച്ചപ്പോൾ നാട്ടിലെ കദളിക്കുലകൾ
ചെവിക്കു നുള്ളി – ഇതിങ്ങനെ വിട്ടാൽ ശരിയാവില്ല. അവിടെത്തുടങ്ങുന്നു,
അമാവാസിരാഷ്ട്രീയം. ആരു നിന്നാലും തോൽക്കാം,
ജയിക്കാം. ഒരു രാഷ്ട്രീയത്തിനും ഒരുറപ്പില്ല. ആ ഗാരണ്ടിയിൽ
സ്ഥാനാർത്ഥികൾ പാർട്ടി മാറി നോക്കി, സ്വതന്ത്രപ്പട്ടം അണിഞ്ഞുനോക്കി.
എല്ലാ അടവിലും ജയിച്ചത് സമുദായക്കുലകൾ, തോറ്റത്
സ്ഥിരമായി ഇടതുപക്ഷം. (അപവാദം, 87-ലെ കോൺഗ്രസ്
എസ്സുകാരൻ മാമ്മൻ ഐപ്പിന്റെ ജയം).

ജാതി, ഉപജാതി, മത, ഉപസഭാ വർഗീയതകളുടെ ഈ ഉരുവപ്പെടലിന്റെ
യുക്തിസഹമായ പരിണതിരൂപമാണ് 1991-ൽ അവതരിച്ച
ശോഭനാജോർജ്. ടി ലോക്കൽ രൂപത്തിന്റെ ലേബൽ,
കോൺഗ്രസ് എന്നായതിനാൽ ചെങ്ങന്നൂർക്കാർക്ക് രണ്ടാമതൊന്ന്
ആലോചിക്കാനുമുണ്ടായില്ല. അങ്ങനെ ശോഭനാജോർജിന്റെ
ചേലത്തുമ്പത്തായി ചെങ്ങന്നൂർ ദേശ
സമവാക്യങ്ങളും പാലിക്കുന്ന ഒരതിസാമർത്ഥ്യക്കാരനെ ഇറക്കുമതി
ചെയ്തു – വിഷ്ണുനാഥ്. ആ വിത്ത് പത്തു കൊല്ലം തഴച്ചു.
അപ്പോഴെല്ലാം തോൽവി ഉറപ്പാക്കിവന്ന ഇടതുപക്ഷത്തിന് ഇക്ക
ഴിഞ്ഞ കുറിയാണ് ഒരു ഡിഫോൾട്ട് ചുറ്റുവട്ടം ഒത്തുകിട്ടിയത്.
കെ.കെ. രാമചന്ദ്രൻ നായരെ ജയിപ്പിച്ചത് ചെങ്ങന്നൂർക്കാരായി
രുന്നില്ല. കണിച്ചുകുളങ്ങര ദല്ലാൾ വെള്ളാപ്പള്ളിയും ചെങ്ങന്നൂർ
ക്കാരി സോളാർ സരിതയുമാണ്. വർഗീയ ജനസംഖ്യയിൽ 31%
വരുന്ന ഈഴവവോട്ടിൽ നിർണായകമായ ഒരു പങ്ക് ബിജെപിക്ക്
മറിച്ചുകൊടുത്തു, അഭിലാഷഭക്തനായ ദല്ലാൾ. 52% വോട്ടുമായി
സുരക്ഷിതരായിരുന്ന കോൺഗ്രസിന്റെ 20% വോട്ട് സോളാർച്ചൂടിൽ
ഇടത്തേയ്ക്കല്ല ഒഴുകിയത്, വലതുപക്ഷപ്പെട്ടിയിലേക്കാണ്.
