ഇന്ത്യന്‍ പ്രാദേശിക ഭാഷകളുടെ ദേശീയോത്സവം: എല്‍.ഐ.സി. ഗേറ്റ്‌വേ ലിറ്റ്‌ഫെസ്റ്റ് 2016 സമാപിച്ചു

സ്വന്തം ലേഖകന്‍

ബഹുസ്വരമായ ഇന്ത്യന്‍ പ്രാദേശിക ഭാഷയിലെ എഴുത്തുകാരുടേയും സാഹിത്യാസ്വാദകരുടേയും സംഗമോത്സവമായ മുംബൈ എല്‍.ഐ.സി. ഗേറ്റ്‌വേ ലിറ്റ്‌ഫെസ്റ്റ് സമാപിച്ചു. മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ ത്രൈമാസികയായ ‘കാക്ക’യും മുംബൈയിലെ പ്രശസ്ത പബ്ലിക് റിലേഷന്‍ കമ്പനിയായ പാഷന്‍ ഫോര്‍ കമ്യൂണിക്കേഷനും സംയുക്തമായാണ് സാഹിത്യോത്സവം സംഘടിപ്പിച്ചത്. നരിമാന്‍ പോയിന്റ് എന്‍.സി.പി.എ.യുടെ ദി എക്‌സ്പിരിമെന്റല്‍ തിയേറ്ററില്‍ വച്ച് ഫെബ്രുവരി 20-21 തീയതികളില്‍ നടന്ന സാഹിത്യോത്സവത്തില്‍ ഇന്ത്യയിലെ പതിനഞ്ചോളം പ്രാദേശിക ഭാഷകളില്‍ നിന്നായി 70 ഓളം എഴുത്തുകാര്‍ പങ്കെടുത്തു. അന്തരിച്ച, പ്രമുഖ മറാത്തി കവി മങ്കേഷ് പഡ്‌വാഡ്ക്കറിനും, ജ്ഞാനപീഠ ജേതാവ് അന്തരിച്ച മലയാള കവി ഒ.എന്‍.വി. കുറുപ്പിനും അശ്രൂപൂജയര്‍പ്പിച്ചുകൊണ്ടാണ് സാഹിത്യോത്സവത്തിന് ആരംഭം കുറിച്ചത്.

സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനസെഷനില്‍ ജ്ഞാനപീഠ ജേതാക്കളായ ഒഡിയ കവി സീതാകാന്ത് മഹാപത്ര, നോവലിസ്റ്റ് പ്രതിഭ റേ എന്നിവരെ ആദരിച്ചു. ലോകപ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രമുഖ ഗുജറാത്തി കവിയും നാടക രചയിതാവുമായ സിതാന്‍ഷു യശസ്ചന്ദ്ര, പ്രമുഖ ബംഗാളി കവി സുബോധ് സര്‍ക്കാര്‍ എന്നിവരുടെ സാന്നിദ്ധ്യംകൊണ്ട് സമ്പമായിരുന്നു ഉദ്ഘാടന ചടങ്ങ്. ‘ഇന്ത്യയുടെ ഭാഷാ വൈവിദ്ധ്യത്തെ കൊണ്ടാടുന്ന ഇന്ത്യയിലെ ഏക സാഹിത്യോത്സവമാണ് ഗേറ്റ്‌വേ ലിറ്റ്‌ഫെസ്റ്റ്’ എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ‘പ്രാദേശിക ഭാഷയില്‍ എഴുതുന്നവരേക്കാള്‍ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാര്‍ രംഗം പിടിച്ചെടുക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്’ എന്ന് സാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചര്‍ മാസികയുടെ എഡിറ്റര്‍കൂടിയായിരുന്ന സുബോധ് സര്‍ക്കാര്‍ പറഞ്ഞു. ഭാഷയുടെ ശുദ്ധത വീണ്ടെടുക്കുന്നത് കവിതയിലാണെന്നും, കവിത ധ്യാനം പോലെയാണെന്നും സീതാകാന്ത് മഹാപത്ര പറഞ്ഞു. സംസ്‌കൃതത്തോടുള്ള പ്രതിരോധം എന്ന നിലയിലാണ് ഓരോ ഭാഷയിലും ഇതിഹാസങ്ങള്‍ രൂപപ്പെട്ടതെന്ന് പ്രതിഭാ റായ് പറഞ്ഞു.

