സൗന്ദര്യവും സമരവുമാകുന്ന കവിതകൾ

രാജേഷ് ചിറപ്പാട്

ഒന്ന്

കവിത അത് എഴുതപ്പെടുന്ന വർത്തമാനകാലത്തിൽ നിന്ന്
ഭാവിയിലേക്കും ഭൂതകാലത്തേക്കും സഞ്ചരിക്കും. അതുകൊണ്ടുതന്നെ
പ്രവാചകത്വത്തിന്റെയും ചരിത്രത്തിന്റെയും അടയാളങ്ങൾ
ഓരോ കവിതയിലും പതിഞ്ഞുകിടക്കുന്നുണ്ട്. അത് കണ്ടെത്തുക
എന്നതാണ് പ്രധാനം. സച്ചിദാനന്ദൻ എഴുതിയ നടക്കൂ നടക്കൂ
എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ്, 2018 മാർച്ച് 12) ഈ വിധം
സമീപസ്ഥമായ ഒരു സംഭവത്തിന്റെ പ്രവാചകത്വത്തെ അനുഭവി
പ്പിക്കുന്നതായിരുന്നു. അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വ
ത്തിൽ മഹാരാഷ്ട്രയിൽ നടത്തിയ കർഷകരുടെ ലോംഗ് മാർച്ചായിരുന്നു
അത്. മാർച്ച് 6ന് ആരംഭിച്ച ലോംഗ് മാർച്ച് 12ന് മുംബെയിൽ
വിധാൻ ഭവനിൽ അവസാനിക്കുമ്പോൾ കർഷകർ ഉയർ
ത്തിയ മുഴുവൻ ആവശ്യങ്ങളും ഗവൺമെന്റിന് അംഗീകരിച്ചുകൊടുക്കേണ്ടിവന്നു.
സ്ത്രീകളുൾപ്പെടെ ലക്ഷക്കണക്കിന് കർഷകരാണ്
ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തത്. ഏതാണ്ട് ഇതേ സമയത്തുതന്നെയാണ്
സച്ചിദാനന്ദന്റെ നടക്കൂ നടക്കൂ എന്ന കവിത
പ്രസിദ്ധീകരിക്കപ്പെടുന്നത്. ചരിത്രപരമായ ഈ സംഭവത്തിനുശേഷം
രചിക്കപ്പെട്ട ഒരു കവിതയല്ല ഇത്. കർഷകപ്രക്ഷോഭം നടക്കുമ്പോൾ
ബോധപൂർവം അതിനുവേണ്ടി രചിക്കപ്പെട്ട കവിതയായും
ഇതിനെ കാണാനാവില്ല. പക്ഷേ സച്ചിദാനന്ദന്റെ ഈ കവി
ത പ്രവചനാത്മകസ്വഭാവത്തോടെ മാർച്ച് 6 മുതൽ ആഴ്ചപ്പതി
പ്പിന്റെ ലക്കവും സമരവും അവസാനിക്കുന്ന മാർച്ച് 12 വരെ കർ
ഷകരുടെ ഒപ്പം നടന്നു.

”നടക്കൂ… നടക്കൂ ഒപ്പം നടക്കൂ
ഉത്തരം കിട്ടാത്ത
ചോദ്യങ്ങൾക്കൊപ്പം നടക്കൂ
മേൽക്കൂരയില്ലാത്ത
പാട്ടിനൊപ്പം നടക്കൂ”