കാരണം ഏതു പ്രതിഷേധക്കാലത്തും അങ്ങനെ ചലിക്കാനേ
ചെങ്ങന്നൂരിൽ സവർണഹിന്ദുവിന് വിരൽവഴക്കമുള്ളൂ. അങ്ങനെ
താമര പോലും നിനച്ചിരിക്കാതെ താമരക്കനിയായി ഭവിക്കാനുള്ള
ചരിത്രപരമായ വഴക്കമാണ് ചെങ്ങന്നൂർ ഏഴുപതിറ്റാണ്ടത്തെ വർ
ഗീയ സ്വാഭാവികത വഴി കൈവരിച്ചത്. ശങ്കരനാരായണൻ തമ്പി
യിൽ നിന്ന് എൻഡിപിയും ശോഭനാജോർജും വഴി താമരമൊട്ടി
ലെത്തി നിൽക്കുന്ന ഒരു മണ്ഡലം തിർച്ചയായും ലോക്‌സഭാ തിരഞ്ഞെടുപ്പിനു
തൊട്ടുമുമ്പ് ഉപതിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ
സ്വാഭാവികമായും ശ്രദ്ധാകേന്ദ്രമാവും. സത്യത്തിൽ ഇതൊരു
രാഷ്ട്രീയപ്രസക്തിയുടെ പേരിലുള്ള ശ്രദ്ധയല്ല. മറിച്ച്, ചെങ്ങന്നൂർ
വികസിപ്പിച്ചെടുത്ത രാഷ്ട്രീയപരമായ വ്യക്തിത്വമില്ലായ്മയുടെ
ഭവിഷ്യത്താണ്. ഇടതു, വലതു, മധ്യ കക്ഷികൾ ‘നിർണായകം,
നിർണായകം’ എന്ന് ചങ്കിടിപ്പോടെ പറഞ്ഞ് ചെങ്ങന്നൂരിനെ പ്രശസ്തമാക്കുന്നത്,
ഈ അന്തസ്സാര ശൂന്യതയുടെ ഫലമാണ്.

യഥാർത്ഥത്തിൽ ഉപരിപ്ലവമായ ‘രാഷ്ട്രീയം’ മാത്രം വച്ചുപുലർത്തുന്ന
ഒരു ദേശത്തിന് ഈ പ്രകൃതം വരുത്തിവയ്ക്കുന്ന ജനാധിപത്യവിരുദ്ധതയും
പ്രതിലോമപരതയും നിർണായകമാകേണ്ടത് ആ ദേശത്തിനുതന്നെയാണ്.
സാമൂഹികമായും സാംസ്‌കാരികമായും തളർവാതം
പിടിച്ചുകിടക്കുന്നതിന്റെ അടിസ്ഥാനകാരണം തിരയേണ്ടതും
അത്തരം നിർണായകത്വത്തിലാണ്. പകരം പ്രതിലോമകരമായ
ഈ പ്രകൃതത്തെ നിലനിർത്തികെകാണ്ട് മൂന്നു രാഷ്ട്രീയ
ഭിക്ഷാംദേഹികൾ മാറ്റുരയ്ക്കുമ്പോൾ അവർ പുലമ്പുന്ന നിർണായകത്വം
അവരുടേതു മാത്രമാകുന്നു. അതിൽ ശരിയുണ്ടുതാനും.
ഇടതുപക്ഷത്തെ സംബന്ധിച്ച് ദീർഘകാലത്തിനുശേഷം
വീണുകിട്ടിയ സീറ്റ് നിലനിർത്തണം. കൈവിട്ടാൽ അത് പിണറായിഭരണത്തിന്
എതിരായ വിധിയെഴുത്തായി എളുപ്പത്തിൽ ചാപ്പ
യടിക്കപ്പെടും. സ്ഥിരം തോൽക്കുന്ന സീറ്റായിട്ടുപോലും വേങ്ങരയിൽ
അതേ വ്യാഖ്യാനമുയർന്നു. ആ വ്യാഖ്യാനത്തിന് ചെങ്ങന്നൂർ
വഴിവച്ചാൽ അടുത്ത ലോക്‌സഭാതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ
ത്തിന്റെ നില പരുങ്ങലിലാവും. ഇപ്പോൾതന്നെ കോൺഗ്രസ്
വിരുദ്ധ നയത്തിന്റെ അക്കൗണ്ടിൽ ഒരു ദേശീയ അപ്രസക്തി
അവർ സ്വയം പണിതൊരുക്കിയിട്ടുണ്ട്.

കോൺഗ്രസിന്റെ കാര്യങ്ങളിൽ നിർണായകത്വത്തിന് കുറെക്കൂടി
വൈപുല്യമുണ്ട്. ഉറപ്പുള്ള മണ്ഡലം എന്ന മനോഗതം വെള്ള
ത്തിലായി. ഖദറുകാരന് കാവിയുടുക്കാൻ കാര്യമായ ന്യായമറയൊന്നും
ആവശ്യമില്ലെന്ന് ഉത്തരേന്ത്യയിലെപ്പോലെ ഇവിടെയും
അനുഭവിച്ചറിയുന്നു. ഇക്കുറികൂടി കൈവിട്ടാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ
ബിജെപിയാവും കോൺഗ്രസിന്റെ ചെലവിൽ ഇവി
ടെയും സ്‌കോർ ചെയ്യുക. യുഡിഎഫ് മണ്ഡലം എന്ന ചെങ്ങന്നൂരിന്റെ
പേര് തുടർച്ചയായ തോൽവി വഴി കേരളത്തിലെ മറ്റു മണ്ഡ
ലങ്ങളിലും ദോഷമുണ്ടാക്കാം. വൈകിയെ വേളയിലാണെങ്കിലും
ഒരു പുനരുജ്ജീവനത്തിന് ശ്രമിക്കുന്ന പാർട്ടിക്ക് വീണ്ടുമൊരു
തോൽവി ദുർലക്ഷണമാകും.

