അപ്പുറം ഇപ്പുറം: കഥയിലെ മധുര നാരങ്ങകൾ

സജി എബ്രഹാം

പ്രമേയത്തിലെ കരുത്ത്, ആഖ്യാനത്തിലെ ചടുലത, ഭാഷയുടെ ഓജസ്സ്, സൗന്ദര്യം നിറഞ്ഞ സർഗാത്മകത, പുതുമയുടെ ഉൾസ്വരം, വർത്തമാന കാലത്തോടും ഭാവിയോടും സംവദിക്കാനുള്ള ആത്മബലം, സർവോപരി നമ്മുടെ അന്തരംഗങ്ങളിൽ നക്ഷത്രങ്ങളെ ഉദിപ്പിക്കാനുള്ള വിശേഷ ശക്തി എന്നിവയാലാണ് ഒരു കഥയുടെ മൂല്യത്തെ നാം വിലയിരുത്തുന്നത്. ഈ ഘടകങ്ങളെ സർഗാത്മകതയോടെ സമന്വയിപ്പിക്കുമ്പോഴാണ് ഒരു കലാരൂപമെന്ന നിലയിൽ കഥ നിസ്സീമമായ ഉയരങ്ങളിലേക്ക് എത്തുക. നമ്മുടെ സമകാലിക സാഹിത്യ ഭൂമികയിൽ കഥ വളരെ ചലനാത്മകമായിരിക്കുമ്പോഴും ഉന്നതങ്ങളെ ചുംബിക്കുന്നവ തുലോം വിരളമായിരിക്കുന്നു. ഒരു മികച്ച കഥയ്ക്ക് അനിവാര്യമായും വേണ്ട പല ഘടകങ്ങളേയും വേണ്ടത്ര പരിഗണിക്കാതെ നവസാങ്കേതികതയുടെയും കൃത്രിമമായ പുതുമയുടെയും ലളിതമായ സമനിലങ്ങളിൽ നിന്നും കഥകളങ്ങനെ വന്നുകൊണ്ടേയി
രിക്കുന്നു. കഥയെ നമ്മുടെ ശ്രദ്ധയിലേക്ക് പിടിച്ചെടുക്കാൻ കഥാകൃത്തിന്റെ പടം, കഥാസന്ദർഭങ്ങളുടെ ചിത്രമെഴുത്ത്, തലക്കെട്ടുകളുടെ ഡിസൈനിംഗ് തുടങ്ങിയ സാങ്കേതിക കാര്യങ്ങളെ കൂടുതൽ ആശ്രയിക്കുന്ന പ്രവണത കൂടിവരുന്നു. രജനികാന്ത്, സിനിമകളിൽ മേയ്ക്കപ്പിട്ടു വരുന്നതു പോലെ കഥകൾ മുഖ്യധാരാ വാരികകളിൽ ചായം പൂശി വരുന്നു. നസീറും ഉമ്മറും അഭിനയിച്ച പഴയകാല ആക്ഷൻ ത്രില്ലറുകളുടെ പരസ്യപടങ്ങളിലെ തലക്കെട്ടുകളുടെ ഫോണ്ടിൽ കഥകൾ അവതരിപ്പിക്കപ്പെടുന്നു. ലളിത ഭാഷ കൊണ്ടും ആഖ്യാനത്തിലെ ഗിമ്മിക്കുകൾ കൊണ്ടും ടീൻ ഏയ്ജ് പിള്ളാരുടെ നിലവാരത്തിൽ സെക്‌സ് പറഞ്ഞു കൊണ്ടും തറ പൈങ്കിളിയാകാതിരിക്കാൻ ഇടയ്കിടയ്ക്ക് അങ്ങിങ്ങി
ത്തിരി തത്വചിന്ത വിതറിയിട്ടും കഥകളെ കൊഴുപ്പിച്ച് കിടത്തുന്നു. അടുക്കോ ചിട്ടയോ ഇല്ലാതെ സർവസ്വതന്ത്രരായി കഥയെഴുത്തുകാർ വിഹരിക്കുകയാണ്. എന്തും എങ്ങനെയും എപ്പോഴും
എവിടെയും എന്നൊരു ലൈസൻസ് ഉത്തരാധുനികത എഴുത്തുകാർക്ക് പിതൃസ്വത്തായി നൽകിയിട്ടുണ്ട്; അനായേസേന ചതിക്കപ്പെടാൻ അനുരൂപമായൊരു വിപണിയും. എഴുത്തുകാരനും എഡിറ്ററും പേജ് ഡിസൈനറും ചേർന്നു നടത്തുന്ന ഒരു വിപണന തന്ത്രത്തിന്റെ ഭാഗമായി കഥകൾ മാറുന്നു. 1967-ലെ റൊളാംങ് ബാർത്തിന്റെ പ്രവചനത്തെ (The Death of the Author) അട്ടിമറിച്ചു കൊണ്ട് മലയാള കഥാകൃത്ത് മഹാമേരുവിനെപ്പോലെ വാഴുകയും കഥകൾ വേഗേനമെന്യേ മൃതിയടയുകയും ചെയ്യുന്നു.

