ഷെൽവി: പുസ്തകങ്ങളുടെ സ്വപ്‌നമായിരുന്ന ഒരാൾ…

നൗഷാദ്

മലയാളത്തിൽ പ്രസാധനരംഗത്ത് മൗലികമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച പ്രസാധകരാണ്
മൾബെറി ബുക്‌സ്. കവിയായിരുന്ന ഉടമ ഷെൽവിയുടെ ആത്മഹത്യയോടെ മൾബെറി ബുക്‌സ്
2013-ൽ അവസാനിച്ചു. രണ്ടുവർഷക്കാലത്തെ മൾബെറി ജീവിതം ഓർമിക്കുന്നു,
മാതൃഭൂമി ബുക്‌സ് മാനേജരായ ലേഖകൻ.

ഇന്നു മോഹൻ വന്നു.
വർഷങ്ങൾക്കുശേഷം കാണുകയാണ്
ഞങ്ങൾ. മൾബെറി ബുക്‌സിൽ രണ്ടുവർഷത്തോളം
സഹപ്രവർത്തകരായിരുന്നു.
മോഹൻ ഇപ്പോൾ കോഴിക്കോട്
കോർപറേഷൻ ഓഫീസിൽ ഉദ്യോഗസ്ഥനാണ്.
ഒപ്പം ഏഴു പുസ്തകങ്ങൾ എഴുതിയ
ഗ്രന്ഥകാരനും. അക്കാലത്തുതന്നെ
മോഹന്റെ പ്രണയനിലാവ് എന്ന കഥാസമാഹാരം
പ്രസിദ്ധീകരിച്ചിരുന്നു.
ഷെൽവിക്ക് പ്രത്യേക വാത്സല്യമായിരുന്നു
മോഹനോട്.
‘ഇലഞ്ഞിമരത്തണലിൽ’ മോഹ
ന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ്.
പുസ്തകത്തിൽ പലയിടത്തും
ഷെൽവിയും മൾബെറിയും കടന്നുവരുന്നുണ്ട്.

‘മരണത്തിലേക്കുള്ള ദൂരം’ എന്ന കുറിപ്പിൽ
മോഹൻ എഴുതുന്നു:
‘ആയിരത്തി തൊള്ളായിരത്തി തൊ
ണ്ണൂറ്റിമൂന്നിലാണ് ഞാൻ ഒരു സുഹൃത്തി
ന്റെ സഹായത്തിന്മേൽ കോഴിക്കോട്ടെ
മൾബെറി പബ്ലിക്കേഷനിൽ എത്തുന്നത്.
മൾബെറിയുടെ പുസ്തകങ്ങൾ വളരെ
നേരത്തേ എന്റെ ശ്രദ്ധ പിടിച്ചുപറ്റി
യിരുന്നു. മൾബെറി പബ്ലിക്കേഷന്റെ മാനേജരും
എഡിറ്ററും ഉടമയും എല്ലാം ഒരാൾ
തന്നെയായിരുന്നു. എല്ലാം ഒരു അ
ച്ചുതണ്ടിൽ മാത്രം തിരിയുന്ന സ്ഥാപനം.
ഷെൽവി എന്ന നാമധേയത്തിൽ മാത്രം
അറിയപ്പെട്ടിരുന്ന ഷെൽവിരാജൻ എന്ന
വ്യക്തിയായിരുന്നു അതിന്റെ ജീവാത്മാവും
പരമാത്മാവും.

ചുരുങ്ങിയ വാക്കുകളിലൂടെ ഷെൽ
വി എന്നെ അളന്നെടുത്തു. അദ്ദേഹത്തി
ന് എന്നെ ഇഷ്ടമായി. എന്റെ പുസ്തകത്തോടുള്ള
താത്പര്യവും അദ്ദേഹം ശ്രദ്ധിച്ചു.
അതുകൊണ്ടുതന്നെ അദ്ദേഹം
എനിക്ക് കുറേക്കൂടി ഉയർന്ന ജോലി ഏല്പിച്ചു.