രണ്ടു കൊല്ലം മുമ്പ് വായ്ക്കും കരണ്ടിക്കുമിടയിൽ നഷ്ടപ്പെട്ട
കനി. അതാണ് ബിജെപിക്ക് കൊതി പെരുക്കുന്നത്. കണിച്ചുകുളങ്ങര
ദല്ലാൾ ഇടഞ്ഞുനില്പാണെങ്കിലും പ്രതീക്ഷയത്രയും കോൺ
ഗ്രസ് വോട്ടിലാണ്. രാഷ്ട്രീയവ്യക്തിത്വമില്ലാത്ത പൗരാവലിയിൽ
ഖാദി മാറ്റി കാവിയുടുക്കാൻ തയ്യാറാവുന്നവർക്ക് പഞ്ഞമില്ലെന്ന
റിയാം. കേരള കോൺഗ്രസിന്റെ ചിണുക്കം യുഡിഎഫിന് ക്ഷീണമുണ്ടാക്കും.
സ്വയം വില്പനയ്ക്കു വച്ചിരിക്കുന്ന മാണിയെ കയ്യിൽ കിട്ടി
യില്ലെങ്കിലും കോൺഗ്രസിനു കിട്ടാതെ നോക്കിയാൽ മാത്രം മതി.
ജയിച്ചില്ലെങ്കിലും കോൺഗ്രസ് ജയിക്കാതെ നോക്കണം. അതി
ലാണ് ബിജെപിയുടെ ഭാവി.

ഇപ്രകാരം മൂന്നു കക്ഷികൾക്കും അവരവരുടേതായ നിർണായകത്വം
ചെങ്ങന്നൂരിലുണ്ട്. പൗരാവലിക്കോ? ജനങ്ങളാണ്
ചരിത്രം നിർമിക്കുക എന്ന് ജനായത്ത രാഷ്ട്രീയം അവകാശപ്പെ
ടുന്ന പ്രത്യയശാസ്ര്തങ്ങളെല്ലാം പറയും. തളർവാതം പിടിച്ച ജനത
എന്തുതരം ചരിത്രമാണ് നിർമിക്കുക? ശങ്കരനാരായണൻ തമ്പി
ജയിപ്പിച്ച ചെങ്ങന്നൂർ ദേശം ടി ‘അബദ്ധം’ വേഗംതന്നെ തിരുത്തി
യതോർക്കുക. 1957-ലെ ആദ്യമന്ത്രിസഭ നടപ്പാക്കിയ പുരോഗമനാത്മക
നടപടികൾക്ക് സംസ്ഥാനവ്യാപകമായി പ്രതിരോധം
തീർത്തത് ജാതിമതശക്തികൾ. വിദ്യാഭ്യാസ ബില്ലിനെ എതിർത്ത
ഐക്യമുന്നണി നോക്കുക – നായർ, നസ്രാണി, മുസ്ലിം. ചെങ്ങ
ന്നൂിലും ആ മുന്നണിയുടെ കശേരുക്കൾ തന്നെ ഉണർന്നെണീറ്റു.
‘വിമോചന’സമരം അധികാരക്കസേര തട്ടിത്തെറിപ്പിച്ചപ്പോൾ
കൊടി കെട്ടിയ സഖാക്കൾക്കു കിട്ടിയ മാനസികമായ ഒസ്യത്തി
ന്റെ പേര് വിമോചനസമരപ്പേടി. അതിന് അവർ സ്വീകരിച്ച
ചികിത്സയുടെ പേര് – അടവുനയം. അതോടെ കേവലമായ തിരഞ്ഞെടുപ്പുരാഷ്ട്രീയം
മാത്രമായി അവരുടെ രാഷ്ട്രീയപ്രവർത്തനം.