അധിനിവേശ ഭാഷകളുടെ അതിപ്രസരത്തില്‍ പ്രാദേശിക ഭാഷകള്‍ നേരിടുന്ന ഭീഷണികളെക്കുറിച്ച് നടന്ന പ്രൗഢമായ ചര്‍ച്ചയ്ക്ക് സുബോധ് സര്‍ക്കാര്‍ നേതൃത്വം നല്‍കി. പ്രതിഭാ റായ്, സീതാകാന്ത് മഹാപത്ര, സിതാന്‍ഷു യശസ്ചന്ദ്ര, എന്‍.എസ്. മാധവന്‍ തുടങ്ങിയവര്‍ ഈ ആദ്യ സെഷനില്‍ പങ്കെടുത്തു. ഉച്ചഭക്ഷണത്തിനു ശേഷം നടന്ന സിനിമയെക്കുറിച്ചുള്ള സെഷനില്‍ പ്രശസ്ത മറാത്തി ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ പരേഷ് മൊകാഷി, പ്രശസ്ത തമിഴ് കവയിത്രിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ലീന മണിമേഖലൈ, എഴുത്തുകാരനും സിനിമാപ്രവര്‍ത്തകനുമായ അമൃത് ഗംഗര്‍, നടനും സംവിധായകനും നിര്‍മാതാവുമായ ആനന്ദ് മഹാദേവന്‍, നാടക പ്രവര്‍ത്തകന്‍ സുനില്‍ സുക്താന്‍കര്‍, സ്‌ക്രീന്‍ മുന്‍ എഡിറ്ററും ക്രിട്ടിക്കുമായ ഉദയതാര നായര്‍ എന്നിവരും പങ്കെടുത്തു. അടൂര്‍ ഗോപാലകൃഷ്ണന്‍ മോഡറേറ്റര്‍ ആയിരുന്നു.

സെക്കന്‍ഡ് എഡിഷനായ ഈ സാഹിത്യോത്സവം ഇത്തവണ പ്രാധാന്യം നല്‍കിയിരിക്കുന്നത് വടക്കു കിഴക്കന്‍ സാഹിത്യത്തിനാണ്. സങ്കീര്‍ണമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വടക്കുകിഴക്കന്‍ ജനതയുടെ എഴുത്തും ജീവിതവും ഏറെ അവഗണിക്കപ്പെടുന്നുണ്ട്. വടക്കു കിഴക്കന്‍ എഴുത്തിനേയും എഴുത്തുകാരേയും ചര്‍ച്ചചെയ്യപ്പെടുന്ന മൂന്നാം സെഷനില്‍ പ്രണയ് പുകാന്‍, കവി ദേശമണ്ട് എല്‍. കര്‍മാവ്പ്ലാങ്ക് ഇബോച്ച സിംഗ്, ബിനായക് ബന്ദോപാധ്യായ എന്നിവര്‍ പങ്കെടുത്തു. കവി സുബോധ് സര്‍ക്കാര്‍ മോഡറേറ്ററായ ഈ സെഷന്‍ ആഴമുള്ള ചര്‍ച്ചകള്‍കൊണ്ട് ധന്യമായി. ‘വടക്കുകിഴക്കന്‍ സാഹിത്യത്തിന് ഇന്ത്യയുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ കഴിയുമെന്ന്’ ബംഗാളി കവിയും നോവലിസ്റ്റുമായ ബിനായക് ബന്ദോപാധ്യായ പറഞ്ഞു.

സാഹിത്യ കൃതികള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടന്ന നാലാം സെഷനില്‍ കവയിത്രിയും നോവലിസ്റ്റും വിവര്‍ത്തകയുമായ സമ്പൂര്‍ണ ചാറ്റര്‍ജി, പ്രമുഖ കവി ജെറി പിന്റൊ, കൊങ്കിണി സാഹിത്യരംഗത്തെ പ്രമുഖ ഫെമിനിസ്റ്റ് എഴുത്തുകാരിയായ ഹേമാ നായിക് എന്നിവര്‍ പങ്കെടുത്തു.
സാഹിത്യോത്സവത്തിന്റെ ആദ്യദിനത്തിന്റെ കാലാശക്കൊട്ട് കവിതയുടെ പ്രഭാപൂരത്തില്‍ അതിമനോഹരമായി അനുഭവപ്പെട്ടു. സിതാന്‍ഷു യശസ് ചന്ദ്ര, ലീനമണിമേഖലൈ, ബിനായക് ബന്ദോപാധ്യായ, സമന്‍ അസുര്‍ദാ, കൗഷ്‌കി ദാസ്ഗുപ്ത തുടങ്ങിയ പ്രമുഖ കവികള്‍ക്കൊപ്പം മുംബൈ നഗരത്തിലെ പ്രമുഖ മലയാള കവികളായ ടി.കെ. മുരളീധരന്‍, മണിരാജ് എന്നിവരും പങ്കുചേര്‍ന്നു.