പല പുസ്തകങ്ങളുടെയും കൈയെഴുത്തു
പ്രതികൾ ആദ്യമായി ഞാൻ കാണുന്നത്
മൾബെറി ഓഫീസിൽ വച്ചാണ്.
അത്യന്തം ക്ഷമയോടെയും താത്പര്യത്തോടെയും
ചെയ്യേണ്ട ഒരു പണിയായിരുന്നു
പ്രൂഫ് നോക്കൽ. പുസ്തകം
ഡി.ടി.പി. കഴിഞ്ഞാൽ എഴുത്തുകാരൻ
ആദ്യം ഒന്നു പരിശോധിച്ചെന്നു വരാം.

എന്നാൽ അതിൽ തെറ്റുകൾ നിരന്നുതന്നെയിരിക്കും.
എഴുത്തുകാരൻ അയാളുടെ
വാചകങ്ങളുടെ ശൈലിയിൽ ഹരം
പിടിച്ചുകടന്നുപോകുമ്പോൾ അച്ചടിപി
ശക് അതുപോലെതന്നെ കിടക്കും. എന്നാൽ
ഈ അച്ചടിപ്പിശാചിനെ കഴുത്തി
ന് പിടിച്ച് പുറത്തുതള്ളേണ്ട ചുമതല എനിക്കായിരുന്നു.
അങ്ങേയറ്റം പുസ്തകത്തോട്
നീതി പുലർത്തേണ്ട കർമം.
എല്ലാ കാര്യങ്ങളിലും അതീവ കണി
ശക്കാരനായിരുന്നു ഷെൽവിയേട്ടൻ. മൂപ്പരുടെ
മൂഡും പലപ്പോഴും പലമട്ടിലായി
രിക്കും. ചില ദിവസങ്ങളിൽ വല്ലാതെ
പൊട്ടിത്തെറിക്കും. പ്രസാധനത്തിന്റെ
ഏതെങ്കിലും ഒരു ഘട്ടത്തിൽ ഏതെങ്കി
ലും ഒരു പിശകിൽ തുടങ്ങിയായിരിക്കും
കലഹം. കാരണം പുസ്തകം അയാൾ
ക്കു ജീവനായിരുന്നു. പുസ്തകനിർമിതി
യിൽ വരുന്ന ഒരു ചെറിയ വീഴ്ചപോലും
അയാൾ സഹിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ
എല്ലായിടങ്ങളിലും അയാളുടെ
കണ്ണുകൾ പരതിയെത്തും. പുസ്തകത്തെ
അയാൾ പരമാവധി മികവുറ്റതാക്കാൻ
വല്ലാതെ പാടുപെടും. പലപ്പോഴും
ഞങ്ങൾ അത്ഭുതപ്പെടാറുണ്ട്,
എന്തിനാണ് ഈ മനുഷ്യൻ ഇങ്ങനെ
ഈ കാര്യങ്ങളിൽ ഇത്രമാത്രം കണിശ
ക്കാരനാകുന്നത് എന്ന്’.

‘മൾബെറിക്കാല’ത്തെ അനുഭവ
ങ്ങൾ പരസ് പരം ഓർമിപ്പിക്കുമ്പോൾ
മോഹൻ ഒരു സംഭവം പറഞ്ഞു.
ഒരു ദിവസം കവി എ. അയ്യപ്പൻ പതി
വ് വേഷപ്പകർച്ചയിൽ മൾബെറിയിലേ
ക്ക് കയറിവന്നു. ഗീതാഞ്ജലി പ്രസിൽ നി
ന്നും അപ്പോൾ കൊണ്ടുവന്നു വച്ച പുതി
യ പുസ്തകങ്ങൾ മേശപ്പുറത്ത് ഉണ്ടായി
രുന്നു. അയ്യപ്പന്റെ കൈതട്ടി പുസ്തക
ങ്ങൾ നിലത്തേക്ക് വീണു. ആടിയാടി കുനിഞ്ഞ്
പുസ്തകമെടുക്കാൻ ശ്രമിക്കുകയാണ്
അയ്യപ്പൻ.

ഷെൽവിയുടെ മുഖം ഇരുണ്ടു.