കവിത തുടങ്ങുന്നതിങ്ങനെയാണ്. കർഷകമാർച്ചിന്റെ ആവേശോജ്ജ്വലമായ
വാർത്തകൾ സോഷ്യൽ മീഡിയയിലൂടെയും പി
ന്നീട് ദൃശ്യമാധ്യമങ്ങളിലൂടെയും വന്നുകൊണ്ടിരിക്കുമ്പോഴാണ്
ഈ കവിത മലയാളഭാഷയിൽ ഈ വിധം നടക്കാൻ തുടങ്ങുന്ന
ത്. അരികുവത്കരിക്കപ്പെടുകയും ഇരവത്കരിക്കപ്പെടുകയും ചെ
യ്യുന്ന മണ്ണിനോടും മനുഷ്യരോടും പ്രകൃതിയോടും ഭാഷയോടുമാണ്
ഈ കവിത ഐക്യപ്പെടുന്നത്. നിരോധിക്കപ്പെട്ട കവിതയുടെ
വ്യഞ്ജനങ്ങൾക്കൊപ്പം, വെട്ടിവീഴ്ത്തിയ മരത്തിന്റെ ഒടുവിലത്തെ
ഇലയ്‌ക്കൊപ്പം നടക്കുവാനാണ് കവി നമ്മോട് പറയുന്നത്.
നടപ്പ് ചലനാത്മകമാണ്. ഒരിടത്തുനിന്നോ ഒരനുഭവത്തിൽ
നിന്നുമോ ഉള്ള മുന്നോട്ടുള്ള പ്രയാണമാണത്. ‘നിന്നാൽ മറിഞ്ഞുവീഴുമെന്നും
നിൽക്കാതെ നടക്കൂ’ എന്നും കവി പറയുന്നുമുണ്ട്.
ദണ്ഡിയിലേക്ക് നടക്കുന്ന ഗാന്ധിയെപ്പോലെ, കൊട്ടാരം വിട്ടിറങ്ങിയ
ബുദ്ധനെപ്പോലെ തിരിഞ്ഞുനോക്കാതെ മുന്നോട്ട് നടക്കാനാണ്
കവി ആഹ്വാനം ചെയ്യുന്നത്.

ഇത്തരം നടപ്പാണ് നമ്മൾ കർഷകരുടെ കാലടികളിൽ കണ്ട
ത്. ഒരാഴ്ചയോളം അവർ നടന്നു. അതിനിടയിൽ അവരുടെ പാദങ്ങൾ
വിണ്ടുകീറി, പൊള്ളിയടർന്നു. എന്നിട്ടും കവിതയിലെപ്പോലെ
നിൽക്കാതെ അവർ നടന്നുകൊണ്ടേയിരുന്നു. അവരുടെ പാദങ്ങളിൽ
നിന്നു വീണ രക്തം സൂര്യതാപമേറ്റ് തിളങ്ങി. കവി എഴുതിയതുപോലെ,
‘വാക്കിനും അർത്ഥത്തിനുമിടയിലെ അഗ്നിയി
ലൂടെ’യാണവർ നടന്നത്. ‘സൂര്യന്റെ സ്വപ്‌നങ്ങൾക്കൊപ്പം ചുവപ്പണി’ഞ്ഞാണവർ
നടന്നത്.

കവിതയിൽ സച്ചിദാനന്ദൻ നടത്തുന്ന ഇത്തരം ഇടപെടലുകൾ
ഏതൊരു ഇന്ത്യൻ കവിയെയും അത്ഭുതപ്പെടുത്തുന്നതാണ്.
ആദരവോടെയും സമരോത്സുകമായ മനസ്സോടെയും മാത്രമേ ഈ
കവിയുടെ കവിതയിലേക്ക് നമുക്ക് പ്രവേശിക്കാനാവൂ. പൂവുകളെപ്പോലെ
തോന്നുന്ന അഗ്നിയാണ് സച്ചിദാനന്ദൻകവിതയിലെ
വാക്കുകൾ. അത് ഒരേസമയം സൗന്ദര്യവും സമരവുമാണ്. ‘മരണത്തിൽ
നിന്ന് ജീവിതത്തിലേക്ക് നിറങ്ങളുമായി’ നടക്കാൻ അത്
നമ്മെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും.