മുംബൈ പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന ‘ഡിന്നര്‍ വിത്ത് ഓതര്‍’ എന്നു നാമകരണം ചെയ്ത അത്താഴവിരുന്നില്‍ മുംബൈയുടെ വിവിധ ഭാഷ-സാംസ്‌കാരിക രംഗത്തെ പ്രശസ്തരും പ്രമുഖരും പങ്കുകൊണ്ടു.

സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസത്തെ ആദ്യസെഷന്‍ ചൂടുപിടിച്ച സംവാദങ്ങള്‍കൊണ്ട് മുഖരിതമായി. മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന ഭാഷകളെക്കുറിച്ചുള്ള ആകുലതകള്‍ പങ്കുവയ്ക്കുന്ന സെഷനില്‍ പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എസ്. രാമന്‍, പ്രശസ്ത സാന്താളി-ഒഡിയ എഴുത്തുകാരനും ഭാഷാ പ്രവര്‍ത്തകനുമായ പൂര്‍ണചന്ദ്ര ഹേമ്പ്രം, മുംബൈയിലെ സിന്ധി ഭാഷയിലെ എഴുത്തുകാരിയായ മായാ റാഹി, മുബൈയില്‍ ജീവിച്ചുകൊണ്ട് സാന്താളി ഭാഷയില്‍ എഴുതുന്ന ഭാഷാപ്രവര്‍ത്തകനായ സല്‍ക്കു മാജി എന്നിവര്‍ പങ്കെടുത്തു. പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷാജി വിക്രമന്‍ ഈ സെഷന്റെ മോഡറേറ്റര്‍ ആയിരുന്നു.
പെണ്ണെഴുത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സെഷനില്‍ പ്രതിഭ റേ, മൈതിലി എഴുത്തുകാരിയും അക്കാദമി അവാര്‍ഡ് ജേതാവുമായ ഷെഫാലികാ വര്‍മ എന്നിവര്‍ക്കൊപ്പം യുവ എഴുത്തുകാരികളായ കൗഷ്‌കി ദാസ്ഗുപ്ത, ലീന മണിമേഖലൈ എന്നിവരുടെ പങ്കാളിത്തം ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് വഴിതുറന്നു. എഴുത്തിലെ ലിംഗപരമായ വേര്‍തിരിവുകളെ ഖണ്ഡിച്ച കൗഷ്‌കിയുടെ വാദങ്ങള്‍ക്കെതിരെ ലീനയുടെ പ്രതിരോധങ്ങളും, സദസ്സില്‍നിന്നുള്ള പ്രതിവാദങ്ങളുമൊക്കെ പുതിയ ചില ചിന്താപദ്ധതികള്‍ക്ക് തിരികൊടുക്കുന്നതായിരുന്നു. പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ്. പ്രസന്നരാജന്‍ ചര്‍ച്ച നയിച്ചു.

സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസത്തിലെ പ്രധാനപ്പെട്ട രണ്ടു സെഷനുകളായിരുന്നു മലയാളം, മറാത്തി ഭാഷകള്‍ക്കു മാത്രമായുള്ള സെഷനുകള്‍. അറുപതുകളിലേയും തൊണ്ണൂറുകളിലേയും മറാത്തി സാഹിത്യത്തെക്കുറിച്ചു നടന്ന മറാത്തി സെഷനില്‍ പ്രശസ്ത ദളിത് നോവലിസ്റ്റും അക്കാദമി അവാര്‍ഡ് ജേതാവുമായ ലക്ഷ്മണ്‍ ഗായ്ക്‌വാഡ്, മറാത്തി കവി മുസ്താന്‍സിര്‍ ദാല്‍വി, പ്രശസ്ത മറാത്തി കവി ഹേമന്ദ് ദിവതെ എന്നിവര്‍ പങ്കെടുത്തു. പ്രശസ്ത മറാത്തി കവിയും അദ്ധ്യാപകനുമായ സചിന്‍ കേത്കര്‍ സെഷന്‍ മോഡറേറ്റു ചെയ്തു.