‘നീയെന്ത് കവിയാണ്? അക്ഷരങ്ങ
ളോട് സ്‌നേഹമില്ലാത്തവൻ… നീയാ പുസ്തകങ്ങളിൽ
ചവിട്ടല്ലേ അയ്യപ്പാ…’

അയ്യപ്പൻ പുസ്തകങ്ങൾ എടുത്ത്നി വർന്നു.

‘ഡാ, ഷെൽവി നിന്നെ ചവിട്ടിയാലും
ഈ അയ്യപ്പൻ പുസ്തകത്തിൽ ചവി
ട്ടില്ല..’

വി.കെ.എന്നെ ചൂണ്ടിയാൽ, ആ രൗദ്രകവിതയിൽ
രംഗം ശാന്താദേവിയായി!

‘കൈകഴുകി തൊടേണ്ട പുസ് തകങ്ങൾ’ എന്നാണ് ഷെൽവി മൾബെറി
ബുക്‌സ് ബുള്ളറ്റിൻ ‘പ്രിയസുഹൃത്തിൽ’
എഴുതിയ പരസ്യവാചകങ്ങൾ. പ്രസ്സിൽ
നിന്നും വന്ന പുതിയ പുസ്തകങ്ങൾ മേശപ്പുറത്ത്
തുറന്നു വച്ചതിനുശേഷം ഒരു
വിൽസ് സിഗരറ്റിന് തീകൊളുത്തി, പുസ്തകം
അരുമയോടെ നോക്കി നിൽക്കുന്ന
ആത്മനിർവൃതിയടഞ്ഞ ആ മുഖം ഇപ്പോഴും
മനസ്സിലുണ്ട്.

എ. അയ്യപ്പനെക്കുറിച്ചും ഒരു ഓർമ
മോഹന്റെ പുസ്തകത്തിൽ ഉണ്ട് – ‘അയ്യപ്പൻ
തന്ന മദ്യം’.

ഒരു ദിവസം രാവിലെത്തന്നെ മൾ
ബെറിയിലേക്ക് കയറിവരുന്ന അയ്യപ്പൻ.
പ്രൂഫ് നോക്കിക്കൊണ്ടിരുന്ന മോഹന്റെ
കയ്യിൽ നിന്ന് നാല്പതു രൂപ കടം വാങ്ങി ഭക്ഷണം
കഴിക്കാൻ പോയി. കുറച്ചു നേരം
കഴിഞ്ഞ് കവി തിരിച്ചുവന്നു.

‘വാതിലിൽ വീണ്ടും ആരോ മുട്ടുന്നു.
അയ്യപ്പൻ ആവില്ല എന്ന വിശ്വാസ
ത്തിന്മേൽ ഞാൻ വീണ്ടും വാതിൽ തുറന്നു.
ഞാൻ അത്ഭുതപ്പെട്ടുപോയി. അയ്യപ്പൻ
പുറത്ത് ചിരിച്ചുകൊണ്ടു നിൽക്കുന്നു.
എന്നെ തീർത്തും അമ്പരിപ്പിച്ചുകൊണ്ട്
അയ്യപ്പൻ പൊട്ടിച്ചിരിച്ചുകൊണ്ട് അകത്തേക്ക്
തന്നെ വീണ്ടും കടന്നുവന്നു.

എന്റെ മേശയ്ക്ക് എതിർവശം ഒരു
പഴയ കട്ടിൽ ഉണ്ടായിരുന്നു. അയ്യപ്പൻ
അതിലിരിക്കുന്നു.

‘കുട്ടാ ഒരു ഗ്ലാസ് സംഘടിപ്പിച്ച് തരുമോ?
എന്നാൽ ഒരു പണിയുണ്ട്’ അയ്യപ്പൻ
കുസൃതിയോടെ എന്നെ നോക്കിപ്പറഞ്ഞു.
‘എന്തിനാണ് ഗ്ലാസ്? ചായ കുടിച്ചി
ല്ലേ അയ്യപ്പേട്ടനിനിയും?’

‘ചായ കുടിക്കാൻ മാത്രമാണോ ഗ്ലാസ്.
ഗ്ലാസിനെക്കൊണ്ട് എന്തെല്ലാം പണിയുണ്ട്.
ദേ, ഇങ്ങോട്ട് നോക്കിയേ. ഇവനെ
അകത്താക്കാനും ഗ്ലാസും വെള്ളവും
വേണ്ടേ കുട്ടാ…’ അയ്യപ്പൻ കുടുകുടെ
ചിരിച്ചു.