എല്ലാ കർമവും അകർമവും വികർമവും അയ്യഞ്ചുകൊല്ലത്തിലൊരിക്കൽ
വീതം വരുന്ന രണ്ടേ രണ്ടു ദിവസത്തിന്റെ അച്ചുതണ്ടി
ലായി – നിയമസഭാവോട്ടെടുപ്പും ലോക്‌സഭാ വോട്ടെടുപ്പും. വർ
ഗസമരത്തിന്റെ ദീർഘപദ്ധതിക്ക് കരുത്തേകാനുള്ള തത്കാല
സൂത്രം എന്ന നില വിട്ട് അടവായി ശാശ്വത രാഷ്ട്രീയം. വർഗശത്രുക്കളെ
വെല്ലാൻ നിവൃത്തി കാണാത്ത ചുറ്റുവട്ടമായതുകൊണ്ട്
അവർക്കൊപ്പമങ്ങ് ചേരുക. അങ്ങനെ അടവു നയങ്ങൾ വഴി അധി
കാരത്തിലെത്തിയാലോ – ഭരണകൂടമാവുക. അതിന്റെ സാമ്പ്ര
ദായിക പ്രകൃതവിശേഷങ്ങൾ സ്വയം വരിക്കുക. അതിനു പറയുന്ന
ന്യായമോ – ഇതൊരു കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയല്ല, അതുകൊണ്ട്
ഭരണകൂട വ്യവസ്ഥിതിയിൽ ഞങ്ങൾ നിന്നു പെഴയ്ക്കുകയാണ്.
ഭരണവർഗമാവുക എന്നു പരിഭാഷ.

കോൺഗ്രസിനും ബിജെപിക്കും ഇമ്മാതിരി ആശയവൈക്ല
ബ്യങ്ങളില്ല. അധികാരത്തോട് ഒട്ടുന്ന ആൾക്കൂട്ടം മാത്രമായ സെൻ
ട്രിസ്റ്റ് കക്ഷിക്ക് കേവലവ്യത്യാസംപോലും പിടിക്കില്ല. നമ്മൾ ജനങ്ങളല്ലേ,
നമ്മളല്ലേ ഭരിക്കുന്നത് എന്ന ബാലിശ ചിന്തയിലാണ്
ഇഷ്ടന്മാരിന്നും. ഭൂരിപക്ഷമതത്തിനുള്ളതാണ് ഭൂരിപക്ഷാവകാശം
എന്ന ലളിതസാരം ചുമക്കുകയും ഛർദിക്കയും ചെയ്യുന്ന
മറ്റൊരു ബാലകവേഷമാണ് ബിജെപി. അവർക്കുള്ള ഏക മാർഗവിഘ്‌നം
ഭരണഘടനാ ജനാധിപത്യം കല്പിക്കുന്ന ഒരു ഭരണഘടനയാണ്.
പിന്നെ അതനുസരിച്ച് കെട്ടിപ്പൊക്കിയിട്ടുള്ള ഭരണഘടനാസ്ഥാപനങ്ങളും.
അവ ഓരോന്നായി പൊളിച്ചടുക്കാൻ, ഒടുവിൽ
ഭരണഘടനതന്നെ മാറ്റാൻ ഉള്ള അദ്ധ്വാനത്തിലാണിഷ്ടന്മാർ.
അതിനിടെ സാമ്പത്തികസമത്വം, അവസരസമത്വം, മതേതരത്വം
തുടങ്ങിയ അനാമത്തുകൾക്ക് നേരമില്ല. അതൊക്കെ പ്രമേയമാകുന്ന
രാഷ്ട്രീയ സാമ്പത്തികത പാടേ അന്യം, അനാവശ്യം,
അശ്രീകരം. ഖാദിയും കാവിയും തമ്മിൽ സാമ്പത്തികനയത്തിൽ
വ്യത്യാസമില്ലാതെ പോയത് വെറുതെയല്ല. അതിലൊരു രാഷ്ട്രീയ
മായ ജനിതകസാമ്യമുണ്ട്. ഇത്തരം രാഷ്ട്രീയചിന്തയ്‌ക്കൊന്നും
ചെങ്ങന്നൂരിൽ കാലിഞ്ച് ഇടമില്ല. അതിന്റെ കാരണവും
ഒട്ടൊക്കെ ജനിതകംതന്നെ.

സ്വാർത്ഥപൂരിതമായ മനുഷ്യപ്രകൃതിക്ക് ഏറ്റവും അനുരൂപമായ
വ്യവസ്ഥിതിയും പ്രത്യയശാസ്ര്തവും മുതലാളിത്തമാണ്.