മലയാളികളുടെ പ്രധാന ആകര്‍ഷണമായ മലയാളം സെഷന്‍ മലയാളത്തിന്റെ ആരാധ്യരായ എഴുത്തുകാരെക്കൊണ്ട് സമ്പന്നമായിരുന്നു. പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ എന്‍.എസ്. മാധവന്‍, നോവലിസ്റ്റ് സേതു, മുംബൈയുടെ എഴുത്തുകാരന്‍ നോവലിസ്റ്റ് ബാലകൃഷ്ണന്‍, പ്രമുഖ യുവ നോവലിസ്റ്റും ചെറുകഥാകൃത്തുമായ സുഭാഷ് ചന്ദ്രന്‍, എഴുത്തുകാരനും ചലച്ചിത്ര പ്രതിഭയുമായ മധുപാല്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച ഏഷ്യാനെറ്റിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.ജി. രാധാകൃഷ്ണന്‍ നയിച്ചു. ആഗോളീകരണകാലത്ത് മലയാള ഭാഷയും എഴുത്തും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചായിരുന്നു ചര്‍ച്ച. ‘മലയാള സാഹിത്യം വിപണിക്കടിമപ്പെടുമ്പോള്‍ എന്ത് എഴുതണമെന്ന് എഴുത്തുകാരന്‍തെന്ന തീരുമാനിക്കണമെന്ന്’ സേതു പറഞ്ഞു. ‘വിപണിയെ മാറ്റിനിര്‍ത്താന്‍ എഴുത്തുകാരന്‍തന്നെ വിചാരിക്കണം. യുവ എഴുത്തുകാര്‍ രാജ്യം നേരിടുന്ന പല പ്രതിസന്ധികളോടും എഴുത്തിലൂടെ പ്രതികരിക്കുന്നില്ലെന്ന്’ എന്‍.എസ്. മാധവന്‍ അഭിപ്രായപ്പെട്ടു. ‘ലോകത്തെ ചന്തയാക്കി മാറ്റാന്‍ ശ്രമിക്കുന്ന കാലത്ത് ചന്തയ്ക്ക് അതീതമാണ് സര്‍ഗാത്മകതയെന്ന്’ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ഒന്നും വായിക്കാത്ത മലയാളികളില്‍ ചിലര്‍ ‘പുതിയതൊന്നും എഴുതുന്നില്ലേ’ എന്ന് എഴുത്തുകാരനെ പരിഹസിക്കുന്നു എന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. മഹാകവി വാത്മീകി ഇന്നു ജീവിച്ചിരുപ്പുണ്ടെങ്കില്‍ അദ്ദേഹത്തെ ഇതുപോലൊരു സാഹിത്യോത്സവത്തിന്റെ സെഷനിലിരുത്തി ‘പുതിയതൊന്നും ഇല്ലേ’ എന്ന് മലയാളി ചോദിക്കുമെന്ന സുഭാഷ് ചന്ദ്രന്റെ നര്‍മം സദസ്സില്‍ ചിരി പടര്‍ത്തി.
‘വിപണിയുടെ ലോകത്ത് എന്തെഴുതണമെന്ന് പ്രസാധകന്‍ തീരുമാനിക്കുന്ന കാലമാണിത്’ എന്ന് മധുപാല്‍ പറഞ്ഞു. എഴുത്തില്‍ ആത്മാര്‍ത്ഥതയും സത്യസന്ധതയും സൂക്ഷിക്കുന്നിടത്തോളം കാലം വിപണിയെ പേടിക്കേണ്ടതില്ലെന്ന് മുംബൈ മലയാളികളുടെ സ്വന്തം നോവലിസ്റ്റ് ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ഭാരതത്തിന്റെ മിഥോളജിയെക്കുറിച്ചുള്ള എഴുത്തിനെ ഇംഗ്ലീഷ് ഹൈജാക്കു ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും മലയാളിയുമായ ആനന്ദ് നീലകണ്ഠനും പ്രശസ്ത തമിഴ് എഴുത്തുകാരനായ ജയമോഹനും നടത്തിയ വാദപ്രതിവാദങ്ങള്‍കൊണ്ട് ചൂടുപിടിച്ചു. സ്റ്റാര്‍ ടിവിയിലൂടെ മിഥോളജിയെ അവതരിപ്പിക്കുന്ന പ്രശസ്ത എഴുത്തുകാരി മാധവി നര്‍സലെയും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ഗുര്‍ബീര്‍ സിംഗ് ചര്‍ച്ച മോഡറേറ്റ് ചെയ്തു. ‘മലയാളിയായിരുന്നിട്ടും മലയാളത്തില്‍ എഴുതാനുള്ള ആത്മവിശ്വാസം ഉണ്ടായിരിന്നിട്ടും തന്റെ നോവലുകള്‍ എഴുതാന്‍ ഇംഗ്ലീഷ് ഭാഷ തിരഞ്ഞെടുത്തത് മന:പൂര്‍വമായിരുന്നു’ എന്ന ആനന്ദ് നീലകണ്ഠന്റെ പ്രസ്താവന കാണികളില്‍ ആശ്ചര്യം നിറച്ചു. ‘മലയാളത്തില്‍ പബ്ലിഷ് ചെയ്യുക എന്ന കാര്യം ഒരു വലിയ തലവേദനതെന്നയാണ്’ എന്ന് ബെസ്റ്റ് സെല്ലര്‍ മിേഥാളജി റൈറ്റര്‍ അഭിപ്രായപ്പെട്ടു.