ശക്തമായ ഇത്തരം പൊതുപ്രവണതയിൽ നിന്നും ബഹുദൂരം മാറി സഞ്ചരിക്കുന്ന മികച്ച കഥയെഴുത്തുകാരും നമ്മുടെ ഭാഷയിലുണ്ടെന്നുള്ളത് ആഹ്ലാദകരമാണ്. ഇവരിലൂടെ മലയാള കഥ ഭാവിയിലേക്ക് സഞ്ചരിക്കുന്നു. കഥാനിർമിതി ഇവർക്ക് മായമില്ലാത്ത ആത്മാവിഷ്‌കാരമാണ്. ഇവരുടെ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ നമുക്കുള്ളിൽ നക്ഷത്രങ്ങൾ പൂത്തുലയുന്നു. 2018 നവംബർ 18-ലെ മാത്രുഭൂമി ആഴ്ചപ്പതിപ്പിൽ ഇ. സന്തോഷ്‌കുമാർ എഴുതിയ ‘നാരകങ്ങളുടെ ഉപമ’ എന്ന മനോഹരമായ കഥ നോക്കുക. കൃത്രിമത്വം തീണ്ടാതെ ആത്മാവിൽ നിന്നും അനായാസം കഥയെങ്ങനെ ഒഴുകിപ്പരക്കുന്നുവെന്നു കാണാം. നീണ്ട
ധ്യാനത്തിൽ നിന്നാണ് ഇ. സന്തോഷ് കുമാറിൽ കഥകൾ പിറവിയെടുക്കുന്നത്. കഥയ്ക്കും കഥയ്ക്കുമിടയിലെ നീണ്ട ഇടവേളകൾ ധ്യാനാത്മകമാണ്. ‘പരുന്തി’നും ‘രാമൻ രാഘവി’നും ഇടയ്ക്കും ‘സിനിമാ പറുദീസ’യ്ക്കും ‘നാരക’ത്തിനുമിടയ്ക്കും നീണ്ട ധ്യാനകാലമുണ്ട്.