നമ്മുടെ സൂപ്പർസ്റ്റാർ പടങ്ങൾ പോലെ, മനോരമപ്പത്രം പോലെ,
കോൺക്രീറ്റ് വീട് പോലെ, അതിനിടുന്ന രാജസ്ഥാൻ ടൈൽ
പോലെ, പൊറോട്ടയും തട്ടുദോശയും പോലെ, കേവല സാധാരണത്വം
നിഷ്പ്രയാസം പേറുന്ന പൊതുബോധമാണത്. മരം വെട്ടാനുള്ളതാണ്,
തരിശ് നികത്താനുള്ളതാണ്, മാലിന്യം എറിയാനുള്ളതാണ്,
പെണ്ണ് ചരക്കാണ്, ജീവിതം കാശുണ്ടാക്കാനുള്ളതാണ്,
സർവോപരി ഞാൻ എനിക്കും എന്റേതിനും മാത്രമുള്ളതാണ്. മൃഗഭാവനകളിൽ
നിന്നും തജ്ജന്യമായ തൃഷ്ണകളിൽ നിന്നും പറയത്തക്ക
വികാസമൊന്നുമില്ലാത്ത ഈ ഭോഗ, ഉപഭോഗ
യുക്തിക്ക് കൃത്യമായി നിരക്കുന്ന തത്വശാസ്ര്തമാണ് മുതലാളിത്തം.
അതിൽനിന്നുയരാനുള്ള ശേഷി മനുഷ്യനുണ്ട്. അത് മനുഷ്യാവശ്യങ്ങളുടെ
മേൽത്തരം പടികളിൽ പ്രവേശിക്കുമ്പോള മാത്രം ഉണരുന്ന
ശേഷിയും ഭാവനയുമാണ്. പരിത്യാഗം, കരുണ, സമഭാവന,
മിതത്വം തുടങ്ങിയ വിവേകങ്ങളുടെ തലം പക്ഷെ വ്യക്തിജീ
വിതത്തിൽ അസ്വസ്ഥതകളുണ്ടാക്കും. പച്ചയ്ക്കു പറഞ്ഞാൽ, മേല്പ
റഞ്ഞ നൈസർഗികത കംഫർട് സോണിൽ നിന്ന് പുറത്തിറക്കും.
ജന്തുസൗഖ്യത്തിന്റെ ഉറക്കറ വിട്ടിറങ്ങാൻ ഭൂരിപക്ഷം മനുഷ്യ
ർക്കും താത്പര്യമില്ല. ഈ സൗഖ്യത്തിന്റെ ചേരുവകളാണ് ഇന്ന്
ഏറ്റവുമധികം ഉച്ചരിക്കപ്പെടുന്ന വായ്ത്താരിയുടെ അക്ഷരക്കൂട്ട്
– വികസനം. അതിന്റെ അന്തരീക്ഷമൊരുക്കലും നിവർത്തിക്കലും
അനായാസം നിർവഹിച്ചുകൊടുക്കുന്നു, മുതലാളിത്തം. കമ്പോളമാണതിന്റെ
ഉപാധി. ഇന്നലെ ആഡംബരമായി വന്ന് ഇന്ന്
അത്യാവശ്യമായി മാറുന്ന ചരക്കുകളുടെ ആന്ദോളനത്തിൽ
പൗരൻ മയക്കുവെടിയേറ്റ മൃഗമായി കുഴഞ്ഞാടുന്നു. കമ്പോളം
ചൂഷകനും പൗരൻ ചൂഷിതനുമായ വ്യവസ്ഥിതിയിൽ അടിമയുടെ
വിമ്മിട്ടങ്ങൾക്കുള്ള സേഫ്റ്റി വാൽവായി ജാതിമതങ്ങൾ നിൽക്കുന്നു.
അവ സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായ കുടുംബത്തി
ന്മേൽ അതാതിന്റെ പുലർച്ചയ്ക്കു വേണ്ടുന്ന കാൽത്തളകളിടുന്നു.