ആനന്ദിന്റെ ‘പോപ്പുലര്‍’ എഴുത്തുകളെ പരസ്യമായിത്തെന്ന തള്ളിപ്പറഞ്ഞുകൊണ്ട് തമിഴ് എഴുത്തുകാരനും 120 ഓളം കൃതികളുടെ കര്‍ത്താവുമായ ജയമോഹന്‍ തുറന്നടിച്ചു. തന്റെ എഴുത്തുകള്‍ പോപ്പുലറല്ലായിരിക്കും പക്ഷെ അത് തന്നെ തെല്ലും നിരാശപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രെന്‍ഡായ ഒരു വായനാ സമൂഹത്തിനു മാത്രമേ തന്റെ കൃതികള്‍ ഉള്‍ക്കൊള്ളാന്‍ ചിലപ്പോള്‍ കഴിഞ്ഞുവെന്നു വരികയുള്ളൂ. എന്നുവച്ച് വിപണിവത്കരിക്കപ്പെട്ട പോപ്പുലര്‍ എഴുത്തിനെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ജയമോഹന്‍ പറഞ്ഞു.

രണ്ടു ദിവസങ്ങളിലായി വലിയൊരു സമൂഹം എഴുത്തുകാരും സാഹിത്യാസ്വാദകരും സംവദിക്കുകയും പരിചയപ്പെടുകയും സൗഹൃദങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്ത എല്‍.ഐ.സി. ഗേറ്റ്‌വേ ലിറ്റ്‌ഫെസ്റ്റ് എല്ലാവര്‍ക്കും വേറിട്ടൊരു അനുഭവമായി. 2015ല്‍ ഈ ഫെസ്റ്റിവല്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ടപ്പോള്‍ത്തന്നെ പങ്കാളിത്തംകൊണ്ടും സംവാദങ്ങളുടെ ആഴവും പരപ്പുംകൊണ്ട് ആസ്വാദകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്‍.സി.പി.എ. പോലുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഒരു കേന്ദ്രത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഈ സാഹിത്യോത്സവം ഇതിനകം ഇന്ത്യയുടെ സാഹിത്യ ഋതുവില്‍ അക്ഷരവസന്തമായി എഴുത്തു സമൂഹം അംഗീകരിച്ചു കഴിഞ്ഞു. ഇംഗ്ലീഷ് ഭാഷയിലെ എഴുത്തുകാരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് തൊലിപ്പുറത്തെ ഇക്കിളി സംവാദങ്ങള്‍ നടത്തപ്പെടുന്ന പണക്കൊഴുപ്പിന്റെ സാഹിത്യോത്സവങ്ങള്‍ക്കിടയില്‍ എല്‍.ഐ.സി. ഗേറ്റ്‌വേ ലിറ്റ്‌ഫെസ്റ്റ് വേറിട്ടൊരു വ്യക്തിത്വം നിലനിര്‍ത്തുന്നു. ഭീഷണിയും അവഗണനയും നേരിടുന്ന പ്രാദേശിക ഭാഷയ്ക്കും അതിന്റെ എഴുത്തുകാര്‍ക്കും പുതിയ ഒരുണര്‍വും ഉന്മേഷവും പകരുവാന്‍ ഈ സാഹിത്യോത്സവത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. ‘ജയ്പൂര്‍ മാതൃകയെ പിന്തുടരാതെ പ്രാദേശിക ഭാഷകളെ പുനരുജ്ജീവിപ്പിക്കാനും പ്രാദേശിക എഴുത്തുകാരെ ആദരിക്കാനും അവര്‍ക്ക് പരസ്പരം സംവദിക്കാനും അവസരമൊരുക്കുന്ന ഈ സാഹിത്യേത്സവത്തെ പ്രശസ്ത കവി സുബോധ് സര്‍ക്കാര്‍ സമാപന സമ്മേളനത്തില്‍ പ്രശംസകള്‍കൊണ്ട് മൂടി.