ഭൂമി കുഴിച്ച് പുരാതനകാലത്തെ കാര്യങ്ങൾ പഠിക്കുന്ന ആർക്കിയോളജി വകുപ്പിൽ മേസ്തിരിയായി പണിയെടുക്കുന്ന ഒരു തമാനെയെ ബസ് യാത്രയിൽ കണ്ടുമുട്ടുന്നതിലൂടെയാണ് ‘നാരകങ്ങളുടെ ഉപമ’ തുടങ്ങുന്നത്. വലതു കൈയിൽ ആറാമതൊരു വിരൽ കൂടിയുള്ള തമാനെ തന്റെ ജോലിയെക്കുറിച്ചുള്ള അനുഭവങ്ങൾ ആഖ്യാതാവുമായി പങ്കിടുന്നതിലൂടെ കഥ ഘനഗംഭീരമായൊരു ഭാവാത്മകതയിലേക്ക് വികസിക്കുന്നു. ജീവിതം അതിന്റെ ശാന്തവും സ്വച്ഛന്ദവുമായ ഒഴുക്കിനിടയിൽ വലിയ നിഗൂഢതകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നതുപോലെ സന്തോഷിന്റെ കഥയിലും നിഗൂഢതകളുടെ വിസ്മയനീയമായ ഗർത്തങ്ങൾ പ്രത്യക്ഷപ്പെടുന്നു. സന്തോഷിന്റെ ആഖ്യാന സവിശേഷതയിൽ, ശാന്തമായ ഒഴുകിക്കൊണ്ടിരിക്കുന്ന കഥാഗതി പൊടുന്നനെ ഒരു ചുഴിയിലേക്ക് നമ്മെ തള്ളിയിടുന്നു. സംഭ്രമജനകമായ കാഴ്ചാനുഭവങ്ങ
ളുടെ ഗർത്തങ്ങളിൽപ്പെട്ടു നാം വിറച്ചു പോകുന്നു. കുഴിച്ചു കുഴിച്ചു ചെല്ലുമ്പോൾ കണ്ടെടുക്കുന്ന നന്നങ്ങാടിക്കുള്ളിൽ, ആറു വിരലുകളുള്ള സന്ദർശകനെ കാത്തുകിടക്കുന്ന ആറു വിരലുകളുള്ള അതിപുരാതന മനുഷ്യനെ പൊടുന്നനെ പ്രത്യക്ഷപ്പെടുത്തിക്കൊണ്ട് കഥ ചരിത്രത്തിലെയും ജീവിതത്തിലെയും ആകസ്മികതയുടെ പൊരുളഴിച്ചിടുന്നു.

ആനന്ദിന്റെ ആറാമത്തെ വിരലിൽ നിന്ന് സന്തോഷ്‌കുമാറിന്റെ ആറാമത്തെ വിരലിലേക്കെത്തുമ്പോഴുള്ള ഭാവുകത്വത്തിലെ സർഗാത്മകമായ അട്ടിമറി നമ്മെ വിസ്മയം കൊള്ളിക്കുന്നു. ആനന്ദിന്റെ രാഷ്ട്രീയത്തിന്റെ ശരീരമെഴുത്തിൽ നിന്നും സന്തോഷിന്റെ ശരീരത്തിന്റെ രാഷ്ട്രീയമെഴുത്തിലേക്കുള്ള ദൂരം ആധുനികതയിൽ നിന്നും ഉത്തരാധുനികതയിലേക്കുള്ള ദൂരം തന്നെയാണ്.

ആർക്കിയോളജിയുടെയും തത്വജ്ഞാനത്തിന്റെയും വലിയ കലർപ്പുകൾ ആനന്ദിന്റെ കഥയുടെ അടിത്തറയെ നിർമിക്കുമ്പോൾ സന്തോഷ്‌കുമാറിലത് ഭാവഗംഭീരമായ സർഗാത്മകതയുടെ നിസ്തുലമായ ശില്പചാരുതയായി മാറുന്നു. തത്വചിന്തയുടെ ഗഗനതയ്ക്കുള്ളിലൂടെ ആനന്ദിന്റെ കഥകൾ സഞ്ചരിക്കുമ്പോൾ, സന്തോഷതിനെ ഋജുവായി, ഒരു ഇളംനാരകയിലയിലെ മഞ്ഞുതുള്ളിയിൽ പ്രതിബിംബിക്കുന്ന സൂര്യകിരണമാക്കി മാറ്റുന്നതു കാണുക:

”എന്തിനാണ് തിടുക്കം? ഓരോ വൃക്ഷത്തിനും പക്വമാവാൻ അതിന്റേതായ കാലം വേണം” തമാനെ പതിയ ശബ്ദത്തിൽ ചിരിച്ചു. ”പിന്നെ ഈ സമയം എന്നൊക്കെപ്പറയുന്നത് ഭൂമിയിൽ ഹ്രസ്വകാലം മാത്രം ജീവിച്ചിരിക്കുന്നു എന്നു തോന്നുന്നവരുടെ പ്രശ്‌നമാണ്. ചെറിയ ദൂരം ഓടുന്നവരുടെ വിഷമങ്ങൾ. ഓട്ടം ഒരു തുടർച്ചയാണെന്നു വിചാരിക്കൂ. അഥവാ നിങ്ങൾ വീണിടത്തു നിന്നും തുടർന്ന് മറ്റൊരാൾ ഓടുന്നു എന്ന് വിചാരിക്കൂ. എല്ലാ കുഴപ്പങ്ങളും തീരും”. ഇളംകാറ്റു വന്ന് ക്ഷണത്തിൽ തുറന്നടച്ച ഇലകളുടെ കിളിവാതിലിലൂടെ പ്രത്യക്ഷപ്പെടുന്ന മധുരനാരങ്ങകളാണ് ഇ.സന്തോഷ് കുമാറിന്റെ കഥകൾ.

നമുക്ക് വേണ്ട അച്ചാറുകൾ

അധികാരമോഹമോ രാഷ്ട്രീയ താത്പര്യങ്ങളോ ഇല്ലാതെ, നവോത്ഥാന സംരംഭങ്ങളെ സദാ ചലിപ്പിച്ചു കൊണ്ടിരിക്കുന്നവരാണ് വലിയ കവികൾ. ജാതിചിന്തകളും മതമാത്സര്യങ്ങളും വീണ്ടും നമ്മുടെ സാമൂഹ്യജീവിതത്തെ മലിനപ്പെടുത്തുമ്പോൾ ഇത്തരം
കവികളുടെ പ്രാധാന്യവും വർദ്ധിക്കുകയാണ്. നോക്കൂ നമ്മുടെ നാട്ടിൽ കവികൾ വീണ്ടും ആക്രമിക്കപ്പെടാൻ തുടങ്ങുകയാണ്.

നേട്ടങ്ങൾക്കും പ്രളയങ്ങൾക്കുമൊപ്പം 2018 ഓർമിക്കപ്പെടുക കുരീപ്പുഴ ആക്രമിക്കപ്പെട്ട വർഷം എന്നു കൂടിയായിരിക്കും. എങ്ങനെ ആക്രമിക്കപ്പെടാതിരിക്കും, കവികളുടെ കയ്യിലിരിപ്പ് അങ്ങനെയല്ലേ. അല്ലെങ്കിൽ നോക്ക് ഈ എം.എസ്. ബനേഷിന്റെ കാര്യം. ‘നല്ലയിനം പുലയ അച്ചാറുകൾ’ എന്നാണ് അദ്ദേഹത്തിന്റെ പുതിയ കവിതാസമാഹാരത്തിന്റെ തലക്കെട്ടുതന്നെ. മനസ്സിന്റെ മടക്കുകളിൽ നൂറ്റാണ്ടുകളായി പായൽ പോലെ അടിഞ്ഞു കിടക്കുന്ന ജാതിചിന്തകളെ പുറത്തേക്ക് വലിച്ചിട്ടാർത്തു ചിരിക്കുന്ന ബനേഷിനു കവിത ജീവിതത്തെ ധീരതയോടെയും ക്രിയാത്മകമായും അഭിസംബോധന ചെയ്യുന്നതിനുള്ള കലയാണ്. എല്ലാ നല്ല കവികളും വാസ്തവമായും ജീവിതത്തെയാണ് അഭിസംബോധന ചെയ്യുന്നത്. നവോത്ഥാനത്തിന്റെ സർഗചേതനയെയോക്കെ പിന്നോട്ടടിച്ച് പ്രാകൃതത്വത്തെ പ്രാർത്ഥിച്ചുണർത്തുന്ന ഈ കഷ്ട ദിനങ്ങളിൽ കവിതയിൽ സ്വയം എരിയുന്ന ബനേഷിനെപ്പോലുള്ള കവികൾ പ്രകാശത്തിന്റെ തുരുത്താവുന്നു. ജാതിയുടെ വിപണിയിൽ വിഷം വില്പന തകർക്കുമ്പോൾ പുലയ അച്ചാറുകൾ
നല്ലയിനം വിഷഹാരിയായിത്തീരട്ടെ.