ഓർക്കുക, ഒരൊറ്റ മതമോ ജാതിയോ മേല്പറഞ്ഞ കമ്പോളദൈവത്തെ
എതിർക്കുന്നില്ല. അതുകൊണ്ടുതന്നെ, സ്വന്തം നിലയ്ക്ക്
ചങ്ങല പൊട്ടിക്കാൻ ഒരടിമയും ഇക്കൂട്ടത്തിൽനിന്ന് തുനിയാറുമി
ല്ല. കൂടുതൽ കൂടുതൽ അവനവനിലേക്ക് ചുരുങ്ങിപ്പാർക്കാൻ
വേണ്ടുന്ന യന്ത്രോപാധിക്ക് കമ്പോളവും, തത്വോപാദികൾ
മതവും ചൊരിയുമ്പോൾ പൗരനെ സംബന്ധിച്ച് ‘പൊതു’ എന്നൊന്നില്ലാതാവുന്നു.
സമഷ്ടിബോധം ഉപന്യാസക്കസർത്തിനുള്ള
വാക്യപ്രയോഗത്തിലും മനുഷ്യത്വം കണ്ണീർപ്പടം കാണുമ്പോൾ
നനയ്ക്കാനുള്ള മിഴിനീരിലും ഒതുങ്ങുന്നു. മനുഷ്യൻ അവനിൽനിന്നുതന്നെ
വരിച്ച ഈ അന്യവത്കരണത്തോട് മല്ലടിച്ചു നേടിയ ചരി
ത്രവിജയങ്ങൾ ചേർന്നാണ് ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചതുതന്നെ
– പോയ ഒന്നര നൂറ്റാണ്ടിൽ സ്വാതന്ത്ര്യപ്രസ്ഥാനവും മതനവീകരണശ്രമങ്ങളും
പുരോഗമനപ്രസ്ഥാനങ്ങളും നടത്തിയ
സംഘർഷങ്ങൾ. എന്നാൽ അവയുടെ യുക്തിസഹമായ അനന്ത
രഘട്ടങ്ങളുണ്ടായില്ല. ജാഡ്യത്തിന്റെയും മൗഢ്യത്തിന്റെയും തുടർദശകങ്ങൾ
വഴിവെട്ടിയത് പടിയടച്ച് പുറത്താക്കിയ മാമൂലുകളുടെയും
മാരണങ്ങളുടെയും തിരിച്ചുവരവിനാണ്. ഇന്ന് 21-ാം നൂറ്റാണ്ടിന്റെ
രണ്ടാംദശകത്തിൽ പുതിയ സ്വാതന്ത്ര്യസമരങ്ങളുടെ ചെറുചുവടുകൾ
വച്ചുതുടങ്ങാൻ കേരളം നിർബന്ധിതമായിരിക്കുന്നു.
അച്ചുകുത്ത് തൊട്ട് പുഴ വീണ്ടെടുക്കൽ വരെ. സ്ര്തീസമത്വം തൊട്ട്
ഭിന്നലൈംഗികതവരെ.

ഈ പുതിയ സംഘർഷഭൂമികയിൽ നിന്ന് സ്വയം അന്യവത്കരിച്ചു
കഴിയുകയാണ് ചെങ്ങന്നൂർ എന്നു പറഞ്ഞാൽ അന്യനാട്ടുകാർ
അത്ഭുതം കൂറും. ഗൃഹാതുരത്വം താലോലിക്കുന്ന ചെങ്ങ
ന്നൂർ സ്വദേശികൾക്ക് ചൊറിയും. മയക്കുവെടികളുടെ ആന്ദോളനത്തിൽ
ആത്മാരാമത്വം വരിച്ച നാടിന്റെ ഒരു ലേറ്റസ്റ്റ് ചെയ്തി
മാത്രം പറയാം. ചെങ്ങന്നൂർ പട്ടണത്തിന്റെ ഹൃദയമായി വരുന്ന
പഴയൊരു വയൽപ്രദേശമുണ്ട് – പെരുങ്കുളം. 85 ഏക്കറിൽ നെൽ
പ്പാടവും പമ്പയാറിനോട് ഘടിപ്പിച്ച ഒരു വലിയ നീർച്ചാലും. തരിശ്
എനന്ന പേരർ പറഞ്ഞ് നഗരസഭ ഇതേറ്റെടുത്തു. ചാലു
നികത്തി സ്റ്റേഡിയം കെട്ടി. മാലിന്യം സംഭരിക്കാനുള്ള വിശാലപാടമാക്കി.