‘കാക്ക’ മാഗസിന്റെ എഡിറ്ററും ക്രിസില്‍ എന്ന ധനകാര്യ റേറ്റിംഗ് ഏജന്‍സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ മോഹന്‍ കാക്കനാടനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ഇക്കണോമിക് ടൈംസിലെ മുന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം. ശബരിനാഥനാണ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. പാഷന്‍ ഫോര്‍ കമ്മ്യൂണിക്കേഷന്റെ സാരഥി ജോസഫ് അലക്‌സാണ്ടര്‍, പ്രത്രപ്രവര്‍ത്തകനായ കെ.ജെ. ബെന്നിച്ചന്‍, സംരംഭകനും സിനിമാ നാടക പ്രവര്‍ത്തകനും മുംബൈയിലെ സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുരേന്ദ്രബാബു, സീനിയര്‍ അഡ്വക്കേറ്റും സഹൃദയനുമായ അഡ്വ. എ.വി. ഗോപാലകൃഷ്ണന്‍, മുംബൈയിലെ പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.കെ.എസ്. മേനോന്‍, മുംബൈയിലെ യുവകവി സന്തോഷ് പല്ലശ്ശന എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിക്കൊപ്പം ഈ സാഹിത്യോത്സവത്തിന്റെ തിളങ്ങുന്ന വിജയത്തിന് ഒരുപാട് സുമനസ്സുകള്‍ ആശ്രാന്ത പരിശ്രമം നടത്തിയിരിക്കുന്നു. ജിനൊ സിറിയക്, ശ്രീലാല്‍, ബോസ്‌കി, ഹസ്‌കി, എന്‍. ശ്രീജിത്, വിനോദ് കുമാര്‍, സി.കെ. ഹസന്‍ പൂക്കോയ, ജെയിംസ് മണലോടി, ഉണ്ണി, നടന്‍ ബാലാജി, കേളി രാമചന്ദ്രന്‍, ഗോപീകൃഷ്ണന്‍ എന്നിവരുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ സാഹിത്യോത്സവത്തെ ഒരു വന്‍വിജയമാക്കുന്നതിന് തുണയായി.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ആയിരുന്നു പരിപാടിയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍. ഹോണ്ട മോട്ടോര്‍ സൈക്കിള്‍, ദി ന്യു ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, ഇന്ത്യന്‍ ഓയില്‍, ഐ.ഐ.എഫ്.എല്‍., എസ്ബിഐ ജനറല്‍, വി ഗാര്‍ഡ്, എസ്ബിഐ ലൈഫ്, ജി.ഐ.സി. ആര്‍.ഇ., ഐ.ഐ.സി.ഐ. ലൊമ്പാര്‍ഡ്, എസ്ബിഐ മ്യൂച്വല്‍ ഫണ്ട്, ഈഡല്‍വേയ്‌സ്, ഇന്‍ -ഔട്ട് എന്നീ സംരംഭകര്‍ക്കൊപ്പം സാഹിത്യ അക്കാദമിയും ഈ സാഹിത്യോത്സവത്തിന്റെ പ്രായോജകരായിരുന്നു. മാതൃഭൂമി ബുക്‌സും അക്കാദമിയും നടത്തിയ പുസ്തകമേളകളില്‍ പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു. കിന്‍ലിന്റേയും ഹോണ്ട മോട്ടോര്‍ സൈക്കിളിന്റേയും സ്റ്റാളുകള്‍ സാഹിത്യോത്സവത്തിന്റെ മറ്റൊരു ആകര്‍ഷണമായിരുന്നു.