രണ്ട്

1892ൽ പോത്തേരി കുഞ്ഞമ്പു രചിച്ച സരസ്വതീവിജയം എന്ന
നോവൽ മലയാള സാഹിത്യത്തിൽ സവിശേഷമായ ചില ഇടങ്ങളെ
തെളിച്ചപ്പെടുത്തിയിട്ടുണ്ട്. സാമ്പ്രദായിക സാഹിത്യം സരസ്വതീവിജയത്തെ
അവഗണിച്ചിരുന്നു. എന്നാൽ സമകാലികമായ
വായനകളിലൂടെയും അതിനെ അംവലംബിച്ചുകൊണ്ടുള്ള വ്യ
ത്യസ്തമായ എഴുത്തുകളിലൂടെയും ആ കൃതി ഉയർത്തിയ സാമൂഹ്യ
വിഷയം ചർച്ചചെയ്യപ്പെടുന്നുണ്ട്. പി.കെ. വേലായുധൻ എഴുതിയ
‘പുലയൻ മരത്തൻ വീണ്ടും പാടുന്നു’ എന്ന കവിത (മാധ്യമം
ആഴ്ചപ്പതിപ്പ്, 2018 മാർച്ച് 26) ഇത്തരത്തിലൊന്നാണ്. പുലയൻ
മരത്തൻ എന്നത് സരസ്വതീവിജയത്തിലെ കഥാപാത്രമാണ്.
കൊളോണിയൽ ആധുനികതയും നവോത്ഥാനമുന്നേറ്റങ്ങ
ളും ദലിത് ജനതയിലുണ്ടാക്കിയ സാമൂഹികവും സാംസ്‌കാരികവുമായ
ഉണർവുകളെയാണ് സരസ്വതീവിജയം എന്ന നോവൽ
അഭിവാദ്യം ചെയ്യുന്നത്. ഒപ്പം ബ്രാഹ്മണിസത്തിന്റെ അപരിഷ്‌കൃതമായ
വ്യവാഹരങ്ങളെ പരിഹസിക്കുകയും ചെയ്യുന്നു. നോവലി
ലെ കുബേരൻ നമ്പൂതിരി എന്ന കഥാപാത്രം ഇത്തരം അപരിഷ്‌കൃതത്തിന്റെ
അടയാളമാണ്. പി.കെ. വേലായുധൻ തന്റെ കവിതയിൽ
പുലയൻ മരത്തൻ, കുബേരൻ നമ്പൂതിരി എന്നീ കഥാപാത്രങ്ങളെയോ
അതിന്റെ തുടർച്ചകളെയോ പുതിയ സാമൂഹ്യസന്ദർഭങ്ങളിൽ
പ്രതിഷ്ഠിക്കുകയാണ്.

”വയൽച്ചേറ്റിൽ ചവിട്ടിത്തള്ളിയ
പെലക്ടാത്തൻ
കോട്ടും സൂട്ടുമിട്ട്
സെക്രട്ടേറിയറ്റിനു മുന്നിൽ
പരിഷ്‌കൃതഭാഷയിൽ
പാടുന്നതുകണ്ട്
തല ചൊറിയുന്നു
കുബേരൻ നമ്പൂതിരിയുടെ
മുഖമുള്ള
പഴഞ്ചൻ തണൽമരങ്ങൾ”