‘ചായ കഴിക്കാതെ അയ്യപ്പേട്ടൻ മദ്യ
മാണോ വാങ്ങിയത്? അതിനാണോ രാവിലെത്തന്നെ
തിരക്കിട്ട് പോയത്?’ അയ്യപ്പേട്ടന്റെ
മുന്നിൽ ഞാൻ ചെറിയൊരു
സ്വാതന്ത്ര്യമെടുത്തു.

‘എടാ കുട്ടാ നിനക്ക് വല്ലതും അറി
യാമോ. എന്റെ ചായ എന്നു പറഞ്ഞാൽ
മദ്യമാണെടാ. മദ്യം വാങ്ങാനാണെന്ന് പറഞ്ഞാൽ
നീകാശുതരുമോ? അതുകൊണ്ട്
ചായയ്ക്ക് ആണെന്ന് പറഞ്ഞു. രണ്ടും
ഒന്നുതന്നെ. ആകട്ടെ ഗ്ലാസ് സംഘടിപ്പിച്ചു
തന്നാൽ നിനക്കും ഒരു പെഗ്ഗ് തരാം.
ഇല്ലെങ്കിൽ ഇവനെ ഞാൻ വെള്ളം
പോലും ചേർക്കാതെ ഒറ്റയ്ക്ക് അകത്താ
ക്കും. എന്താ നിനക്കത് കാണണോ’.

‘അയ്യോ വേണ്ട ഞാൻ ഗ്ലാസ് കൊണ്ടുവന്ന
തരാം’.

ഞാൻ ഹോട്ടലിൽ നിന്നും രണ്ട് ഗ്ലാസും
കുറച്ച് വെള്ളവുമായി വന്നു.
അയ്യപ്പന് സന്തോഷമായി.

അയ്യപ്പൻ രണ്ടു ഗ്ലാസുകളിലായി മദ്യ
വും വെള്ളവും പകർന്നു.

‘ദാ… ഇവനെ അകത്താക്കൂ. എന്റെ
സന്തോഷത്തിന്’ അയ്യപ്പൻ ചിരിച്ചു
കൊണ്ട് എന്റെ നേർക്ക് മദ്യം നീട്ടി.
ഒരു നിമിഷം ഞാൻ ഒന്ന് അറച്ചുനി
ന്നു. അയ്യപ്പനിൽ നിന്ന് മദ്യം വാങ്ങ
ണോ. അതോ വേണ്ടയോ…

അയ്യപ്പൻ തരുന്നതല്ലേ. ഏതായാ
ലും വാങ്ങാം. വെറും ഒരു പെഗ്ഗ് മാത്രം.
മാത്രമല്ല; അയ്യപ്പൻ പ്രശസ്തനായ ഒരു
കവിയാണ്. ഒരു കവിയോട് മദ്യം വാങ്ങി
കുടിക്കുക എന്നതും ഒരു അപൂർവ ഭാഗ്യ
മാണ്. ചങ്ങമ്പുഴയും കുഞ്ഞിരാമൻ നായരും
ചുള്ളിക്കാടും ഒരു നിമിഷം എന്റെ മനസ്സിലിലൂടെ
കടന്നുപോയി.

അയ്യപ്പൻ എന്നെ കാത്തുനിന്നില്ല. ഒറ്റവലിക്ക്
അയ്യപ്പൻ അത് അകത്താക്കി.
അയ്യപ്പൻ എന്നെ സംശയപൂർവം
നോക്കി. ആ സംശയത്തിനുമേൽ ഞാനും
അത് വലിച്ചകത്താക്കി.
ഞാൻ കുടിച്ചപ്പോൾ അയ്യപ്പേട്ടന് ബഹുസന്തോഷമായി.
സ്‌നേഹത്തോടെ അയ്യപ്പൻ എന്നെ
തലോടിത്തുടങ്ങി.