ബ്രാൻഡ് ചെയ്യപ്പെടാത്ത കവികൾ

കവിതയിൽ തനിച്ച് തങ്ങളുടെ കാലടികൾ വച്ച് സഞ്ചരിക്കുന്നവരാണ് സാവിത്രി രാജീവനും വി.എം. ഗിരിജയും. ഏകദേശം മൂന്ന് പതിറ്റാണ്ടുകളോളം ഈ തനതായ കാവ്യ വ്യക്തിത്വങ്ങൾ
തികച്ചും മൗലികതയുള്ള കവിതകൾ നമുക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നു. ഒരു ലേബലിലും എളുപ്പത്തിൽ ബ്രാൻഡ് ചെയ്യപ്പെടാൻ വഴിപ്പെടാതെ കവിതയിൽ സ്‌നേഹത്തിന്റെയും ധീരതയുടെയും കൊടി ഉയർത്തിപ്പിടിച്ചുകൊണ്ടിവർ മുന്നോട്ടു പോകുന്നു. നമ്മുടെ ആലോചനകളെ മിഴിവാർന്ന രൂപകങ്ങൾ കൊണ്ടിവർ ദീപ്തമാക്കുന്നു. ജീവിതത്തെയും മരണത്തെയും കുറിച്ചിവർ ദർശന ലഹരി പടർത്തുന്ന വാങ്മയങ്ങൾ നിർമിക്കുന്നു. കവിതകൾ ഓർമകളുടെ രാഷ്ട്രീയം പറയുന്നു. ഓർമകൾ ഇല്ലാതെയാകുമ്പോൾ ജീവിതം ഇല്ലാതെയാവുന്നതു കൊണ്ട് ഓർമയാകുന്ന കല്ലിനെ തന്റെ കാലിനോടു കൂട്ടിക്കെട്ടി സാവിത്രി രാജീവൻ എപ്പോഴും സഞ്ചരിക്കുന്നു. ഇതാണ് കവിയുടെ ജീവിത സഞ്ചാരം. ‘എഴുത്ത്’ മാസികയുടെ ഒക്ടോബർ ലക്കത്തിൽ സാവിത്രി രാജീവൻ എഴുതുന്നതു കാണുക:

ഓർമകളിലേക്കും
ചരിത്രത്തിലേക്കുമുള്ള യാത്ര നിർത്തുമ്പോഴാണ്
ഒരാൾ മരണ സഞ്ചാരം തുടങ്ങുന്നത്
എന്നായിരിക്കും
ഉൾഭിത്തിയിൽ തിങ്ങുന്ന ഓരോ കാഴ്ചയും
നിങ്ങളോടു പറയുന്നത്
അതിനാലാണ് ഞാനെന്റെ
കാലുകളിൽ ചരിത്രത്തിന്റെയും
ഓർമകളുടെയും കല്ലുകെട്ടി
യാത്ര തുടരുന്നത്.
(മരണ സഞ്ചാരം)

‘എഴുത്ത്’ മാസികയുടെ തന്നെ നവംബർ ലക്കത്തിൽ പ്രണയത്തിന്റെ അനശ്വരതയെയാണ് വി.എം. ഗിരിജ തന്റെ കവിതയ്ക്കു പ്രമേയമാക്കുന്നത്. സ്വാർത്ഥ താത്പര്യങ്ങളുടെ ശവവാഹനങ്ങളിൽ പ്രണയത്തിന്റെ നിശ്ചലദേഹങ്ങൾ ശ്മശാനങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ, നശ്വരതയുടെ പ്രായോജകർ മഹാവീഥികളിലൊക്കെ ആടിത്തിമർക്കുമ്പോൾ പ്രേമം പോയ ഊടുവഴികളിലേക്കാണ് കവി സഞ്ചരിക്കുന്നത്.