ദലിത് സമൂഹം ആർജിച്ചെടുത്ത സാമൂഹിക വിഭവങ്ങളെയും
കർതൃത്വപരമായ ഇടപെടലുകളെയും അസഹിഷ്ണുതയോടെ
കാണുന്ന ആധുനിക സവർണബോധ്യത്തെ കളിയാക്കുകയാണ്
കവി. കുബേരൻ നമ്പൂതിരിയുടെ ബോധ്യങ്ങളിൽ ഇന്നും ജീവി
ക്കുന്ന പഴകി ജീർണിച്ച തണൽമരങ്ങൾ എന്നത് ഒട്ടും ചലനാത്മ
കതയില്ലാത്ത വരേണ്യബോധ്യത്തിന്റെ പ്രതീകങ്ങളാണ്. പഴകി
ജീർണിച്ച മരങ്ങൾ ഏതുനിമിഷവും നിലംപൊത്താം. ഈ വിധം
നിലംപൊത്താറായ പഴഞ്ചൻ മരങ്ങളിൽ ആരും തണലേൽക്കാൻ
ഒടടപപട അയറധഫ 2018 ഛടളളണറ 07 2
നിൽക്കില്ല എന്നൊരു സൂചനയും ഇതിൽ ഉള്ളടങ്ങിയിട്ടുണ്ട്.
വേലായുധന്റെ കവിതയിൽ ചരിത്രം വർത്തമാനത്തിൽ ഇടപെടുകയാണ്.
ചരിത്രത്തിന്റെ വിരസമായ ആവിഷ്‌കാരങ്ങളിലൂടെയല്ല
ഇത് സാധ്യമാവുന്നത്. പ്രജാസഭയിൽ തലയുയർത്തിനി
ന്ന അയ്യൻകാളിയും ദൈവത്താനും കവിതയിൽ പാട്ടായി നിറയുന്നു.
ഈ പാട്ടുകൾ ഗൃഹാതുരതയുടെയോ ഫോക് സംഗീതത്തി
ന്റെയോ പിന്നാലെ പായുന്നില്ല. പാശ്ചാത്യ ആധുനികീകരണം
സാധ്യമാക്കിയ ദലിത് ജീവിതത്തെ ധീരമായി ഉയർത്തിപ്പിടിക്കുന്നു
എന്നിടത്താണ് ഈ കവിത സവിശേഷമായ വായനാനുഭവമായി
മാറുന്നത്.

മൂന്ന്

കവിതയുടെ സൗന്ദര്യശാസ്ത്രമായ പൊതുബോധം വരേണ്യ
മാണ്. ഈവിധം കവിതയുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന
കവിതയാണ് ശാന്തിയുടെ പേടി (ഭാഷാപോഷിണി ഫെബ്രുവരി
2018). സ്ത്രീയനുഭവങ്ങളുടെ സൂക്ഷ്മവും ആന്തരികവുമായ
സംഘർഷങ്ങളെയാണ് ‘പേടി’ ആവിഷ്‌കരിക്കുന്നത്.

”വടക്കേമുറ്റത്തഴയിൽ
അലക്കി വിരിച്ച സാരി
ഇളംകാറ്റത്തിടയ്‌ക്കെല്ലാം
ഇളകിയാടും
അതുകണ്ടാലെനിക്കാകെ
വിറയലാകും”

