ഭാരതപ്പുഴ: ഒരു സിനിമയുടെ ജന്മദേശം

മണിലാൽ

തൃശൂരിലെ തീരദേശമായ വാടാനപ്പള്ളിയിലാണ് ഞാൻ ജനിച്ചുവളരുന്നത്. പൂഴിമണലും പൂഴിക്കുന്നുകളും നിറഞ്ഞ ഒരു മാജിക്കൽ പ്രദേശമായിരുന്നു അത്. തരിശ് നിലങ്ങൾ ധാരാളം, തരിശിന്റെ ഭംഗി അന്ന് മനസിൽ കയറിക്കൂടിയിരുന്നെങ്കിലും അന്നൊന്നും അത് ആസ്വാദകരമായി തോന്നിയിരുന്നില്ല, മരുഭൂമിയെ അറിയാനും ആസ്വദിക്കാനും തുടങ്ങിയപ്പോളാണ് തരിശിന്റെ വന്യതയും വൈവിധ്യവും എത്ര മാസ്മരികമെന്നറിയുന്നത്.
മസ്‌കറ്റിൽ നിന്നും സുഹൃത്തുളുടെ ഉർവരതയിൽ പൊതിഞ്ഞ് ആയിരത്തിലധികം കിലോമീറ്റർ ദൂരം സലാലയിലേക്കുള്ള യാത്രയിലാണ് മരുഭൂമി ആദ്യമായി സഹഭാവമായി കൂടെപ്പാർക്കുന്നത്.
വൃക്ഷനിബിഡവുമായിരുന്നു മണപ്പുറം എന്ന് വിളിക്കുന്ന വാടാനപ്പള്ളിയും. കശുമാവും തെങ്ങുമായിരുന്നു പ്രധാന പ്രകൃതി.

അതിൽ നിന്നുള്ള വരുമാനമായിരുന്നു മനുഷ്യരെ നിലനിർത്തിയിരുന്നത്. പിന്നെ കുറച്ച് നെൽവയലുകളും. വിരലിലെണ്ണാവുന്ന വച്ചുകെട്ടിയ ചെറിയ കടകൾ മാത്രമുള്ള
കേന്ദ്രപ്രദേശത്തെ ഞങ്ങൾ വാടാനപ്പള്ളി നട എന്ന് വിളിച്ചുപോന്നു, പിന്നെയത് സെന്റർ ആയി പരിഷ്‌കാരപ്പെട്ടു.

ഞാൻ തങ്കയെ ആദ്യമായി കാണുന്നത് ഈ പശ്ചാത്തലത്തിലാണ്, എന്റെ കുട്ടിക്കാലത്ത്. നാട്ടുകാർ അവരെ ഓളംവെട്ടിത്തങ്ക കള്ളിത്തങ്ക എന്നിങ്ങനെ പലപേരുകളിൽ വിളിച്ചുപോന്നു, എന്തും വിളിക്കാവുന്ന, എങ്ങനേയും കൈകാര്യം ചെയ്യാവുന്ന അവസ്ഥയിലായിരുന്നു അവർ.
രാത്രിയും പകലും ഒരുപോലെയായിരുന്നു അവർക്ക്. അവർ മറ്റു സ്ത്രീകളെപ്പോലെ ആയിരുന്നില്ല, തീരെ. പകൽ സധൈര്യം നെഞ്ചുവിരിച്ചു നടന്നു, രാത്രി ഇരുട്ടിനെ
കീറിമുറിച്ചും, പേടി അവരുടെ നിഘണ്ഡുവിലില്ലായിരുന്നു, മനുഷ്യരെയോ പ്രത്യേകിച്ച് പുരുഷന്മാരെയോ. ചാരായ ഷാപ്പും മാർക്കറ്റും സൈക്കിൾ യജ്ഞക്കാരുടെ രാത്രി
കളും അവർക്ക് പ്രിയപ്പെട്ടതായിരുന്നു, അവരവിടെ രാത്രിയുടെ ഉടമസ്ഥയെപ്പോലെ ചുറ്റിപ്പറ്റിനടന്നു. അവർ സഹവസിച്ച ഇടങ്ങൾ ഞങ്ങൾ കുട്ടികൾക്ക് കടന്നുചെല്ലാൻ പറ്റാത്ത സ്ഥലങ്ങളായിരുന്നു. മുണ്ട് വളച്ചുകുത്തി, ബീഡി ആഞ്ഞുവലിച്ച്, തല ഇത്തിരി പോലും താഴ്ത്താതെ, കണ്ണുകൾ ഉയരങ്ങളെ വഹിച്ച് അവർ മേഞ്ഞുനടന്നു.

അടുക്കള ഭാഗത്തെ കഥപറച്ചിലുകളിൽ പ്രധാന കഥാപാത്രം തങ്കയായിരുന്നു. വീട്ടിലേയും അയൽപക്കത്തേയും കുലസ്ത്രീകൾ കഥകൾ പറയുന്നത് ഞാൻ വളരെ ശ്രദ്ധയോടെ കേട്ടും അനുഭവിച്ചും പോന്നു. തങ്കയെ പ്രതിസ്ഥാനത്ത് നിർത്തിയ സദാചാര വർത്തമാനങ്ങളായിരുന്നു അവ. ഈ കഥാവിവരണങ്ങളിൽ നിന്നും തങ്ക വീരനായികയായി എന്നോടൊപ്പം വളരുന്നത് ഞാനറിഞ്ഞു.