പുഴയിൽ നിന്ന് പാടത്തേക്ക് നീരെത്തിച്ച ചാലു വന്ന
പ്രദേശമെല്ലാം കയ്യേറി വീട് കെട്ടി. അങ്ങനെ നികത്തിയ ഒരു വയൽക്കോണിലാണ്
വിപ്ലവസഖാക്കളുടെ പാർട്ടിയാപ്പീസ്. അതിന്റെ
അസ്ഥിവശമായ തൂണുകൾ അതേ വയലിലെ മണ്ണിട്ടു മറച്ചു.
നെൽവയൽ-നീർത്തടം സംരക്ഷണ നിയമം കൊണ്ടുവന്നവരുടെ
തദ്ദേശീയലൈൻ. പമ്പാനദിയുടെ സമാന്തര ജലസംഭരണ
സംവിധാനത്തെയാണ് മാലിന്യകേന്ദ്രവും മൈതാനവുമായി ഒരു
നഗരസഭതന്നെ മാറ്റിയെടുത്തത്. വലുതെങ്കിലും സമാനമായ
ജലസംവിധാനമാണ് ആറന്മുളയിൽ വിമാനക്കമ്പനി കയ്യടക്കി
യതും അന്നാട്ടുകാർ സംഘടിച്ച് ആ കൊലച്ചതി തിരുത്തിച്ചതും.
അന്നും ചെങ്ങന്നൂർക്കാർ സ്വന്തം പ്രകൃതത്തോടു നീതി പുലർത്തി
– അവർ വിമാനത്താവളപക്ഷത്തായിരുന്നു. കാരണം, 10 കിലോമീറ്ററടുത്ത്
വിമാനമിറങ്ങാൻ പറ്റുമല്ലോ! 250 ഏക്കർ ഒന്നിച്ചുകിടപ്പുണ്ടായിരുന്നെങ്കിൽ
കെജിഎസ് കമ്പനിയെ ചെങ്ങന്നൂർക്ക്
ക്ഷണിച്ചേനേ. പാരിസ്ഥിതികാവബോധത്തിന്റെ ഈ നിലവാരത്തിന്മേൽ
ക്രിക്കറ്റ് സ്റ്റേഡിയമുണ്ടാക്കാൻ യത്‌നിച്ച ഭഗീരഥന്റെ
പേരാണ് വിഷ്ണുനാഥ്. അതിനപ്പുറം പലതും അവിടെ
കൊയ്യാൻ കൊതിച്ച ദേഹിയാണ് ശോഭന. ഈ സൈസ് വിത്തി
നങ്ങൾക്കു പറ്റിയ മണ്ണായി ഒരു ദേശം തീർന്നതിൽ അതിശയമുണ്ടോ?
യഥാ പ്രജ, തഥാ രാജ.

സിവിൽ സൊസൈറ്റി എന്ന അർത്ഥത്തിൽ ഒരു പൊതുസമൂഹം
ചെങ്ങന്നൂരിനില്ല. അക്കാര്യത്തിൽ മധ്യവർഗകേരളത്തിന്റെ
ലക്ഷണമൊത്ത മിനിയേച്ചർതന്നെ. ഈ വർഗം പുറത്തേക്ക്
വിക്ഷേപിക്കുന്ന ഒരു നാട്യമുണ്ട് – തങ്ങൾ പൊതുജനവും
അതിന്റെ നാവുമാണെന്ന്. മധ്യവർഗകിരീടം വയ്ക്കുന്ന ഒരു സമൂഹത്തിനും
വാസ്തവത്തിൽ ജനതയെ പ്രതിനിധാനം ചെയ്യുന്ന ഒരു
‘പൊതു’ ഇല്ല. 20-ാം നൂറ്റാണ്ടിൽ കേരളത്തിലുണ്ടായ നവോത്ഥാന
പ്രസ്ഥാനങ്ങളുടെ പൈതൃകം അവകാശപ്പെടുന്ന ഒരു
ക്രിമിലെയർ ഈ മധ്യവർഗത്തിനുണ്ട്. സാധാരണ ജനങ്ങളോടുള്ള
ബന്ധമറ്റ് ഒരധീശരാഷ്ട്രീയക്കൂട്ടമായി അവർ അധികാരം പങ്കി
ടുന്നു. ഉദാഹരണത്തിന് ചെങ്ങന്നൂരിലെ എസ്എൻഡിപി. കഴി
ഞ്ഞകുറി ബിഡിജെഎസ് എന്ന ലേബലിൽ അവർ ബിജെപിക്ക്
വോട്ടു മറിച്ചു. ഇന്ന് അതേ ബിജെപിയെ ഭീഷണിപ്പെടുത്തുന്നു –
സ്ഥാനമൊന്നും കിട്ടിയില്ലെന്ന പേരിൽ ഒരു മകനും, മൈക്രോ
ഫിനാൻസ് തട്ടിപ്പു കേസിൽ നിന്നൂരാൻ ഒരച്ഛനും. ഫലത്തിൽ,
അവരുടെ കുടുംബസ്വത്തായി ശ്രീനാരായണീയപ്രസ്ഥാനം, ആ
വിധിയുടെ ചുമട്ടുകാരായി ചെങ്ങന്നൂരെ ഈഴവർ.