എന്തിനു മർത്യർ മാത്രം ഇങ്ങനെ തിരയുന്നു
പുല്ലിലും അമേയത വീണ പൂവിലും രത്‌നം
കടലും പുഴകളും കഴുകിക്കളഞ്ഞാലും
അവന്റെ കഴൽപ്പാടിലാമ്പൽ മുളയ്ക്കുന്നു.
കാടെത്ര വഴികളെ മൂടി വച്ചാലും, പ്രേമം
പോയിടമെല്ലാം പൂക്കൾ തളിരും, പഴങ്ങളും…..
(നശ്വരം)

മീശയിൽ എന്നെ ആകർഷിച്ച വചനങ്ങൾ

മറ്റൊരാളെ ശ്രദ്ധിച്ചു കേൾക്കുന്നത്, അയാളുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്നത് മറ്റൊരു ജീവിതം കൂടി ജീവിക്കാൻ നമുക്കൊരവസരം കിട്ടുന്നതുപോലെയാണ്. ഒരൊറ്റ അവസരം
മാത്രം തന്ന് നമ്മളെ സ്റ്റേജിലേക്കിറക്കിവിട്ട നാടകസംവിധായകനെ അങ്ങനെ പറ്റിക്കാം (പുറം-32).

കലാകാരന്മാരെ ബഹുമാനിച്ചിരുന്നെങ്കിലും കൂടുതലടുക്കുമ്പോൾ വെളിപ്പെട്ടു വരുന്ന അവരുടെ അത്ഭുതകരമായ അജ്ഞത എന്നും ദാമോദരനെ വിഷമിപ്പിച്ചിരുന്നു (പുറം-42).
എല്ലാരും. പള്ളിപ്പുറംകാര്, മുഹമ്മക്കാര്, തണ്ണീർമുക്കംകാര്. ഞാനവിടെ തേങ്ങയെടുക്കാൻ പോയതാ. തേങ്ങായും മച്ചിങ്ങാ പോലുമീല്ല. എല്ലാരും പട്ടിണിയാ. ഈ വള്ളം വരെ അവര് തി
ന്നേനെ. ഞാൻ ഒരു തരത്തിൽ രക്ഷപ്പെട്ടു (പുറം-130).

ഭിത്തിയിൽ ചാരിനിന്നപ്പോൾ പിൻഭാഗത്ത് ഒരു തുണിയുടെ മൃദുത്വവും മണവും തോന്നി വാവച്ചന്. കണ്ണുകളിൽ ഉറക്കം വന്നു. തിണ്ണയിൽ കൊള്ളാത്ത അവന്റെ മീശ വീടിന്റെ രണ്ടു വശങ്ങളിലും അറ്റം പുറത്തേക്ക് കാട്ടിനിന്ന് മഴ നനഞ്ഞു (പുറം-185).

ഔപചാരിക സന്ദർശനങ്ങൾക്കിടെ അപൂർവമായി കാണാറുള്ള വെള്ളക്കാരെ കൊച്ചിലേതന്നെ അദ്ദേഹം കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. ഒരു സമയത്ത് തനിക്ക് വെള്ളപ്പാണ്ഡ് വന്നാൽപ്പോലും തരക്കേടില്ലെന്ന് വിചാരിക്കുകയും ചെയ്തു (പുറം-195).

ഓരോ മനുഷ്യരേയും നിർമിച്ചിരിക്കുന്നത് കഥകൾ കൊണ്ടാണ്. രാജാവിനു പിന്നാലെയുള്ള ആചാരവേഷമായ അങ്കിപോലെ സൂക്ഷിച്ചുനോക്കിയാൽ ഓരോരുത്തരുടേയും പുറകെ മർമരവുമായി കഥകൾ പോകുന്നതു കാണാം. ചിലർക്കാകട്ടെ രക്തവും മാംസവും പോലുമില്ല, അവർ മുഴുവനായും കഥകളാണ് (പുറം -219).