ഇന്ദിരാഗാന്ധിയും ഗൗരിയമ്മയും മന്ദാകിനിയും മാധവിക്കുട്ടിയുമൊക്കെ പിന്നീടാണ് അണിയായ് വരുന്നത്.

തങ്ക കഥാപാത്രമായി പലപ്പോഴും എന്റെ എഴുത്തിൽ കടന്നുവന്നു. വാടാനപ്പള്ളിയെക്കുറിച്ചുള്ള ഓർമകളിൽ എഴുത്തിൽ തങ്ക ഒഴിവാക്കാനാവാത്ത ഒരു കഥാപാത്രമോ കഥയോ ആയി വന്നുകൊണ്ടിരുന്നു. ഒരു സുഹൃത്ത് നമ്മളിലേക്ക് കയറിവരുന്ന അതേ സ്വാഭാവികതയോടെ.
ഞാനവരെ ഏറ്റവും സ്‌നേഹത്തോടെ സ്വീകരിച്ചു. എന്റെ രണ്ട് പുസ്തകത്തിലും തങ്കയുണ്ട്. ബ്ലോഗിലുമുണ്ട്.

തെരുവിന്റെ പൗരുഷം ഏറ്റുവാങ്ങിയാണ് ജീവിച്ചതെങ്കിലും തങ്ക അതിജീവനത്തിന്റെ പ്രതീകമാണ് എനിക്ക്, ചിലപ്പോൾ സ്വാതന്ത്ര്യത്തിന്റേയും. ഞാൻ മനസാ വരിച്ച ഒരുപാട് സ്ത്രികളിൽ ഒരുവൾ.

അതിജീവനത്തിൽ പാതയിൽ എന്റെ അമ്മയുമുണ്ട്, ഒരുപാട് അമ്മമാരുണ്ട്. അതിജീവനത്തിന്റെ വഴികളിൽ കണ്ടുമുട്ടിയവർ ഏറേയും സ്ത്രീകളാണ്, വ്യത്യസ്ത മേഖലയിലാണെങ്കിലും.
തങ്കയടക്കം എന്നെ ബാധിച്ച സ്ത്രീകളിൽ നിന്നാണ് ഭാരതപ്പുഴയിലെ പ്രധാന കഥാപാത്രമായ സുഗന്ധിയെ ഞാൻ രൂപപ്പെടുത്തുന്നത്. ചില സന്ദർഭങ്ങളിൽ സുഗന്ധിയിൽ ഞാനുമുണ്ട്.

സിജി പ്രദീപ്, ദിനേശ്, ഇർഷാദ്, ശ്രീജിത് രവി, സുനിൽ സുഗത, മണികണ്ഠൻ പട്ടാമ്പി, എം.ജി. ശശി, ജയരാജ് വാര്യർ, ദിനേശ് പ്രഭാകർ, ഷൈലജ അമ്പു, ഹരിണി, ദീപ്തി കല്യാണി,
സംഗി സംഗീത, മാഗി ജോസി, പ്രശാന്ത്, അച്യുതാനന്ദൻ, എം.ജി. ഷൈലജ, പാർവതി, അനുപമ തുടങ്ങിയ സൗഹൃദ നിര ഭാരതപ്പുഴയുടെ നിറഞ്ഞൊഴുക്കിൽ ചേരുന്നു.

ഫീച്ചർ സിനിമയിലേക്കുള്ള സങ്കീർണവും ശ്രമകരവുമായ ഈ സഞ്ചാരത്തിൽ ഒപ്പമുള്ളത് തൃശൂർക്കാരായ മസ്‌കറ്റുകാർ. ഷാജി, ഷീന, സച്ചിൻ, സജി, നിയാസ്, ഫിറോസ്, ജോഷി, പ്രിജി, ദിനേശ് എന്നിവരാണ്.

ഒപ്പം എന്നെ നിലനിർത്തുന്ന പ്രിയ സുഹൃത്തുക്കളും.

അസോസിയേറ്റ് ഡയറക്ടർ സുനിൽ ബാലകൃഷ്ണൻ, ഛായാഗ്രാഹകൻ ജോമോൻ തോമസ്, എഡിറ്റർ വിനു ജോയ്, സൗണ്ട് ഡിസൈനർ ആനന്ദ് രാഗ്, കലാസംവിധായകൻ സുനിൽ കൊ
ച്ചന്നൂർ, മേക്കപ്പ്മാൻ രാധാകൃഷ്ണൻ തയ്യൂർ, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് ചിറ്റിലപ്പിള്ളി, സഹസംവിധാകർ നിധിൻ വിശ്വംഭരൻ, പ്രിഥ്വി പ്രേമൻ, ആര്യാ നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രാഫർ ഇമ ബാബു, രതീഷ്, മനൂപ് ചന്ദ്രൻ തുടങ്ങിയ സാങ്കേതിക പ്രവർത്തകരും ഒപ്പമുണ്ട്.

ഭാരതപ്പുഴയോടൊപ്പം, ഒഴുകുമൂർജത്തിൻ ആത്മവിശ്വാസത്തോടൊപ്പം.