തൊഴിലാളിവർഗത്തെ നോക്കുക, കർഷകത്തൊഴിലാളികൾ
4021. പാർശ്വത്തൊഴിലുകാർ 19,240. ലുട്ടുലൊടുക്കു കച്ചോടത്തൊഴിലുമായി
1399. രജിസ്റ്റർ ചെയ്ത തൊഴിൽരഹിതർ 1.36 ലക്ഷം.
ഇതിൽ സിഐടിയു തൊട്ട് ബിഎംഎസ് വരെയുണ്ട്. സാമൂഹിക
വികാസത്തിന്റെ അടിത്തറവർഗം എന്ന റോളിൽ നിന്ന് ഈ
തൊഴിലാളികൾ മാറിക്കഴിഞ്ഞിട്ട് കാലമേറെയായി. പകരം ഏത്
പണിക്കുമിപ്പോൾ ബംഗാളിൽ നിന്ന് ആളിറക്കണം. ആ റിക്രൂട്ട്
മെന്റിന്മേല യാതെരു പ്രത്യയശാസ്ര്തത്തർക്കവുമില്ല. ചെങ്ങന്നൂർ
റെയിൽവെസ്റ്റേഷനു തെക്കുള്ള ഓവർബ്രിഡ്ജിനു കീഴിൽ എന്നും
കാലത്തെ അവർ കൂട്ടമായി നിൽക്കും. കുറഞ്ഞ കൂലിക്ക്
ആർക്കും വന്ന് വിളിച്ചോണ്ടുപോകാം. നാട്ടിലെ പ്രഖ്യാപിത
തൊഴിലാളിക്ക് ഒരു ദിവസം എന്നാൽ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് അവസാനിക്കുന്ന
പ്രതിഭാസം. ഒരു പൂർണദിവസത്തെ കൂലിയും
വാങ്ങി നേരെ യഥാർത്ഥ സോഷ്യലിസം പുലരുന്ന ഒരേയൊരു
പൊതുസ്ഥലത്തേക്ക് – ഷാപ്പ്. ഇങ്ങനെ ഓരോ തൊഴിൽമേഖലയ്ക്കും
ആത്മഹത്യ ചെയ്യാനുള്ള സൗകര്യമൊരുക്കി എന്നതാണ്
സമരചരിത്രം ഒസ്യത്താക്കിയ ട്രേഡ് യൂണിയനുകളുടെ പുതിയ
ചരിത്രസംഭാവന. അതിന്റെ അടുത്ത പടിയായി ‘പാലിയേറ്റീവ്
കെയർ’ എന്ന മേഖലയാണ് ചെങ്ങന്നൂരിൽ വർഗസമരപ്രസ്ഥാനത്തിന്റെ
കാലികവേദി. രോഗികളാക്കപ്പെട്ട ഒരു സമൂഹത്തിന്റെ
സാർത്ഥകമായ അന്ത്യകൂദാശപ്പണി.

തിരഞ്ഞെടുപ്പുരാഷ്ട്രീയം ഉപജീവനമാക്കിയ രാഷ്ട്രീയകക്ഷികൾക്ക്
ചെങ്ങന്നൂർ ‘നിർണായക’മാവുമ്പോൾ അവർ ഘോഷി
ക്കുന്ന ഇതേ ‘നിർണായകത്വ’മാണ് ചെങ്ങന്നൂരിൽ തളർവാതത്തിന്
മൂലകാരണം എന്ന് ചെങ്ങന്നൂർ തിരിച്ചറിയുന്നില്ല. കാരണം,
ജീവിതത്തിൽ നിന്ന് അന്യമായ രാഷ്ട്രീയം അസംബന്ധവും
രാഷ്ട്രീയത്തിൽ നിന്ന് അന്യമായ ജീവിതം മൃഗതുല്യവുമാണെനന്ന്
അവർക്കിപ്പോഴും വേണ്ടത്ര പിടിയില്ല.