ചിന്തയില്ലാത്തവൻ അത് മറയ്ക്കാൻ വർത്തമാനം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ആലോചനകളാൽ വേദനിക്കുന്നവൻ തന്നോടുതന്നെ സംസാരിക്കുന്നു (പുറം-241).

മനോർഫാമിലേക്ക് വീണ്ടും

സ്റ്റാലിനിസം തകർന്നടിഞ്ഞതുകൊണ്ടാണോ ജനാധിപത്യ സംവിധാനങ്ങൾക്കുള്ളിലൊക്കെ ധാരാളം സ്റ്റാലിൻമാർ വിലസുന്നതു കൊണ്ടാണോ എന്നറിയില്ല, ജോർജ് ഓർവലിന്റെ ‘അനി
മൽ ഫാം’ എന്ന വിഖ്യാത നോവൽ ഇപ്പോൾ നമ്മുടെ ശ്രദ്ധയിൽ നിന്ന് പാടെ മാഞ്ഞുപോയിരിക്കുന്നു. രാഷ്ട്രീയലക്ഷ്യങ്ങൾക്കായി സാഹിത്യകൃതികൾ ഉപയോഗിക്കപ്പെടുമ്പോൾ മികച്ച രചനകളായാൽേപാലും ഇത്തരം ദുർവിധികൾ അവയെ തേടിയെത്തും. സുബ്രഹ്മണ്യം തിരുമുൻപിന്റെ കവിതകളും സി.ജെ. തോമസിന്റെ
വിഷവൃക്ഷവും ഓർമയുള്ള മലയാളിക്ക് ഇതൊരു പുതിയ കാര്യമല്ല. എന്നാൽ മനുഷ്യ സ്വാതന്ത്ര്യത്തിനു മീതെ ഏകാധിപത്യത്തിന്റെ ബലിഷ്ഠ ബൂട്ടുകൾ കയറിയിറങ്ങും കാലത്തോളം പ്രസക്തമാവുന്ന ചില സാഹിത്യ കൃതികളുടെ കൂട്ടത്തിൽ അതിപ്രധാന സ്ഥാനമുണ്ടായിരിക്കും അനിമൽ ഫാമിന്. 1903-ൽ ഇന്ത്യയിൽ ജനിച്ച എറിക് ആർതർ ബ്ലയർ എന്ന ബ്രിട്ടീഷ് എഴുത്തുകാരന്റെ ഈ രാഷ്ട്രീയ ആക്ഷേപ ഹാസ്യ നോവലിന്റെ നല്ലൊരു പരിഭാഷ മലയാളത്തിൽ പുറത്തു വന്നിരിക്കുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളം വിഭാഗം അധ്യക്ഷനായ എൽ. അശോകനാണ് മനോഹരമായി ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്. ലോഗോസ് പട്ടാമ്പിയാണ് പ്രസാധകർ.

ധീരതയുടെ കവചമണിഞ്ഞവർ

സമകാലിക സാമൂഹ്യ സാംസ്‌കാരിക സാഹിത്യമേഖലകളെ ഗൗരവത്തോടെ വീക്ഷിക്കുന്നവരൊക്കെ ശ്രദ്ധിക്കേണ്ട രണ്ടഭിമുഖങ്ങളാണ് പച്ചക്കുതിരയുടെ ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗൗരി ലങ്കേഷിനു ശേഷം മറ്റൊരു ഇരയെ തപ്പുന്ന ഹിംസാവാദികളുടെ റഡാറിലുള്ള സുനിൽ പി. ഇളയിടവുമായി ചന്ദ്രൻ കോമത്തും (വീട്ടിൽ കയറ്റാത്ത മതേതരത്വം) ആ റഡാറിലേക്ക് മെല്ലെമെല്ലെ നൂണ്ടുകയറി വരുന്ന പത്രപ്രവർത്തകനായ കമൽ റാം സജീവുമായി കെ. കണ്ണനും (ഒരു എഡിറ്ററുടെ
മാധ്യമവിചാരണ) നടത്തുന്ന സംഭാഷണങ്ങളാണിത്. മതത്തിൽ നിന്ന് സംസ്‌കാരത്തിന്റെ വേരുകൾ അറ്റ് വീഴുമ്പോൾ അത് എത്രമേൽ പ്രാകൃതവും ഹിംസാത്മകവുമാണെന്ന് വിശദമാക്കപ്പെടുന്നവരും അടുക്കളയിൽ ഫാസിസം വേവിച്ച് പൂമുറ്റത്ത് പുരോഗമനം വിളമ്പുന്ന മാധ്യമമുതലാളിമാരുടെ പൊയ്മുഖങ്ങളഴിച്ചിടുന്ന ചെറുപ്പക്കാരും, സംഭ്രമിക്കരുത്…. ധീരമാണീക്കാലം എന്ന് നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