‘നിനക്ക് കവിത ഇഷ്ടമാണോ…’ അയ്യപ്പൻ
പൊടുന്നനെ ചോദിച്ചു.

‘ഇഷ്ടമാണ്. കവിത വലിയ ഇഷ്ടമാണ്’.

‘എന്നാൽ കേട്ടോളൂ. ഞാനൊരു കവിത
ചൊല്ലാം’.

അയ്യപ്പേട്ടൻ ഡയറിയിൽ നോക്കി ഒരു
കവിത ചൊല്ലാൻ തുടങ്ങി.

‘അക്കവും പേരും മാഞ്ഞുപോയ്
കഷ്ടകാലത്തിൻ വാതിലിൽ
……………..
……………..
വൃദ്ധിതൻ കാലമോർപ്പൂ
വൃദ്ധ വൃക്ഷങ്ങളെ സ്വസ്തി…’
‘ഈ കവിത എനിക്കുതരുമോ?’
ഞാൻ ചോദിച്ചു.

‘നിനക്കു തരാൻ ഇതേ എന്റെ കയ്യി
ലുള്ളൂ. നിന്റെ നാല്പത് രൂപയ്ക്ക് ഈ കവിതയിരിക്കട്ടെ’.
അയ്യപ്പേട്ടൻ ഡയറി
യിൽ നിന്നും കവിത ചിന്തിയെടുത്ത് എനിക്ക്
തന്നു.

സന്തോഷത്തോടെ ഞാനത് സ്വീകരിച്ചു.
‘വൃദ്ധവൃക്ഷങ്ങൾ’ എന്ന കവിത ഇന്നും
ഞാൻ നിധിപോലെ സൂക്ഷിച്ചുവ
ച്ചിട്ടുണ്ട്. എന്റെ സ്വകാര്യശേഖരത്തിൽ.’
മോഹന്റെ അഞ്ചു പുസ്തകങ്ങളും
പ്രസിദ്ധീകരിച്ചത് സ്വന്തം പ്രസാധകസംരംഭമായ
വിസ്മയ ബുക്‌സാണ്. കവറി
ലും ലേ ഔട്ടിലും മൾബെറിയെ വല്ലാതെ
ഓർമിപ്പിക്കുന്ന പുസ്തകങ്ങൾ.
ലോഗോയിൽ മൾബെറി സ്വാധീനം പ്രകടമാണ്.
അതു പറഞ്ഞപ്പോൾ മോഹൻ ചിരി
ച്ചു.

‘അതെ മൾബെറി പുസ്തകങ്ങളെ
ഞാൻ അനുകരിച്ചതാണെന്ന് സമ്മതി
ക്കുന്നു. അതിൽ നിന്ന് എനിക്ക് വിടുതൽ
ഇല്ല…’

ഷെൽവിക്ക് ഏറ്റവും പ്രിയങ്കരമായ
പദമായിരുന്നല്ലോ ഓർമ.

ജലത്തിനുമാകാശത്തിനുമിടയിൽ
ഓർമ
ഒറ്റചിറകുള്ള പക്ഷിയാകുന്നു.
ലിപികളിലൊ നിറങ്ങളിലൊ
ആദിനാദത്തിലൊ
വരയിലോ കയ്യൊപ്പിലോ
മറ്റേച്ചിറകു പണിതീരുന്നു.
(ഓർമ – ഷെൽവി)

മോഹൻ മൾബെറിയെ ഓർമിച്ചു
കൊണ്ടേയിരിക്കുന്നു. ‘വിസ്മയ ബുക്‌സ്’
പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകങ്ങളിലൊന്ന്
മൾബെറി അനുഭവങ്ങ
ളാണെന്ന് പിരിയുമ്പോൾ മോഹൻ പറ
ഞ്ഞു.

കഴിഞ്ഞ ദിവസം മോഹൻ വിളിച്ചു.
‘നമ്മൾ മൾബെറിയിൽ ഉണ്ടായിരുന്നവരെല്ലാം
ഒരു ദിവസം എന്റെ വീട്ടിൽ
കൂടുന്നു… കബീർ, ആദം, അബ്ദു, അക്ബർ,
അശോകൻ… എല്ലാവരെയും വിളി
ക്കണം’.