സ്ത്രീയുടെ വസ്ത്രം സ്ത്രീയുടെ തടവറകളിലൊന്നാണ്. അസ്വാതന്ത്ര്യത്തിന്റെ
നൂലിഴകൾകൊണ്ടാണ് സ്ത്രീവസ്ത്രങ്ങൾ നെയ്യപ്പെടുന്നത്.
കവിയുടെ പേടി ഈ വസ്ത്രത്തിന്റെ അസ്വാതന്ത്ര്യ
ത്തെക്കുറിച്ചല്ല. എല്ലാ അഴുക്കുകളും വന്നടിയുന്ന ഒരു ഉടുപ്പാണ്
ഈ ഉടലെന്ന് എഴുത്തച്ഛൻ എഴുതിയതിനെ കവി ഓർമിക്കുന്നു.
ജഡശരീരത്തെ പൊതിയുന്ന വസ്ത്രവും കാറ്റിൽ അനങ്ങുന്നുണ്ട്.
ശരീരത്തെയും വസ്ത്രത്തെയും ഒന്നായി കാണുന്ന ഭയമാണ് കവി
ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നത്. ശരീരത്തെ വസ്ത്രത്തിൽ
നിന്ന് വേർപെടുത്തുകയും ജീവനുള്ളതോ മരിച്ചതോ ആയ ശരീ
രത്തെ പൊതിയുന്ന വസ്ത്രത്തെ ചരിത്രനിരപേക്ഷമായി അടയാളപ്പെടുത്തുകയുമാണ്
കവി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള
സ്ത്രീയുടെ സ്വാതന്ത്ര്യ വാഞ്ചയെ നിരാകരിച്ചുകൊണ്ട് ഭയത്തി
ന്റെ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടാനാണ് കവിക്ക് താത്പര്യം. മാറ്
മറയ്ക്കാൻ സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത് മാറുമറയ്ക്കുന്ന
ത് വിപ്ലവ നവോത്ഥാനപ്രയോഗമാവുന്നതുപോലെ എല്ലാം പൊതിഞ്ഞുകെട്ടിസൂക്ഷിക്കണമെന്ന
മത-പുരഷാധികാര കല്പ
നയ്‌ക്കെതിരായി മാറ് തുറക്കുന്നതും പുതിയ കാലത്ത് വിപ്ലവ-നവോത്ഥാന
സമരമായി കാണേണ്ടതുണ്ട്. വിളക്കിന്റെ വെളിച്ച
ത്തിൽ ഒഴുക്കോടെ രാമായണം വായിക്കുന്ന എഴുത്തച്ഛനും വെളി
ച്ചെണ്ണ മണക്കുന്ന മലയാളവും കവിതയെ നവോത്ഥാനപൂർവ
കാലത്തിന്റെ അടയാളങ്ങളാണ്. ഇത്തരത്തിൽ കവിതയുടെ പൊതുബോധത്തെ
നിർണയിക്കുന്ന ഫ്യൂഡൽ സൗന്ദര്യശാസ്ത്രബിംബങ്ങളെ
പുണർന്നുകൊണ്ടാണ് ശാന്തി തന്റെ പേടിയെ ആവിഷ്‌കരിക്കുന്നത്.
ആത്മാവ്/ ശരീരം എന്നിങ്ങനെയുള്ള വിപരീ
തങ്ങളോ ദ്വന്ദങ്ങളോ ആയാണ് വസ്ത്രവും ഉടലും കവിതയിൽ
പരിചരിക്കപ്പെടുന്നത്. അതുകൊണ്ടാണ് ശരീരം മരിച്ചിട്ടും അതി
നെ മൂടിയ വസ്ത്രം അനങ്ങുന്നതിനെക്കുറിച്ച് കവി പറയുന്നത്.
ആത്മാവ് ചലനാത്മകവും നിഗൂഢവുമാണ്. ശരീരം ജഡാവസ്ഥ
യിലുള്ള ഒരു ഭൗതികസാന്നിധ്യമാണ്. യഥാർത്ഥത്തിൽ ഭൗതികതയും
ആത്മീയതയും തലതിരിഞ്ഞ വിപരീതങ്ങളായി കവിതയിൽ
പ്രത്യക്ഷമാവുന്നു. ശരീരം, ആത്മാവ് എന്നിവയ്ക്ക് ഒരാശയമണ്ഡ
ലത്തിൽ വൈരുദ്ധ്യാധിഷ്ഠിത ബന്ധങ്ങളുണ്ടെന്ന യാഥാർത്ഥ്യ
ത്തെ കവി നിരാകരിക്കുകയാണിവിടെ. അഴിച്ചിട്ട തുണിയെല്ലാം
ജലം തേടിപ്പോകുന്നതായി കവി പറയുന്നു. ഉടലിൽ നിന്ന് വേർ
പെട്ടുപോകുന്ന ആത്മാവിനു സമമായി കവി വസ്ത്രത്തെ കാണുന്നതുകൊണ്ടാണ്
ഇങ്ങനെ എഴുതേണ്ടിവരുന്നത്.

”വലംകൈയ്യാൽ മുലക്കണ്ണും
ഇടംകൈയ്യാൽ അരക്കെട്ടും
മറച്ചു ഞാൻ ഉടുപ്പില്ലാ-
തിരുട്ടിൽ നിൽക്കും”

എന്നിങ്ങനെ കവിത തീരുമ്പോൾ ശരീരത്തെ ജഡസമാനമായ
(കർതൃത്വമില്ലാത്ത) ഒന്നായി അടയാളപ്പെടുത്തുകയാണ് കവി.
വസ്ത്രവും സ്ത്രീശരീരവും തമ്മിലുള്ള വർഗ-സ്വത്വ സംഘർഷങ്ങളെ
റദ്ദുചെയ്തുകൊണ്ട് ഭയത്തെ കാല്പനികവത്കരിക്കാനുള്ള
ശ്രമമാണിത്.