മധുരിമയാർന്ന കിളിയൊച്ചകൾ

സമകാലിക കേരളീയ ജീവിതങ്ങളുടെ പരിച്ഛേദങ്ങളാണ് വിനു ഏബ്രഹാം തന്റെ ചെറിയ കഥകളിലൂടെ ദൃശ്യമാക്കിത്തരുന്നത്. ബൃഹദ് ദർശനങ്ങളോ വലിയ കാര്യങ്ങളോ കഥകളിൽ സംഭവിക്കുന്നില്ല. ഋജുവായ ആഖ്യാനം, ലളിതമായ ഭാഷ, കാര്യമാത്രപ്രസക്തമായി പറയാനുള്ളത് മാത്രം പറഞ്ഞ് സൗമ്യമായ പിൻമടക്കം. ഒരു നഗരത്തിരക്കിലോ നാട്ടിടവഴിയിലോ നാം കാണുന്ന ഒരുപക്ഷേ തീർത്തും നിസ്സാരമായ ചില ദൃശ്യങ്ങളിൽ നിന്നാണ് ചെറുതും സുന്ദരവുമായ കഥകൾ അദ്ദേഹം നിർമിച്ചുതരുന്നത്. മധുരിമയാർന്നൊരു കിളിയൊച്ച പോലെ തീർത്തും സ്വാഭാവികമായി അത് അനായാസം ഒഴുകിവരുന്നു. കൃത്രിമത്വം തീണ്ടാ
ത്ത ഈ കഥനശൈലി നാം വെറുതെയങ്ങ് ഇഷ്ടപ്പെട്ടുപോകും. മാതൃഭൂമി വാരികയുടെ നവംബർ അവസാന ലക്കത്തിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘പരിചയമുള്ള ഒരാൾ’ എന്ന കഥ നോ
ക്കുക. നഗരത്തിലെ പ്രയോജനശൂന്യമായ തിരക്കിലൂടെ ക്ഷീണിച്ചും ദാഹിച്ചും നടന്നു നീങ്ങുന്ന ഒരു ഏകാകിയായ വൃദ്ധയുടെ മുന്നിൽ ചുരുൾ നിവരുന്നൊരു ആകസ്മിക സംഭവവും അതി
ലൂടെ കൊഴിഞ്ഞു പോയൊരു ദാമ്പത്യത്തിന്റെ നിരാർദ്രമായ സ്മരണകളും കൊണ്ട് ധ്വനിസാന്ദ്രമായ ഒരു കഥ വിനു സൃഷ്ടിച്ചിരിക്കുന്നു. വൃദ്ധരുടെ ഏകാന്തതയും, അൽഷിമീഴ്‌സിന്റെ കഠിനമായ നൊമ്പരങ്ങളും, ആൾക്കൂട്ടങ്ങളുടെ ശിക്ഷാവിധിക്കൊതിയും,
തകർന്നു പോകുന്ന ദാമ്പത്യങ്ങളാൽ അനാഥമായിപ്പോകുന്നവരുടെ നെടുവീർപ്പുകളും ഒക്കെ നൊടിനേരത്തിനിടെ നമ്മെ അനുഭവിപ്പിച്ച് കഥാകൃത്ത് പിൻവാങ്ങുന്നു.