അക്ബർ എന്ന് ഉദ്ദേശിച്ചത് ലിപി
അക്ബറിനെയാണ്. അബ്ദു പത്തുകൊല്ലത്തെ
പ്രവാസ ജീവിതം അവസാനിപ്പി
ച്ച് മടങ്ങിയെത്തിയിരിക്കുന്നു. ആദമും
അശോകനും കോഴിക്കോടുണ്ട്. കബീർ
ഖത്തറിലാണ്.
ഷെൽവിയെക്കുറിച്ചുള്ള ഓർമക്കുറി
പ്പ് മോഹൻ അവസാനിപ്പിക്കുന്നു:

‘ഒരു ദിവസം വൈകുന്നേരം തിരക്കൊഴിഞ്ഞ
ഒരു നേരത്ത് ഞങ്ങൾ മുഖാമുഖം
ചേർന്നിരിക്കുകയായിരുന്നു. കാര്യ
മായ പണിയൊന്നും എനിക്കും അദ്ദേഹ
ത്തിനും ഉണ്ടായിരുന്നില്ല. പന്ത്രണ്ട് പുസ്തകങ്ങൾ
ഒരുമിച്ച് പ്രസാധനം ചെയ്തതിന്റെ
ഒരു ത്രില്ലിലായിരുന്നു അദ്ദേഹം.

വർത്തമാനത്തിനിടെ ഷെൽവിയേട്ടൻ,
പിന്നിലൂടെ കടന്നുപോയ നാളുകളിലെ
കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും പതു
ക്കെയൊന്ന് അയവിറക്കി. വർഷങ്ങൾ
ക്കു മുൻപ് തൃശ്ശൂരിൽ നിന്നും ഇരുനൂറ്റിനാല്പതു
രൂപയും ഒരു കൈലിമുണ്ടുമായി
കോഴിക്കോട്ടെത്തിയ ആ പുസ്തക
പ്രേമിയെ അയാൾ മനസ്സിൽ വന്ദിച്ചു.
വാടക കൊടുക്കാൻ പോലും പണം തിക
ഞ്ഞിരുന്നില്ല. ഉറച്ച വിശ്വാസത്തോടെ
കഠിനമായ അധ്വാനത്തിലൂടെ ഏറെ കാലം
നടന്നു തളർന്ന് ഇപ്പോൾ ഇവിടെ വരെയെത്തി.
കേരളത്തിലെ അറിയപ്പെടുന്ന
ഒരു വൻനിര പ്രസാധകരിൽ ഒരാളായി…
കാലം പിന്നേയും ഒരുപാട് കടന്നുപോയി.
എനിക്ക് തദ്ദേശസ്വയംഭരണ
സ്ഥാപനത്തിൽ ജോലി കിട്ടിയപ്പോൾ
ഞാൻ അവിടേക്ക് പോയി.
ഒരു ദിവസം എന്നെ തേടിയെത്തിയത്
ഷെൽവിയേട്ടന്റെ മരണവാർത്തയായിരുന്നു.

വാർത്തയറിഞ്ഞ ഞാൻ പിറ്റേന്ന്
അദ്ദേഹത്തിന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ
മരണം ആത്മഹത്യയായിരുന്നു.
ഇനിയും പിറക്കാനിരിക്കുന്ന ഒരുപാട്
പുസ്തകങ്ങളെ അനാഥമാക്കിക്കൊണ്ട്
എന്തിനായിരുന്നു താങ്കൾ മരണത്തി
ലേക്കുള്ള ദൂരം താണ്ടിയത്?’

മൾബെറിയും ഷെൽവിയും മൺമറ
ഞ്ഞുപോയിട്ട് ആഗസ്റ്റ് 23-ന് പതിനഞ്ചു
വർഷം കഴിഞ്ഞിരിക്കുന്നു. സ്വയം
ആവർത്തിച്ച ഉത്തരം കിട്ടാത്ത ചോദ്യം:
എന്തിനായിരുന്നു?

നിർവചനം അസാധ്യമായ ഷെൽവി
യുടെ ഒരു കവിതയാണ് ആ ആത്മഹത്യ.